Thursday, September 22, 2016

മുനീറും സുധാകരനും 'ഭയത്തിന്റെ' രാഷ്ട്രീയവും!

ഈ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു പ്രധാന നിലവിളക്ക് സംഭവങ്ങള്‍ക്കാണ് മലയാളികള്‍ സാക്ഷികളായത്.. ആലപ്പുഴയില്‍ അധ്യാപക ദിനത്തോടനുബന്ധിച്ച് നടന്ന ഒരു ചടങ്ങില്‍, നിലവിളക്ക് കൊളുത്തില്ലെന്നും സര്‍ക്കാര്‍ വേദികളില്‍ നിന്ന് നിലവിളക്കും പ്രാര്‍ത്ഥനകളും ഒഴിവാക്കണം എന്നും പ്രസ്താവന ഇറക്കിയ മന്ത്രി ജി.സുധാകരന്‍ പങ്കെടുക്കുന്നതിനാല്‍ സംഘാടകര്‍ തന്നെ ചടങ്ങില്‍ നിലവിളക്ക് വേണ്ട എന്ന് തീരുമാനിച്ചതായിരുന്നു ഒന്നാമത്തെ സംഭവം.. സ്ഥലത്തെ ബിജെപി വാര്‍ഡ്‌ മെമ്പര്‍ പ്രതിഷേധിച്ച് സ്കൂളിന് പുറത്ത്‌ ഒറ്റയ്ക്ക് നിലവിളക്കും കൊളുത്തിയിരിക്കുന്ന പരിഹാസ്യമായ ചിത്രം സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ജന്മഭൂമി തന്നെയാണ്!


'ബഹറില്‍ മുസ്വല്ലയിട്ട് നിസ്കരിച്ചു കാണിച്ചാലും ഫാസിസ്റ്റിനെ വിശ്വസിക്കരുത്' എന്ന് പഠിപ്പിച്ച സി.എച്ചിന്റെ മകന്‍ എം.കെ മുനീര്‍ കോഴിക്കോട് ശിവസേന സംഘടിപ്പിച്ച ഗണേശോല്സവത്തില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതാണ് രണ്ടാമത്തേത്..! സംഭവം വിവാദമാവുകയും ന്യായീകരണവുമായി മുനീര്‍ രംഗത്ത് വരികയും ചെയ്തു. ആയിരക്കണക്കിന് വോട്ടര്‍മാരാണ് അവിടെ ഉണ്ടായിരുന്നത് എന്നും താന്‍ അവര്‍ക്ക്‌ വേണ്ടിയാണ് പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയത്‌ എന്നിങ്ങനെ പോകുന്നു ന്യായീകരണങ്ങള്‍..