Thursday, August 23, 2018

നിരീശ്വരവിശ്വാസം യുക്തിയുടെ മരുപ്പറമ്പ് - Book Published

Alhamdulillah

ഏഴ് ഭാഗങ്ങളായി എഴുതിയ 'നിരീശ്വരവിശ്വാസം യുക്തിയുടെ മരുപ്പറമ്പ്' പുസ്തകമാക്കി പ്രസിദ്ധീകരിച്ചിരിക്കുകയാണ്.



Wisdom Books
Calicut
publication@wisdomislam.com


Thursday, April 26, 2018

സുരക്ഷിത സമൂഹം സ്വപ്‌നമായി മാറുകയോ?

ആസിഫ! ആ പേര് ഉച്ചരിക്കുന്നത് പോലും ഭയാനകമായ ഓര്‍മകള്‍ മനസ്സിലേക്ക് വീണ്ടും വീണ്ടും തികട്ടി വരാന്‍ കാരണമാവുകയാണ്. എട്ടു വയസ്സുമാത്രം പ്രായമായ പെണ്‍കുഞ്ഞിനെ ദിവസങ്ങളോളം പട്ടിണിക്കിടുകയും ഇടയ്ക്കിടെ മയക്കുമരുന്ന് നല്‍കുകയും ഒരുപാടുപേര്‍ മാറിമാറി ശാരീരികമായി ഉപയോഗിക്കുകയും ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും മരിച്ചെന്ന് ഉറപ്പുവരുത്താന്‍ പാറക്കല്ലുകൊണ്ട് തലക്കടിച്ച് മരണം ഉറപ്പുവരുത്തി ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിന്റെ പോലീസ് രേഖകള്‍ വായിക്കുമ്പോള്‍ ഹൃദയം നടുങ്ങുകയാണ്. കാശ്മീരിലെ ഖത്‌വയിലെ ഹൈന്ദവ ക്ഷേത്രത്തിനുള്ളില്‍ വെച്ച് പുരോഹിതനും മകനും സഹോദരപുത്രനും കൂട്ടുകാരും ചേര്‍ന്നാണ് ഈ നികൃഷ്ടമായ കൃത്യം നിര്‍വഹിച്ചത് എന്നത് ആരെയാണ് ഞെട്ടിപ്പിക്കാത്തത്?! കിലോമീറ്റര്‍ അകലെയുള്ള ആളെ പോലും 'അവസരമുണ്ട്' എന്ന് ഫോണ്‍ വിളിച്ചറിയിച്ച് വരുത്തി വരെ ആ പിഞ്ചുശരീരം പിച്ചിച്ചീന്തുകയായിരുന്നു അവര്‍.

മറ്റേത് പീഡനസംഭവത്തെക്കാളും മനസ്സിനെ മരവിപ്പിക്കുന്ന ഈ സംഭവത്തിന് മറ്റൊരു മാനം കൂടിയുണ്ടായിരുന്നു എന്നത് ഞെട്ടലോടുകൂടിയാണ് നാം വായിച്ചത്. ഖത്‌വയിലെ മുസ്‌ലിം സമുദായക്കാരെ പേടിപ്പിച്ച് ആട്ടിയോടിച്ച് അങ്ങനെയത് ബ്രാഹ്മണര്‍ മാത്രമുള്ള പ്രദേശമാക്കുക എന്ന ഉദ്ദേശത്തോടെയാണത്രെ ഈ കൃത്യം ചെയ്തത്! മുസ്‌ലിമാവുക എന്നതല്ലാതെ എട്ടുംപൊട്ടും തിരിയാത്ത ആസിഫ വേറൊരു തെറ്റും ചെയ്തിട്ടില്ല! മുസ്‌ലിമായിരിക്കുക എന്നത് ദിവസങ്ങളോളം ശാരീരികമായും മാനസികമായും ലൈംഗികമായും പീഡിപ്പിക്കപ്പെടാനും നികൃഷ്ടമായി കൊലചെയ്യപ്പെടാനും മാത്രമുള്ള പാതകമായി മാറിയോ ഇന്ത്യയെന്ന മഹത്തായ രാജ്യത്ത് എന്ന ചോദ്യത്തിന് ഭരണകൂടം മറുപടി പറയേണ്ടതുണ്ട്.

ഈ സംഭവം ഒരളവുകോലാണ്. രാജ്യത്തെ വ്യത്യസ്ത ചിന്താധാരകളെ കൃത്യമായി അളക്കാന്‍ സാധിക്കുന്ന, രാജ്യത്തിന്റെ ഭദ്രതയും സുരക്ഷിതത്വവും പരിശോധിക്കാവുന്ന, ആശങ്കകളും പ്രതീക്ഷകളുമെല്ലാം കൃത്യമായി വരച്ചുകാട്ടിത്തരുന്ന ഒരളവുകോല്‍!

ഒരു ഭാഗത്ത് അത് രാജ്യത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന വര്‍ഗീയവിഭജന രാഷ്ട്രീയത്തിന്റെ ഭീകരമുഖം വ്യക്തമാക്കിത്തരുന്നു. ഈ സംഭവത്തെ മൃഗീയമെന്നു വിശേഷിപ്പിച്ചാല്‍ അത് മൃഗങ്ങളോട് ചെയ്യുന്ന അനീതിയായിരിക്കും. കാരണം മൃഗങ്ങള്‍ പോലും ഇത്ര പൈശാചികമായി പെരുമാറില്ല. എന്നിട്ടുപോലും ഇത് ചെയ്ത നരാധമന്മാര്‍ക്ക് വേണ്ടി, പ്രതികളെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ഒരു പ്രതിഷേധ പ്രകടനം നടന്നുവെന്നറിയുമ്പോള്‍ അതിന്റെ ഗൗരവം എത്രയാണ്! ലോകത്ത് ഒരുപാട് പീഡനങ്ങളും കൊലപാതകങ്ങളുമെല്ലാം നടന്നിട്ടുണ്ടാകാം. എന്നാല്‍ ബലാല്‍സംഗം നടത്തിയ പ്രതികള്‍ തങ്ങളുടെ മതക്കാരാണ്, രാഷ്ട്രീയ ചിന്താഗതിയുള്ളവരാണ്, ഇരയായ പിഞ്ചുകുഞ്ഞിന്റെ മതം വേറെയാണ് എന്നത് കൊണ്ട് പ്രതികളെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയത് ഇന്ത്യയിലെന്നല്ല, ലോകത്ത് വേറെയെവിടെയെങ്കിലും കാണാനാകുമോ?! ഒരു സമൂഹത്തെ മുഴുവന്‍ അപരവല്‍കരിച്ച് അവരാ സമുദായത്തില്‍ അംഗമാണ് എന്നത് തന്നെ അവരെ എത്ര ക്രൂരമായും എന്തും ചെയ്യാം എന്ന ചിന്താഗതി വളര്‍ത്തിയെടുത്ത് സംഘപരിവാര്‍ ശക്തികള്‍ വലിയൊരു വിഭാഗത്തെ എന്തുമാത്രം മസ്തിഷ്‌കപ്രക്ഷാളനം നടത്തിയിട്ടുണ്ട് എന്നതിന് ഇതില്‍പരം മറ്റൊരുദാഹരണം ആവശ്യമുണ്ടോ?!

ഇതിനെ ഏതെങ്കിലുമൊരു ഭ്രാന്തുപിടിച്ച ജനക്കൂട്ടത്തിന്റെ ചെയ്തികള്‍ മാത്രമായി കണക്കാക്കാനുമാവില്ല. കാരണം പ്രതിയായ ദീപ് കജൂറിയയെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മാര്‍ച്ചിനെ അഭിസംബോധന ചെയ്തവരില്‍ ജമ്മുകാശ്മീര്‍ മന്ത്രിസഭയിലെ ബി.ജെ.പി മന്ത്രിമാരായ ചൗധരി ലാല്‍ സിംഗും (വനം വകുപ്പ്) ചന്ദര്‍ പ്രകാശ് ഗംഗയും (വാണിജ്യവകുപ്പ്) ഉണ്ടായിരുന്നു! ഈ വാര്‍ത്ത നവമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോള്‍ ന്യായീകരണവുമായി മലയാളികളായ ചില വര്‍ഗീയഭ്രാന്തന്മാര്‍ രംഗത്ത് വന്നു എന്നത് നിസ്സാരമായി തള്ളിക്കളയേണ്ട കാര്യവുമല്ല. പ്രബുദ്ധമെന്ന് നാം അഹങ്കരിക്കുന്ന കേരളമണ്ണില്‍ പോലും നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട പിഞ്ചുബാലികയെക്കുറിച്ച് (അവളുടെ മതം നോക്കി) 'ഭാവിയിലെ തീവ്രവാദി' എന്ന് സൂചിപ്പിക്കുന്ന വാക്കുകള്‍ പറയാനും ചെയ്തത് നന്നായി എന്ന് ആശംസിക്കാനും ആളുണ്ടായിട്ടുണ്ട് എങ്കില്‍ രാജ്യത്തിന്റെ മതനിരപേക്ഷത അപകടത്തിലാണ് എന്ന് ആശങ്കിക്കേണ്ടിയിരിക്കുന്നു.

ആ കുഞ്ഞിന്റെ മൃതശരീരം  നാട്ടില്‍ പ്രദേശത്ത് മറവുചെയ്യാന്‍ പോലും ഈ നികൃഷ്ട ജീവികള്‍ സമ്മതിച്ചില്ല എന്നറിയുമ്പോഴാണ് ഇത് ഏതാനും പേരുടെ വര്‍ഗീയതയും കാമദാഹവും സമംചേര്‍ത്ത കുറ്റകൃത്യം മാത്രമല്ലെന്നും ഇതൊരു മനോഭാവമാണെന്നും കൂടുതല്‍ ഉറക്കെ പറയേണ്ടി വരുന്നത്. ആ നാട്ടില്‍ ആറടി മണ്ണ് കിട്ടാതെപോയതല്ല, മറിച്ച് മാറിമാറി ഉപയോഗിച്ചിട്ടും കൊന്നിട്ടും കലി തീരാത്ത വര്‍ഗീയഭ്രാന്തന്മാര്‍ അനുവദിക്കാത്തത് കൊണ്ടാണ് എട്ടു കിലോമീറ്റര്‍ മാറി മറ്റൊരു സ്ഥലത്ത് ആസിഫയെ മറവു ചെയ്യേണ്ടി വന്നത്. ആ കുട്ടിയുടെ ഭാഗം വാദിക്കാന്‍ തയ്യാറായ അഭിഭാഷകയെ പോലും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചു എന്നത് കൂട്ടിവായിക്കാവുന്ന മറ്റൊരു കാര്യം മാത്രം. ന്യൂനപക്ഷങ്ങളും പിന്നോക്ക, ദളിത് വിഭാഗങ്ങളും നേരിടുന്ന അക്രമങ്ങളിലും പീഡനങ്ങളിലും മൗനം പാലിക്കുകയെന്ന പതിവ് രീതി ഭരണകര്‍ത്താക്കളാരും ഇത്തവണയും തെറ്റിച്ചിട്ടില്ല.

സംഘപരിവാര്‍ എന്ന വര്‍ഗീയ ഫാസിസ്റ്റുകള്‍ രാജ്യത്തിനും രാജ്യത്തിന്റെ അഖന്ധതക്കും സാഹോദര്യ മനോഭാവത്തിനും ഭീഷണിയായി നിലകൊള്ളുന്നു എന്നത് ഒരു വലിയ യാഥാര്‍ഥ്യമായി നിലനില്‍ക്കുമ്പോഴും മറുഭാഗത്ത് പ്രതീക്ഷകളുടെ കിരണങ്ങള്‍ കാണാതെ പോയിക്കൂടാ. സംഭവം വളരെ നിഷ്പക്ഷമായി അന്വേഷിച്ച് അതിന്റെ ഭയാനകത അതേരൂപത്തില്‍ സമൂഹത്തില്‍ എത്തിക്കുന്നതില്‍ മുന്നില്‍ നിന്നത് രമേശ് കുമാര്‍ ജെല്ല എന്ന കാശ്മീരി പണ്ഡിറ്റായ പോലീസ് ഉദേ്യാഗസ്ഥനാണ്. സംഘപരിവാറിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ പതറാതെ ആസിഫയ്ക്ക് വേണ്ടി നിയമകൂടത്തിന് മുന്നില്‍ ശബ്ദമുയര്‍ത്താന്‍ തയ്യാറായത് അഡ്വ. ദീപികയെന്ന അമുസ്‌ലിമായ അഭിഭാഷകയാണ്. ഇതെല്ലാം നല്‍കുന്ന സൂചനയും പ്രതീക്ഷയും ചെറുതല്ല.

സംഘപരിവാറിന്റെ മസ്തിഷ്‌കപ്രക്ഷാളനത്തിന് വിധേയരാകാത്ത ഭൂരിപക്ഷം വരുന്ന മതനിരപേക്ഷ സമൂഹത്തിന്റെ പ്രതിഷേധങ്ങള്‍ അണപൊട്ടിയൊഴുകുന്നതായിരുന്നു സോഷ്യല്‍ മീഡിയകൡ കാണാനായത്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി മനുഷ്യരെല്ലാവരും നീതിയുടെയും മതനിരപേക്ഷതയുടെയും ചേരിയില്‍ അണിനിരന്നു. രാജ്യമെമ്പാടും പ്രതിഷേധ സദസ്സുകളും നീതിക്ക് വേണ്ടിയുള്ള മുറവിളികളും ഉയര്‍ന്നു. രാഷ്ട്രീയ, സാംസ്‌കാരിക, കലാ രംഗത്തുള്ള പ്രമുഖര്‍ പലരും വിഷയത്തില്‍ ശക്തമായി ഇടപെടാന്‍ മുന്നോട്ട് വന്നു. ഇതൊരു ഹിന്ദു-മുസ്‌ലിം പ്രശ്‌നമേയല്ലെന്നും വര്‍ഗീയ ഫാസിസവും ഇന്ത്യന്‍ മതേതരത്വവും തമ്മിലുള്ള പ്രശ്‌നമാണിതെന്നും പ്രഖ്യാപിക്കാന്‍ അവര്‍ തയ്യാറായി.

അതെ, ഇതൊരു തുറന്ന പോരാട്ടം തന്നെയാണ്. ഹിന്ദുവും മുസല്‍മാനും സിഖുകാരനും മതമുള്ളവനും ഇല്ലാത്തവനും എല്ലാവരും തോളോട് തോള്‍ ചേര്‍ന്ന് നേടിയെടുത്ത സ്വാതന്ത്ര്യം എല്ലാവര്‍ക്കും അനുവദിക്കണോ വേണ്ടേ എന്ന വിഷയത്തിലുള്ള പോരാട്ടം. 'ഹിന്ദുവും മുസ്‌ലിമും ഭാരതാംബയുടെ രണ്ടു കണ്ണുകളാണ്' എന്ന് പറഞ്ഞ രാഷ്ട്രശില്‍പികളുടെ സ്വപ്‌നവും 'വൈദേശിക മതങ്ങള്‍ ഭാരതാംബയുടെ കണ്ണിലെ കരടുകളാണെന്നും അവ നീക്കം ചെയ്യാത്തിടത്തോളം കാലം ആ കണ്ണുകള്‍ കലങ്ങിത്തന്നെയിരിക്കും' എന്ന ഫാസിസ്റ്റ് ആശയവും തമ്മിലുള്ള സംഘട്ടനം. ഏതെങ്കിലും ഒറ്റപ്പെട്ട സംഭവത്തെ മാത്രം അടിസ്ഥാനമാക്കി സമര്‍ഥിക്കുന്ന വാദങ്ങളല്ല ഇവ. സംഘപരിവാര്‍ സംഘടനകളുടെ അടിസ്ഥാന ആശയം തന്നെയാണ് ഇത്. അതവര്‍ വ്യക്തമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

'ഹിന്ദുസ്ഥാനിലെ അഹിന്ദുക്കള്‍ ഒന്നുകില്‍ ഹിന്ദു സംസ്‌കാരവും ഭാഷയും സ്വീകരിക്കുകയോ അല്ലെങ്കില്‍ അവകാശങ്ങള്‍ ഒന്നുമില്ലാതെ, പൗരാവകാശങ്ങള്‍ പോലുമില്ലാതെ ഹിന്ദു ജനതക്ക് പൂര്‍ണമായി കീഴ്‌പെട്ട് ഇവിടെ കഴിഞ്ഞു കൂടുകയോ ചെയ്യണം' (എം.എസ്. ഗോള്‍വാള്‍ക്കര്‍, We or our Nationhood Defined, Pg.56).

ഈ പ്രഖ്യാപിത ആശയത്തിന് വേണ്ടി ഇവര്‍ ചെയ്തു കൂട്ടുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ ഏറ്റവും അവസാനത്തെ ഇര മാത്രമാണ് ആസിഫ. സ്വാതന്ത്ര്യം നേടിയ കാലം തൊട്ട് ഒളിഞ്ഞും തെളിഞ്ഞും നടപ്പിലാക്കിയ എണ്ണമറ്റ വര്‍ഗീയ കലാപങ്ങളിലൂടെ അവര്‍ ആ ലക്ഷ്യസാക്ഷാല്‍കാരത്തിനു വേണ്ടി പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നു. കലങ്ങിമറിഞ്ഞ രാഷ്ട്രീയ അന്തരീക്ഷം മുതലെടുത്ത് കേന്ദ്രത്തില്‍ അധികാരത്തിലേറാന്‍ അവസരം ലഭിക്കുക കൂടി ചെയ്തതോടു കൂടി ഇന്ത്യ ഇന്ന് അസഹിഷ്ണുതയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ്. ന്യൂനപക്ഷ സമുദായങ്ങളെയും ദളിതരെയും പിന്നാക്ക വിഭാഗങ്ങളെയും ആക്രമിക്കുന്നതും പീഡിപ്പിക്കുന്നതും ഇന്നൊരു വാര്‍ത്തയല്ലാതായിരിക്കുന്നു. ചുരുങ്ങിയ കാലയളവ് കൊണ്ട് മാത്രം ഇവിടെയുണ്ടായ അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ നിരത്താന്‍ ശ്രമിച്ചാല്‍ തന്നെ കാര്യം ബോധ്യമാകും.

വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചു എന്നാരോപിച്ച് അടിച്ചുകൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ദാദ്രി പ്രദേശത്തെ മുഹമ്മദ് ആഖ്‌ലാഖ്, ജമ്മു കാശ്മീരില്‍ അനന്തനാഗ് ജില്ലയില്‍ ട്രാക്കിലേക്ക് ബോംബെറിഞ്ഞു കൊലചെയ്യപ്പെട്ട പതിനാറു വയസ്സുകാരന്‍ ഷാഹിദ് റസൂല്‍ ഭട്ട്, ജമ്മുകശ്മീരിലെ തന്നെ ചത്ര ജില്ലയിലേക്ക് കന്നുകാലികളെ വില്‍ക്കാന്‍ പോകുന്നതിനിടയില്‍ തല്ലിക്കൊന്ന് കെട്ടിത്തൂക്കപ്പെട്ട മുഹമ്മദ് മജിലൂം, ആസാദ് ഖാന്‍, കേരളത്തില്‍ മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയില്‍ ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട ഫൈസല്‍, കാസര്‍ഗോഡ് ജില്ലയില്‍ പള്ളിയില്‍ വെച്ച് കൊല ചെയ്യപ്പെട്ട റിയാസ് മൗലവി, ആസാമില്‍ പശുവിനെ മോഷ്ടിച്ചു എന്ന് വ്യാജമായി ആരോപിച്ച് കൊല്ലപ്പെട്ട അബ്ദുഹനീഫും റിയാസുദ്ദീന്‍ അലിയും, ആല്‍വാറില്‍ ഗോസംരക്ഷണ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പെഹ്‌ലുഖാന്‍, ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ഉത്തര്‍ പ്രദേശില്‍ കൊന്ന ഗുലാം മുഹമ്മദ്, ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ഏഴു യുവാക്കള്‍, ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ പശുമാംസം കഴിക്കുന്നുവെന്നാരോപിച്ച് കൊല്ലപ്പെട്ട ഹരിയാനയിലെ പതിനാറു വയസ്സുകാരന്‍ ജുനൈദ്, മാഉ ജില്ലയില്‍ നമസ്‌കാരത്തിനിടയില്‍ കൊല ചെയ്യപ്പെട്ട പള്ളി ഇമാം, ബംഗാളില്‍ രാമനവമിയുമായി ബന്ധപ്പെട്ട പ്രകടനത്തോട് അനുബന്ധിച്ച് കൊല ചെയ്യപ്പെട്ട പള്ളി ഇമാമിന്റെ മകന്‍ സിബ്തുല്ല റാഷിദി എന്നിങ്ങനെയുള്ള ലിസ്റ്റ് അവസാനം എട്ടുവയസ്സുകാരിയായ ആസിഫയില്‍ എത്തിനില്‍ക്കുന്നു..

പറഞ്ഞു വരുന്നത് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഈയൊരു വര്‍ഗീയ ധ്രുവീകരണം തന്നെയാണ് എന്നാണ്. നാനാത്വത്തില്‍ ഏകത്വം എന്നത് മുഖമുദ്രയാക്കിയ, ഒരു പൂങ്കാവനത്തിലെ വ്യത്യസ്ത നിറങ്ങളിലും രൂപങ്ങളിലുമുള്ള പൂക്കളെ പോലെ വിവിധ സമുദായങ്ങള്‍ ഒരുമിച്ച് ജീവിക്കുന്ന ഒരു ഭൂപ്രദേശമെന്ന് മേനിപറഞ്ഞിരുന്ന രാജ്യമിന്ന് അസഹിഷ്ണുതയുടെയും വര്‍ഗീയ ലഹളകളുടെയും പേരില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ തലകുനിച്ചിരിക്കുകയാണ്. മനസ്സില്‍ വിഷം നിറച്ച തീവ്രചിന്താഗതിക്കാരുടെ ചെയ്തികള്‍ കാരണം, ശക്തവും സുരക്ഷിതവുമായിരുന്ന ഒരു രാഷ്ട്രം പൗരന്മാര്‍ക്ക് ധൈര്യത്തോടെ പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരിക്കുന്നു. എന്താണ് പരിഹാരം?

ഒരുമിച്ചു നില്‍ക്കുക എന്നതിലപ്പുറം മറ്റൊരു പരിഹാരം ഇല്ലെന്നു തന്നെ പറയാം. നാം ഉദാഹരണമായെടുത്ത ഏറ്റവും അവസാനത്തെ സംഭവവും വിരല്‍ചൂണ്ടുന്നത് ഈയൊരു ഏക പരിഹാരത്തിലേക്കാണ്. ആ കുട്ടി ഇത്രയധികം പീഡനങ്ങള്‍ സഹിച്ച് കൊല ചെയ്യപ്പെട്ടത് ജനിച്ചത് മുസ്‌ലിം സമുദായത്തിലായിപ്പോയി എന്നതിന്റെ പേരില്‍ തന്നെയാണ്. കൊല ചെയ്തത് ഭീകരമായ വര്‍ഗീയ ചിന്ത തലയില്‍ കയറിയ, ഒരു സമുദായത്തെ അവര്‍ ജീവിക്കുന്ന പ്രദേശത്തു നിന്ന് തന്നെ ആട്ടിപ്പറഞ്ഞയക്കണം എന്ന ലക്ഷ്യമുള്ളവരുമാണ്. എന്നാല്‍ വിഷയം രാജ്യമൊട്ടാകെ ചര്‍ച്ചയായപ്പോള്‍ മുസ്‌ലിംകള്‍ മാത്രമല്ല പ്രതികരിച്ചത്. മുസ്‌ലിം പ്രശ്‌നമായല്ല പൊതുസമൂഹം അതിനെ ഏറ്റെടുത്തതും. മറിച്ച് രാജ്യത്തിന്റെ തന്നെ പ്രശ്‌നമാണിതെന്ന് തിരിച്ചറിഞ്ഞ് ഹിന്ദുക്കളും മുസ്‌ലിംകളും മറ്റു മതക്കാരും മതമില്ലാത്തവരും ഒരുമിച്ചാണ് അതിനെ നേരിട്ടത്. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് മതേതര കക്ഷികള്‍ ഒരുമിച്ച് പ്രതിഷേധങ്ങള്‍ നടത്തുന്നതും നാം കണ്ടു. ഇതേ സമീപനം രാജ്യത്തിന് തന്നെ ഭീഷണിയായ ഫാസിസത്തിനെതിരെ എല്ലാ വിഷയത്തിലും കാത്തുസൂക്ഷിക്കുക എന്നത് തന്നെയാണ് പരിഹാരം.

ഈ വര്‍ഗീയക്കോമരങ്ങള്‍ക്ക് ഏറ്റവും വലിയ തടസ്സം ഇവിടെയുള്ള ഭൂരിപക്ഷം വരുന്ന ഹൈന്ദവ സമുദായാംഗങ്ങള്‍ തന്നെയാണ്. ഹിന്ദുവിനു വേണ്ടിയെന്നു വാദിച്ച് ഇവര്‍ ചെയ്യുന്ന കോപ്രായങ്ങള്‍ അവരംഗീകരിക്കുന്നില്ല എന്നതാണ് അവരെ അസ്വസ്ഥപ്പെടുത്തുന്നത്. ന്യൂനപക്ഷങ്ങള്‍ മാത്രം വിചാരിച്ചാല്‍ ഒരിക്കലും ഈ ഭീഷണിയെ നേരിടാന്‍ സാധിക്കില്ല. ഇത് തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാണ് എന്ത് വിഷയമുണ്ടായാലും അതിനെ ഹിന്ദു മുസ്‌ലിം വിഷയമാക്കി മാറ്റാന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതും. ഈയിടെ ബി.ജെ.പിയുടെ ഐ.ടി സെല്ലിലെ ഒരു മുന്‍ പ്രവര്‍ത്തകന്‍ അവരുടെ പ്രവര്‍ത്തന രീതികളെ കുറിച്ച് തുറന്നുപറഞ്ഞപ്പോള്‍ എടുത്തുപറഞ്ഞതും ഇത് തന്നെയായിരുന്നു. ഏത് വാര്‍ത്തക്കും വര്‍ഗീയ മുഖം നല്‍കി സമുദായങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാക്കി അവതരിപ്പിക്കുക എന്നതാണത്രെ ഐ.ടി സെല്ലിന്റെ ഏറ്റവും മുഖ്യമായ പദ്ധതി. അങ്ങനെ സാഹോദര്യം കൊതിക്കുന്ന ഹൈന്ദവ മനസ്സുകളെ പോലും പതിയെ പതിയെ വര്‍ഗീയവല്‍ക്കരിക്കുക എന്നതാണ് അവരുടെ അജണ്ട. ഇതിനു ചൂട്ടുപിടിച്ചു കൊടുക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ഒരിക്കലും നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൂടാ.

ഫാസിസ്റ്റുകളുടെ തന്ത്രം മനസ്സിലാക്കി അതിനെ പ്രതിരോധിക്കുക എന്നത് വളരെ പ്രധാനമാണ്. അവരുടെ പ്രധാന ആയുധം ഭയപ്പെടുത്തുക എന്നതാണ്. അവസാനത്തെ സംഭവത്തില്‍ പോലും ആ പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്താന്‍ അവര്‍ തയ്യാറായത് മുസ്‌ലിംകളെ ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ്. പലപ്പോഴും മുസ്‌ലിംകളെയും ദളിതുകളെയും അക്രമിക്കുന്നതിന്റെയും തല്ലിക്കൊല്ലുന്നതിന്റെയും വരെ ദൃശ്യങ്ങള്‍ വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നത് അവര്‍ തന്നെയാണ്. ഇതില്‍ നിന്ന് തന്നെ അവരുടെ ലക്ഷ്യം വ്യക്തമാണ്. ഭയപ്പെടുത്തി ഇവിടെയുള്ള മറ്റു സമുദായങ്ങളെ പ്രകോപിപ്പിക്കുകയും അങ്ങനെ ചെയ്യുമ്പോള്‍ സ്വാഭാവികമായി തിരിച്ചുവരാവുന്ന അപക്വമായ പ്രതികരണങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഹൈന്ദവ സമൂഹത്തെ പ്രകോപിപ്പിക്കുകയും അതുവഴി മുതലെടുക്കുകയും ചെയ്യുക എന്ന ക്രൂരമായ തന്ത്രം മനസ്സിലാക്കാതെ പോകരുത്.

ഈ വിഷയത്തില്‍ മുസ്‌ലിം സമുദായത്തിന്റെ സംയമനം പ്രത്യേകം എടുത്തുപറയേണ്ടതാണ്. തന്റെ മകള്‍ ഹൈന്ദവ ക്ഷേത്രത്തില്‍ ദേവീസ്ഥാനത്ത് വെച്ചാണ് പീഡിപ്പിക്കപ്പെട്ടത് എന്നറിഞ്ഞപ്പോഴും ആസിഫയുടെ പിതാവ് പ്രതികരിച്ചത് 'ഞങ്ങള്‍ എല്ലായിടത്തും അവളെ തിരഞ്ഞിരുന്നു, ആ അമ്പലത്തിലൊഴികെ. കാരണം അത് പവിത്രമായ സ്ഥലമാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു' എന്നാണ്. ഹൈന്ദവര്‍ പവിത്രത കല്‍പിക്കുന്ന സ്ഥലത്തുവെച്ച് അവരില്‍ പെട്ടവര്‍ തന്നെ ഇങ്ങനെയൊരു ഹീനകൃത്യം ചെയ്യുമെന്ന് അദ്ദേഹത്തിന് ഊഹിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല എന്ന് വ്യക്തം. ക്ഷേത്രത്തില്‍ വെച്ചാണ് മകള്‍ പീഡിപ്പിക്കപ്പെട്ടത് എന്നറിഞ്ഞപ്പോള്‍, അതുമായി ബന്ധപ്പെട്ട് ഹൈന്ദവ വികാരത്തെ വ്രണപ്പെടുന്ന തരത്തിലുള്ള വാക്കുകളായിരുന്നു ആ പിതാവിന്റെ നാവില്‍ നിന്ന് വന്നിരുന്നത് എങ്കില്‍ ഈ പ്രശ്‌നത്തോടുള്ള പൊതുസമൂഹത്തിന്റെ പ്രതികരണവും കാഴ്ചപ്പാടും തന്നെ തകിടം മറിഞ്ഞേനെ. ഈയൊരു പക്വതയും അവധാനതയുമാണ് എല്ലാ വിഷയത്തിലും നാം കാണിക്കേണ്ടത്.

ഇങ്ങ് കൊച്ചു കേരളത്തില്‍ പോലും തങ്ങളുടെ വര്‍ഗീയ അജണ്ട നടപ്പിലാക്കാന്‍ ഇവര്‍ എത്രത്തോളം പ്രകോപിപ്പിച്ചു നോക്കി. മതം മാറി എന്ന ഒറ്റക്കാരണം കൊണ്ട് കൊടിഞ്ഞിയിലെ ഫൈസലിനെ വെട്ടിക്കൊന്നും കാസര്‍ഗോഡ് പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയെ വെട്ടിനുറുക്കിയും ഹാദിയ എന്ന പെണ്‍കുട്ടി ഇസ്‌ലാം സ്വീകരിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം അവരെ മാസങ്ങളോളം പുറംലോകം കാണാതെ പ്രയാസപ്പെടുത്തിയതുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിട്ടും മുസ്‌ലിംകള്‍ പ്രകോപിതരാവുകയോ സമുദായങ്ങള്‍ തമ്മിലുള്ള ഐക്യം തകര്‍ക്കുന്ന രീതിയില്‍ പ്രതികരിക്കുകയോ ചെയ്തില്ല എന്നത് എടുത്ത് പറയേണ്ടുന്ന കാര്യമാണ്. മുസ്‌ലിംകള്‍ പ്രകോപിതരായി അപക്വമായി പ്രതികരിക്കുന്നില്ല എന്നത് തന്നെയാണ് ഇവിടെ വര്‍ഗീയതയുടെ വിത്തെറിഞ്ഞു കാത്തിരിക്കുന്നവരെ അസ്വസ്ഥരാക്കുന്നതും.

രാഷ്ട്രത്തെ അരക്ഷിതാവസ്ഥയിലേക്ക് കൊണ്ട് പോകാന്‍ കിണഞ്ഞു പരിശ്രമിക്കുന്നവര്‍ക്കെതിരെ രാജ്യത്തെ ശക്തിപ്പെടുത്താനും സുരക്ഷിതമായ അന്തരീക്ഷം ഇവിടെ കെട്ടിപ്പടുക്കാനും അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കേണ്ടതുണ്ട്. ഈ നിര്‍ണായക ഘട്ടത്തില്‍ പോലും ഫാസിസം വന്നോ ഇല്ലയോ എന്ന താത്വിക ചര്‍ച്ചകളുമായി സമയം കളയുന്നവര്‍ വലിയ വില കൊടുക്കേണ്ടി വരും എന്നതുറപ്പ്. ഇസ്‌ലാം വിരുദ്ധ വംശീയത തലയില്‍ കയറിയവരുടെ പ്രചാരണങ്ങള്‍ക്ക് വളമാകുന്ന തരത്തിലുള്ള അനാവശ്യ വിവാദങ്ങളും ചര്‍ച്ചകളും നടത്തുന്നവരുടെ ഉദ്ദേശശുദ്ധിയില്‍ പോലും ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ സാധിക്കുമോ? പുതിയ പ്രശ്‌നങ്ങളില്‍ സാധ്യമായ ഐക്യം ഫാസിസത്തിനെതിരെയുള്ള പോതുബോധമായി ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് മതേതര കക്ഷികള്‍ ഒരുമിച്ചു നടപ്പാക്കേണ്ട ദൗത്യം.

അസത്യങ്ങളും അര്‍ധസത്യങ്ങളും പ്രചരിപ്പിച്ച് രാഷ്ടീയ ലാഭം കൊയ്യാന്‍ അക്ഷീണം പ്രയത്‌നിച്ചു കൊണ്ടിരിക്കുന്നവര്‍ക്കെതിരെ യാഥാര്‍ഥ്യങ്ങള്‍ ബോധ്യപ്പെടുത്തുന്ന ബോധവല്‍ക്കരണങ്ങളാണ് ആവശ്യം. ന്യൂനപക്ഷങ്ങള്‍ രാജ്യത്തിന് അപകടമാണെന്നും അവര്‍ അന്യായമായി പലതും നേടിയെടുക്കുന്നു എന്നുള്ള തരത്തിലുള്ള പ്രചാരണങ്ങളാണ് പലപ്പോഴും വര്‍ഗീയതയ്ക്ക് വളമാകുന്നത്. അത്തരം ധാരണകള്‍ തിരുത്തിക്കൊടുക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. ഒരു മതവും കലാപത്തിനോ അന്യമതവിദ്വേഷത്തിനോ ആഹ്വാനം ചെയ്യുന്നില്ലെന്നും മതം മനസ്സിലാക്കാത്ത വികാരജീവികളുടെ ചെയ്തികള്‍ മതത്തിന്റെ പേരില്‍ കണക്കുവെക്കരുതെന്നും സമൂഹത്തെ ബോധ്യപ്പെടുത്തണം. വര്‍ഗീയചേരിതിരിവുണ്ടായാല്‍ അത് ന്യൂനപക്ഷങ്ങളെയോ പിന്നാക്ക വിഭാഗങ്ങളെയോ മാത്രമല്ല ഓരോ ഇന്ത്യക്കാരനെയും ബാധിക്കുമെന്നും നമ്മുടെ രാഷ്ട്രത്തിന്റെ ഭദ്രതയാണ് തകരുന്നതെന്നും സമൂഹം മനസ്സിലാക്കണം. ആ ഒരു തിരിച്ചറിവില്‍ നിന്ന് മാത്രമെ സുരക്ഷിതവും സമാധാനപരവുമായ ഒരു സാമൂഹ്യജീവിതം രാജ്യത്ത് സാധ്യമാവൂ.

Thursday, April 19, 2018

യുക്തി: ഇസ്‌ലാമിലും നിരീശ്വരവാദത്തിലും


യുക്തിപരമായ സത്യാന്വേഷണം മനുഷ്യപ്രകൃതിയില്‍ പെട്ട കാര്യമാണ്. ദൈവത്തെ കുറിച്ചും ജീവിതത്തോടുള്ള സമീപനത്തെ കുറിച്ചും നന്മ തിന്മകളെ കുറിച്ചും വിശ്വാസങ്ങളെ കുറിച്ചുമെല്ലാം മനുഷ്യന്‍ അന്വേഷിച്ചുകൊണ്ടേയിരിക്കും. മുന്‍വിധിയില്ലാത്ത അന്വേഷണങ്ങള്‍ പലപ്പോഴും അവനെ സത്യം കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യും. നിരീശ്വരവാദത്തിന്റെ യുക്തിയെപ്പറ്റി നാം നേരത്തെ ചര്‍ച്ച ചെയ്തതാണ്. സാമാന്യയുക്തിക്ക് പോലും അംഗീകരിക്കാന്‍ കഴിയാത്ത തരത്തിലുള്ള ഭീമമായ അന്ധവിശ്വാസങ്ങളാണ് അതിന്റെ അടിത്തറ തന്നെ. ഒന്നുമില്ലായ്മയില്‍ നിന്ന് എന്തൊക്കെയോ ഉണ്ടായെന്നും യാദൃച്ഛികത വ്യവസ്ഥാപിതത്വത്തിന് വഴിമാറിയെന്നും അതിസൂക്ഷ്മമവും കൃത്യവുമായ ജൈവരംഗത്തെ രൂപകല്‍പനയും വ്യവസ്ഥാപിതമായ പ്രപഞ്ചത്തിന്റെ ചലനവുമെല്ലാം പിന്നിലൊരാളുമില്ലാതെ ഉണ്ടായതാണ് എന്നും വിശ്വസിക്കാന്‍ മുന്‍വിധിയില്ലാതെ സത്യം തേടിയിറങ്ങുന്ന ഒരാള്‍ക്ക് സാധ്യമല്ലല്ലോ.
ഒരു പുസ്തകത്തിലെ ഒരു പാരഗ്രാഫ് എങ്കിലും വിവിധ അക്ഷരങ്ങള്‍ കൂട്ടിയിട്ടപ്പോള്‍ തനിയെ ഉണ്ടായിത്തീര്‍ന്നു എന്ന് വിശ്വസിക്കാന്‍ ബുദ്ധിയും വിവേകവുമുള്ള ഒരാള്‍ക്ക് സാധ്യമല്ല. എങ്കില്‍ പിന്നെ എങ്ങനെയാണ് ആയിരക്കണക്കിന് എന്‍സൈക്‌ളോപീഡിയകളില്‍ ഉള്‍ക്കൊള്ളാനുള്ള വിവരങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു കോശമെങ്കിലും തനിയെ ഉണ്ടായി എന്ന് ഒരു ജൈവശാസ്ത്രത്തിന്റെ ബാലപാഠമറിയാവുന്ന ഒരാള്‍ സമ്മതിച്ചു തരിക? പരസ്പര ബന്ധിതമായി അത്ഭുതകരമായ രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മനുഷ്യശരീരത്തിന്റെ ഘടനാവിസ്മയം നേരിട്ടുപഠിക്കുന്ന ഒരു മെഡിക്കല്‍ വിദ്യാര്‍ഥിക്ക് എങ്ങനെയാണ് ഈ ഘടനകള്‍ യാദൃശ്ചികമെന്ന് സമ്മതിച്ചു തരാനാവുക? കണികകളുടെയും തന്മാത്രകളുടെയും ലോകത്തെ ആശ്ചര്യപ്പെടുത്തുന്ന വസ്തുതകള്‍ പഠിക്കുന്ന രസതന്ത്രവിദ്യാര്‍ഥിയുടെ അന്വേഷണങ്ങള്‍ക്ക് മുന്‍പില്‍ ദൈവമില്ലെന്ന് പറഞ്ഞുചെന്നാല്‍ അവനെങ്ങനെ അംഗീകരിക്കാനാണ്? ഭൗതികലോകത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്‍പില്‍, ആപേക്ഷികതാ സിദ്ധാന്തവും സ്ഥലകാലനൈരന്തര്യത്തെ പറ്റിയുള്ള വിവരങ്ങളും നല്‍കുന്ന തിരിച്ചറിവ് നേടിയ ഭൗതികശാസ്ത്ര വിദ്യാര്‍ഥിക്ക് മുന്‍പില്‍ ഈ യുക്തിരഹിതവാദങ്ങള്‍ എങ്ങനെ ചെലവാകാനാണ്?

ഇങ്ങനെ എല്ലാ നിലയ്ക്കും സാമാന്യയുക്തിയും ശാസ്ത്രീയവിജ്ഞാനങ്ങളും സ്രഷ്ടാവിലേക്ക് വിരല്‍ചൂണ്ടുമ്പോള്‍, മുന്‍വിധിയോടെയും 'ദൈവമുണ്ടാകരുത്' എന്ന നിര്‍ബന്ധത്തോടെയും മാത്രമെ ഗവേഷണനിരീക്ഷണങ്ങള്‍ നടത്താന്‍ പാടുള്ളൂ എന്ന് പറയുന്നിടത്തേക്ക് വരെ ഈയാളുകള്‍ എത്തി എന്നത് നാം കണ്ടു. എന്നാല്‍ അതേസമയം തന്നെ മതങ്ങള്‍ ചിന്തയ്ക്കും വിജ്ഞാനത്തിനും എതിരാണെന്ന കുപ്രചാരണം അഴിച്ചുവിടാനും ഇവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. മതഗ്രന്ഥങ്ങളുടെ ചട്ടക്കൂടിനപ്പുറത്തേക്ക് ചിന്തിക്കുവാനോ പഠിക്കുവാനോ പാടില്ലെന്നാണ് മതങ്ങള്‍ പഠിപ്പിക്കുന്നത് എന്ന നിലയ്ക്കുള്ള പ്രചാരണങ്ങളും നടന്നുകൊണ്ടിരിക്കുന്നു.
എന്നാല്‍ വസ്തുത നേരെ മറിച്ചാണ്. പഠിക്കുവാനും ചിന്തിക്കുവാനും സ്വതന്ത്രമായ അന്വേഷണങ്ങള്‍ നടത്തുവാനുമാണ് മതം പഠിപ്പിക്കുന്നത്. സൃഷ്ടിപ്പിന്റെ അത്ഭുതങ്ങളിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് ഇവയെക്കുറിച്ചൊന്നും നിങ്ങള്‍ ചിന്തിക്കുകയും പഠിക്കുകയും ചെയ്യുന്നില്ലേ എന്ന് ചോദിച്ചുകൊണ്ട് ചിന്തയെ പ്രോത്സാഹിപ്പിക്കുകയാണ് ക്വുര്‍ആന്‍:

''ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്. ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അതെങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. പര്‍വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അതെങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അതെങ്ങനെ പരത്തപ്പെട്ടിരിക്കുന്നു എന്ന്'' (വിശുദ്ധ ക്വുര്‍ആന്‍ 88:17-20).

ഇങ്ങനെ ചുറ്റുപാടുകളിലേക്ക് നോക്കാനും കാര്യങ്ങളെ വീക്ഷിക്കുവാനും അവയെക്കുറിച്ച് ചിന്തിക്കുവാനുമാണ് ഇസ്‌ലാം മനുഷ്യരോട് ആഹ്വാനം ചെയ്യുന്നത്. പ്രോത്സാഹനം നല്‍കുക മാത്രമല്ല; അങ്ങനെ ചെയ്യാത്തവരെ ശക്തമായ ഭാഷയില്‍ ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട് ക്വുര്‍ആന്‍.

''അവര്‍ക്ക് മനസ്സുകളുണ്ട്, അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്, അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്, അതുപയോഗിച്ച് അവര്‍ കേട്ടുമനസ്സിലാക്കുകയില്ല. അവര്‍ നാല്‍കാലികളെ പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ വഴിപിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍'' (വിശുദ്ധ ക്വുര്‍ആന്‍ 7:179).

കാണേണ്ടത് കാണുകയോ കേള്‍ക്കേണ്ടത് കേള്‍ക്കുകയോ കാര്യം ഗ്രഹിക്കുകയോ ചിന്തിക്കുകയോ ചെയ്യാത്ത ആളുകളെ ചിന്താശേഷിയില്ലാത്ത നാല്‍കാലികളോട് ഉപമിക്കുകയും, അവയെക്കാള്‍ മോശമാണ് ഇത്തരക്കാരുടെ അവസ്ഥയെന്ന് പറയുകയുമാണ് ഇവിടെ ക്വുര്‍ആന്‍. ഈ രീതിയില്‍ ചിന്തയുടെയും വിജ്ഞാനസമ്പാദനത്തിന്റെയും പ്രാധാന്യം ക്വുര്‍ആന്‍ ഊന്നിപ്പറഞ്ഞു. നിങ്ങള്‍ ചിന്തിക്കുന്നില്ലേ, നിങ്ങള്‍ ആലോചിക്കുന്നില്ലേ എന്നിങ്ങനെ ധാരാളം സ്ഥലങ്ങളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ക്വുര്‍ആന്‍ ചോദിക്കുന്നതായി കാണാം.

അങ്ങനെയാണ് കള്ളും പെണ്ണും മാത്രമാണ് ജീവിതം എന്ന് ധരിച്ചിരുന്ന ഒരു സമൂഹത്തെ ലോകത്തിന്റെ ഉന്നതികളിലേക്ക് ഇസ്‌ലാം കൈപിടിച്ചുയര്‍ത്തിയത്. ക്വുര്‍ആന്‍ അവര്‍ക്ക് ദിശാബോധവും മാര്‍ഗദര്‍ശനവും നല്‍കി. തീര്‍ത്തും അന്ധകാരത്തില്‍ ജീവിച്ചിരുന്ന 'ജാഹിലിയ്യ' അറബികളില്‍ നിന്ന് ആദ്യത്തെ യഥാര്‍ഥ ശാസ്ത്രജ്ഞന്‍ എന്നറിയപ്പെടുന്ന ഇബ്‌നു ഹൈതമും കെമിസ്ട്രിയിലെ മഹാനായ ശാസ്ത്രജ്ഞന്‍ ജാബിര്‍ ബിന്‍ ഹയ്യാനും വൈദ്യശാസ്ത്രരംഗത്തെ പ്രശസ്തരായ ഇബ്‌നു സീനയും സഹറാവിയും അല്‍റാസിയും അല്‍ഗോരിതം കണ്ടു പിടിച്ച അല്‍ഖവാരിസ്മിയുമടക്കം അനേകം ഉന്നതരായ ശാസ്ത്രജ്ഞന്മാരും തത്ത്വചിന്തകരും നേതാക്കളും ചരിത്രകാരന്മാരുമെല്ലാം ഉയര്‍ന്നുവന്നത് ഈ അധ്യാപനങ്ങള്‍ നല്‍കിയ അടിത്തറയില്‍ നിന്നാണ്. വിജ്ഞാനത്തിന് ഇസ്‌ലാം നല്‍കിയ പ്രാധാന്യം അവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ ഭാഷകളില്‍ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങള്‍ ഇസ്‌ലാമിക ലോകത്തേക്ക് എത്തിക്കുവാനും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുവാനും പ്രേരിപ്പിച്ചു.
പറഞ്ഞുവന്നത്, ഇസ്‌ലാം വിജ്ഞാനത്തിനും ചിന്തക്കും നല്‍കിയ പ്രേരണ ഒന്നുമല്ലാതിരുന്ന ഒരു സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചാണ്. ഇങ്ങനെ ചിന്തിക്കുകയും പഠിക്കുകയും ഗവേഷണം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ബോധ്യമാകുന്ന യാഥാര്‍ഥ്യത്തെ പറ്റിയും ക്വുര്‍ആന്‍ സൂചിപ്പിക്കുന്നു:

''തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും രാപകലുകള്‍ മാറിമാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നുകൊണ്ടും അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെ പറ്റി ചിന്തിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നവരത്രേ അവര്‍. (അവര്‍ പറയും) ഞങ്ങളുടെ രക്ഷിതാവേ, നീ നിരര്‍ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍. അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ'' (ക്വുര്‍ആന്‍ 3:190,191).

പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെ പറ്റി സദാ ചിന്തിച്ചുകൊണ്ടിരിക്കുന്നവര്‍ സൃഷ്ടിവൈഭവം ബോധ്യപ്പെട്ടു കൊണ്ട് സ്രഷ്ടാവിന്റെ പരിശുദ്ധതയെ വാഴ്ത്തും. പഠനങ്ങളും ഗവേഷണങ്ങളും അറിവുകളും സല്‍ബുദ്ധിയുള്ളവരെ സ്രഷ്ടാവിന്റെ അസ്തിത്വം കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ പഠിച്ചും ചിന്തിച്ചും അന്വേഷിച്ചും ദൈവത്തെ കണ്ടെത്താനാണ് യാഥാര്‍ഥത്തില്‍ ഇസ്‌ലാം ആവശ്യപ്പെടുന്നത്.

ഇത് പറയുമ്പോള്‍ സാധാരണയായി നിരീശ്വരവാദികള്‍ തിരിച്ചു പറയാറുള്ള കാര്യമാണ് ബുദ്ധിയുപയോഗിച്ച് കണ്ടെത്തിയ ഇസ്‌ലാമില്‍ ഒരാള്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ ഇസ്‌ലാമിക പ്രമാണങ്ങളില്‍ അതുപയോഗിക്കുന്നില്ലല്ലോ എന്നത്. ഇവിടെ കൃത്യമായി ഇക്കാര്യം വിശദീകരിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. ചിന്തയിലൂടെയും പഠന ഗവേഷണങ്ങളിലൂടെയും ഒരു വ്യക്തി കണ്ടെത്തുന്നത് പ്രപഞ്ചാതീതനായ, സര്‍വശക്തനായ, അറിവിനും കഴിവിനും പരിധിയോ പരിമിതിയോ ഇല്ലാത്ത ഒരു സ്രഷ്ടാവിനെയാണ്. അവന്റെ ദൂതനാണ് മുഹമ്മദ് നബി(സ) എന്നും അവന്റെ വചനങ്ങളാണ് വിശുദ്ധ ക്വുര്‍ആന്‍ എന്നും ബോധ്യപ്പെട്ട ഒരാളെ സംബന്ധിച്ച് ക്വുര്‍ആനിക വചനങ്ങളും പ്രവാചകന്റെ വാക്കുകളും ദൈവത്തില്‍ നിന്നുള്ള വെളിപാട് അഥവാ വഹ്‌യ് ആണ്. സര്‍വജ്ഞനായ ദൈവത്തില്‍ നിന്നുള്ള വെളിപാടുകളില്‍ അബദ്ധങ്ങള്‍ ഉണ്ടാവുകയില്ലെന്നത് ദൈവത്തെ കണ്ടെത്തിയ ഒരാളെ സംബന്ധിച്ചിടത്തോളം സാമാന്യയുക്തിയാണ്. തീര്‍ച്ചയായും മനുഷ്യന്റെ ബുദ്ധിക്കും ചിന്തക്കും പരിധികളുണ്ട്. അതുകൊണ്ട് തന്നെ ദൈവിക വചനങ്ങള്‍ക്ക് അവന്‍ തന്റെ ചിന്തകളെക്കാള്‍ പ്രാധാന്യം കൊടുക്കുക സ്വാഭാവികം.
ഒരു ഉദാഹരണമെടുക്കാം: ഒരുപാട് പഠനങ്ങള്‍ക്കും ചിന്തകള്‍ക്കും ശേഷം ദൈവമുണ്ടെന്നും ക്വുര്‍ആന്‍ ദൈവിക വചനങ്ങളാണെന്നും ബോധ്യപ്പെട്ട ഒരു വ്യക്തി ക്വുര്‍ആന്‍ തുറന്ന് പാരായണം ചെയ്യുമ്പോള്‍ മഹാനായ യൂനുസ് നബി(അ)യെ മത്സ്യം വിഴുങ്ങിയതും പിന്നീട് ആ മത്സ്യം തന്നെ കരക്ക് വന്ന് അദ്ദേഹത്തെ ഉപേക്ഷിച്ചതുമായ സംഭവം വായിക്കുന്നു. 'ഈ സംഭവം എങ്ങനെയാണ് സാമാന്യ യുക്തിക്ക് നിരക്കുന്നത്, എങ്ങനെയാണ് മത്സ്യത്തിന്റെ വയറ്റില്‍ കേടുപാടുകള്‍ കൂടാതെ ഒരു മനുഷ്യന് ജീവിക്കാനാകുക, എങ്ങനെയാണ് മത്സ്യം കരക്ക് വന്ന് വയറ്റിലുള്ള മനുഷ്യനെ ഉപേക്ഷിച്ചു എന്ന് വിശ്വസിക്കാനാവുക' എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് യുക്തിവാദികള്‍ ചോദിച്ചേക്കാം. എന്നാല്‍ ഇതൊക്കെ തീര്‍ത്തും യുക്തിക്ക് യോജിക്കുന്നതാണ് എന്നാണ് വിശ്വാസികളുടെ മറുപടി. ഇത് സാധാരണ സംഭാവമായത് കൊണ്ടല്ല, മറിച്ച് യുക്തിയുപയോഗിച്ച് അന്വേഷണ പഠനങ്ങളിലൂടെ അവന്‍ കണ്ടെത്തിയ സ്രഷ്ടാവിന്റെ കഴിവുകള്‍ക്ക് പരിധിയില്ല എന്ന് മനസ്സിലാക്കുന്നതു കൊണ്ടാണ്. 'അവന്‍ എല്ലാറ്റിനും കഴിവുള്ളവനാകുന്നു' എന്ന് ആവര്‍ത്തിച്ചു പറയുന്ന ക്വുര്‍ആന്‍ ദൈവിക വചനങ്ങളാണ് എന്ന് അവന് പൂര്‍ണബോധ്യമുള്ളതാണ്. അങ്ങനെ ബോധ്യമുള്ള ഒരാളെ സംബന്ധിച്ച് എല്ലാറ്റിനും കഴിവുള്ള, കഴിവുകള്‍ക്ക് പരിധിയില്ലാത്ത സ്രഷ്ടാവിന് മത്സ്യത്തിന്റെ വയറ്റില്‍ യൂനുസ് നബിക്ക് ജീവിക്കാനാവശ്യമായ സൗകര്യങ്ങളൊരുക്കാനോ ഒരു കേടുപാടുകളുമില്ലാതെ കരക്കെത്തിക്കാനോ സാധിക്കും എന്നതില്‍ എന്താണ് യുക്തിരാഹിത്യമുള്ളത്?
ഈ ലോകത്ത് എല്ലാ ജീവജാലങ്ങള്‍ക്കും ജീവിക്കാനാവശ്യമായ വായുവും അന്നവും മറ്റു സൗകര്യങ്ങളും ഏര്‍പെടുത്താന്‍ കഴിവുള്ള സ്രഷ്ടാവിന് അവനുദ്ദേശിക്കുന്ന സമയത്ത് ഒരു മത്സ്യത്തിന്റെ വയറ്റില്‍ അത് സംവിധാനിക്കാന്‍ കഴിവില്ലാതെ പോകില്ലല്ലോ. 'പടച്ചവന്‍ എല്ലാറ്റിനും കഴിവുള്ളവനാകുന്നു' എന്നത് മനസ്സിലാക്കിയ ഒരാള്‍ക്ക് ഇതില്‍ ഒരു യുക്തിരാഹിത്യവും അനുഭവപ്പെടില്ല.
സ്വന്തം അറിവുകളുടെയും കഴിവിന്റെയും ചിന്താശക്തിയുടെയും പരിധികള്‍ മനസ്സിലാക്കുക എന്നതാണ് ഇതില്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യം. ആ പരിമിതമായ അറിവിന്റെയും ചിന്താശക്തിയുടെയും മാനദന്ധങ്ങളുപയോഗിച്ച് പരിധിയില്ലാത്ത അറിവിന്റെ ഉടമയായ ദൈവത്തിന്റെ വചനങ്ങളെ അളക്കാന്‍ ശ്രമിച്ചാല്‍ പലപ്പോഴും പരാജയമായിരിക്കും സംഭവിക്കുക. നമുക്ക് എളുപ്പം മനസ്സിലാകുന്ന ചില ഉദാഹരണങ്ങളെടുക്കാം: കുറച്ചു കാലം മുന്‍പ് വരെ പ്രപഞ്ചത്തിന് തുടക്കമോ ഒടുക്കമോ ഇല്ലെന്ന സ്ഥിരസ്ഥിതി സിദ്ധാന്തമായിരുന്നു ശാസ്ത്രലോകത്ത് അംഗീകരിക്കപ്പെട്ടിരുന്നത്. അന്നത്തെ അറിവനുസരിച്ച് പ്രപഞ്ചത്തിന് തുടക്കമുണ്ടെന്ന ക്വുര്‍ആനിക വചനം തെറ്റാണെന്ന് പറയേണ്ടിവരുമായിരുന്നു. എന്നാല്‍ ശാസ്ത്രം ലഭിക്കുന്ന തെളിവുകള്‍ക്ക് അനുസരിച്ച് മാറുമെന്നും നമുക്ക് ലഭിക്കുന്ന തെളിവുകള്‍ അനുസരിച്ച് നാം പറയുന്ന നിഗമനങ്ങള്‍ ഒരുപക്ഷേ, യാഥാര്‍ഥ്യമായിരിക്കണം എന്നില്ലെന്നും തിരിച്ചറിയുന്ന ഒരാളെ സംബന്ധിച്ച് എല്ലാറ്റിനെയും സൃഷ്ടിച്ച, പ്രപഞ്ചത്തിന്റെ സ്രഷ്ടാവിന്റെ വചനങ്ങളെ ഒരു സംശയവുമില്ലാതെ അംഗീകരിക്കുക എന്നതാണ് അവിടെ യുക്തി. കാരണം യാഥാര്‍ഥ്യം പൂര്‍ണമായി പ്രതിഫലിപ്പിക്കാന്‍ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം നിഗമനങ്ങളില്‍ എത്തുന്ന ശാസ്ത്രത്തിന് സാധിച്ചുകൊള്ളണം എന്നില്ല. അതുകൊണ്ട് തന്നെ ദൈവത്തെയും ദൈവത്തിന്റെ വചനങ്ങളെയും അതിന്റെതായ രീതിയില്‍ മനസ്സിലാക്കിയവര്‍ അന്നും പ്രപഞ്ചത്തിന് തുടക്കമുണ്ടെന്നു തന്നെ വിശ്വസിച്ചു. പിന്നീട് ലഭ്യമായ മറ്റു തെളിവുകള്‍ക്കനുസരിച്ച് ശാസ്ത്രവും പ്രപഞ്ചത്തിന് തുടക്കമുണ്ടെന്ന കാര്യം പ്രഖ്യാപിച്ചു.

നാം അവലംബിക്കുന്ന പ്രധാന വിജ്ഞാനസ്രോതസ്സായ ശാസ്ത്രത്തിന്റെ ഈയൊരു പരിധി മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കിലാണ് പലപ്പോഴും ക്വുര്‍ആനിലും ഹദീഥിലും യുക്തിക്ക് നിരക്കാത്തതായി എന്തൊക്കെയോ ഉണ്ടെന്ന തോന്നല്‍ ഉണ്ടാവുന്നത്. ശാസ്ത്രം അപ്പപ്പോള്‍ ലഭിക്കുന്ന തെളിവുകള്‍ക്ക് അനുസരിച്ചാണ് സിദ്ധാന്തങ്ങള്‍ രൂപീകരിക്കുന്നത്. ഇത് എളുപ്പത്തില്‍ മനസ്സിലാകാന്‍ പൊതുവെ പറയുന്ന ഒരു ലളിതമായ ഉദാഹരണം തന്നെയെടുക്കാം. അരയന്നങ്ങളുടെ നിറത്തെ പറ്റിയുള്ള ഒരു ശാസ്ത്രീയ ഗവേഷണമാണ് നാം നടത്താന്‍ പോകുന്നത്. ശാസ്ത്രത്തിന്റെ രീതിയനുസരിച്ച് നാം ചെയ്യുന്നത് വ്യത്യസ്ഥ പ്രദേശങ്ങളില്‍ നിന്നും വിവിധ തരത്തിലുള്ള അരയന്നങ്ങളെ പഠനവിധേയമാക്കുന്നു. അങ്ങനെ ആയിരം അരയന്നങ്ങളെ നാം നിരീക്ഷിച്ചു എന്ന് കരുതുക. നാം നിരീക്ഷിച്ച ആയിരം അരയന്നങ്ങള്‍ക്കും വെളുത്ത നിറമാണ്. എങ്കില്‍ സ്വാഭാവികമായും അരയന്നങ്ങളുടെ നിറത്തെ പറ്റിയുള്ള നമ്മുടെ ശാസ്ത്രീയ പഠനത്തിന്റെ അവസാനം നാം എത്തുന്ന നിഗമനം 'അരയന്നങ്ങളുടെ നിറം വെളുപ്പാണ്' എന്നതായിരിക്കും. എന്നാല്‍ ആയിരത്തി ഒന്നാമത്തെ അരയന്നം ഒരുപക്ഷേ, കറുത്ത നിറമുള്ളതായിരിക്കാം. അത് നമ്മുടെ നിരീക്ഷണ പരിധിയില്‍ വരാത്തിടത്തോളം കാലം 'അരയന്നങ്ങളുടെ നിറം വെളുപ്പാണ്' എന്നത് തന്നെയാണ് അംഗീകരിക്കപ്പെടുക. ഇതാണ് എല്ലാറ്റിന്റെയും അവസ്ഥ. നമ്മുടെ പരിമിതമായ അറിവിലും അന്വേഷണത്തിലും ഒരുപക്ഷേ, പലതും ഉള്‍പെട്ടില്ലെന്ന് വരാം. ജൈവലോകത്തെ 99.999% ജൈവവര്‍ഗങ്ങളെയും നിരീക്ഷിക്കുവാന്‍ പോലും ഇതുവരെ നമുക്ക് സാധിച്ചിട്ടില്ല. പ്രപഞ്ചത്തിന്റെ വലിപ്പം കണക്കാക്കാന്‍ പോലും നമ്മുടെ പരിമിതമായ കഴിവുകള്‍ വെച്ച് നമുക്ക് സാധിച്ചിട്ടില്ല. നാം നിരീക്ഷിക്കാത്ത, നമ്മുടെ നിരീക്ഷണത്തിന്റെ പരിധിയില്‍ വന്നിട്ടുപോലുമില്ലാത്തതാണ് നാം നിരീക്ഷിച്ചതിനെക്കാള്‍ എത്രയോ ആയിരക്കണക്കിന് ഇരട്ടി കൂടുതല്‍. എന്നിരിക്കെ ആ അറിവ് വെച്ചാണോ അറിവിന് പരിധിയില്ലാത്ത സ്രഷ്ടാവിന്റെ വചനങ്ങളെ നാം അളക്കുന്നത്?!
നമ്മുടെ ചിന്തകള്‍ക്കും പരിധിയുണ്ട്. തുടക്കമോ ഒടുക്കമോ ഇല്ലാത്ത സ്രഷ്ടാവിനെ പറ്റി പറയുമ്പോള്‍ ശാസ്ത്രത്തിന്റെ വരമ്പുകള്‍ക്കുള്ളില്‍ നിന്നല്ലാതെ ചിന്തിക്കില്ലെന്ന് വാശിപിടിച്ച് മുഖംചുളിച്ചവര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ശാസ്ത്രം തന്നെ സമയം എന്ന ഡയമെന്‍ഷന്‍ ഇല്ലാത്ത അവസ്ഥയെ കുറിച്ചും അതിനെ കുറിച്ച് ചിന്തിക്കാന്‍ നമുക്കുള്ള പരിധിയെ കുറിച്ചും ബോധ്യമാക്കിത്തരികയാണ്. കര്‍മങ്ങള്‍ ഒന്നുമൊഴിയാതെ രേഖപ്പെടുത്തുമെന്നും അത് അന്ത്യനാളില്‍ പ്രദര്‍ശിപ്പിക്കപ്പെടും എന്നും പറയുമ്പോള്‍ അത് അവിശ്വസനീയമായിരുന്നു പലര്‍ക്കും. എന്നാലിന്ന് എല്ലാം ഒപ്പിയെടുക്കുന്ന റെക്കോര്‍ഡിംഗ് സാങ്കേതികവിദ്യകള്‍ ചെറിയ രൂപത്തിലെങ്കിലും മനുഷ്യന്‍ വികസിപ്പിച്ചെടുത്തപ്പോള്‍ അതിന് നിമിത്തമായ ബുദ്ധിയെ സൃഷ്ടിച്ചവന് ഇത് സാധ്യമല്ലേ എന്ന ചോദ്യം ഇന്ന് ആര്‍ക്കും ബോധ്യമാകും. കുറച്ച് മുന്‍പ് വരെ ഇക്കാര്യം പോലും 'ബുദ്ധിക്ക് യോജിക്കാത്ത'തായിരുന്നു.

നമ്മുടെ കഴിവില്ലായ്മയും അറിവിന്റെ പരിധികളും അംഗീകരിക്കുവാനുള്ള വിനയമുണ്ടാവുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. എല്ലാം തികഞ്ഞവനെന്നും എല്ലാം അറിയുന്നവനെന്നുമുള്ള അഹങ്കാരത്തോടെ ദൈവിക വചനങ്ങളെയും പ്രവാചകന്റെ ഹദീഥുകളെയും സമീപിക്കുമ്പോള്‍ പലതും ബുദ്ധിക്ക് യോജിക്കാത്തതും യുക്തിക്ക് നിരക്കാത്തതുമായി നമുക്ക് തോന്നിയേക്കാം. എന്നാല്‍ എന്റെ ഈ ബുദ്ധി ഒന്നുമല്ലെന്നും എനിക്കറിയാത്ത കാര്യങ്ങളാണ് അറിയുന്ന കാര്യങ്ങളെക്കാള്‍ കൂടുതലെന്നും എന്റെ ചിന്തകള്‍ക്ക് അംഗീകരിക്കാവുന്നതിലും അപ്പുറം യാഥാര്‍ഥ്യങ്ങളുണ്ടെന്നുമുള്ള തിരിച്ചറിവില്‍ അവ പരിശോധിക്കുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നില്ല. കാരണം സ്രഷ്ടാവുണ്ട് എന്നത് യുക്തിപരമായ അന്വേഷണത്തിലൂടെ ബോധ്യപ്പെട്ട കാര്യമാണ്. ആ സ്രഷ്ടാവിന്റെ വചനങ്ങളാണ് ക്വുര്‍ആന്‍ എന്നതും അവന്റെ ദൂതനാണ് മുഹമ്മദ്(സ) എന്നതും പഠിച്ചു ബോധ്യപ്പെട്ട കാര്യമാണ്. മലക്ക് ജിബ്‌രീല്‍ വഴി കിട്ടുന്ന ദിവ്യബോധനമാണ് ക്വുര്‍ആന്‍ എന്നും അതിന്റെ വിശദീകരണമായി അല്ലാഹു നബി(സ)യെ അറിയിച്ചതാണ് ഹദീഥുകള്‍ എന്നും ബോധ്യപ്പെട്ട ഒരാള്‍ക്ക് അവയില്‍ യുക്തിരാഹിതയം കണ്ടെത്തുവാന്‍ സാധ്യമല്ല. ആ സ്രഷ്ടാവിന് എല്ലാം സാധിക്കുമെന്നും അവന്റെ കഴിവുകള്‍ക്കും അറിവിനും പരിധികളില്ലെന്നുമുള്ളതാണ് ഇതിനൊക്കെ പിന്നിലുള്ള ഏറ്റവും വലിയ യുക്തി.

എല്ലാറ്റിനെ കുറിച്ചുമുള്ള പൂര്‍ണമായ അറിവ് സ്രഷ്ടാവിന് മാത്രമായത് കൊണ്ട് തന്നെ നന്മയെന്തെന്നും തിന്മയെന്തെന്നും അറിയിച്ചു തരേണ്ടതും അവന്‍ തന്നെയാണ് എന്നതാണ് ഇസ്‌ലാമിന്റെ യുക്തി. ഓരോരുത്തരും അവരവരുടെ യുക്തിക്കനുസരിച്ച് നന്മയും തിന്മയും തീരുമാനിക്കുകയെന്ന യുക്തിവാദ സിദ്ധാന്തത്തിന് പച്ചമലയാളത്തില്‍ 'തോന്ന്യാസം' എന്നാണ് പറയുക. ധാര്‍മികമായ വിധിവിലക്കുകളും നിയമങ്ങളും പാലിക്കാനുള്ള മടിയും അതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു പഴുതുമായാണ് പലരും ഈ 'തോന്ന്യാസ'ക്കൂട്ടത്തെ കാണുന്നത്. ചിലരുടെ യുക്തിക്ക് മദ്യപാനം തെറ്റാവണമെന്നില്ല, ചിലര്‍ക്ക് പരിധികളില്ലാത്ത ലൈംഗികത തെറ്റായി തോന്നില്ല. പ്രായമായ മാതാപിതാക്കളെ വൃദ്ധസദനത്തില്‍ കൊണ്ട് പോയി ഉപേക്ഷിക്കുന്നതായിരിക്കും മറ്റു ചിലരുടെ യുക്തി. ഇങ്ങനെ ഓരോരുത്തര്‍ക്കും അവര്‍ക്കിഷ്ടമുള്ളതെല്ലാം ചെയ്യാന്‍ ഒരു പ്രത്യയശാസ്ത്ര ന്യായീകരണമായി യുക്തിവാദത്തെ ഉപയോഗിക്കുന്നു എന്ന് മാത്രം. മദ്യപാനമോ, വ്യഭിചാരമോ, മാതാപിതാക്കളെ ഉപേക്ഷിക്കലോ 'തെറ്റാണ്' എന്ന് വസ്തുനിഷ്ഠമായി പറയാന്‍ യുക്തിവാദത്തില്‍ വകുപ്പില്ല. ഏതൊരു കാര്യവും നന്മയെന്നോ തിന്മയെന്നോ തീര്‍ത്തുപറയാന്‍ അവിടെ സാധിക്കില്ല. അതുകൊണ്ട് തന്നെയാവണം പരസ്പര സമ്മതത്തോടെ പിതാവും മകളും തമ്മിലുള്ള ലൈംഗിക ബന്ധം പോലും തെറ്റാണെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയില്‍ അവരെത്തിയത്.

മതാധിഷ്ഠിത ധാര്‍മികതക്ക് എതിരെ മാറുതുറന്നും തെരുവില്‍ ചുംബിച്ചും പ്രതിഷേധിക്കുന്നവര്‍ എന്താണ് ധാര്‍മികതയെന്നും സദാചാരമെന്നും വ്യക്തമായി വിവക്ഷിക്കാന്‍ തയ്യാറാവണം. സകല തോന്ന്യാസങ്ങള്‍ക്കും തങ്ങളുടെ യുക്തിയില്‍ പ്രശ്‌നം തോന്നുന്നില്ലെന്ന് പറഞ്ഞ് ന്യയീകരിക്കുന്നവര്‍ ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് അപ്പോള്‍ മനസ്സിലാകും. ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വരെ സമൂഹത്തില്‍ നിവര്‍ന്നുനിന്ന് പറയാന്‍ മടിച്ചിരുന്ന പലതും ഇന്ന് തെറ്റല്ലാതായിരിക്കുന്നു! ഇന്ന് നാം അറപ്പോടെയും വെറുപ്പോടെയും കാണുന്ന പലതും നാളെയവര്‍ യുക്തിയുടെ കാലത്തിനനുസരിച്ച പരിണാമത്തിന്റെ പേര് പറഞ്ഞ് ന്യായീകരിക്കും. എതിര്‍ക്കുന്ന മതാധ്യാപനങ്ങളെ കാലഹരണപ്പെട്ടതെന്ന് പറഞ്ഞ് തള്ളുകയും ചെയ്യും. ഇത് പുരോഗതിയാണോ പ്രാകൃതത്വമാണോ എന്ന് മനസ്സില്‍ നന്മ ബാക്കിയുള്ളവര്‍ ചിന്തിക്കട്ടെ.
യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും സുന്ദരലോകത്തെ പറ്റി പറഞ്ഞ് യുവാക്കളെ ആകര്‍ഷിക്കുന്നവര്‍ എത്രമാത്രം യുക്തിരഹിതവും അപരിഷ്‌കൃതവുമായ ആശയത്തിലേക്കാണ് ക്ഷണിക്കുന്നത് എന്ന് ട്രെന്റുകള്‍ക്ക് പിന്നാലെ പോകുന്നവര്‍ അല്‍പ സമയം മാറ്റി വെച്ച് ചിന്തിക്കണം. ശാസ്ത്രത്തെയും യുക്തിയെയും തങ്ങള്‍ക്കൊപ്പിച്ചു മാത്രം വ്യാഖ്യാനിക്കുന്ന ഇവര്‍ പറയുന്ന 'സ്വതന്ത്രചിന്ത'യുടെ അതിരുകള്‍ അവര്‍ തന്നെ നിശ്ചയിക്കുന്നത് നാം മനസ്സിലാക്കാതെ പോകരുത്. മതനിയമങ്ങള്‍ അനുസരിക്കാനുള്ള പ്രയാസവും വൈമനസ്യവും ഈ പാളയത്തിലേക്കാണ് നമ്മെ ആകര്‍ഷിക്കുന്നത് എങ്കില്‍ കുത്തഴിഞ്ഞ ജീവിതവും മുഴുസമയ മതവിമര്‍ശനവുമായി ജീവിതത്തിന്റെ ഏറ്റവും നല്ല കാലം നഷ്ടപ്പെടുത്തിയതിനു ശേഷം പിന്നോട്ട് തിരിഞ്ഞ് വിരല്‍ കടിച്ചത് കൊണ്ട് കാര്യമുണ്ടാകണമെന്നില്ല. സ്രഷ്ടാവൊരുക്കിയ യഥാര്‍ഥ ആസ്വാദനത്തിന്റെ ജീവിതത്തിലേക്ക് എപ്പോഴാണ് വിളിവരുന്നതെന്ന് നമുക്കാര്‍ക്കും അറിയുകയുമില്ല.

(അവസാനിച്ചു)

Sunday, April 15, 2018

ജീവോല്പത്തി : പരിണാമം കൊണ്ട് ഓട്ടയടക്കാനാവുമോ?


‘ബയോളജി വിദ്യാര്‍ഥിയല്ലേ? അതില്‍ പരിണാമം പഠിച്ചിട്ടും പിന്നെയുമെന്താണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്?’ ജീവോല്പത്തിയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ ഒരു നിരീശ്വരവാദീ സുഹൃത്ത് ചോദിച്ച ചോദ്യമാണിത്. ജീവന്‍റെ തുടക്കമെന്താണ് എന്ന ചോദ്യങ്ങള്‍ക്കുത്തരമാണ് പരിണാമ സിദ്ധാന്തം എന്ന് ധരിച്ചുവെച്ചിരിക്കുന്ന അനേകം പേരുടെ പ്രതിനിധി മാത്രമാണ് ഇദ്ദേഹവും. ഈ ധാരണയില്‍ പരിണാമസിദ്ധാന്തമെന്നത് മതങ്ങളെയും ദൈവത്തെയും ഇല്ലാതാക്കിയ എന്തോ ഒരു നിരീശ്വരവാദ തിയറിയാണ് എന്ന അര്‍ത്ഥത്തില്‍ ഇന്നും പരിണാമ പ്രചാരകരായി നടക്കുകയാണ് ഒരുപാടാളുകള്‍. ഡാര്‍വ്വിന്റെ പരിണാമ സിദ്ധാന്തമാണ്‌ ബൗദ്ധികമായി സംതൃപ്തിയുള്ള നിരീശ്വരവാദിയാകാന്‍ സഹായിച്ചത് എന്ന് നിരീശ്വരവാദികളുടെ ആഗോള പുരോഹിതന്‍ റിച്ചാര്‍ഡ് ഡോക്കിന്‍സ് പോലും പറയുമ്പോള്‍ ഈ സിദ്ധാന്തം അവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല എന്ന് മനസ്സിലാക്കാം.

ജീവോല്പത്തിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പരിണാമത്തിന് സ്ഥാനമില്ല എന്നത് തന്നെയാണ് ഒന്നാമത്തെ കാര്യം. പരിണാമം ഒരിക്കലും ജീവന്‍റെ ഉല്പത്തിയെ പറ്റി ചര്‍ച്ച ചെയ്യുന്ന ശാഖയല്ല. പരിണാമത്തിന്റെ ഏറ്റവും ലളിതമായ നിര്‍വചനം തന്നെ ‘descent with modification’അഥവാ ജീവികളുടെ പരിഷ്കരണങ്ങളോടെയുള്ള തുടര്‍ച്ച എന്നതാണ്. എന്നുവെച്ചാല്‍ നിലവിലുള്ള ജീവനുള്ള വസ്തുക്കളില്‍ വരുന്ന മാറ്റങ്ങളെ കുറിച്ചുള്ള പഠനമാണ് പരിണാമം. ജീവനുള്ളവയില്‍ വരുന്ന മാറ്റങ്ങളെ കുറിച്ചുള്ള പഠനം എങ്ങനെയാണ് ജീവന്‍റെ തുടക്കത്തെ പറ്റിയുള്ള അന്വേഷണങ്ങള്‍ക്ക് ഉത്തരമാവുക? ജീവന്‍ എങ്ങനെയുണ്ടായി എന്നല്ല, ഉണ്ടായ ജീവനില്‍ മാറ്റങ്ങളുണ്ടാകുന്നുണ്ടോ എന്നതാണ് പരിണാമത്തിന്റെ മേഖലയെന്ന് ചുരുക്കം. അതിനാല്‍ ദൈവാസ്തിത്വവുമായും ജീവോല്പത്തിയുമായും ബന്ധപ്പെട്ട അടിസ്ഥാന ചര്‍ച്ചകളില്‍ പരിണാമം പറഞ്ഞുവരുന്നവര്‍ക്ക് പരിണാമമെന്തെന്നോ അതിന്‍റെ ചര്‍ച്ചാ വിഷയമെന്തെന്നോ മനസ്സിലായിട്ടില്ല എന്ന് വേണം മനസ്സിലാക്കാന്‍.

അതുകൊണ്ട് തന്നെ ജീവന്‍ എങ്ങനെയുണ്ടായെന്ന എന്നും നിരീശ്വരവാദികളെ കുടുക്കുന്ന ചോദ്യത്തിന് പരിണാമത്തിലൂടെ ഉത്തരം കാണാനാകില്ല. ദൈവത്തെ നിഷേധിക്കാനും ജീവോല്പത്തിക്ക് ശാസ്ത്രീയമായ വിശദീകരണം നല്‍കാനും പരിണാമത്തിനാകില്ല. ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന പരിണാമശാസ്ത്രജ്ഞരില്‍ മിക്കവരും ദൈവത്തില്‍ വിശ്വസിക്കുന്നവരാണ് എന്നതാണ് ഏറെ രസകരം. എന്തിനേറെ ഡാര്‍വിന്‍ പോലും പറഞ്ഞത് ഒരാള്‍ക്ക് ഒരേ സമയം ദൃഡവിശ്വാസിയും പരിണാമവാദിയും ആകാം എന്നായിരുന്നു. എന്നാല്‍ ഡാര്‍വിന്‍ വ്യക്തിപരമായ ചില പ്രയാസങ്ങളുമായി ബന്ധപ്പെട്ട് ഒരു അജ്ഞ്ഞേയതാവാദിയാവുകയായിരുന്നു. അദ്ദേഹം പരിണാമം കാരണമല്ല മതത്തെ പറ്റി സംശയാലുവായത്, തിന്മകളുമായും ഇച്ഛാശക്തിയുമായും ബന്ധപ്പെട്ട ചില സംശയങ്ങളായിരുന്നു മതരഹിതനാകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ഡാര്‍വിനിസ്റ്റുകള്‍ ഇന്ന് പ്രചരിപ്പിക്കുന്ന തരത്തിലൊക്കെ പരിണാമം നടന്നുവെന്ന് അപ്പടി വാദത്തിന് വേണ്ടി അംഗീകരിച്ചാല്‍ പോലും അതൊന്നും ദൈവമില്ലെന്നതിന് തെളിവാകുകയില്ല, ആദ്യത്തെ ജീവന്‍ എങ്ങനെ ഉണ്ടായെന്ന ചോദ്യത്തിന് ഉത്തരമാവുകയുമില്ല! എത്രയൊക്കെ പോയാലും ജീവനുള്ള ഒരു ഏകകോശ ജീവിയില്‍ നിന്ന് പരിണമിക്കുന്നത് മാത്രമേ ഈ സിദ്ധാന്തത്തിന് വിശദീകരിക്കാനാവൂ.. ആ ജീവന്‍ എവിടെ നിന്ന്, എങ്ങനെ വന്നു എന്ന ചോദ്യം അവിടെ നിലനില്‍ക്കുക തന്നെ ചെയ്യും.

ഈ വസ്തുത മറച്ചുവെക്കാന്‍ പരിണാമത്തെ സൃഷ്ടിവാദവുമായി കൂട്ടിക്കെട്ടി ചര്‍ച്ച ചെയ്ത് പുകമറ തീര്‍ക്കുകയാണ് ഭൗതികവാദികള്‍. പരിണാമവും സൃഷ്ടിവാദവും തമ്മിലുള്ള സംഘട്ടനം മാത്രമായി ചര്‍ച്ചകള്‍ ചുരുക്കുകയാണ് ഇവര്‍. സൃഷ്ടിവാദത്തെ കൂട്ടുപിടിക്കാതെ ഒറ്റയ്ക്ക് ചര്‍ച്ച ചെയ്യാന്‍ മാത്രം അടിത്തറയില്ലാത്തതാണോ പരിണാമശാസ്ത്രം?! ജീവന്‍റെ തുടക്കത്തെ പറ്റി പറയുന്ന ‘സൃഷ്ടിപ്പും’ തുടര്‍ച്ചയെ പറ്റി പറയുന്ന ‘പരിണാമവും’ അടിസ്ഥാനപരമായി നേരിട്ടുള്ള സംഘട്ടനത്തിലല്ല എന്നറിഞ്ഞിട്ടും പരിണാമം ചര്‍ച്ച ചെയ്യുന്നിടത്തോക്കെ പുട്ടിനു തേങ്ങയിടുമാറ് സൃഷ്ടിവാദത്തെ തിരുകിക്കയറ്റിയില്ലെങ്കില്‍ ചിലര്‍ക്ക് സമാധാനം കിട്ടില്ലെന്ന് തോന്നുന്നു. എന്തിനേറെ  സ്കൂള്‍ പാഠപുസ്തകങ്ങളില്‍ പോലും ഇത്തരത്തിലുള്ള ചില പുകമറകള്‍ കടത്തിക്കൂട്ടിയിരിക്കുന്നു. പന്ത്രണ്ടാം ക്ലാസ് ബയോളജി പാഠപുസ്തകത്തില്‍ പരിണാമം പഠിപ്പിക്കുന്ന ഭാഗത്ത് ഇങ്ങനെ കാണാം :

Conventional religious literature tells us about the theory of special creation. This theory has three connotations. One, that all living organisms (species or types) that we see today were created as such. Two, that the diversity was always the same since creation and will be the same in future also. Three, that earth is about 4000 years old. All these ideas werestrongly challenged during the nineteenth century. (NCERT Textbook of Biology, page 128)

“പരമ്പരാഗത  മതഗ്രന്ഥങ്ങള്‍ പ്രത്യേക സൃഷ്ടിപ്പിനെ പറ്റിയാണ് പറയുന്നത്. മൂന്ന് കാര്യങ്ങളാണ് ഇവയില്‍ ഉള്‍ക്കൊണ്ടിട്ടുള്ളത്. ഒന്നാമത്, നാമിന്ന് കാണുന്ന എല്ലാ ജീവജാലങ്ങളും അതേപടി സൃഷ്ടിക്കപ്പെട്ടതാണ്. രണ്ട്, ജൈവവൈവിധ്യം എന്നും ഒരേ പോലെയായിരുന്നു, ഭാവിയിലും അതങ്ങനെ തന്നെയായിരിക്കും. മൂന്ന്, ഭൂമിയുടെ പ്രായം വെറും 4000 വര്‍ഷങ്ങള്‍ മാത്രമാണ്. ഈ ആശയങ്ങളെല്ലാം പത്തൊമ്പതാം നൂറ്റാണ്ടില്‍ ശക്തമായി ചോദ്യം ചെയ്യപ്പെട്ടു.”

എന്നുവെച്ചാല്‍ ഇനി പഠിക്കാന്‍ പോകുന്ന പരിണാമവും അതിന് അവതരിപ്പിക്കുന്ന തെളിവുകളുമെല്ലാം മതത്തിനും മതഗ്രന്ഥങ്ങള്‍ക്കും വിരുദ്ധമാണ് എന്ന് തോന്നിപ്പിക്കണം! പ്രത്യേകം സൃഷ്ടിച്ചതല്ലെന്ന് വന്നാല്‍പോലും സൃഷ്ടിപ്പോ തുടക്കമോ വിശദീകരിക്കാന്‍ പരിണാമത്തിനാകില്ലെങ്കില്‍ പിന്നെന്തിനാണ് ഇത്തരമൊരാമുഖം? ജൈവവൈവിധ്യത്തെ പറ്റി ഏതെങ്കിലും മതഗ്രന്ഥങ്ങളില്‍ വന്നത് എന്തിനാണ് എല്ലാ മതങ്ങളുടെയും മേല്‍ അടിച്ചേല്‍പ്പിക്കുന്നത്? ജൈവവൈവിധ്യം എന്നും മാറ്റമില്ലാതെ തുടരും എന്നതൊക്കെ മതാധ്യാപനമായി എവിടെയാണ്, ആരാണ് പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്? ഭൂമിയുടെ പ്രായം ഏതെങ്കിലും ഒരു മതഗ്രന്ഥത്തില്‍ വന്നത് എന്തിനാണ് മൊത്തം മതങ്ങളുടെ വാദമായി അവതരിപ്പിക്കുന്നത്? വിദ്യാര്‍ഥികള്‍ക്ക് ഇനി പഠിക്കുന്നതെല്ലാം മതത്തിനെതിരാണ് എന്ന തോന്നലുണ്ടാക്കാന്‍ ഇത്തരം അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പാഠപുസ്തകങ്ങളില്‍ എഴുതിചേര്‍ത്തത് ആരായാലും ഉദ്ദേശം വ്യക്തമാണ്.

പരിണാമം എന്നത് വിശാലമായ ഒരു ശാസ്ത്ര മേഖലയാണ്. സൂക്ഷ്മപരിണാമത്തെയും സ്ഥൂലപരിണാമത്തെയും പറ്റിയുള്ള വിവിധ തരത്തിലുള്ള പഠനങ്ങളും ഗവേഷണങ്ങളും നടന്നു കൊണ്ടിരിക്കുന്നു. മറ്റേത് ശാസ്ത്ര സിദ്ധാന്തത്തെയും പോലെ കാലാന്തരത്തില്‍ ആദ്യം വിശ്വസിച്ചിരുന്ന പലതും ശരിയല്ലെന്ന് ബോധ്യപ്പെടും, പല നിഗമനങ്ങളും ഒഴിവാക്കേണ്ടി വരും, പലതും കൂട്ടിചെര്‍ക്കേണ്ടി വരും. എന്നാല്‍ ചിലര്‍ക്ക് പരിണാമം എന്നാല്‍ ഡാര്‍വിന്‍ മാത്രമാണ്! എന്നാല്‍ സത്യത്തില്‍ ഡാര്‍വിനിസം എന്നത് പരിണാമവുമായി ബന്ധപ്പെട്ട അനേകം കാഴ്ചപ്പാടുകളില്‍ ഒന്ന് മാത്രമാണ്. Neo Lamarkian Evolution, Mutation driven evolution, Evolution by natural genetic engineering, Evolution by self organization, Symbiotic evolution എന്നിങ്ങനെ അനേകം ധാരകള്‍ പരിണാമശാസ്ത്രജ്ഞന്മാര്‍ക്ക് ഇടയില്‍ തന്നെയുണ്ട്‌. പുതിയ തെളിവുകള്‍ക്കും ആശയങ്ങള്‍ക്കും ഇടം കൊടുക്കാതെ ഡാര്‍വിന്‍റെ പഴകിപ്പുളിച്ച അബദ്ധധാരണകളില്‍ തന്നെ പരിണാമശാസ്ത്രത്തെ തളച്ചിടണം എന്ന് ആഗ്രഹിക്കുന്നവര്‍ ശാസ്ത്രബോധാമില്ലാത്തവരാണ്.

പരിണാമവും ഡാര്‍വിനിസവും പര്യായപദങ്ങളല്ല എന്ന ഈ തിരിച്ചറിവ് തന്നെയാണ് ഏറ്റവും പ്രധാനം. ജീവികളില്‍ ഉണ്ടാകുന്ന ജൈവപരമായ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മേഖലയാണ് പരിണാമം. ഡാര്‍വിന്‍റെ മുന്‍പും ശേഷവും ശാസ്ത്രലോകം ഏറെ ചര്‍ച്ച ചെയ്തിട്ടുള്ള മേഖലയാണിത്. ജീവികളില്‍ ഓരോ കാലഘട്ടത്തിലും മാറ്റങ്ങളുണ്ടാകുന്നുണ്ടോ, അതിന്‍റെ കാരണങ്ങള്‍ എന്താണ്, അവ എങ്ങനെ മനുഷ്യപുരോഗതിക്ക് ഉപകാരപ്രദമാക്കാം എന്നൊക്കെ ചര്‍ച്ച ചെയ്യുന്ന വിശാലമായ മേഖലയാണ് പരിണാമശാസ്ത്രം. എന്നാല്‍ ഡാര്‍വിനിസം എന്നത് ഈ പരിണാമത്തെ വ്യാഖ്യാനിച്ച് എല്ലാ ജീവജാലങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു എന്നും അവയ്ക്കെല്ലാം ഒരു പൊതുപൂര്‍വ്വികന്‍ ആണെന്നുമുള്ള ഒരു പരിണാമവൃക്ഷം സമര്‍ത്ഥിക്കലാണ്. പ്രസ്തുത പരിണാമ വൃക്ഷത്തില്‍ മനുഷ്യന്‍റെ പരിണാമം അദ്ദേഹം പ്രത്യേകം ചര്‍ച്ച ചെയ്യുകയും മനുഷ്യനും ഇതുപോലെ മറ്റൊരു ജീവവര്‍ഗ്ഗത്തില്‍ നിന്ന് പരിണമിച്ചുണ്ടായതാണ് എന്നും വാദിക്കുന്നു. ഇത് വ്യക്തമായും ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്ക് എതിരാണ്. മനുഷ്യനെ പ്രത്യേകമായി സൃഷ്ടിച്ചതാണ് എന്ന് ഒരു അവ്യക്തതകള്‍ക്കും ഇടകൊടുക്കാതെ ഖുര്‍ആന്‍ വ്യക്തമായി പഠിപ്പിക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഇതിനുള്ള ശാസ്ത്രീയമായ തെളിവുകള്‍ അന്വേഷിക്കുക സ്വാഭാവികമാണ്.

ഡാര്‍വിനിസത്തിന് തെളിവ് ചോദിക്കുമ്പോള്‍ പരിണാമത്തിനുള്ള തെളിവ് കൊണ്ട് വരിക എന്നത് ഇത്തരക്കാരുടെ സ്ഥിരം കലാപരിപാടിയാണ്. ആന്‍റിബയോട്ടിക് റെസിസ്റ്റന്‍സും സൂക്ഷ്മപരിണാമത്തിനുള്ള തെളിവുകളും നിരത്തി അവര്‍ സ്ഥലം വിടും. ഇതൊക്കെ അംഗീകരിച്ചാല്‍ തന്നെ ജീവികളില്‍ ചെറിയ മാറ്റങ്ങളുണ്ടാകാം എന്നല്ലേ തെളിയുന്നുള്ളൂ, അവയെങ്ങനെയാണ് നിങ്ങള്‍ പറയുന്ന തരത്തിലുള്ള ഒരു പരിണാമവൃക്ഷത്തിനോ മനുഷ്യപരിണാമത്തിനോ തെളിവാകുക എന്ന ചോദ്യത്തിന് അവര്‍ക്കുത്തരമില്ല. താന്‍ പറഞ്ഞ തരത്തിലുള്ള പരിണാമവൃക്ഷത്തിന്‌ അക്കാലത്ത് ഡാര്‍വിന്‍ ഉന്നയിച്ചിരുന്നത് ഫോസില്‍ തെളിവുകളായിരുന്നു. വ്യത്യസ്ത ജീവവര്‍ഗ്ഗങ്ങള്‍ക്ക് ഇടയിലെ വിട്ടുപോയ കണ്ണികളുടെ ഫോസിലുകള്‍ ലഭ്യമായാല്‍ താന്‍ പറഞ്ഞത് തെളിയിക്കപ്പെടും എന്നായിരുന്നു ഡാര്‍വിന്‍ അവകാശപ്പെട്ടത്. എന്നാല്‍ ഇത്രയും കാലം എല്ലാംമറന്ന് തിരഞ്ഞിട്ടും അവ കിട്ടാതായപ്പോഴാണ് സൂക്ഷ്മപരിണാമത്തിന്‍റെ തെളിവുകള്‍ കൊണ്ട് തൃപ്തിപ്പെടാന്‍ ഇവര്‍ നിര്‍ബന്ധിതരായത്. കൃത്രിമമായി ഉണ്ടാക്കാന്‍ ശ്രമിച്ച ഫോസിലുകളാകട്ടെ ശാസ്ത്രലോകത്ത് കയ്യോടെ പിടിക്കപ്പെടുകയും ചെയ്തു.

പരിണാമ വൃക്ഷത്തിന്‌ തെളിവായി അനേകം ജീവികളുടെ ഫോസില്‍ കിട്ടിയെന്ന് വാദിക്കുന്നവര്‍ എത്ര അറ്റുപോയ കണ്ണികളുടെ ഫോസിലുകള്‍ കിട്ടി എന്നന്വേഷിക്കുന്നത് നന്നാവും. ഒരു ജീവിയുടെ, ഉദാഹരണത്തിന് ദിനോസറിന്‍റെ ഫോസില്‍ കിട്ടി എന്നാല്‍ അതിനര്‍ത്ഥം ആ കാലഘട്ടത്തില്‍ ദിനോസര്‍ ജീവിച്ചിരുന്നു എന്ന് മാത്രമാണ്. അല്ലാതെ അത് ഏതെങ്കിലും ഒന്നില്‍ നിന്ന് പരിണമിച്ചതാണ് എന്നത് വെറും നിഗമനം മാത്രമാണ്. ഇങ്ങനെ ജീവിച്ചിരുന്നതും ജീവിചിരിക്കുന്നതുമായ ജീവികളെ അടുക്കിവെച്ച് സാമ്യതതോന്നുന്നവയെല്ലാം ഒന്നില്‍ നിന്ന് മറ്റൊന്ന് പരിണമിച്ചു എന്ന് സുന്ദരമായി വ്യാഖ്യാനിക്കാം എന്നല്ലാതെ തെളിവെന്ത് എന്ന് ചോദിച്ചാല്‍ കൈമലര്‍ത്തലല്ലാതെ രക്ഷയില്ല. അതില്‍ തന്നെ ആകെയുള്ള ജീവജാലങ്ങളില്‍ 99.999% ജീവികളെയും ഇതുവരെ നമുക്ക് നിരീക്ഷിക്കാന്‍ പോലും പറ്റിയിട്ടില്ല എന്ന് ശാസ്ത്രം പറയുമ്പോള്‍, ആകെ നിരീക്ഷിക്കാന്‍ സാധിച്ച 0.001% ജീവജാലങ്ങളെ വെച്ചാണ് ഈ നിഗമനങ്ങളൊക്കെ. എന്നിരിക്കെ ഇതൊക്കെ തെറ്റാനുള്ള സാധ്യത എത്രയെന്ന് ഒന്നാലോചിച്ചു നോക്കൂ..

മറ്റെല്ലാ ശാസ്ത്രശാഖകളും ഏറെ മുന്നോട്ട് കുതിക്കുമ്പോഴും പരിണാമശാസ്ത്രം മാത്രം ഡാര്‍വിന്‍ പറഞ്ഞതിനപ്പുറം പോകരുത് എന്ന് വാശിപിടിക്കുന്നവര്‍ ശാസ്ത്രത്തെ പിറകോട്ട് വലിക്കുകയാണ്‌. ശാസ്ത്രത്തോടും തെളിവുകളോടുമുള്ള ഈ നിഷേധാത്മക നിലപാട് തിരുത്തിയേ മതിയാകൂ. ഏകപൊതുപൂര്‍വികന്‍ എന്ന ആശയത്തിനെതിരെ ഒരുപാട് പൂര്‍വ്വികന്മാരുണ്ടാകാം എന്നും, പരിണാമവൃക്ഷത്തിന്‌ പകരം പരിണാമ ശൃഖലയും, കാലക്രമേണ പതിയെയുള്ള മാറ്റങ്ങള്‍ക്ക് പകരം പെട്ടെന്നുള്ള മാറ്റങ്ങള്‍ ഉണ്ടാവാം എന്നുമടക്കം അനേകം തിരുത്തലുകളും പുതിയ ആശയങ്ങളും പരിണാമശാസ്ത്ര രംഗത്ത് വന്നിട്ടും അവയൊന്നും ചര്‍ച്ചക്കെടുക്കുക പോലും ചെയ്യാതെ ജെനറ്റിക്സോ മോളിക്കുലാര്‍ ബയോളജിയോ ഒന്നുമില്ലാതിരുന്ന കാലത്ത് ഡാര്‍വിന്‍ നടത്തിയ പ്രവചനങ്ങളിലും നിഗമനങ്ങളിലും വിശ്വസിച്ച് കാലം തീര്‍ക്കണമെന്ന് ആര്‍ക്കാണിത്ര നിര്‍ബന്ധം?

ശാസ്ത്രലോകത്ത് നടക്കുന്ന ചര്‍ച്ചകള്‍ അതിന്‍റെ മുറക്ക് നടക്കട്ടെ. ഇസ്‌ലാമികമായി പരിണാമമെന്ന് കേള്‍ക്കുമ്പോഴേക്ക് എതിര്‍ക്കേണ്ട ബാധ്യതയും മുസ്ലിംകള്‍ക്കില്ല. ജീവികളില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്ന് തെളിയിക്കപ്പെട്ടാലോ ഇല്ലെന്ന് തെളിയിക്കപ്പെട്ടാലോ ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് അത് വിരുദ്ധമാകുന്നില്ല. എന്നാല്‍ മനുഷ്യപരിണാമത്തെ അംഗീകരിക്കാന്‍ ഒരു വിശ്വാസിക്ക് സാധ്യവുമല്ല തന്നെ. കാരണം ശാസ്ത്രം ലഭിക്കുന്ന തെളിവുകള്‍ക്കനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. എന്നാല്‍ മുസ്‌ലിംകളെ സംബന്ധിച്ച് എല്ലാം സൃഷ്ടിച്ച പ്രപഞ്ചസ്രഷ്ടാവിന്‍റെ വചനങ്ങള്‍ ഖന്ധിതമായി ഒരു കാര്യം പറയുന്നുവെങ്കില്‍ ശാസ്ത്രലോകത്ത് പോലും അംഗീകരിക്കപ്പെടാത്ത കേവല നിഗമനങ്ങള്‍ക്കും സങ്കല്പങ്ങള്‍ക്കും പിന്നാലെ പോകേണ്ട ആവശ്യം അവര്‍ക്കില്ല.

ജീവോല്‍പത്തിയെ പറ്റി പരിണാമത്തിനൊന്നും പറയാനില്ലെന്ന് വ്യക്തം. നിലവിലുള്ള ജീവജാലങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ മാത്രമാണ് പരിണാമത്തിന്‍റെ വിഷയം. എങ്കില്‍ ജീവന്‍ എവിടെ നിന്ന് എങ്ങനെ വന്നു എന്ന ചോദ്യം അവിടെ നിലനില്‍ക്കുന്നു. ഒരിക്കലും അവിടെയും ദൈവത്തെ അംഗീകരിച്ചുകൂടാ എന്ന വാശിപിടിച്ചിരിക്കുന്നവര്‍ക്ക് പക്ഷെ ഭൂമിക്ക് വെളിയില്‍ നിന്ന് ജീവന്‍റെ ബീജബിന്ദുക്കള്‍ ഭൂമിയിലെത്തി ജീവനുണ്ടായതാണ് എന്ന പാന്‍സ്‌പെര്‍മിയ തിയറിയും (Panspermia theory)അന്യഗ്രഹ ജീവികള്‍ ജീവനെ രൂപകല്‍പന ചെയ്ത് ഭൂമിയില്‍ എത്തിച്ചതാണ് എന്ന ഡയറക്റ്റട് പാന്‍സ്പെര്‍മിയ തിയറിയും (Directed panspermia theory) മൂലകങ്ങള്‍ ഇടിയും മഴയും മിന്നലും കൊണ്ട് തനിയെ ജീവനുണ്ടായതാണ് എന്ന നാച്ചുറലിസ്റ്റിക് തിയറിയുമൊന്നും(Naturalistic theory) ശാസ്ത്രീയ സിദ്ധാന്തങ്ങളായി അംഗീകരിക്കാന്‍ മടിയില്ല! എത്ര തന്നെ യുക്തിശൂന്യമായ തിയറികള്‍ തലയിലേറ്റിയാലും അറിയാതെ പോലും ദൈവത്തെ അംഗീകരിക്കാന്‍ ഇടവരരുത് എന്ന ധാര്‍ഷ്ട്യം മാത്രം..

(അടുത്ത ഭാഗം : യുക്തി ഇസ്‌ലാമില്‍)

Tuesday, April 10, 2018

പ്രപഞ്ചോല്‍പത്തി: ഇരുട്ടില്‍ തപ്പുന്ന നിരീശ്വരവിശ്വാസികള്‍


പ്രപഞ്ചം എന്നത് ഒരു യാഥാര്‍ഥ്യമാണ്. അതിനാല്‍ തന്നെ നിലവിലുള്ള പ്രപഞ്ചമെന്ന യാഥാര്‍ഥ്യത്തിന്റെ തുടക്കം എങ്ങനെയെന്ന അന്വേഷണവും സ്വാഭാവികമാണ്. പ്രപഞ്ചത്തിന്റെ തുടക്കം തേടിയുള്ള അന്വേഷണം എന്നും നിരീശ്വരവാദികള്‍ക്ക് ഒരു കീറാമുട്ടിയാണ്. എല്ലാറ്റിനും കാരണക്കാരനായ സ്രഷ്ടാവിനെ നിഷേധിച്ചേ മതിയാകൂ എന്ന വാശിയുമായി തുടക്കം തേടിയുള്ള യാത്ര ഇരുട്ടില്‍ തപ്പലല്ലാതെ മറ്റെന്താണ്? അതിനവര്‍ ഒരു പരിഹാരം കണ്ടു. ഈ പ്രപഞ്ചത്തിന് ഒരു തുടക്കമില്ലെന്നും പ്രപഞ്ചം അന്നും ഇന്നും എന്നും ഇതേ പോലെ നിലനില്‍ക്കുകയായിരുന്നു, അങ്ങനെ തന്നെ നിലനില്‍ക്കുകയും ചെയ്യും എന്ന steady state theory ആയിരുന്നു ഒരുപാട് കാലം അവരുടെ പിടിവള്ളി. പ്രപഞ്ചം അനാദിയായത് കൊണ്ട് തുടക്കം തേടിയുള്ള അന്വേഷണങ്ങളും നിരര്‍ഥകമാണ് എന്നവര്‍ വാദിച്ചു. തുടക്കമോ ഒടുക്കമോ ഇല്ലാത്ത ദൈവത്തെ പറ്റി പറയുമ്പോള്‍ മുഖം ചുളിക്കുന്നവര്‍ പ്രപഞ്ചത്തിലോ പ്രകൃതിയിലോ അത് ആരോപിക്കുമ്പോള്‍ കൈകൊട്ടി സ്വീകരിച്ചു. എങ്ങനെയെങ്കിലും ദൈവത്തെ നിഷേധിക്കണം എന്നത് മാത്രമാണ് ലക്ഷ്യം എന്ന് വ്യക്തം.

എന്നാല്‍ ശാസ്ത്രം ഏറെ പുരോഗമിച്ചു. ഗ്യാലക്‌സികളെ പറ്റിയുള്ള പഠനങ്ങള്‍ പുതിയൊരു തിരിച്ചറിവായിരുന്നു ശാസ്ത്രജ്ഞന്മാര്‍ക്ക് നല്‍കിയത്. ഗ്യാലക്‌സികളെ നിരീക്ഷിക്കുമ്പോള്‍ അവയെല്ലാം red shift ആണ് കാണിക്കുന്നത് എന്ന കാര്യം ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി. അഥവാ എല്ലാ ഗ്യാലക്‌സികളും നമ്മില്‍ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്! ഇതിനെക്കുറിച്ച് വിശദമായി പഠിച്ച എഡ്വിന്‍ ഹബ്ള്‍ 1929ല്‍ വിപ്ലവകരമായ ഒരു പ്രഖ്യാപനം നടത്തി. 'പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ബലൂണിലെ പുള്ളികള്‍ ബലൂണ്‍ വീര്‍പ്പിക്കുമ്പോള്‍ എങ്ങനെ പരസ്പരം അകലുന്നുവോ, അതേപടി ഗ്യാലക്‌സികള്‍ പരസ്പരം അകന്നുകൊണ്ടിരിക്കുകയാണ്.' ഇത് പ്രഖ്യാപിക്കുക മാത്രമല്ല, പ്രപഞ്ചവികാസത്തെ അളക്കാനുള്ള സൂത്രവാക്യവും അദ്ദേഹം കണ്ടുപിടിച്ചു. ഒരു ഗ്യാലക്‌സി നമ്മില്‍ നിന്ന് അകന്നുപോകുന്നതിന്റെ വേഗത ആ ഗ്യാലക്‌സിയും നമ്മളും തമ്മിലുള്ള അകലത്തിന് ആനുപാതികമായി ആയിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

പ്രപഞ്ചം എന്നും ഒരേപോലെ നിലനില്‍ക്കുകയാണ് എന്ന് വാദിച്ചുനടന്നവര്‍ക്ക് ഇതൊരു ഞെട്ടല്‍ തന്നെയായിരുന്നു. വിശ്വാസികളെ സംബന്ധിച്ച് അവരുടെ പ്രമാണങ്ങളോട് യോജിച്ചുപോകുന്ന ഒരു കാര്യം തന്നെയായിരുന്നു പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു എന്നത്. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ''ആകാശമാകട്ടെ നാം അതിനെ കരങ്ങളാല്‍ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു''(51:47).

പ്രപഞ്ചം വികസിക്കുന്നു എന്നതില്‍ നിന്നും സ്വാഭാവികമായി അതിനൊരു തുടക്കമുണ്ട് എന്ന് മനസ്സിലാക്കാം. അഥവാ സമയം മുന്നോട്ട് പോകുംതോറും ഗ്യാലക്‌സികള്‍ തമ്മില്‍ അകന്നുകൊണ്ടിരിക്കുകയാണ് എങ്കില്‍ സമയം പിന്നോട്ട് പോയാല്‍ അവയുടെ അകലം കുറഞ്ഞുവരുമല്ലോ. അങ്ങനെ കുറഞ്ഞ് കുറഞ്ഞ് അവ തമ്മിലുള്ള അകലം ഇല്ലാതാവുന്ന ഒരു സമയവും ഉണ്ടാകുമല്ലോ. ഈ ചിന്തകളാണ് മഹാവിസ്‌ഫോടനം (Big Bang)  എന്ന ആശയത്തിലേക്ക് എത്തിച്ചത്. സമയം പിന്നോട്ട് സഞ്ചരിച്ചാല്‍ ഗ്യാലക്‌സികള്‍ തമ്മിലുള്ള അകലം പൂജ്യമായ, എല്ലാം ഒരു കേന്ദ്രത്തില്‍ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള അവസ്ഥ ഉണ്ടായിരുന്നു. ഘനത്വവും സ്ഥലകാലത്തിന്റെ വക്രതയും അനന്തമായ, ശാസ്ത്രീയ നിയമങ്ങള്‍ക്ക് അതീതമായ ആ അവസ്ഥയെ singularity  എന്ന് വിളിക്കുന്നു. ഈ അവസ്ഥയില്‍ നിന്നുള്ള ശക്തമായ ഒരു വികാസത്തിൽ നിന്നാണ് പ്രപഞ്ചം ഉണ്ടായത് എന്നതാണ് മഹാവിസ്‌ഫോടനസിദ്ധാന്തം മുന്നോട്ട് വെക്കുന്ന ആശയം.

മറ്റു വിശദാംശങ്ങള്‍ നമുക്ക് പിന്നീട് സംസാരിക്കാം. എന്തായാലും ഇതോടെ പ്രപഞ്ചത്തിനൊരു തുടക്കമുണ്ട് എന്നത് ശാസ്ത്രലോകം അംഗീകരിച്ചു. പ്രപഞ്ചത്തിനു തുടക്കമോ ഒടുക്കമോ ഇല്ലെന്നും അതിനാല്‍ പ്രപഞ്ചോല്‍പ്പത്തി തേടി പോകേണ്ട ആവശ്യമോ അതിനൊരു സ്രഷ്ടാവിന്റെ ആവശ്യകതയോ ഇല്ലെന്ന വാദം ഇതോടെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ടു. പ്രപഞ്ചത്തിനൊരു തുടക്കമുണ്ട്. എങ്കില്‍പിന്നെ അതിനു നാല് സാധ്യതകളാണ് നമുക്ക് പരമാവധി എണ്ണാന്‍ സാധിക്കുക.

1. ഒന്നുമില്ലായ്മയില്‍ നിന്ന് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു.
2. പ്രപഞ്ചം സ്വയം സൃഷ്ടിച്ചു.
3. സൃഷ്ടിക്കപ്പെട്ട എന്തോ ഒന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ചു.
4. സൃഷ്ടിക്കപ്പെടാത്ത, കാരണങ്ങള്‍ക്ക് അതീതനായ ഒരു സ്രഷ്ടാവ് പ്രപഞ്ചത്തെ സൃഷ്ടിച്ചു.

ഇതല്ലാത്ത ഒരു സാധ്യത നമുക്ക് മുമ്പിലില്ല. ഒന്നാമതായി, പലപ്പോഴും നിരീശ്വരവാദികള്‍ ഉന്നയിക്കാറുള്ള ഒരു വാദമാണ് പ്രപഞ്ചം ഒന്നുമില്ലായ്മയില്‍ നിന്ന് ഉണ്ടായി എന്നത്. സത്യത്തില്‍ എന്താണീ 'ഒന്നുമില്ലായ്മ'? ഒന്നുമില്ലായ്മ എന്നാല്‍ എന്തോ ഒന്നാണ് എന്ന നിലയ്ക്കാണ് വളരെ പ്രഗത്ഭരായ നിരീശ്വരവാദ പ്രചാരകര്‍ പോലും സംസാരിക്കുന്നത്. ഒന്നുമില്ലായ്മ എന്നാല്‍ നമുക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത തരത്തിലുള്ള അക്ഷരാര്‍ഥത്തില്‍ ഒന്നുമില്ലാത്ത അവസ്ഥയാണ്. ഘനമോ ഊര്‍ജമോ ഒന്നും ഇല്ലാത്ത Absolute Nothingness. ആ ഒന്നുമില്ലായ്മയില്‍ നിന്ന് എങ്ങനെയാണ് എന്തെങ്കിലും ഒന്ന് ഉണ്ടാവുക? സാമാന്യയുക്തിക്കും അടിസ്ഥാന ശാസ്ത്രനിയമങ്ങള്‍ക്കും എതിരല്ലേ അത്?

ഒന്നുമില്ലായ്മ വിശദീകരിക്കാന്‍ നിരീശ്വരന്മാര്‍ പാടുപെടുന്നത് കാണുമ്പോള്‍ ആര്‍ക്കാണ് സഹതാപം തോന്നാതിരിക്കുക! 'A Universe From Nothing' എന്ന പുസ്തകമെഴുതിയ ലോകപ്രശസ്ത നിരീശ്വരവാദിയായ ലോറന്‍സ് ക്രോസ് പറയുന്നത് ഇങ്ങനെയാണ്:
'Once you have some energy, using quantum rules and Dirac's equation, you can create mass out of nothing' അഥവാ അല്‍പം ഊര്‍ജമുണ്ടെങ്കില്‍ ക്വാണ്ടം നിയമങ്ങളും ഡിറാഖ് സൂത്രവാക്യങ്ങളും ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒന്നുമില്ലായ്മയില്‍ നിന്ന് ഘനത്വം ഉണ്ടാക്കാം എന്ന്! ഒരു വാചകത്തില്‍ തന്നെ ഇത്ര വലിയ വൈരുധ്യം പറയാന്‍ മറ്റാര്‍ക്ക് സാധിക്കും?! ആദ്യം അല്‍പം ഊര്‍ജം ആവശ്യമാണെന്ന് പറഞ്ഞ അതേ ആളാണ് ഒന്നുമില്ലായ്മയില്‍ നിന്ന് ഘനമുണ്ടാക്കാം എന്ന് വാദിക്കുന്നത്. ഊര്‍ജം ആവശ്യമാണെങ്കില്‍ എങ്ങനെയാണ് സര്‍ അത് ഒന്നുമില്ലായ്മ ആവുക? ഒന്നുമില്ലായ്മയില്‍ ഊര്‍ജമുണ്ടാവുകയില്ലല്ലോ. ഊര്‍ജമുണ്ടെങ്കില്‍ അത് ഒന്നുമില്ലായ്മ അല്ലലോ!

ഇങ്ങനെ ഒന്നുമില്ലായ്മ എന്തെന്നോ അതില്‍ ഊര്‍ജം എവിടെ നിന്ന് വരുന്നുവെന്നോ വിശദീകരിക്കാനാവാതെ നട്ടം തിരിയുകയാണ് നിരീശ്വരന്മാര്‍. ദൈവത്തെ നിഷേധിക്കുവാന്‍ എത്ര വലിയ യുക്തിരഹിതമായ ആശയവും വാദിക്കാന്‍ ഇവര്‍ മടിക്കില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഒന്നുമില്ലായ്മയില്‍ നിന്ന് പ്രപഞ്ചമുണ്ടായി എന്ന് വാദിക്കാന്‍ ഇവര്‍ തയ്യാറാകുന്നത്. ആ ഒന്നുമില്ലായ്മ പോലും വിശദീകരിക്കുമ്പോള്‍ അത് ഒന്നുമില്ലായ്മയല്ലെന്നും അതില്‍ എന്തൊക്കെയോ ഉണ്ടെന്നും പറഞ്ഞ് പോകുന്ന നിസ്സഹായാവസ്ഥ!

രണ്ടാമത്തെ സാധ്യതയാണ് പ്രപഞ്ചം സ്വയം സൃഷ്ടിക്കുക എന്നത്. ഈ വാദത്തില്‍ തന്നെ അതിന്റെ യുക്തിരാഹിത്യം വ്യക്തമാണ്. പ്രപഞ്ചം സ്വയം സൃഷ്ടിക്കുക എന്നാല്‍ പ്രപഞ്ചം ഉണ്ടാവാനുള്ള കാരണം അത് തന്നെയാണ് എന്നതാണ്. പ്രപഞ്ചം പ്രപഞ്ചത്തെ സൃഷ്ടിക്കണമെങ്കില്‍ ആദ്യം പ്രപഞ്ചം നിലവിലുണ്ടാവണ്ടേ? അഥവാ നിലവിലില്ലാത്ത പ്രപഞ്ചം അതിന്റെ തന്നെ കാരണമാവുക! നിലവില്‍ ഇല്ലാത്ത ഒരു കാരണം എങ്ങനെയാണ് ഒരു കാര്യം സാധിക്കാനുള്ള കാരണമായി വര്‍ത്തിക്കുക? ഒന്നുകൂടി ലളിതമായി പറഞ്ഞാല്‍ ഇല്ലാത്ത ഒരു വസ്തു ഒരു കാര്യത്തിന്റെ കാരണമായി ഭവിക്കുക എന്ന ഭൂലോക അസംബന്ധമാണ് ഈ വാദം.

മൂന്നാമത്തെ സാധ്യതയാണ് സൃഷ്ടിക്കപ്പെട്ട എന്തോ ഒന്ന് സൃഷ്ടിച്ചു എന്നത്. സ്വാഭാവികമായും അതിന്റെ സ്രഷ്ടാവിലേക്കുള്ള അന്വേഷണമായിരിക്കും പിന്നീട്. ഓരോന്നും സൃഷ്ടിക്കപ്പെട്ട വേറെയൊന്നിനാല്‍ സൃഷ്ടിക്കപ്പെട്ടു എന്നുള്ള വാദം ഒരിക്കലും പ്രപഞ്ചോല്പത്തി വിശദീകരിക്കാന്‍ പ്രാപ്തമല്ല. 'അതിനെയാര് സൃഷ്ടിച്ചു' എന്ന അന്വേഷണം അനന്തമായി നീളുമെന്നല്ലാതെ ആദ്യ സൃഷ്ടിപ്പിനെ പറ്റി വിശദീകരിക്കാന്‍ ഒരിക്കലും സാധ്യമാവുകയില്ല.

അവസാനത്തെ സാധ്യതയാണ് സൃഷ്ടിക്കപ്പെടാത്ത, കാരണങ്ങള്‍ക്ക് അതീതനായ ഒരു സ്രഷ്ടാവ് സൃഷ്ടിച്ചു എന്നത്. പ്രപഞ്ചത്തിനും പദാര്‍ഥങ്ങള്‍ക്കും കാലത്തിനും അതീതനായ ഒരു സര്‍വശക്തനായ ഒരു പടച്ചവന്‍ സൃഷ്ടിച്ചതാണ് ഈ പ്രപഞ്ചം എന്ന് വിശ്വസിക്കുന്നതിനെക്കാള്‍ യുക്തിസഹമായി മറ്റെന്ത് സാധ്യതയാണ് ഉയര്‍ത്തിക്കാട്ടാനാവുക?
''കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവന്‍ കണ്ടെത്തുകയും ചെയ്യും. അവന്‍ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു'' (ക്വുര്‍ആന്‍ 6:103).

സാമാന്യയുക്തിക്കോ ബുദ്ധിക്കോ ഒരിക്കലും അംഗീകരിക്കാനാവാത്ത ഉള്ളുപൊള്ളയായ 'ഒന്നുമില്ലായ്മാ'വാദങ്ങള്‍ വാദിച്ചു നടക്കുന്നവര്‍ക്ക് സ്രഷ്ടാവിനെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന മുന്‍വിധിയും അഹന്തയും മാത്രമാണ്. ഇങ്ങനെയൊക്കെ ഒരു യുക്തിയുമില്ലാത്ത വാദങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ദൈവവിശ്വാസത്തെ എങ്ങനെയെങ്കിലും യുക്തിരഹിതമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് നിരീശ്വരന്മാര്‍. ഒന്നുമില്ലായ്മയില്‍ നിന്ന് എങ്ങനെ എന്തെങ്കിലും ഉണ്ടാവും, പ്രപഞ്ചം എങ്ങനെ സ്വയം സൃഷ്ടിക്കും, ഇത്ര വ്യവസ്ഥാപിതമായ പ്രപഞ്ചം എങ്ങനെ യാദൃശ്ചികമായി ആരും സൃഷ്ടിക്കാതെ ഉണ്ടായി തുടങ്ങിയ എണ്ണമറ്റ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഉത്തരമില്ലാതാകുമ്പോള്‍ പതിനെട്ടാമത് അടവായി അവര്‍ തിരിച്ചു ചോദിക്കുന്ന ചോദ്യമാണ് 'അങ്ങനെയെങ്കില്‍ ദൈവത്തെ ആര് സൃഷ്ടിച്ചു?' എന്നത്.
തങ്ങളുടെ വാദങ്ങളുടെ യുക്തിരാഹിത്യം ബോധ്യപ്പെടുമ്പോള്‍ ഒഴിഞ്ഞുമാറാന്‍ നടത്തുന്ന ഒരു ശ്രമം മാത്രമാണീ ചോദ്യം. എന്തെന്നാല്‍ കാരണങ്ങള്‍ക്ക് അതീതനായ, സൃഷ്ടിക്കപ്പെടാത്ത, കാലത്തിനും പ്രപഞ്ചത്തിനും അതീതനായ ഒരു സ്രഷ്ടാവിനെ കുറിച്ചാണിവിടെ ചര്‍ച്ച തന്നെ. സൃഷ്ടിക്കപ്പെടാത്ത ഒന്നിനെ സൃഷ്ടിച്ചതാര്, കാലത്തിന് അതീതനായ ദൈവത്തിന്റെ തുടക്കമെന്ത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ തന്നെ അര്‍ഥശൂന്യമാണ്.

അന്ധമായ നിരീശ്വരവിശ്വാസം വെടിഞ്ഞ് ശാസ്ത്രം പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പോലും ഇന്നീ ചോദ്യത്തിന്റെ യുക്തിരാഹിത്യം ബോധ്യമാകും. നേരത്തെ പറഞ്ഞ മഹാവിസ്‌ഫോടന സിദ്ധാന്തത്തിലേക്ക് തിരിച്ചുവരാം. വിസ്‌ഫോടനം നടക്കുന്നതിനു മുമ്പ് ഗ്യാലക്‌സികള്‍ തമ്മിലുള്ള അകലം പൂജ്യമായിരുന്ന അവസ്ഥയെ പറ്റി പറഞ്ഞല്ലോ. ആ സമയത്ത് ആ ബിന്ദുവിന്റെ ഘനത്വവും സ്ഥലകാല വക്രതയും അനന്തമായിരിക്കും. അനന്തമായ സംഖ്യകളെ കൈകാര്യം ചെയ്യാന്‍ ഗണിതത്തിനാവുകയില്ല എന്നതിനാല്‍ തന്നെ അവിടെ ഒരു ശാസ്ത്രീയ നിയമങ്ങളും ബാധകമല്ല. മഹാവിസ്‌ഫോടനത്തോടെയാണ് ഇന്ന് പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ ആരംഭിക്കുന്നത്. അതിനാല്‍ തന്നെ 'സമയം' അല്ലെങ്കില്‍ 'കാലം' ആരംഭിക്കുന്നത് മഹാവിസ്‌ഫോടനത്തോടെയാണ് എന്നാണ് ഇന്ന് ശാസ്ത്രം പറയുന്നത്. എന്നുവെച്ചാല്‍ 'മഹാവിസ്‌ഫോടനത്തിനു മുന്‍പ് എന്ത്' എന്ന ചര്‍ച്ച തന്നെ അപ്രസക്തമാണ്, കാരണം അവിടെ മുമ്പെന്നോ ശേഷമെന്നോ പറയാന്‍ സമയം (time) എന്ന dimension നിലവിലില്ല എന്നത് തന്നെ!

സമയമില്ലാത്ത ഒരവസ്ഥയെ പറ്റി ചിന്തിക്കാന്‍ നമ്മുടെ ചിന്തകള്‍ക്ക് ചില പരിമിധികളുണ്ട്. സ്ഥലകാലനൈരന്തര്യത്തിനകത്ത് നിന്ന് ചിന്തിക്കുവാനേ നമുക്ക് സാധ്യമാവൂ. മൂന്ന് സ്‌പേസ് ഡയമെന്‍ഷനുകളും സമയത്തിന്റെ ഒരു ഡയമെന്‍ഷനും ചേര്‍ന്ന ഒരു ചതുര്‍മാന ലോകത്താണ് നാം ജീവിക്കുന്നത്. ഈ ചതുര്‍മാന ലോകത്തിനനുസരിച്ച്, അവ ഉള്‍ക്കൊള്ളാന്‍ മാത്രം പ്രപ്തമായ, ഭൂമി കേന്ദ്രീകൃതമായി വികസിച്ച നമ്മുടെ മസ്തിഷ്‌കത്തില്‍ സമയം എന്ന ഡയമെന്‍ഷനെ ഒഴിവാക്കി ചിന്തിക്കാന്‍ പറ്റാത്ത പ്രശ്‌നമാണിത്. അതുകൊണ്ട് തന്നെ ബിഗ്ബാങ്ങിനു മുന്‍പ് എന്താണ് എന്ന ചോദ്യത്തിന് ഇന്ന് ഭൗതികശാസ്ത്രം തന്നെ നല്‍കുന്ന ഉത്തരം അങ്ങനെ ഒരു അവസ്ഥയില്ല എന്നതാണ്. കാരണം അവിടെ സമയം എന്ന ഡയമന്‍ഷന്‍ ഇല്ലാത്തത് കൊണ്ട് തന്നെ മുന്‍പെന്നോ ശേഷമെന്നോ തുടക്കമോ ഒടുക്കമോ ഒന്നും അവിടെയില്ല. ഇതാണ് നിരീശ്വരവാദികളുടെ ശാസ്ത്രക്ലാസുകളില്‍ പോലും അവര്‍ നല്‍കുന്ന ഉത്തരം!

ഇത് അംഗീകരിക്കാന്‍ ഒരു പ്രയാസവും തോന്നാത്തവര്‍ക്ക് എങ്ങനെയാണ് ബിഗ്ബാങ്ങിനും കാരണക്കാരനായ ദൈവത്തിനു തുടക്കമോ ഒടുക്കമോ ഇല്ലെന്നു പറയുമ്പോള്‍ നെറ്റിചുളിയുന്നത്? ബിഗ്ബാങ്ങോട് കൂടിയാണ് സമയം ഉണ്ടായത് എന്നതിനാല്‍ ബിഗ്ബാങ്ങിനു മുന്‍പ് എന്നൊരവസ്ഥ ഇല്ലെന്ന് പറയുന്നവര്‍ക്ക് ആ ബിഗ്ബാങ്ങിനും ഹേതുവായ സ്രഷ്ടാവിന് സമയം എന്ന അവസ്ഥ ബാധകമല്ല എന്ന് മനസ്സിലാക്കാന്‍ എന്താണ് പ്രയാസം? സമയം എന്ന ഡയമെന്‍ഷന് അതീതനായ സ്രഷ്ടാവിന് തുടക്കമോ ഒടുക്കമോ ഒന്നും ബാധകമല്ലല്ലോ. ആ സ്രഷ്ടാവിനെ സംബന്ധിച്ചിടത്തോളം സമയത്തിനും കാലത്തിനും പദാര്‍ഥങ്ങള്‍ക്കും സ്ഥലകാല നൈരന്തര്യത്തിനും എല്ലാം അതീതനാണ് അവന്‍. സമയം ബാധകമല്ലാത്ത സ്രഷ്ടാവിന് തുടക്കം എന്ന ഒരു അവസ്ഥ ഇല്ല. തുടക്കമില്ലാത്ത ഒന്നിനെ ആരെങ്കിലും സൃഷ്ടിക്കണോ? ഒരിക്കലും വേണ്ട! അവന്‍ തുടക്കമോ ഒടുക്കമോ ഇല്ലാത്തവനാണ്, അവനെ ആരും സൃഷ്ടിച്ചിട്ടില്ല, ക്വുര്‍ആന്‍ നല്‍കുന്ന ഉത്തരം എത്ര കൃത്യം!

''പറയുക, കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു എല്ലാവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. അവന് തുല്യനായി ഒരാളും ഇല്ല താനും'' (വിശുദ്ധ ക്വുര്‍ആന്‍: 112:1-4).

(അടുത്ത ഭാഗം: ജീവോല്‍പത്തി: പരിണാമം കൊണ്ട് ഓട്ടയടക്കാനാവുമോ?)

Tuesday, April 3, 2018

ദൈവാസ്തിത്വത്തിന് തെളിവുകളുണ്ടോ?!


ദൈവമുണ്ടോ എന്ന ചോദ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ദൈവത്തെ നിഷേധിച്ചുകൊണ്ടും സ്ഥാപിച്ചുകൊണ്ടുമുള്ള വാദപ്രതിവാദങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഓരോ കാലത്തും അതാത് കാലത്തെ ലഭ്യമായ അറിവുകള്‍ വെച്ച് ദൈവത്തെയില്ലാതാക്കാന്‍ നിരീശ്വരന്മാര്‍ ശ്രമിച്ചിട്ടുണ്ട്. ന്യൂട്ടോണിയന്‍ ഫിസിക്സിന്റെ കാലത്ത് മൂന്ന് ചലനനിയമങ്ങളോടെ ഇനിയൊരു ദൈവത്തിനു പ്രസക്തിയില്ലെന്ന് വീമ്പുപറഞ്ഞവരുണ്ടായിരുന്നു. പ്രപഞ്ചത്തിന്റെ സങ്കീര്‍ണ്ണതകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ ഇന്നുമവര്‍ അറിഞ്ഞമട്ടില്ല. അറുപതുകളില്‍ പുറത്തിറങ്ങിയ ടൈം മാഗസിന്‍റെ കവര്‍ സ്റ്റോറി തന്നെ ‘ദൈവം മരിച്ചുവോ?’ എന്നായിരുന്നു. ശാസ്ത്രത്തിന്‍റെ പുരോഗതിയോടെ ദൈവവിശ്വാസം ഇല്ലാതാകുമെന്ന ഒച്ചപ്പാടുകളായിരുന്നു അന്ന് കേട്ടതെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കടക്കുമ്പോള്‍ ‘എന്തുകൊണ്ടാണ് ശാസ്ത്രം ദൈവത്തെ നിഷേധിക്കാത്തത്?’ എന്ന ചര്‍ച്ചയാണ് അതേ ടൈം മാഗസിനില്‍ നടക്കുന്നത് (2014 ഏപ്രില്‍ 17). 

ദൈവമില്ല എന്ന് പഠിച്ചുബോധ്യപ്പെട്ടൊന്നുമല്ല ദൈവത്തെ നിഷേധിക്കാന്‍ ഇക്കൂട്ടര്‍ രംഗത്തിറങ്ങുന്നത്. തങ്ങള്‍ക്ക് മുകളില്‍ അനുസരിക്കപ്പെടേണ്ടവനായി ആരുമുണ്ടാകരുത് എന്നുള്ള അഹന്തയും ദൈവം നിശ്ചയിക്കുന്ന നിയമങ്ങളും അതിരുകളും കാര്യമാക്കാതെ തന്നിഷ്ടപ്രകാരം ജീവിക്കാനുള്ള ആഗ്രഹവുമാണ് ഒരാളെ ദൈവനിഷേധിയാക്കുന്നത്. ദൈവവിശ്വാസിയായി മതനിയമങ്ങള്‍ക്ക് വിധേയനായി ജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. തനിക്ക് മുകളില്‍ സര്‍വ്വശക്തനായ ഒരു സ്രഷ്ടാവുണ്ടെന്നും താന്‍ അവന്‍റെ അടിമ മാത്രമാണെന്നും അംഗീകരിക്കാന്‍ വിനയമുള്ളവര്‍ക്ക് മാത്രമേ സാധിക്കുകയുമുള്ളൂ. അതിനാല്‍ തന്നെ ഇതിനെയെല്ലാം തള്ളിക്കളഞ്ഞ് ഒരു ബോധ്യവുമില്ലെങ്കിലും ദൈവത്തെ നിഷേധിക്കാന്‍ മുന്നോട്ട് വരികയാണ് നാസ്തികര്‍ ചെയ്യുന്നത്.

നിരീശ്വരവാദീ വേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള ഒരു സുഹൃത്തിനോട്‌ ദൈവാസ്തിത്വത്തെ പറ്റി ഫേസ്ബുക്കില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ‘ദൈവമുണ്ടോ ഇല്ലേ എന്നൊന്നും ഞങ്ങള്‍ക്ക് വിഷയമല്ല, ഏതായാലും നിങ്ങളുടെ കിത്താബില്‍ പറയുന്ന തരത്തില്‍ ഒരു ദൈവമില്ല എന്ന കാര്യം ഉറപ്പാണ്’ എന്നാണ്! നോക്കൂ, ദൈവവിശ്വാസവും നിരീശ്വരവിശ്വാസവും തമ്മിലുള്ള അടിസ്ഥാന വിഷയത്തില്‍ പോലും ഇവരുടെ ആത്മാര്‍ഥത എത്രത്തോളമുണ്ട് എന്ന്! ഖുര്‍ആനിലും ഹദീസിലും വന്ന അല്ലാഹുവിനെ പറ്റി വന്ന വിശദാംശങ്ങളെ മതവിമര്‍ശന തൊഴിലാളികള്‍ വളച്ചൊടിച്ച് കൊട്ടിമാട്ടി അവതരിപ്പിച്ചത് അതേപടി വിഴുങ്ങുകയും ഇങ്ങനെയാണെങ്കില്‍ ദൈവമില്ല എന്ന് പറയുന്ന ദയനീയമായ അവസ്ഥ. ദൈവമുണ്ടോ എന്ന വിഷയത്തില്‍ കൃത്യമായ ഒരു പഠനമോ ദൈവാസ്തിത്വത്തിന്റെ തെളിവുകളെ പറ്റിയുള്ള ഒരന്വേഷണമോ ഇവര്‍ നടത്തിയിട്ടില്ല.

ദൈവാസ്തിത്വത്തിന്‍റെ തെളിവുകളെ പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ഇസ്‌ലാം ആദ്യമായി തന്നെ മുന്നോട്ട് വെക്കുന്നത് മനുഷ്യന്‍റെ ശുദ്ധപ്രകൃതി തന്നെയാണ്. ദൈവത്തെ തേടി ആകാശങ്ങളുടെ പുറത്തേക്കോ ഭൂമിയുടെ ആഴങ്ങളിലേക്കോ പോകേണ്ടതില്ലെന്നും മനുഷ്യന്‍റെ ശുദ്ധപ്രകൃതിയില്‍ തന്നെ ആ വിശ്വാസം അന്തര്‍ലീനമായിരിക്കുന്നു എന്നതാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.

‘ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്‍റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ചു നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്’ (വിശുദ്ധ ഖുര്‍ആന്‍ 30:30)

അതായത് ദൈവവിശ്വാസം എന്നത് മനുഷ്യന്‍റെ സൃഷ്ടിപ്പില്‍ തന്നെ അവനിലുള്ള ഗുണമാണ്. മനുഷ്യന്‍റെ ‘ഫിത്‌റത്ത്’ അഥവാ ശുദ്ധപ്രകൃതി അവന്‍റെ സ്രഷ്ടാവിനെ അംഗീകരിക്കുന്നു. പ്രകൃതിപരമായ പ്രവണതയായ ഒരു സ്രഷ്ടാവിലുള്ള വിശ്വാസം പ്രത്യേകം പഠിപ്പിച്ചെടുക്കേണ്ട ഒന്നല്ല, അത് നൈസര്‍ഗികമാണ് എന്ന് ചുരുക്കം. സാമൂഹ്യശാസ്ത്രത്തിലും നരവംശശാസ്ത്രത്തിലും നടക്കുന്ന പുതിയ പഠനങ്ങളും ഗവേഷണങ്ങളും ഈയൊരു കാര്യത്തെ സാധൂകരിക്കുന്നതാണ്. ദൈവത്തെ പറ്റി ഒരു തരത്തിലുള്ള അധ്യാപനവും നല്‍കാതെ ഒരു കുട്ടിയെ ഒറ്റപ്പെട്ട ഒരു ദ്വീപില്‍ കൊണ്ടുപോയി വളര്‍ത്തിയാല്‍ പോലും ആ ദ്വീപിന് ഒരു സ്രഷ്ടാവുണ്ട് എന്ന വിശ്വാസം അവനില്‍ രൂപപ്പെട്ടുവരും എന്ന തരത്തിലുള്ള പഠനങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.

മനുഷ്യന്‍റെ ഈ ശുദ്ധപ്രകൃതിക്ക് എതിരാണ് നിരീശ്വര വിശ്വാസം. അതുകൊണ്ട് തന്നെ ദൈവമില്ല എന്ന കാര്യം പ്രത്യേകം പഠിപ്പിക്കേണ്ടി വരുന്നു. അതൊരിക്കലും പ്രകൃതിപരമായി മനുഷ്യന് ലഭിക്കുന്ന ഒന്നല്ല. അതുകൊണ്ടാണ് സോവിയറ്റ് റഷ്യപോലുള്ള രാജ്യങ്ങളില്‍ നിരീശ്വരവാദം സ്കൂള്‍ സിലബസില്‍ പോലും ഉള്‍ക്കൊള്ളിച്ചുകൊണ്ട് കുട്ടികളിലേക്ക് ഈയൊരു വിശ്വാസം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അവിടങ്ങളില്‍ പോലും ദൈവവിശ്വാസം തിരിച്ചുവരുന്നു എന്ന വസ്തുതയാണ് നമുക്ക് കാണാനാകുന്നത്. ശുദ്ധനിരീശ്വരന്മാരായി വളര്‍ത്തിക്കൊണ്ട് വന്ന ഒരു തലമുറ പോലും തിരിച്ചു ദൈവവിശ്വാസത്തിലേക്ക് പതിയെ തിരിച്ചു വരുന്നുണ്ടെങ്കില്‍ അത് മനുഷ്യന്‍റെ ശുദ്ധപ്രകൃതിയിലേക്കുള്ള തിരിച്ചുവരവ് തന്നെയാണ്.

ശക്തമായി നിരീശ്വരവാദത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ പോലും അറിയാതെ ചില സന്ദര്‍ഭങ്ങളില്‍ ദൈവത്തെ കുറിച്ച് സംസാരിച്ചത് അവരുടെ ഉള്ളില്‍ പോലുമുള്ള ഈ പ്രകൃതിപരമായ ഈ വിശ്വാസം കൊണ്ടാണ്. ആഗോള നിരീശ്വരവിശ്വാസികളുടെ പുരോഹിതനായ റിച്ചാര്‍ഡ് ഡോക്കിന്‍സ് പോലും ബിബിസി റേഡിയോയുടെ ഒരു ഇന്റര്‍വ്യൂക്കിടയില്‍ പെട്ടെന്ന് ചില കാര്യങ്ങള്‍ ഓര്‍മ്മയില്‍ വരാതിരുന്നപ്പോള്‍ അറിയാതെ വിളിച്ചു പോയത് ‘എന്‍റെ ദൈവമേ’ എന്നായിരുന്നു! കേരളത്തില്‍ തന്നെ നിരീശ്വരവാദിയായ ഒരു രാഷ്ട്രീയ നേതാവ് അവസാന കാലത്ത് ചില ആരോപണങ്ങള്‍ ഉന്നയിച്ച് മാധ്യമപ്രവര്‍ത്തകര്‍ വല്ലാതെ ശല്യപ്പെടുത്തിയപ്പോള്‍ അവരോട് പറഞ്ഞത് ‘മുകളിലൊരാള്‍ ഉണ്ട് എന്ന് ഓര്‍മ്മിക്കണം കേട്ടോ’ എന്നായിരുന്നു! എല്ലാവരുടെയും ഉള്ളിലുള്ള സ്രഷ്ടാവിലുള്ള വിശ്വാസം ചിലപ്പോഴെങ്കിലും അറിയാതെ പുറത്ത് വരുന്നു എന്ന് മാത്രം.. എങ്കില്‍ പോലും വരട്ടുന്യായങ്ങളും കുതര്‍ക്കങ്ങളും പറഞ്ഞ് അവര്‍ വീണ്ടും ദൈവത്തെ നിഷേധിച്ചുകൊണ്ടേയിരിക്കും!

ദൈവാസ്തിത്വത്തിനുള്ള മറ്റൊരു പ്രധാനപ്പെട്ട തെളിവ് ലോകത്ത് കഴിഞ്ഞു പോയ മുഴുവന്‍ പ്രവാചകന്മാരും അവരിലൂടെ അവതരിക്കപ്പെട്ട വേദഗ്രന്ഥങ്ങളും തന്നെയാണ്. കഴിഞ്ഞുപോയ ഒരു പ്രവാചകനും ദൈവത്തെ പറ്റി പഠിപ്പിക്കാതെ കടന്നുപോയിട്ടില്ല. ദൈവത്തില്‍ നിന്നുള്ള പ്രവാചകനാണ് എന്ന് ബോധ്യപ്പെടുത്തുന്ന അമാനുഷിക ദൃഷ്ടാന്തങ്ങള്‍ (മുഅജിസത്ത്) അവരിലൂടെ സമൂഹം നേരിട്ട് ബോധ്യപ്പെട്ടു. അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബി(സ)യുടെ ഏറ്റവും വലിയ മുഅജിസത്തായ വിശുദ്ധ ഖുര്‍ആന്‍ ഇന്നും നമ്മുടെ മുന്‍പില്‍ ഏറ്റവും വലിയ ദൃഷ്ടാന്തമായി നിലനില്‍ക്കുന്നു. ഖുര്‍ആന്‍ ദൈവത്തില്‍ നിന്നല്ല എന്ന് വാദിക്കുന്നവര്‍ക്ക് മുന്‍പില്‍ അത് തെളിയിക്കാനുള്ള അവസരങ്ങള്‍ ഖുര്‍ആന്‍ ഒരുക്കി.

“പറയുക, ഈ ഖുര്‍ആന്‍ പോലുള്ള ഒന്ന് കൊണ്ടുവരാന്‍ മനുഷ്യരും ജിന്നുകളും ഒത്തൊരുമിച്ചാലും അവര്‍ അതുപോലെയുള്ള ഒന്ന് കൊണ്ടുവരികയില്ല. (സൂറ. ഇസ്രാഉ: 88)

ഖുര്‍ആന്‍ ദൈവികമല്ലെന്ന് വാദിച്ചവര്‍ക്ക് മുന്‍പില്‍ ഖുര്‍ആന്‍ പോലുള്ള ഒന്ന് കൊണ്ട് വരാനുള്ള ഈ വെല്ലുവിളി ആവര്‍ത്തിക്കപ്പെട്ടു. ഒരാളും ഏറ്റെടുത്തില്ല, വീണ്ടും ഖുര്‍ആന്‍ വെല്ലുവിളിച്ചു.

“അദ്ദേഹം ഇത് കെട്ടിച്ചമച്ചതാണ് എന്നാണോ നിങ്ങള്‍ പറയുന്നത്, എങ്കില്‍ പറയുക, കെട്ടിച്ചമക്കപ്പെട്ട ഒരു പത്ത് സൂറത്തുകളെങ്കിലും ഇതുപോലെ നിങ്ങള്‍ കൊണ്ടുവരുവിന്‍. അല്ലാഹുവിന് പുറമേ സാധ്യമായവരെയൊക്കെ നിങ്ങള്‍ വിളിക്കുകയും ചെയ്തുകൊള്ളുവിന്‍. നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍” (സൂറ. ഹൂദ്‌ : 13)

ഖുര്‍ആന്‍ പോലുള്ള ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ സാധിക്കാത്തവരോട് പത്ത് അദ്ധ്യായങ്ങള്‍ എങ്കിലും ഇതുപോലുള്ളത് കൊണ്ടുവരാന്‍ ഖുര്‍ആന്‍ വെല്ലുവിളിച്ചു. അതിനും അവര്‍ക്ക് സാധിച്ചില്ലെന്നു മാത്രമല്ല, ഖുര്‍ആന്‍ ഒന്നുകൂടി വെല്ലുവിളിച്ചു.

“നമ്മുടെ അടിയാന്റെ മേല്‍ നാം അവതരിപ്പിച്ചതിനെ സംബന്ധിച്ച് നിങ്ങള്‍ക്ക് വല്ല സംശയവുമുണ്ടെങ്കില്‍ അത് പോലെയുള്ള ഒരു സൂറത്ത് നിങ്ങള്‍ കൊണ്ടുവരുവിന്‍. അല്ലാഹുവിന് പുറമെയുള്ള നിങ്ങളുടെ സാക്ഷികളെ നിങ്ങള്‍ വിളിച്ചു കൊള്ളുകയും ചെയ്യുവിന്‍. നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍” (ഖുര്‍ആന്‍ 2:23)

ഖുര്‍ആന്‍ പോലുള്ള ഒരു ഗ്രന്ഥമോ അതിലുള്ളത് പോലെയുള്ള പത്ത് അദ്ധ്യായങ്ങളോ കൊണ്ട് വരാന്‍ സാധിക്കാതിരുന്ന നിഷേധികളോട് ഖുര്‍ആനിലുള്ളത് പോലെയുള്ള ഒരു അദ്ധ്യായമെങ്കിലും കൊണ്ട് വരാന്‍ ഖുര്‍ആന്‍ വെല്ലുവിളിക്കുന്നു.. കേവലം മൂന്ന് ആയത്തുകളുള്ള അദ്ധ്യായം പോലും ഖുര്‍ആനിലുണ്ട്. അത്ര ചെറിയ ഒരു അദ്ധ്യായമെങ്കിലും കെട്ടിച്ചമച്ച് ഉണ്ടാക്കി ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ നിഷേധികള്‍ തയ്യാറായിരുന്നു എങ്കില്‍ അല്പമെങ്കിലും സത്യസന്ധത അവര്‍ക്കുണ്ട് എന്ന് വിചാരിക്കാമായിരുന്നു. എന്നാല്‍ നൂറ്റാണ്ടുകളായി ഖുര്‍ആനിന്റെ ഈ വെല്ലുവിളി ഒരാളും ഏറ്റെടുക്കാതെ ഇന്നും നിലനില്‍ക്കുന്നു എന്നത് തന്നെയാണ് ഈ മഹത്തായ ഗ്രന്ഥം സര്‍വ്വശക്തനായ ദൈവത്തില്‍ നിന്നുള്ളതാണ് എന്നതിന് മറ്റൊരു പ്രധാന തെളിവ്. മനുഷ്യന്‍ കെട്ടിച്ചമച്ച് ഉണ്ടാക്കിയതായിരുന്നു എങ്കില്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ആര്‍ക്കും ഒരു പ്രയാസവുമുണ്ടാകുമായിരുന്നില്ല. അതല്ല എന്നുള്ളത് കൊണ്ട് തന്നെയാണ് അറബി സാഹിത്യത്തിന്റെ അത്യുന്നതിയിലെത്തിയ അക്കാലഘട്ടത്തിലെ അറബികള്‍ക്കോ ഇന്ന് വരെ ഒരു മനുഷ്യക്കുഞ്ഞിനുമോ ഈ വെല്ലുവിളി ഏറ്റെടുക്കാനാവാതെ പോയത്. ഖുര്‍ആന്‍ വീണ്ടും മനുഷ്യചിന്തയെ ഉണര്‍ത്തുന്നു:

“അവര്‍ ഖുര്‍ആനിനെ പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നായിരുന്നുവെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യങ്ങള്‍ കണ്ടെത്തുമായിരുന്നു” (ഖുര്‍ആന്‍ 4:82)

വൈരുദ്ധ്യങ്ങളോ അവാസ്തവ പ്രസ്താവനകളോ അക്കാലഘട്ടത്തില്‍ സമൂഹത്തില്‍ ഉണ്ടായിരുന്ന അബദ്ധധാരണകളോ ഒന്നും ഖുര്‍ആനില്‍ ഇടംപിടിച്ചില്ല എന്നത് തന്നെയാണ് ഇത് സര്‍വ്വജ്ഞാനിയായ ഏകദൈവത്തില്‍ നിന്നുള്ളതാണ് എന്നതിന് ഏറ്റവും വലിയ തെളിവ്. ഈ വസ്തുതയെ നിഷേധിക്കുന്നവര്‍ക്ക് അവരുടെ വാദം തെളിയിക്കാനുള്ള അവസരവും ഖുര്‍ആന്‍ ഒരുക്കി. എന്നാല്‍ ഇന്നേ വരെ അതിനാര്‍ക്കും സാധിച്ചിട്ടില്ല, ഇനിയൊട്ട് സാധിക്കുകയുമില്ല.. അത് സാധിക്കാത്ത കാലത്തോളം ദൈവാസ്തിത്വത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട തെളിവായി ഖുര്‍ആന്‍ നിലനില്‍ക്കുക തന്നെ ചെയ്യും.

ദൈവാസ്തിത്വത്തിന്റെ തെളിവായി ഇസ്‌ലാം മുന്നോട്ട് വെക്കുന്ന മറ്റൊരു പ്രധാനകാര്യം യുക്തിപരമായ തെളിവുകളാണ്. ഖുര്‍ആന്‍ ചോദിക്കുന്നു:

“അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവര്‍ ദൃഡമായി വിശ്വസിക്കുന്നില്ല” (ഖുര്‍ആന്‍ 52:35,36)

ഈ മഹാപ്രപഞ്ചവും അതിലുള്ള സകലചരാചരങ്ങളും ആരും സൃഷ്ടിക്കപ്പെടാതെ ഒന്നുമില്ലായ്മയില്‍ നിന്നുണ്ടായി എന്നതിനേക്കാള്‍ വലിയ എന്ത് യുക്തിരാഹിത്യമാണുള്ളത്? ചെറുതോ വലുതോ ആയ എന്തുകാര്യവും ആരും സൃഷ്ടിക്കാതെ തനിയെ ഉണ്ടാവില്ല എന്നത് സാമാന്യയുക്തിയാണ്. കേവലമൊരു മൊട്ടുസൂചി പോലും ഉണ്ടായി വരാന്‍ അനേകം പേരുടെ അധ്വാനവും പ്രയത്നവും ആവശ്യമാണ്‌. ആരെങ്കിലും ഒരു മൊട്ടുസൂചി കാണിച്ച് ‘ഇത് തനിയേ ഒരുപാട് മൂലകങ്ങള്‍ കൂടിച്ചേര്‍ന്ന് ഉണ്ടായതാണ്’ എന്ന് വാദിച്ചുകൊണ്ട്‌ വന്നാല്‍ അവന് കാര്യമായെന്തോ പ്രശ്നമുണ്ട് എന്ന് നമ്മള്‍ ഉറപ്പിക്കും. എങ്കില്‍, ഒരു മൊട്ടുസൂചി പോലും തനിയെ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയുന്ന അതേ യുക്തിക്ക് എങ്ങനെയാണ് വലിപ്പം പോലും ഇതുവരെ കണക്കാക്കാന്‍ സാധിക്കാത്ത, അതിസങ്കീര്‍ണ്ണമായ വ്യവസ്ഥകളടങ്ങിയ ഈ മഹാപ്രപഞ്ചം തനിയെ ഉണ്ടായി എന്ന് അംഗീകരിക്കാനാവുക?!

ഇതോടൊപ്പം മുന്‍പേ പറഞ്ഞതുപോലെ ശാസ്ത്രരംഗത്തെ പുരോഗതികള്‍ ഓരോ രംഗത്തുമുള്ള സൃഷ്ടിപ്പിന്റെ സങ്കീര്‍ണ്ണതകള്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമാക്കുക കൂടി ചെയ്തതോടെ ഈ ചോദ്യങ്ങള്‍ക്ക് മൂര്‍ച്ചയേറി. പല പല തിയറികള്‍ കൊണ്ട് വന്ന് ഓട്ടയടക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നുണ്ടെങ്കിലും ദൈവത്തിന്‍റെ അസ്തിത്വത്തെ ചോദ്യം ചെയ്യാന്‍ അവയൊന്നും പ്രാപ്തമാകുന്നില്ല. എല്ലാ അന്വേഷണങ്ങളുടെയും അവസാനം മഹാനായ ഒരു സ്രഷ്ടാവിലേക്ക് തന്നെ എത്തിച്ചേര്‍ന്നുകൊണ്ടേയിരിക്കുന്നു. ഈ കാര്യങ്ങളോട് കണ്ണടക്കാതെ ഒരാള്‍ക്ക് ദൈവമില്ലെന്ന് പറയാനാകില്ല. തന്‍റെ മനസ്സാക്ഷിയെ വഞ്ചിച്ചു കൊണ്ടും കണ്മുന്നിലുള്ള ദൈവിക ദൃഷ്ടാന്തങ്ങളെ കണ്ടില്ലെന്ന് നടിച്ചും മുന്‍ധാരണകള്‍ക്കും അഹന്തയ്ക്കും വഴങ്ങി  തന്‍റെ സാമാന്യ യുക്തിപോലും ഉപയോഗിക്കാതെ യാഥാര്‍ത്ഥ്യങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്നവരെ എങ്ങനെ സത്യം ബോധ്യപ്പെടുത്താനാണ്?

ഒന്നുമില്ലായ്മയില്‍ നിന്നും യാദൃശ്ചികമായി ആരും നിയന്ത്രിക്കാനില്ലാതെ നടന്ന പൊട്ടിത്തെറിയില്‍ നിന്നാണ് പ്രപഞ്ചം ഉണ്ടായത് എന്ന് വാദിക്കുന്നവര്‍ തങ്ങള്‍ വാദിക്കുന്നതെന്താണ് എന്ന് പോലും ചിന്തിക്കാതെയാണ് വാദിച്ചുകൊണ്ടിരിക്കുന്നത്. എന്താണീ ‘ഒന്നുമില്ലായ്മ’? ഒന്നുമില്ലായ്മയില്‍ നിന്ന് എങ്ങനെയാണ് ഒരു വികാസമോ പൊട്ടിത്തെറിയോ ഉണ്ടാവുക? യാദൃശ്ചികമായി ആരും നിയന്ത്രിക്കാനില്ലാതെ നടക്കുന്ന പൊട്ടിത്തെറി എങ്ങനെയാണ് വളരെ വ്യവസ്ഥാപിതമായ പ്രപഞ്ചത്തിന് രൂപം നല്‍കുക? യാദൃശ്ചികത എപ്പോഴാണ് വ്യവസ്ഥാപിതത്വത്തിനു വഴിമാറിയത്? ഇങ്ങനെ ഒരായിരം ചോദ്യങ്ങള്‍ ഇവരുടെ ഓരോ വാദത്തിനു നേരെയും സാമാന്യയുക്തിയില്‍ നിന്നും ഉയരുന്നു എന്നത് തന്നെയാണ് ഇവര്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും. ഇതിനൊന്നും ഉത്തരമില്ലാതാകുമ്പോഴാണ് നേരത്തെ പറഞ്ഞത് പോലെ പഴകിപ്പുളിച്ച മതവിമര്‍ശനങ്ങളുടെ മാറാപ്പഴിച്ച് അവര്‍ തടിതപ്പുന്നതും.

(അടുത്ത ഭാഗം : പ്രപഞ്ചോല്‍പ്പത്തി - ഇരുട്ടില്‍ തപ്പുന്ന നിരീശ്വരവിശ്വാസികള്‍)

Monday, March 26, 2018

നിരീശ്വരവാദികളും ശാസ്ത്രത്തോടുള്ള സമീപനവും


ശാസ്ത്രീയമായി തെളിയിക്കാതെ ദൈവത്തിലോ മതത്തിലോ ഒന്നും ഞങ്ങള്‍ വിശ്വസിക്കുകയില്ല' എന്ന തരത്തിലുള്ള സംസാരങ്ങള്‍ നിരീശ്വരവാദികളില്‍ നിന്ന് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. ഏതൊരു കാര്യവും ശാസ്ത്രീയമായ ഗവേഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും തെളിഞ്ഞാല്‍ മാത്രമെ തങ്ങള്‍ അംഗീകരിക്കുകയുള്ളൂ എന്നവര്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കും. അങ്ങനെ തെളിയാത്ത കാലത്തോളം ദൈവത്തെയും മതത്തെയും തങ്ങള്‍ നിഷേധിക്കുമെന്നും 'തെളിവിന്റെ അഭാവം അഭാവത്തിന്റെ തെളിവാണ്' എന്നുമുള്ള വരട്ടുന്യായമാണ് ഇന്നവര്‍ക്ക് ആകെയുള്ള ആശ്വാസം. ശാസ്ത്രീയമായ പഠനങ്ങളും ഗവേഷണങ്ങളും പ്രപഞ്ചത്തിന്റെ സങ്കീര്‍ണതകളും വ്യവസ്ഥാപിതത്വവും ബോധ്യപ്പെടുത്തിയാലും സാമാന്യ യുക്തിപോലും അതിനൊക്കെ പിന്നിലൊരു സ്രഷ്ടാവിന്റെ കരങ്ങളുണ്ട് എന്ന് മനസ്സാക്ഷിയോട് പറഞ്ഞുകൊണ്ടേയിരുന്നാലും ഈയൊരു ന്യായം പറഞ്ഞ് ആത്മവഞ്ചന നടത്താനാണ് പലപ്പോഴും നിരീശ്വരവാദികള്‍ തയ്യാറാവാറുള്ളത്.

ഇത് പറയുന്നവര്‍ക്ക് ശാസ്ത്രമെന്താണെന്നോ, ശാസ്ത്രത്തിന്റെ മേഖലയെന്തെന്നോ മനസ്സിലായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. പദാര്‍ഥ പ്രപഞ്ചത്തെ കുറിച്ചുള്ള പഠനമാണ് ശാസ്ത്രം. അതിനെക്കുറിച്ചുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളുമാണ് ശാസ്ത്രത്തിന്റെ മേഖല. ശാസ്ത്രീയമായ എന്ത് ഉപകരണങ്ങളായായും അതൊക്കെ പദാര്‍ഥ പ്രപഞ്ചത്തെ പഠിക്കാന്‍ പ്രാപ്തമായതാണ്. അതല്ലാത്ത ഒരു കാര്യത്തെക്കുറിച്ച് അന്വേഷിക്കാനോ പഠിക്കാനോ ശാസ്ത്രത്തിനു സാധ്യമല്ല. എന്നാല്‍ ദൈവം പദാര്‍ഥ പ്രപഞ്ചത്തിന് അതീതനാണ്. പിന്നെ എങ്ങനെയാണ് പദാര്‍ഥങ്ങള്‍ക്ക് അതീതനായ, പദാര്‍ഥങ്ങളുടെ തന്നെ സ്രഷ്ടാവിനെ ഈ ഉപകരണങ്ങളും ശാസ്ത്രീയമായ രീതികളും വെച്ച് തെളിയിക്കണം എന്ന് സാമാന്യം ശാസ്ത്രബോധമുള്ള ഒരാള്‍ പറയുക?! സൃഷ്ടിപ്രപഞ്ചത്തിനുള്ളിലുള്ള കാര്യങ്ങളെ പറ്റി പഠിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ് ശാസ്ത്രം. അതുപയോഗിച്ച് ആ പ്രപഞ്ചത്തിന് പുറത്തുള്ള സ്രഷ്ടാവിനെ നേരിട്ട് കാട്ടിക്കൊടുക്കണം എന്ന് പറയുന്നത് എത്രത്തോളം പരിഹാസ്യമാണ്!

ഒരു സൗഹൃദചര്‍ച്ചയില്‍ ഒരു നിരീശ്വരവാദി സുഹൃത്ത് ഈയൊരു കാര്യം ഉന്നയിച്ചപ്പോള്‍ അദ്ദേഹത്തോട് ഞാനാവശ്യപ്പെട്ടത് 'വൈലോപ്പിള്ളിയുടെ കവിതകള്‍ക്ക് സാഹിത്യഭംഗി തീരെയില്ല എന്നാണ് എന്റെ വാദം, അതുണ്ട് എന്ന് താങ്കള്‍ക്ക് ശാസ്ത്രീയമായി തെളിയിക്കാമോ' എന്നാണ്. എത്രമാത്രം യുക്തിരഹിതമായ ചോദ്യമാണത് എന്നാര്‍ക്കും മനസ്സിലാകും. എങ്ങനെയാണ് ഒരു കവിതയുടെ സാഹിത്യഭംഗി ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിക്കുക? കവിതയെടുത്ത് മൈക്രോസ്‌കോപ്പിലൂടെ നോക്കിയാല്‍ കാണുമോ സാഹിത്യം? കവിത അരച്ചുകലക്കി ടെസ്റ്റ് ട്യൂബില്‍ മറ്റു മിശ്രിതങ്ങളുടെ കൂടെയിട്ട് പരീക്ഷിച്ചാല്‍ സാഹിത്യഭംഗി തെളിഞ്ഞു വരുമോ? ഒരിക്കലും ഏത് ശാസ്ത്രീയ പരീക്ഷണ രീതികള്‍ ഉപയോഗിച്ചാലും ഒരു ലബോറട്ടറിയിലും ഒരു കവിതയുടെയും സാഹിത്യഭംഗി തെളിയിക്കപ്പെടാന്‍ പോകുന്നില്ല. അതുകൊണ്ട് ശാസ്ത്രീയമായി തെളിയിക്കപ്പെടാതെ ഒന്നും അംഗീകരിക്കില്ലെന്ന പിടിവാശിക്കാര്‍ വൈലോപ്പിള്ളിയുടെ കവിതകള്‍ക്ക് സാഹിത്യഭംഗിയില്ലെന്ന് പറഞ്ഞു നടക്കുമോ ആവോ? സാഹിത്യം എന്നത് പദാര്‍ഥ ലോകത്ത് ശാസ്ത്രത്തിന്റെ ഉപകരണങ്ങളും രീതികളും ഉപയോഗിച്ച് പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി കണ്ടെത്താന്‍ പറ്റുന്ന ഒന്നല്ല. ശാസ്ത്രീയമായി തെളിയിച്ചാലേ ഞാന്‍ ഈ കവിതക്ക് സാഹിത്യഭംഗിയുണ്ട് എന്ന് വിശ്വസിക്കൂ എന്നൊരാള്‍ വാശിപിടിച്ചാല്‍ നമുക്കെന്ത് ചെയ്യാന്‍ പറ്റും? അത് ശാസ്ത്രത്തിന്റെ മേഖലയല്ലെന്നും പദാര്‍ഥങ്ങളെ പറ്റിയുള്ള പഠനമാണ് ശാസ്ത്രമെന്നും പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല.

സ്‌നേഹം, ഭയം, വെറുപ്പ് തുടങ്ങി മനുഷ്യന്റെ വികാരങ്ങള്‍ 'ശാസ്ത്രീയമായി' തെളിയിക്കാന്‍ പറഞ്ഞാല്‍ എങ്ങനെയുണ്ടാകും? 'ദൈവത്തെ ശാസ്ത്രീയമായി തെളിയിക്കാത്ത കാലത്തോളം ദൈവമില്ല' എന്ന് പ്രസംഗിക്കുന്ന നിരീശ്വരവാദികള്‍ ഒരുപാടുണ്ടല്ലോ. അവരോട് അവരുടെ  ഭാര്യമാര്‍ 'ചേട്ടന് എന്നോട് സ്‌നേഹമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കാതെ ബന്ധം മുന്നോട്ടുപോകില്ലെന്ന്' പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ എന്നര്‍ഥം! എങ്ങനെയാണ് സ്‌നേഹവും പ്രേമവുമെല്ലാം ശാസ്ത്രീയമായി തെളിയിക്കാനാവുക? ഇതൊന്നും ശാസ്ത്രത്തിന്റെ മേഖലയല്ല എന്നത് തന്നെയാണ് ഒറ്റവാക്കിലുള്ള ഉത്തരം. സ്‌നേഹമോ പ്രേമമോ ദേഷ്യമോ ഭയമോ ഒന്നും തന്നെ ശാസ്ത്രത്തിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് കണ്ടെത്താനോ അളക്കാനോ സാധ്യമല്ല. ശാസ്ത്രത്തിന്റെ മേഖല പദാര്‍ഥപ്രപഞ്ചത്തെ പറ്റിയുള്ള പഠനമാണ്. ഇതൊക്കെ ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്ന കേവലമായ യുക്തിയാണ്. ഇതൊക്കെ അംഗീകരിക്കാന്‍ പറ്റുമെങ്കില്‍ ഈ പദാര്‍ഥ പ്രപഞ്ചത്തെ തന്നെ സൃഷ്ടിച്ച, പദാര്‍ഥങ്ങള്‍ക്ക് അതീതനായിട്ടുള്ള, സൃഷ്ടി പ്രപഞ്ചത്തിന് പുറത്തുള്ള ആ സ്രഷ്ടാവിനെ ഈ ഉപകരണങ്ങള്‍ ഉപയോഗിച്ച് തെളിയിക്കാതെ വിശ്വസിക്കില്ല എന്ന് പറയുന്നത് വെറും വാശിയല്ലാതെ മറ്റെന്താണ്?

ചുരുക്കിപ്പറഞ്ഞാല്‍ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ നേരിട്ട് തെളിയിച്ചുതരാന്‍ ശാസ്ത്രത്തിന് ഒരിക്കലും സാധ്യമല്ല. കാരണം ശാസ്ത്രത്തിന്റെ പരിധികള്‍ക്കും അപ്പുറത്താണ് ദൈവം. പദാര്‍ഥപ്രപഞ്ചത്തില്‍ തന്നെയുള്ള എന്തെങ്കിലും വസ്തുവിനെയോ പ്രതിമകളെയോ വ്യക്തികളെയോ ആണ് ദൈവം എന്നത്‌കൊണ്ട് ഉദ്ദേശിക്കുന്നത് എങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്. എന്നാല്‍ ദൈവം പദാര്‍ഥപ്രപഞ്ചത്തിന് അതീതനായിട്ടുള്ളവനാണ് എന്നത് കൊണ്ട് തന്നെ അവനെക്കുറിച്ച് നേരിട്ട് അറിയാനോ പഠിക്കാനോ ശാസ്ത്രത്തിന്റെ ഉപകരണങ്ങളും രീതികളും പ്രാപ്തമല്ല. അതിനാല്‍ തന്നെ ദൈവമുണ്ട് എന്നത് ഒരു വിശ്വാസമാണെങ്കില്‍, ദൈവമില്ല എന്നതും ഒരു വിശ്വാസം തന്നെയാണ്! ശാസ്ത്രത്തിന്റെ രീതികളുപയോഗിച്ച് രണ്ട് വാദങ്ങളും നേരിട്ട് തെളിയിക്കാന്‍ സാധ്യമല്ല എന്നത് കൊണ്ട് തന്നെ ഉണ്ടെന്ന് വാദിക്കുന്നതും ഇല്ലെന്ന് വാദിക്കുന്നതും ഓരോരുത്തരുടെയും വിശ്വാസങ്ങള്‍ മാത്രം. തല്‍കാലം നമുക്കതിനെ 'നിരീശ്വരവിശ്വാസം' എന്ന് വിളിക്കാം!

ദൈവമുണ്ടെന്നോ ഇല്ലെന്നോ നേരിട്ട് തെളിയിക്കാന്‍ ശാസ്ത്രത്തിന് സാധ്യമല്ലെന്ന് വ്യക്തം. എന്നാല്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ശാസ്ത്രീയമായ ഓരോ അറിവും സര്‍വശക്തനായ ഒരു സ്രഷ്ടാവിന്റെ അത്യുന്നതമായ സൃഷ്ടിപ്പിലേക്ക് വിരല്‍ചൂണ്ടുന്നു എന്നതാണ് ഏത് ശാസ്ത്രമേഖലയിലും നമുക്ക് കാണാനാവുന്നത്. ഇത് നിരീശ്വരവിശ്വാസികള്‍ക്കും കൃത്യമായി മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ശാസ്ത്രത്തെ ഒരു മുന്‍വിധിയോടു കൂടി മാത്രമെ സമീപിക്കുകയുള്ളൂ എന്ന ഒരു നിലപാടിലേക്ക് അവര്‍ എത്തിപ്പെട്ടത്. ദൈവമില്ല, ദൈവം ഉണ്ടാവാന്‍ പാടില്ല എന്ന ശക്തമായ മുന്‍വിധിയോടെ മാത്രമെ ഓരോ ശാസ്ത്രീയ പഠനങ്ങളെയും ഇവര്‍ സമീപിക്കുകയുള്ളൂ!

ഒരു ഉദാഹരണം പറയാം: ജൈവലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളും അതിസൂക്ഷ്മവും സങ്കീര്‍ണവുമായ അവയുടെ സൃഷ്ടിപ്പും നേരിട്ട് പഠിക്കുന്ന ഒരു ജൈവശാസ്ത്ര വിദ്യാര്‍ഥിയെ സംബന്ധിച്ച് ഇതൊക്കെ തനിയെ ഉണ്ടായതാണെന്നോ കേവലം യാദൃശ്ചികമായി പരിണമിച്ചതാണെന്നോ വിശ്വസിക്കാന്‍ വലിയ പ്രയാസമാണ്. ഓരോ കോശത്തിലും, ഓരോ ജീനിലും അടങ്ങിയിരിക്കുന്ന അതിസൂക്ഷ്മമായ കോഡിംഗ് കേവല യാദൃച്ഛികതയുടെ ഉത്പന്നമാണെന്നു വിശ്വസിക്കാന്‍ അസാധ്യമാണെന്ന് തന്നെ പറയാം. ഇത് നവനാസ്തികരുടെ ആഗോള നേതാവായ റിച്ചാര്‍ഡ് ഡോക്കിന്‍സ് തന്നെ വളരെ കൃത്യമായി പറയുന്നുണ്ട്.

'Biology is the study of complicated things that give the appearance of having been designed for a purpose'

'ഒരു ഉദ്ദേശ്യത്തിനായി രൂപകല്‍പന ചെയ്യപ്പെട്ടു എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സങ്കീര്‍ണതകളെ കുറിച്ചുള്ള പഠനമാണ് ജീവശാസ്ത്രം' (ദ ബ്ലൈന്‍ഡ് വാച്‌മേക്കര്‍  റിച്ചാര്‍ഡ് ഡോക്കിന്‍സ്)

നോക്കൂ! നാഴികക്ക് നാല്‍പതുവട്ടം ഇതൊന്നും ആരും രൂപകല്‍പന ചെയ്തതല്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്ന, അത് പ്രചരിപ്പിക്കാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യന് പോലും ജീവശാസ്ത്രപഠനം അങ്ങനെ തോന്നിപ്പിക്കുമെന്ന് മനസ്സിലാവാഞ്ഞിട്ടല്ല! എത്രയൊക്കെ വ്യക്തമായാലും തങ്ങളുടെ അഹന്തയും മുന്‍ധാരണയും അവരെ സത്യം അംഗീകരിക്കാന്‍ സമ്മതിക്കില്ല!

ഇവിടെയാണ് ബയോളജി പഠിക്കുമ്പോള്‍ വേണ്ട 'മുന്‍കരുതലുകള്‍' എന്തൊക്കെയാണ് എന്ന് നിരീശ്വര വിശ്വാസികള്‍ക്ക് പഠിപ്പിക്കേണ്ടി വരുന്നത്. പ്രമുഖ ശാസ്ത്രജ്ഞനും നിരീശ്വരവാദിയുമായ ഫ്രാന്‍സിസ് ക്രിക്ക് പറയുന്നത് കാണുക:

Biologists must constantly keep in mind that what they see was not designed, but rather evolved. (What mad pursuit – Francis Crick)

'തങ്ങള്‍ കാണുന്നവയോന്നും രൂപകല്‍പന ചെയ്യപ്പെട്ടവയല്ല, മറിച്ച് പരിണമിച്ച് ഉണ്ടായതാണ് എന്നകാര്യം ജീവശാസ്ത്രജ്ഞര്‍ നിരന്തരം മനസ്സില്‍ സൂക്ഷിക്കേണ്ടതാണ്' (വാട്ട് മാഡ് പേര്‍സ്യൂട്ട് ഫ്രാന്‍സിസ് ക്രിക്ക്).

വല്ലാത്തൊരു ദുരവസ്ഥ! ജൈവശാസ്ത്ര രംഗത്ത് പഠനങ്ങള്‍ നടത്തുമ്പോള്‍ ഇതിനൊന്നും ഒരു സൃഷ്ടികര്‍ത്താവില്ല എന്ന മനസ്സിലെ വിശ്വാസത്തിന് കോട്ടം തട്ടുമോ എന്ന് ഭയന്ന് ഇടയ്ക്കിടെ വിശ്വാസം ഊട്ടിയുറപ്പിക്കണമത്രേ! യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ ഒരുതരത്തിലും മനസ്സിനെ തുറക്കില്ലെന്ന് വാശിപിടിച്ചിരിക്കുന്ന ഹൃദയങ്ങളിലേക്ക് എങ്ങനെ സത്യത്തിന്റെ പ്രകാശം കടക്കാനാണ്?!

മറ്റൊരു ഉദാഹരണമെടുക്കാം. പ്രപഞ്ചോല്‍പത്തിയെ പറ്റി പറയുമ്പോള്‍ ശാസ്ത്രജ്ഞരെല്ലാം ഒരേപോലെ അംഗീകരിക്കുന്ന ഒരു വസ്തുതയാണ് അതെത്ര സൂക്ഷ്മവും കൃത്യമായ വ്യവസ്തയോടും കൂടിയാണ് എന്നത്. അതിസൂക്ഷ്മമായ ഒരു വ്യതിചലനമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പ്രപഞ്ചം തന്നെ സാധ്യമാകില്ലായിരുന്നു!  ബിഗ് ബാങ്ങിന്റെ ബലം കോടിക്കണക്കിന് ആശംങ്ങളില്‍ (1/10^60) ഒരു അംശമെങ്കിലും കുറവായിരുന്നെങ്കില്‍ വികാസം നടക്കുകയോ ഇന്നീ കാണുന്ന തരത്തില്‍ നക്ഷത്രങ്ങളും ഗോളങ്ങളും ഗാലക്‌സികളും ഒന്നുമുണ്ടാവുയോ ചെയ്യുമായിരുന്നില്ല! പ്രപഞ്ചം സാധ്യമാവാന്‍ വേണ്ട അനേകം ഘടകങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ അനേകായിരം കോടി അംശങ്ങളില്‍ (പ്രയോഗത്തിന്റെ പരിമിധി കൊണ്ടാണ് ഇങ്ങനെ കണക്കാക്കി പറയുന്നത്, അതിലും എത്രയോ വലിയ സംഖ്യയാണ്) ഒരു അംശം വ്യത്യാസമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇന്നീ പ്രപഞ്ചം നിലനില്‍ക്കുമായിരുന്നില്ല. സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ 'ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം പറയുന്നത് ഈ സൂക്ഷ്മ വ്യവസ്ഥയുടെ മറ്റൊരു ഉദാഹരണമാണ്

If the rate of expansion one second after the big bang had been smaller by even 1 part in a hundred thousand million million, It would have re collapsed before it reached its present size"

ഇങ്ങനെ പ്രപഞ്ചം സാധ്യമാകാന്‍ ആവശ്യമായ കോടിക്കണക്കിന് ഘടകങ്ങളില്‍ ഒരു ഘടകത്തില്‍ പോലും കോടിക്കണക്കിന് അംശങ്ങളില്‍ ഒരു അംശത്തിന്റെ  അതിസൂക്ഷ്മമായൊരു വ്യത്യാസം ഉണ്ടായാല്‍ ഇന്നീ പ്രപഞ്ചം നിലനില്‍ക്കുകയില്ല! ഇത്ര സൂക്ഷ്മമായ ആസൂത്രണം നേരിട്ട് പഠിച്ചു ബോധ്യപ്പെട്ടപ്പോള്‍ നിരീശ്വരവാദിയായ ഫ്രെഡ് ഹോയ്ല്‍ പറഞ്ഞത് 'ഈ കാര്യങ്ങള്‍ എന്റെ നിരീശ്വരവാദത്തെ വല്ലാതെ ഉലച്ചുകളഞ്ഞു' എന്നാണ്. എങ്കില്‍ പോലും തങ്ങള്‍ക്ക് മുകളിലുള്ള സ്രഷ്ടാവിനെ അംഗീകരിക്കാന്‍ വൈമനസ്യം കാണിക്കുന്നത് മുന്‍ധാരണയും അഹന്തയും കൊണ്ടല്ലാതെ മറ്റെന്താണ്?

ഇവിടെയാണ് വിനയത്തോടെയും മുന്‍ധാരണകളില്ലാതെയും വൈജ്ഞാനിക അന്വേഷണങ്ങള്‍ നടത്തുന്നതിന്റെ പ്രസക്തി വ്യക്തമാകുന്നത്. ഈ മഹാപ്രപഞ്ചത്തില്‍ താന്‍ ഒന്നുമല്ലെന്നും തനിക്ക് അറിയുന്നതിനെക്കാള്‍ കോടിക്കണക്കിന് ഇരട്ടി അറിയാത്ത കാര്യങ്ങളാണെന്നും തിരിച്ചറിയുന്ന, ആ ഒരു ബോധ്യത്തോടെ വിഷയങ്ങളെ സമീപിക്കുന്ന ആര്‍ക്കും കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ പ്രയാസമില്ല. അതുകൊണ്ടാണ് ഇബ്‌നു ഹൈതമിനെയും ജാബിര്‍ ബിന്‍ ഹയ്യാനെയും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയും ഐസക് ന്യൂട്ടനെയും പോലെ ലോകത്തിലെ ഏറ്റവും ഉന്നതരായ ശാസ്ത്രജ്ഞര്‍ മിക്കവരും വിവിധ തരത്തിലാണെങ്കിലും ദൈവത്തിലോ പ്രപഞ്ചാതീതനായ ഒരു ശക്തിയിലോ വിശ്വസിച്ചതും, അവരുടെ കണ്ടുപിടിത്തങ്ങള്‍ വായിച്ചു പഠിച്ച ചിലരെങ്കിലും 'എല്ലാം തികഞ്ഞെന്ന' അഹന്തയില്‍ ദൈവം മരിച്ചിരിക്കുന്നു എന്ന് വിളിച്ചുപറയാനിറങ്ങിയതും!

തങ്ങള്‍ക്ക് വിജ്ഞാനമെന്ന മഹാസാഗരത്തില്‍ നിന്ന് ഒരു തുള്ളി മാത്രമെ ലഭിച്ചിട്ടുള്ളൂ എന്ന് പറഞ്ഞ് ആ തിരിച്ചറിവില്‍ മഹാശാസ്ത്രജ്ഞന്മാരും ജ്ഞാനികളും വിനയാന്വിതരായപ്പോള്‍ അല്‍പജ്ഞാനികള്‍ തങ്ങള്‍ അറിഞ്ഞതിനപ്പുറം ഒന്നുമില്ലെന്ന മിഥ്യാധാരണയില്‍ അഹന്ത നടിച്ച് സ്രഷ്ടാവിനെ തന്നെ ചോദ്യം ചെയ്യാനും നിഷേധിക്കാനും ഇറങ്ങി പുറപ്പെടുന്നു..! അത്തരക്കാര്‍ക്ക് എത്ര തന്നെ യുക്തിപരവും ശാസ്ത്രീയവുമായ കാര്യകാരണ സഹിതം ദൈവത്തെ ബോധ്യപ്പെടുത്തിക്കൊടുത്താലും തങ്ങളെ സൃഷ്ടിച്ച ഒരു സ്രഷ്ടാവുണ്ടെന്നും ആ ഏകദൈവത്തിന്റെ കല്‍പനകള്‍ അനുസരിച്ചു ജീവിക്കേണ്ട അടിമകളാണ് തങ്ങളെന്നും അംഗീകരിക്കാന്‍ അഹന്ത കൊണ്ട് മറതീര്‍ത്തിരിക്കുന്ന അവരുടെ ഹൃദയങ്ങള്‍ക്ക് സാധിക്കുകയില്ല!

ഹൃദയങ്ങളുണ്ടായിട്ടും കാര്യം ഗ്രഹിക്കാത്ത, കണ്ണുണ്ടായിട്ടും കാണേണ്ടത് കാണാത്ത, കാതുണ്ടായിട്ടും കേള്‍ക്കേണ്ടത് കേള്‍ക്കാത്ത ഇത്തരമാളുകളെ പറ്റി തന്നെയല്ലേ ക്വുര്‍ആന്‍ 'അവര്‍ നാല്‍കാലികളെക്കാള്‍ അധഃപതിച്ചവരാണ്' എന്ന് പറഞ്ഞത്!?

(അടുത്ത ഭാഗം: ദൈവമുണ്ടോ?!)

Thursday, March 15, 2018

നിരീശ്വര വിശ്വാസം: യുക്തിയുടെ മരുപ്പറമ്പ്


നിരീശ്വരവാദം വീണ്ടും ചര്‍ച്ചകളില്‍ സജീവമാവുകയാണ്. ഒരുകാലത്ത് അന്ധവിശ്വാസങ്ങളെയും പൗരോഹിത്യത്തിന്റെ ചൂഷണങ്ങളെയും തുറന്നുകാട്ടുകയും മിശ്രഭോജനം പോലുള്ള വിപ്ലവപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത അവര്‍ പതിയെ മതത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍ എന്നതില്‍ നിന്ന് മതം തന്നെ ചൂഷണമാണ് എന്ന നിലപാടിലേക്ക് ചുവട് മാറ്റുകയായിരുന്നു. യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും പ്രചാരകരെന്ന പരിവേഷം ഉപയോഗപ്പെടുത്തി വളര്‍ന്ന നിരീശ്വരവാദം ശാസ്ത്രത്തിന്റെ വളര്‍ച്ചയും യുക്തിചിന്തയുടെ വ്യാപനവും സാധ്യമായപ്പോള്‍ പതുക്കെ ഉള്‍വലിയുകയായിരുന്നു.


ഒരിടവേളക്ക് ശേഷം വീണ്ടും നിരീശ്വരവാദവും അനുബന്ധ വിഷയങ്ങളും ചര്‍ച്ചകളില്‍ സജീവമായിരിക്കുകയാണ്. ഒരുകാലത്ത് അന്ധവിശ്വാസങ്ങളോടും ജാതിവ്യവസ്ഥകള്‍ പോലുള്ള അനീതികളോടും പോരാടി കേരളമണ്ണില്‍ ചെറുതല്ലാത്ത സ്വാധീനം ചെലുത്തിയിരുന്നു നിരീശ്വരവാദ പ്രസ്ഥാനങ്ങള്‍. പൗരോഹിത്യത്തിന്റെ ചൂഷണങ്ങളെയും അന്ധവിശ്വാസങ്ങളെയും തുറന്നുകാട്ടുകയും മിശ്രഭോജനം പോലുള്ള വിപ്ലവപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത അവര്‍ പതിയെ മതത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍ എന്നതില്‍ നിന്ന് മതം തന്നെ ചൂഷണമാണ് എന്ന നിലപാടിലേക്ക് മാറുകയായിരുന്നു. യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും പ്രചാരകരെന്ന പരിവേഷം നന്നായി ഉപയോഗപ്പെടുത്തിയ അവര്‍ മതമില്ലാത്ത ലോകത്തെ പറ്റി വാചാലരായി. ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ തന്നെ 'ദൈവം മരിക്കുമെന്നും' മതങ്ങള്‍ മണ്ണടിയുമെന്നും സ്വപ്‌നം കാണാന്‍ ആഗോളതലത്തിലുള്ള സംഭവവികാസങ്ങള്‍ അവരെ പ്രേരിപ്പിച്ചു. മനുഷ്യന്റെ അജ്ഞതയാണ് ദൈവവിശ്വാസത്തിന് കാരണമെന്നവര്‍ വിശ്വസിച്ചു. ശാസ്ത്രത്തിന്റെ വളര്‍ച്ച അജ്ഞതയില്ലാതാക്കുമെന്നും അതുവഴി ദൈവത്തെ പതിയെ സമൂഹം കൈവെടിയും എന്നുമായിരുന്നു അവര്‍ വിചാരിച്ചിരുന്നത്. ഓരോ ശാസ്ത്രീയ മുന്നേറ്റവും ദൈവത്തെയില്ലാതാക്കാനുള്ള പ്രക്രിയയിലെ ചവിട്ടുപടിയായി അവര്‍ ആഘോഷിച്ചു.

എന്നാല്‍ സംഭവിച്ചത് നേരെ മറിച്ചായിരുന്നു. ശാസ്ത്രത്തിന്റെ വളര്‍ച്ചയും യുക്തിചിന്തയുടെ വ്യാപനവും ദൈവത്തെ ഇല്ലാതാക്കിയില്ലെന്ന് മാത്രമല്ല നിരീശ്വരവാദികള്‍ പ്രചരിപ്പിച്ചത് പോലെയല്ല കാര്യങ്ങളെന്ന് കൂടുതല്‍ വ്യക്തമാകുന്നതുമായിരുന്നു കണ്ടത്. ശാസ്ത്രീയ പഠനങ്ങള്‍ പ്രപഞ്ചത്തിന്റെ സങ്കീര്‍ണതകളും ജൈവലോകത്തെ അത്ഭുതങ്ങളും ബോധ്യമാക്കി തരികയും അതുവഴി സ്രഷ്ടാവിന്റെ അസ്തിത്വത്തിലേക്ക് തന്നെ വിരല്‍ ചൂണ്ടുകയും ചെയ്യുന്നതുമായിരുന്നു. പ്രാപഞ്ചിക പ്രതിഭാസങ്ങളിലെല്ലാം കാണപ്പെടുന്ന കൃത്യമായ ആസൂത്രണം ഒരു ആസൂത്രകനെ വ്യക്തമാക്കുന്നു എന്നതും പദാര്‍ഥ പ്രപഞ്ചത്തെ പോലും പൂര്‍ണമായി അറിയാനോ പഠിക്കാനോ പോലും സാധ്യമല്ല എന്ന തിരിച്ചറിവുമെല്ലാം ശാസ്ത്രത്തിന്റെ ചെലവില്‍ നിരീശ്വര വിശ്വാസം പ്രചരിപ്പിച്ചവര്‍ക്ക് തിരിച്ചടിയായി.

ശാസ്ത്രത്തിന്റെ ഊന്നുവടി നഷ്ടപ്പെടുമെന്ന തിരിച്ചറിവായിരിക്കണം ഇടക്കാലത്ത് മാനവികതയുടെ മുഖംമൂടിയണിഞ്ഞു രംഗത്ത് വരാന്‍ അവരെ പ്രേരിപ്പിച്ചത്. മനുഷ്യന്റെ അവകാശങ്ങളെ പൊലിപ്പിച്ചു കാട്ടിക്കൊണ്ട് രംഗത്തുവന്ന ഹ്യൂമണിസ്റ്റുകള്‍ മതം മാനവികതയ്ക്ക് വിരുദ്ധമാണെന്നും മതമൊരു മര്‍ദനോപാധി മാത്രമാണെന്നും പ്രസംഗിക്കുവാന്‍ തുടങ്ങി. മനുഷ്യനെ മനുഷ്യനായി കാണാന്‍ മതങ്ങള്‍ക്ക് സാധിക്കില്ലെന്നും മതങ്ങളുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞാല്‍ മാത്രമേ അത് സാധ്യമാക്കൂ എന്നുമവര്‍ വീമ്പുപറഞ്ഞു! എല്ലാ പീഡനങ്ങള്‍ക്കും മതത്തെ പഴിചാരി അവര്‍ സായൂജ്യമടഞ്ഞു. എന്നാല്‍ ഇതിനധികം ആയുസ്സുണ്ടായിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിലേക്ക് മതത്തെ വലിച്ചെറിഞ്ഞുകൊണ്ട് കടന്ന യൂറോപ്പിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ടാണ് രണ്ടു ലോകമഹായുദ്ധങ്ങളും അനുബന്ധമായി അണുവിസ്‌ഫോടനങ്ങളും നടക്കുന്നത്. മതമാണ് സര്‍വ പീഡനങ്ങള്‍ക്കും കാരണമെന്ന് പാടിപ്പറഞ്ഞു നടന്നിരുന്നവര്‍ക്ക് ഒരു മതത്തിന്റെയും പേരിലുമല്ലാതെ നടന്ന ഈ കൊടിയ ക്രൂരതകള്‍ ഏല്‍പിച്ച ആഘാതം ചെറുതൊന്നുമായിരുന്നില്ല. ഹ്യൂമണിസ്റ്റ് ഭൗതികവാദികള്‍ക്ക് തന്നെ തങ്ങള്‍ക്കിനി മാനവികത പ്രസംഗിച്ച് മതത്തെ ആക്രമിക്കാന്‍ പഴുതില്ലെന്ന് ബോധ്യപ്പെടും വിധം അവരുടെ മനുഷ്യസങ്കല്‍പം ചോദ്യം ചെയ്യപ്പെട്ടിരുന്നു.

ദൈവത്തെയും മതങ്ങളെയും തള്ളിപ്പറഞ്ഞ് നടക്കുന്നവര്‍ക്ക് ബുദ്ധിജീവി പട്ടം ചാര്‍ത്തപ്പെട്ടിരുന്ന, നിരീശ്വരവാദം ഒരു ഫാഷനായിരുന്ന ക്യാമ്പസുകളില്‍ നിന്ന് പതിയെ നിരീശ്വരവാദിയാണെന്ന് പറയാന്‍ അപകര്‍ഷത തോന്നുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറി. ധാര്‍മികതയുടെയും മതനിയമങ്ങളുടെയും അതിരുകള്‍ ലംഘിച്ച് താന്തോന്നികളാകാന്‍ ആഗ്രഹിക്കുന്നവരുടെ ഒരു കൂട്ടം മാത്രമായി ചുരുങ്ങുകയായിരുന്നു അവര്‍. തിന്നുക കുടിക്കുക രമിക്കുക രസിക്കുക എന്നതിലപ്പുറം അജണ്ടകളോ അടിത്തറയോ ഇല്ലാത്ത അവര്‍ പിന്നീട് പ്രത്യയശാസ്ത്രങ്ങളുടെയും ഇസങ്ങളുടെയും കൂടെ അലിഞ്ഞില്ലാതാവുകയായിരുന്നു.

ഇങ്ങനെ ചക്രശ്വാസം വലിച്ച് മരണക്കിടക്കയിലായിരുന്ന നിരീശ്വര വിശ്വാസത്തിന് ഒരു പുനര്‍ജന്മമായാണ് ഭീകരവാദത്തെയും മതത്തെയും കൂട്ടിക്കെട്ടി കൊണ്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ഒന്നുകൂടെ കൃത്യമായി പറഞ്ഞാല്‍ 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഏറെക്കുറെ നിര്‍ജീവാവസ്ഥയിലായിരുന്ന നിരീശ്വരവിശ്വാസത്തിന് 'നവനാസ്തികത' (New Atheism) എന്ന പേരില്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ അവസരം നല്‍കുകയായിരുന്നു. ഭീകരവാദ പ്രവണതകളുടെ മൊത്തം ഉത്തരവാദിത്വം ക്വുര്‍ആനിനും ഇസ്‌ലാമിനും മേല്‍ ചാര്‍ത്തി, പാശ്ചാത്യമാധ്യമങ്ങള്‍ ഉഴുതുമറിച്ചിട്ട പാടത്ത് ഇസ്‌ലാം വിരുദ്ധതയുടെ വിത്തെറിഞ്ഞ് വിളവെടുക്കാന്‍ അവര്‍ തന്ത്രം മെനഞ്ഞു. ദാര്‍ശനികമായി തങ്ങളുടെ വാദം സമര്‍ഥിക്കുന്നതിന് പകരം മതവിമര്‍ശനം വഴി മൈലേജുണ്ടാക്കാനായിരുന്നു അവര്‍ ശ്രമിച്ചത്. ശാസ്ത്രത്തിന്റെയും യുക്തിയുടെയും പേരുപറഞ്ഞ് ആളെക്കൂട്ടിയവര്‍ കേവല മതവിമര്‍ശന തൊഴിലാളികളാകുന്നതാണ് പിന്നീട് നാം കണ്ടത്.

ഭൗതികവാദത്തിന് ഏറ്റവും കൂടുതല്‍ ആശയപരമായ ആക്രമണം നേരിടേണ്ടി വന്നത് ഇസ്‌ലാമിക ലോകത്ത് നിന്നായത് കൊണ്ടാവണം, ഈ മതവിമര്‍ശനങ്ങളില്‍ മിക്കതും ഇസ്‌ലാമിന് നേരെ തന്നെയായിരുന്നു. സൈദ്ധാന്തികമായി ആശയം സമര്‍ഥിക്കാനോ മുസ്‌ലിം ലോകത്ത് നിന്ന് വന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാനോ തയ്യാറാകാതെ ഇസ്‌ലാം വിരുദ്ധതയുടെ പ്രചാരണം മൊത്തത്തില്‍ ഏറ്റെടുത്ത അവര്‍ ക്വുര്‍ആന്‍ വചനങ്ങളെയും പ്രവാചക വചനങ്ങളെയും വളച്ചൊടിച്ചും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിച്ചും കിട്ടിയ അവസരം പരമാവധി മുതലെടുത്തു. അവയില്‍ പലതും ഓറിയന്റലിസ്റ്റുകളുടെയും മിഷനറിമാരുടേയും ഇസ്‌ലാം വിമര്‍ശനങ്ങള്‍ അതേപടി പകര്‍ത്തിയതായിരുന്നു.

ഇങ്ങനെ, തങ്ങളുടെ യുക്തിക്കും ബുദ്ധിക്കും യോജിക്കാത്തത് കൊണ്ട് ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്ന നിലപാടില്‍ നിന്നും ദൈവവിശ്വാസവും മതങ്ങളും തന്നെ തിന്മയാണെന്നും, അതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നുമുള്ള നിലപാട് മാറ്റമായിരുന്നു നവനാസ്തികതയുടെ കടന്നുവരവോടെ കണ്ടത്. ഈയൊരു മാറ്റം ലോകത്തെമ്പാടും കാണാനും തുടങ്ങി. കേരളത്തില്‍ ചില മുസ്‌ലിം നാമധാരികളും മറ്റും മുഴുസമയ മതവിമര്‍ശകരായി രംഗത്ത് വരുന്നത് അങ്ങനെയാണ്. ആശയപരമായ ചര്‍ച്ചകള്‍ക്കും മൗലികമായ ഖണ്ഡനങ്ങള്‍ക്കും പകരം വേദഗ്രന്ഥങ്ങളിലെ വചനങ്ങള്‍ കോട്ടിമാട്ടിയും ആധികാരികതയുടെ തരിമ്പ് പോലുമില്ലാത്ത 'ചരിത്ര'ങ്ങള്‍ വരെ ഉദ്ധരിച്ചുകൊണ്ടുമുള്ള വാചകക്കസര്‍ത്തുകള്‍ക്ക് 'യുക്തിവാദി' വേദികളും പേജുകളും നീക്കിവെക്കപ്പെട്ടു.

മതത്തെ മുന്‍പും നിരീശ്വരവാദികള്‍ വിമര്‍ശിച്ചിട്ടുണ്ട്. കേരളത്തില്‍ തന്നെ ഇടമറുകിനെ പോലുള്ളവര്‍ 'ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല' തുടങ്ങിയ പുസ്തകങ്ങളും ഇസ്‌ലാം വിമര്‍ശന ഗ്രന്ഥങ്ങളുമൊക്കെ പ്രസിദ്ധീകരിച്ചിരുന്നു. അക്കാലത്ത് അതൊക്കെ ചര്‍ച്ചയാവുകയും ഇസ്‌ലാമിക പണ്ഡിതന്മാര്‍ സുവ്യക്തമായ രീതിയില്‍ അവയ്ക്ക് മറുപടി പറയുകയും ചെയ്തിരുന്ന ചരിത്രമൊക്കെ നമുക്ക് കാണാനാകും. അതായത് തങ്ങളുടെ ആശയപ്രചാരണത്തിന്റെ ഭാഗമായി മതങ്ങളെയും അവയിലെ വിശ്വാസങ്ങളെയും വിമര്‍ശിക്കുക എന്നത് മുന്‍പും ഇവര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അന്നൊന്നുമില്ലാതിരുന്ന തരത്തില്‍ അന്ധമായ മതവിമര്‍ശനത്തിലേക്ക് ഒതുങ്ങിപ്പോകുന്ന തരത്തിലുള്ള മാറ്റം ഈ പറഞ്ഞ നവനാസ്തികതയുടെ കടന്നുവരവോടെയാണ് കാണാനായത്. ഇന്ന് ഏത് നിരീശ്വരവാദിയോട് ചര്‍ച്ച ചെയ്യാനിരുന്നാലും മതവിമര്‍ശനങ്ങളുടെ ഒരു നീണ്ട നിര തന്നെ അവന്‍ നിരത്തും. ഇതിനോരോന്നിനും കൃത്യമായ മറുപടികള്‍ കൊടുക്കുമ്പോഴേക്ക് അടുത്ത മതവിമര്‍ശനം ഉന്നയിക്കും. ഇങ്ങനെ ദൈവവിശ്വാസവും നിരീശ്വരവിശ്വാസവും തമ്മിലുള്ള ചര്‍ച്ചകള്‍ 'നബിപത്‌നിമാരിലും സ്വര്‍ഗത്തിലെ ഹൂറിമാരിലും' ഒതുങ്ങുന്ന പരിഹാസ്യമായ കാഴ്ചയാണ് വത്തമാനകാലത്ത് കാണാന്‍ സാധിക്കുന്നത്.



ഇവിടെയാണ് ഈ രണ്ട് ആശയധാരകള്‍ തമ്മിലുള്ള ഏറ്റവും മൗലികമായ വിഷയങ്ങളിലേക്ക് ചര്‍ച്ചകള്‍ കൊണ്ട് വരാതിരിക്കാനുള്ള ബോധപൂര്‍വമായ മുന്‍കരുതല്‍ കൃത്യമായി കാണാന്‍ സാധിക്കുന്നത്. എന്തുകൊണ്ടാണ് ദൈവമുണ്ടോ? പ്രപഞ്ചം ആകസ്മികമായി ഉണ്ടാവുമോ? ജീവന്റെ ഉല്‍പത്തി എങ്ങനെയാണ്? എന്നൊന്നും ചര്‍ച്ച ചെയ്യാന്‍ ഇന്നൊരു നിരീശ്വരവാദിയെയും കിട്ടാത്തത്! അവ ചര്‍ച്ച ചെയ്യാന്‍ തുടങ്ങുമ്പോഴേക്ക് എന്തിനാണവര്‍ പഴകിപ്പുളിച്ച, ഒരായിരം വട്ടം ഇസ്‌ലാമിക പണ്ഡിതന്മാര്‍ മറുപടി പറഞ്ഞ ആരോപണങ്ങളുന്നയിച്ച് ഓടിപ്പോകുന്നത്?! ഇനി, വാദത്തിനു വേണ്ടി നിങ്ങളീ പറയുന്ന തരത്തില്‍ മതങ്ങളുടെ സ്വര്‍ഗ-നരകങ്ങളുമായി ബന്ധപ്പെട്ട കാഴ്ചപ്പാടിലും പ്രവാചകന്മാരുടെയും മാതാചാര്യന്മാരുടെയും ജീവിതത്തിലും പ്രശ്‌നങ്ങളുണ്ട് എന്ന് തന്നെ സങ്കല്‍പിക്കുക. എങ്കില്‍പോലും എങ്ങനെയാണ് എല്ലാം തനിയെ ഉണ്ടായി എന്നും. ഒന്നുമില്ലായ്മ എന്തിനെയൊക്കെയോ സൃഷ്ടിച്ചു എന്ന തരത്തിലുള്ള നിങ്ങളുടെ യുക്തിരഹിതമായ ഭീമാന്ധവിശ്വാസങ്ങള്‍ക്ക് അത് തെളിവാകുക?! യാദൃശ്ചികമായി എന്തൊക്കെയോ എങ്ങനെയൊക്കെയോ കൂടിച്ചേര്‍ന്ന് ഉണ്ടായതാണ് ഈ മഹാപ്രപഞ്ചവും അതിലെ വിവിധ ജീവജാലങ്ങളുമെല്ലാം എന്ന ലോകത്തിലെ ഏറ്റവും വലിയ യുക്തിരാഹിത്യത്തിന്റെ ആഴം പൊതുജനം മനസ്സിലാക്കുന്നതില്‍ നിന്ന് തടയാന്‍ ഇതിന് സാധിക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത്?!

ഇതായിരുന്നില്ല മതവും നിരീശ്വരവാദവും തമ്മിലുള്ള സംഘട്ടനത്തിന്റെ ചരിത്രം. ഡോ. ഉസ്മാന്‍ സാഹിബിനെ പോലുള്ള അന്നത്തെ നിരീശ്വരവാദികളും കെ.സി അബൂബക്കര്‍ മൗലവിയെ പോലുള്ള പണ്ഡിതന്മാരും തമ്മില്‍ ഭൗതികവാദത്തിന്റെ അടിസ്ഥാന വിഷയങ്ങളെ കുറിച്ചായിരുന്നു സംവദിച്ചിരുന്നത്. പിന്നീട് ഡോ. ഉസ്മാന്‍ സാഹിബ് ദൈവവിശ്വാസിയാകുന്നതും 'സല്‍സബീല്‍ മാസിക'യിലൂടെ എം.സി ജോസഫിനെ പോലുള്ള നിരീശ്വരവാദികളോട് തൂലികാ സംവാദം നടത്തുന്നതും ചരിത്രത്തില്‍ കാണാനാകും. പ്രസ്തുത സംവാദങ്ങളില്‍ ഈ യുക്തിരഹിതവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ കൃത്യമായി പൊതുജനത്തിന് മനസ്സിലാവുകയും ചെയ്തു. ഈ സംവാദങ്ങള്‍ നല്‍കിയ തിരിച്ചറിവുകള്‍ തന്നെയായിരിക്കണം ഇടമറുകിനെ പോലുള്ളവരെ ഇന്നുള്ള തരത്തിലല്ലെങ്കിലും പതിയെ മതവിമര്‍ശനങ്ങളിലേക്ക് കടക്കാനും ചക്രശ്വാസം വലിക്കുന്ന യുക്തിവാദ പ്രസ്ഥാനങ്ങള്‍ക്ക് ചെറിയൊരു ആശ്വാസമെങ്കിലും നേടിക്കൊടുക്കാനും പ്രേരിപ്പിച്ചത്. എന്നാല്‍ അക്കാലഘട്ടത്തിലെ ഇസ്‌ലാമിക പണ്ഡിതന്മാര്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയും ഓരോന്നിനും അക്കമിട്ട് മറുപടി നല്‍കുകയും ചെയ്തതോടെ പതനം പൂര്‍ണമാവുകയായിരുന്നു.

ദാര്‍ശനിക ചര്‍ച്ചകളില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല എന്ന അന്നേയുള്ള തിരിച്ചറിവ് തന്നെയാണ് ഇന്നത്തെ നിലപാട് മാറ്റത്തിനും കാരണം. പുറമേക്ക് തങ്ങള്‍ ശാസ്ത്രത്തിന്റെ കാവലാളുകളാണ് എന്ന് വരുത്തിത്തീര്‍ക്കുകയും 'ശാസ്ത്ര പ്രചാരകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുകയും എന്നാല്‍ മതവുമായുള്ള ആശയസംവാദങ്ങളില്‍ മതവിമര്‍ശനം മാത്രം നടത്തി തടിയൂരുകയും ചെയ്യുന്ന രീതി നവനാസ്തികര്‍ക്ക് വല്ലാതങ്ങ് ആശ്വാസം നല്‍കുന്നുണ്ടെന്ന് തോന്നുന്നു. എന്നാല്‍ ശാസ്ത്രീയമായോ യുക്തിസഹമായോ തങ്ങളുടെ വിശ്വാസം തെളിയിക്കാന്‍, അതുമായി ബന്ധപ്പെട്ടുവരുന്ന ചര്‍ച്ചകളോട് പ്രതികരിക്കാന്‍, അത്തരം ചര്‍ച്ചകളില്‍ 'ചെന്നുപെടാതിരിക്കാന്‍' അവര്‍ നല്ലവണ്ണം ശ്രദ്ധിക്കുന്നുണ്ട്.

മതവിമര്‍ശനങ്ങളുടെ പ്രളയത്തില്‍ ദാര്‍ശനിക ചര്‍ച്ചകള്‍ അറിയാതെ മുങ്ങിപ്പോകുന്നതല്ല, മറിച്ച് ശാസ്ത്രരംഗത്ത് വന്നിട്ടുള്ള വളര്‍ച്ചകള്‍ തങ്ങള്‍ കരുതുന്നതിനപ്പുറമാണ് യാഥാര്‍ഥ്യങ്ങള്‍ എന്ന് അടിക്കടി ബോധ്യപ്പെടുത്തുന്നത് കൊണ്ടുള്ള ഒരു ഒളിച്ചോട്ടം തന്നെയാണത്. നൂട്ടോണിയന്‍ ഫിസിക്‌സിന്റെ ബലത്തില്‍ ഇനിയൊരു ദൈവത്തിന്റെ ആവശ്യമില്ലെന്ന് വിളിച്ചുപറഞ്ഞവര്‍, ന്യൂട്ടണ്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത തരത്തില്‍ മൂന്ന് ചലനനിയമങ്ങളെ ഉപയോഗിച്ച് മതങ്ങളുടെ ശവമടക്ക് നടത്താന്‍ തുനിഞ്ഞിറങ്ങിയവര്‍ ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തവും ഫിസിക്‌സിലെ കൂടുതല്‍ പഠനങ്ങളും പുറത്തുവന്നപ്പോള്‍ പതിയെ മാളത്തിലൊളിച്ചു. ജീവന്‍ നിസ്സാരമാണെന്ന് വിചാരിച്ചിരുന്ന, അതിന്റെ സങ്കീര്‍ണതകള്‍ അറിയാത്ത കാലത്ത് വിളിച്ചു പറഞ്ഞ ജീവോല്‍പത്തിയെ കുറിച്ചുള്ള ഭൂലോക മണ്ടത്തരങ്ങള്‍ ജൈവശാസ്ത്ര രംഗത്തെ പഠനങ്ങള്‍ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു കഴിഞ്ഞു. പദാര്‍ഥപ്രപഞ്ചത്തെ പറ്റി പോലും പൂര്‍ണമായ അറിവില്‍ പഠിക്കാന്‍ സാധ്യമല്ലെന്ന കാര്യം ശാസ്ത്രലോകത്ത് അംഗീകരിക്കപ്പെട്ടു. സൂക്ഷ്മപ്രപഞ്ചത്തില്‍ പോലും പൂര്‍ണമായ അറിവ് സാധ്യമല്ലെന്ന Uncertainty Principle പോലുള്ള സിദ്ധാന്തങ്ങളും സ്ഥൂലപ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണെന്നും നാം എത്ര തന്നെ പുരോഗമിച്ചാലും അതിനെ കുറിച്ച് പൂര്‍ണമായി പഠിക്കാന്‍ സാധ്യമല്ലെന്ന തിരിച്ചറിവുകളും പദാര്‍ഥ പ്രപഞ്ചം പോലും പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിക്കാത്ത ശാസ്ത്രത്തിന്റെ രീതികളിലൂടെയാണോ പദാര്‍ഥങ്ങള്‍ക്കും പ്രപഞ്ചത്തിനും തന്നെ അതീതനായ സ്രഷ്ടാവിനെ നേരിട്ട് കാട്ടിത്തരണം എന്ന് പറയുന്നതെന്ന മറുചോദ്യങ്ങള്‍ ഉയര്‍ന്നത് എത്രകാലം കണ്ടില്ലെന്ന് നടിക്കാനാവും?!

ചുരുക്കത്തില്‍ ശാസ്ത്രത്തിന്റെ വളര്‍ച്ചയോടെ 'ദൈവം മരിക്കുമെന്ന്' സ്വപ്‌നം കണ്ടവരെ നിരാശപ്പെടുത്തിക്കൊണ്ട് ശാസ്ത്രീയ വിജ്ഞാനങ്ങള്‍ തന്നെ പ്രപഞ്ചത്തിന്റെ സങ്കീര്‍ണതകളും അത്ഭുതപ്പെടുത്തുന്ന വ്യവസ്ഥാപിതത്വവും പ്രപഞ്ചത്തെ അറിയാനുള്ള ശാസ്ത്രത്തിന്റെ പരിമിതികളും അടിവരയിട്ടുകൊണ്ട് ആവര്‍ത്തിക്കുന്നതിലുള്ള വിഷമവും പ്രയാസവും ഇന്ന് നിരീശ്വരന്മാരില്‍ കാണാനാകും. 'ദൈവം മരിച്ചി'ല്ലെന്ന് മാത്രമല്ല ഈ അറിവുകള്‍ സര്‍വശക്തനായ ഒരു പ്രപഞ്ചാതീത ശക്തിയിലേക്ക് തന്നെ വിരല്‍ചൂണ്ടിക്കൊണ്ടേയിരിക്കുന്നു എന്നുള്ള തിരിച്ചറിവ് അവരെ തെല്ലൊന്നുമല്ല അസ്വസ്ഥപ്പെടുത്തുന്നത്. യുക്തിവാദ പ്രസ്ഥാനങ്ങളുടെ തളര്‍ച്ചയെ കുറിച്ചുള്ള ചര്‍ച്ചകളില്‍, ഇതായിരുന്നില്ല അറുപതുകളില്‍ തങ്ങള്‍ സ്വപ്‌നം കണ്ടത് എന്ന നേതാക്കന്മാരുടെ നെടുവീര്‍പ്പുകളില്‍ നിന്ന് അത് കൃത്യമായി വായിച്ചെടുക്കാനും സാധിക്കും.

ഇങ്ങനെ എല്ലാ നിലക്കും ശാസ്ത്രലോകത്തെ വൈജ്ഞാനിക പുരോഗതികള്‍ തങ്ങള്‍ക്കുമേല്‍ പ്രഹരമാകുമ്പോഴും നിരീശ്വരവാദത്തെ ശാസ്ത്രത്തിന്റെ പര്യായമായി അവതരിപ്പിക്കാനും ശാസ്ത്രത്തിന്റെ മൊത്തക്കുത്തക സ്വയം ഏറ്റെടുക്കാനും തയ്യാറായി വരുന്നയാളുകളെ കാണുമ്പോള്‍ ആര്‍ക്കാണ് ചിരി വരാതിരിക്കുക! യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും മനോഹരമായ ലോകത്തെ കുറിച്ച് വാചാലരായി ആളെക്കൂട്ടിയ ശേഷം വെറും നാലാംകിട മതവിമര്‍ശന തൊഴിലാളികളായി അവരെ പരിവര്‍ത്തിപ്പിച്ചെടുത്ത്, നാടിനോ സമൂഹത്തിനോ ക്രിയാത്മകമായി ഒന്നും നല്‍കാനില്ലാത്ത, സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കാനും ആക്ഷേപങ്ങള്‍ ചൊരിയാനും മാത്രമറിയുന്ന പരിഹാസജീവികള്‍ മാത്രമാക്കി അധഃപതിപ്പിക്കുന്ന നവനാസ്തികരുടെ 'ശാസ്ത്രപ്രചാരണത്തിന്റെ' കോലവും ശാസ്ത്രത്തോടുള്ള അവരുടെ നിലപാടുകളും പൊതുജനത്തിന് മുന്‍പില്‍ തുറന്നു കാട്ടേണ്ടിയിരിക്കുന്നു.

(അടുത്ത ഭാഗം: നിരീശ്വരവാദികളും ശാസ്ത്രത്തോടുള്ള സമീപനവും)