Wednesday, June 10, 2015

യോഗയും ഇ.ടിയുടെ ഷെല്‍ഫും..!!!

യോഗയും അതിലെ സൂര്യ നമസ്കാരവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള വിവാദങ്ങള്‍ അരങ്ങു തകര്‍ക്കുകയാണല്ലോ.. കടലില്‍ ചാടാനും പാക്കിസ്ഥാനില്‍ പോകാനുമെല്ലാമുള്ള പതിവ്‌ ആഹ്വാനങ്ങള്‍ ഇത്തവണയും വന്നു.. അത് വന്നില്ലെങ്കില്‍ ബിജെപി എം.പിമാരുടെ പൊട്ടത്തരങ്ങള്‍ കേട്ട് രസിക്കാന്‍ കാത്തിരിക്കുന്ന "പ്രേക്ഷകര്‍" നിരാശരാവുമല്ലോ.. ഏതായാലും ഇത്തവണയും അതൊക്കെ മുറ പോലെ വന്നു.. അതിനിടയിലാണ് മുസ്‌ലിം ലീഗിന്റെ എം.പി ഇ.ടി മുഹമ്മദ്‌ ബഷീറിന്റെ ഒരു പ്രസ്താവന വന്നത്.. ഏക ദൈവ ആരാധകനായ ഒരു മുസ്‌ലിമിനു സ്രഷ്ടാവായ ഉടയതമ്പുരാന്റെ മുന്നിലല്ലാതെ ഒരാളുടെ മുന്നിലും നമസ്കരിക്കാന്‍ പാടില്ല എന്നത് കൊണ്ട് തന്നെ യോഗ നിര്‍ബന്ധമാക്കുന്നത് പോലുള്ള നീക്കങ്ങളെ എതിര്‍ത്ത് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്ഥാവന.. എന്തും നേരെ നോക്കുന്നത് പതിവില്ലാത്ത സങ്കിക്കുട്ടന്മാര്‍ ഇടിയുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നതിനു പകരം ഇടിയുടെ പിന്നില്‍ അദ്ദേഹത്തിന്റെ ഷെല്‍ഫിലുള്ള ഗ്രന്ഥങ്ങളാണ് ശ്രദ്ധിച്ചത്..!! :o


ഹാ കിട്ടിപ്പോയ്..!! ഇടിയുടെ ഷെല്‍ഫിലതാ ഭഗവത്‌ ഗീതയും ഹൈന്ദവ വേദങ്ങളും..!! ഈ വേദങ്ങള്‍ ഷെല്‍ഫില്‍ വെച്ചിട്ടാണോ ഇയാള്‍ സൂര്യനമസ്കാരത്തെ എതിര്‍ക്കുന്നത്?? വേദങ്ങള്‍ വായിക്കുന്ന ഇയാള്‍ എങ്ങനെ 'വര്‍ഗീയ വാദി'യായി?? കുരങ്ങന്റെ കയ്യില്‍ കിട്ടിയ പൂമാല കിട്ടിയ പോലെ സങ്കിക്കുട്ടന്മാര്‍ തുള്ളിക്കളിക്കാന്‍ തുടങ്ങി..!!


യഥാര്‍ത്ഥത്തില്‍ ആ ഗ്രന്ഥങ്ങള്‍ വായിച്ചത് കൊണ്ട് തന്നെയായിരിക്കണം ഇടി മുഹമ്മദ്‌ ബഷീര്‍ ഇത്തരമൊരു പ്രസ്ഥാവന നടത്തിയത്.. സാധാരണക്കാരായ നല്ലവരായ ഹൈന്ദവ സുഹൃത്തുക്കളെ പോലും നാണിപ്പിക്കാന്‍ വേണ്ടി വര്‍ഗ്ഗീയ പോസ്റ്റുകളും പ്രസ്ഥാവനകളുമായി 'ഹൈന്ദവതക്ക് വേണ്ടി മരിക്കാന്‍' തയ്യാറായി നില്‍ക്കുന്ന ഈ ഞെരമ്പു രോഗികള്‍ യഥാര്‍ത്ഥത്തില്‍ ഹൈന്ദവ ഗ്രന്ഥങ്ങള്‍ പോലും പഠിക്കാന്‍ തയ്യാറായിട്ടില്ല എന്നതിന്റെ തെളിവാണ് ഇമ്മാതിരി പൊട്ടത്തരങ്ങള്‍..

ഒന്നാമതായി ഇടി മുഹമ്മദ്‌ ബഷീര്‍ സൂര്യ നമസ്കാരം ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞത്‌ വര്‍ഗ്ഗീയതയല്ല.. കാരണം സൂര്യനെയോ ചന്ദ്രനെയോ നക്ഷത്രങ്ങളെയോ ഏതെങ്കിലും സൃഷ്ടികളെയോ അല്ല, അതിനെയൊക്കെ സൃഷ്ടിച്ച ഏകനായ ദൈവത്തെ മാത്രം ആരാധിക്കുകയും അവനു മാത്രം സാഷ്ടാംഗം ചെയ്യണം എന്നുമാണ് ഇസ്‌ലാമിക വിശ്വാസം.. എന്തിനേറെ മുസ്‌ലിംകള്‍ ഏറെ ആദരിക്കുന്ന മുഹമ്മദ്‌ നബിയുടെ മുന്നിലോ യേശു ക്രിസ്തുവിന്റെ മുന്നിലോ പോലും കുമ്പിടാന്‍ ഇസ്ലാം അനുവദിക്കുന്നില്ല.. എന്നിരിക്കെ സ്രഷ്ടാവിന്റെ മുന്‍പിലല്ലാതെ സൃഷ്ടിയായ സൂര്യന്റെ മുന്നില്‍ നമസ്കരിക്കാന്‍ പറ്റില്ല എന്നൊരാള്‍ പറഞ്ഞാല്‍ അതെങ്ങനെ വര്‍ഗ്ഗീയതയാകും??

രണ്ടാമതായി വേദങ്ങള്‍ പഠിപ്പിക്കുന്നത് സൂര്യ നമസ്കാരം ചെയ്യാനല്ല, സൂര്യനില്‍ അഭയം പ്രാപിക്കാനല്ല, മറിച്ചു സൂര്യനും ഗ്രഹങ്ങളും അറിവുള്ളവരും ഏകനായ ദൈവത്തില്‍ അഭയം പ്രാപിക്കുന്നു എന്നാണു വേദങ്ങളുടെ അധ്യാപനം.. അഥര്‍വ്വ വേദത്തിലെ 13(5-22) വചനം ശ്രദ്ധിക്കുക:

സര്‍വ്വേ ആസ്മിന്‍ ദേവ ഏക വ്രതോ..
ഭവംന്തി യാതേതം ദേവമേക വ്രതം വേദ:

"പ്രപഞ്ചത്തിലെ പ്രകാശ ഗോപുരങ്ങളായ ഗ്രഹ നക്ഷത്രാദികളും അറിവുള്ളവരും ഏകനായ ദൈവത്തിലല്ലാതെ അഭയം പ്രാപിക്കുകയേയില്ല.."

അപ്പോള്‍ അറിവുള്ളവര്‍ മാത്രമല്ല, നക്ഷത്രങ്ങള്‍ പോലും ഏക ദൈവത്തെ മാത്രം പ്രാപിക്കുന്നു എന്ന് വേദങ്ങള്‍ പഠിപ്പിക്കുമ്പോള്‍ അറിവില്ലാത്തവര്‍ ആ ഏക ദൈവത്തിന്റെ സൃഷ്ടികളെ പ്രാപിക്കുന്നു.. അതിനവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.. പക്ഷെ സൃഷ്ടികള്‍ക്ക് മുന്‍പില്‍ കുമ്പിടാന്‍ താന്‍ ഒരുക്കമല്ലെന്ന് പറയുന്നവനെ വര്‍ഗ്ഗീയ വാദിയാക്കുന്നതിന്റെ മാനദന്ധം ആണ് എനിക്ക് മനസ്സിലാവാത്തത്..

ഇനി പ്രകാശ ഗോപുരമായ സൂര്യന്റെ പ്രകാശം ഏറ്റു വാങ്ങുന്നവര്‍ക്ക്‌ സൂര്യനെ നമസ്കരിക്കാന്‍ എന്തേ വൈമനസ്യം എന്ന് ചോദിക്കുന്നവര്‍ കേനോപനിഷത്തിലെ ഈ വാചകങ്ങള്‍ കാണുക :

യച്ചക്ഷുഷാന പശ്യതി യേന ചഷ്‌ഷ്യംഷി പശ്യതി..
തദേവ ബ്രഹ്മത്വം വിദ്ധി നേദം യദിദ മുപാസതെ..

"യെതോന്നാണോ കണ്ണ് കൊണ്ട് കാണാന്‍ സാധിക്കാത്തത്, എന്നാല്‍ നിന്റെ കണ്ണിനു കാഴ്ച ലഭിക്കുവാന്‍ കാരണമായത്‌ എന്താണോ അതിനെ നീ ബ്രഹ്മമെന്ന് മനസ്സിലാക്കുക. കണ്ണ് കൊണ്ട് കാണുന്ന ഏതൊന്നിനെയാണോ നീ ഉപാസിക്കുന്നത്, അത് ബ്രഹ്മമല്ല.." (കേനോപനിഷത്ത് 1:7)

അപ്പോള്‍ കണ്ണ് കൊണ്ട് കാണാവുന്ന സൂര്യനല്ല, പ്രകാശം ചുരത്തുന്ന പ്രകാശ ഗോപുരമല്ല, മറിച്ച് അത്രയും മഹത്തായ ആ പ്രകാശ ഗോപുരത്തെ സൃഷ്ടിച്ചവനാണ് ബ്രഹ്മം.. അവനെയാണ്‌ ഉപാസിക്കേണ്ടത്.. അവനു മുന്നിലാണ് തല കുനിക്കേണ്ടത് എന്ന് വേദങ്ങള്‍ പഠിപ്പിക്കുമ്പോള്‍ അതേ ആദര്‍ശമാണ് അന്തിമ വേദഗ്രന്ഥവും ഒരു മാറ്റത്തിരുത്തലുകള്‍ക്കും വിധേയമാവാത്തതുമായ വിശുദ്ധ ഖുര്‍ആനും പറയുന്നത്:

"കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല, കണ്ണുകളെ അവന്‍ കണ്ടെത്തുകയും ചെയ്യും.. അവന്‍ സൂക്ഷ്മ ജ്ഞാനിയും അഭിജ്ഞാനുമാകുന്നു.." (6:103)

അപ്പോള്‍ വേദങ്ങള്‍ മുഴുവന്‍ പഠിപ്പിക്കുന്ന, അന്തിമ വേദമായ ഖുര്‍ആന്‍ അടിവരയിടുന്ന ഏകദൈവ വിശ്വാസം സ്വീകരിച്ച ഒരാളെ സംബന്ധിച്ച് അയാള്‍ക്ക്‌ ആ ഏക ദൈവത്തിനു മുന്നിലല്ലാതെ തല കുനിക്കാന്‍ കഴിയില്ല.. സൂര്യന്‍ സ്വയം പ്രകാശിക്കുന്നില്ല, പരബ്രഹ്മത്തിന്റെ കല്പനയില്ലാതെ എന്ന മുന്‍ഡകോപനിഷത്തിലെ (2:2:11) വചനം ഉള്‍ക്കൊണ്ട ഒരു യഥാര്‍ത്ഥ വിശ്വാസി ഒരിക്കലും പ്രകാശം തരുന്നത് സൂര്യനായത്‌ കൊണ്ട് അതിനെ നമിക്കണം എന്ന് വാദിക്കുകയില്ല.. എന്നിരിക്കെ ഇതിനെ എതിര്‍ക്കുന്നവരെ വര്‍ഗ്ഗീയ വാദികളാക്കി മുദ്ര കുത്തുന്നവര്‍ വേദങ്ങളിലേക്ക്, വേദങ്ങള്‍ പഠിപ്പിക്കുന്ന ഏക ദൈവാരാധനയിലേക്ക്‌ മടങ്ങട്ടെ എന്നാണു പറയാനുള്ളത്‌.. സൂര്യന്റെ പ്രകാശം നമുക്ക്‌ വേണ്ടി സംവിധാനിച്ചവനും സൂര്യനില്ലാത്ത രാത്രിയുടെ ഇരുളിലും നമ്മെ പരിപാലിക്കുകയും ചെയ്യുന്ന ആ ഏകദൈവത്തെ മാത്രം ആരാധിക്കാന്‍ വേദങ്ങളുടെ അധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ സാധിക്കും..

ഇന്ത്യാ മഹാ രാജ്യത്ത്‌ ഒരു പൗരന് സൂര്യനെ ആരാധിക്കാനും യോഗയുടെ ഭാഗമായി സൂര്യന് നമസ്കരിക്കാനും ഉള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്.. മുസ്‌ലിം നാമധാരികള്‍ക്കും ഖുര്‍ആനിന്‍റെ അധ്യാപനങ്ങള്‍ ഒഴിവാക്കി അത് ചെയ്യാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്.. എന്നാല്‍ മുഴുവന്‍ പ്രവാചകന്മാരും മുഴുവന്‍ വേദങ്ങളും ആത്യന്തികമായി പഠിപ്പിച്ച ഏക ദൈവ ആരാധനയില്‍ ഉറച്ചു നില്‍ക്കാനും അതില്‍ നിന്ന് തെറ്റിപ്പോയാല്‍ തനിക്ക്‌ പരലോകം നഷ്ടപ്പെടും എന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരു ഏകദൈവ വിശ്വാസിക്ക് അതില്‍ നിന്ന് വിട്ടു നില്‍കാനും സ്വാതന്ത്ര്യമുണ്ട്.. ആ അവകാശം ഉന്നയിച്ചു കൊണ്ട് ജനിച്ച ഈ ഭാരത മണ്ണില്‍ തന്നെ ഞങ്ങള്‍ നിലകൊള്ളുക തന്നെ ചെയ്യും.. സഹിക്കാന്‍ പറ്റാത്തവര്‍ കടലില്‍ ചാടട്ടെ..!! ;)

വാള്‍ കഷണം : സൂര്യന്‍ ഊര്‍ജ്ജം തരുന്നത് സ്വീകരിക്കുന്നവര്‍ മുഴുവന്‍ സൂര്യന് നമസ്കരിക്കണം എന്നാണു ഇന്ദ്രപ്രസ്ഥത്തിലെ പുതിയ "ഫത്‌വ".. എങ്കില്‍ പിന്നെ ഊര്‍ജ്ജം കിട്ടാന്‍ ചോറും ഉപ്പേരിയും തിന്നുന്നവര്‍ നാളെ മുതല്‍ "ഉപ്പേരി നമസ്കാരവും" ചെയ്തു കൊള്ളട്ടെ.. അല്ലാത്തവര്‍ പാക്കിസ്ഥാനിലേക്ക് പോകട്ടെ..!! ഹല്ല പിന്നെ..

4 comments:

  1. സൂര്യ നമസ്ക്കാരം എന്നത് ഒരു മതത്തിന്റെ ആചാര വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ഒന്നാണെന്ന അഭിപ്രായം എനിക്കില്ല. അത് ചെയ്യുന്നവരെല്ലാം സൂര്യനെ ആരാധിക്കുക എന്ന ലക്ഷ്യം കൊണ്ടല്ല അത് ചെയ്യുന്നത് മറിച്ച് അത് ചെയ്യുന്നതിന്റെ ഗുണം കൊണ്ട് കൂടിയാണ്. ഏതെങ്കിലും വിധേന സൂര്യ നമസ്ക്കാരം ഒരു പ്രത്യേക മത വിഭാഗത്തിന് സ്വീകാര്യമാകാതെ വരുന്നുണ്ടെങ്കിൽ അവരത് ചെയ്യാതിരിക്കുന്നത് തന്നെയാകും ഉത്തമം. യാതൊരു വിധ നിർബന്ധവും അതിന് നൽകേണ്ടതില്ല. അവരവരുടെ വിശ്വാസ പ്രമാണങ്ങൾക്ക് അനുസരിച്ച് ജീവിക്കാനുള്ള അവകാശങ്ങൾ ഉറപ്പ് വരുത്തുന്നതോടൊപ്പം വ്യക്തി ജീവിതത്തിൽ മത സംഘടനകളും മേലാളന്മാരും നടത്തുന്ന അനാവശ്യ ഇടപെടലുകളെ ഒഴിവാക്കി സ്വതന്ത്രമായ നിലപാടുകളും വീക്ഷണങ്ങളും രൂപപ്പെടുത്തിയെടുക്കാൻ കൂടി സമസ്ത വിശ്വാസി സമൂഹങ്ങളും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
    Replies
    1. ആരാധനയെ പറ്റി ഇസ്‌ലാം പഠിപ്പിക്കുന്നത് മനസ്സിലാക്കാത്തത് കൊണ്ടാണ് സുഹൃത്ത്‌ ഇങ്ങനെ പ്രതികരിച്ചത് എന്ന് തോന്നുന്നു.. അസാധാരണ വഴിയില്‍, അഥവാ അഭൌതികമായ മാര്‍ഗ്ഗത്തില്‍ ശ്രഷ്ടാവില്‍ നിന്നല്ലാതെ ഗുണമോ ഊര്‍ജ്ജമോ പ്രതീക്ഷിക്കുന്നത് ആ ശക്തിക്ക്‌ നല്‍കുന്ന ആരാധനയാണ് എന്നാണു ഇസ്ലാമിന്റെ അധ്യാപനം.. അങ്ങനെ സൂര്യനില്‍ നിന്ന് പ്രതീക്ഷിക്കുകയോ, സ്രഷ്ടാവിന് മുന്നില്‍ മാത്രം നല്‍കേണ്ട സാഷ്ടാംഗം സൂര്യന് മുന്നില്‍ അര്‍പ്പിക്കുകയോ ചെയ്‌താല്‍ അത് സൂര്യനുള്ള ആരാധന തന്നെയാണ് എന്നാല്‍ ഇസ്‌ലാം പഠിപ്പിക്കുന്നത്..

      ഏക ദൈവത്തില്‍ നിന്നല്ലാതെ അത് പ്രതീക്ഷിക്കരുത്‌ എന്ന വേദങ്ങളുടെ അധ്യാപനവും ഞാന്‍ ഉദ്ധരിച്ചു.. എന്നിരിക്കെ ഒരു ഏകദൈവ്‌ വിശ്വാസിയെ അത് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല

      Delete
  2. അഞ്ചു നേരം നമസ്കരിക്കാന്‍ തന്നെ വല്യ പാടാ ..പിന്നാ സൂര്യ നമസ്കാരം !!

    ReplyDelete
    Replies
    1. ന്നാല്‍ വിട്ടോ പാക്കിസ്ഥനിലിക്ക്. ഹഹഹ

      Delete