Saturday, March 26, 2016

ഡിങ്കോയിസം: 'മത'മിളകിയ യുക്തിവാദികളോട്..



'ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കുത്തുക' എന്ന വാക്യം കേരളത്തിലെ യുക്തിവാദികളെ പ്രത്യേകം ഉദ്ദേശിച്ചുണ്ടാക്കിയതാണോ എന്ന് തോന്നിപ്പോകും.. ആ തരത്തിലാണ് ഇക്കൂട്ടരുടെ ഈയടുത്ത കാലത്തെ കാട്ടിക്കൂട്ടലുകള്‍.. ശാസ്ത്രീയമായോ യുക്തിപരമായോ യാതൊരു അടിത്തറയുമില്ലാത്ത നിരീശ്വരവാദം ചോദ്യശരങ്ങള്‍ക്ക് മുന്‍പില്‍ അടിപതറിയപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് പുതിയ കോമാളി വേഷവുമായി യുക്തന്മാര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്.. ഒരു ബാലപ്രസിദ്ധീകരണത്തിലെ ഒരു സാങ്കല്‍പ്പിക കഥാപാത്രത്തെ ദൈവമായും ആ വാരികയെ 'വേദഗ്രന്ഥ'മായും അവതരിപ്പിച്ച് മൊത്തത്തിലുള്ള ദൈവ വിശ്വാസവും ഇതേ രൂപത്തിലാണ് എന്ന മേസേജാണ് കോമാളി വേഷം കേട്ടുന്നതിലൂടെ ഇവര്‍ കൈമാറാനുദ്ദേശിക്കുന്നത്.. എന്നാല്‍ യുക്തിവാദികളോട് കാലാകാലമായി വിശ്വാസികള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ ഈ വേഷംകെട്ടല്‍ കൊണ്ട് ഉത്തരമാകുമോ എന്നത് ചിന്തിക്കേണ്ടതുണ്ട്..


പ്രപഞ്ചോല്‍പത്തിയെ കുറിച്ചും സ്രഷ്ടാവിനെ കുറിച്ചുമുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക്‌ മുന്‍പിലുള്ള കൊഞ്ഞനം കുത്തല്‍ മാത്രമാണ് ഈ വേഷം കെട്ടല്‍ എന്ന് ഗൗരവത്തോടെ വിഷയത്തെ സമീപിക്കുന്ന ആര്‍ക്കും വ്യക്തമാകും.. പരിണാമ സിദ്ധാന്തത്തിനോ ബിഗ്‌ ബാങ്കിനോ ഒന്നും ദൈവനിഷേധം സ്ഥാപിക്കാന്‍ പറ്റാതെ വരികയും നിരീശ്വരവാദത്തിനു ശാസ്ത്രീയമായി ഒരടിത്തറയും ഇല്ലെന്നു പകല്‍ പോലെ വ്യക്തമാവുകയും ചെയ്ത സാഹചര്യത്തില്‍, ഒരു ചെറിയ ഉപകരണത്തിന്റെ പിന്നില്‍ പോലും ഒരു പ്രോഗ്രാമര്‍ ആവശ്യമാണ്‌ എന്നിരിക്കെ ഈ മഹാ പ്രപഞ്ചം തനിയെ ഉണ്ടായതാണ് എന്ന ഏറ്റവും യുക്തിരഹിതമായ ആശയം ചിലവാക്കാന്‍ ഇത്തരം വേഷം കെട്ടല്‍ തന്നെ വേണ്ടി വരും.. എന്നാല്‍ ആ ചോദ്യങ്ങള്‍ക്ക്‌ ഉത്തരമായാണ് 'ഡിങ്കനെ' യുക്തന്മാര്‍ അവതരിപ്പിച്ചത്‌ എങ്കില്‍, നെഞ്ചത്ത് കൈവെച്ച് ഡിങ്കന്‍ തങ്ങളെ സൃഷ്ടിച്ചു എന്നും ഡിങ്കനാണ് തങ്ങളെ നിയന്ത്രിക്കുന്നത് എന്നും ഏതെങ്കിലും യുക്തിവാദി പറയുമോ?! ഇല്ലെന്നുറപ്പ്.. അപ്പോള്‍ പിന്നെ പ്രപഞ്ചോല്പത്തിയെ കുറിച്ച് യുക്തന്മാര്‍ക്ക് ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമെവിടെ?!