Tuesday, February 7, 2017

വെറുമെഴുത്തല്ല ഇ-എഴുത്ത്‌

നേർപഥം വാരികയിൽ പ്രസിദ്ധീകരിച്ചത്‌ 


എന്റെ ഇക്കയല്ലാതെ മറ്റാരുമെന്നെ തൊടരുത്‌`- മാധ്യമങ്ങൾ ഏറെ കൊട്ടിഘോഷിച്ച `വാർത്ത`യായിരുന്നു അത്‌. മുസ്ലിം നവദമ്പതികൾ അപകടത്തൽപ്പെട്ട്‌ പുഴയിൽ വീഴുന്നു. ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാനാവാതെ നീന്തലറിയാത്ത ഭർത്താവ്‌ ഒച്ചവെക്കുന്നു. നാട്ടുകാർ ഓടിയടുക്കുന്നു. ഇതിനിടയിൽ ഒരു പട്ടാളക്കാരൻ രക്ഷകനായി അവതരിക്കുന്നു. നാട്ടുകാർ നോക്കിനിൽക്കെ അദ്ദേഹം സ്ത്രീയെ രക്ഷിക്കാൻ വേണ്ടി എടുത്തു ചാടുന്നു. ദേ വീണ്ടും ക്ളൈമാക്സ്‌! തന്റെ ഭർത്താവല്ലാതെ ആരും തന്നെ തൊട്ടുപോകരുത്‌ എന്ന്‌ ആ സ്ത്രീ വിളിച്ചു പറയുന്നു. നിസ്സഹായനായി നോക്കിനിൽക്കുന്ന ഭർത്താവ്‌! രക്ഷിക്കാൻ വിളിച്ചു കൂവുന്ന നാട്ടുകാർ.. തൊടരുതെന്ന്‌ പറയുന്ന സ്ത്രീ.. എന്തുചെയ്യണമെന്നറിയാതെ പകച്ച്‌ നിൽക്കുന്ന നായകൻ... അവസാനം രണ്ടുംകൽപിച്ച്‌ നായകൻ സ്ത്രീയെ രക്ഷിക്കുന്നു... ഡിം! കഥ കഴിഞ്ഞു!!


സൂപ്പർമാൻ, സ്പൈഡർമാൻ പോലുള്ള കാർട്ടൂൺ കഥകളിൽ കാണുന്ന കഥയില്ലിത്‌! മാധ്യമങ്ങളിൽ പൊടിപ്പും തൊങ്ങലും വെച്ചെഴുതിപ്പിടിപ്പിച്ച നല്ല ഒന്നാന്തരം `വർത്ത`യാണിത്‌! വായിച്ചവർ വായിച്ചവർ താടിക്ക്‌ കയ്യും കൊടുത്ത്‌ `സഹതാപം` പ്രകടിപ്പിച്ചു. പീടികക്കോലായകളിൽ വെടിപറച്ചിലിന്‌ പുതിയ `ത്രെഡ്‌` കിട്ടി... ബുദ്ധിജീവികൾ സംഭവത്തെ `താത്വികമായി` അവലോകനം ചെയ്തു. ആകെക്കൂടി പൊടിപൂരം തന്നെ!



ഇതിനിടയിലാണ്‌ കഥാനായകനായ പട്ടാളക്കാരൻ ഒരു ഫേസ്ബുക്ക്‌ പോസ്റ്റുമായി പ്രത്യക്ഷപ്പെടുന്നത്‌! മാധ്യമങ്ങളിൽ വായിക്കുന്നത്‌ നിറംപിടിപ്പിച്ച കഥകൾ മാത്രമാണെന്നും യാഥാർഥ്യവുമായി വിദൂരബന്ധം മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം നുണക്കഥകൾ മനം മടുപ്പിച്ചുവെന്നും ഇനിയൊരപകടം കണ്ടാൽ സഹായിക്കാൻ മടിക്കുന്ന തരത്തിലാണ്‌ നുണക്കഥകൾ എന്നും അദ്ദേഹം തുറന്ന്‌ പറഞ്ഞതോടെ സംഗതി സോഷ്യൽ മീഡിയ ഏറ്റെടുത്തു.


കോടിക്കണക്കിനു വായനക്കാരുടെയും വരിക്കാരുടെയും കണക്ക്‌ പറഞ്ഞ്‌ മത്സരിക്കുന്ന മുത്തശ്ശിപ്പത്രങ്ങളുടെ ഭാവനാകഥകൾ തകർന്നടിയുന്നതായിരുന്നു പിന്നീട്‌ കണ്ടത്‌. `കഥ`യിലെ ഓരോ മുക്കും മൂലയും പൊളിച്ചടുക്കി സോഷ്യൽമീഡിയ തകർത്താടി. അച്ചടിമഷി പുരളുന്നതെന്തും വേദവാക്യമായി സമൂഹം സ്വീകരിക്കുമെന്ന പത്രമുത്തശ്ശിമാരുടെ തോന്നലിന്നേറ്റ അടികളിൽ ഒന്നുമാത്രമാണീ സംഭവം..


കള്ളക്കഥകളുടെ സത്യം വെളിച്ചത്തുകൊണ്ടുവന്നത്‌ മാത്രമല്ല പുറംലോകമറിയാതെ മാധ്യമങ്ങൾ മൂടിവെച്ച പലതും തുറന്നുകാട്ടിയ കഥകളുമേറെയുണ്ട്‌ സോഷ്യൽ മീഡിയക്ക്‌ പറയാൻ. അങ്ങനെ മുഖ്യധാര മാധ്യമങ്ങൾക്ക്‌ വാർത്ത മുക്കലിന്റെ പേരിൽ `മുക്കിയധാര` എന്ന്‌ പേരുകൊടുത്തതും `ഇ-ഇടങ്ങളിലെ` വിരുതന്മാരാണ്‌. മാതാ അമൃതാനന്ദമയിയുടെ തട്ടിപ്പുകൾ തുറന്നെഴുതിയ ഗെയിലിന്റെ `വിശുദ്ധ നരക`ത്തിനു നേരെ മാധ്യമങ്ങൽ കണ്ണടച്ചപ്പോൾ `ഇ-വായനകളിൽ` വിശുദ്ധനരകത്തിന്റെ പി.ഡി.എഫുകൾ ഫ്രെയിം ചെയ്തു കൊണ്ടായിരുന്നു `ഇ-ലോകം` പ്രതിഷേധിച്ചത്‌. പരസ്യം നൽകി തീറ്റിപ്പോറ്റുന്ന ഭീമന്മാരോട്‌ `ഉണ്ട ചോറിനു നന്ദികാണിച്ചു` കൊണ്ട്‌ എതിരായി ഒരു പെട്ടിക്കോളം പോലും കൊടുക്കാൻ മാധ്യമങ്ങൾ തയ്യാറാവില്ലെന്ന്‌ മനസ്സിലാക്കി `മുക്കിയ വാർത്തകൾ` മാത്രം തെരഞ്ഞുപിടിച്ച്‌ പ്രചരിപ്പിക്കുന്നതും കാണാനാകും.


ഇങ്ങനെ സമാന്തര മാധ്യമമായി മാത്രമല്ല; എഡിറ്ററില്ലാത്ത, ചുവപ്പുവരകളെ ഭയക്കാതെയുള്ള തുറന്നെഴുത്തിന്റെയും കലാസൃഷ്ടികളുടെയും പ്രകടനവേദി കൂടിയാണ്‌ ഇ-എഴുത്തിടങ്ങൾ. ഒറ്റ ക്ളിക്കിലൂടെ ആയിരങ്ങളിലേക്ക്‌ എത്താമെന്നതും തത്സമയം വായനക്കാരന്റെ പ്രതികരണമറിയാമെന്നതുമൊക്കെയായിരിക്കാം ഇ-ഇടങ്ങളിലേക്ക്‌ പ്രമുഖരടക്കം കൂടുതൽ പേരെ ആകർഷിക്കുന്ന ഘടകം.


ഇ-എഴുത്തിന്റെ പരിണാമം


സോഷ്യൽ മീഡിയയുടെ അതിപ്രസരം കാരണം ഈയിടെയായി അൽപം പിറകോട്ട്‌ പോയെങ്കിലും ബ്ളോഗുകളാണ്‌ എന്നും ഇ-എഴുത്തു വേദികളിൽ ഏറ്റവും പ്രധാനപ്പെട്ടത്‌. മനസ്സിൽ തോന്നുന്നത്‌ അപ്പപ്പോൾ തുറന്നെഴുതാനുള്ള വേദിയായോ ലേഖനങ്ങൾ അടുക്കിലും ചിട്ടയിലും സൂക്ഷിക്കാവുന്ന ഷെല്ഫ്‌ ആയോ ഒക്കെ വേണമെങ്കിൽ ബ്ളോഗുകളെ വിശേഷിപ്പിക്കാം. സ്ഥിരമായ ക്രിയാത്മകമായ ഇടപെടലുകൾ സ്ഥിരവായനക്കാരനെയും നേടിത്തരുന്നു. മലയാളത്തിൽ അത്ര പ്രചാരത്തിലായിട്ടില്ലെങ്കിലും ബ്ളോഗിംഗ്‌ മേഖല ഇന്ന്‌ വളർന്ന്‌ ബ്ളോഗിംഗിൽ എത്തിയിരിക്കുകയാണ്‌. പ്രൊഫഷണൽ ക്യാമറകൾ മുതൽ സ്മാർട്ട്‌ ഫോൺ ക്യാമറകൾ വരെ ഇന്ന്‌ തുറന്ന്‌ പറച്ചിലിന്റെ മുന്നിൽ കണ്ണു തുറന്നിരിക്കുകയാണ്‌.


ബ്ളോഗുകളെക്കാൾ സമൂഹവുമായും വായനക്കാരുമായുമുള്ള സംവേദനം എളുപ്പമായതുകൊണ്ടാവാം സോഷ്യൽ മീഡിയ എഴുത്തിന്‌ കൂടുതൽ സ്വീകാര്യത ലഭിച്ചത്‌. ഇന്ന്‌ സെലിബ്രിറ്റികൾ മുതൽ രാഷ്ട്രീയക്കാർ വരെ എല്ലാതരത്തിലുള്ളവരും സമൂഹമാധ്യമങ്ങളിൽ തൂലികയുമായി സജീവമാണ്‌.


വേണം, ഇസ്ലാമെഴുത്ത്‌!


എന്തിനും നല്ല വശവും മറുവശവുമുള്ളതുപോലെ ഇ-എഴുത്തിനുമുണ്ട്‌ ചിലത്‌. ഒരു ഭാഗത്ത്‌ അപ്രിയ സത്യങ്ങൾ വിളിച്ചു പറയാനും മാധ്യമങ്ങൾ `സൃഷ്ടിച്ചെടുക്കുന്ന` പൊതുബോധത്തെ തിരുത്തിയെഴുതാനുമാണ്‌ `തുറന്നെഴുത്തിന്റെ` സാധ്യതകൾ ഉപയോഗിക്കുന്നത്‌ എങ്കിൽ മറുഭാഗത്ത്‌ ഇതേ സ്വാതന്ത്ര്യം ഉപയോഗിച്ച്‌ തന്നെ പ്രചാരണങ്ങളും വർഗീയ വിദ്വേഷം പരത്തുന്ന എഴുത്തുകളും പ്രചരിപ്പിക്കുന്നവരുണ്ട്‌. അതിവിദഗ്ധമായി കോട്ടിമാട്ടിയ ഫോട്ടോകളും അയാഥാർഥ്യങ്ങൾ കുത്തിനിറച്ച പോസ്റ്റുകളും പ്രചരിപ്പിച്ച്‌ സ്വാർഥ താൽപര്യങ്ങൾ നേടിയെടുക്കുകയാണ്‌ ഒരു കൂട്ടർ. ചില ഫാഷിസ്റ്റ്‌ സംഘടനകളുടെ സോഷ്യൽമീഡിയ വിംഗ്‌ ഇത്തരം പ്രചാരണങ്ങൾക്കായി ഉറക്കമൊഴിച്ചിരിക്കുകയാണ്‌.


സാമ്രാജ്യത്വത്തിന്‌ ദാസ്യവേല ചെയ്യുന്ന വ്യവസ്ഥാപിത മാധ്യമങ്ങൾ സൃഷ്ടിച്ചെടുത്ത ഇസ്ലാം വിരുദ്ധ വികാരമാണ്‌ ഒരു ഭാഗത്ത്‌ എങ്കിൽ ക്വുർആൻ വചനങ്ങളും നബി വചനങ്ങളും കോട്ടിമാട്ടിയും കട്ടുമുറിച്ചുമുള്ള ആസൂത്രിതമായ ഇസ്ലാം വിരുദ്ധ ആശയ പ്രചാരണമാണ്‌ ഇ-ലോകത്ത്‌ കാണാനാകുന്നത്‌. സയണിസ്റ്റുകളുടെയും മിഷണറിമാരുടെയും ഇസ്ലാം വിമർശന പദങ്ങൾ പോലും കോപ്പിയടിച്ച്‌ മലയാളത്തിൽ പ്രചരിപ്പിക്കാൻ ദശകണക്കിന്‌ ബ്ളോഗുകളും ഫേസ്ബുക്ക്‌ പേജുകളുമാണിന്നുള്ളത്‌. ഇസ്ലാമിനെ കരിവാരിത്തേക്കുന്ന ഈ പ്രചാരവേലയിൽ യുക്തിവാദികളും മിഷണറിമാരും ഫാഷിസ്റ്റു ശക്തികളും കൈകോർക്കുകയാണിവിടെ.


ക്രൈസ്തവരുമായി ആശയസംവാദങ്ങളിൽ ഏർപെട്ടുകൊണ്ടിരിക്കുന്ന ഒരു പ്രബോധകൻ പങ്കുവെച്ച ഒരനുഭവം ഇവിടെ ശ്രദ്ധേയമാണെന്ന്‌ തോന്നുന്നു. ഇസ്ലാമിനെ വിമർശിക്കാനും പരിഹസിക്കാനും വേണ്ടി മാത്രം ബ്ളോഗും ഫേസ്ബുക്ക്‌ പേജും ഉപയോഗിക്കുന്ന ഒരു ക്രൈസ്തവ അപ്പോളജറ്റിക്ക്‌ നെറ്റ്‌വർക്കിന്റെ ആളുകളോട്‌ നേരിട്ട്‌ ദഅ​‍്‌വത്ത്‌ നടത്താൻ വേണ്ടി അവരുടെ കേന്ദ്രത്തിലേക്ക്‌ നേരിട്ട്‌ ചെന്ന അദ്ദേഹം കണ്ടത്‌ അമാനി മൗലവിയുടെ തഫ്സീറും മറ്റ്‌ ഇസ്ലാമിക ഗ്രന്ഥങ്ങളും ഹദീഥ്‌ പരിഭാഷകളും എടുത്ത്‌ വെച്ചിരുന്ന്‌ പഠനം നടത്തുന്ന ക്രൈസ്തവ പാസ്റ്റർമാരെയായിരുന്നു! കോട്ടിമാട്ടാനും ദുർവ്യാഖ്യാനിക്കാനും പഴുതന്വേഷിച്ച്‌ ഇസ്ലാമിക ഗ്രന്ഥങ്ങൾ മുങ്ങിത്തപ്പുന്ന ഈ പെയ്ഡ്‌ വിമർശകരെയാണ്‌ ഇ-ഇടങ്ങളിൽ നാം നേരിടേണ്ടത്‌ എന്നത്‌ നമ്മുടെ ദൗത്യത്തിന്റെ പ്രസക്തിയും ഗൗരവവും എടുത്ത്‌ കാട്ടുന്നു.


ഇസ്ലാമിലേക്ക്‌ അടുക്കുകയും ഇസ്ലാമിനോട്‌ താൽപര്യം കാണിക്കുകയും ചെയ്യുന്ന അമുസ്ലിം സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോടൊപ്പം സാധാരണക്കാരായ മുസ്ലിംകളിൽ ആശയക്കുഴപ്പമുണ്ടാക്കുക എന്നതും ഈ കൂലി എഴുത്തുകാരുടെ ലക്ഷ്യമാണ്‌!


എന്റെ ഇസ്ലാം വിരുദ്ധ ബ്ളോഗെഴുത്തുകൊണ്ട്‌ കുറച്ചെങ്കിലും മുസ്ലിംകളെ ആശയക്കുഴപ്പത്തിലാക്കാൻ സാധിച്ചിട്ടുണ്ട്‌ എന്നും ആ മതത്തെ പൊതുസമൂഹത്തിൽ നാറ്റിക്കുമെന്നുമുള്ള കേരളത്തിലെ പ്രമുഖ യുക്തിവാദി നേതാവിന്റെ ഫേസ്ബുക്കിലെ പ്രസ്താവനയെ ഉത്തരം താങ്ങുന്ന പല്ലിയുടെ വീരവാദത്തിന്റെ വിലകൊടുത്ത്‌ മാറ്റിനിർത്താമെങ്കിലും ചുരുക്കം ചിലരെങ്കിലും ഈ പ്രചാരണങ്ങളിൽ ഇസ്ലാമിനെ തെറ്റിദ്ധരിക്കുന്നു എന്ന വസ്തുത വിസ്മരിച്ചുകൂടാ.


ഇത്തരം ഇസ്ലാം വിമർശന ബ്ളോഗുകളിലും സൈറ്റുകളിലും ഉന്നയിച്ചിട്ടുള്ള വിമർശനങ്ങൾ ക്രോഡീകരിക്കാനുള്ള ചെറിയ ശ്രമം നടത്തിയപ്പോൾ കാണാനായത്‌ നൂറുകണക്കിന്‌ വിമർശനങ്ങളാണ്‌. അവയിൽ പലതും ഒരു ശരാശരി ഇസ്ലാമിക പ്രബോധകൻ പോലും കേട്ടിട്ടുകൂടി ഉണ്ടാകാൻ സാധ്യത ഇല്ലാത്തവ! എന്നാൽ അവയോരോന്നും എടുത്ത്‌ പഠിക്കാൻ ശ്രമിച്ചാലാവട്ടെ ഒരു അടിത്തറയുമില്ലാത്ത ശീട്ടുകൊട്ടാരങ്ങൾ മാത്രമാണെന്ന്‌ മനസ്സിലാവുകയും ചെയ്യും. പക്ഷേ, കൂലിവാങ്ങി ഇരുപത്തിനാല്‌ മണിക്കൂറുമിരുന്ന്‌ ഇവർ പടച്ച്‌ വിടുന്ന ആരോപണങ്ങളുടെ വസ്തുത തുറന്ന്‌ കാട്ടാൻ ഇപ്പുറത്തുള്ളതോ ജോലിയും പഠനവും തിരക്കുകളുമുള്ള കുറച്ചു പേരും!


ഇ-എഴുത്തിടങ്ങൾ നഗരമധ്യത്തിലെ ഒഴിഞ്ഞ ഒരു മതിലുപോലെയാണെന്ന്‌ വേണമെങ്കിൽ പറയാം. ആ മതിലിൽ വേണമെങ്കിൽ വ്യത്യസ്ത നിറങ്ങളുപയോഗിച്ച്‌ മനോഹരമായ ചിത്രങ്ങൾ വരയ്ക്കാം. അതേ മതിൽ പുറത്ത്‌ തന്നെ അശ്ളീലങ്ങളും എഴുതിവെക്കാം. ഖേദകരമെന്ന്‌ പറയട്ടെ വികൃതവും കോട്ടിമാട്ടിയതുമായ ഇസ്ലാമിന്റെ മുഖമാണ്‌ ഇന്ന്‌ ബ്ളോഗുകളിലും പേജുകളും നിറഞ്ഞു നിൽക്കുന്നത്‌.


ഇവിടെ സത്യത്തിനും ന്യായത്തിനും വേണ്ടി തൂലിക ചലിപ്പിക്കാൻ പ്രാപ്തിയുള്ളവർ വേണം. വിഷലിപ്തമായ ഇസ്ലാം വിമർശന ലേഖനങ്ങളും ആശയ സംവാദത്തെ കൊല്ലുന്ന ട്രോളുകളും ഇസ്ലാം പേടി വിതയ്ക്കുന്ന ഓൺലൈൻ മാധ്യമങ്ങളും ഇസ്ലാമിനെ വികൃതമാക്കി അവതരിപ്പിക്കുമ്പോൾ തിരുത്തെഴുത്തിന്റെ ശക്തി അതേ ഇ-എഴുത്തിടങ്ങളിലൂടെ കാണിച്ചു കൊടുക്കേണ്ടതും തെറ്റിദ്ധാരണകളകറ്റേണ്ടതും നമ്മൾ തന്നെയാണ്‌.


സത്യം ചെരുപ്പ്‌ ധരിക്കുമ്പോഴേക്കും അസത്യം പാതിദൂരം പിന്നിട്ടിരിക്കുമന്നാണ്‌ പറയാണ്‌. ഇവിടെയിതാ അസത്യം പാതിദൂരവും പിന്നിട്ടു കഴിഞ്ഞു. ഇനിയും നാം ചെരുപ്പു ധരിക്കാതെ വെറുതെയിരുന്നുകൂടാ... ഓരോരുത്തരും അവരവരുടെ കഴിവുകളും സാധ്യതകളും ഉപയോഗിച്ച്‌ തിന്മയെ പ്രതിരോധിക്കുക. ഇസ്ലാം പേടി വളർത്തുന്ന മാധ്യമങ്ങൾ നിറഞ്ഞു നിൽക്കുന്ന ഇക്കാലത്ത്‌ അപ്രിയ സത്യങ്ങൾ തുറന്നെഴുതാനുള്ള ഇ-എഴുത്തിടങ്ങളെന്ന വിശാലമായ സാധ്യതയെ നാം തിരിച്ചറിയുക

No comments:

Post a Comment