Saturday, May 31, 2014

നടി മോണിക്ക മുസ്ലിമായി.. അതിനിപ്പോ ഞാനെന്ത്‌ വേണം??

സര്‍വ്വ ലോക രക്ഷിതാവിന്റെ നാമത്തില്‍..

പതിവ്‌ പോലെ ഫേസ്ബുക്ക് തുറന്നതായിരുന്നു, പക്ഷെ ഇന്ന് എന്തോ ഒരു "ഇത്" ഉള്ളത് പോലെ.. സര്‍വ്വ ലോക സംഘികളും ഇളകി വന്നിരിക്കുന്നു.. യുക്തികളുടെ പോസ്റ്റുകളില്‍ ഇസ്ലാം വിരോധം അണ പൊട്ടി ഒഴുകുന്നു... എവിടെയോ ഒരു പന്തികേടുണ്ട് എന്ന് കണ്ടപ്പോള്‍ തന്നെ തോന്നി.. അല്പം സ്ക്രോള്‍ ചെയ്തു താഴോട്ടു വന്നപ്പോഴാണ് ഹാലിളക്കത്തിന്റെ ഗുട്ടന്‍സ്‌ പിടി കിട്ടിയത്.. തെന്നിന്ത്യന്‍ നടി മോണിക്ക ഇസ്ലാം സ്വീകരിച്ചതാണ് ഈ ഇളക്കതിന്റെ മൂലകാരണം.. മതപരിവര്‍ത്തനം മുതല്‍ സ്വര്‍ഗ്ഗത്തിലെ ഹൂറികളെ പറ്റി വരെ ചര്‍ച്ചകള്‍ കൊഴുക്കുന്നു..!!

യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം നടി മോണിക്ക മുസ്ലിമായാലും കടത്തിണ്ണയില്‍ ഇരുന്നു കഥപറയുന്ന ഭാസ്കരേട്ടന്‍ മുസ്ലിമായാലും ഒരു പോലെ ആണ്.. ഒരു നടി ഇസ്‌ലാം മതം സ്വീകരിക്കുന്നു എന്നതില്‍ മതപരമായി വലിയ പ്രാധാന്യമൊന്നും തന്നെ ഇല്ല എന്ന് തന്നെ പറയാം.. ഇസ്‌ലാമിക വിശ്വാസമനുസരിച്ച് തന്റെ ജീവിതം ചിട്ടപ്പെടുത്താന്‍ ആരെങ്കിലും തയ്യാറാകുന്നു എങ്കില്‍ അവര്‍ക്ക്‌ തന്നെയാണ് അതിന്റെ മെച്ചം. യഥാര്‍ത്ഥത്തില്‍ ഒരാള്‍ മുസ്ലിമാകുന്നു എന്നതിന്റെ അര്‍ഥം തന്നെയും തന്റെ മുന്‍പുള്ളവരെയും ഈ ലോകത്ത്‌ കാണുന്ന സര്‍വ ചരാചരങ്ങളെയും സൃഷ്ടിച്ച ഏകനായ സ്രഷ്ടാവിന് കീഴോതുങ്ങി ജീവിക്കാന്‍ തീരുമാനിച്ചു എന്നാണു.. ഖുര്‍ആന്‍ ഈ കാര്യം വളരെ വ്യക്തമായി പ്രസ്ഥാവിക്കുന്നുണ്ട്.. "ആരെങ്കിലും സന്മാര്‍ഗം കൈക്കൊണ്ടുവെങ്കില്‍, അത് അവന്റെ തന്നെ ഗുണത്തിനാകുന്നു. ആരെങ്കിലും ദുര്‍മാര്‍ഗമവലംബിച്ചാലോ ആ ദുര്‍മാര്‍ഗത്തിന്റെ ദുഷ്ഫലവും അവനുതന്നെ. നീ അവരുടെ ചുമതലക്കാരനല്ല." (ഖുര്‍ആന്‍ 39:41).

പ്രശസ്തരായ പലരും ഈയിടെ ഇസ്ലാമിലേക്ക് കടന്നു വന്നത് ഏറെ വാര്‍ത്തയായിയിട്ടുണ്ട്.. ബസ്റ്റ് ഡയമണ്ട്സ്, മൈക്ക്‌ ടൈസന്‍, നിക്കോളാസ്‌ അനല്‍കെ, ഫ്രാങ്ക് റിബറി, യൂസഫ്‌ യുഹാന്ന, ഹാന്‍സ്‌ രാജ് ഹാന്‍സ്‌, യുവാന്‍ ശങ്കര്‍ രാജ തുടങ്ങി പല മേഖലകളില്‍ തിളങ്ങി നിന്ന പ്രമുഖര്‍ ഇസ്‌ലാം മതം ആശ്ലേഷിച്ചിട്ടുണ്ട്.. എന്നാല്‍ അവര്‍ മുസ്ലിംകള്‍ ആകുന്നതോടെ അവര്‍ എല്ലാ മുസ്ലിംകളെ പോലെ തുല്യരാകുന്നു.. ഇസ്ലാമില്‍ അറബിക്ക് അനറബിയെക്കാളുമോ , വെളുത്തവന് കറുത്തവനെക്കാളുമോ , സമ്പന്നനു ദരിദ്രനെക്കാളുമോ ഒരു ശ്രേഷ്ടതയുമില്ല. ജാതിയുടെ പേരിലുള്ള തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും ഇവിടെയില്ല.. ദേശത്തിന്റെയോ ഭാഷയുടെയോ വര്‍ണ്ണത്തിന്റെയോ വര്‍ഗ്ഗത്തിന്റെയോ പേരിലുള്ള വേര്‍തിരിവുകള്‍ ഇസ്‌ലാമില്‍ ഇല്ല തന്നെ..

എന്നാല്‍ ഇസ്ലാമിലേക്ക് എന്ത് കൊണ്ട് ഇങ്ങനെ ഒരു ഒഴുക്ക് നടക്കുന്നു എന്നത് ഒരു ചിന്തക്ക് വിധേയമാകേണ്ട വിഷയമാണ്.. ഇസ്‌ലാം പഠിപ്പിക്കുന്ന ആദര്‍ശത്തിന്റെ മഹത്വം കൊണ്ട് തന്നെയാണ് അത് എന്ന് നിഷ്പക്ഷമായി ഇസ്‌ലാം മതത്തെ പഠിച്ച ആര്‍ക്കും മനസ്സിലാകും.. ഇസ്‌ലാം മനുഷ്യരെ ക്ഷണിക്കുന്നത് ഏതെങ്കിലും കുല ദൈവത്തിലെക്കോ പ്രത്യേക മത ആചാര്യന്മാരിലേക്കോ അല്ല.. മറിച്ച് ഏവരെയും സൃഷ്ടിച്ച, ഏവരും അംഗീകരിക്കുന്ന ഏക സ്രഷ്ടാവിലേക്കാണ്.. മുഹമ്മദ്‌ നബിയെ ആരാധിക്കണം എന്ന് പറഞ്ഞായിരുന്നു ഇസ്‌ലാം രംഗപ്രവേശനം ചെയ്തത് എങ്കില്‍ അത് ഒരു വര്‍ഗീയതയിലേക്കുള്ള ക്ഷണമാണ് എന്ന് നമുക്ക്‌ പറയാമായിരുന്നു.. എന്നാല്‍ ഇസ്‌ലാം പഠിപ്പിക്കുന്നത്‌ മുഹമ്മദ്‌ നബിയേയും സൃഷ്ടിച്ച സ്രഷ്ടാവിനെ മാത്രമേ ആരാധിക്കാവൂ എന്നതാണ്.. ശ്രീ കൃഷ്ണനെയോ യേശുവിനെയോ ജൈനനെയോ ബുദ്ധനെയോ സൂര്യനെയോ ചന്ദ്രനെയോ മുഹ്യുദ്ദീന്‍ ശൈഖിനെയോ മുഹമ്മദ്‌ നബിയെയോ അല്ല, അവരെയൊക്കെ സൃഷ്ടിച്ചു പരിപാലിക്കുന്ന ഏക ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന വര്‍ഗ്ഗീയതെയില്ലാത്ത സന്ദേശമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്‌..

ഖുര്‍ആനിന്റെ ഒരു അദ്ധ്യാപനം കാണുക: "ജനങ്ങളേ.. നിങ്ങളെയും നിങ്ങളുടെ മുന്‍പുള്ളവരെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍, നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നവരാകാന്‍ വേണ്ടി..
നോക്കൂ, മുസ്ലിമെ എന്നല്ല, ഹിന്ദുവേ, ക്രിസ്ത്യാനീ എന്നുമല്ല. മറിച്ച് മനുഷ്യരായി പിറന്ന സര്‍വ്വരോടുമാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്.. ആവശ്യപ്പെടുന്നത് ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയെയോ, വസ്തുവെയോ ആരാധിക്കാനുമല്ല, മറിച്ച് എല്ലാത്തിനെയും സൃഷ്ടിച്ച ഏക നാഥനെ ആരാധിക്കുക എന്ന് മാത്രം.. ഏവര്‍ക്കും സ്വീകരിക്കാവുന്ന സന്ദേശം..!!

അതെ, ഇത് സ്വീകരിച്ച് ഈ ഏകനായ ആ സര്‍വ്വേശ്വരന് സര്‍വ്വവും അര്‍പ്പിക്കാന്‍ തയ്യാറായാല്‍, ആ സ്രഷ്ടാവിന്റെ കല്പനകള്‍ അനുസരിക്കാന്‍ തയാറായാല്‍ താങ്കളും മുസ്ലിമായി..!! അതിലൂടെ താങ്കള്‍ക്ക് കരഗതമാകുന്ന പരമമായ സമാധാനത്തെ കുറിക്കുന്ന പദമാകുന്നു ഇസ്‌ലാം..

മോണിക്ക മുസ്ലിമായി, അതിനു എനിക്കെന്താ എന്ന് ചോദിക്കും മുന്‍പ്‌ എനിക്കുമില്ലേ ചില പാഠങ്ങള്‍ എന്ന നിലയിലേക്ക്‌ നമ്മുടെ ചിന്തികള്‍ വിശാലമാവട്ടെ..

സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ..

Thursday, October 18, 2012

വ്യാജമുടിയന്മാരുടെ വ്യാജ പത്രസമ്മേളനം : ഒരു പൊളിച്ചെഴുത്ത്..

സര്‍വ്വ ശക്തനായ അല്ലാഹുവിന്‍റെ നാമത്തില്‍ ..

"വ്യാജം" എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കേരള മുസ്ലിംകള്‍ കാന്തപുരത്തെ ഓര്‍ക്കുന്ന ഒരു സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്.. വ്യാജമുടി, വ്യാജ സിമന്‍റ്, വ്യാജ ബാലന്‍ , വ്യാജ തെളിവ്‌...., എന്നിങ്ങനെ ഉസ്താദിന്റെ കീര്‍ത്തി തന്നെയാണ് എങ്ങും മുഴങ്ങിക്കൊണ്ടിടിക്കുന്നത്.. ഉസ്താദിന്റെ "ബാഖവി" ബിരുദം പോലും വ്യാജമാണെന്ന് വരെ മറുവിഭാഗം സുന്നികള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു... വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ കൊട്ടപ്പുറം വാദപ്രതിവാദത്തില്‍ അല്ലാഹുവല്ലാത്തവരോട് തേടാന്‍ വ്യാജതെളിവ്‌ ആയത്തിന്റെ പകുതി ഓതിയിട്ടായിരുന്നു ഉസ്താദിന്റെ വ്യാജ ബിസിനസ്സിന്റെ തുടക്കം.. പിന്നീട് ക്രസന്‍റ് സിമന്‍റ് എന്ന പേരില്‍ വ്യാജ സിമന്‍റ് കമ്പനിയുടെ പേരിലും കമാലിയ എന്ന പേരില്‍ വ്യാജ മെഡിക്കല്‍ കോളജിന്റെ പേരിലും ഉസ്താദ്‌ ലക്ഷങ്ങള്‍ പിരിച്ചു... അന്തമില്ലാത്ത അണികള്‍ അതിനൊന്നും കണക്കും ചോദിച്ചില്ല... പിന്നീട് കുറച്ചു കഴിഞ്ഞപ്പോള്‍ ഉസ്താദ്‌ പ്രത്യക്ഷപ്പെട്ടത്‌ ഒരു വ്യാജമുടിയും കൊണ്ടായിരുന്നു.. കേരളമുസ്ലിംകള്‍ ഒന്നിച്ച് നിന്ന് ആ മുടിപ്പൂതി അവസാനിപ്പിച്ചു.. പിന്നെ വന്നത് വ്യാജപള്ളിയും കൊണ്ടായിരുന്നു... അതിനു തറക്കല്ല് ഇട്ടു എന്ന് കേള്‍ക്കുന്നതല്ലാതെ ആകാശത്തോ അതോ ഭൂമിയിലോ തറക്കല്ല് ഇട്ടത് എന്ന് മാത്രം ഇതുവരെ അറിഞ്ഞിട്ടില്ല.. പിന്നെ ഉസ്താദ്‌ വന്നത് ഒരു വ്യാജബാലനെയും കൊണ്ടായിരുന്നു.. അതും വ്യാജമാണെന്ന് ഇകെ സമസ്തക്കാര്‍ വാദിച്ചു.. അവസാനം "ബാലന്മാര്‍ " രണ്ടെണ്ണം ഉണ്ട് എന്നായി ഉസ്താദ്‌...,.. അത് ശരിയാ, രണ്ടു ബാലന്മാരുണ്ട്, ഒന്ന് ഒറിജിനലും മറ്റൊന്ന് വ്യാജനും....!!! അതിനിടയിലാണ് ഈ കഴിഞ്ഞ ദിവസങ്ങളിലായി ഉസ്താദ്‌ ഒരു വ്യാജ പത്രസമ്മേളനവും കൊണ്ട് വന്നത്... ഉസ്താദ്‌ കൊണ്ട് വന്നതായത്‌ കൊണ്ട് വ്യാജം തന്നെയായിരിക്കും എന്ന് മുജാഹിടുകള്‍ക്ക് ഉറപ്പായിരുന്നു... ഇപ്പോള്‍ അത് തെളിയുകയും ചെയ്തു...!!

Tuesday, August 28, 2012

കള്ളന്മാരില്ലാത്ത നാട്ടിൽ.. (ഒരു ലക്ഷദ്വീപ് യാത്ര)

ലക്ഷദ്വീപ് യാത്രയെ പറ്റി കേട്ടപ്പോള്‍ തന്നെ മനസ്സില്‍ ആവേശവും സന്തോഷവുമായിരുന്നു.. പവിഴപ്പുറ്റുകളാല്‍ സമ്പന്നമായ മരതക ദ്വീപുകളെ കുറിച്ച് കേട്ടിരുന്നതല്ലാതെ ഇതു വരെ നേരിൽ കാണാനുള്ള അവസരമുണ്ടായിരുന്നില്ല. മാത്രമല്ല,ആദ്യമായി കപ്പലിൽ യാത്ര ചെയ്യുന്നതിലുള്ള സന്തോഷവുമുണ്ടായിരുന്നു ഈ ലക്ഷദ്വീപ് യാത്രക്ക്.. ഒന്നിനൊന്ന് വ്യത്യസ്തമായ 36 ദ്വീപുകൾ.. അവയിൽ വ്യത്യസ്ത സംസ്കാരം നിറഞ്ഞ പത്ത് ദ്വീപുകളുടെ കൂട്ടം.. കടലിനു മുകളിൽ, തിരകളുടെ തലോടലേറ്റ്, അതിഥികളെ വരവേറ്റ് ഒരു കൌതുകമായി അവ നിലനിൽക്കുന്നു..

1.

മെയ് 17 നു രാത്രി ഒരു മണിക്ക് കണ്ണൂരിലുള്ള വീട്ടിൽ നിന്ന് ഞാനും കുടുംബവും കാറിൽ എറണാകുളത്തേക്ക് തിരിച്ചു. എറണാകുളത്തെ ഒരു പരിചയക്കാരന്റെ വീട്ടിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷം 8 മണിക്ക് കൊച്ചി ഷിപ് യാർഡിലെത്തി. ദൂരെ നിന്ന് തന്നെ കടലിനു മുകളിലെ മണി മാളികപോലെ തലയുയർത്തി നിൽക്കുന്ന കവരത്തി കപ്പലിനെ കാണാമായിരുന്നു..

ആകാംക്ഷ നിറഞ്ഞ മനസ്സുമായി ഞങ്ങൾ ക്യൂ നിന്നു - കയറുകൊണ്ടുള്ള കോണി വഴി കപ്പലിൽ കയറി. ആശയക്കുഴപ്പുണ്ടാക്കുന്ന ഇടവഴികളും ബ്ലോക്കുകളും ചുറ്റി അവസാനം ഞങ്ങൾ ബുക്ക് ചെയ്ത മുറിയിലെത്തി.. ചെറിയൊരു വീട് തന്നെ.. രണ്ട് ബെഡ്ഡുകൾ, അലമാര, മേശ, ലൈഫ് ജാക്കറ്റുകൾ...

Wednesday, August 15, 2012

ബൂലോകത്ത് വാൾ പയറ്റുമായി ഒരാണ്ട്...


പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകൾ ഭേദിച്ച് സ്വാതന്ത്ര്യത്തിന്റെ സ്വച്ഛന്ദ വായു ശ്വസിക്കാൻ പോസ്റ്റും കമന്റും ഫോളോവേഴ്സും ത്യജിച്ച മഹാന്മാരായ പുലിബ്ലോഗർമാരുടെ പാതപിൻപറ്റിക്കൊണ്ട് ബ്ലോഗുലകത്തിന്റെ ഉമ്മറപ്പടിയിലേക്ക് വലതുകാൽ വെച്ച് കടന്നു വന്നിട്ട് ഒരാണ്ടു കഴിഞ്ഞിരിക്കുകയാണ്.. ശുഷ്കിച്ച സാഹിത്യഭംഗിയുടെ പര്യായമായ ഈ ബ്ലോഗ് നടത്തിയ സന്ദർഭോചിതമായ പോസ്റ്റുകളും കമന്റുകളും ബൂലോകത്തിന്റെ ശിലാഫലകങ്ങളിൽ ഇന്നും മങ്ങാതെ മായാതെ കോറിയിടപ്പെട്ടിരിക്കുന്നു..

നിരക്ഷര കുക്ഷിയായ എന്റെ ബ്ലോഗിൽ ഇങ്ങനെയുള്ള കടിച്ചാൽ പൊട്ടാത്ത വാക്കുകൾ കണ്ട് ആരും ബ്ലോഗ് മാറിപ്പോയോ എന്നൊന്നും നോക്കണ്ട, ഇത് ഞാൻ തന്നെയാണ്.. ഞമ്മടെ പയറ്റുകാരൻ…!!! ഒന്നുമില്ല, എന്റെ ബ്ലോഗ് തുടങ്ങിയിട്ട് ഒരു കൊല്ലം കഴിഞ്ഞിട്ടുണ്ട്.. അതാണ് മുകളിൽ പറഞ്ഞത്.. തിരിഞ്ഞാ??? ഈയൊരു മഹത്തായ അവസരത്തിൽ പിന്നിട്ട കല്ലും മുള്ളും മുരടും മൂർക്കൻ പാമ്പും നിറഞ്ഞ കരിങ്കൽ പാതകളെ കുറിച്ച് അല്പം ഒന്നോർമ്മിക്കാം.. (ദേ വീണ്ടും സാഹിത്യം..!)

Thursday, August 2, 2012

സി.പി.എമ്മുകാരന്റെ ചോരയുടെ നിറമെന്താണ്??

ശുക്കൂർ, ടി.പി ചന്ദ്രശേഖരൻ എന്നിവരെ സി.പി.എമ്മുകാർ അറുംകൊല ചെയ്തപ്പോൾ കേരളത്തിന്റെ കവലകളിൽ പ്രത്യക്ഷപ്പെട്ട ഒരു “സുഡാപി പോസ്റ്ററുണ്ടായിരുന്നു, “അരും കൊലയ്ക്ക് അറുതി വരുത്തുക”


ഫസൽ, ഷുക്കൂർ, ടി.പി എന്നിവരുടെ ഫോട്ടോ കൊടുത്ത ശേഷം ഒരു “?” ചിഹ്നവും കൊടുത്തിരുന്നു.. ഈ പോസ്റ്റർ കണ്ടപ്പോൾ മനസ്സ് കൊണ്ടൊന്ന് സന്തോഷിച്ചു.. അശ്വിനി കുമാറിനെ വെട്ടിനുറുക്കിയ കൈകൾ കൊണ്ട് നിർഭയ രാഷ്ട്രീയത്തിനു വേണ്ടിയുള്ള പോസ്റ്റർ ഒട്ടിപ്പിച്ചല്ലോ.. ചുടുചോരയുടെ മഹത്വം പറഞ്ഞു ജനങ്ങളെ കോരിത്തരിപ്പിക്കുന്ന പ്രഭാഷണങ്ങളുമായി സുഡാപി പ്രാസംഗികർ ഊരുചുറ്റി.. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ പ്രവർത്തകർ തെരുവുകളിൽ മുഷ്ടി ചുരുട്ടി.. അപ്പോഴും ഒരു സംശയം ബാക്കി നിന്നിരുന്നു, “?” ചിഹ്നം എന്തിനാണ്?? ആ ഒഴിഞ്ഞ കോളത്തിന്റെ അർത്ഥമെന്താണ്?? അത് സുഡാപ്പിക്കാരൻ അറിഞ്ഞുകൊണ്ട് തന്നെ ഒഴിച്ചിട്ടതാണെന്ന് അല്പ ദിവസങ്ങൾക്ക് മുൻപ് മനസ്സിലായി.. അതോടെ ഒഴിഞ്ഞ കോളം “ഫില്ലായി..”

Saturday, July 28, 2012

ഇവർക്കും പഠിക്കണ്ടേ സർ??

പ്ലസ് വൺ അലോട്മെന്റുമായി ബന്ധപ്പെട്ട് എന്തൊക്കെ പുകിലുകളായിരുന്നു... പ്രവേശനം കിട്ടാതെ ആത്മഹത്യ, വാചാലരായി ബ്ലോഗ് പണ്ഡിതർ, റാലികൾ, അത് ഫോട്ടോയെടുത്ത് ബ്ലോഗിലിടാൻ വേറെ ചിലർ, ലേഖനങ്ങൾ, മുതലക്കണ്ണീരുകൾ... അങ്ങനെ പോകുന്നു...

സി.ബി.എസ്.ഇ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പ്ലസ് വണ്ണിനു കൊടുക്കുന്ന ഓപ്ഷനിൽ തന്നെ പ്രവേശനം കിട്ടുന്നു, “കേരളാക്കുട്ടികൾക്ക്” പ്രവേശനം ലഭിക്കുന്നില്ല എന്നായിരുന്നു പരാതി.. പിന്നീട് ആരോപണങ്ങളുടെ എണ്ണം കൂടിക്കൂടി വരാൻ തുടങ്ങി.. സി.ബി.എസ്.ഇ കുട്ടികൾക്ക് നല്ല മാർക്ക് കിട്ടുന്നു, അതു കൊണ്ട് സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് പ്രവേശനം ലഭിക്കില്ല എന്നതാണ് പ്രശ്നത്തിന്റെ ആകെത്തുക..

എന്നാൽ റാലികളും സർക്കാറിനെ അടിക്കാൻ കിട്ടിയ വടിയായി ഉപയോഗിച്ച് മുതലക്കണ്ണീരൊഴുക്കിയ “ദേശാപമാന” പത്രങ്ങളും ബ്ലോഗ് പണ്ഡിറ്റുകളും ഇന്ന് മിണ്ടുന്നില്ല.. മുത്തശ്ശിപ്പത്രങ്ങളും ഒട്ടും പിന്നിലായിരുന്നില്ല.. “വിദ്യാഭ്യാസം” പേജ് കണ്ണീർ കടലിൽ മുങ്ങി... ഫീച്ചറുകളും വാർത്തകളും കൊണ്ട് നിറഞ്ഞു.. പ്രചരണം കണ്ടപ്പോൾ എല്ലാവരും വിചാരിച്ചത് സർക്കാർ ഹയർസെകണ്ടറി സ്കൂളുകളിൽ സിബി.എസ്.ഇ കുട്ടികളെ കൊണ്ട് നിറയുമെന്നായിരുന്നു..

Monday, July 9, 2012

നാളെ നിങ്ങൾക്ക് ഇന്റർനെറ്റിൽ കയറാൻ സാധിക്കുമോ??





ഇന്റർനെറ്റ് ഇല്ലാത്ത കമ്പ്യൂട്ടറിനെ പറ്റി ഒന്ന് ചിന്തിക്കാൻ ശ്രമിച്ചാലോ??? ഉപ്പില്ലാത്ത കഞ്ഞിയും വാതിലില്ലാത്ത കക്കൂസും മഷിയില്ലാത്ത പേനയുമൊക്കെയായിരിക്കും പലരുടെയും മനസ്സിൽ വരിക..


എങ്കിൽ നാളെ മുതൽ ഒരു പക്ഷെ നമ്മളും ആ ഉപ്പില്ലാത്ത കഞ്ഞി കുടിക്കേണ്ടി വന്നേക്കും.. ഇനി ഒരു മാസത്തേക്ക് നെറ്റിനു അടച്ച ബില്ല് കാണിച്ച് എന്റെ മേൽ കുതിര കയറാൻ വരണ്ട.. സംഗതി അങ്ങനെ തന്നെയാണ്..!!


സംഗതി ഉമ്മർക്കാന്റെ പീടികേലെ രാഘവേട്ടനും കാട്രായി രാജനും പോലെ ചീള് പാർട്ടീസൊന്നുമല്ല പറയുന്നത്.. അമേരിക്കൻ ഏജൻസിയായ എഫ്.ബി.ഐ എന്ന വല്ല്യ പുള്ളിയാണ് ഈ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്... ഏകദേശം 3 ലക്ഷത്തോളം പേർ നാളെ മുതൽ ഉപ്പില്ലാത്ത കഞ്ഞി കുടിക്കാൻ തുടങ്ങണം..ഏറ്റവും അധികം ഇത് കുടിക്കേണ്ടി വരിക ഒബാമേട്ടന്റെ നാട്ടുകാർ തന്നെ..!!! ഏകദേശം 80,000 ത്തോളം കമ്പ്യൂട്ടറിലെ നെറ്റാണ് നാളത്തേക്ക് ഇല്ലാതാവുക..

Tuesday, June 26, 2012

ചില ബ്ലോഗൻ വീരഗാഥകൾ...!

സർവ്വ ശക്തനായ ദൈവത്തിന്റെ നാമത്തിൽ...

കഷ്ടപ്പെട്ട് ദിവസങ്ങളോളം ചിലപ്പോൾ മാസങ്ങളോളം അധ്വാനിച്ച് നോവലുകളും ചെറുകഥകളും എഴുതുന്ന പുതിയ എഴുത്തുകാരെ നമുക്ക് ചുറ്റും പലപ്പോഴും കാണാറില്ലേ?? അവർക്ക് പിന്നീടെന്ത് പറ്റുന്നു എന്ന് നാം ശ്രദ്ധിക്കാറുണ്ടോ? പലപ്പോഴും ഏതെങ്കിലും എഡിറ്ററുടെ ചവറ്റുകൊട്ടയിലായിരിക്കും അവരുടെ “സൃഷ്ടി” അന്ത്യവിശ്രമം കൊള്ളുക.. അല്ലെങ്കിൽ “സൃഷ്ടി”കൾ അയച്ച പോലെ തിർച്ച് വീട്ടിലെത്തുകയും ചെയ്യും.. വലിയ എഴുത്തുകാരുടെ എന്ത് ചവറും പ്രസിദ്ധീകരിക്കാൻ അവരുടെ കോലായിൽ കാത്തു നിൽക്കുന്ന പത്രാധിപരെന്തേ പുതിയവരുടെ നോവലുകൾ ഒന്ന് വായിക്കുക പോലും ചെയ്യാതെ തിരിച്ചു നൽകുന്നു??

പലപ്പോഴും ഇത്തരം സന്ദർഭങ്ങളുണ്ടാകുമ്പോൾ “എഴുത്ത് എനിക്ക് പറഞ്ഞ പണിയല്ല” എന്നും പറഞ്ഞ് പിന്മാറുന്നവരെയാണ് നാം സാധാരണ കാണാറുള്ളത്.. എന്നാൽ ഒന്നും കിട്ടിയില്ലേലും വേണ്ട എന്റെ നോവൽ രണ്ടു പേരെങ്കിലും വായിക്കണം എന്ന് ഉറച്ച് തീരുമാനിക്കുന്ന ചിലരെ കാണാൻ കഴിയും.. അത്തരം ചില “ബ്ലോഗ് നോവലിസ്റ്റുകളെ” നമുക്കൊന്ന് പരിചയപ്പെട്ടു കളയാം..

Wednesday, May 30, 2012

“വിലക്കിൽ” കുടുങ്ങുന്ന സത്യത്തിന്റെ വാഹകന്മാർ..!

“ഒന്ന് മുടി വെട്ടണം..”
“നീയാ വഹാബി മുഹമ്മദിന്റെ മോനല്ലേ..?”
“അതെ..”
എങ്കിലിവിട്ന്ന് മുടി വെട്ടൂല.. വേറെ എവിടെങ്കിലും നോക്കിക്കോ..”
“പണം തരാം... രണ്ട് മാസത്തോളമായി മുടി വെട്ടീറ്റ്..”
“രണ്ട് കൊല്ലായാലും നൂറുർപ്യ തന്നാലും ഇബ്ട്ന്ന് മുടി മുറിക്കൂല മോനേ.. മുറിച്ചാൽ എനിക്കും വെരും ഊരുവിലക്ക്...”

ഇതൊരു സാങ്കല്പിക സംഭാഷണമല്ല... മുടി മുറിക്കുക എന്ന അവകാശത്തെ പോലും നിഷേധിക്കപ്പെട്ട  28 കുടുംബം... ഇതങ്ങ് ഉഗാണ്ടയിലോ ഫലസ്തീനിലോ ചെച്നിയയിലോ അല്ല.. ദൈവത്തിന്റെ സ്വന്തം നാടെന്ന് ഊറ്റം കൊള്ളുന്ന കേരളത്തിന്റെ തലസ്താന നഗരിയിൽ നിന്ന് ഒരു ഓട്ടോ പിടിച്ചാൽ ഈ ദുരന്തസ്ഥലത്തെത്തും..

Tuesday, May 8, 2012

എറിഞ്ഞ കല്ലും.... പറഞ്ഞ വാക്കും..



“അയാൾ നീചനാണ്..”
“അതെ.. വൃത്തികെട്ടവൻ.. അവനെയൊക്കെ തല്ലി കാലും കയ്യുമൊടിക്കണം..”
“ചെകുത്താൻ”
“അല്ലെങ്കിലും അവനെന്തിനാ ആ കെളവത്തിയുടെ വീട്ടിൽ പോകുന്നത്..? അവിടെയാണെങ്കിൽ വേറെ ആരുമില്ല”
“ഇക്കാലത്തെ ചെർപ്പക്കാരൊക്കെ ഇങ്ങനായാലെന്താ ചെയ്യാ.. ഒന്നൂല്ലേൽ പ്രായമുള്ളോരെങ്കിലും വെർതെ വിട്ടൂടേ..”


നാട്ടിൽ കുറച്ച് കാലമായി സംസാരം അയാളെ കുറിച്ച് തന്നെയായിരുന്നു.. അയാൾ ദിവസവും ആ വൃദ്ധ സ്ത്രീയുടെ വീട്ടിൽ പോകുമായിരുന്നു. അയാളെ കുറിച്ചുള്ള കഥകൾ പൊടിപ്പും തെങ്ങലും വെച്ച് പ്രചരിക്കാൻ തുടങ്ങി.. കുറച്ച് കാലം സാമൂഹ്യ പ്രവർത്തനങ്ങളുമായി നടന്ന അയാളുടെ നന്മകളെല്ലാം അവർ മറന്നു തുടങ്ങി.. നാട്ടിലും വീട്ടിലും കവലകളിലുമെല്ലാം അയാളെ കുറിച്ചുള്ള കഥകളായിരുന്നു..