Saturday, May 31, 2014

നടി മോണിക്ക മുസ്ലിമായി.. അതിനിപ്പോ ഞാനെന്ത്‌ വേണം??

സര്‍വ്വ ലോക രക്ഷിതാവിന്റെ നാമത്തില്‍..

പതിവ്‌ പോലെ ഫേസ്ബുക്ക് തുറന്നതായിരുന്നു, പക്ഷെ ഇന്ന് എന്തോ ഒരു "ഇത്" ഉള്ളത് പോലെ.. സര്‍വ്വ ലോക സംഘികളും ഇളകി വന്നിരിക്കുന്നു.. യുക്തികളുടെ പോസ്റ്റുകളില്‍ ഇസ്ലാം വിരോധം അണ പൊട്ടി ഒഴുകുന്നു... എവിടെയോ ഒരു പന്തികേടുണ്ട് എന്ന് കണ്ടപ്പോള്‍ തന്നെ തോന്നി.. അല്പം സ്ക്രോള്‍ ചെയ്തു താഴോട്ടു വന്നപ്പോഴാണ് ഹാലിളക്കത്തിന്റെ ഗുട്ടന്‍സ്‌ പിടി കിട്ടിയത്.. തെന്നിന്ത്യന്‍ നടി മോണിക്ക ഇസ്ലാം സ്വീകരിച്ചതാണ് ഈ ഇളക്കതിന്റെ മൂലകാരണം.. മതപരിവര്‍ത്തനം മുതല്‍ സ്വര്‍ഗ്ഗത്തിലെ ഹൂറികളെ പറ്റി വരെ ചര്‍ച്ചകള്‍ കൊഴുക്കുന്നു..!!

യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം നടി മോണിക്ക മുസ്ലിമായാലും കടത്തിണ്ണയില്‍ ഇരുന്നു കഥപറയുന്ന ഭാസ്കരേട്ടന്‍ മുസ്ലിമായാലും ഒരു പോലെ ആണ്.. ഒരു നടി ഇസ്‌ലാം മതം സ്വീകരിക്കുന്നു എന്നതില്‍ മതപരമായി വലിയ പ്രാധാന്യമൊന്നും തന്നെ ഇല്ല എന്ന് തന്നെ പറയാം.. ഇസ്‌ലാമിക വിശ്വാസമനുസരിച്ച് തന്റെ ജീവിതം ചിട്ടപ്പെടുത്താന്‍ ആരെങ്കിലും തയ്യാറാകുന്നു എങ്കില്‍ അവര്‍ക്ക്‌ തന്നെയാണ് അതിന്റെ മെച്ചം. യഥാര്‍ത്ഥത്തില്‍ ഒരാള്‍ മുസ്ലിമാകുന്നു എന്നതിന്റെ അര്‍ഥം തന്നെയും തന്റെ മുന്‍പുള്ളവരെയും ഈ ലോകത്ത്‌ കാണുന്ന സര്‍വ ചരാചരങ്ങളെയും സൃഷ്ടിച്ച ഏകനായ സ്രഷ്ടാവിന് കീഴോതുങ്ങി ജീവിക്കാന്‍ തീരുമാനിച്ചു എന്നാണു.. ഖുര്‍ആന്‍ ഈ കാര്യം വളരെ വ്യക്തമായി പ്രസ്ഥാവിക്കുന്നുണ്ട്.. "ആരെങ്കിലും സന്മാര്‍ഗം കൈക്കൊണ്ടുവെങ്കില്‍, അത് അവന്റെ തന്നെ ഗുണത്തിനാകുന്നു. ആരെങ്കിലും ദുര്‍മാര്‍ഗമവലംബിച്ചാലോ ആ ദുര്‍മാര്‍ഗത്തിന്റെ ദുഷ്ഫലവും അവനുതന്നെ. നീ അവരുടെ ചുമതലക്കാരനല്ല." (ഖുര്‍ആന്‍ 39:41).

പ്രശസ്തരായ പലരും ഈയിടെ ഇസ്ലാമിലേക്ക് കടന്നു വന്നത് ഏറെ വാര്‍ത്തയായിയിട്ടുണ്ട്.. ബസ്റ്റ് ഡയമണ്ട്സ്, മൈക്ക്‌ ടൈസന്‍, നിക്കോളാസ്‌ അനല്‍കെ, ഫ്രാങ്ക് റിബറി, യൂസഫ്‌ യുഹാന്ന, ഹാന്‍സ്‌ രാജ് ഹാന്‍സ്‌, യുവാന്‍ ശങ്കര്‍ രാജ തുടങ്ങി പല മേഖലകളില്‍ തിളങ്ങി നിന്ന പ്രമുഖര്‍ ഇസ്‌ലാം മതം ആശ്ലേഷിച്ചിട്ടുണ്ട്.. എന്നാല്‍ അവര്‍ മുസ്ലിംകള്‍ ആകുന്നതോടെ അവര്‍ എല്ലാ മുസ്ലിംകളെ പോലെ തുല്യരാകുന്നു.. ഇസ്ലാമില്‍ അറബിക്ക് അനറബിയെക്കാളുമോ , വെളുത്തവന് കറുത്തവനെക്കാളുമോ , സമ്പന്നനു ദരിദ്രനെക്കാളുമോ ഒരു ശ്രേഷ്ടതയുമില്ല. ജാതിയുടെ പേരിലുള്ള തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും ഇവിടെയില്ല.. ദേശത്തിന്റെയോ ഭാഷയുടെയോ വര്‍ണ്ണത്തിന്റെയോ വര്‍ഗ്ഗത്തിന്റെയോ പേരിലുള്ള വേര്‍തിരിവുകള്‍ ഇസ്‌ലാമില്‍ ഇല്ല തന്നെ..

എന്നാല്‍ ഇസ്ലാമിലേക്ക് എന്ത് കൊണ്ട് ഇങ്ങനെ ഒരു ഒഴുക്ക് നടക്കുന്നു എന്നത് ഒരു ചിന്തക്ക് വിധേയമാകേണ്ട വിഷയമാണ്.. ഇസ്‌ലാം പഠിപ്പിക്കുന്ന ആദര്‍ശത്തിന്റെ മഹത്വം കൊണ്ട് തന്നെയാണ് അത് എന്ന് നിഷ്പക്ഷമായി ഇസ്‌ലാം മതത്തെ പഠിച്ച ആര്‍ക്കും മനസ്സിലാകും.. ഇസ്‌ലാം മനുഷ്യരെ ക്ഷണിക്കുന്നത് ഏതെങ്കിലും കുല ദൈവത്തിലെക്കോ പ്രത്യേക മത ആചാര്യന്മാരിലേക്കോ അല്ല.. മറിച്ച് ഏവരെയും സൃഷ്ടിച്ച, ഏവരും അംഗീകരിക്കുന്ന ഏക സ്രഷ്ടാവിലേക്കാണ്.. മുഹമ്മദ്‌ നബിയെ ആരാധിക്കണം എന്ന് പറഞ്ഞായിരുന്നു ഇസ്‌ലാം രംഗപ്രവേശനം ചെയ്തത് എങ്കില്‍ അത് ഒരു വര്‍ഗീയതയിലേക്കുള്ള ക്ഷണമാണ് എന്ന് നമുക്ക്‌ പറയാമായിരുന്നു.. എന്നാല്‍ ഇസ്‌ലാം പഠിപ്പിക്കുന്നത്‌ മുഹമ്മദ്‌ നബിയേയും സൃഷ്ടിച്ച സ്രഷ്ടാവിനെ മാത്രമേ ആരാധിക്കാവൂ എന്നതാണ്.. ശ്രീ കൃഷ്ണനെയോ യേശുവിനെയോ ജൈനനെയോ ബുദ്ധനെയോ സൂര്യനെയോ ചന്ദ്രനെയോ മുഹ്യുദ്ദീന്‍ ശൈഖിനെയോ മുഹമ്മദ്‌ നബിയെയോ അല്ല, അവരെയൊക്കെ സൃഷ്ടിച്ചു പരിപാലിക്കുന്ന ഏക ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന വര്‍ഗ്ഗീയതെയില്ലാത്ത സന്ദേശമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്‌..

ഖുര്‍ആനിന്റെ ഒരു അദ്ധ്യാപനം കാണുക: "ജനങ്ങളേ.. നിങ്ങളെയും നിങ്ങളുടെ മുന്‍പുള്ളവരെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍, നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നവരാകാന്‍ വേണ്ടി..
നോക്കൂ, മുസ്ലിമെ എന്നല്ല, ഹിന്ദുവേ, ക്രിസ്ത്യാനീ എന്നുമല്ല. മറിച്ച് മനുഷ്യരായി പിറന്ന സര്‍വ്വരോടുമാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്.. ആവശ്യപ്പെടുന്നത് ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയെയോ, വസ്തുവെയോ ആരാധിക്കാനുമല്ല, മറിച്ച് എല്ലാത്തിനെയും സൃഷ്ടിച്ച ഏക നാഥനെ ആരാധിക്കുക എന്ന് മാത്രം.. ഏവര്‍ക്കും സ്വീകരിക്കാവുന്ന സന്ദേശം..!!

അതെ, ഇത് സ്വീകരിച്ച് ഈ ഏകനായ ആ സര്‍വ്വേശ്വരന് സര്‍വ്വവും അര്‍പ്പിക്കാന്‍ തയ്യാറായാല്‍, ആ സ്രഷ്ടാവിന്റെ കല്പനകള്‍ അനുസരിക്കാന്‍ തയാറായാല്‍ താങ്കളും മുസ്ലിമായി..!! അതിലൂടെ താങ്കള്‍ക്ക് കരഗതമാകുന്ന പരമമായ സമാധാനത്തെ കുറിക്കുന്ന പദമാകുന്നു ഇസ്‌ലാം..

മോണിക്ക മുസ്ലിമായി, അതിനു എനിക്കെന്താ എന്ന് ചോദിക്കും മുന്‍പ്‌ എനിക്കുമില്ലേ ചില പാഠങ്ങള്‍ എന്ന നിലയിലേക്ക്‌ നമ്മുടെ ചിന്തികള്‍ വിശാലമാവട്ടെ..

സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ..