Saturday, February 18, 2017

അവർക്ക്‌ ദൈവത്തെ കാണണമത്രെ!എന്നെ സംബന്ധിച്ചിടത്തോളം ശാസ്ത്രമാണ്‌ അവസാന വാക്ക്‌. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതൊന്നും ഞാൻ അംഗീകരിക്കുകയില്ല. അത്‌ കൊണ്ട്‌ തന്നെയാണ്‌ ഞാൻ ദൈവത്തിൽ വിശ്വസിക്കാത്തതും, എന്നെനിക്ക്‌ ശാസ്ത്രം ദൈവത്തെ കാണിച്ചു തരുന്നുവോ അന്നേ ഞാൻ ദൈവത്തിൽ വിശ്വസിക്കുകയുള്ളൂ.` ഒരു യുക്തിവാദി സുഹൃത്തിന്റെ വാക്കുകളാണിവ. ശാസ്ത്രത്തിലുള്ള ജ്ഞാനവും വിനയവും കൂടിച്ചേർന്നാൽ ഒരാൾ ദൈവവിശ്വാസിയും അൽപജ്ഞാനവും അഹങ്കാരവും കൂടിച്ചേർന്നാൽ ഒരാൾ ദൈവനിഷേധിയുമാകുന്നു എന്നാരോ പറഞ്ഞതിനെ സാധൂരികരിക്കുന്ന യുക്തിവാദികളുടെ പതിവ്‌ ക്ളീഷേ ഡയലോഗുകളിൽ ഒന്ന്‌ മാത്രമാണിത്‌.

ആത്മാവ്‌ എന്ത്‌?, ജീവോല്പത്തി എങ്ങനെ?, ധർമവും അധർമവും എന്ത്‌, എന്തിന്‌? ജീവിതത്തിന്റെ ലക്ഷ്യമെന്ത്‌? എന്ന്‌ തുടങ്ങിയ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ ശാസ്ത്രത്തിനാവുമോ എന്നൊന്നും ഇവരോട്‌ ചോദിച്ചിട്ട്‌ കാര്യമില്ല, കാരണം അതൊക്കെ യുക്തിയുപയോഗിച്ച്‌ ചിന്തിക്കുന്നവരോട്‌ ചോദിക്കേണ്ടുന്ന ചോദ്യങ്ങളാണ്‌! അഥവാ E=m-c2 എന്ന ഫോർമുലക്ക്‌ ദ്രവ്യത്തെ പരിവർത്തിപ്പിച്ച്‌ എത്ര മാത്രം ഊർജ്ജം ലഭിക്കുമെന്ന്‌ മാത്രമേ പഠിപ്പിക്കാനാകൂ. ആ ഊർജ്ജം തന്റെ സഹോദരങ്ങളെ കൊന്നൊടുക്കാനും ഉപദ്രവിക്കാനും ഉപയോഗിക്കരുതെന്ന വിവരം നൽകുന്നില്ല. ഈ കണ്ടുപിടിത്തമുപയോഗിച്ച്‌ ഹിരോഷിമയിലും നാഗസാക്കിയിലും ലോകമനസ്സാക്ഷിയെ ഞെട്ടിച്ച കൊടുംക്രൂരത നടമാടിയപ്പോൾ ഐൻസ്റ്റീന്‌ ലോകത്തോട്‌ `മനുഷ്യരാകൂ. മാനവികതയെ ഓർമിക്കൂ.` എന്ന്‌ വിളിച്ചു പറയേണ്ടി വന്നതും അത്‌ കൊണ്ട്‌ തന്നെയാണ്‌. ഒരു പരീക്ഷണ ശാലയിലും ഈ പറഞ്ഞ `മാനവികത`യെന്തെന്ന്‌ ഗവേഷണം നടത്തി കണ്ടുപിടിക്കാനാവുകയുമില്ല. അതുകൊണ്ട്‌ തന്നെ ശാസ്ത്രത്തിനപ്പുറമൊന്നുമില്ല എന്ന്‌ പറയുന്നവർ ശാസ്ത്രമെന്തെന്നു പോലും അറിയാത്തവരാണ്‌.

Tuesday, February 7, 2017

വെറുമെഴുത്തല്ല ഇ-എഴുത്ത്‌

നേർപഥം വാരികയിൽ പ്രസിദ്ധീകരിച്ചത്‌ 


എന്റെ ഇക്കയല്ലാതെ മറ്റാരുമെന്നെ തൊടരുത്‌`- മാധ്യമങ്ങൾ ഏറെ കൊട്ടിഘോഷിച്ച `വാർത്ത`യായിരുന്നു അത്‌. മുസ്ലിം നവദമ്പതികൾ അപകടത്തൽപ്പെട്ട്‌ പുഴയിൽ വീഴുന്നു. ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാനാവാതെ നീന്തലറിയാത്ത ഭർത്താവ്‌ ഒച്ചവെക്കുന്നു. നാട്ടുകാർ ഓടിയടുക്കുന്നു. ഇതിനിടയിൽ ഒരു പട്ടാളക്കാരൻ രക്ഷകനായി അവതരിക്കുന്നു. നാട്ടുകാർ നോക്കിനിൽക്കെ അദ്ദേഹം സ്ത്രീയെ രക്ഷിക്കാൻ വേണ്ടി എടുത്തു ചാടുന്നു. ദേ വീണ്ടും ക്ളൈമാക്സ്‌! തന്റെ ഭർത്താവല്ലാതെ ആരും തന്നെ തൊട്ടുപോകരുത്‌ എന്ന്‌ ആ സ്ത്രീ വിളിച്ചു പറയുന്നു. നിസ്സഹായനായി നോക്കിനിൽക്കുന്ന ഭർത്താവ്‌! രക്ഷിക്കാൻ വിളിച്ചു കൂവുന്ന നാട്ടുകാർ.. തൊടരുതെന്ന്‌ പറയുന്ന സ്ത്രീ.. എന്തുചെയ്യണമെന്നറിയാതെ പകച്ച്‌ നിൽക്കുന്ന നായകൻ... അവസാനം രണ്ടുംകൽപിച്ച്‌ നായകൻ സ്ത്രീയെ രക്ഷിക്കുന്നു... ഡിം! കഥ കഴിഞ്ഞു!!


സൂപ്പർമാൻ, സ്പൈഡർമാൻ പോലുള്ള കാർട്ടൂൺ കഥകളിൽ കാണുന്ന കഥയില്ലിത്‌! മാധ്യമങ്ങളിൽ പൊടിപ്പും തൊങ്ങലും വെച്ചെഴുതിപ്പിടിപ്പിച്ച നല്ല ഒന്നാന്തരം `വർത്ത`യാണിത്‌! വായിച്ചവർ വായിച്ചവർ താടിക്ക്‌ കയ്യും കൊടുത്ത്‌ `സഹതാപം` പ്രകടിപ്പിച്ചു. പീടികക്കോലായകളിൽ വെടിപറച്ചിലിന്‌ പുതിയ `ത്രെഡ്‌` കിട്ടി... ബുദ്ധിജീവികൾ സംഭവത്തെ `താത്വികമായി` അവലോകനം ചെയ്തു. ആകെക്കൂടി പൊടിപൂരം തന്നെ!