എന്നെ സംബന്ധിച്ചിടത്തോളം ശാസ്ത്രമാണ് അവസാന വാക്ക്. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതൊന്നും ഞാൻ അംഗീകരിക്കുകയില്ല. അത് കൊണ്ട് തന്നെയാണ് ഞാൻ ദൈവത്തിൽ വിശ്വസിക്കാത്തതും, എന്നെനിക്ക് ശാസ്ത്രം ദൈവത്തെ കാണിച്ചു തരുന്നുവോ അന്നേ ഞാൻ ദൈവത്തിൽ വിശ്വസിക്കുകയുള്ളൂ.` ഒരു യുക്തിവാദി സുഹൃത്തിന്റെ വാക്കുകളാണിവ. ശാസ്ത്രത്തിലുള്ള ജ്ഞാനവും വിനയവും കൂടിച്ചേർന്നാൽ ഒരാൾ ദൈവവിശ്വാസിയും അൽപജ്ഞാനവും അഹങ്കാരവും കൂടിച്ചേർന്നാൽ ഒരാൾ ദൈവനിഷേധിയുമാകുന്നു എന്നാരോ പറഞ്ഞതിനെ സാധൂരികരിക്കുന്ന യുക്തിവാദികളുടെ പതിവ് ക്ളീഷേ ഡയലോഗുകളിൽ ഒന്ന് മാത്രമാണിത്.
ആത്മാവ് എന്ത്?, ജീവോല്പത്തി എങ്ങനെ?, ധർമവും അധർമവും എന്ത്, എന്തിന്? ജീവിതത്തിന്റെ ലക്ഷ്യമെന്ത്? എന്ന് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശാസ്ത്രത്തിനാവുമോ എന്നൊന്നും ഇവരോട് ചോദിച്ചിട്ട് കാര്യമില്ല, കാരണം അതൊക്കെ യുക്തിയുപയോഗിച്ച് ചിന്തിക്കുന്നവരോട് ചോദിക്കേണ്ടുന്ന ചോദ്യങ്ങളാണ്! അഥവാ E=m-c2 എന്ന ഫോർമുലക്ക് ദ്രവ്യത്തെ പരിവർത്തിപ്പിച്ച് എത്ര മാത്രം ഊർജ്ജം ലഭിക്കുമെന്ന് മാത്രമേ പഠിപ്പിക്കാനാകൂ. ആ ഊർജ്ജം തന്റെ സഹോദരങ്ങളെ കൊന്നൊടുക്കാനും ഉപദ്രവിക്കാനും ഉപയോഗിക്കരുതെന്ന വിവരം നൽകുന്നില്ല. ഈ കണ്ടുപിടിത്തമുപയോഗിച്ച് ഹിരോഷിമയിലും നാഗസാക്കിയിലും ലോകമനസ്സാക്ഷിയെ ഞെട്ടിച്ച കൊടുംക്രൂരത നടമാടിയപ്പോൾ ഐൻസ്റ്റീന് ലോകത്തോട് `മനുഷ്യരാകൂ. മാനവികതയെ ഓർമിക്കൂ.` എന്ന് വിളിച്ചു പറയേണ്ടി വന്നതും അത് കൊണ്ട് തന്നെയാണ്. ഒരു പരീക്ഷണ ശാലയിലും ഈ പറഞ്ഞ `മാനവികത`യെന്തെന്ന് ഗവേഷണം നടത്തി കണ്ടുപിടിക്കാനാവുകയുമില്ല. അതുകൊണ്ട് തന്നെ ശാസ്ത്രത്തിനപ്പുറമൊന്നുമില്ല എന്ന് പറയുന്നവർ ശാസ്ത്രമെന്തെന്നു പോലും അറിയാത്തവരാണ്.
പദാർഥങ്ങളെ കുറിച്ചുള്ള പഠനമാണ് ശാസ്ത്രം. പദാർഥം എങ്ങനെ പെരുമാറുന്നു എന്നതാണ് ശാസ്ത്രത്തിന്റെ ചർച്ചാ മേഖല. അതിന്റെ മാർഗങ്ങളാകട്ടെ നിരീക്ഷണങ്ങളും പരീക്ഷണങ്ങളുമാണ്. എന്നിരിക്കെ പദാർഥത്തിനു അതീതനായ ഒരു ശക്തിയെക്കുറിച്ച് എങ്ങനെ ശാസ്ത്രത്തിനു പറയാനാകും? ഒന്നുകൂടി ലളിതമായി പറഞ്ഞാൽ പ്രപഞ്ചത്തിനകത്തുള്ളതിനെ കുറിച്ചുള്ള, അഥവാ സൃഷ്ടികളെ കുറിച്ചുള്ള പഠനമാണ് ശാസ്ത്രം. അതിനാൽ തന്നെ പ്രപഞ്ചാതീതനായ, പദാർഥാതീതനായ, സ്രഷ്ടാവായ ദൈവത്തെ കുറിച്ച് പഠിക്കാനും അറിയാനും ശാസ്ത്രത്തിന്റെ മാർഗങ്ങൾ അപര്യാപതമാണ്. എത്ര തന്നെ ശാസ്ത്രം മുന്നോട്ടു പോയാലും എത്ര ശക്തിയുള്ള ഉപകരണങ്ങൾ കണ്ടുപിടിച്ചാലും ദൈവത്തെ കാണാനാകുമെന്ന് വേദഗ്രന്ഥങ്ങളൊന്നും വാദിക്കുന്നുമില്ല.
ചിലർക്ക് ഇത്രയും കേട്ടാൽ മതിയാകും. `കൂടുതൽ വിശദീകരണങ്ങളൊന്നും വേണ്ട, ഏതായാലും ദൈവത്തെ ശാസ്ത്രം കണ്ടുപിടിച്ചു തരില്ലെന്ന് നിങ്ങൾ തന്നെ സമ്മതിച്ചല്ലോ. കൂടുതലൊന്നും കേൾക്കണ്ടാ` എന്ന് പറഞ്ഞ് ഒരു പോക്കാണ്. ശരിയാണ്, ്രെപെമറി വിദ്യാർഥിക്ക് മുൻപിൽ ട്രിഗോണോമെട്രി ക്ളാസെടുക്കുന്നത് പോലെയാണ് പോലെ യുക്തി(രഹിത)വാദിയോടു പ്രപഞ്ചാതീതവും പദാർഥാതീതവുമായ ശക്തിയെക്കുറിച്ചൊക്കെ സംസാരിക്കുന്നത്. ശരി, യുക്തിവാദിയുടെ നിലവാരത്തിലേക്ക് താഴ്ന്നു കൊണ്ട് സംസാരിക്കാം. പ്രപഞ്ചത്തിന് അപ്പുറത്തുള്ള ശക്തിയെ കുറിച്ച് ശാസ്ത്രത്തിന് പറയാനാകുമോ എന്നതൊക്കെ അവിടെ നിൽക്കട്ടെ. പ്രപഞ്ചത്തിനുള്ളിലുള്ളതിനെ കുറിച്ചെങ്കിലും പൂർണമായി പറഞ്ഞ് തരാൻ ശാസ്ത്രത്തിനാകുമോ എന്നൊന്ന് ചെറിയ രണ്ട് ഉദാഹരണങ്ങൾ വെച്ച് പരിശോധിക്കാം.
സൂക്ഷ്മ പ്രപഞ്ചം
ആറ്റത്തിനേക്കാൾ ചെറുതായൊന്നുമില്ല എന്ന അജ്ഞതയിൽ നിന്നൊക്കെ ശാസ്ത്രം ഏറെ പുരോഗമിച്ചു കഴിഞ്ഞു. ഇലക്ട്രോണിന്റെയും പ്രോട്ടോണിന്റെയും ന്യൂട്രോണിന്റെയുമൊക്കെ ലോകത്ത് നടക്കുന്ന ഗവേഷണങ്ങൾ നമ്മെ കൂടുതൽ അമ്പരപ്പിലേക്കും ആശ്ചര്യത്തിലേക്കുമാണ് എത്തികുന്നത്. സൂക്ഷ്മപ്രപഞ്ചത്തിലെ ഈ സങ്കീർണതകൾ അതിസൂക്ഷ്മനായ ഒരു സ്രഷ്ടാവിന്റെ കരങ്ങൾ പ്രവർത്തിച്ചു എന്നതിനുള്ള തെളിവായാണ് വിനയമുള്ളവർക്ക് ബോധ്യമാവുക. അഹങ്കാരികൾ അതും `യാദൃച്ഛികത`യുടെ അക്കൗണ്ടിലേക്ക് വരവുവെച്ച് സ്വയം വിഡ്ഢികളാകുന്നു.
വിഷയത്തിലേക്ക് തിരിച്ചു വരാം. ഇലക്ട്രോണിന്റെ ദ്വൈതസ്വഭാവമാണ് (Dual Nature) ഇന്ന് ശാസ്ത്രലോകത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്. ഒരു ഇലക്ട്രോണിനെ വിശദീകരിക്കാൻ ?=h/p എന്ന ഡീബ്രോഗ്ലീ സമവാക്യം ഉപയോഗിക്കുമ്പോൾ ? തരംഗ സ്വഭാവത്തെയും (wave nature) ു പാർട്ടിക്കിൾ (particle) സ്വഭാവത്തെയും കുറിക്കുന്നു. പ്രശ്നം കൂടുതൽ സങ്കീർണമാക്കുകയാണ് ഹൈസൻബർഗിന്റെ `അനിശ്ചിതത്വ സിദ്ധാന്തം` (Heisenberg's Uncertaintiy Principle).
h/2p ~ ?x?p
ഇതനുസരിച്ച് ഇലക്ട്രോണിന്റെ സ്ഥാനവും മാസും പ്രവേഗവും ഒരേ സമയത്ത് കൃത്യമായി കണക്കാക്കാൻ സാധ്യമല്ല! ഇലക്ട്രോണിന്റെ സ്ഥാനം കണക്കാക്കാൻ നാമുപയോഗിക്കുന്ന വസ്തു അതിന്റെ പ്രവേഗത്തെയും പ്രവേഗം കണക്കാക്കാൻ ഉപയോഗിക്കുന്ന വസ്തു അതിന്റെ മാസിനെയും കാര്യമായി സ്വാധീനിക്കുന്നു എന്നത് കൊണ്ടാണത്രേ ഇത്.
ചുരുക്കത്തിൽ നിസ്സാരമായ ഒരു ഇലക്ട്രോണിന്റെ പോലും പൂർണമായി മനസ്സിലാക്കാൻ നമുക്ക് സാധ്യമല്ല! ഇനിയും നമ്മുടെ ഗവേഷണങ്ങൾക്ക് പരിധിയും പരിമിധികളുമില്ലെന്ന് വിളിച്ചു കൂവുന്നവർക്ക് എന്നാണ് നേരം വെളുക്കുക?! പദാർഥ ലോകത്തിലെ സൂക്ഷ്മതകൾ പോലും പൂർണമായി മനസ്സിലാക്കാൻ കഴിയാത്തവരാണ് പദാർഥാതീതനായ ശക്തിയെ കാണണമെന്ന് വാശി പിടിക്കുന്നത്. ഹാ കഷ്ടം!
സ്ഥൂലപ്രപഞ്ചം
പ്രപഞ്ചത്തിന്റെ വലിപ്പത്തെ കുറിച്ച് പൊട്ടക്കിണറ്റിലെ തവള പുറംലോകത്തെ കുറിച്ച് വാചാലനാകുന്നത് കണക്കെയാണ് നാമിന്നും സംസാരിക്കുന്നത്. ഇന്നും നമ്മുടെ ദൃഷ്ടികൾ ചെന്നെത്തുക കൂടി ചെയ്യാത്ത നക്ഷത്രങ്ങളുണ്ട്. ഭൂമിക്ക് പുറത്ത് ജീവയോഗ്യമായ ഒരു തുണ്ട് സ്ഥലമുണ്ടോ എന്ന ഗവേഷണം പോലും ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനിടയിൽ ഇവയ്ക്കൊക്കെ പരിഹാരമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ശാസ്ത്രം മുന്നോട്ടു കുതിക്കുകയാണ്, ആ കുതിപ്പിനിടയിൽ നമുക്ക് ഇന്ന് ചിന്തിക്കാൻ പോലുമാകാത്ത അത്ര ശക്തിയുള്ള ടെലെസ്കോപ്പുകൾ കണ്ടെത്തിയേക്കാം. കൂടുതൽ നക്ഷത്രങ്ങളെയും ഗാലക്സികളെയും കുറിച്ച് നമുക്ക് പഠിക്കാൻ സാധിച്ചേക്കാം. പക്ഷെ അവിടെയും പരിധികളുണ്ടെന്നാണ് ശാസ്ത്രം തന്നെ പറയുന്നത്. കാരണം പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് ശാസ്ത്രജ്ഞന്മാരുടെ മുഴുവൻ അഭിപ്രായം. ഊതിവീർപ്പിക്കുന്ന ഒരു ബലൂണിലെ പുള്ളികൾ തമ്മിൽ അകലുന്നത് പോലെ വികസിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ചത്തിനകത്തെ ഗ്യാലക്സികൾ തമ്മിൽ അകന്നു കൊണ്ടിരിക്കുകയാണ്.
അഥവാ മിൽകിവേ ഗ്യാലക്സിയിലാണ് നാമുള്ളത്. മറ്റു ഗ്യാലക്സികൾ നമ്മിൽ നിന്ന് അകന്നു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ അകന്നു പോകുന്നതിന്റെ വേഗത ഹബ്ൾ നിയമം (Hubble's Law) കണക്കുകൂട്ടുന്നത് ഇങ്ങനെയാണ്: v=Ho.D ഇതിൽ v എന്നാൽ ഗ്യാലക്സി അകലുന്നതിന്റെ വേഗത. Ho എന്നാൽ Hubble's Constant. (ഈ കോൺസ്റ്റന്റ് എത്രയാണ് എന്നതിനെ കുറിച്ച് ഇപ്പോഴും പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. 20km/sec/10,00,000 Light Years എന്ന സംഖ്യ തല്കാലമെടുക്കാം). D എന്നാൽ നമ്മിൽ നിന്നും ആ ഗ്യാലക്സിയിലേക്കുള്ള ദൂരം. ഇത് പ്രകാരം 1500 കോടി പ്രകാശവർഷമോ അതിലധികമോ അകലെയുള്ള ഗ്യാലക്സികൾ നമ്മിൽ നിന്ന് അകന്നു കൊണ്ടിരിക്കുന്നത് പ്രകാശത്തെക്കാൾ വേഗതയിലാണ്! എന്ന് വെച്ചാൽ അതിൽ നിന്നുള്ള പ്രകാശം ഒരിക്കലും നമ്മുടെ അടുത്ത് എത്തുകയില്ല.! അഥവാ എത്ര ശക്തിയുള്ള ദൂരദർശിനിയുണ്ടായാലും ആ ഗ്യാലക്സികളെക്കുറിച്ച് യാതൊരു അറിവും നമുക്ക് ലഭിക്കാൻ പോകുന്നില്ല! ഇങ്ങോട്ട് വരാത്ത പ്രകാശത്തെ പിടിച്ചെടുക്കാൻ എത്ര ശക്തിയുള്ള ടെലെസ്കോപ്പിനും കഴിയില്ലല്ലോ.
നോക്കൂ. 1500 കോടി പ്രകാശവർഷത്തിനകത്തെ വസ്തുക്കൾ മാത്രമേ എത്ര തന്നെ പുരോഗമിച്ചാലും നമുക്ക് കാണാൻ സാധിക്കൂ. കാണാത്തതൊക്കെ നിഷേധിക്കുന്നവർ അതിനപ്പുറത്തെ പദാർഥലോകത്തെ തന്നെ നിഷേധിക്കുമോ ആവോ?! മുൻവിധിയും അഹങ്കാരവും ഒഴിവാക്കി ചിന്തകളെ സ്വതന്ത്രമാക്കുന്ന ആർക്കാണിനിയും ഇത്തരം ബാലിശമായ ന്യായങ്ങൾ ആവർത്തിക്കാനാവുക?!
സ്ഥൂലപ്രപഞ്ചത്തെയും സൂക്ഷ്മപ്രപഞ്ചത്തെയും പോലും പൂർണമായി മനസ്സിലാക്കാനും പഠിക്കാനും നമുക്ക് സാധ്യമാകുന്നില്ല എന്ന യാഥാർത്യത്തിലേക്ക് വിരൽചൂണ്ടാൻ രണ്ട് ഉദാഹരണങ്ങൾ വിവരിച്ചു എന്ന് മാത്രം. ആ നാമാണോ പ്രപഞ്ചത്തിന് അതീതനായ ശക്തിയെ നമ്മുടെ ദുർബലമായ ഉപകരണങ്ങൾ കൊണ്ട് കണ്ടുപിടിക്കാൻ സാധിക്കുന്നില്ല എന്നത് കൊണ്ട് നിഷേധിക്കാനൊരുങ്ങുന്നത്? പദാർഥങ്ങളെ കുറിച്ച് പോലും പൂർണമായി പഠിക്കാൻ സാധിക്കാത്തവർ പദാർഥാതീതനെ കാണാൻ സാധിക്കുന്നില്ലെന്ന കാരണം പറഞ്ഞ് നിഷേധിക്കുന്നു! എന്തൊരു വിരോധാഭാസം?! ചുറ്റിലും ആ മഹാനായ സ്രഷ്ടാവിന്റെ കരങ്ങൾ പ്രവർത്തിച്ചതിന്റെ തെളിവുകളുണ്ടായിട്ടും, ഈ സങ്കീർണതകൾ പടച്ചവന്റെ കഴിവിനെയും മാഹാത്മ്യത്തെയും ബോധ്യപ്പെടുത്തുന്നതായിരുന്നിട്ടും എല്ലാം `യാദൃച്ഛിക`മെന്ന ഏറ്റവും വലിയ യുക്തിരഹിത `വിശ്വാസത്തെ` മുറുകെ പിടിക്കുന്നവർക്ക് ചിന്തിക്കാനും പഠിക്കാനും മനസ്സ് വിശാലമാകട്ടെ എന്ന് പ്രാർഥിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല.
(നേർപഥം വാരികയിൽ പ്രസിദ്ധീകരിച്ചത്)
No comments:
Post a Comment