Friday, March 17, 2017

ഇന്ത്യയുടെ ഡി.എൻ.എ ടെസ്റ്റ്‌ നടത്തുന്നവരോട്‌..



വ്യത്യസ്ത വര്‍ണങ്ങളിലും രൂപങ്ങളിലുമുള്ള പൂക്കളെയും ചെടികളെയും കൊണ്ട് നിറഞ്ഞ ഒരു മനോഹരമായ ഉദ്യാനം. ഉദ്യാനത്തിന്റെ ഭംഗി തന്നെ അതിലെ ചെടികളുടെയും പൂക്കളുടെയും നിറങ്ങളിലും രൂപങ്ങളിലുമുള്ള വൈവിധ്യമാണ്. പല സ്ഥലങ്ങളില്‍ നിന്നുമായി പൂന്തോട്ടക്കാരന്‍ കൊണ്ടുവന്ന് ഉദ്യാനത്തില്‍ നട്ടുവളര്‍ത്തിയ ചെടികളാല്‍ പൂന്തോട്ടം നിറഞ്ഞു. കണ്ണിനു കുളിരേകുന്ന തരത്തില്‍ അവ പൂത്തുലഞ്ഞു. അങ്ങനെയിരിക്കെയാണ് ആ മനോഹരമായ ഉദ്യാനത്തിലെ ചെടികള്‍ക്കിടയില്‍ ഒരു പ്രശ്‌നം ഉടലെടുക്കുന്നത്. കൂട്ടത്തിലൊരു ചെടി പൂന്തോട്ടത്തിന്റെ 'അവകാശികള്‍' തങ്ങള്‍ മാത്രമാണെന്ന് അവകാശപ്പെട്ടതായിരുന്നു പ്രശ്‌നത്തിന്റെ തുടക്കം. തങ്ങളാണ് ഈ ഉദ്യാനത്തില്‍ ഭൂരിപക്ഷമെന്നും പൂന്തോട്ടത്തിന്റെ തുടക്കം മുതല്‍ ഇവിടെയുള്ളത് തങ്ങളായിരുന്നു എന്നും ആ ചെടി വാദിച്ചു. മറ്റുള്ള ചെടികളെല്ലാം മറ്റു പല സ്ഥലങ്ങളില്‍ നിന്നായി ഇവിടേക്ക് 'പറിച്ചുനടപ്പെട്ട'താണെന്നും അവര്‍ക്ക് ഈ പൂന്തോട്ടത്തില്‍ സ്ഥാനമില്ലെന്നും അത് വാദിച്ചു. അവരെല്ലാം ഒന്നുകില്‍ പൂന്തോട്ടം വിടുകയോ അല്ലെങ്കില്‍ തങ്ങളുടെ നിറവും രൂപവും പ്രാപിക്കുകയോ വേണമെന്നും അത് ശഠിച്ചു! വൈവിധ്യം സൗന്ദര്യമാക്കിയ ഈ ഉദ്യാനത്തില്‍ നിന്ന് മറ്റെല്ലാത്തിനെയും പുറത്താക്കി ഒന്ന് മാത്രം മതിയെന്ന് ശഠിക്കുന്നത് മണ്ടത്തരമല്ലേ എന്ന ചോദ്യത്തിനൊന്നും അവിടെ പ്രസക്തിയുണ്ടായിരുന്നില്ല. ഉദ്യാനത്തിനുള്ളിലെ ഈ പ്രശ്‌നം കലശലായതോടെ പൂന്തോട്ടക്കാരന്‍ ഇടപെട്ടു. കാര്യങ്ങള്‍ കേട്ട ശേഷം അദ്ദേഹം പുഞ്ചിരിയോടെ ഒരു കഥ പറയാനാരംഭിച്ചു. ഈ പ്രശ്‌നക്കാരനായ ചെടിയെയും മറ്റൊരിടത്ത് നിന്ന് ഇങ്ങോട്ടേക്ക് പറിച്ചു നട്ട കഥ!