Tuesday, August 28, 2012

കള്ളന്മാരില്ലാത്ത നാട്ടിൽ.. (ഒരു ലക്ഷദ്വീപ് യാത്ര)

ലക്ഷദ്വീപ് യാത്രയെ പറ്റി കേട്ടപ്പോള്‍ തന്നെ മനസ്സില്‍ ആവേശവും സന്തോഷവുമായിരുന്നു.. പവിഴപ്പുറ്റുകളാല്‍ സമ്പന്നമായ മരതക ദ്വീപുകളെ കുറിച്ച് കേട്ടിരുന്നതല്ലാതെ ഇതു വരെ നേരിൽ കാണാനുള്ള അവസരമുണ്ടായിരുന്നില്ല. മാത്രമല്ല,ആദ്യമായി കപ്പലിൽ യാത്ര ചെയ്യുന്നതിലുള്ള സന്തോഷവുമുണ്ടായിരുന്നു ഈ ലക്ഷദ്വീപ് യാത്രക്ക്.. ഒന്നിനൊന്ന് വ്യത്യസ്തമായ 36 ദ്വീപുകൾ.. അവയിൽ വ്യത്യസ്ത സംസ്കാരം നിറഞ്ഞ പത്ത് ദ്വീപുകളുടെ കൂട്ടം.. കടലിനു മുകളിൽ, തിരകളുടെ തലോടലേറ്റ്, അതിഥികളെ വരവേറ്റ് ഒരു കൌതുകമായി അവ നിലനിൽക്കുന്നു..

1.

മെയ് 17 നു രാത്രി ഒരു മണിക്ക് കണ്ണൂരിലുള്ള വീട്ടിൽ നിന്ന് ഞാനും കുടുംബവും കാറിൽ എറണാകുളത്തേക്ക് തിരിച്ചു. എറണാകുളത്തെ ഒരു പരിചയക്കാരന്റെ വീട്ടിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷം 8 മണിക്ക് കൊച്ചി ഷിപ് യാർഡിലെത്തി. ദൂരെ നിന്ന് തന്നെ കടലിനു മുകളിലെ മണി മാളികപോലെ തലയുയർത്തി നിൽക്കുന്ന കവരത്തി കപ്പലിനെ കാണാമായിരുന്നു..

ആകാംക്ഷ നിറഞ്ഞ മനസ്സുമായി ഞങ്ങൾ ക്യൂ നിന്നു - കയറുകൊണ്ടുള്ള കോണി വഴി കപ്പലിൽ കയറി. ആശയക്കുഴപ്പുണ്ടാക്കുന്ന ഇടവഴികളും ബ്ലോക്കുകളും ചുറ്റി അവസാനം ഞങ്ങൾ ബുക്ക് ചെയ്ത മുറിയിലെത്തി.. ചെറിയൊരു വീട് തന്നെ.. രണ്ട് ബെഡ്ഡുകൾ, അലമാര, മേശ, ലൈഫ് ജാക്കറ്റുകൾ...


കപ്പൽ വിടുമ്പോൾ ചർദ്ദി വരാൻ സാധ്യതയുണ്ട് എന്നൊക്കെ കേട്ടതിനാൽ അൽപം ഗുളികകൾ കയ്യിൽ കരുതിയിരുന്നു.. പക്ഷെ ഒരു ചർദ്ദിയും വന്നില്ല.. കപ്പൽ കൊച്ചി കായൽ വിട്ട് കടലിലേക്ക് കടക്കുകയാണ്. മൊബൈലിൽ റേഞ്ച് കുറയുന്നതിനുസരിച്ച് തീരത്തേക്കുള്ള ദൂരം കൂടി വരുന്നത് ഞാനറിഞ്ഞു.. അത്ഭുതം കൊണ്ട് കപ്പൽ മുഴുവൻ ചുറ്റിക്കറങ്ങി.. റൂമുകൾ, അടുക്കള, വരാന്ത,പ്രാർഥനാ ഹാൾ, തീയേറ്റർ, ബാത് റൂം, എല്ലാറ്റിനും മുകളിലായി ഹെലി പാഡ്.. കപ്പലിനെ കുറിച്ച് ഇതു വരെ കേട്ടിരുന്നതൊന്നും ഒന്നുമല്ലായിരുന്നു എന്ന് മനസ്സിലായി. വൈകുന്നേരത്തെ അസ്തമയ സൂര്യനേയും കണ്ട്, രാത്രി ഭക്ഷണവും കഴിച്ച് ഉറങ്ങാൻ കിടന്നു.. നാളെ ദ്വീപ് കാണും... മിനിക്കോയ് ദ്വീപ്...

2.

പിറ്റേന്ന് അതിരാവിലെ തന്നെ എഴുന്നേറ്റ് പ്രഭാതകർമ്മങ്ങൾക്ക് ശേഷം കാന്റീനിൽ പോയി ഭക്ഷണം കഴിച്ചു. പത്ത് മണിയായപ്പോഴേക്കും മിനിക്കോയ് ദ്വീപിലിറങ്ങാൻ വേണ്ടി കപ്പൽ നിർത്തി. ബോട്ടിൽ കയറി ദ്വീപിലേക്ക്.. അൽപ നേരത്തെ ബോട്ട് യാത്ര കഴിഞ്ഞ് ദ്വീപിലേക്ക് കയറുമ്പോൾ തന്നെ വരവേറ്റത് രണ്ടു പോലീസുകാരായിരുന്നു.. ചെക്കിംഗ് ആണത്രേ.. അതൊക്കെ കഴിഞ്ഞ് ദ്വീപിലെ ഒരു പരിചയക്കാരന്റെ വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ഒരു കാര്യം മനസ്സിലായി.. ഇതൊരു സൈക്കിൾ ദ്വീപാണ്.. വയസന്മാരും, സ്ത്രീകളും, കുട്ടികളും, എന്തിനേറെ ഞങ്ങളെ കൂട്ടാൻ വന്നയാൾ വരെ സൈക്കിളിൽ.. ഭക്ഷണത്തിനു ശേഷം ഞങ്ങളെ ദ്വീപ് കാണിക്കാൻ ഒരു ഡോക്ടർ വരുമെന്ന് പറഞ്ഞിരുന്നു. കാറിന്റെ ഹോണും പ്രതീക്ഷിച്ചിരുന്ന ഞങ്ങൾ കേട്ടത് ‘ണിം,ണിം‘ എന്ന സൈക്കിൾ ബെൽ.! പടച്ചോനേ, ദേ വരുന്നൂ, ഡോക്ടറും സൈക്കിളിൽ..! സൈക്കിളിൽ വന്ന ഡോക്ടറുമായി ദ്വീപ് മുഴുവൻ ചുറ്റിക്കറങ്ങി. മാലിദ്വീപിനോടടുത്തുള്ള ഈ ദ്വീപിനെ “സ്ത്രീകളുടെ ദ്വീപ്” എന്ന് മാർക്ക് പോളോ വിശേഷിപ്പിക്കാനുള്ള കാരണം ആരും പറയാതെ തന്നെ മനസ്സിലായി.. പുരുഷന്മാരിലധികവും കപ്പൽ ജോലിക്കാരായി ലോകം ചുറ്റുന്നു, ബാക്കിയുള്ളവർ ‘സ്ത്രീയാധിപത്യം’ സഹിച്ച് ഒതുങ്ങിക്കൂടുന്നു.. പ്രത്യേക വസ്ത്ര ധാരണത്തോടെ സൈക്കിളിൽ ചുറ്റുന്ന സ്ത്രീകൾ ഒരു കൌതുകമായിരുന്നു.. മലയാളവും ഉണ്ടെങ്കിലും ഈ ദ്വീപിൽ മാലിദ്വീപിലെ ‘ദിവേഹി’ ഭാഷയാണ് സംസാരിക്കുന്നത്. ഉച്ചയായപ്പോഴേക്ക് കപ്പലിലേക്ക് ബോട്ട് മാർഗം തിരിച്ചെത്തി.

ഇനി നാളെയേ അടുത്ത ദ്വീപായ കൽ‌പ്പേനിയിലെത്തൂ.. അതുവരെ കപ്പൽ ഒന്നുകൂടി ചുറ്റിക്കളയാം എന്ന് തീരുമാനിച്ചു. തീയേറ്ററിൽ പോയി നോക്കുമ്പോൾ അവിടെ ഹിന്ദിയിൽ എന്തോ പരിപാടി നടക്കുന്നു. ഒന്നും മനസ്സിലായില്ലെങ്കിലും, കുറച്ച് നേരമവിടെയിരുന്നു. പിന്നെ പുറത്തിറങ്ങി കപ്പലിന്റെ മുകൾ തട്ടിലേക്ക്.. ആദ്യം കണ്ടത് ഉപ്പില്ലാത്ത കഞ്ഞി പോലെ  വെള്ളമില്ലാത്ത ഒരു സ്വിമ്മിംഗ് പൂൾ..! പിന്നെ വീണ്ടും കോണി കയറി ഹെലിപാഡിലേക്ക്, ഹെലികോപ്ടറൊന്നുമില്ലായിരുന്നു എങ്കിലും കാറ്റു കൊണ്ടവിടെ നിൽക്കാൻ, താഴെയുള്ള കരകാണാ കടൽ നോക്കിയിരിക്കാൻ ഒരു സുഖം.. പെട്ടെന്നാണ് രണ്ടു മൂന്ന് സായിപ്പുമാരും മദാമമാരും അതിനും മുകളിലുള്ള ഡെക്കിൽ കയറി കാറ്റു കൊള്ളുന്നത് കണ്ടത്. ഞാനും അവിടെ കയറി നിന്നു. കുറച്ചു നേരം കഴിഞ്ഞ് ചുറ്റും നോക്കിയപ്പോഴതാ വീണ്ടുമൊരു കോണി കൂടി.. കപ്പലിന്റെ എത്താവുന്നതിൽ വെച്ചേറ്റവും മുകളിലുള്ള സ്ഥലം. അവിടേക്ക് കയറാൻ പാടില്ലെന്നാണ് നിയമം എന്ന് തോന്നുന്നു.. അത് നിയമമല്ലേ.. ഏതായാലും ഞാൻ അവിടേക്കും വെച്ച് കയറി..

എവിടെയെങ്കിലും പിടിച്ചില്ലെങ്കിൽ താഴേക്ക് വീഴും എന്ന് തോന്നുന്ന തരത്തിൽ വീശിയടിക്കുന്ന കാറ്റ്..താഴോട്ട് നോക്കുമ്പോൾ പലരും അത്ഭുതത്തോടെയും ഭീതിയോടെയും എന്നെ നോക്കുന്നു.. ഏതായാലും കിട്ടിയ അംഗീകാരമല്ലേ, വിലകുറക്കണ്ട എന്നു കരുതി എവറസ്റ്റ് കീഴടക്കിയ ഭാവത്തിൽ ഞാനും നെഞ്ചും വിരിച്ച് നിന്നു..ഈർക്കിൽ കൊള്ളി പോലുള്ള ഞാൻ ഇനിയും അവിടെ നിന്നാൽ പാറിപ്പോകും എന്ന് മനസ്സിലാക്കി താഴോട്ടിറങ്ങി, സായിപ്പുമാരോടൊത്ത് ഫോട്ടോക്ക് പോസ് ചെയ്ത ശേഷം റൂമിലെത്തി.. ഭക്ഷണവും കഴിച്ച്, രാത്രിയിലെ സുന്ദരമായ നടുക്കടലിനേയും നോക്കി അൽപ നേരം നിന്ന ശേഷം ഉറങ്ങി.. നാളെ, കൽ‌പ്പേനി ദ്വീപിൽ...

3.

കൽ‌പ്പേനി ദ്വീപിന്റെ നീണ്ടു നിൽക്കുന്ന പച്ചക്കര കണ്ടുകൊണ്ടാണ് പിറ്റേ ദിവസം ഉണർന്നത്. ഇറങ്ങാനായി ബാഗുകളുമെടുത്ത് താഴെയെത്തി. വലിയ കപ്പലിൽ നിന്ന് ചെറിയ ബോട്ടിലേക്കുള്ള ഇറക്കവും കയറ്റവും രസകരവും സാഹസികവുമാണ്. ഇളകിക്കളിക്കുന്ന വെള്ളത്തിൽ ബോട്ട് പൊങ്ങി കപ്പലിനു സമാനമായി വരുമ്പോൾ കയർ പിടിച്ച് ബോട്ടിലേക്ക് ചാടണം. ഇരു ഭാഗത്തും സെക്യൂരിറ്റികൾ ഉണ്ടെങ്കിലും പേടിയാകും.. കാലെങ്ങാനും തെറ്റിയാൽ കടലിലായിരിക്കും ശരീരം. എങ്ങനെയൊക്കെയോ ബോട്ടിൽ കയറിപ്പറ്റി. വെറും പതിനഞ്ച് മിനുറ്റ് കൊണ്ട് ഞങ്ങൾ കൽ‌പ്പേനി ദ്വീപിലെത്തി. പരിചയക്കാരനായ ഡോ.അൻവർ കാത്ത് നിൽക്കുന്നുണ്ടായിരുന്നു..

മിനിക്കോയ് ദ്വീപിനെ അപേക്ഷിച്ച് കേരളത്തിന്റെ അന്തരീക്ഷം കൂടുതലുള്ളത് ഇവിടെയാണ് എന്ന് തോന്നി. ഒരിക്കൽ ഒരു വീടിന്റെ പിൻഭാഗം പോലും തുറന്നിട്ട് പുറത്തിറങ്ങുന്നതിന്റെ കാരണമന്വേഷിച്ചപ്പോൾ അവർ പറഞ്ഞത് ഇവിടെ കള്ളന്മാരില്ല എന്നായിരുന്നു(!?). ദ്വീപിലെ എല്ലാവർക്കും പരസ്പരം അറിയുന്നത് കൊണ്ടാണത്രേ ഇത്.! കാക്കകളും കള്ളന്മാരുമില്ലാത്ത ദ്വീപിൽ ഒരാഴ്ചത്തെ ജീവിതം ഒരനുഭവം തന്നെയായിരുന്നു. കൽ‌പ്പേനിയിലെ തെക്കേ ഭാഗത്തുള്ള ടൂറിസ്റ്റ് ഹട്ടുകൾ മുതൽ ജനവാസം തീരെയില്ലാത്ത വടക്കേ ഭാഗം വരെ വിസ്തരിച്ച് കണ്ടു. തിരകളില്ലാത്ത കടലിൽ കുളിയും പുറ്റ് ശേഖരവുമെല്ലാം ഭംഗിയായി നടന്നു. ഇതിനിടയിൽ അമേനി ദ്വീപും കൽ‌പ്പേനി ദ്വീപും തമ്മിലുള്ള ക്രിക്കറ്റ് മാച്ചും കാണാനിടയായി. ലൈറ്റ് ഹൌസിൽ കയറി ദ്വീപ് ഒറ്റനോട്ടത്തിൽ കണ്ടത് ഒരു അനുഭവം തന്നെയായിരുന്നു..

4. 

ഏകദേശം ഒരാഴ്ച്ചത്തെ കൽ‌പ്പേനി ദ്വീപ് വാസത്തിനു ശേഷം സ്പീഡ് ബോട്ടിൽ ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തി ദ്വീപിലേക്ക് തിരിച്ചു. കടലിലെ വിമാനം എന്നറിയപ്പെടുന്ന സ്പീഡ് ബോട്ടിൽ ഒരു ദിവസത്തെ യാത്രാ ദൂരം നാല് മണിക്കൂർ കൊണ്ട് സഞ്ചരിച്ചു. വികസനം ദ്വീപിന്റെ മുഖച്ഛായ തന്നെ മാറ്റിയതിനാൽ ഈ ദ്വീപിൽ മറ്റു ദ്വീപുകളിൽ നിന്ന് വ്യത്യസ്തമായ ഒരു അന്തരീക്ഷമുള്ളതായിട്ടാണ് എനിക്ക് തോന്നിയത്. വിവിധ ജലക്രീഡാ വിനോദങ്ങൾക്കും വെയിൽ കായുന്നതിനും അനുയോജ്യമാണ് കവരത്തി ദ്വീപ്. ഒരു പരിചയക്കാരന്റെ വീട്ടിൽ പോയി ക്ഷീണം തീർത്ത ശേഷം സമുദ്ര ജീവി പ്രദർശന ശാലയിൽ പോയി. പല ജലജീവികളുടെയും ജീവനുള്ളതും ഇല്ലാത്തതുമായ ഒരു വലിയ ശേഖരം തന്നെയായിരുന്നു അത്. ഞങ്ങളെ ഏറെ അത്ഭുതപ്പെടുത്തിയത് സുതാര്യമായ അടിത്തട്ടുകളുള്ള ഗ്ലാസ് ബോട്ടിലെ കടൽ യാത്രയായിരുന്നു. അടിത്തട്ട് ലെൻസ് ഘടിപ്പിച്ച ഗ്ലാസ് ആയതിനാൽ സമുദ്ര ജീവിതം നേരിൽ കാണാൻ കഴിയും. നാനവർണ്ണങ്ങളണിഞ്ഞ പവിഴപ്പുറ്റുകൾ, കടലാമകൾ, മുത്തുകൾ വിതറിയത് പോലെ ചെറുമീനുകൾ, അവയ്ക്കു പിന്നാലെ പായുന്ന വലിയ മത്സ്യങ്ങൾ.. കുന്നുകളും ഗർത്തങ്ങളുമടങ്ങിയ വലിയൊരു സാമ്രാജ്യം തന്നെ കടലിനടിയിലുമുണ്ടെന്ന് തിരിച്ചറിയുമ്പോൾ അറിയാതെ പറഞ്ഞു പോകും, “ഇതിന്റെയൊക്കെ സൃഷ്ടാവ് എത്ര പരിശുദ്ധൻ, ഇവയൊക്കെ തനിയെ ഉണ്ടായതാണെന്ന് പറയുന്നവനെത്ര വിഡ്ഡി..”

 

കയ്യിലുള്ള ബ്രഡ് പൊടിച്ചു നൽകുമ്പോൾ ഓടിയടുക്കുന്ന മത്സ്യങ്ങൾ കുളിര് നൽകുന്ന ഒരു കാഴ്ച്ച തന്നെയായിരുന്നു. ഗ്ലാസ് ബോട്ടിനടിയിൽ ഘടിപ്പിച്ച ലെൻസ് കടലിനടിയിലെ കാണാകാഴ്ച്ചകൾ കൂടുതൽ വ്യക്തമാക്കി. കരയിലേക്ക് തിരിച്ചെത്തി തീർത്തുകൂടെ അൽപം നടന്നു. കവരത്തി ദ്വീപ് കൂടുതൽ കാണാൻ സാധിച്ചില്ല. പെട്ടെന്ന് നാട്ടിലെത്തേണ്ട ചില കാരണങ്ങളുണ്ടായതിനാൽ 27 നു രാത്രി “ടിപ്പു സുൽത്താൻ” കപ്പലിൽ നാട്ടിലേക്ക് പോകാമെന്നുറച്ചു..

5. 

കവരത്തിയിൽ നിന്ന് ബോട്ടിൽ ടിപ്പു സുൽത്താൻ കപ്പലിനടുത്തെത്തിയപ്പോൾ മറ്റൊരു ബോട്ടിൽ നിന്ന് ആളെ കയറ്റുകയായിരുന്നു. അതിനാൽ അൽപ സമയം ഞങ്ങളുടെ ബോട്ട് കടലിൽ തന്നെ വെക്കേണ്ടി വരും. എന്നാൽ തുള്ളിക്കളിക്കുന്ന സമുദ്രജലത്തിനു മുകളിൽ ബോട്ട് തൊട്ടിലു പോലെ ആടിക്കളിക്കാൻ തുടങ്ങി. ഗ്ലാസ് ബോട്ടിൽ സഞ്ചരിച്ചത് കൊണ്ട് കടലിന്റെ ആഴത്തെ കുറിച്ച് ഏകദേശ ധാരണയുള്ള ഞങ്ങൾ പേടിച്ചു വിളിച്ചു. പലരും കപ്പലിനെയും നിയന്ത്രിക്കുന്നവരുടെ തന്തമാരെ മാറിമാറി വിളിക്കുന്നത് കേൾക്കാമായിരുന്നു.. ജീവിതം ഇവിടെ അവസാനിക്കുകയാണോ എന്ന് പോലും തോന്നിപ്പോയ നിമിഷങ്ങൾ.. ഒരറ്റം താഴുമ്പോൾ മറ്റേ അറ്റം കാണണമെങ്കിൽ തലയുയർത്തി നോക്കണം.! ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തിൽ ബോട്ട് ഡ്രൈവർ.! ഭീതിജനകമായ നിമിഷങ്ങൾക്കറുതി വരുത്തിക്കൊണ്ട് ബോട്ട് കപ്പലിടുത്തേക്ക് വിട്ടു. എങ്ങനെയൊക്കെയോ കപ്പലിൽ കയറിപ്പറ്റി..

നോക്കുമ്പോൾ ഓരോ മൂലയും ചർദ്ദിയും മറ്റുമായി അലങ്കോലപ്പെട്ട് കിടക്കുന്ന ഒരു കപ്പൽ. പെട്ടെന്നുള്ള ബുക്കിംഗായതിനാൽ ഏറ്റവും താഴെ നിലയിലുള്ള ഒരു റൂമാണ് കിട്ടിയത്. അതെ, കടലിനടിയിൽ ഒരു രാത്രി. അതെ, കടലിനടിയിൽ ഒരു രാത്രി.. എങ്ങനെയൊക്കെയോ ഉറങ്ങി എന്നു വരുത്തിത്തീർത്ത ശേഷം  ജനൽ പോലുമില്ലാത്ത ഇടുങ്ങിയ മുറിയിൽ ഇരിക്കാതെ മുകളിൽ പോയി ഇരുന്നു. രാഷ്ട്രീയ-മത സൌഹൃദ ചർച്ചകളുമായി വൈകുന്നേരമാക്കിച്ചു. രാത്രി പത്ത് മണിയായപ്പോഴേക്ക് ദീപാലംകൃതമെന്ന പോലെ കത്തിത്തിളങ്ങുന്ന കൊച്ചിയെ കാണാൻ തുടങ്ങി.. മൊബൈലിൽ റെയിഞ്ച് കൂടും തോറും തീരത്തേക്കുള്ള അകലം കുറഞ്ഞു വരുന്നു.. “പതിനേഴ് ദിവസത്തെ ദ്വീപ്-വാസത്തിനു ശേഷം എന്റെ നാടേ, കേരളമേ, ഞാനിതാ തിരിച്ചെത്തിയിരിക്കുന്നു...” ബസ്സിലേക്ക് നടക്കുന്നതിനിടയിൽ കണ്ട രാഷ്ട്രീയ പോസ്റ്ററുകൾ എന്റെ വരികളെ പൂർത്തിയാക്കും വിധമായിരുന്നു “...കള്ളന്മാരില്ലാത്ത നാട്ടിൽ നിന്ന് പെരും കള്ളന്മാരുടെ നാട്ടിലേക്ക്, ഞാനിതാ തിരിച്ചെത്തിയിരിക്കുന്നു...”

വാൾ” കഷ്ണം : ദ്വീപിലേക്ക് പോകാൻ ആഗ്രഹമുണ്ടെങ്കിൽ ഷെഡ്യൂളുകൾ ഈ ലിങ്കിൽ കിട്ടും : http://lakshadweep.nic.in/
Related Post: ഒരു മൈസൂർ യാത്രയും കുറേ ബസ്സുകളും..

45 comments:

  1. ലക്ഷദീപ് യാത്ര നല്ല അനുഭവം, നല്ല പോസ്റ്റ്
    കള്ളന്മാർ ഇല്ലാത്ത നാട്ടിൽ ഒരു പെരുങ്കള്ളൻ കാലുകുത്തി എന്നും പറയാം അല്ലേ ഹിഹിഹ്

    കുറച്ചു കൂടീ ഫോട്ടോസ് പോസ്റ്റിൽ വേണം, അതു ദ്വീപുകളുടെ ഒക്കെ ഫോട്ടൊ ഉണ്ടെങ്കിൽ കിടിലൻ പോസ്റ്റ് തന്നെ ആയിരിക്കും

    ആശംസകൾ

    പിന്നെ ഒരു സ്വകാര്യം യാത്ര ചിലവും അതിന്റെ സെറ്റപ്പും ഒക്കെ എങ്ങനെയാ, നാട്ടിൽ വരുമ്പോൾ ഒരു യാത്ര നടത്താനാണ്

    ReplyDelete
    Replies
    1. ഷാജൂക്കാ,, വേണ്ടാട്ടോ... കള്ളന്‍ കാലു കുത്താന്‍ പോകുന്നെ ഉള്ളൂ (നാട്ടിൽ വരുമ്പോൾ ഒരു യാത്ര നടത്താനാണ് - - ഷാജു ) ... ഫോട്ടോകള്‍ കൂടുതല്‍ എടുക്കാന്‍ മറന്നു... " ആസ്വാദനത്തിന്റെ" തിരക്കിലായിരുന്നു ;)

      Delete
    2. പിന്നെ ചിലവിന്റെ കാര്യം.. :) ഞങ്ങള്‍ സാധാരണ ആളുകള്‍ ലക്ഷദ്വീപ്‌ സന്ദര്‍ശിക്കുന്നത് പോലെയല്ല സന്ദര്‍ശിച്ചത്‌.., അവിടെ പരിചയക്കാരുള്ളത് കൊണ്ട് താമസമൊക്കെ അവിടെ ആയിരുന്നു... മാത്രമല്ല, 17 ദിവസത്തോളം അവിടെ തങ്ങുകയും ചെയ്തു... ഞങ്ങള്‍ ആറു പേരും ഉണ്ടായിരുന്നു.. എങ്കിലും ഏകദേശം 20,000 ആയിട്ടുണ്ടാകും... ;)

      Delete
  2. വിവരണം കുറഞ്ഞു പോയില്ലേ എന്നൊരു സംശയം.. ഓരോ ദിവസവും കണ്ട കാര്യങ്ങള്‍ കുറച്ച് കൂടി വിശദീകരിച്ച് രണ്ടോ മൂന്നോ പോസ്റ്റ് ആക്കിയിരുന്നെങ്കില്‍ എന്നെ പോലെയുളള യാത്രാ പ്രേമികള്‍ക്ക് കുറച്ച് കൂടി ഉപകാര പ്രദമായേനേ...

    ReplyDelete
    Replies
    1. വിവരണം കുറഞ്ഞു പോയി എന്നത് സംശയമല്ല, യാഥാര്‍ത്ഥ്യം തന്നെയാണ്.. നീളം കൂടിപ്പോകും എന്ന് കരുതി കുറച്ചതായിരുന്നു... അതിങ്ങനെ ആയി.. :(

      Delete
  3. മിനിക്കോയ് ദ്വീപിനെ അപേക്ഷിച്ച് കേരളത്തിന്റെ അന്തരീക്ഷം കൂടുതലുള്ളത് ഇവിടെയാണ് എന്ന് തോന്നി. ഒരിക്കൽ ഒരു വീടിന്റെ പിൻഭാഗം പോലും തുറന്നിട്ട് പുറത്തിറങ്ങുന്നതിന്റെ കാരണമന്വേഷിച്ചപ്പോൾ അവർ പറഞ്ഞത് ഇവിടെ കള്ളന്മാരില്ല എന്നായിരുന്നു(!?). ദ്വീപിലെ എല്ലാവർക്കും പരസ്പരം അറിയുന്നത് കൊണ്ടാണത്രേ ഇത്.! കാക്കകളും കള്ളന്മാരുമില്ലാത്ത ദ്വീപിൽ ഒരാഴ്ചത്തെ ജീവിതം ഒരനുഭവം തന്നെയായിരുന്നു. കൽ‌പ്പേനിയിലെ തെക്കേ ഭാഗത്തുള്ള ടൂറിസ്റ്റ് ഹട്ടുകൾ മുതൽ ജനവാസം തീരെയില്ലാത്ത വടക്കേ ഭാഗം വരെ വിസ്തരിച്ച് കണ്ടു. തിരകളില്ലാത്ത കടലിൽ കുളിയും പുറ്റ് ശേഖരവുമെല്ലാം ഭംഗിയായി നടന്നു. ഇതിനിടയിൽ അമേനി ദ്വീപും കൽ‌പ്പേനി ദ്വീപും തമ്മിലുള്ള ക്രിക്കറ്റ് മാച്ചും കാണാനിടയായി. ലൈറ്റ് ഹൌസിൽ കയറി ദ്വീപ് ഒറ്റനോട്ടത്തിൽ കണ്ടത് ഒരു അനുഭവം തന്നെയായിരുന്നു.

    എന്റെ പൊന്നേ അതൊരു വല്ലാത്ത നാടാണല്ലോ ? കള്ളന്മാരില്ലാത്ത,കാക്കകളില്ലാത്ത നാട്, ഡിസ്പോസിബിൾ ബാസിൽ ഡിസ്പോസിബിൾ. ആശംസകൾ.

    ReplyDelete
    Replies
    1. ഡിസ്പോസിബിള്‍ ആയും ഇംപോസിബിള്‍ ആയും മന്ദൂസന്മാര്‍ക്ക് പലതും തോന്നും... ബട്ട്, അതൊരു സത്യമാ മണ്ടൂസാ , നേരില്‍ കണ്ട സത്യം ;)

      Delete
  4. ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. അവ പങ്കു വെക്കുമ്പോള്‍ ഒരു യാത്ര ചെയ്ത അനുഭൂതി വായനക്കാര്‍ക്ക് ലഭിക്കും. ഈ യാത്രാകുറിപ്പിന് നന്ദി. ദ്വീപു യാത്ര ഇന്നും ഒരു സ്വപ്നമായി തന്നെ അവശേഷിക്കുന്നു.

    ReplyDelete
    Replies
    1. ആ അനുഭൂതി കുറച്ചെങ്കിലും ഇത് വായിച്ചപ്പോ കിട്ടി എങ്കില്‍ ഞാന്‍ കൃതാര്തനായി... ;) ആ സ്വപ്നം നടക്കട്ടെ എന്നാശംസിക്കുന്നു...

      Delete
  5. വിവരണം ചുരുങ്ങി പോയി. അത് പോലെ തന്നെ ചിത്രങ്ങളും നന്നേ കുറവ്..

    കുറച്ചു കൂടി ഉഷാര്‍ ആക്കാമായിരുന്നു !!!

    ReplyDelete
    Replies
    1. ആക്കാമായിരുന്നു... ഇനി ശ്രദ്ധിക്കാം.... ;)

      Delete
  6. ലക്ഷദ്വീപിലുള്ള ഒരു കുട്ടി പഠിക്കാന്‍ വരുന്നുണ്ട്. കള്ളന്മാരില്ലാത്ത നാടാണെന്നറിയില്ലായിരുന്നു.അപ്പോള്‍ അത് കള്ളത്തരം അറിയാത്ത കുട്ടിയും ആവും..നല്ല വിവരണം. ഫോട്ടോ കൂടുതല്‍ ഉണ്ടെങ്കില്‍ കൂടുതല്‍ നന്നായേനെ എന്ന് എനിക്കും തോന്നി.

    ReplyDelete
    Replies
    1. നിങ്ങടെ അടുത്ത് വരുന്നത് കൊണ്ട് ആ കുട്ടി നല്ലോണം കള്ളത്തരം പടിചിട്ടുണ്ടാകും... ;) ഫോട്ടോ കൂടുതല്‍ എടുക്കാന്‍ മറന്നു പോയി, ;(

      Delete
  7. കുറേ കാലായി അങ്ങട് പോണം പോണം ന്ന് ആഗ്രഹിക്കാന്‍ തുടങ്ങീട്ട്..
    എല്ലാ അവധിക്കും പ്ലാന്‍ ചെയ്യും...എവിടെ.. ഒന്നും നടക്കില്ല..
    ഈ കുറിപ്പ് ആ കൊതി ഒന്നൂടെ കൂട്ടി...

    നന്ദി.

    ReplyDelete
    Replies
    1. കൊതി കൂട്ടി എന്നറിഞ്ഞതില്‍ സന്തോഷം... പോകണം സമീരന്‍..., പോകണം.... പോകണം.... പോകണം...

      Delete
  8. യാത്രാവിവരണം കലക്കി. എന്തെഴുതി എന്നതിനെക്കാള്‍ എഴുതി എന്നതിന് ഞാന്‍ പ്രാമുഖ്യം നല്‍കുന്നു. ആദ്യത്തെ കപ്പല്‍ യാത്ര നടത്തുമ്പോള്‍ എനിക്ക് പതിനാല് വയസ്സാണ്. എം.വി. നങ്കോഡി എന്ന ഭീമാകാരന്‍ കപ്പലില്‍ (അന്നത്തെ) മദ്രാസില്‍ നിന്ന് പോര്‍ട്ട്‌ബ്ലെയര്‍ വരെയുള്ള നാലുദിവസത്തെ യാത്ര സമ്മിശ്ര അനുഭവങ്ങളുടെ നിലവറയായി ഇപ്പോഴും നിലകൊള്ളുന്നു. പിന്നീട് ഇതേ റൂട്ടിലും അല്ലാതെയും നിരവധി കപ്പല്‍ യാത്രകള്‍ നടത്തിയിട്ടുണ്ട്. അന്നൊന്നുമില്ലാത്ത അനുഭവവും ബാസില്‍ പറഞ്ഞത് പോലെയുള്ള ജിജ്ഞാസയും മനസ്സിനെ അടക്കിഭരിച്ചു. കൂടാതെ എന്‍റെ പിതാവിനോടൊപ്പം ഞാന്‍ നടത്തിയ അപൂര്‍വ യാത്രയായിരുന്നു അത്. ആ യാത്രയിലാണ്, ഇംഗ്ലീഷും ഹിന്ദിയും പഠിച്ചിട്ടേ ഞാന്‍ അടങ്ങൂ എന്ന് ശപഥം ചെയ്യുന്നത്. ആളുകളോട് സംസാരിക്കെണ്ടേ?
    ഇവിടെ പലരും ചൂണ്ടിക്കാട്ടിയത് പോലെ, ഒരു ചെറിയ റിസേര്‍ച് ചെയ്തിരുന്നുവെങ്കില്‍ പോസ്റ്റ്‌ ഒന്ന് കൂടി സൂപ്പര്‍ ആക്കാമായിരുന്നു. പിന്നെ നേരില്‍ കണ്ട സ്ഥലത്തെ ചിത്രങ്ങളില്‍ ബാസില്‍ ഒരിക്കലെങ്കിലും ഉള്‍പ്പെടെണ്ടിയിരുന്നു എന്ന ഒരു അഭിപ്രായം, ഏറ്റവും ചുരുങ്ങിയത്‌, ആ സായിപ്പുമാരോടോന്നിച്ചു നില്‍ക്കുന്ന ഫോട്ടോ.

    ReplyDelete
    Replies
    1. വിശദമായി ഒരു കമന്റ് ചെയ്തതിനു നന്ദിയുണ്ട് ആരിഫ്കാ.. ഈ യാത്രാവിവരണം നീണ്ടു പോകുന്നത് തടയാന്‍ ഞാന്‍ തന്നെ മനപ്പൂര്‍വ്വം പലതും ഒഴിവാക്കിയതായിരുന്നു... പതിനേഴു ദിവസത്തെ അനുഭവങ്ങള്‍ ഒരിക്കലും ഇത്രയും ചെറിയ ഒരു പോസ്റ്റില്‍ കൊള്ളില്ല എന്നറിഞ്ഞു കൊണ്ട് തന്നെ...

      താങ്കളുടെ കപ്പല്‍ യാത്രകളും ഒരു പോസ്റ്റ്‌ ആക്കിക്കൂടെ??? ;)

      Delete
  9. പോയി കാണണം എന്ന് ഒരു പാട് വിചാരിച്ച ഒരു സ്ഥലം അനു ലക്ഷ ദീപു .ഒരു ദിവസം പോകണം ..നല്ല കുറിപ്പ് ആശംസകള്‍

    ReplyDelete
    Replies
    1. പോകാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു.. വന്നു വായിച്ചു കമന്റിയതിനു നന്ദി... ഒരായിരം നന്ദി....

      Delete
  10. പിശുക്ക് കാണിച്ചതുപോലെ തോന്നുന്നുണ്ട് ഒന്നുംകൂടി വിശതമായി എഴുതാമായിരുന്നു...ഇഷ്ടപെട്ടത്‌ കൊണ്ടാണ് ഇത്രയും പറഞ്ഞത്,ആശംസകള്‍

    ReplyDelete
    Replies
    1. ഇത് ചതിയാണ് കോയാ... മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ എന്നോട് കാമ്പ്‌ മാത്രം പോസ്റ്റ്‌ ഇപ്പോള്‍ ഇങ്ങനെ പറയുന്നത് ചതിയാണ്.... (വെറുതെ പറഞ്ഞതാ ട്ടോ... നന്ദി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും..)

      Delete
  11. ഇത് വരെ കപ്പലില്‍ യാത്ര ചെയ്തിട്ടില്ല. ഇത് വായിച്ചപ്പോള്‍ ഒരാഗ്രഹം..നല്ല വിവരം കൂടി വായിച്ചപ്പോള്‍. ഞാന്‍ തീരുമാനിച്ചു. അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍. ഇവിടെയൊന്നു പോകണം.

    ReplyDelete
    Replies
    1. ഇവിടെ വന്ന കുറെ പേര്‍ അങ്ങനെ തീരുമാനിച്ചു പോകുന്നുണ്ട്.. എന്നാല്‍ പിന്നെ ലക്ഷദ്വീപില്‍ ഒരു ബ്ലോഗേഴ്സ് മീറ്റ് നടക്കുംന്നാ തോന്നണേ... ;) താങ്ക്യൂ പ്രവീ...

      Delete
  12. ലക്ഷദ്വീപില്‍ ഒന്ന് പോണോല്ലോ
    ഷിപ്പില്‍ പോകാന്‍ എത്ര രൂപയാകും?
    വെബ് സൈറ്റില്‍ 2007ലെ റേറ്റ് ആണ് കൊടുത്തിട്ടുള്ളത്
    അതുപോലെ താമസസൌകര്യങ്ങളൊക്കെ വലിയ ചെലവുള്ളതാണോ
    അവിടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആരും തന്നെയില്ല

    വിശദവിവരങ്ങള്‍ ചേര്‍ത്ത് ഒരു പോസ്റ്റുകൂടി ആവാമല്ലോ

    ReplyDelete
    Replies
    1. ഞങ്ങള്‍ സാധാരണ ആളുകള്‍ ലക്ഷദ്വീപ്‌ സന്ദര്‍ശിക്കുന്നത് പോലെയല്ല സന്ദര്‍ശിച്ചത്‌.., അവിടെ പരിചയക്കാരുള്ളത് കൊണ്ട് താമസമൊക്കെ അവിടെ ആയിരുന്നു... മാത്രമല്ല, 17 ദിവസത്തോളം അവിടെ തങ്ങുകയും ചെയ്തു... ഞങ്ങള്‍ ആറു പേരും ഉണ്ടായിരുന്നു.. എങ്കിലും ഏകദേശം 20,000 ആയിട്ടുണ്ടാകും... ;)

      പിന്നെ ടൂറിസ്റ്റ്‌ ആയിട്ടാണ് പോകുന്നത് എങ്കില്‍ കയറുന്നത് മുതല്‍ തിരിച്ച് കൊച്ചിയില്‍ ഇറക്കുന്നത് വരെയുള്ള കാര്യങ്ങള്‍ അവര്‍ നോക്കിക്കൊള്ളും... പരിചയക്കാരുണ്ടെങ്കില്‍ ഞങ്ങള്‍ പോയ പോലെ പോകാം.... :)

      Delete
  13. ക്രികെറ്റ്‌ കളിയില്‍ ആര് ജയിച്ചു? ഗ്ലാസിലൂടെ എങ്ങനെ ആണ് ബ്രെഡ്‌ പൊടിച്ച് നല്‍കിയത്? വെള്ളം കേറാതെ അങ്ങനെ കൊടുക്കാന്‍ ഉള്ള സൗകര്യം ഉണ്ടോ? ഇത് ഒക്കെ ഒന്ന് വിശദം ആയി എഴുതരുതോ? യാത്രാ വിവരണം ആകുമ്പോള്‍ വായിക്കുനവന്‍റെ മനസ്സില്‍ ഒട്ടും സംശയം ജനിപ്പികാന്‍ ചാന്‍സ് കൊടുക്കരുത്. മറ്റുള്ളവര്‍ക്ക് പോകാന്‍ ഒരു ചോദന നല്‍കുന്ന പോസ്റ്റ്‌ ആണ് ഇത്. അപ്പോള്‍ താമസ സൗകര്യം എങ്ങനെ ഒപ്പിക്കാം എന്ന് കൂടി പറയാമാരുന്നു. കപ്പലിന്‍റെ റേറ്റ് എല്ലാം വിശദം ആക്കമാരുന്നു.

    ഇനി ഈ പോസ്റ്റിനെ പറ്റി; അടിപൊളി... നല്ല രസത്തില്‍ അങ്ങ് വായിച്ച് തീര്‍ത്തു. എഴുതിയ അത്രയും വളരെ രസകരം ആയിരുന്നു. ഞാന്‍ ആ വരികള്‍ക്കൊപ്പം ലക്ഷദീപിലൂടെ സഞ്ചരിച്ചു. മനോഹരമായ അവതരണം. വിവരണം ഇഷ്ടമായകൊണ്ടാണ് ഇനിയും അതില്‍ കുറച്ചൂടെ വേണം എന്ന് തോന്നാന്‍ തന്നെ കാരണം... ആശംസകള്‍...; കൂടുതല്‍ വിവരണങ്ങള്‍ക്കായി കാത്തിരിക്കുന്നു. മെയില്‍ അയക്കണെ.....

    ReplyDelete
    Replies
    1. ബോട്ടിനു സൈഡിലൂടെ ആണ് ബ്രഡും മറ്റും കൊടുക്കുന്നത്.. അത് കൊത്താന്‍ ഓടിയടുക്കുന്ന മല്സ്യക്കൂട്ടങ്ങളെ പറ്റിയാണ് പറഞ്ഞത്‌... , ദൈര്‍ഖ്യം ഭയന്നാണ് കൂടുതല്‍ വിശദീകരിക്കാതിരുന്നത്.

      Delete
  14. This comment has been removed by the author.

    ReplyDelete
  15. ലക്ഷദ്വീപ്‌ യാത്ര മനസ്സിൽ കുറിച്ചിട്ടിട്ട്‌ കുറേക്കാലമായി. ഉടനെ പോകണം എന്നു ചില സ്നേഹിതരുമായി പദ്ധതിയിട്ടിരിക്കുമ്പോഴാണ്‌ ഈ യാത്രക്കുറിപ്പ്‌. ഇനിയിപ്പോ ഒട്ടും താമസിക്കൻ പറ്റാണ്ടായി. വിവരണത്തിൽ കുറച്ച്‌ ചരിത്രപരമായ വസ്തുതകൾ കൂടി ചേർക്കാമായിരുന്നു എന്നു തോന്നി

    ReplyDelete
    Replies
    1. ആഗ്രഹം നടക്കട്ടെ എന്ന് ആശംസിക്കുന്നു... വിവരനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചതിനു നന്ദി...

      Delete
  16. പോകണമെന്ന് ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് ലക്ഷദ്വീപ്. കാഴ്ചകള്‍ ഇനിയും ഉണ്ടായിരുന്നില്ലേ. പോയി വന്ന സന്തോഷം എത്രമാത്രം ഉണ്ടെന്നത് ഈ വരികളിലൂടെ വ്യക്തമാണ്.

    ReplyDelete
    Replies
    1. കാഴ്ചകള്‍ എമ്പാടുമുണ്ടായിരുന്നു... പക്ഷെ പോസ്റ്റ്‌ വലുതായിപ്പോകും എന്ന പേടി കൊണ്ട് ചുരുക്കിയതാ... ലക്ഷദ്വീപ്‌ യാത്ര ചെയ്യാന്‍ അവസരമുണ്ടാകട്ടെ എന്നാശംസിക്കുന്നു...

      Delete
  17. പെട്ടന്നു വായിച്ച് തീർന്നപോലെ.. അല്പംകൂടെ വിശധീകരിക്കാമായിരുന്നു... ഫോട്ടോകൾ ഇനിയും അൽപ്പം കൂടെ വലുപ്പം ആക്കാരുനു.
    പോസ്റ്റ് മനോഹരമായിട്ടുണ്ട് ട്ടാ..

    ReplyDelete
    Replies
    1. താങ്ക്സ് ഫസലുക്കാ... വായിച്ചതിനും കമന്റ് ചെയ്തതിനും..

      Delete
  18. വളരേ നല്ല യാത്രാനുഭവം ല്ലേ? കുറച്ചുകൂടി ഉപ്പും മുളകും ഒക്കെ ചേർക്കാമായിരുന്നു (ഉള്ളത് തന്നെ). ചിത്രങ്ങൾ വിവരണത്തെ കൂടുതൽ മനോഹരമാക്കിയേനെ.

    കഴിഞ്ഞ ഫെബ്രുവരിയിൽ പോകാൻ പ്ലാനിട്ടിരുന്നു, നടന്നില്ല. കപ്പൽ യാത്രകൾ എപ്പോഴും ഒരു പ്രത്യേക അനുഭവം തന്നെ.

    ഒരു രണ്ടാം ഭാഗം കൂടി പോരട്ടെ.

    ReplyDelete
    Replies
    1. താങ്ക്സ് ചീരാമുളകെ... എരിവും പുളിയും ചേര്ക്കാന്‍ ചീരാമുലകിനോളം ആരും വരില്ലല്ലോ... ഏതായാലും ലക്ഷദ്വീപ്‌ യാത്ര നടക്കട്ടെ എന്ന് ആശംസിക്കുന്നു...

      Delete
  19. ഈ കപ്പല്‍ യാത്ര വളരെ രസകരമാണെന്ന് കേട്ടിട്ടുണ്ട്. പക്ഷെ എനിക്ക് ഇതുവരെ ആ ഭാഗ്യം ഉണ്ടായിട്ടില്ല. ഏതായാലും യാത്രാവിവരണം നന്നായിട്ടുണ്ട്. ആശംസകള്‍....

    ReplyDelete
    Replies
    1. നന്ദിയുണ്ട് ഫയാസ്കാ.. നന്ദി... ;)

      Delete
  20. ലക്ഷദ്വീപില്‍ പാമ്പുമില്ല കേട്ടോ!

    ReplyDelete
  21. കള്ളന്മാരില്ലാത്ത നാട്ടിൽ നിന്ന് പെരും കള്ളന്മാരുടെ നാട്ടിലേക്ക്,

    ഹ ഹ.. ഇതെനിക്ക് ശരിക്കങ്ങു ബോധിചൂട്ടോ ..:))

    ഞാന്‍ വളരെ ആശിച്ചു വെച്ചിരിക്കുന്ന ഒരു യാത്രയാണിത് ..അത് കൊണ്ട് തന്നെ വിവരണം കുറഞ്ഞു പോയെന്നെ ഞാനും പറയൂ ... തുടരുക മാഷ്‌ നന്നായി എഴുതുന്നുണ്ട് ആശംസകള്‍ :)

    ReplyDelete
  22. travelogue should be long...so it would be more beautiful. BTW its a nice travelogue my bro. Just come to my world as well. here s the link...pheonixman0506.blogspot.com

    ReplyDelete
  23. നന്നായിരിക്കുന്നു .. എനിക്കും ഒന്ന് പോകണം എന്ന് തോന്നുന്നു !

    ReplyDelete
  24. ഞങ്ങളുടെ നാടിനെക്കുറിച്ച് എഴുതിയത് വായിച്ചു. ഞാന്‍ കരയില്‍ പഠിക്കുമ്പോള്‍ (കേരളത്തില്‍) എന്‍റെ അദ്ധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും വേറെ ഒന്നും ചോദിക്കാനില്ല. എടാ സുഖമാണോ എന്ന്‍ ചോദിക്കുന്നതിന് പകരം " എടാ അവിടേക്ക് എത്ര രൂപയാകും, അവിടെ എങ്ങനെയാ കാലാവസ്ഥ, സാധനങ്ങള്‍ കിട്ടുമോ, മൊബൈല്‍ ഉണ്ടോ?
    ഈ ചോദ്യങ്ങള്‍ അല്‍പ സ്വല്‍പം ക്ഷമിക്കാം.. ചിലരുടെ ചോദ്യം ഇങ്ങനെ.. എടാ ഗഫൂറെ ഇങ്ങള് ഇന്ത്യക്കാരാ? അടുത്ത ചോദ്യം അവിടേക്ക് ട്രെയിന്‍ കിട്ടുമോ?.. ഞാന്‍ ഉത്തരവും കൊടുത്തു ഞങ്ങള്‍ പ്രത്യേക രാജ്യക്കാരാ.. Republic of Lakshadweep എന്‍റെ വല്യുപ്പാ ആണ് പ്രസിഡന്‍റ് എന്നും അത് പോലെ തീവണ്ടി, മംഗള ലക്ഷദ്വീപ് എക്സ്പ്രസ് കയറിയാല്‍ ലക്ഷദ്വീപ് എത്തുമെന്നും...

    പിന്നെ ചില കാര്യങ്ങള്‍ കൂടി ചേര്‍ക്കട്ടെ..
    1. ചില ദ്വീപുകളില്‍ കാകന്‍മാര്‍ ഇല്ല.
    2. പാമ്പ് ഇല്ല. (കടല്‍ പാമ്പ് ഉണ്ട് കേട്ടോ?)
    3. മിനിക്കോയിയില്‍ മഹല്‍ എന്ന ഭാഷ സംസാരിക്കുന്നു. ഇതിന് ദിവഹി എന്നും വിളിക്കുന്നു. മിനിക്കോയി ദ്വീപിന് മലിക്കു എന്ന പേരും ഉണ്ട്.

    പിന്നേയും ഒരുപാട് പറയണമെന്നുണ്ട് എല്ലാം കൂടി ജാമായി..

    ReplyDelete
  25. മനോഹരമായ യാത്രാ വിവരണം .....

    ReplyDelete