Monday, July 6, 2015

ഫാസിസത്തിനു പച്ചക്കൊടി വീശുന്നത് DYFI തന്നെയോ?

'ഇവിടെ മതമുണ്ട് പക്ഷെ.. മതഭ്രാന്തന്മാരില്ല..!' 

ചെഗുവേരയുടെ ചുവപ്പില്‍ കുളിച്ച പടവും വെച്ച് സ്ഥാപിച്ച DYFIയുടെ ഫ്ലെക്സ്‌ ബോര്‍ഡിലെ ഈ വാചകങ്ങള്‍ സന്തോഷത്തോടെയും അഭിമാനത്തോടെയും വായിച്ചവരാണ് കേരളത്തിലെ ബഹുജനം.. മതമല്ല പ്രശ്നമെന്നും മതത്തിന്റെ പേരില്‍ മതമറിയാത്ത ചിലര്‍ കാട്ടിക്കൂട്ടുന്ന ഭ്രാന്താണ് പ്രശ്നമെന്നും സ്ഥാപിച്ചു കൊണ്ട് ഇടതുപക്ഷ ചിന്താഗതിക്കാര്‍ മുന്നോട്ടു പോയപ്പോള്‍ മതേതര കേരളം അവരില്‍ നിന്നും ഏറെ പ്രതീക്ഷിച്ചു. പ്രത്യേകിച്ചും ഹൈന്ദവ തീവ്രവാദ സംഘടനകള്‍ സാധാരണക്കാരുടെ മനസ്സിലേക്ക് വര്‍ഗ്ഗീയതയുടെ വിഷവിത്ത് പാകി സുന്ദരകേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഈ അവസരത്തില്‍ അവര്‍ക്കെതിരായി മുന്നോട്ട് പോകുമെന്നും ഏറെ ആഗ്രഹിച്ചു. ഏറ്റവുമൊടുവില്‍ 'ഒരു സ്വയം സേവകന്റെ കുമ്പസാരം' എന്ന പേരില്‍ RSSന്റെ വര്‍ഗ്ഗീയ അജണ്ടകളെ തുറന്നു കാട്ടുന്ന ഒരു മുന്‍ സംഘപ്രവര്‍ത്തകന്റെ ലേഖനം പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കാന്‍ ദേശാഭിമാനി രംഗത്ത് വരികയും ചെയ്തു. അരുവിക്കരയിലെ ഇടതുപക്ഷത്തിന്റെ ദയനീയ തോല്‍വിക്ക് ശേഷവും കേരളത്തില്‍ ഫാസിസത്തെ എതിര്‍ക്കാന്‍ ഇടതുപക്ഷം മാത്രമേയുള്ളൂ എന്ന് നേതാക്കന്മാര്‍ പറയുകയും ചെയ്യുന്നു.. പക്ഷെ..!!?

ഫാസിസത്തിനെതിരെ വൈവിധ്യമാര്‍ന്ന പ്രചാരണങ്ങളും പരിപാടികളും സംഘടിപ്പിക്കുംപോഴും, ഫാസിസത്തെ എതിര്‍ക്കാന്‍ തങ്ങളേയുള്ളൂ എന്ന് വാദിക്കുമ്പോഴും എവിടെയോ ചിലത് ചീഞ്ഞു നാറുന്നു എന്നത് ഒരു വസ്തുതയാണ്. ഫാസിസത്തെ എതിര്‍ത്ത്‌ തോല്‍പിക്കുക എന്നത് ഒരു പൊതു താല്പര്യമായി കാണുന്നതിനു പകരം തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ 'ഫാസിസവിരോധം' മറയാക്കുകയാണോ എന്നാരെങ്കിലും ചിന്തിച്ചു പോയാല്‍ അവരെ കുറ്റം പറയാന്‍ പറ്റാത്ത രീതിയിലാണ് ഈ സംഘടനകളുടെ ഇന്നത്തെ പ്രവര്‍ത്തനം. ഫാസിസ വിരോധം കേവലം പ്രസ്താവനകളിലും മുദ്രാവാക്യങ്ങളിലും ഒതുങ്ങുകയും തങ്ങളുടെ പ്രവര്‍ത്തികളിലൂടെ അതേ ഫാസിസത്തിനു വെള്ളവും വളവും വെച്ചു നല്‍കുകയും തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് കണ്ടു കൊണ്ടിരിക്കുന്നത്.

Friday, July 3, 2015

അരുതേ.. ബദ്'രീങ്ങളെ അപമാനിക്കല്ലേ...

റമദാന്‍ 16 രാത്രി..
ബദ്റിന്റെ രണഭൂമി ഒരുങ്ങിക്കഴിഞ്ഞു..

അബൂജഹലിന്റെയും കൂട്ടരുടെയും യുദ്ധക്യാമ്പില്‍ ആഘോഷമാണ്.. അവരെ ആവേശം കൊള്ളിക്കാന്‍ മദ്യത്തിന്റെ കോപ്പകളുണ്ട്.. ആനന്ദം കൊള്ളിക്കാന്‍ നര്‍ത്തകിമാരുണ്ട്.. സര്‍വ്വ വിധ സന്നാഹങ്ങളുമായി ഒരുങ്ങി വന്ന അവരുടെ ആഘോഷത്തിനു കാരണം മറ്റൊന്നുമല്ല.. നാളെയോടു കൂടി അവസാനിക്കുകയാണ് മുഹമ്മദും അവന്റെ പുത്തന്‍ വാദങ്ങളും.. അവന്റെ മതം എന്നെന്നേക്കുമായി ഈ ഭൂമിലോകത്ത് നിന്നും തുടച്ചു നീക്കപ്പെടാന്‍ പോവുകയാണ്..!! ഇത് അമിതമായ ആത്മവിശ്വാസത്തിന്റെ മാത്രം പുറത്ത്‌ അവര്‍ കെട്ടിയുണ്ടാക്കിയ ജല്‍പനങ്ങള്‍ മാത്രമായി തള്ളിക്കളയാന്‍ പറ്റില്ല.. കാരണം ഇപ്പുറത്ത് ഉള്ളത് സര്‍വ്വ സന്നാഹങ്ങളും യുദ്ധക്കോപ്പുകളും ആരോഗ്യം തുടിക്കുന്ന കുതിരകളും ഒട്ടകങ്ങളും ഏതു മല്ലനെയും എതിരിടാന്‍ പോന്ന മസില്‍ പവറുള്ള പടയാളികളും.. മറുപുറത്ത് ആകട്ടെ തങ്ങളുടെ മൂന്നിലൊന്ന് പോലും വരാത്ത പട്ടിണി കിടന്നു ക്ഷീണിച്ച ഒരുപറ്റം ആളുകള്‍.. ഭൗതികമായി ഏതു അളവുകോല്‍ വെച്ച് നോക്കിയാലും നാളെയോടു കൂടി ഈ ചെറു സംഘത്തെ ഉന്മൂലനം ചെയ്യപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.. പിന്നെങ്ങനെ ആഘോഷിക്കാതിരിക്കും? പിന്നെങ്ങനെ മതിമറന്ന് ആഹ്ലാദിക്കാതിരിക്കും??