Sunday, September 29, 2019

ജ്ഞാനമാർഗം ശാസ്ത്രം മാത്രമോ?!


'നിങ്ങളെന്തുതന്നെ യുക്തിയും ന്യായങ്ങളും തത്ത്വങ്ങളും കൊണ്ടുവന്നു തെളിയിച്ചാലും ശാസ്ത്രം തെളിയിക്കാത്തിടത്തോളം കാലം ദൈവത്തിലോ മതത്തിലോ ഞങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ല!'

ബഹുഭൂരിപക്ഷം നിരീശ്വരവാദികളെയും തങ്ങളുടെ ദൈവമില്ലാ വാദത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന ഒന്നാണ് സയന്റിസം (Scientism) അഥവാ ശാസ്ത്രമാത്രവാദം. വേറെന്ത് മാര്‍ഗത്തിലൂടെയുള്ള തെളിവുകളും എനിക്കാവശ്യമില്ല, ശാസ്ത്രം മാത്രമാണ് ഞാന്‍ സ്വീകരിക്കുന്ന ഒരേയൊരു ജ്ഞാനമാര്‍ഗം എന്ന ഒരുതരം വാശിയുടെ പേരാണ് സയന്റിസം. ശാസ്ത്രം മാത്രമാണ് അറിവ് നേടാനുള്ള വഴിയെന്നും ആ മാര്‍ഗത്തിലൂടെയല്ലാതെ ഒരു വിജ്ഞാനവും നമുക്ക് നേടാനാവില്ലെന്നും ശാസ്ത്രമാണ് എല്ലാറ്റിന്റെയും അന്തിമവാക്കെന്നുമുള്ള വിശ്വാസങ്ങളാണ് യഥാര്‍ഥത്തില്‍ ഇതിന്റെ അടിത്തറ. അറിവ് നേടാനുള്ള ഒരേയൊരു മാര്‍ഗം ശാസ്ത്രമായത് കൊണ്ടുതന്നെ ശാസ്ത്രം തെളിയിക്കാത്തതൊന്നും അംഗീകരിക്കുകയില്ലെന്നും ഇവര്‍ വാദിക്കും.

Tuesday, September 24, 2019

യുക്തി : അന്വേഷണ മാർഗമോ ആത്യന്തിക സത്യമോ?രണ്ടു വാട്ടര്‍ബോട്ടിലുകള്‍; ഒന്നില്‍ നിറയെ വെള്ളമുണ്ട്. മറ്റേത് കാലിയാണ്. ഈ രണ്ടു ബോട്ടിലുകളും വീടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് ഇടുകയാണെങ്കില്‍ ഏതായിരിക്കും ആദ്യം താഴെയെത്തുക?

ഈ ചോദ്യം മുമ്പ് കേട്ടിട്ടില്ലാത്തവരും പരീക്ഷിച്ചു നോക്കിയിട്ടില്ലാത്തവരും കൂടുതല്‍ ചിന്തിക്കാതെ തന്നെ പറയുന്ന ഉത്തരം വെള്ളം നിറച്ച ബോട്ടില്‍ ആദ്യം താഴെയെത്തും എന്നായിരിക്കും. അതെന്തുകൊണ്ടാണ് എന്ന് ചോദിച്ചാല്‍ നമുക്കൊരു മറുപടിയേയുള്ളൂ; അത് സാമാന്യയുക്തി (Common Sense) ആണല്ലോ എന്ന്! വെള്ളം നിറച്ച ബോട്ടിലിന് ഭാരം കൂടുതലായിരിക്കും. അതുകൊണ്ട് അതായിരിക്കും ആദ്യം താഴെയെത്തുന്നത്. ഇതാണ് അതിലെ സാമാന്യ യുക്തി.

എന്നാല്‍ ഈ കാര്യം ശാസ്ത്രീയ സമവാക്യങ്ങള്‍ ഉപയോഗിച്ചു കണക്കുകൂട്ടിയാലോ പരീക്ഷിച്ചു നോക്കിയാലോ മാത്രമാണ് നമ്മുടെ സാമാന്യയുക്തി പറയുന്നതല്ല യാഥാര്‍ഥ്യം എന്ന് നമുക്ക് ബോധ്യപ്പെടുന്നത്. വെള്ളം നിറച്ച ബോട്ടിലും കാലിയായ ബോട്ടിലും ഒരേ സമയത്ത് താഴെ പതിക്കും എന്നതാണ് വസ്തുത. പരീക്ഷിച്ചു ബോധ്യപ്പെടുന്നത് വരെ നമുക്കാര്‍ക്കും ദഹിക്കാത്ത ഒരുപാട് യാഥാര്‍ഥ്യങ്ങളില്‍ ഒന്ന് മാത്രമാണിത്.

Saturday, September 14, 2019

അസഹിഷ്ണുത, ഭീകരത : നാസ്തികരുടെ അൽബേനിയൻ മോഡൽ!

മതരാഹിത്യവും തമ്മിലുള്ള ചര്‍ച്ചകളില്‍ പലപ്പോഴും കടന്നുവരുന്ന ഒന്നാണ് 'ഏതാണ് മാനവസമൂഹത്തിന് കൂടുതല്‍ ഗുണപ്രദം' എന്ന ചോദ്യം. മതരഹിത സമൂഹം ഉണ്ടായിവന്നാല്‍ സ്വസ്ഥവും സമാധാനപൂര്‍ണവുമായ ഒരു സമൂഹസൃഷ്ടിയാണ് സാധ്യമാവുക എന്നത് നാസ്തികരുടെ സ്ഥിരം അവകാശവാദവുമാണ്. മതങ്ങള്‍ ലോകത്ത് സൃഷ്ടിക്കുന്നത് അസമാധാനവും ഭീകരാന്തരീക്ഷവുമാണ് എന്നും അവര്‍ വാദിക്കുന്നു. കലങ്ങിമറിഞ്ഞ സമകാലിക സാമൂഹ്യ-രാഷ്ട്രീയ സാഹചര്യത്തില്‍ വീണ്ടും തലപൊക്കുന്ന മാനവികതാ അവകാശവാദങ്ങള്‍ ചരിത്രത്തിന്റെ വെളിച്ചത്തില്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.


ഇരുപതാം നൂറ്റാണ്ടിനു മുമ്പുള്ള, ചര്‍ച്ചിന്റെ പൗരോഹിത്യ ആധിപത്യത്തില്‍ നടമാടിയ പീഡനങ്ങളും ജനങ്ങളനുഭവിച്ച പ്രയാസങ്ങളും ഉയര്‍ത്തിക്കാട്ടിയായിരുന്നു 'ഹ്യൂമനിസ്റ്റുകള്‍' രംഗത്തു വന്നത്. മനുഷ്യന്റെ അവകാശങ്ങളെ പൊലിപ്പിച്ചു കാട്ടിക്കൊണ്ട് രംഗത്തുവന്ന ഹ്യൂമനിസ്റ്റുകള്‍ മതം മാനവികതയ്ക്ക് വിരുദ്ധമാണെന്നും മതമൊരു മര്‍ദനോപാധി മാത്രമാണെന്നും പ്രസംഗിക്കുവാന്‍ തുടങ്ങി. മനുഷ്യനെ മനുഷ്യനായി കാണാന്‍ മതങ്ങള്‍ക്ക് സാധിക്കില്ലെന്നും മതങ്ങളുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞാല്‍ മാത്രമെ അത് സാധ്യമാകൂ എന്നുമവര്‍ വീമ്പുപറഞ്ഞു! എല്ലാ പീഡനങ്ങള്‍ക്കും മതത്തെ പഴിചാരി ആവര്‍ സായൂജ്യമടഞ്ഞു.

Saturday, September 7, 2019

തെറ്റും ശരിയും : ദൈവനിഷേധത്തിലും മതവിശ്വാസത്തിലും


'തെറ്റും ശരിയും':
ദൈവനിഷേധത്തിലും മതവിശ്വാസത്തിലും
-------------------

'നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്നു'. പത്രത്തിന്റെ ആദ്യപേജില്‍ പ്രാധാന്യത്തോടെ വന്ന ഒരു വാര്‍ത്തയാണിത്.
ഈ പ്രവൃത്തി ഒരു തിന്മയാണോ?
വികാരവും വിവേകവുമുള്ള ഒരു മനുഷ്യനോടും അത് പ്രത്യേകിച്ച് ചോദിക്കേണ്ടതില്ലല്ലോ. തെറ്റാണ്, സംശയമില്ല!
ഒരു ചോദ്യം കൂടി, ഈ പ്രവൃത്തി വസ്തുനിഷ്ഠമായി തെറ്റാണോ? എന്താണീ 'വസ്തുനിഷ്ഠ'മെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

വസ്തുനിഷ്ഠത

വസ്തുനിഷ്ഠമായ (Objective) ഒരു കാര്യമെന്നാല്‍ മറ്റൊന്നിനെയും ബാധിക്കാത്ത വസ്തുത എന്നതാണ്. വ്യക്തിപരമായ തോന്നലുകളോ അഭിപ്രായങ്ങളോ കാലമോ ദേശമോ സമൂഹമോ ഒന്നും ബാധിക്കാത്ത തരത്തിലുള്ള വസ്തുതകള്‍ക്കാണ് നാം വസ്തുനിഷ്ഠമായ കാര്യം എന്ന് പറയുക. ആ അര്‍ഥത്തില്‍ അത് വ്യക്തിയുടെ പരിമിതമായ കഴിവുകള്‍ക്ക് പുറത്താണ്.

Tuesday, September 3, 2019

പ്രകൃതിദുരന്തങ്ങളും ദൈവനിഷേധികളുംവീണ്ടുമൊരു പ്രളയത്തിന് കൂടി കേരളം സാക്ഷിയായിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കൊണ്ട് കിടപ്പാടം നഷ്ടപ്പെട്ടവരെയും സ്വന്തം ശരീരം മാത്രം ബാക്കിയായവരെയും ഗ്രാമങ്ങള്‍ തന്നെ നാമാവശേഷമായതുമെല്ലാം വേദനയോടെ നാം കണ്ടു, അനുഭവിച്ചു. പ്രളയം തകര്‍ത്ത ജീവിതങ്ങളെയും സ്വപ്നങ്ങളെയും സാധിക്കുന്നിടത്തോളം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികള്‍. മനുഷ്യസ്നേഹത്തിന്റെയും അണപൊട്ടിയൊഴുകുന്ന കാരുണ്യത്തിന്റെയും ഉദാത്ത മാതൃകകള്‍ ബാക്കിവെച്ചാണ് ഇത്തവണയും വെള്ളമിറങ്ങുന്നത് എന്നത് ഏറെ സന്തോഷകരവും കൂടിയാണ്.

എന്നാല്‍ ഈ പ്രളയകാലത്ത് പോലും അതിനെ ഒരു ‘അവസരമായി’ കണ്ട് തങ്ങളുടെ ആശയപ്രചാരണത്തിന് ഉപയോഗിച്ച ചിലയാളുകളുണ്ട്. കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു ജനതയോട് ‘എവിടെ നിങ്ങളുടെ ദൈവം?’ എന്ന് ചോദിക്കുന്ന മഹാദുരങ്ങളുടെ അനൗചിത്യം സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായെങ്കിലും അവര്‍ ഉയര്‍ത്തിവിട്ട ചില ചിന്തകള്‍ കൃത്യമായ വിശകലനത്തിന് കൂടി വിധേയമാക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.