Sunday, September 29, 2019

ജ്ഞാനമാർഗം ശാസ്ത്രം മാത്രമോ?!


'നിങ്ങളെന്തുതന്നെ യുക്തിയും ന്യായങ്ങളും തത്ത്വങ്ങളും കൊണ്ടുവന്നു തെളിയിച്ചാലും ശാസ്ത്രം തെളിയിക്കാത്തിടത്തോളം കാലം ദൈവത്തിലോ മതത്തിലോ ഞങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ല!'

ബഹുഭൂരിപക്ഷം നിരീശ്വരവാദികളെയും തങ്ങളുടെ ദൈവമില്ലാ വാദത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന ഒന്നാണ് സയന്റിസം (Scientism) അഥവാ ശാസ്ത്രമാത്രവാദം. വേറെന്ത് മാര്‍ഗത്തിലൂടെയുള്ള തെളിവുകളും എനിക്കാവശ്യമില്ല, ശാസ്ത്രം മാത്രമാണ് ഞാന്‍ സ്വീകരിക്കുന്ന ഒരേയൊരു ജ്ഞാനമാര്‍ഗം എന്ന ഒരുതരം വാശിയുടെ പേരാണ് സയന്റിസം. ശാസ്ത്രം മാത്രമാണ് അറിവ് നേടാനുള്ള വഴിയെന്നും ആ മാര്‍ഗത്തിലൂടെയല്ലാതെ ഒരു വിജ്ഞാനവും നമുക്ക് നേടാനാവില്ലെന്നും ശാസ്ത്രമാണ് എല്ലാറ്റിന്റെയും അന്തിമവാക്കെന്നുമുള്ള വിശ്വാസങ്ങളാണ് യഥാര്‍ഥത്തില്‍ ഇതിന്റെ അടിത്തറ. അറിവ് നേടാനുള്ള ഒരേയൊരു മാര്‍ഗം ശാസ്ത്രമായത് കൊണ്ടുതന്നെ ശാസ്ത്രം തെളിയിക്കാത്തതൊന്നും അംഗീകരിക്കുകയില്ലെന്നും ഇവര്‍ വാദിക്കും.



യഥാര്‍ഥത്തില്‍ ശാസ്ത്രത്തെ പറ്റിയുള്ള അജ്ഞതയില്‍ നിന്നാണ് ഈ വാദം ഉടലെടുക്കുന്നത്. ശാസ്ത്രത്തെ വിശദീകരിക്കുന്ന ഏത് നിര്‍വചനവും പറയുന്നത് ഗവേഷണ നിരീക്ഷണങ്ങളിലൂടെ സ്വതന്ത്രമായി പ്രപഞ്ചത്തെയും പ്രകൃതിയെയും പഠിക്കാനുള്ള ഒരു മാര്‍ഗമാണ് ശാസ്ത്രം എന്നാണ്. ശാസ്ത്രം എന്താണെന്നും എന്തല്ലെന്നും കൃത്യമായി ഈ ലളിതമായ നിര്‍വചനങ്ങളില്‍ തന്നെയുണ്ട്. പ്രപഞ്ചത്തിനുള്ളിലുള്ളതിനെ -നമുക്ക് നിരീക്ഷണ വിധേയമായതിനെ- പഠിക്കാന്‍ മാത്രം പ്രാപ്തമാണ് ശാസ്ത്രം എന്ന കാര്യത്തില്‍ ആര്‍ക്കാണ് തര്‍ക്കമുള്ളത്? നമ്മുടെ നിരീക്ഷണ പരിധിയില്‍ വരാത്തതോ ഗവേഷണ യോഗ്യമല്ലാത്തതോ പദാര്‍ഥപ്രപഞ്ചത്തിന് പുറത്തുള്ളതോ ആയ കാര്യത്തെ പറ്റി എന്തെങ്കിലും പറയാന്‍ ശാസ്ത്രത്തിന് സാധിക്കുകയില്ല എന്നര്‍ഥം. അത്തരത്തിലുള്ള അറിവിനും വിജ്ഞാനത്തിനും നാം മറ്റു ജ്ഞാനമാര്‍ഗങ്ങള്‍ തേടണമെന്ന് ചുരുക്കം.

ഏറെ രസകരമായ വസ്തുതയെന്തെന്നു വെച്ചാല്‍, 'ശാസ്ത്രീയമായി തെളിയിക്കാത്തതൊന്നും സ്വീകരിക്കരുത്' എന്ന ഈ പ്രസ്താവന സ്വയം തന്നെ ഖണ്ഡിക്കുന്നതാണ് എന്നതാണ്. അഥവാ ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തത് ഒന്നും സ്വീകരിക്കരുത്' എന്ന പ്രസ്താവന തന്നെ ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിക്കില്ല! ശാസ്ത്രീയമായി തെളിയിക്കണമെങ്കില്‍ അത് ശാസ്ത്രത്തിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്താന്‍ യോഗ്യമായിരിക്കണം. ഈയൊരു വാചകമോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു വാചകമോ തെറ്റോ ശരിയോ എന്ന് തെളിയിക്കാന്‍ പോലും ശാസ്ത്രം കൊണ്ട് സാധിക്കുകയില്ല.

ശാസ്ത്രത്തിന്റെ അടിസ്ഥാനം ശാസ്ത്രമല്ല!

ശാസ്ത്രമല്ലാത്ത ഒരു ജ്ഞാനമാര്‍ഗവും സ്വീകരിക്കില്ലെന്ന് വാശിപിടിക്കുന്നവര്‍ക്ക് ശാസ്ത്രത്തെ തന്നെ തള്ളേണ്ടി വരും എന്നതാണ് മറ്റൊരു രസകരമായ വസ്തുത. കാരണം ശാസ്ത്രത്തിന്റെ അടിസ്ഥാനം തന്നെ ഏതാനും തത്ത്വശാസ്ത്രപരമായ അനുമാനങ്ങള്‍ (Philosophical Assumptions) ആണ്! അതില്‍ ചിലത് നമുക്ക് പരിശോധിക്കാം:

1. കാര്യകാരണബന്ധം

പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും കാര്യകാരണ ബന്ധിതമാണ് (Cause effect relation) എന്ന അനുമാനത്തിലാണ് ശാസ്ത്രം മുന്നോട്ട് പോകുന്നത്. ഈയൊരുകാര്യം നിരീക്ഷണങ്ങളിലൂടെ യുക്തിപരമായി നാം അനുമാനിച്ച ഒരു കാര്യമാണ്. ഏതെങ്കിലും ഒരു ലബോറട്ടറിയില്‍ അല്ലെങ്കില്‍ ഒരു ശാസ്ത്രീയമായ പരീക്ഷണത്തിലൂടെ കണ്ടെത്തിയതോ കണ്ടെത്താനാകുന്നതോ അല്ല ഇത്.

2. ഗണിതശാസ്ത്രം

ഗണിതത്തെ ഒരു സാര്‍വലൗകിക ഭാഷയായി അംഗീകരിച്ചുകൊണ്ടാണ് ശാസ്ത്രം മുന്നോട്ട് പോകുന്നത്. 1+1=2 എന്നത് ഒരു ഗവേഷണ ശാലയിലും പരീക്ഷിച്ചു തെളിയിക്കപ്പെട്ടതല്ല.

3. Spacial Regularity

ശാസ്ത്രീയമായി ഒരു വിഷയത്തില്‍ നാമെത്തുന്ന conclusion മറ്റൊരിടത്തും അതേപോലെ ബാധകമാണ് എന്ന അനുമാനത്തിലാണ് ശാസ്ത്രം മുന്നോട്ട് പോകുന്നത്. അഥവാ ഇന്ത്യയില്‍ ഒരു പരീക്ഷണം നടത്തിയാല്‍ നമുക്ക് കിട്ടുന്ന ഫലം തന്നെയായിരിക്കും അമേരിക്കയില്‍ അതേ പരീക്ഷണം നടത്തിയാലും ലഭിക്കുക. ഈയൊരു അനുമാനം സ്വീകരിച്ചില്ലെങ്കില്‍ എല്ലാ പരീക്ഷണവും ലോകത്തിന്റെ യ ഓരോ മുക്കിലും മൂലയിലും പോയി പരീക്ഷിച്ച് തെളിയിച്ചാലേ സ്വീകരിക്കൂ എന്ന് പറയേണ്ടി വരും.

4. Temporal Regularity

നിരീക്ഷിക്കുന്ന ഏതൊരു ശാസ്ത്രീയ പ്രതിഭാസത്തിനും നിത്യമായ നിലനില്‍പ് ഉണ്ട് എന്ന അനുമാനമാണിത്. കാലാന്തരത്തില്‍ പ്രകൃതിനിയമങ്ങള്‍ നിത്യമാണ് അഥവാ ഇന്ന് നാം പരീക്ഷണം നടത്തി തെളിയിച്ചത് ഇന്നലെയും നാളെയും ആയിരം കൊല്ലം കഴിഞ്ഞും അങ്ങനെ തന്നെയായിരിക്കും എന്ന അനുമാനം. ഈ അനുമാനമില്ലെങ്കില്‍ എല്ലാ പരീക്ഷണങ്ങളും ഓരോ സെക്കന്റിലും ആവര്‍ത്തി ച്ചു തെളിയിച്ചാലേ അത് ശാസ്ത്രീയമായി തെളിയിച്ചെന്ന് പറയാനൊക്കൂ! അഥവാ ന്യൂട്ടന്‍ ഗുരുത്വാകര്‍ഷണം അന്ന് കണ്ടെത്തിയെന്നു വെച്ച് അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു എന്ന് പറയാനൊക്കില്ല. അത് ഓരോ പ്രദേശത്തും ഓരോ സെക്കന്റിലും ആവര്‍ത്തിച്ചു തെളിയിച്ചുകൊണ്ടേയിരിക്കണം!

ഇങ്ങനെ ശാസ്ത്രം മുന്നോട്ട് പോകുന്നത് തന്നെ ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത, തെളിയിക്കാന്‍ സാധ്യമല്ലാത്ത അനുമാനങ്ങളെ അടിസ്ഥാനമാക്കിയാണ്. ജ്ഞാനമാര്‍ഗമായി ശാസ്ത്രമല്ലാതെ ഒന്നും അംഗീകരിക്കുകയില്ലെന്ന് വാദിക്കുന്നവര്‍ ശാസ്ത്രത്തെ തന്നെ തള്ളിപ്പറയേണ്ടി വരുമെന്ന് ചുരുക്കം. കാരണം ശാസ്ത്രത്തിന്റെ അടിസ്ഥാനം തന്നെ ശാസ്ത്രത്തിലല്ല!

ശാസ്ത്രം സര്‍വകാല സത്യങ്ങളല്ല

ശാസ്ത്രത്തെ പരിചയപ്പെടുത്തുന്നത് തന്നെ തുടര്‍ച്ചയായ പഠനപ്രക്രിയ (continuous process of learning) എന്നാണ്. ലഭിക്കുന്ന തെളിവുകള്‍ക്ക് അനുസരിച്ച് ധാരണകള്‍ തിരുത്തി മുന്നോട്ട് പോകുന്ന ഒരു അവസാനിക്കാത്ത വിജ്ഞാനസമ്പാദന രീതിയാണ് ശാസ്ത്രം. ശാസ്ത്രത്തില്‍ ഒരിക്കലും അവസാനവാക്കുകളില്ല. ഒരു കാര്യത്തിലും ശാസ്ത്രം അന്തിമമായ തീര്‍ച്ചയിലേക്ക് എത്തുകയില്ല.

ശാസ്ത്രത്തിന്റെ രീതിശാസ്ത്രം മനസ്സിലാക്കാന്‍ സാധാരണായി എടുക്കുന്ന black swan analogy തന്നെയെടുക്കാം. അരയന്നങ്ങളുടെ നിറത്തെ പറ്റിയുള്ള ഒരു ശാസ്ത്രീയ ഗവേഷണമാണ് ഇത്. ശാസ്ത്രത്തിന്റെ രീതിയനുസരിച്ച് ഇത്തരത്തില്‍ ഒരു പരീക്ഷണം ചെയ്യുന്നത് വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നും വിവിധ തരത്തിലുള്ള അരയന്നങ്ങളെ നാം പഠനവിധേയമാക്കിയാണ്. അങ്ങനെ ആയിരം അരയന്നങ്ങളെ നാം നിരീക്ഷിച്ചു എന്ന് കരുതുക. നാം നിരീക്ഷിച്ച ആയിരം അരയന്നങ്ങള്‍ക്കും വെളുത്ത നിറമാണ്. എങ്കില്‍ സ്വാഭാവികമായും അരയന്നങ്ങളുടെ നിറത്തെ പറ്റിയുള്ള നമ്മുടെ ശാസ്ത്രീയ പഠനത്തിന്റെ അവസാനം നാം എത്തുന്ന നിഗമനം 'അരയന്നങ്ങളുടെ നിറം വെളുപ്പാണ്' എന്നതായിരിക്കും. എന്നാല്‍ ആയിരത്തി ഒന്നാമത്തെ അരയന്നം ഒരുപക്ഷേ, കറുത്ത നിറമുള്ളതായിരിക്കാം. അത് നമ്മുടെ നിരീക്ഷണ പരിധിയില്‍ വരാത്തിടത്തോളം കാലം 'അരയന്നങ്ങളുടെ നിറം വെളുപ്പാണ്' എന്നത് തന്നെയാണ് അംഗീകരിക്കപ്പെടുക. ഇതാണ് ശാസ്ത്രത്തിന്റെ രീതി. ഇവിടെ അരയന്നങ്ങളുടെ നിറം കറുപ്പാണ് എന്നത് ഒരിക്കലും അവസാനവാക്കായി പരിഗണിക്കപ്പെടാന്‍ പറ്റില്ല. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും തുടരുന്നത് കൊണ്ട് തന്നെ ഏതു നിമിഷവും പുതിയ കാര്യങ്ങള്‍ നിരീക്ഷിക്കപ്പെടാനും ശാസ്ത്രത്തിന്റെ നിഗമനങ്ങള്‍ മാറാനും സാധ്യതയുണ്ട്.

കാള്‍പോപ്പര്‍ മുന്നോട്ട് വെച്ച Falsifiabiltiy എന്ന രീതി ഇക്കാര്യം നമുക്ക് വ്യക്തമാക്കിത്തരും. ഒരു കാര്യം ശാസ്ത്രീയമാകണമെങ്കില്‍ അത് 'ഫാള്‍സിഫിയബിള്‍' ആയിരിക്കണം എന്ന കാര്യമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. ശാസ്ത്രത്തില്‍ ഒരു കാര്യം ശരിയാണെന്ന് തെളിയിക്കുന്നതോടൊപ്പം അത് തെറ്റാണെന്ന് തെളിയിക്കാന്‍ സാധിക്കുന്നതായിരിക്കണം എന്നതാണ് Falsifiabiltiy. ശാസ്ത്രം തെളിയിക്കുന്ന ഏതൊരു കാര്യത്തിലും അത് തെറ്റാനോ മാറാനോ ഉള്ള സാധ്യത അവശേഷിപ്പിച്ചുകൊണ്ടായിരിക്കും അത് തെളിയിക്കുന്നത്.

പലപ്പോഴും ഈയൊരു വസ്തുത മനസ്സിലാക്കാതെയാണ് പലരും ശാസ്ത്രത്തെ ആത്യന്തിക സത്യമായി അവതരിപ്പിക്കുന്നത്. ശാസ്ത്രം ഒരു കാര്യം പറയുന്നെങ്കില്‍, നമ്മുടെ നിരീക്ഷണ പരിധിയില്‍ ഇപ്പോഴുള്ള നിഗമനം അങ്ങനെയാണ് എന്ന് മാത്രമാണ് അതിന്റെ അര്‍ഥം. മതഗ്രന്ഥങ്ങളില്‍ അശാസ്ത്രീയത തിരയുന്ന യുക്തിവാദികള്‍ പലപ്പോഴും വിസ്മരിക്കുന്നതും ഈയൊരു വസ്തുതയാണ്.

ഉദാഹരണത്തിന് ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പുവരെ ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിരുന്നത് സൂര്യന്‍ ചലിക്കാതെ അങ്ങനെത്തന്നെ നില്‍ക്കുകയാണ് എന്നതായിരുന്നു. അന്നത്തെ നമ്മുടെ നിരീക്ഷണങ്ങളും പരീക്ഷണങ്ങളും അത്തരത്തില്‍ ഒരു നിഗമനത്തിലാണ് നമ്മെ എത്തിച്ചത്. അക്കാലത്ത് ഒരുപാട് ഇസ്‌ലാം വിമര്‍ശകരുടെ ഏറ്റവും പ്രധാന ആയുധവും ഇത് തന്നെയായിരുന്നു. കാരണം ക്വുര്‍ആനില്‍ സൂര്യന്‍ ചലിച്ചുകൊണ്ടിരിക്കുന്നു എന്ന ഒരു വാചകമുണ്ട്. അത് ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് 'കണ്ടോ ക്വുര്‍ആനില്‍ പച്ചയായ അബദ്ധം' എന്ന് പറഞ്ഞ് എത്രയോ പേജുകളും സ്‌റ്റേജുകളുമാണ് ഇസ്‌ലാം വിമര്‍ശകര്‍ ആഘോഷിച്ചത്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് തന്നെ സൂര്യന്റെ ചലനം നമ്മുടെ നിരീക്ഷണത്തില്‍ പെടുകയും ചലിക്കുന്നില്ലെന്ന നിഗമനം തിരുത്തുകയും ചെയ്തു. ശാസ്ത്രത്തിന്റെ അന്നത്തെ ആ ഒരു നിഗമനം സര്‍വകാല സത്യമാണെന്ന് കരുതി ആഘോഷിച്ചു നടന്നവരുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്?

ശാസ്ത്രവും ദൈവവും

പദാര്‍ഥങ്ങളെ പറ്റിയുള്ള പഠനമാണ് ശാസ്ത്രം എന്ന് പറയുമ്പോള്‍ തന്നെ പദാര്‍ഥങ്ങള്‍ക്ക് അതീതമായ ദൈവം, പരലോകം, ആത്മാവ്, സ്‌നേഹം, വെറുപ്പ് എന്നിവയെല്ലാം ശാസ്ത്രത്തിന്റെ ജ്ഞാനമാര്‍ഗ പരിധിയുടെ പുറത്താണ് എന്ന് വ്യക്തമാണ്. അഥവാ ഇവയെ പറ്റിയൊന്നുമുള്ള അറിവ് ശാസ്ത്രത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ച് നമുക്ക് നേടിയെടുക്കാന്‍ സാധിക്കുകയില്ല. ഇത് ശാസ്ത്രത്തിന്റെ ഒരു പോരായ്മയായി പറഞ്ഞ് ശാസ്ത്രത്തെ വിലകുറച്ച് കാണുന്നത് വിശ്വാസികളല്ല. മറിച്ച് ശാസ്ത്രത്തിന്റെ മേഖലയല്ലാത്ത ഒന്നില്‍ ശാസ്ത്രത്തിന് പറയാന്‍ സാധിക്കണം എന്ന് വാശിപിടിക്കുന്നവരാണ് യഥാര്‍ഥത്തില്‍ ശാസ്ത്രത്തെ തെറ്റിദ്ധരിപ്പിക്കുന്നത്. ദൈവത്തെ കുറിച്ചോ ആത്മാവിനെ കുറിച്ചോ പരലോകത്തെ കുറിച്ചോ ഒക്കെ ശാസ്ത്രം എന്തുകൊണ്ട് സംസാരിക്കുന്നില്ലേ എന്ന ചോദ്യം തീവണ്ടി ആകാശത്തുകൂടെ യാത്ര ചെയ്യാത്തത് എന്തുകൊണ്ട് എന്ന് ചോദിക്കുന്നത് പോലെ ബാലിശമാണ്.

ശാസ്ത്രത്തിന്റെ മേഖല മനസ്സിലാക്കാന്‍ സാധാരണ ഉപയോഗിക്കാറുള്ള ഉദാഹരണം തന്നെയെടുക്കാം. ഒരു കവിതയെടുത്ത് അതിന്റെ സാഹിത്യഭംഗി ശാസ്ത്രീയമായി തെളിയിക്കാന്‍ ഒരാള്‍ നമ്മോട് ആവശ്യപ്പെട്ടാല്‍ എങ്ങനെയുണ്ടാകും? എങ്ങനെയാണ് ഒരു കവിതയുടെ സാഹിത്യഭംഗി ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിക്കുക? കവിതയെടുത്ത് മൈക്രോസ്‌കോപ്പിലൂടെ നോക്കിയാല്‍ കാണുമോ സാഹിത്യം? കവിത അരച്ചുകലക്കി ടെസ്റ്റ് ട്യൂബില്‍ മറ്റു മിശ്രിതങ്ങളുടെ കൂടെയിട്ട് പരീക്ഷിച്ചാല്‍ സാഹിത്യഭംഗി തെളിഞ്ഞു വരുമോ? ഒരിക്കലും ഏത് ശാസ്ത്രീയ പരീക്ഷണ രീതികള്‍ ഉപയോഗിച്ചാലും ഒരു ലബോറട്ടറിയിലും ഒരു കവിതയുടെയും സാഹിത്യഭംഗി തെളിയിക്കപ്പെടാന്‍ പോകുന്നില്ല. അതുകൊണ്ട് ശാസ്ത്രീയമായി തെളിയിക്കപ്പെടാതെ ഒന്നും അംഗീകരിക്കില്ലെന്ന പിടിവാശിക്കാര്‍ കവിതകളുടെ സാഹിത്യഭംഗിയെ നിഷേധിക്കുമോ ആവോ? സാഹിത്യം എന്നത് പദാര്‍ഥലോകത്ത് ശാസ്ത്രത്തിന്റെ ഉപകരണങ്ങളും രീതികളും ഉപയോഗിച്ച് പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി കണ്ടെത്താന്‍ പറ്റുന്ന ഒന്നല്ല. ശാസ്ത്രീയമായി തെളിയിച്ചാലേ ഞാന്‍ ഈ കവിതക്ക് സാഹിത്യഭംഗിയുണ്ട് എന്ന് വിശ്വസിക്കൂ എന്നൊരാള്‍ വാശിപിടിച്ചാല്‍ നമുക്കെന്ത് ചെയ്യാന്‍ പറ്റും? അത് ശാസ്ത്രത്തിന്റെ മേഖലയല്ലെന്നും പദാര്‍ഥങ്ങളെ പറ്റിയുള്ള പഠനമാണ് ശാസ്ത്രമെന്നും പറഞ്ഞ് മനസ്സിലാക്കി കൊടുക്കാന്‍ ശ്രമിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല.

മറ്റൊരുദാഹരണം പറയുകയാണെങ്കില്‍, സ്‌നേഹം, ഭയം, വെറുപ്പ് തുടങ്ങി മനുഷ്യന്റെ വികാരങ്ങള്‍ 'ശാസ്ത്രീയമായി' തെളിയിക്കാന്‍ പറഞ്ഞാല്‍ എങ്ങനെയുണ്ടാകും? 'ദൈവത്തെ ശാസ്ത്രീയമായി തെളിയിക്കാത്ത കാലത്തോളം ദൈവമില്ല' എന്ന് പ്രസംഗിക്കുന്ന നിരീശ്വരവാദികള്‍ ഒരുപാടുണ്ടല്ലോ. അവരോട് അവരുടെ  ഭാര്യമാര്‍ 'ചേട്ടന് എന്നോട് സ്‌നേഹമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കാതെ ബന്ധം മുന്നോട്ടുപോകില്ലെന്ന്' പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ എന്നര്‍ഥം! എങ്ങനെയാണ് സ്‌നേഹവും പ്രേമവുമെല്ലാം ശാസ്ത്രീയമായി തെളിയിക്കാനാവുക? ഇതൊന്നും ശാസ്ത്രത്തിന്റെ മേഖലയല്ല എന്നത് തന്നെയാണ് ഒറ്റവാക്കിലുള്ള ഉത്തരം. സ്‌നേഹമോ പ്രേമമോ ദേഷ്യമോ ഭയമോ ഒന്നും തന്നെ ശാസ്ത്രത്തിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് കണ്ടെത്താനോ അളക്കാനോ സാധ്യമല്ല. ശാസ്ത്രത്തിന്റെ മേഖല പദാര്‍ഥ പ്രപഞ്ചത്തെ പറ്റിയുള്ള പഠനമാണ്. ഇതൊക്കെ ആര്‍ക്കും  മനസ്സിലാക്കാന്‍ സാധിക്കുന്ന കേവലമായ യുക്തിയാണ്. ഇതൊക്കെ അംഗീകരിക്കാന്‍ പറ്റുമെങ്കില്‍ ഈ പദാര്‍ഥ  പ്രപഞ്ചത്തെ തന്നെ സൃഷ്ടിച്ച, പദാര്‍ഥങ്ങള്‍ക്ക് അതീതനായിട്ടുള്ള, സൃഷ്ടി പ്രപഞ്ചത്തിന് പുറത്തുള്ള ആ സ്രഷ്ടാവിനെ ഈ ഉപകരണങ്ങള്‍ ഉപയോഗിച്ച് തെളിയിക്കാതെ വിശ്വസിക്കില്ല എന്ന് പറയുന്നത് വെറും വാശിയല്ലാതെ മറ്റെന്താണ്?

ഇവിടെയാണ് സയന്റിസം ബാധിച്ച തലച്ചോറുകളില്‍ നിന്ന് വരുന്ന 'ശാസ്ത്രീയമായി തെളിയിക്കാതെ ദൈവത്തില്‍ വിശ്വസിക്കുകയില്ല' എന്ന യുക്തി എത്രമാത്രം ബാലിശമാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. വിശ്വാസികള്‍ ഉണ്ടെന്ന് വാദിക്കുന്ന ദൈവം ഒരിക്കലും പ്രപഞ്ചത്തിനകത്തുള്ള എന്തെങ്കിലും ഭൗതികവസ്തുവല്ല. മറിച്ച് പ്രപഞ്ചാതീതനായ, പദാര്‍ഥാതീതനായ ഒരു അസ്തിത്വത്തെ പറ്റിയാണ് വിശ്വാസികള്‍ സംസാരിക്കുന്നത്. പ്രപഞ്ചത്തിനുള്ളിലുള്ള, ഗവേഷണനിരീക്ഷണ യോഗ്യമായവയെ പറ്റി മാത്രം പഠിക്കാന്‍ യോഗ്യമായ ശാസ്ത്രം ഉപയോഗിച്ച് പ്രപഞ്ചത്തിന് അതീതനായ, പദാര്‍ഥങ്ങള്‍ക്ക്  അതീതനായ സ്രഷ്ടാവിനെ തെളിയിക്കണം എന്ന് പറയുന്നത് ശുദ്ധ അജ്ഞതയല്ലെങ്കില്‍ മറ്റെന്താണ്? സൃഷ്ടിപ്രപഞ്ചത്തിനുള്ളിലുള്ള കാര്യങ്ങളെ പറ്റി പഠിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ് ശാസ്ത്രം. അതുപയോഗിച്ച് ആ പ്രപഞ്ചത്തിന് പുറത്തുള്ള സ്രഷ്ടാവിനെ നേരിട്ട് കാട്ടിക്കൊടുക്കണം എന്ന് പറയുന്നത് എത്രത്തോളം പരിഹാസ്യമാണ്!

ചുരുക്കിപ്പറഞ്ഞാല്‍ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ നേരിട്ട് തെളിയിച്ചുതരാന്‍ ശാസ്ത്രത്തിന് ഒരിക്കലും സാധ്യമല്ല. കാരണം ശാസ്ത്രത്തിന്റെ പരിധികള്‍ക്കും അപ്പുറത്താണ് ദൈവം. പദാര്‍ഥ പ്രപഞ്ചത്തില്‍ തന്നെയുള്ള എന്തെങ്കിലും വസ്തുവിനെയോ പ്രതിമകളെയോ വ്യക്തികളെയോ ആണ് ദൈവം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്. എന്നാല്‍ ദൈവം പദാര്‍ഥ പ്രപഞ്ചത്തിന് അതീതനായിട്ടുള്ളവനാണ് എന്നത് കൊണ്ട് തന്നെ അവനെ കുറിച്ച് നേരിട്ട് അറിയാനോ പഠിക്കാനോ ശാസ്ത്രത്തിന്റെ ഉപകരണങ്ങളും രീതികളും പ്രാപ്തമല്ല. അതിനാല്‍ തന്നെ ദൈവമുണ്ട് എന്നത് ഒരു വിശ്വാസമാണെങ്കില്‍, ദൈവമില്ല എന്നതും ഒരു വിശ്വാസം തന്നെയാണ്!

അബ്ദുല്ലാ ബാസിൽ സി.പി
(നേർപഥം വാരികയിൽ പ്രസിദ്ധീകരിച്ചത്)

No comments:

Post a Comment