Tuesday, September 3, 2019

പ്രകൃതിദുരന്തങ്ങളും ദൈവനിഷേധികളുംവീണ്ടുമൊരു പ്രളയത്തിന് കൂടി കേരളം സാക്ഷിയായിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കൊണ്ട് കിടപ്പാടം നഷ്ടപ്പെട്ടവരെയും സ്വന്തം ശരീരം മാത്രം ബാക്കിയായവരെയും ഗ്രാമങ്ങള്‍ തന്നെ നാമാവശേഷമായതുമെല്ലാം വേദനയോടെ നാം കണ്ടു, അനുഭവിച്ചു. പ്രളയം തകര്‍ത്ത ജീവിതങ്ങളെയും സ്വപ്നങ്ങളെയും സാധിക്കുന്നിടത്തോളം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികള്‍. മനുഷ്യസ്നേഹത്തിന്റെയും അണപൊട്ടിയൊഴുകുന്ന കാരുണ്യത്തിന്റെയും ഉദാത്ത മാതൃകകള്‍ ബാക്കിവെച്ചാണ് ഇത്തവണയും വെള്ളമിറങ്ങുന്നത് എന്നത് ഏറെ സന്തോഷകരവും കൂടിയാണ്.

എന്നാല്‍ ഈ പ്രളയകാലത്ത് പോലും അതിനെ ഒരു ‘അവസരമായി’ കണ്ട് തങ്ങളുടെ ആശയപ്രചാരണത്തിന് ഉപയോഗിച്ച ചിലയാളുകളുണ്ട്. കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു ജനതയോട് ‘എവിടെ നിങ്ങളുടെ ദൈവം?’ എന്ന് ചോദിക്കുന്ന മഹാദുരങ്ങളുടെ അനൗചിത്യം സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായെങ്കിലും അവര്‍ ഉയര്‍ത്തിവിട്ട ചില ചിന്തകള്‍ കൃത്യമായ വിശകലനത്തിന് കൂടി വിധേയമാക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.ദൈവനിഷേധികളുടെ എക്കാലത്തെയും ആയുധമാണ് മനുഷ്യനെ ബാധിക്കുന്ന പ്രയാസങ്ങളും ദുരിതങ്ങളും. ദൈവമുണ്ടെങ്കില്‍, ആ ദൈവം കാരുണ്യവാനും എല്ലാറ്റിനും കഴിവുള്ളവനുമാണെങ്കില്‍ എന്തുകൊണ്ട് ദുരന്തങ്ങള്‍ തടഞ്ഞില്ല? എല്ലാറ്റിനും കഴിവുള്ളവനാണെങ്കില്‍ എന്തുകൊണ്ട് ഈ ലോകത്ത് നടക്കുന്ന തിന്മകള്‍ തടയുന്നില്ല? അതുകൊണ്ട് തന്നെ പ്രയാസങ്ങളും ദുരിതങ്ങളും തിന്മകളും ഉണ്ടാകുന്നതിന്റെ അര്‍ത്ഥം ഒന്നുകില്‍ ദൈവമില്ല എന്നാണ്, അല്ലെങ്കില്‍ ആ ദൈവം നിങ്ങള്‍ പറയുന്നത് പോലെ കാരുണ്യവാനും എല്ലാറ്റിനും കഴിവുള്ളവനും അല്ല എന്നാണ്. ഇതാണ് ഇവരുടെ വാദത്തിന്‍റെ ആകെത്തുക.

ഒന്നാമതായി മതങ്ങള്‍, പ്രത്യേകിച്ചും ഇസ്‌ലാം പഠിപ്പിക്കുന്ന ദൈവസങ്കല്‍പ്പത്തെ പറ്റിയുള്ള അജ്ഞതയില്‍ നിന്നാണ് ഈ സംശയം ഇവരുന്നയിക്കുന്നത്. തീര്‍ച്ചയായും ഇസ്‌ലാം പഠിപ്പിക്കുന്ന അല്ലാഹു കാരുണ്യവാനും (ആര്‍റഹ്മാന്‍) എല്ലാറ്റിനും കാഴിവുള്ളവനും (അല്‍ഖദീര്‍) തന്നെയാണ്. എന്നാല്‍ ഇത് മാത്രമാണ് ദൈവത്തിന്റെ വിശേഷണങ്ങള്‍ എന്ന് കരുതിയേടത്താണ് ഭൌതികവാദികള്‍ക്ക് തെറ്റ്പറ്റിയത്. ഇതോടൊപ്പം തന്നെ മറ്റനേകം നാമഗുണവിശേഷണങ്ങള്‍ ദൈവത്തിനുണ്ട്. എന്നാല്‍ അങ്ങനെയുള്ള വിശേഷണങ്ങലെയെല്ലാം അവഗണിക്കുകയും കാരുണ്യവാന്‍, എല്ലാറ്റിനും കഴിവുള്ളവന്‍ എന്നീ രണ്ട് വിശേഷണങ്ങളെ മാത്രം പരിഗണിക്കുകയുമാണ് ഇത്തരക്കാര്‍ ചെയ്യുന്നത്.

ഉദാഹരണത്തിന് ദൈവത്തിന്റെ മറ്റൊരു വിശേഷണമാണ് ‘അല്‍ഹകീം’ അഥവാ ഏറ്റവും വിവേകശാലിയായവന്‍ എന്നത്. എന്നുവെച്ചാല്‍ പടച്ചവന്റെ തീരുമാനങ്ങളെല്ലാം ആ ദൈവികമായ വിവേകത്തോട് ഒത്തുപോകുന്നവയാണ്. എന്തെങ്കിലും ഒരു കാര്യം അന്തര്‍ലീനമായിരിക്കുന്ന വിവേകത്തെ ആസ്പദമാക്കി വിശദീകരിക്കപ്പെട്ടാല്‍ അത് അങ്ങനെയൊന്ന് സംഭവിക്കാനുള്ള കാരണത്തെ സൂചിപ്പിക്കുന്നു. ഒരുപക്ഷെ നമ്മുടെ പരിമിതമായ അറിവും കഴിവും കൊണ്ട് എല്ലാറ്റിന്റെ പിന്നിലുമുള്ള ദൈവികമായ വിവേകം പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ നമുക്ക് സാധിച്ചുകൊള്ളണം എന്നില്ല. ദൈവത്തിന് അറിവിന്‍റെയും വിവേകത്തിന്റെയും പൂര്‍ണ്ണതയുണ്ടെന്നും നമ്മുടേത് പരിമിതമാണെന്നുമുള്ള തിരിച്ചറിവാണ് ഏറ്റവുമാദ്യം വേണ്ടത്. പ്രത്യക്ഷത്തില്‍ നമുക്ക് ദോഷകരമായി തോന്നുന്ന കാര്യങ്ങള്‍ക്ക് പിന്നിലും ദൈവികമായ ഒരു വിവേകമുണ്ട് എന്ന തിരിച്ചറിവ് വിശ്വാസികള്‍ക്ക് മനശക്തിയും ശുഭാപ്തിവിശ്വാസവുമാണ് ഉണ്ടാക്കുക. അപ്പോള്‍ എല്ലാറ്റിന് പിന്നിലും ഒരു കാരണമുണ്ട് എന്ന് അല്‍ഹകീം എന്ന വിശേഷണത്തിലൂടെ മനസ്സിലാക്കിയാല്‍ ഈ വാദങ്ങള്‍ക്ക് പിന്നെ നിലനില്‍പ്പില്ല.
ജീവിതത്തില്‍ നാമനുഭവിക്കുന്ന പ്രയാസങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കുമെല്ലാം, അത് പ്രകൃതിദുരന്തങ്ങളാണെങ്കിലും മനുഷ്യര്‍ ചെയ്തുകൂട്ടുന്നതാണെങ്കിലും ഇസ്ലാമിക ജീവിതവീക്ഷണപ്രകാരം കൃത്യമായ വിശദീകരണങ്ങള്‍ നമുക്ക് നല്‍കാനാകും. അവയില്‍ ചിലത് മാത്രം സൂചിപ്പിക്കുകയാണ്:

1. ജീവിതം പരീക്ഷണമാണ്

‘കത്വയിലെ പിഞ്ചുകുഞ്ഞിനെ എട്ടുദിവസം മാറിമാറി പീഡിപ്പിക്കുന്നത് നോക്കി നിന്നവനാണ് നിങ്ങളുടെ ദൈവമെങ്കില്‍ ആ ദൈവത്തില്‍ എനിക്ക് വിശ്വാസമില്ല..’ എന്‍റെയൊരു ദൈവനിഷേധിയായ സുഹൃത്ത് പറഞ്ഞ വാചകമാണിത്.

ലോകത്ത് എന്ത് സംഭവിക്കുമ്പോഴും അപ്പപ്പോള്‍ ഇടപെട്ട് തീര്‍പ്പുണ്ടാക്കുന്ന ഒരു ദൈവമാണ് ഇവരുടെയൊക്കെ മനസ്സില്‍. അതിന് ദൈവത്തിന് കഴിവുണ്ടെങ്കില്‍ പോലും അങ്ങനെ ഇടപെടുന്നവനല്ല ദൈവം എന്ന് ഇസ്‌ലാമിക അധ്യപനങ്ങളിലൂടെ വ്യക്തമായ കാര്യമാണ്. ഈ ലോകത്തെ നമ്മുടെ ജീവിതം തന്നെ ഒരു പരീക്ഷണമാണ്. നന്മയും തിന്മയും സ്വീകരിക്കാനുള്ള സ്വതന്ത്രമായ ഇഛ മനുഷ്യന് നല്‍കിയാണ്‌ ദൈവം മനുഷ്യനെ സൃഷ്ടിച്ചത്.

“കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാന്‍ വേണ്ടി. അങ്ങനെ നാം അവനെ കേള്‍വിയുള്ളനും കാഴ്ചയുള്ളവാനുമാക്കിയിരിക്കുന്നു. തീര്‍ച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദി കെട്ടവനാകുന്നു” (ഖുര്‍ആന്‍ 76:2,3)

എന്തുകാര്യത്തിലും നന്മയുടെ വഴി സ്വീകരിക്കാനും തിന്മയുടെ വഴി സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്‌. അത് വ്യക്തിപരമായി തിന്മകള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം കൂടിയാണ്. എന്തിനങ്ങനെ മനുഷ്യരെ തിന്മകള്‍ ചെയ്യാന്‍ അനുവദിക്കണം എന്നതിന്റെ ഉത്തരം ജീവിതം പരീക്ഷണമാക്കി നന്മയും തിന്മയും തിരഞ്ഞെടുക്കാനുള്ള അവസരം മനുഷ്യന് സ്രഷ്ടാവ് നല്‍കിയിട്ടുണ്ട് എന്നത് തന്നെയാണ്. നന്മയും തിന്മയും തിരഞ്ഞെടുക്കാന്‍ അവസരമില്ലെങ്കില്‍ പിന്നെ പരീക്ഷണം എന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?! നമ്മള്‍ തിന്മ ചെയ്യുമ്പോഴെല്ലാം ദൈവം ഇടപെട്ട് അത് ഇല്ലാതാക്കുകയോ തടയുകയോ ചെയ്യുകയാണെങ്കില്‍ പിന്നെ ‘പരീക്ഷണം’ അര്‍ത്ഥശൂന്യമാണ്. പരീക്ഷയെഴുതുന്ന വിദ്യാര്‍ഥി തെറ്റ് എഴുതുമ്പോഴെല്ലാം ഇടപെട്ട് ശരിയുത്തരം ആക്കുകയാണെങ്കില്‍ പിന്നെ അതിനെ പരീക്ഷയെന്ന് പറയേണ്ട കാര്യമില്ലല്ലോ..

എന്നാല്‍ അതേസമയം ഇങ്ങനെ തിന്മകള്‍ നടക്കുന്നു എന്നത് സ്രഷ്ടാവിന് സ്വന്തം സൃഷ്ടികളെ അനുസരിപ്പിക്കാന്‍ കഴിയുന്നില്ല എന്നതിന് തെളിവാണോ? ഒരിക്കലുമല്ല. കാരണം എല്ലാം അനുസരിക്കുന്ന, നന്മ മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സൃഷ്ടിവര്‍ഗ്ഗത്തെ – മാലാഖമാരെ – സൃഷ്ടിച്ച ദൈവത്തിന് അതിന് സാധിക്കും എന്ന് വ്യക്തമാണ്. അതില്‍ നിന്ന് വ്യത്യസ്തമായി നന്മയും തിന്മയും ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള സൃഷ്ടികളേയും ദൈവത്തിന് സൃഷ്ടിക്കാനാവും എന്നതിന്‍റെ തെളിവാണ് മനുഷ്യരും ജിന്നുകളും.
ഇനി ഇങ്ങനെ പ്രകൃതിദുരന്തങ്ങളോ മനുഷ്യര്‍ ചെയ്തുകൂട്ടുന്ന തിന്മകളോ ഉണ്ടാകുമ്പോള്‍  നാം അതിനോടെങ്ങനെ പ്രതികരിക്കുന്നു എന്നതാണ് നമുക്കുള്ള പരീക്ഷണം. ക്ഷമ പരീക്ഷിക്കപ്പെടുന്ന പരീക്ഷണങ്ങളിലൂടെയാണ് ക്ഷമ എന്ന ഗുണം പരിപോഷിപ്പിക്കപ്പെടുന്നത്. സ്നേഹവും സഹാനുഭൂതിയും ദയയുമെല്ലാം അങ്ങനെത്തന്നെ. ഈ പരീക്ഷണങ്ങളില്‍ ഏറ്റവും നന്നായി പ്രതികരിക്കാന്‍ ഒരു വിശ്വാസിക്കാവുന്നു.

“മുഹമ്മദ്‌ നബി (സ) പറഞ്ഞു : ഒരു വിശ്വാസിയുടെ കാര്യം അത്ഭുതമാണ്. അവന് എന്ത് ബാധിച്ചാലും അതവനു നന്മയായി ഭവിക്കുന്നു. ഇത് വിശ്വാസിക്കല്ലാതെ മറ്റാര്‍ക്കുമില്ല. എന്തെങ്കിലും നല്ല കാര്യം അവനെ ബാധിച്ചാല്‍ അവന്‍ നന്ദി ചെയ്യുന്നു, അതവന് നന്മയാണ്. എന്തെങ്കിലും മോശം കാര്യം അവനെ ബാധിച്ചാല്‍ അവന്‍ ക്ഷമിക്കുന്നു, അതും അവന് നന്മയാണ്..” (മുസ്‌ലിം)

പ്രകൃതിദുരന്തങ്ങളില്‍ പ്രയസമാനുഭാവിക്കുന്നവര്‍ക്ക് അവരുടെ പ്രയാസം ഒരു പരീക്ഷണമാണ്. അതിനോട് അവരെങ്ങനെ പ്രതികരിക്കുന്നു എന്നുള്ള പരീക്ഷണം. ഒന്നുകില്‍ ക്ഷമയും സഹനവും ദൈവത്തില്‍ നിന്നുള്ള പ്രതിഫലത്തെ പറ്റിയുള്ള പ്രതീക്ഷയുമായി അവന് നന്മയുടെ വഴി സ്വീകരിക്കാം , അതല്ലെങ്കില്‍ എല്ലാറ്റിനെയും ശപിച്ച്, ദൈവത്തെ കുറ്റം പറഞ്ഞ്പരീക്ഷണത്തില്‍ പരാജയപ്പെടാം. ഈ ദുരന്തത്തില്‍ അകപ്പെടാത്തയാളുകള്‍ക്കും ഇതൊരു പരീക്ഷണം തന്നെയാണ്. തന്‍റെ സഹോദരങ്ങളെ ബാധിച്ച വിഷമത്തില്‍ അവരെ ശാരീരികമായും സാമ്പത്തികമായും സഹായിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ട് നിലകൊള്ളാനും അതേപോലെ തന്നെ തന്നെയല്ലല്ലോ ബാധിച്ചത് എന്ന ചിന്തയില്‍ പ്രയസപ്പെടുന്നവരെ അവഗണിക്കാനുമുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട് .
എന്തിനാണ് ഇത്തരത്തില്‍ പരീക്ഷണം? അവിടെയാണ് ‘ഏറ്റവും നീതിമാന്‍’ എന്ന നിരീശ്വരവാദികള്‍ അവഗണിച്ച ദൈവത്തിന്റെ മറ്റൊരു വിശേഷണം പ്രസക്തമാകുന്നത്. എല്ലാവരെയും മരണാനന്തരം സ്വര്‍ഗ്ഗത്തിലാക്കുകയാണെങ്കില്‍ അതൊരിക്കലും ഈ വിശേഷണത്തോട് യോജിക്കുകയില്ല. കത്വയില്‍ എട്ടു ദിവസം പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവരും ആ കുഞ്ഞും ഭൗതികവാദിയുടെ കണ്ണില്‍ മരണശേഷം ഒരുപോലെയായിരിക്കാം. പക്ഷെ ഏറ്റവും നീതിമാനായ ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അങ്ങനെയല്ല, അതിനുള്ള കൃത്യമായ നീതി നടപ്പിലാവുക തന്നെ ചെയ്യും!

2. കൂടുതല്‍ വലിയ നന്മകളിലേക്ക് നയിക്കുന്നു

പിന്നെയുള്ള പ്രശ്നം ഇത്തരം പ്രയാസങ്ങളും ദുരിതങ്ങളും ദൈവത്തിന്റെ മറ്റ് വിശേഷണങ്ങള്‍ കൊണ്ട് വിശദീകരിക്കാന്‍ സാധിച്ചേക്കാം, എന്നാല്‍ അത് ‘കാരുണ്യവാന്‍’ എന്ന വിശേഷണത്തിന് എതിരാവുകയില്ലേ എന്നതാണ്. നാം നമ്മുടെ വീക്ഷണകോണിലൂടെ മാത്രം കാര്യങ്ങളെ വിലയിരുത്തുകയും ദൈവത്തെ നമ്മെ പോലെയാണ് എന്ന് കരുതുകയും ചെയ്യുമ്പോഴുള്ള പ്രശ്നം മാത്രമാണിത്.
പ്രത്യക്ഷത്തില്‍ നമുക്ക് നല്ലതായി അനുഭവപ്പെടുന്ന പല കാര്യങ്ങളുമുണ്ട്. ഭൗതിക നേട്ടങ്ങള്‍, സന്തോഷങ്ങള്‍, വിഭവങ്ങള്‍ എന്നിങ്ങനെ പലതും. അവയെ നമുക്ക് ഫസ്റ്റ് ഓര്‍ഡര്‍ ഗുഡ് (first order good) എന്ന് വിളിക്കാം. പ്രത്യക്ഷത്തില്‍ നമുക്ക് തിന്മയായി അനുഭവപ്പെടുന്ന ഭൗതികമായ വിഭവ നഷ്ടം , ധന നഷ്ടം , ആള്‍ നഷ്ടം എന്നിങ്ങനെയുള്ളവയെ നമുക്ക് first order evil എന്നും വിശേഷിപ്പിക്കാം. ഇങ്ങനെയുള്ള പ്രത്യക്ഷത്തില്‍ നമുക്ക് ദോഷമായി ഭവിക്കുന്ന പലതും കൂടുതല്‍ വലിയ നന്മകളിലേക്ക് (second order good) വഴി വെക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കും.

പ്രളയാനന്തര കേരളത്തിന്‌ ഇത് പ്രത്യേകിച്ച് വിശദീകരിച്ചു കൊടുക്കേണ്ടതുണ്ടെന്ന് കരുതുന്നില്ല. മഹാപ്രളയത്തില്‍ ഒലിച്ചു പോയ ഭൗതിക വിഭവങ്ങളെ കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും പ്രളയം കൊണ്ട് നിറംകെടുത്തിയവരാണ് നമ്മള്‍ മലയാളികള്‍. ‘നമ്മളൊന്നും കൊണ്ട് പോകില്ലല്ലോ, എല്ലാം അവന്‍ തരും’ എന്ന് മുകളിലേക്ക് കൈചൂണ്ടിക്കൊണ്ട് ആത്മവിശ്വാസത്തോടെ കൈമറന്നു സഹായിക്കുന്ന നൗഷാദുമാര്‍ തന്നെ പോരേ ഇത് മനസ്സിലാക്കി തരാന്‍?! ഏതാനും വ്യക്തികള്‍ ചെയ്യുന്ന വലിയ നന്മകള്‍ മാത്രമല്ല, സമൂഹത്തില്‍ പൊതുവായി തന്നെ സ്നേഹവും കാരുണ്യവും സഹാനുഭൂതിയുമെല്ലാം വളര്‍ത്താന്‍ പ്രത്യക്ഷത്തില്‍ നമുക്ക് പ്രയാസമായി തോന്നുന്ന കാര്യങ്ങള്‍ വഴിവെക്കും എന്നതാണ് വസ്തുത. പ്രളയാനന്തരം എല്ലാ തിരക്കുകളും മാറ്റിവെച്ച് വീടുകള്‍ വൃത്തിയാക്കാനും മറ്റും ഒഴുകിയെത്തുന്ന യുവജനങ്ങളും വിവിധ ജില്ലകളില്‍ നിന്ന് നിര്‍ത്താതെ പ്രവഹിക്കുന്ന സാധനസാമഗ്രികളുടെ ‘ലോഡു’കളും വിവിധ മത-സാംസ്കാരിക സംഘടനകളുടെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളുമെല്ലാം അതിന്‍റെ ഉദാഹരണങ്ങള്‍ മാത്രമാണ്. ആ നന്മകള്‍ക്ക് ഒരിക്കലും നമുക്ക് ഭൗതികമായി അനുഭവിക്കുന്ന തിന്മകളുടെ അതേ മൂല്യവുമല്ല!

“പറയുക, നല്ലതും ചീത്തയും സമമാവുകയില്ല. ചീത്തയുടെ വര്‍ദ്ധനവ് നിന്നെ അത്ഭുതപ്പെടുത്തിയാലും ശരി. അതിനാല്‍ ബുദ്ധിമാന്മാരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം..” (ഖുര്‍ആന്‍ 5:100)

ഇങ്ങനെ എല്ലാറ്റിന് പിന്നിലും ദൈവികമായ വിവേകവും നിശ്ചയവുമുണ്ട് എന്നതാണ് നാം മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനകാര്യം. മഹാനായ ശൈഖുല്‍ ഇസ്‌ലാം ഇബ്നു തെയ്മിയയുടെ ഈ വിഷയത്തിലെ പരാമര്‍ശം ഏറെ പ്രസക്തമാണ് :

“പടച്ചവന്‍ ഒരിക്കലും കേവലമായ തിന്മ സൃഷ്ടിക്കുന്നില്ല. മറിച്ച് അവന്‍ സൃഷ്ടിക്കുന്ന എല്ലാറ്റിലും എന്താണോ നന്മ എന്നതിന്റെ അടിസ്ഥാനത്തിലുള്ള ഒരു ദൈവിക നിശ്ചയമുണ്ട്. എന്നാല്‍ അതില്‍ ചിലര്‍ക്ക് ചില തിന്മകള്‍ ഉണ്ടായിരിക്കാം. അത് ഭാഗികമാണ്, അല്ലെങ്കില്‍ ആപേക്ഷികമാണ്. എന്നാല്‍ പൂര്‍ണ്ണമോ കേവലമോ ആയ തിന്മ എന്നതില്‍ നിന്നും പടച്ചവന്‍ ഒഴിവാണ്” (മജ്മഉല്‍ ഫതാവാ , വോള്യം 14, പേജ് 266)

എത്ര കൃത്യം, എത്ര വ്യക്തം! ആപേക്ഷികമായി നമുക്കനുഭവപ്പെടുന്ന ദുരിതങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും വേദനകള്‍ക്കും അപ്പുറം ആത്യന്തികമായ നന്മയും വിവേകവുമുണ്ടെന്ന തിരിച്ചറിവ് നല്‍കുന്ന ആശ്വാസവും മന:ശക്തിയും ചെറുതല്ല!

3. ഐഹികജീവിതത്തിന്റെ നിസ്സാരത ബോധ്യപ്പെടുത്തുന്നു

ഐകിക ജീവിതത്തിലെ നൈമിഷികമായ സന്തോഷങ്ങള്‍ ആസ്വദിക്കലല്ല ജീവിതലക്ഷ്യമെന്നും സ്രഷ്ടാവായ ദൈവത്തിന് ആരാധന അര്‍പ്പിക്കുന്നതിലൂടെ ഇഹത്തിലും പരത്തിലും കൈവരിക്കുന്ന മാനസികമായ സമാധാനമാണ് ലക്ഷ്യമാക്കേണ്ടത് എന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

“ജിന്നുകളെയോ മനുഷ്യരെയോ എന്നെ ആരാധിക്കാന്‍ വേണ്ടിയല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല” (ഖുര്‍ആന്‍ 51:56)

ഒരു യഥാര്‍ത്ഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇതാണ് മുഖ്യമായ കാര്യം. ബാക്കിയെല്ലാം അവന് രണ്ടാംതരം മാത്രമാണ്. എല്ലാ സൗകര്യങ്ങളും അനുഭവിച്ച് ഒരു പ്രയസവുമില്ലാതെ ജീവിച്ച് അതില്‍ മതിമറന്ന് ആരാധനകള്‍ ഒഴിവാക്കിയനെയും പ്രയാസങ്ങളിലും ദുരിതങ്ങളിലും പെട്ട് ജീവിതം മുന്നോട്ട് നീക്കാന്‍ സ്രഷ്ടാവില്‍ മാത്രമാണഭയം എന്ന് തിരിച്ചറിഞ്ഞ് ആരാധനകള്‍ ചെയ്തവനെയുമെടുത്താല്‍ രണ്ടാമനാണ് ഇസ്ലാമിക കാഴ്ചപ്പാടില്‍ ഉയര്‍ന്നവനും വിജയിച്ചവനും.

പ്രയാസങ്ങളും ദുരന്തങ്ങളും എത്ര നിസ്സാരമാണ് ഈ ലോക ജീവിതമെന്നും, നമ്മുടെ കഴിവുകള്‍ എത്രമാത്രം പരിമിതമാണെന്നും നമ്മോടു വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ്. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ കുതിച്ചുപാച്ചിലില്‍ ഇനിയൊന്നും കീഴടക്കാനില്ലെന്ന അഹംഭാവമാണ് മൂന്നുദിവസം നിര്‍ത്താതെ പെയ്ത മഴയില്‍ ഒലിച്ചുപോയത്! ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാനും നഷ്ടം നികത്താനുമല്ലാതെ മറ്റൊന്നും നമ്മെ കൊണ്ട് സാധിക്കില്ലെന്നും എല്ലാം ‘മുകളിലുള്ളവന്റെ’ കൈകളിലാണെന്നും എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞത് ആരും പറഞ്ഞു പഠിപ്പിച്ചതുകൊണ്ടല്ല, മറിച്ച് അനുഭവങ്ങളില്‍ നിന്ന് മനുഷ്യമനസ്സ് വായിച്ചെടുത്തതാണ്!

സ്വന്തം നിസ്സഹായാവസ്ഥ ഉള്ളറിഞ്ഞ് മനസ്സിലാക്കുമ്പോള്‍ ഹൃദയത്തില്‍ നിന്ന് സ്രഷ്ടാവിലേക്കുയരുന്ന ഒരു തേട്ടമുണ്ട്. അഹന്ത വെടിഞ്ഞ് , പരിമിതികള്‍ തിരിച്ചറിഞ്ഞ് , നിസ്സാരത ബോധ്യപ്പെട്ട് സകലതിനെയും നിയന്ത്രിക്കുന്ന സ്രഷ്ടാവിലേക്കുയരുന്ന ആ മനസ്സിന്റെ തേട്ടമാണ്‌ പ്രാര്‍ത്ഥന! അതാണ്‌ ആരാധനയുടെ മജ്ജയും.

“അഥവാ കഷ്ടപ്പെട്ടവന്‍ അവനെ വിളിച്ചാല്‍ അവന് ഉത്തരം കൊടുക്കുകയും അവന്റെ വിഷമം നീക്കിക്കൊടുക്കുകയും നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവന്‍ ആരാണ്? അല്ലാഹുവോടൊപ്പം വല്ല ആരാധ്യനുമുണ്ടോ? കുറച്ചു മാത്രമേ നിങ്ങള്‍ ആരാധിച്ചു മനസ്സിലാക്കുന്നുള്ളൂ!” (ഖുര്‍ആന്‍ 27:62)

ദുരന്തങ്ങള്‍ ഭൗതികവാദ കാഴ്ചപ്പാടില്‍
ദുരന്തങ്ങള്‍ വിശ്വാസിക്ക് മനശക്തിയും ശുഭാപ്തിവിശ്വാസവും നേടാനും സ്വന്തം പരിമിതികള്‍ തിരിച്ചറിഞ്ഞ് വിനയാന്വിതനായി സ്രഷ്ടാവിലേക്ക് മടങ്ങാനുമുള്ള വഴിതുറക്കുന്നു എന്നത് നാം മനസ്സിലാക്കി. എന്നാല്‍ ഭൗതികവാദികളുടെ വീക്ഷണപ്രകാരം ദുരന്തങ്ങള്‍ അര്‍ത്ഥശൂന്യമായ യാദൃശ്ചികതകള്‍ മാത്രമാണ്. അന്ധമായ ഏതൊക്കെയോ ചില ഭൗതിക പ്രക്രിയകളുടെ ‘ഇരകള്‍’ മാത്രമാണ് ഓരോ പ്രയാസമനുഭവിക്കുന്നവനും! അവന് കൂടുതല്‍ നല്ലത് എന്തെങ്കിലുമൊന്ന് പ്രതീക്ഷിക്കാനോ ആശ്വസിക്കാനോ യാതൊരു വകുപ്പുമില്ല! തങ്ങള്‍ അനുഭവിക്കുന്നതിന് ഭൌതികേതരമായ എന്തെങ്കിലുമൊരു കാര്യമോ കാരണമോ കണ്ടെത്താനാവാതെ നഷ്ടങ്ങള്‍ വെറും നഷ്ടങ്ങളായും പ്രയസങ്ങളനുഭവിച്ഛത് അര്‍ത്ഥശൂന്യമായും മാത്രം കാണാനേ അവര്‍ക്ക് സാധിക്കൂ.. ജീവിതം മുഴുവന്‍ പ്രയാസങ്ങളും ദുരിതങ്ങളും അനുഭവിച്ചവനും മണിമാളികകളില്‍ ആര്‍ത്തുല്ലസിച്ച് പ്രയസങ്ങളെന്തെന്നറിയാതെ ജീവിച്ചവനും മരിക്കുന്നതോടെ മണ്ണില്‍ അലിഞ്ഞുചേര്‍ന്ന് വെറും ഭൗതികപദാര്‍ത്ഥങ്ങളായി ഇല്ലാതാകുന്നു! പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ തളര്‍ത്താനും വിഷാദരോഗികളാക്കാനും ഇതിനപ്പുറം വേറെന്തുവേണം?!

എന്നാല്‍ വിശ്വാസികളുടെ കാര്യമോ? അവന് ബാധിക്കുന്ന ഓരോ പ്രയാസവും, അവന്‍ അനുഭവിക്കുന്ന ഓരോ വേദനയും അവന്‍റെ മരണാനന്തര ജീവിതത്തിലേക്കുള്ള മുതല്‍ക്കൂട്ടാണ്.
“മുഹമ്മദ്‌ നബി (സ) പറഞ്ഞു : ഒരു മുസ്ലിമിനെ ഒരു ദുരിതവും ബാധിക്കുന്നില്ല.അവന്റെ ചില തിന്മകളെ അല്ലാഹു പൊറുത്തുകൊടുത്തിട്ടല്ലാതെ. അതൊരു കാലില്‍ മുള്ള് തറക്കുന്നതായാല്‍ പോലും” (ബുഖാരി)

എല്ലാറ്റിന് പിന്നിലും കാരുണ്യവാനും വിവേകിയും കരുണാനിധിയുമായ സ്രഷ്ടാവിന്റെ നിശ്ചയവും കല്പനയുമുണ്ട് എന്നും, ജീവിതമാകുന്ന പരീക്ഷയിലെ ഒരു പരീക്ഷണം മാത്രമാണിതെന്നും, യഥാര്‍ത്ഥവും അനന്തവുമായ ജീവിതം മരണശേഷമാണെന്നും ആ ജീവിതത്തിലേക്കുള്ള മുതല്‍ക്കൂട്ടായിരിക്കണം ഇപ്പോഴത്തെ തന്റെ പ്രവര്‍ത്തികള്‍ എന്നും ചിന്തിക്കുന്ന വിശ്വാസിയുടെ മാനസികനില ഭൗതികവാദികളുടേതുമായി താരതമ്യത്തിനെങ്കിലും യോഗ്യമാണോ?!

- അബ്ദുല്ലാ ബാസിൽ സി.പി
(നേർപഥം വാരികയിൽ പ്രസിദ്ധീകരിച്ചത്)

No comments:

Post a Comment