Saturday, September 7, 2019

തെറ്റും ശരിയും : ദൈവനിഷേധത്തിലും മതവിശ്വാസത്തിലും


'തെറ്റും ശരിയും':
ദൈവനിഷേധത്തിലും മതവിശ്വാസത്തിലും
-------------------

'നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്നു'. പത്രത്തിന്റെ ആദ്യപേജില്‍ പ്രാധാന്യത്തോടെ വന്ന ഒരു വാര്‍ത്തയാണിത്.
ഈ പ്രവൃത്തി ഒരു തിന്മയാണോ?
വികാരവും വിവേകവുമുള്ള ഒരു മനുഷ്യനോടും അത് പ്രത്യേകിച്ച് ചോദിക്കേണ്ടതില്ലല്ലോ. തെറ്റാണ്, സംശയമില്ല!
ഒരു ചോദ്യം കൂടി, ഈ പ്രവൃത്തി വസ്തുനിഷ്ഠമായി തെറ്റാണോ? എന്താണീ 'വസ്തുനിഷ്ഠ'മെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

വസ്തുനിഷ്ഠത

വസ്തുനിഷ്ഠമായ (Objective) ഒരു കാര്യമെന്നാല്‍ മറ്റൊന്നിനെയും ബാധിക്കാത്ത വസ്തുത എന്നതാണ്. വ്യക്തിപരമായ തോന്നലുകളോ അഭിപ്രായങ്ങളോ കാലമോ ദേശമോ സമൂഹമോ ഒന്നും ബാധിക്കാത്ത തരത്തിലുള്ള വസ്തുതകള്‍ക്കാണ് നാം വസ്തുനിഷ്ഠമായ കാര്യം എന്ന് പറയുക. ആ അര്‍ഥത്തില്‍ അത് വ്യക്തിയുടെ പരിമിതമായ കഴിവുകള്‍ക്ക് പുറത്താണ്.


ഉദാഹരണം: 1+1=2 എന്നത് കാലത്തിനോ ദേശത്തിനോ വ്യക്തികള്‍ക്കോ സമൂഹത്തിനോ അനുസരിച്ചു മാറാത്ത ഒരു വസ്തുതയാണ്. അത് ഇന്നും ഇന്നലെയും ആയിരം കൊല്ലത്തിന് മുമ്പും പതിനായിരം കൊല്ലത്തിനു ശേഷവും അങ്ങനെത്തന്നെയായിരിക്കും. ഇന്ത്യയിലും അമേരിക്കയിലും ചൈനയിലും ആ ഒരു വസ്തുതയ്ക്ക് മാറ്റമൊന്നുമില്ല. ഇങ്ങനെ കാലമോ ദേശമോ വ്യക്തികളോ ഒന്നും ബാധിക്കാത്ത വസ്തുതകള്‍ക്കാണ് വസ്തുനിഷ്ഠമായ കാര്യം എന്ന് പറയുന്നത്.

ഇനി നാം ആദ്യം ചോദിച്ച ചോദ്യത്തിലേക്ക് തിരിച്ചു വരാം. നവജാത ശിശുവിനെ കഴുത്തറുത്ത് കൊല്ലുന്നത് വസ്തുനിഷ്ഠമായി തെറ്റാണോ?! എന്നുവച്ചാല്‍, ഒരു പിഞ്ചുകുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊല്ലുന്നത് കാലമോ ദേശമോ വ്യക്തികളോ ബാധിക്കാത്ത തരത്തില്‍ തെറ്റാണോ? ഒരു ലക്ഷം വര്‍ഷം കഴിഞ്ഞാലും 'പിഞ്ചുകുഞ്ഞിനെ കൊല്ലുന്നത് തെറ്റാണ്' എന്ന ആ ഒരു മൂല്യത്തിന് മാറ്റമുണ്ടാവില്ലേ? ഉണ്ടാവില്ല എന്നാണ് നിങ്ങള്‍ക്ക് തോന്നുന്നതെങ്കില്‍ അതിനര്‍ഥം വസ്തുനിഷ്ഠമായ ധാര്‍മിക മൂല്യങ്ങള്‍ (Objective Moral Values) നിലനില്‍ക്കുന്നുണ്ട് എന്നാണ്.

അതല്ല പിഞ്ചുകുഞ്ഞിനെ കഴുത്തറുത്തു കൊല്ലുന്നത് ഏതെങ്കിലും കാലത്തോ പ്രദേശത്തോ വ്യക്തികള്‍ക്കോ തെറ്റല്ലാതാവും എന്നാണ് വാദമെങ്കില്‍ നിങ്ങള്‍ വസ്തുനിഷ്ഠമായ ധാര്‍മിക മൂല്യങ്ങള്‍ നിലനില്‍ക്കുന്നു എന്ന് അംഗീകരിക്കുന്നില്ല. സാമാന്യം മൂല്യബോധമുള്ള ആരും അങ്ങനെ വാദിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍ തങ്ങളുടെ വികലവാദങ്ങള്‍ ന്യായീകരിക്കുവാന്‍ ഇപ്പോള്‍ ചിലര്‍ അങ്ങനെ വസ്തുനിഷ്ഠമായ മൂല്യങ്ങള്‍ നിലനില്‍ക്കുന്നില്ലെന്ന് വാദിക്കുന്നുണ്ട്. അവരിലേക്ക് നമുക്ക് പിന്നീട് വരാം.
വസ്തുനിഷ്ഠമായ ധാര്‍മികതയും ദൈവവും
ഒരു നവജാത ശിശുവിനെ കഴുത്തറുത്ത് കൊല്ലുന്നത് വസ്തുനിഷ്ഠമായി തെറ്റാണെന്ന് അംഗീകരിക്കുന്നവര്‍, അല്ലെങ്കില്‍ അത്തരത്തില്‍ വസ്തുനിഷ്ഠമായ ധാര്‍മിക മൂല്യങ്ങള്‍ നിലനില്‍ക്കുന്നു എന്ന് അംഗീകരിക്കുന്നവര്‍ ഒരു ചോദ്യത്തിന് കൂടി ഉത്തരം കണ്ടെത്തേണ്ടതുണ്ട്. എന്തുകൊണ്ടാണ് അത് വസ്തുനിഷ്ഠമായി തെറ്റായത്?
വസ്തുനിഷ്ഠമായ ധാര്‍മിക മൂല്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് വ്യക്തിയുടെ പരിമിതികള്‍ക്ക് പുറത്താണ്, അല്ലെങ്കില്‍ ബാഹ്യമാണ്. എങ്കില്‍ അതിന്റെ യുക്തിപരമായ അടിത്തറ എവിടെയാണ്? വസ്തുനിഷ്ഠമായ ഒരു കാര്യം എന്നാല്‍ അത് പ്രപഞ്ചത്തിനകത്തെ ഒന്നുകൊണ്ടും ബാധിക്കാത്ത ഒന്നാണ് എന്ന് നാം നേരത്തെ മനസ്സിലാക്കി. അതുകൊണ്ട് തന്നെ ആ അടിത്തറ പ്രപഞ്ചത്തിന് അകത്തല്ല, അല്ലെങ്കില്‍ ഭൗതികപ്രപഞ്ചത്തിലല്ല എന്നുറപ്പാണ്. എന്നുവച്ചാല്‍ അതിന്റെ അടിത്തറ പ്രപഞ്ചത്തിന് പുറത്താണ്, അല്ലെങ്കില്‍ അഭൗതികമാണ്!

ചുരുക്കിപ്പറഞ്ഞാല്‍ വസ്തുനിഷ്ഠമായ ധാര്‍മിക മൂല്യങ്ങള്‍ നിലനില്‍ക്കുന്നു എന്ന് ഒരാള്‍ വിശ്വസിക്കുന്നു എങ്കില്‍ പ്രപഞ്ചാതീതനായ, അഭൗതികമായ ഒരു അസ്തിത്വത്തില്‍ വിശ്വസിച്ചേ തീരൂ! പ്രപഞ്ചാതീതനും പദാര്‍ഥാതീതനുമായ ആ അസ്തിത്വത്തെയാണ് നമ്മള്‍ 'ദൈവം' എന്ന് വിളിക്കുന്നത്. കാരണം ഇസ്‌ലാമിക അധ്യാപനങ്ങളിലെ ദൈവം പ്രപഞ്ചത്തിനകത്തെ എന്തെങ്കിലുമൊരു വസ്തുവോ കല്ലോ മരമോ മുരടോ മൂര്‍ഖന്‍ പാമ്പോ ഒന്നുമല്ല, മറിച്ച് പ്രപഞ്ചത്തിന് അതീതനായ ഒരു അസ്തിത്വമാണ് അവനുള്ളത്. അവന്‍ ഏറ്റവും പരിപൂര്‍ണതയുള്ള അസ്തിത്വമാണ്. എല്ലാത്തിനെ പറ്റിയുമുള്ള പൂര്‍ണമായ അറിവും കഴിവുമുള്ളവനാണ്. എല്ലാ നന്മകളുടെയും ഉറവിടമാണ്.

ഇങ്ങനെയുള്ള ദൈവം ഒരു ധാര്‍മികമായ കല്‍പന നടത്തുമ്പോള്‍ അത് അവന്റെ തീരുമാനത്തില്‍ നിന്ന് ഉത്ഭവിച്ചതാണ്. അവന്റെ തീരുമാനമാകട്ടെ ഒരിക്കലും എല്ലാ നന്മകളുടെയും ഉറവിടം എന്ന അവന്റെ പ്രകൃതിക്ക് വിരുദ്ധമാവുകയുമില്ല. അതുകൊണ്ട് ആ ദൈവം കല്‍പിക്കുന്നതെന്തോ അതാണ് നന്മ. അവന്‍ വിരോധിക്കുന്നതെന്തോ അതാണ് തിന്മ.
''...പറയുക: നീചവൃത്തി ചെയ്യുവാന്‍ അല്ലാഹു കല്‍പിക്കുകയേയില്ല...'' (ക്വുര്‍ആന്‍ 7:28).
അഥവാ വസ്തുനിഷ്ഠമായ ധാര്‍മിക മൂല്യങ്ങള്‍ നിലനില്‍ക്കുന്നു എന്ന് വിശ്വസിക്കുന്നവര്‍ക്ക് - ബൗദ്ധികമായി സത്യസന്ധരാണെങ്കില്‍- ദൈവത്തിന്റെ അസ്തിത്വം നിഷേധിക്കാന്‍ സാധ്യമല്ല. എന്നാല്‍ വസ്തുനിഷ്ഠമായ ധാര്‍മിക മൂല്യങ്ങളൊക്കെയുണ്ട്; പക്ഷേ, അവയ്ക്ക് ഇങ്ങനെയൊരു അടിത്തറ ആവശ്യമില്ല എന്ന് വാദിക്കുന്നവരാണ് നമ്മുടെ നാട്ടിലെ നിരീശ്വരവാദികളില്‍ ഭൂരിഭാഗവും. ഇവരുടെ ഈ വാദം അര്‍ഥശൂന്യമാണ്. വസ്തുനിഷ്ഠമായ ധാര്‍മികത നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് ഒരു വിശദീകരണം നിര്‍ബന്ധമാണ്. ഇല്ലെങ്കില്‍ എന്തുകൊണ്ട് അത് വസ്തുനിഷ്ഠമായി തെറ്റായി എന്ന ചോദ്യം അവശേഷിക്കും. ഒരു പിഞ്ചുകുഞ്ഞിനെ കൊല്ലുന്നത്, അല്ലെങ്കില്‍ ഒരു വയോധികയെ ഉപദ്രവിക്കുന്നത്, അതുമല്ലെങ്കില്‍ മറ്റൊരാളുടെ പണം അപഹരിക്കുന്നത് ഒക്കെ തര്‍ക്കമില്ലാതെ പൊതുവില്‍ വസ്തുനിഷ്ഠമായി തെറ്റാണെന്ന് അംഗീകരിക്കപ്പെടുന്ന കാര്യങ്ങളാണ്. ആരാണ് ഇതൊക്കെ തെറ്റാണ് എന്ന് പറഞ്ഞത്? എന്താണ് ഇതൊക്കെ തെറ്റാണെന്ന് പറയാനുള്ള അടിസ്ഥാനം? തെറ്റും ശരിയും നിര്‍ണയിക്കുന്നതെങ്ങനെയാണ്? എന്തിനാണ് നാം ഈ മൂല്യങ്ങള്‍ പാലിക്കുന്നത്? ഭൗതികേതരമായ ഒരസ്തിത്വത്തിലും വിശ്വസിക്കില്ലെന്ന് പറയുന്നവര്‍ക്ക് ഈ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ കൈമലര്‍ത്താനല്ലാതെ സാധിക്കുകയില്ല!

വസ്തുനിഷ്ഠമായ ധാര്‍മിക മൂല്യങ്ങളേയില്ല?
വസ്തുനിഷ്ഠമായി ഒരു കാര്യം നന്മയെന്നോ തിന്മയെന്നോ അംഗീകരിച്ചാല്‍ അതെന്തുകൊണ്ട് എന്ന ചോദ്യം വരുമെന്നും അതിന്റെ അടിസ്ഥാനം തേടിയുള്ള യുക്തിപരമായ അന്വേഷണം ദൈവത്തില്‍ എത്തിച്ചേരുമെന്നും മനസ്സിലാക്കിയ ചില നിരീശ്വരവാദികളെങ്കിലും തങ്ങളുടെ മനഃസാക്ഷിയെയും ശുദ്ധപ്രകൃതിയെയുമെല്ലാം അവഗണിച്ചുകൊണ്ട് വസ്തുനിഷ്ഠമായ, സ്ഥായിയായ ധാര്‍മികമൂല്യങ്ങളേയില്ല എന്ന് വാദിക്കുന്നത് കാണാം. എന്ന് വെച്ചാല്‍ ഒരു പിഞ്ചുകുഞ്ഞിനെ കൊല്ലുന്നതോ മോഷ്ടിക്കുന്നതോ പോലും കാലത്തിനും ദേശത്തിനും വ്യക്തികള്‍ക്കും അതീതമായി 'തെറ്റാണ്' എന്ന് പറയാനാവില്ല എന്ന്!

തങ്ങളുടെ 'ദൈവമില്ല' എന്ന വിശ്വാസത്തെ സംരക്ഷിക്കാന്‍ വേണ്ടി എത്രമാത്രം അപകടകരമായ വാദമാണിവര്‍ പറയുന്നതെന്ന് നോക്കൂ! സ്ഥായിയായി അല്ലെങ്കില്‍ വസ്തുനിഷ്ഠമായി തെറ്റാണെന്നോ ശരിയാണെന്നോ പറയാവുന്ന ഒന്നുമില്ലെന്നും എല്ലാം കാലത്തിനും ദേശത്തിനും വ്യക്തികള്‍ക്കും അനുസരിച്ച് മാറുന്നതാണെന്നും വാദിക്കുന്നതിനെക്കാള്‍ മാനവവിരുദ്ധമായ മറ്റെന്ത് ആശയമാണുള്ളത്? വസ്തുനിഷ്ഠമായി ഒരു കാര്യത്തെ പറ്റിയും തെറ്റാണ് എന്ന് പറയാനാവില്ല എങ്കില്‍ ലോകത്ത് ഐസിസും സംഘപരിവാര്‍ ഫാസിസ്റ്റുകളും മറ്റു തീവ്രവാദികളും ചെയ്യുന്ന കാര്യങ്ങളെ പോലും വസ്തുനിഷ്ഠമായി തെറ്റാണെന്ന് പറയാന്‍ ഇവര്‍ക്കാവില്ല! വല്ലാത്തൊരു ഗതികേട്!

സ്ഥായിയായ തെറ്റും ശരിയുമായി യാതൊന്നുമില്ലെന്നും ഓരോരുത്തര്‍ക്കും യുക്തിക്ക് തോന്നുന്ന കാര്യങ്ങളാണ് തെറ്റും ശരിയും എന്ന പച്ചയായ 'തോന്നിവാസ' സിദ്ധാന്തമാണ് യഥാര്‍ഥത്തില്‍ നാസ്തികത. ഓരോരുത്തരുടെയും യുക്തിയും ചിന്താരീതികളും വ്യത്യസ്തമാണല്ലോ. എല്ലാവര്‍ക്കും അവരവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഒട്ടേറെ ന്യായീകരണങ്ങളുമുണ്ട്. ലക്ഷങ്ങളെ ഗ്യാസ് ചേമ്പറില്‍ ഇട്ട് കൊന്നൊടുക്കിയ ഹിറ്റ്‌ലറിനും കോടിക്കണക്കിനു മനുഷ്യരെ പട്ടിണിക്കിട്ട് കൊന്ന സ്റ്റാലിനും അഭയാര്‍ഥി ക്യാമ്പില്‍ പോലും ബോംബിട്ട പൈശാചിക ചെയ്തികള്‍ ചെയ്ത ഇസ്രയേലിനുമെല്ലാം തങ്ങള്‍ ചെയ്യുന്നതിന് നിരത്താന്‍ ആയിരം ന്യായങ്ങളുണ്ടായിരുന്നു. ഇന്നും ലോകത്ത് അസമാധാനവും കുഴപ്പങ്ങളുമുണ്ടാക്കുന്ന ഐസിസിനും ഫാസിസ്റ്റ് ശക്തികള്‍ക്കുമെല്ലാം തങ്ങള്‍ ചെയ്യുന്ന കൊടുംക്രൂരതകള്‍ക്ക് ന്യായീകരണങ്ങളുണ്ട്! എന്നുവച്ചാല്‍ അവരുടെയൊക്കെ യുക്തിക്ക് 'ശരി'യെന്നു തോന്നിയ കാര്യങ്ങളായിരുന്നു അവരൊക്കെ ചെയ്തത്. നാസ്തിക ധാര്‍മികതയനുസരിച്ച് ഇതെല്ലാം അവരവരുടെ 'ശരി'കളാണ്!
ഈ 'തോന്ന്യാസ സിദ്ധാന്തം' അംഗീകരിക്കാന്‍ സാമാന്യം മനുഷ്യത്വമുള്ളവര്‍ക്ക് സാധിക്കില്ലെന്ന് തോന്നിയ ചിലരെങ്കിലും പറയാറുള്ള ചില ബദലുകളുണ്ട്. അത് കൂടി നമുക്ക് പരിശോധിക്കാം:

1. സമൂഹധാര്‍മികത

ഒരു പൊതുസമൂഹത്തില്‍ ജീവിക്കുമ്പോള്‍ സുഗമമായ സാമൂഹ്യജീവിതത്തിന് അനുഗുണമായ ചില നിയമങ്ങള്‍ സമൂഹത്തിലുണ്ടാകും എന്നും അതാണ് ധാര്‍മികത എന്നുമാണ് പല നാസ്തിക പ്രമുഖരും വാദിക്കാറുള്ളത്. പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ ധാര്‍മികതയുടെ അലവുകോലാക്കാന്‍ എങ്ങനെയാണ് ബുദ്ധിജീവി ചമയുന്ന ഈയാളുകള്‍ക്ക് സാധിക്കുന്നത് എന്നത് അത്ഭുതം തന്നെയാണ്. ഒരു സമൂഹം അങ്ങേയറ്റം അധഃപതിച്ചവരാണെങ്കില്‍ അവരോടൊപ്പം നമ്മളും ചീത്തയാകുക, സമൂഹം ധാര്‍മികമായി മുന്നിലാണെങ്കില്‍ നമ്മളും നല്ലവരാകുക എന്നതിനെക്കാള്‍ വലിയ കാപട്യവും മാനവിക വിരുദ്ധതയും മറ്റെന്താണുള്ളത്?
ഹിറ്റ്‌ലറിന്റെ കാലത്തെ നാസി ജര്‍മനിയില്‍ അന്ന് നിലനിന്നിരുന്ന പൊതുബോധം ജൂതന്മാരെ കൂട്ടക്കൊല ചെയ്യുന്നതിന് അനുകൂലമായിരുന്നു. ദക്ഷിണേന്ത്യയില്‍ പശുവിന്റെ പേരിലും മറ്റും നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ആ 'ആള്‍ക്കൂട്ട'ത്തിന്റെ പൊതുബോധം ആ കൊലപാതകങ്ങള്‍ക്ക് അനുകൂലമാണ്! ഈ സമൂഹങ്ങളില്‍ ജീവിക്കുന്ന നാസ്തികര്‍ ഇതൊക്കെ ധാര്‍മികമായി ശരിയാണെന്ന് വിശ്വസിക്കുന്നവരായിരിക്കണമല്ലോ, അവര്‍ മാത്രമെന്തിന് 'സമൂഹധാര്‍മികത'യ്ക്ക് എതിരായി ചിന്തിക്കണം?

2. ഭരണഘടന

മതമൂല്യങ്ങള്‍ ഒരിക്കലും സ്വീകരിക്കില്ലെന്ന ധാര്‍ഷ്ഠ്യം ചിലരെയെങ്കിലും ഭരണഘടനയാണ് ധാര്‍മികമൂല്യങ്ങളുടെ അടിസ്ഥാനം എന്ന് വാദിക്കുന്നതിലേക്കാണ് എത്തിച്ചത്. ഭരണഘടന എന്നത് ഓരോ വ്യക്തിയെയും സദാചാര മൂല്യങ്ങള്‍ പഠിപ്പിക്കാനുള്ളതാണെന്ന് അതിന്റെ ശില്‍പികള്‍ പോലും അവകാശപ്പെടുന്നില്ല. അത് പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടതാണ്.
ഇന്ത്യ പോലെ അത്യാവശ്യം മെച്ചപ്പെട്ട ഭരണഘടനയുള്ള രാജ്യത്തെ മാറ്റിനിര്‍ത്താം, ഇത്തരത്തില്‍ നല്ലൊരു ഭരണഘടനയില്ലാത്ത ഒരു രാജ്യത്ത്, അല്ലെങ്കില്‍ ഭരണഘടനയില്ലാത്ത പ്രദേശങ്ങളില്‍ അവിടെയുള്ളവരുടെ ധാര്‍മികതയുടെ അടിസ്ഥാനമെന്താണ് എന്ന് വിശദീകരിക്കാന്‍ ഇവര്‍ക്ക് സാധിക്കുമോ?
ഇനി ഇന്ത്യന്‍ ഭരണഘടന തന്നെ അടിസ്ഥാനമാക്കിയെടുക്കാം, ഇത്തരത്തില്‍ ഭരണഘടനാ ധാര്‍മികതതയുമായി വാദിക്കാന്‍ വന്ന ഒരു സുഹൃത്തിനോട് ഞാന്‍ തിരിച്ചു ചോദിച്ചത് 'മതനിന്ദ എന്നത് ഇന്ത്യന്‍ ഭരണഘടന പ്രകാരം തെറ്റാണ്, നിങ്ങളും അത് തെറ്റാണെന്ന് അംഗീകരിക്കുമോ?' എന്നായിരുന്നു. ഒരിക്കലുമില്ലെന്നു പറഞ്ഞ അദ്ദേഹം പിന്നീട് ധാര്‍മികതയുടെ അടിസ്ഥാനമാക്കി ഭരണഘടനയെയും പൊക്കിപ്പിടിച്ച് വന്നിട്ടേയില്ല!

3. പരിണാമം

പരിണാമപരമായി ഉരുത്തിരിഞ്ഞു വരുന്നതാണ് ധാര്‍മികതയെന്നും അതിന് മറ്റൊരു അടിത്തറ ആവശ്യമില്ലെന്നുമാണ് മറ്റൊരു വാദം. ജൈവപരിണാമത്തിലെ ഏറ്റവും മൗലികമായ ഒരു തത്ത്വമാണ് ഓരോ വ്യക്തിയും സ്വാര്‍ഥനാണ് എന്നത്. തന്റെ അതിജീവനത്തിന് വേണ്ടി മറ്റുള്ളവര്‍ക്ക് മേല്‍ സ്വാര്‍ഥത കാണിക്കുന്നവനാണ് അതിജീവിക്കുക. ഈ സ്വാര്‍ഥതയ്ക്ക് അനുസരിച്ച് തോന്നിയത് പോലെ ജീവിക്കലാണ് ധാര്‍മികതയെന്നത് നേരത്തെ പറഞ്ഞ 'തോന്ന്യാസ സിദ്ധാന്ത'ത്തിനപ്പുറം മറ്റൊന്നുമല്ല. ഇതുകൂടാതെ സമൂഹത്തിന് അംഗീകരിക്കാന്‍ പറ്റാത്ത ഒട്ടനേകം പ്രകൃതങ്ങള്‍ ഉള്‍ക്കൊള്ളുന്നവനാണ് മനുഷ്യന്‍. ഉദാഹരണത്തിന് ഓരോ വ്യക്തിയും പരിണാമപരമായി പരമാവധി ഇണകളോട് തല്‍പരനാണ്. മരണം വരെ മുന്നില്‍ കാണുന്ന എതിര്‍ലിംഗക്കാരെയെല്ലാം തന്റെ വര്‍ഗം പരിപോഷിപ്പിക്കാനുള്ള സാധ്യതകളായി കാണുന്ന മഹിതമനോഹരമായ 'ധാര്‍മികത' വീട്ടില്‍ പറയാതിരുന്നാല്‍ നാസ്തികര്‍ക്ക് കൊള്ളാം!

ചുരുക്കിപ്പറഞ്ഞാല്‍, ഓരോരുത്തര്‍ക്കും തോന്നിയതിനനുസരിച്ച് ജീവിച്ചും സമൂഹത്തിനൊപ്പം ഒഴുക്കിനനുസരിച്ച് തുഴഞ്ഞും സ്വന്തം ദേഹേഛകള്‍ക്ക് ബൗദ്ധിക ന്യായീകരണമുണ്ടാക്കല്‍ മാത്രമാണ് നാസ്തികത. നിരീശ്വരവാദികളില്‍ നല്ലവരില്ലെന്നോ അവരെല്ലാം അധാര്‍മികരാണെന്നോ അല്ല ഈ പറഞ്ഞതിന്റെ അര്‍ഥം. വിവാഹമടക്കം മതം സംഭാവന ചെയ്ത ധാര്‍മിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കുന്നവര്‍ നാസ്തികരില്‍ ഒരുപാടുണ്ട്. എന്നാല്‍ അവരുടെ ആശയപരമായ അടിത്തറ ധാര്‍മികരാഹിത്യമാണ് എന്നതാണ് ഇവിടെ വ്യക്തമാക്കിയത്.
തിന്നും കുടിച്ചും രമിച്ചും രസിച്ചും ജീവിതം പരമാവധി ആസ്വദിക്കാന്‍ തീരുമാനിച്ചവര്‍ എന്തിന് നന്മ തിന്മകളെ പറ്റി വേവലാതിപ്പെടണം? യാദൃച്ഛികമായി എങ്ങനെയോ താനേ ഉണ്ടായ പ്രപഞ്ചത്തില്‍ യാദൃച്ഛികമായി ഉടലെടുത്ത മറ്റെല്ലാ ജന്തുക്കളെയും പോലെ കേവലമൊരു ജീവിയായ താന്‍ എന്തിന് ഒരടിസ്ഥാനവുമില്ലാത്ത മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കണം എന്ന ചിന്തയാണ് ധാര്‍മികതയില്ലായ്മയാണ് നാസ്തികത എന്നുപറയാന്‍ കാരണം. അതിനപ്പുറത്തേക്ക് മൂല്യങ്ങളെ പറ്റിയും മാനവികതയെ പറ്റിയും ചിന്തിക്കുന്നവര്‍ പുനരാലോചനക്ക് സമയം കണ്ടെത്തട്ടെ!

- അബ്ദുല്ലാ ബാസിൽ സി.പി
(നേർപഥം വാരികയിൽ പ്രസിദ്ധീകരിച്ചത്)

No comments:

Post a Comment