Tuesday, September 24, 2019

യുക്തി : അന്വേഷണ മാർഗമോ ആത്യന്തിക സത്യമോ?



രണ്ടു വാട്ടര്‍ബോട്ടിലുകള്‍; ഒന്നില്‍ നിറയെ വെള്ളമുണ്ട്. മറ്റേത് കാലിയാണ്. ഈ രണ്ടു ബോട്ടിലുകളും വീടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് ഇടുകയാണെങ്കില്‍ ഏതായിരിക്കും ആദ്യം താഴെയെത്തുക?

ഈ ചോദ്യം മുമ്പ് കേട്ടിട്ടില്ലാത്തവരും പരീക്ഷിച്ചു നോക്കിയിട്ടില്ലാത്തവരും കൂടുതല്‍ ചിന്തിക്കാതെ തന്നെ പറയുന്ന ഉത്തരം വെള്ളം നിറച്ച ബോട്ടില്‍ ആദ്യം താഴെയെത്തും എന്നായിരിക്കും. അതെന്തുകൊണ്ടാണ് എന്ന് ചോദിച്ചാല്‍ നമുക്കൊരു മറുപടിയേയുള്ളൂ; അത് സാമാന്യയുക്തി (Common Sense) ആണല്ലോ എന്ന്! വെള്ളം നിറച്ച ബോട്ടിലിന് ഭാരം കൂടുതലായിരിക്കും. അതുകൊണ്ട് അതായിരിക്കും ആദ്യം താഴെയെത്തുന്നത്. ഇതാണ് അതിലെ സാമാന്യ യുക്തി.

എന്നാല്‍ ഈ കാര്യം ശാസ്ത്രീയ സമവാക്യങ്ങള്‍ ഉപയോഗിച്ചു കണക്കുകൂട്ടിയാലോ പരീക്ഷിച്ചു നോക്കിയാലോ മാത്രമാണ് നമ്മുടെ സാമാന്യയുക്തി പറയുന്നതല്ല യാഥാര്‍ഥ്യം എന്ന് നമുക്ക് ബോധ്യപ്പെടുന്നത്. വെള്ളം നിറച്ച ബോട്ടിലും കാലിയായ ബോട്ടിലും ഒരേ സമയത്ത് താഴെ പതിക്കും എന്നതാണ് വസ്തുത. പരീക്ഷിച്ചു ബോധ്യപ്പെടുന്നത് വരെ നമുക്കാര്‍ക്കും ദഹിക്കാത്ത ഒരുപാട് യാഥാര്‍ഥ്യങ്ങളില്‍ ഒന്ന് മാത്രമാണിത്.



ഇങ്ങനെ നമ്മുടെ സാമാന്യയുക്തിയില്‍ നാം ശരിയെന്ന് സംശയലേശമന്യെ വിധിയെഴുതുന്ന എത്രയെത്ര കാര്യങ്ങളാണ് തീര്‍ത്തും  അബദ്ധമാണെന്ന് ശാസ്ത്രീയമായിത്തന്നെ നമുക്ക് നേരിട്ട് ബോധ്യപ്പെടുന്നത്! ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ഒരാളുടെയും ഭൂമിയില്‍ തന്നെ താമസിക്കുന്ന മറ്റൊരാളുടെയും കയ്യിലുള്ള വാച്ചില്‍ ഒരേ സമയം സെറ്റ് ചെയ്താല്‍, പിന്നീട് അവര്‍ തിരിച്ചു സംഗമിക്കുമ്പോള്‍ ഭൂമിയില്‍ തന്നെ താമസമാക്കിയ ആള്‍ കൂടുതല്‍ സമയം ജീവിച്ചിട്ടുണ്ടാകുമെന്നും യാത്രികന് അതില്‍ കുറവ് സമയം മാത്രമെ കിട്ടിയിട്ടുണ്ടാവുകയുള്ളൂ എന്നുമുള്ള സമയത്തിന്റെ ആപേക്ഷികത ശാസ്ത്രം നമ്മോട് പറയുമ്പോള്‍ അത് വിസ്മയത്തോടെ കേട്ടിരിക്കാനും അംഗീകരിച്ചുവെന്ന് വരുത്തിത്തീര്‍ക്കാനുമല്ലാതെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍  എത്രപേര്‍ക്ക് കഴിയും?

സാമാന്യയുക്തിയും ശാസ്ത്രവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ശാസ്ത്ര സെമിനാറുകളില്‍ സ്ഥിരം ചര്‍ച്ചാവിഷയമായി മാറുമ്പോള്‍ അത് ചില പുനര്‍വിചിന്തനങ്ങളിലേക്കാണ് നമ്മെ നയിക്കേണ്ടത്. ആപേക്ഷികതാ സിദ്ധാന്തത്തിന്റെയോ ക്വാണ്ടം ഭൗതികത്തിന്റെയോ 'യുക്തിക്ക് നിരക്കാത്ത' വസ്തുതകളെപ്പറ്റി മാത്രമല്ല, ദൈനംദിന ജീവിതത്തില്‍ നമുക്ക് നേരിട്ട് ബോധ്യപ്പെടാവുന്ന വസ്തുതകള്‍ പോലും പരീക്ഷിച്ചു ബോധ്യപ്പെടുന്നത് വരെ നമുക്ക് അയുക്തിയായി തോന്നുന്ന വസ്തുതകളും ഒരുപാടാണ്. പറഞ്ഞുവരുന്നത്, നമ്മുടെ സാമാന്യയുക്തിയുടെ പരിമിതികളെപ്പറ്റി തന്നെയാണ്. ഭൗതികലോകത്ത് നമുക്ക് പരീക്ഷിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്ന യാഥാര്‍ഥ്യങ്ങളെ പോലും പലപ്പോഴും പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ നമ്മുടെ സാമാന്യയുക്തിക്ക് സാധിക്കാറില്ല എന്നത് ഒരു വസ്തുതയാണ്. യുക്തിയുടെ ഈ പരിമിതി സമ്മതിക്കാന്‍ പോലുമുള്ള വിനയം നമ്മളില്‍ പലരും കാണിക്കാറില്ല എന്ന് മാത്രം.

'യുക്തിക്ക് നിരക്കാത്തതെല്ലാം തള്ളിക്കളയണം!'

കേള്‍ക്കുമ്പോള്‍ വളരെ ആകര്‍ഷകമായി തോന്നുന്ന ഒരു വാക്യമാണിത്. സ്വന്തം ബുദ്ധിക്കും യുക്തിക്കും നിരക്കാത്തതെല്ലാം തള്ളിക്കളയുന്നതാണ് പലരുടെയും പ്രഖ്യാപിത ആദര്‍ശം! ഭൗതികപദാര്‍ഥ പ്രപഞ്ചത്തെ പറ്റി അറിവ് നേടാനുള്ള; ഏറ്റവും ആശ്രയിക്കാവുന്ന സ്രോതസ്സായ ശാസ്ത്രത്തിന്റെ രീതികളിലൂടെ തെളിയിക്കപ്പെടുന്ന കാര്യങ്ങളില്‍ പോലും പലതും നമുക്ക് സാമാന്യയുക്തികൊണ്ട് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല എന്ന് നാം കണ്ടു. ഇങ്ങനെയുള്ളവര്‍ യുക്തിക്ക് നിരക്കാത്ത, എന്നാല്‍ പരീക്ഷിച്ചു ബോധ്യപ്പെടാവുന്ന മേല്‍പറഞ്ഞ വിഷയങ്ങളില്‍ എന്ത് നിലപാടാണ് സ്വീകരിക്കുക? യുക്തിക്ക് നിരക്കുന്നില്ലെന്നു പറഞ്ഞ് അത്തരം യാഥാര്‍ഥ്യങ്ങളെ തള്ളിക്കളയുമോ അതോ അവിടെ തങ്ങളുടെ പ്രഖ്യാപിത പ്രമാണമായ 'യുക്തി'യെ മാറ്റിവെക്കുമോ?

പലപ്പോഴും ദൈവത്തെ നിഷേധിക്കാന്‍ നിരീശ്വരവാദികള്‍ ഉന്നയിക്കുന്നതും ഇതേ വാദമാണ്. എന്തുകൊണ്ട് ദൈവത്തെ നിഷേധിക്കുന്നുവെന്ന ചോദ്യത്തിന് ഒട്ടുമിക്ക നിരീശ്വരവാദികളുടെയും ഒന്നാമത്തെ ഉത്തരം തന്നെ ദൈവവിശ്വാസം യുക്തിക്ക് നിരക്കുന്നതല്ല എന്നതാണ്. തങ്ങളുടെ യുക്തിയെ തെറ്റുപറ്റാത്തതും കുറ്റമറ്റതുമായി മനസ്സിലാക്കുന്ന ഒരുതരം അഹന്ത അറിഞ്ഞോ അറിയാതെയോ ബാധിച്ചവര്‍ക്ക്  മാത്രമെ ഇത്തരത്തില്‍ പ്രതികരിക്കാനാവൂ.

യുക്തി എന്നത് ആപേക്ഷികമാണെന്നും ഓരോരുത്തര്‍ക്കും വ്യത്യസ്തമാണെന്നുമുള്ള അടിസ്ഥാന വസ്തുത പോലും അംഗീകരിക്കാന്‍ തയാറാവാത്തവരാണ് പലരും. യുക്തി എന്നത് ഏകശിലാത്മകവും സാര്‍വത്രികവുമായ ഒന്നാണെന്ന തെറ്റുധാരണ ഇവരെ ബാധിച്ചിട്ടുണ്ടോ എന്ന് സംശയിപ്പിക്കുന്ന തരത്തിലാണ് പലപ്പോഴും ഇവരുടെ സംസാരങ്ങള്‍. എനിക്ക് യുക്തിയായി തോന്നുന്നത് മറ്റൊരാള്‍ക്ക്  അയുക്തിയായി തോന്നാം. നമ്മുടെ അറിവും ചിന്താശേഷിയും സാഹചര്യങ്ങളുമെല്ലാം നമ്മുടെ യുക്തിചിന്തയെ ബാധിക്കുന്ന ഘടകങ്ങളാണ്.

നമുക്ക് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മുടെ തലച്ചോറില്‍ നടക്കുന്ന വിവരപ്രക്രിയയാണ് ചിന്ത. യുക്തിയും അയുക്തിയും ആ ചിന്തയുടെ ഭാഗമാണ്. നമുക്ക് ലഭിക്കുന്ന അറിവുകള്‍ കൃത്യമല്ലെങ്കില്‍, അല്ലെങ്കില്‍ പൂര്‍ണമല്ലെങ്കില്‍ സ്വാഭാവികമായും നമ്മുടെ യുക്തിചിന്തയിലൂടെ നാം എത്തുന്ന തീരുമാനങ്ങളിലും അബദ്ധങ്ങള്‍ സ്വാഭാവികമാണ്. അറിവിനായി നാം ആശ്രയിക്കുന്ന പഞ്ചേന്ദ്രിയങ്ങളായാലും ശാസ്ത്രീയ വിജ്ഞാന മാര്‍ഗങ്ങളായാലും എല്ലാറ്റിനും പരിധിയും പരിമിതികളും ഉണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ലാത്ത സ്ഥിതിക്ക് നമ്മുടെ യുക്തിക്ക് അപ്രമാദിത്വം കൊടുക്കുന്നത് എന്തടിസ്ഥാനത്തിലാണ് നാം ന്യായീകരിക്കുക?

യുക്തിചിന്ത ആവശ്യമില്ലെന്നാണോ?

ഒരിക്കലുമല്ല! നമ്മുടെ അറിവിന്റെയും ചിന്തയുടെയും യുക്തിയുടെയും പരിമിതികളെ പറ്റി പറയുന്നത് ഒരിക്കലും യുക്തിയുപയോഗിക്കേണ്ടതില്ല എന്നോ യുക്തിപരമായ അന്വേഷണങ്ങള്‍ അനാവശ്യമാണെന്നോ പറയാനല്ല. മറിച്ച് തങ്ങള്‍ക്ക് യുക്തിപരമായി തോന്നുന്നതാണ് ആത്യന്തിക സത്യം എന്ന നിലപാടിന്റെ അര്‍ഥശൂന്യത ബോധ്യപ്പെടുത്താനാണ്. ആപേക്ഷികമായി നമുക്ക് യുക്തിയെന്നു തോന്നുന്നത് ഒരിക്കലും സര്‍വകാല ആത്യന്തിക ശരികള്‍ ആയിക്കൊള്ളണം എന്നില്ല. എന്നാല്‍ അതേസമയം തന്നെ ആത്യന്തികമായ സത്യത്തിലേക്ക് നമ്മെ നയിക്കാന്‍ യുക്തിചിന്ത ഒരു മാര്‍ഗമായി ഉപയോഗിക്കാനും സാധിക്കും.

ആദ്യം പറഞ്ഞ ഉദാഹരണത്തിലേക്ക് തന്നെ തിരിച്ചുവരാം. സാമാന്യയുക്തി ഉപയോഗിച്ചപ്പോള്‍ ഭാരംകൂടിയ വസ്തു ആദ്യം നിലത്ത് പതിക്കും എന്നായിരുന്നു നാം അനുമാനിച്ചിരുന്നത്. അഥവാ ശാസ്ത്രീയമായി നമ്മള്‍ പരീക്ഷിച്ചു ബോധ്യപ്പെടുന്ന കാര്യമല്ല നമുക്ക് ആദ്യം യുക്തിപരമായി അനുഭവപ്പെട്ടത്. എന്നാല്‍ പരിമിതികള്‍ ഉണ്ടെങ്കിലും ശാസ്ത്രം എന്നത് ഭൗതിക പ്രപഞ്ചത്തെ പഠിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഒരു സ്രോതസ്സാണെന്നും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നമുക്ക് ഒരുപാട് യാഥാര്‍ഥ്യങ്ങള്‍ കണ്ടെത്താനാകും എന്നും യുക്തിപരമായി ചിന്തിച്ചാല്‍ നമുക്ക് ബോധ്യമാകും. ആ യുക്തിചിന്തയുടെ അടിസ്ഥാനത്തില്‍ ഒരാള്‍ പരീക്ഷണം നടത്തുകയും താന്‍ സംഭവിക്കില്ലെന്ന് സാമാന്യ യുക്തികൊണ്ട് വിധിയെഴുതിയ കാര്യം സംഭവിക്കുമെന്ന് ബോധ്യപ്പെട്ടു എന്നും കരുതുക. എങ്കില്‍ അയാളെ സംബന്ധിച്ചിടത്തോളം ആ പരീക്ഷിച്ച് ബോധ്യപ്പെട്ട സത്യം ഉള്‍ക്കൊള്ളലാണ് കരണീയം. അതിനുപകരം വീണ്ടും തന്റെ സാമാന്യയുക്തിക്ക് നിരക്കുന്നില്ലെന്ന് പറഞ്ഞു നിഷേധിക്കുകയാണെങ്കില്‍ അതിനെയാണ് സാമാന്യയുക്തിയെ സത്യം കണ്ടെത്താനുള്ള മാര്‍ഗമാക്കുന്നതിന് പകരം സാമാന്യയുക്തിയെ തന്നെ ആത്യന്തിക സത്യമായി ഗണിക്കല്‍ എന്ന് പറയുന്നത്.

ഭൗതിക വിഷയങ്ങളില്‍ ഈയൊരു കാര്യം അംഗീകരിക്കുകയും അത് ഉള്‍ക്കൊള്ളുകയും ചെയ്യുന്ന നിരീശ്വരവാദികള്‍ക്ക് പക്ഷേ, ഇതേ തത്ത്വം മതത്തിന്റെ വിഷയത്തില്‍ അംഗീകരിക്കാന്‍ സാധിക്കുന്നില്ല. ദൈവാസ്തിത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ യുക്തിപരമായ ഒരുപാട് വാദങ്ങള്‍ വിശ്വാസികള്‍ ഉന്നയിക്കുമ്പോള്‍ സത്യാന്വേഷണത്തിലെ ഒരു മാര്‍ഗമെന്ന നിലക്ക് യുക്തിചിന്തയെ ഉപയോഗിക്കാന്‍ തയ്യാറാവുന്നതിന് പകരം സ്ഥലകാല പരിമിതികള്‍ക്കുള്ളിലുള്ള തന്റെ പരിമിതമായ 'സാമാന്യയുക്തി'ക്ക് ദൈവത്തെ അംഗീകരിക്കാനാവുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് യുക്തിവാദികള്‍ ചെയ്യാറുള്ളത്!

ഇവിടെയാണ് യുക്തിയെ പ്രമാണമാക്കുന്നതും യുക്തിയിലൂടെ പ്രമാണങ്ങളിലേക്ക് എത്തിച്ചേരുന്നതും വ്യത്യാസപ്പെടുന്നത്. സത്യം കണ്ടെത്താനുള്ള മാര്‍ഗമെന്ന നിലക്ക് ചുറ്റുപാടുകളിലേക്ക്  കണ്ണോടിക്കാനും യുക്തിചിന്തയെ ഉപയോഗിക്കാനും തന്നെയാണ് ക്വുര്‍ആനും ആവശ്യപ്പെടുന്നത്:

''ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്. ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. പര്‍വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്'' (ക്വുര്‍ആന്‍ 88:17-20).

ഇങ്ങനെ പഠനത്തിനും ചിന്തക്കും പ്രോത്സാഹനം നല്‍കുക മാത്രമല്ല അങ്ങനെ ചെയ്യാത്തവരെ ശക്തമായ ഭാഷയില്‍ ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട് ക്വര്‍ആന്‍:

''...അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍'' (ക്വുര്‍ആന്‍ 7:179).

കാണേണ്ടത് കാണുകയോ കേള്‍ക്കേണ്ടത് കേള്‍ക്കുകയോ കാര്യം ഗ്രഹിക്കുകയോ ചിന്തിക്കുകയോ ചെയ്യാത്ത ആളുകളെ നാല്‍കാലികളോട് ഉപമിക്കുകയും അവയെക്കാള്‍ മോശമാണ് ഇത്തരക്കാരുടെ അവസ്ഥയെന്ന് പറയുകയുമാണ് ഇവിടെ ക്വുര്‍ആന്‍. ഈ രീതിയില്‍ ചിന്തയുടെയും വിജ്ഞാനസമ്പാദനത്തിന്റെയും പ്രാധാന്യം ക്വുര്‍ആന്‍ ഊന്നിപ്പറഞ്ഞു. നിങ്ങള്‍ ചിന്തിക്കുന്നില്ലേ, നിങ്ങള്‍ ആലോചിക്കുന്നില്ലേ... എന്നിങ്ങനെ ധാരാളം സ്ഥലങ്ങളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിക്കുന്നു. ഇങ്ങനെ ചിന്തിക്കുകയും പഠിക്കുകയും ഗവേഷണം ചെയ്യുകയും ചെയ്യുന്നവര്‍ക്ക്  ബോധ്യമാകുന്ന യാഥാര്‍ഥ്യത്തെ പറ്റിയും ക്വുര്‍ആന്‍ സൂചിപ്പിക്കുന്നു:

''തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെ പറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ'' (ക്വുര്‍ആന്‍ 3:190,191).

അഥവാ, ഈ സൃഷ്ടിപ്പിനെ പറ്റിയും ചുറ്റുമുള്ള ദൃഷ്ടാന്തങ്ങളെ പറ്റിയും സദാ ചിന്തിച്ചു കൊണ്ടിരിക്കുന്നവര്‍ സൃഷ്ടിവൈഭവം ബോധ്യപ്പെട്ടുകൊണ്ട് സ്രഷ്ടാവിന്റെ പരിശുദ്ധിയെ വാഴ്ത്തും. പഠനങ്ങളും ഗവേഷണങ്ങളും അറിവുകളും സല്‍ബുദ്ധിയുള്ളവരെ സ്രഷ്ടാവിന്റെ അസ്തിത്വം കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ പഠിച്ചും ചിന്തിച്ചും അന്വേഷിച്ചും ദൈവത്തിന്റെ മഹത്ത്വം മനസ്സിലാക്കുവാനും ആ ഏകദൈവത്തിന് കീഴ്‌പെട്ട് ജീവിക്കുവാനുമാണ് ക്വുര്‍ആന്‍ ആവശ്യപ്പെടുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍ യുക്തിയെ സത്യാന്വേഷണത്തിനുള്ള മാര്‍ഗമായി അവലംബിക്കുന്നവര്‍ക്ക് ഈ ലോകത്തിനൊരു സ്രഷ്ടാവുണ്ടെന്നും അവനെ അംഗീകരിക്കുകയും അവന്റെ കല്‍പനകള്‍ അനുസരിക്കുകയുമാണ് മോക്ഷത്തിന്റെ വഴിയെന്നും ബോധ്യപ്പെടാന്‍ പ്രയാസമില്ല. എന്നാല്‍ അതിനുപകരം തന്റെ പരിമിതമായ യുക്തിയെ തന്നെ അവസാനവാക്കായി സ്വീകരിക്കുകയും അതിനപ്പുറത്തേക്കുള്ള പഠനങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യുന്നവര്‍ സ്വന്തം യുക്തിയില്‍ ഊറ്റംകൊള്ളുകയും സ്വയം 'യുക്തിവാദി'യെന്നു വിശേഷിപ്പിച്ച് ദൈവാസ്തിത്വത്തെ നിഷേധിക്കുകയും ചെയ്യുന്നു.

വെളിപാടുകളിലെ യുക്തി

'ദൈവാസ്തിത്വത്തിന് മതവിശ്വാസികള്‍ യുക്തിപരമായി ഉന്നയിക്കുന്ന വാദങ്ങള്‍ കേട്ടാല്‍ ആര്‍ക്കും  ദൈവമുണ്ടെന്ന് തോന്നിപ്പോകും. എന്നാല്‍ അതൊക്കെ അംഗീകരിച്ച് ഇവരുടെ മതത്തിന്റെ വിശ്വാസങ്ങളെ ഒന്ന് പരിശോധിച്ചാലോ, അവിടെ ഈ യുക്തിയൊന്നും ഒട്ടു കാണാനുമില്ല!'

കേരളത്തിലെ പ്രശസ്തനായ ഒരു നാസ്തിക പ്രചാരകന്‍ ഈയടുത്ത് പ്രസംഗിച്ചതാണിത്. യുക്തിപരമായി ദൈവാസ്തിത്വത്തിന് വിശ്വാസികളുടെ ഭാഗത്ത് നിന്നുന്നയിക്കുന്ന വാദങ്ങള്‍ക്ക്  മുമ്പിലുള്ള ഒരു കീഴടങ്ങല്‍ കൂടിയാണ് ഈ വാചകങ്ങള്‍. യുക്തിപരമായി മുന്‍വിധികളില്ലാതെ അന്വേഷിക്കാനിറങ്ങുന്നവര്‍ക്ക് ദൈവത്തെ അംഗീകരിക്കാതെ നിവൃത്തിയില്ല എന്നതിന്റെ അവസാനത്തെ ഒരുദാഹരണം മാത്രം. എങ്കിലും അദ്ദേഹം പിന്നീട് ഉന്നയിച്ചത് പലരും പൊതുവെ ഉന്നയിക്കാറുള്ള ഒരു കാര്യമാണ്. അഥവാ ദൈവമുണ്ടെന്ന് തെളിയിക്കാനും അവന്‍ പദാര്‍ഥങ്ങള്‍ക്കും പ്രപഞ്ചത്തിനും അതീതനാണെന്ന് തെളിയിക്കാനും അവന്‍ സര്‍വശക്തനാണെന്നും എല്ലാറ്റിനും കഴിവുള്ളവനാണെന്നും തെളിയിക്കാനും യുക്തിയുപയോഗിക്കുന്ന വിശ്വാസികള്‍, പിന്നീട് മതത്തിനകത്തേക്ക് എത്തുമ്പോള്‍ യുക്തിയുപയോഗിക്കുന്നില്ല എന്നതാണ് വിമര്‍ശനത്തിന്റെ ആകെത്തുക. മുഹമ്മദ് നബി ﷺ യുടെ ഇസ്‌റാഅ്, മിഅ്‌റാജ് യാത്രയും യൂനുസ് നബി(അ)യെ മത്സ്യം വിഴുങ്ങി കരയിലേക്ക് എത്തിച്ചതും ചന്ദ്രനെ പിളര്‍ത്തിയെന്ന വിഷയവുമെല്ലാം എടുത്തിട്ട് ഓരോന്നിന്റെയും യുക്തിയന്വേഷിക്കുന്നതാണ് ദയനീയമായ കാഴ്ച.

ചിന്തയിലൂടെയും പഠനഗവേഷണങ്ങളിലൂടെയും ഒരു വ്യക്തി കണ്ടെത്തുന്നത് പ്രപഞ്ചാതീതനായ, സര്‍വശക്തനായ, അറിവിനും കഴിവിനും പരിധിയോ പരിമിതിയോ ഇല്ലാത്ത ഒരു സ്രഷ്ടാവിനെയാണ്. ആ സ്രഷ്ടാവിന്റെ ദൂതനാണ് മുഹമ്മദ് നബി ﷺ  എന്നും അവന്റെ വചനങ്ങളാണ് വിശുദ്ധ ക്വുര്‍ആന്‍ എന്നും ബോധ്യപ്പെട്ട ഒരാളെ സംബന്ധിച്ച് ക്വുര്‍ആനിക വചനങ്ങള്‍ ദൈവത്തില്‍നിന്ന് ദിവ്യബോധനമായി (വഹ്‌യ്) ലഭിച്ചതാണ്. പ്രവാചക ചര്യ അഥവാ സുന്നത്ത് അല്ലാഹു പഠിപ്പിച്ച, ക്വുര്‍ആനിന്റെ വ്യാഖ്യാനമാണ്. സര്‍വജ്ഞനായ ദൈവത്തില്‍ നിന്നുള്ള വെളിപാടുകളില്‍ അബദ്ധങ്ങള്‍ ഉണ്ടാവുകയില്ലെന്നത് ദൈവത്തെ കണ്ടെത്തിയ ഒരാളെ സംബന്ധിച്ചിടത്തോളം സാമാന്യ യുക്തിയാണ്. തീര്‍ച്ചയായും മനുഷ്യന്റെ ബുദ്ധിക്കും ചിന്തക്കും പരിധികളുണ്ട്. അതുകൊണ്ട് തന്നെ ദൈവിക വചനങ്ങള്‍ക്ക് അവന്‍ തന്റെ ചിന്തകളെക്കാള്‍ പ്രാധാന്യം കൊടുക്കുക സ്വാഭാവികം. കാരണം, അവന്റെ ബുദ്ധിയെ പോലും സൃഷ്ടിച്ച, അറിവിനും കഴിവിനും പരിധികളില്ലാത്ത ദൈവത്തില്‍ നിന്നാണ് അത് എന്ന് അവന് പഠനത്തിലൂടെ ബോധ്യപ്പെട്ടതാണ്.

ഒരു ഉദാഹരണമെടുക്കാം; ഒരുപാട് പഠനങ്ങള്‍ക്കും ചിന്തകള്‍ക്കും ശേഷം, ദൈവമുണ്ടെന്നും ക്വുര്‍ആന്‍ ദൈവിക വചനങ്ങളാണെന്നും ബോധ്യപ്പെട്ട ഒരു വ്യക്തി ക്വുര്‍ആന്‍ തുറന്ന് പാരായണം ചെയ്യുമ്പോള്‍ മുഹമ്മദ് നബി ﷺ  മസ്ജിദുല്‍ ഹറമില്‍നിന്ന് മസ്ജിദുല്‍ അക്വ്‌സയിലേക്കും അവിടെനിന്ന് ആകാശലോകത്തേക്കും രാപ്രയാണം നടത്തിയതായി കാണുന്നു. (എഴാകാശങ്ങള്‍ക്ക് അപ്പുറത്തേക്ക് ഒരു രാത്രികൊണ്ട് നബി ﷺ  യാത്രചെയ്ത് തിരിച്ചുവന്നതായി ഹദീഥുകളും വ്യക്തമാക്കിത്തരുന്നു). ഇവിടെ ചില ചോദ്യങ്ങള്‍ സ്വാഭാവികം: എങ്ങനെയാണ് ഒരു രാത്രികൊണ്ട് എഴാകാശങ്ങളുടെ അപ്പുറത്തേക്ക് പോയി തിരിച്ചുവരാന്‍ സാധിക്കുക? അതിനുള്ള സാങ്കേതികവിദ്യ അന്നുണ്ടോ? ബഹിരാകാശത്തിലൂടെ സഞ്ചരിക്കാന്‍ മുഹമ്മദ് നബി ﷺ ക്ക് ഓക്‌സിജന്‍ ആവശ്യമല്ലേ?

യഥാര്‍ഥത്തില്‍ ദൈവമുണ്ടെന്നും അവന്‍ സര്‍വശക്തനാണെന്നും മുഹമ്മദ് നബി ﷺ  അവന്റെ പ്രവാചകനാണെന്നും ബോധ്യപ്പെട്ട ഒരാളെ സംബന്ധിച്ചിടത്തോളം ഇതെല്ലാം തീര്‍ത്തും  ബാലിശമായ ചോദ്യങ്ങള്‍ മാത്രമാണ്. കാരണം അവന്‍ ബോധ്യപ്പെട്ടു വിശ്വസിച്ചത് എല്ലാറ്റിനും കഴിവുള്ള ഒരു ദൈവത്തിലാണ്. അഥവാ ഭൗതികമായ കാര്യകാരണങ്ങള്‍ക്ക് അതീതമായി ഇടപെടാന്‍ സാധിക്കുന്ന ഒരു അഭൗതിക അസ്തിത്വത്തിലാണ് അവന്‍ വിശ്വസിച്ചത്. അതുകൊണ്ട് തന്നെ ശ്വസിക്കാന്‍ ഓക്‌സിജന്‍ വേണമെന്നതും യാത്ര ചെയ്തുവരാന്‍ ഇത്ര സമയം ആവശ്യമായി വരുമെന്നതുമടക്കം എല്ലാ ഭൗതിക കാര്യകാരണങ്ങള്‍ക്കും അതീതമായി ഇടപെടാനും അതൊന്നുമില്ലാതെ തന്നെ എന്തും സാധ്യമാക്കാനും ആ ദൈവത്തിന് സാധിക്കും.

യുക്തിയുപയോഗിച്ച് അന്വേഷണ പഠനങ്ങളിലൂടെ അവന്‍ കണ്ടെത്തിയ സ്രഷ്ടാവിന്റെ കഴിവുകള്‍ക്ക് പരിധിയില്ല. 'അവന്‍ എല്ലാറ്റിനും കഴിവുള്ളവനാകുന്നു' എന്ന് ആവര്‍ത്തിച്ചു പറയുന്ന ക്വുര്‍ആന്‍ ദൈവിക വചനങ്ങളാണ് എന്ന് അവന് പൂര്‍ണ ബോധ്യമുള്ളതാണ്. അങ്ങനെ ബോധ്യമുള്ള ഒരാളെ സംബന്ധിച്ച് എല്ലാറ്റിനും കഴിവുള്ള, കഴിവുകള്‍ക്ക് പരിധിയില്ലാത്ത സ്രഷ്ടാവിന് മുഹമ്മദ് നബി ﷺ യെ ഒരു രാത്രി കൊണ്ടെന്നല്ല ഒരു നിമിഷം പോലുമില്ലാതെ അവനുദ്ദേശിക്കുന്നിടത്തേക്ക് കൊണ്ടുപോകാനും ശ്വസിക്കാനും മറ്റെല്ലാറ്റിനും സൗകര്യമൊരുക്കാനും സാധിക്കും എന്നതില്‍ എന്താണ് യുക്തിരാഹിത്യമുള്ളത്? 'പടച്ചവന്‍ എല്ലാറ്റിനും കഴിവുള്ളവനാകുന്നു' എന്നത് മനസ്സിലാക്കിയ ഒരാള്‍ ക്ക് ഇതില്‍ ഒരു യുക്തിരാഹിത്യവും അനുഭവപ്പെടില്ല. ഇങ്ങനെയാണ് ഇവരുന്നയിക്കുന്ന ഏത് കാര്യത്തിന്റെയും അവസ്ഥ. മത്സ്യത്തിന്റെ വയറ്റില്‍ യൂനുസ് നബിൗക്ക് വേണ്ട സൗകര്യമൊരുക്കാനോ ചന്ദ്രനെ പിളര്‍ത്താനോ കഴിവുകള്‍ക്ക് പരിമിതിയില്ലാത്ത ദൈവത്തിന് സാധിക്കില്ലെന്ന് വന്നാലല്ലേ അത് യുക്തിക്ക് വിരുദ്ധമാവുകയുള്ളൂ!

ചുരുക്കിപ്പറഞ്ഞാല്‍ യുക്തിപരമായ അന്വേഷണത്തിലൂടെ സത്യപാതയായി ദൈവികമതത്തെ ഒരാള്‍ക്ക് ബോധ്യപ്പെട്ടാല്‍ പിന്നീട് അതിലെ വെളിപാടുകള്‍ ഒരു നിലക്കുള്ള സങ്കോചവുമില്ലാതെ സ്വീകരിക്കുക എന്നതാണ് ഏറ്റവും വലിയ യുക്തി! കാരണം അറിവിനോ യുക്തിക്കോ ചിന്തക്കോ കഴിവുകള്‍ക്കോ  യാതൊരുവിധ പരിധികളോ പരിമിതികളോ ഇല്ലാത്ത ദൈവത്തില്‍ നിന്നുള്ള വെളിപാടുകള്‍ക്കാണ് പരിമിതമായ അറിവും കഴിവും ചിന്താശേഷിയുമുള്ള നമ്മുടെ സാമാന്യയുക്തിയെക്കാള്‍ എന്തുകൊണ്ടും നാം വിലകല്‍പിക്കേണ്ടത്.

ഇസ്‌ലാമിക പ്രമാണങ്ങള്‍ ക്വുര്‍ആനും പ്രവാചകന്റെ ചര്യയും (സുന്നത്ത്) ആണ്. ക്വുര്‍ആനിലോ സ്ഥിരപ്പെട്ട ഹദീഥിലോ ഒരു കാര്യം വന്നെങ്കില്‍ പിന്നീട് അവിടെ തന്റെ പരിമിതമായ യുക്തിയുപയോഗിക്കുക എന്നതിനെക്കാള്‍ വലിയ യുക്തിരാഹിത്യം വേറെയില്ല! ഓരോ വചനവും തന്റെ ബുദ്ധിയിലും യുക്തിയിലും പരിശോധിച്ചു ബോധ്യപ്പെട്ടാല്‍ മാത്രം സ്വീകരിക്കുക എന്ന നിലപാട് സ്വീകരിക്കുന്നവര്‍ ഭൗതികവാദികളുടെ അളവുകോലുകള്‍ തങ്ങളെയും സ്വാധീനിച്ചോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. സ്വന്തം ബുദ്ധിക്കും യുക്തിക്കും അപ്രമാദിത്വം കല്‍പിക്കുന്ന യുക്തിവാദികളുടെ അതേ വഴിയിലാണ് അവരും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഹദീഥ് നിഷേധപ്രവണതകളില്‍ നിന്ന് ദൈവനിഷേധത്തിലേക്കുള്ള ദൂരം വളരെ കുറഞ്ഞതാകുന്നതും അതുകൊണ്ട് തന്നെയാണ്.

-അബ്ദുല്ലാ ബാസിൽ സി.പി
(നേർപഥം വാരികയിൽ പ്രസിദ്ധീകരിച്ചത്)

No comments:

Post a Comment