Saturday, September 14, 2019

അസഹിഷ്ണുത, ഭീകരത : നാസ്തികരുടെ അൽബേനിയൻ മോഡൽ!

മതരാഹിത്യവും തമ്മിലുള്ള ചര്‍ച്ചകളില്‍ പലപ്പോഴും കടന്നുവരുന്ന ഒന്നാണ് 'ഏതാണ് മാനവസമൂഹത്തിന് കൂടുതല്‍ ഗുണപ്രദം' എന്ന ചോദ്യം. മതരഹിത സമൂഹം ഉണ്ടായിവന്നാല്‍ സ്വസ്ഥവും സമാധാനപൂര്‍ണവുമായ ഒരു സമൂഹസൃഷ്ടിയാണ് സാധ്യമാവുക എന്നത് നാസ്തികരുടെ സ്ഥിരം അവകാശവാദവുമാണ്. മതങ്ങള്‍ ലോകത്ത് സൃഷ്ടിക്കുന്നത് അസമാധാനവും ഭീകരാന്തരീക്ഷവുമാണ് എന്നും അവര്‍ വാദിക്കുന്നു. കലങ്ങിമറിഞ്ഞ സമകാലിക സാമൂഹ്യ-രാഷ്ട്രീയ സാഹചര്യത്തില്‍ വീണ്ടും തലപൊക്കുന്ന മാനവികതാ അവകാശവാദങ്ങള്‍ ചരിത്രത്തിന്റെ വെളിച്ചത്തില്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.


ഇരുപതാം നൂറ്റാണ്ടിനു മുമ്പുള്ള, ചര്‍ച്ചിന്റെ പൗരോഹിത്യ ആധിപത്യത്തില്‍ നടമാടിയ പീഡനങ്ങളും ജനങ്ങളനുഭവിച്ച പ്രയാസങ്ങളും ഉയര്‍ത്തിക്കാട്ടിയായിരുന്നു 'ഹ്യൂമനിസ്റ്റുകള്‍' രംഗത്തു വന്നത്. മനുഷ്യന്റെ അവകാശങ്ങളെ പൊലിപ്പിച്ചു കാട്ടിക്കൊണ്ട് രംഗത്തുവന്ന ഹ്യൂമനിസ്റ്റുകള്‍ മതം മാനവികതയ്ക്ക് വിരുദ്ധമാണെന്നും മതമൊരു മര്‍ദനോപാധി മാത്രമാണെന്നും പ്രസംഗിക്കുവാന്‍ തുടങ്ങി. മനുഷ്യനെ മനുഷ്യനായി കാണാന്‍ മതങ്ങള്‍ക്ക് സാധിക്കില്ലെന്നും മതങ്ങളുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞാല്‍ മാത്രമെ അത് സാധ്യമാകൂ എന്നുമവര്‍ വീമ്പുപറഞ്ഞു! എല്ലാ പീഡനങ്ങള്‍ക്കും മതത്തെ പഴിചാരി ആവര്‍ സായൂജ്യമടഞ്ഞു.എന്നാല്‍ ഇതിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിലേക്ക് മതത്തെ വലിച്ചെറിഞ്ഞുകൊണ്ട് കടന്ന യൂറോപ്പിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ടാണ് രണ്ടു ലോകമഹായുദ്ധങ്ങളും അനുബന്ധമായി അണുവിസ്‌ഫോടനങ്ങളും നടക്കുന്നത്. മതമാണ് സര്‍വ പീഡനങ്ങള്‍ക്കും കാരണമെന്ന് പാടിപ്പറഞ്ഞു നടന്നിരുന്നവര്‍ക്ക് ഒരു മതത്തിന്റെയും പേരിലല്ലാതെ നടന്ന ഈ കൊടിയ ക്രൂരതകള്‍ ഏല്‍പിച്ച ആഘാതം ചെറുതൊന്നുമായിരുന്നില്ല. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ജീവനുള്ള വസ്തുവായി പോലും പരിഗണിക്കാതെ മനുഷ്യജന്മങ്ങളെ അതിക്രൂരമായി പീഡിപ്പിക്കുന്നതും ഗ്യാസ് ചേമ്പറുകളിലിട്ട് ശവക്കൂമ്പാരങ്ങളാക്കി മാറ്റുന്നതും ഒരു മതത്തിന്റെയും പേരിലല്ലെന്ന തിരിച്ചറിവ് ഇരുപതാം നൂറ്റാണ്ടോടെ യൂറോപ്പ് നേടിയെടുക്കുകയായിരുന്നു. ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ അതിശയിപ്പിക്കുന്ന വളര്‍ച്ച മനുഷ്യപുരോഗതിക്കല്ല, തലമുറകളെ തന്നെ ഇല്ലാതാക്കാനും നശിപ്പിക്കാനുമാണ് ഉപയോഗിക്കുന്നതെന്ന തിരിച്ചറിവ് പലരിലും പുനര്‍വിചിന്തനത്തിന്റൈ അണുവിസ്‌ഫോടനം സൃഷ്ടിച്ചു. ഹ്യൂമനിസ്റ്റ് ഭൗതികവാദികള്‍ക്ക് തന്നെ തങ്ങള്‍ക്കിനി മാനവികത പ്രസംഗിച്ച് മതത്തെ ആക്രമിക്കാന്‍ പഴുതില്ലെന്ന് ബോധ്യപ്പെട്ടു.

അന്ന് മാളത്തിലൊളിച്ച മാനവികതാവാദികള്‍ ഇപ്പോള്‍ വീണ്ടും തലപൊക്കി പുറത്തുവരികയാണ്. കാരണം മറ്റൊന്നുമല്ല, ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്നത് ഐസിസും മിഡില്‍ ഈസ്റ്റും പാലസ്തീനും കശ്മീരുമാണ്. അവിടെയുള്ള പ്രശ്‌നങ്ങള്‍ക്ക് നേരിട്ടോ അല്ലാതെയോ 'മതം' ഉത്തരവാദിയാക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഈയൊരു സാഹചര്യം മുതലെടുത്താണ് വീണ്ടും 'മതമാണ് സകല അസമാധാനത്തിനും കാരണം' എന്ന പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി നവനാസ്തികര്‍ അവതരിപ്പിക്കുന്നത്. തങ്ങളുടെ ആയുധക്കച്ചവടം പൊടിപൊടിക്കാനും ജിയോപൊളിറ്റിക്കല്‍ അജണ്ടകള്‍ നടപ്പിലാക്കാനും ഏതാനും ചില കുത്സിതബുദ്ധികളും സാമ്രാജ്യത്വ ശക്തികളും ചേര്‍ന്നാണ് മിക്കയിടങ്ങളിലും യുദ്ധം നിലനിര്‍ത്തുന്നത് എന്നും അതിനുവേണ്ടി മതത്തിന്റെ പേര് ഉപയോഗിക്കുക മാത്രമാണെന്നും ഈ പ്രശ്‌നങ്ങളെ ചെറുതായെങ്കിലും പഠിക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കും ബോധ്യമാകുന്നതാണ്.

ജിഹാദിന് വേണ്ടി തുനിഞ്ഞിറങ്ങിയെന്ന് മാധ്യമങ്ങള്‍ ആയിരംവട്ടം പറയുന്ന ഐസിസ് ഭീകരരുടെ കയ്യില്‍ നിന്ന് മതം പരിപൂര്‍ണമായി നിരോധിച്ച മയക്കുമരുന്നുകള്‍ ലോഡുകണക്കിന് കണ്ടെടുക്കുന്നതും അവര്‍ സ്വവര്‍ഗാനുരാഗികളും ആഭാസന്മാരുമായിരുന്നു എന്ന ചരിത്രങ്ങള്‍ പുറത്ത് വരുന്നതും അവരുടെ പേരില്‍ ബാറുകളും ഡാന്‍സ് ക്ലബ്ബുകളും വരെ ഉണ്ടാകുന്നതുമെല്ലാം മതവുമായി കൂട്ടിക്കെട്ടുന്നതിനിടയില്‍ വിമര്‍ശകര്‍ വിസ്മരിക്കുന്ന ചില പൊരുത്തക്കേടുകള്‍ മാത്രമാണ്. വിശ്വാസികള്‍ക്ക് വേണ്ടി മരിക്കാനിറങ്ങുന്ന പോരാളികള്‍ അറിയാതെയെങ്കിലും ഇസ്രായേലിലേക്കോ മറ്റോ ഒരു ഓലപ്പടക്കം പോലും എറിയാതെ ശ്രദ്ധിക്കുന്നതും തങ്ങളുടെ ഭീകരാക്രമണ പരീക്ഷണങ്ങള്‍ വിശ്വാസികളുടെ മേല്‍ തന്നെ നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കുന്നതുമെല്ലാം കൂട്ടിവായിക്കാന്‍ ആര്‍ക്കും പ്രയാസമുണ്ടാവുകയില്ല. എങ്കിലും മാധ്യമങ്ങളും ഇസ്‌ലാംവിരുദ്ധ പ്രചാരകരും കലക്കിയ വെള്ളത്തില്‍ നിന്ന് മീന്‍ പിടിക്കാന്‍ തന്നെയാണ് നാസ്തികരും ശ്രമിക്കുന്നത്.

എന്നാല്‍ ചരിത്രം നിഷ്പക്ഷമായി വായിക്കുന്നവര്‍ക്ക് മുമ്പില്‍ മറ്റൊന്നാണ് യാഥാര്‍ഥ്യം എന്നത് വ്യക്തമാകും. ലോകമഹായുദ്ധങ്ങളും അനുബന്ധമായി നടന്ന മനുഷ്യാവകാശലംഘനങ്ങളുമൊന്നും ഒരു മതത്തിന്റെയും പേരിലല്ല ഉണ്ടായത് എന്നത് മാത്രമല്ല, മാനവചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേരെ കുഴിമാടത്തിലേക്ക് അയച്ചവരുടെ പട്ടിക തയ്യാറാക്കിയാല്‍ അതില്‍ ആദ്യസ്ഥാനങ്ങളെല്ലാം അലങ്കരിക്കുന്നത് മതമില്ലാത്ത, 'മാനവികത പൂത്തുലഞ്ഞ' വ്യക്തിത്വങ്ങളാണെന്ന് കാണാനാകും. അതില്‍ ആദ്യസ്ഥാനം വഹിക്കുന്ന വ്യക്തി സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് നേതാവായിരുന്ന ജോസഫ് സ്റ്റാലിനാണ്! പട്ടിണിക്കിട്ടും പീഡിപ്പിച്ചും സ്റ്റാലിന്‍ കൊന്നൊടുക്കിയ മനുഷ്യജന്മങ്ങള്‍ എത്ര കോടികള്‍ ആണെന്ന കാര്യത്തിലേ തര്‍ക്കമുള്ളൂ! കോടിക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ കാര്യത്തില്‍ സ്റ്റാലിനോട് മത്സരിക്കാന്‍ അടുത്ത ആദ്യ അഞ്ചു സ്ഥാനങ്ങളിലായി വരുന്നത് തന്നെ മാവോ സെ ദുങ്ങും ലെനിനും പോള്‍പോട്ടും അടക്കമുള്ള ദൈവനിഷേധികളാണ് എന്നിരിക്കെയാണ് നരഹത്യകളുടെ പേരില്‍ യാതൊരു മനക്കുത്തുമില്ലാതെ ഇവര്‍ മതങ്ങള്‍ക്ക് നേരെ വിരല്‍ചൂണ്ടുന്നത്!

മതമില്ലാത്ത ലോകം എത്ര സുന്ദരവും സമാധാനം നിറഞ്ഞതുമായിരിക്കും എന്ന നാസ്തികരുടെ സ്വപ്‌നകാവ്യങ്ങള്‍ക്ക് പ്രതികരണമായാണ് ഒരു മതത്തിന്റെയും പേരിലല്ലാതെ കോടികളെ കൊന്നൊടുക്കിയ മഹായുദ്ധങ്ങളും മതമുപേക്ഷിച്ചവര്‍ നടത്തിയ ക്രൂരമായ നരഹത്യകളും ഉദ്ധരിക്കുന്നത്. എന്നാല്‍ സ്റ്റാലിനും ലെനിനും മാവോയുമെല്ലാം കമ്യൂണിസ്റ്റുകാരായിരുന്നു എന്നും അതിന്റെ പേരിലാണ് അവര്‍ ക്രൂരതകള്‍ ചെയ്തതെന്നും അത് കേവലം നാസ്തികതയുടെ പേരിലല്ലെന്നുമാണ് ഇതിന് മറുപടിയായി നാസ്തികര്‍ പറയാറുള്ളത്. യഥാര്‍ഥത്തില്‍ ഈ മറുപടി വെറുമൊരു മറപിടി മാത്രമാണ്. ദൈവവിശ്വാസവും മതങ്ങളുമാണ് ഭീകരതക്ക് കാരണമെന്നതാണ് നാസ്തികരുടെ വാദങ്ങളുടെ മര്‍മം. മതം ഉപേക്ഷിച്ചാല്‍ മാനവികത കൈവരിക്കാം എന്നുമവര്‍ വീമ്പുപറയുന്നു. എന്നാല്‍ മാനവചരിത്രം കണ്ടതില്‍ വെച്ചേറ്റവും വലിയ ക്രൂരതകള്‍ ചെയ്തതെല്ലാം ഒരു മതവുമില്ലാത്ത, മതവും ദൈവവിശ്വാസവും തെറ്റാണെന്ന് വിശ്വസിക്കുന്ന, ഒരുവേള മതത്തെയും ദൈവവിശ്വാസത്തെയും ഇല്ലാതാക്കാന്‍ ശ്രമിച്ച ആളുകളാണ്. മതമുപേക്ഷിച്ചവര്‍ക്ക് മാനവികത കൈവരുമെന്ന ഇവരുടെ സിദ്ധാന്തത്തിന് ഒന്നാന്തരം അപവാദം തന്നെയാണ് ശുദ്ധ ഭൗതികവാദത്തില്‍ അധിഷ്ഠിതമായ കമ്യൂണിസം.

ഇനി നാസ്തികരുടെ ഈ മറുവാദത്തെ കണക്കിലെടുത്ത് കൊണ്ട് തന്നെ ഒരു പരിശോധന കൂടി നമുക്ക് നടത്താം. ഇവരെല്ലാം നിരീശ്വരവാദികള്‍ ആയിരുന്നെങ്കിലും ഇവരാരും ഈ ക്രൂരതകള്‍ ചെയ്തത് 'നിരീശ്വരവാദത്തിന്റെ പേരില്‍' അല്ലല്ലോ എന്നതാണ് അത്. ചരിത്രം അതിനും കൃത്യമായ മറുപടി കാത്തുവെച്ചിട്ടുണ്ട്!

ലോകത്തെ ആദ്യത്തെ നിരീശ്വരവാദ രാഷ്ട്രം!

നിരീശ്വവാദത്തെ ഔദേ്യാഗികമായി തങ്ങളുടെ ആദര്‍ശമായി പ്രഖ്യാപിച്ച ഒരു 'നിരീശ്വരവാദ രാഷ്ട്രം' ലോകത്ത് ഉണ്ടായിട്ടുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ ഇന്ന് നാസ്തികര്‍ പറയുന്നത് പോലെ സമാധാനവും സന്തോഷവും മാനവികതയുമെല്ലാം കളിയാടിയിരുന്ന 'ഭൂമിയിലെ സ്വര്‍ഗം' തന്നെയായിരിക്കണം അത്. അങ്ങനെയൊന്ന് ഉണ്ടായിരുന്നെങ്കില്‍ നിരീശ്വരവാദ പ്രചാരകര്‍ അത് നാഴികക്ക് നാല്‍പതു വട്ടം അഭിമാനപൂര്‍വം പറഞ്ഞുനടക്കുകയും ചെയ്യുമല്ലോ. എന്തോ ഇതുവരെ ഒരു നാസ്തിക പ്രചാരകനും അത്തരത്തിലൊരു നിരീശ്വരവാദ രാഷ്ട്രത്തെ പറ്റി ഒരക്ഷരം പറയുന്നതോ അതോര്‍ത്ത് അഭിമാനം കൊള്ളുന്നതോ കണ്ടിട്ടില്ല. എന്നാല്‍ ചരിത്രം പരിശോധിക്കുമ്പോള്‍ അത്തരത്തില്‍ ഒരു രാഷ്ട്രത്തെ നമുക്ക് കാണാനും സാധിക്കും, അതാണ് അല്‍ബേനിയ!

യൂറോപ്പിന്റെ തെക്കുകിഴക്ക് മെഡിറ്ററേനിയന്‍ തീരത്തുള്ള ഒരു രാജ്യമാണ് അല്‍ബേനിയ. സെര്‍ബിയ, ഗ്രീസ്, മാസിഡോണിയ, മോണ്ടനെഗ്രോ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന ഈ രാജ്യത്തില്‍ മൂന്നിലൊന്നോളം മുസ്‌ലിംകളും ബാക്കി ക്രൈസ്തവരുമായിരുന്നു ജീവിച്ചു പോന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് അല്‍ബേനിയയില്‍ വിപ്ലവങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. യുദ്ധകാലത്ത് അല്‍ബേനിയയിലെ കമ്യൂണിസ്റ്റ് സംഘടനക്ക് ഐക്യകക്ഷികളുടെ സഹായവും ലഭിച്ചിരുന്നു. അങ്ങനെയാണ് 1944 നവമ്പറില്‍ കമ്യൂണിസ്റ്റ് ലേബര്‍ പാര്‍ട്ടിയുടെ നേതാവ് എന്‍വര്‍ ഹോജ(Enver Hoxha)യുടെ നേതൃത്വത്തില്‍ ഒരു ഗവണ്മെന്റ് രൂപീകരിക്കുന്നത്. മതങ്ങള്‍ക്കെതിരെ പടപ്പുറപ്പാടിനിറങ്ങിയ അദ്ദേഹം അല്‍ബേനിയയെ ലോകത്തെ ആദ്യത്തെ 'നിരീശ്വരവാദ രാഷ്ട്ര'മായി (First Atheist Nation in the world) പ്രഖ്യാപിച്ചു.

പ്രസ്തുത നിരീശ്വരവാദ രാഷ്ട്രത്തിന്റെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 37ല്‍ ഇങ്ങനെ വായിക്കാം: 'രാഷ്ട്രം ഒരു മതത്തെയും ഔദേ്യാഗികമായി അംഗീകരിക്കുന്നില്ല; എന്നുമാത്രമല്ല ഭൗതികവാദ, ശാസ്ത്രീയ മനോഭാവം വളര്‍ത്തിയെടുക്കാന്‍ നിരീശ്വരവാദ പ്രചാരണത്തെ പിന്തുണക്കുകയും ചെയ്യുന്നു.'

അധികാരത്തിലെത്തിയ ഉടനെ അദ്ദേഹം കൊണ്ടുവന്ന കാര്‍ഷിക പരിഷ്‌കരണ നിയമത്തിലൂടെയായിരുന്നു (Agregarian Reform Law, 1946) അദ്ദേഹത്തിന്റെ മതത്തിനെതിരെയുള്ള യുദ്ധം ആരംഭിക്കുന്നത്. ചര്‍ച്ചുകളും പള്ളികളും ധ്യാനകേന്ദ്രങ്ങളും അടക്കമുള്ള മതസ്ഥാപനങ്ങളുടെ കയ്യിലുള്ള ഭൂമി പിടിച്ചെടുത്തുകൊണ്ടായിരുന്നു തുടക്കം. മതസ്ഥാപനങ്ങള്‍ ഭൂമി കൈവശം വെക്കുന്നത് നിരോധിക്കുകയും വിദേശികളായ, അല്‍ബേനിയയില്‍ പ്രവര്‍ത്തിക്കുന്ന കന്യാസ്തീകളെയും പുരോഹിതന്മാരെയുമെല്ലാം നാടുകടത്തുകയും ചെയ്തു. മുസ്‌ലിംകളും ക്രൈസ്തവരും നടത്തുന്ന വിദ്യാഭ്യാസ, ആതുരശുശ്രൂഷ, ആരോഗ്യ സ്ഥാപനങ്ങളും ആശുപത്രികളും അടപ്പിച്ചുകൊണ്ട് മതത്തെയും മതചിഹ്നങ്ങളെയും ഇല്ലാതാക്കാനുള്ള പ്രാഥമിക ശ്രമങ്ങള്‍ എന്‍വര്‍ ഹോജ പൂര്‍ത്തിയാക്കി. 1945 മുതല്‍ 1953 വരെയുള്ള ഈ പ്രാഥമിക പരിഷ്‌കരണങ്ങള്‍ കഴിയുമ്പോഴേക്ക് രാജ്യത്തെ കത്തോലിക്കാ ചര്‍ച്ചുകളുടെ എണ്ണം 253ല്‍ നിന്ന് നൂറിലെത്തിയിരുന്നു! എന്നുവെച്ചാല്‍ ഈ ചുരുങ്ങിയ കാലം കൊണ്ട് നശിപ്പിക്കപ്പെട്ട കത്തോലിക്കാ ദേവാലയങ്ങള്‍ മാത്രം 153 ആണ്! പള്ളികളും മറ്റു ദേവാലയങ്ങളും വേറെ.

അറുപതുകളോടെ വിശ്വാസത്തിനെതിരെയുള്ള ഈ യുദ്ധം കനത്തു. ലേബര്‍ പാര്‍ട്ടിയിലെ തന്നെ മെമ്പര്‍മാരുടെ പരാതികളെ പോലും വകവെക്കാതെ അക്രമാസക്തമായ നടപടികളാണ് പിന്നീട് ഈ നിരീശ്വരവാദരാഷ്ട്രം കൈക്കൊണ്ടത്. ചര്‍ച്ചുകളും പള്ളികളും ധ്യാനകേന്ദ്രങ്ങളുമെല്ലാം പിടിച്ചെടുക്കുകയും അവ ജിംനേഷ്യങ്ങളും വര്‍ക്ക്‌ഷോപ്പുകളും ആക്കി മാറ്റുകയും ചെയ്തു. നൂറുകണക്കിന് പുരോഹിതരെ തടവിലാക്കുകയും ബാക്കിയുള്ളവരെ വ്യാവസായിക, കാര്‍ഷിക മേഖലകളില്‍ പണിയെടുക്കാന്‍ നിര്‍ബന്ധിക്കുകയും മറ്റു ചിലരെ പട്ടിണിക്കിട്ട് കൊല്ലുകയും ചെയ്തു. ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും പേരുകളില്‍ 'മതപരമായി' തോന്നിപ്പിക്കുന്നവയെല്ലാം പുനര്‍നാമകരണം ചെയ്യുക വഴി സാംസ്‌കാരികമായ എല്ലാ ചരിത്ര അവശേഷിപ്പുകളെയും ഇല്ലായ്മ ചെയ്യുകയായിരുന്നു എന്‍വറും നിരീശ്വരവാദ പോരാളികളും കൂടി ചെയ്തത്. ഔദേ്യാഗികമായി ഭൗതികവാദ- നിരീശ്വരവാദ പ്രചാരണങ്ങള്‍ നടത്തി എന്നുമാത്രമല്ല മതപ്രബോധനവും പ്രചാരണവും മതഗ്രന്ഥങ്ങള്‍ സൂക്ഷിക്കുന്നതും വരെ മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യവുമായി!

മതപരമായ വിവാഹ ചടങ്ങുകള്‍ നിരോധിക്കപ്പെട്ടു. എങ്കിലും മതം വിശ്വസിക്കുന്നതും അനുഷ്ഠിക്കുന്നതും വലിയ കുറ്റകൃത്യമായിട്ടും ഒരുപാടുപേര്‍ രഹസ്യമായി മതം അനുഷ്ഠിച്ചുപോന്നു. അത്തരക്കാരെ തിരഞ്ഞുപിടിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും ക്വുര്‍ആനോ ബൈബിളോ മതചിഹ്നങ്ങളോ കണ്ടെടുക്കുന്നവരെ കാലങ്ങളോളം തടവിലാക്കുകയും ചെയ്തു. രഹസ്യമായി വിശ്വാസം കൊണ്ടുനടക്കുന്നവരെ തിരിച്ചറിയാന്‍ നോമ്പുകാലത്ത് വിദ്യാലയങ്ങളിലും മറ്റും ഭക്ഷണവിതരണം നടത്തിയും മതം നിഷിദ്ധമാക്കിയ ഭക്ഷണങ്ങള്‍ വിതരണം ചെയ്തും കഴിക്കാന്‍ വിസമ്മതിച്ചവരെ 'വിശ്വാസികളായി' കണ്ടെത്തി ശിക്ഷിച്ചും ക്രൂരത കാട്ടി! വിദ്യാലയങ്ങളിലുള്ള പരിശോധനകള്‍ വഴി കുട്ടികളിലൂടെ പിടിക്കപ്പെടും എന്ന് മനസ്സിലാക്കിയ രക്ഷിതാക്കള്‍ തങ്ങളുടെ വിശ്വാസങ്ങള്‍ മക്കളിലേക്ക് കൈമാറാന്‍ ഭയന്നു. പൂര്‍ണമായും മതത്തെയും വിശ്വാസത്തെയും ഇല്ലാതാക്കാന്‍ തങ്ങളുടെ പൂര്‍വികര്‍ ചെയ്തുകൂട്ടിയ കഥകള്‍ നിരീശ്വരവിശ്വാസികള്‍ക്ക് വായിച്ചു പുളകം കൊള്ളാന്‍ ഇനിയുമേറെയുണ്ട്!

ഇത്രയേറെ ഭീകരമായും അസഹിഷ്ണുതയോടെയുമാണ് തങ്ങളുടെ 'ദൈവമില്ല എന്ന വിശ്വാസ'മല്ലാത്ത എല്ലാറ്റിനെയും ഇല്ലാതാക്കാനും ഒരു ജനതയെ മൊത്തത്തില്‍ തങ്ങളുടെ ആദര്‍ശംഅടിച്ചേല്‍പിക്കാനും ലോകത്തെ ആദ്യത്തെ നിരീശ്വരവാദ രാഷ്ട്രം തയ്യാറായത് എന്ന് ചരിത്രം പറയുമ്പോഴാണ് നാസ്തികര്‍ നിരീശ്വരവാദം സ്വീകരിച്ചാലുള്ള മാനവികതയെ പറ്റി വാചാലരാകുന്നത്! അല്‍ബേനിയയില്‍ നടന്ന കൊടിയ മനുഷ്യാവകാശ ലംഘനങ്ങളുടെയും ക്രൂരതകളുടെയും പേരില്‍ ഐക്യരാഷ്ട്ര സഭയും മനുഷ്യാവകാശ സംഘടനകളും വരെ ഇടപെടേണ്ടി വന്നു. വിശ്വാസ സ്വാതന്ത്ര്യം അനുവദിക്കാത്ത, തങ്ങളുടെ 'നിഷേധ'മല്ലാത്ത ഒന്നും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച ലോകത്തെ ആദ്യത്തെയും അവസാനത്തെയും നിരീശ്വരവാദ രാഷ്ട്രത്തിന്റെ നാറിയ കഥകള്‍ നാസ്തികര്‍ക്ക് ഓര്‍ക്കാന്‍ അത്ര ഇഷ്ടമുണ്ടാവുകയില്ലെങ്കിലും ഇവരുടെ മാനവികതാ അവകാശവാദങ്ങള്‍ കേള്‍ക്കുന്ന പൊതുജനം ഈ ചരിത്രങ്ങള്‍ വായിക്കരുതെന്ന് മാത്രം പറയരുത്.

കേരളത്തില്‍ 'മതമുപേക്ഷിക്കൂ, മനുഷ്യരാവൂ' എന്ന കാമ്പയ്‌നുമായി ഇറങ്ങിയ നാസ്തികരുടെ ആ പ്രചാരണ വാചകത്തില്‍ തന്നെയുണ്ട് മതമുപേക്ഷിക്കാത്തവരെ മനുഷ്യരായി പോലും കാണാന്‍ സാധിക്കാത്ത അവരുടെ ഇടുങ്ങിയ മനസ്സ്. ദൈവവിശ്വാസവും മതവും ഉപേക്ഷിക്കാത്ത ആരെയും മനുഷ്യരായി പോലും കാണാതെ അവരിലേക്ക് തങ്ങളുടെ ആദര്‍ശം അടിച്ചേല്‍പിക്കുന്ന അല്‍ബേനിയയിലെ കാഴ്ച ഈ മനോഭാവമുള്ളവര്‍ക്ക് അധികാരം ലഭിച്ചാല്‍ എന്താകുമെന്നതിന് ഒരു ഉദാഹരണം മാത്രമാണ്. അത്തരം ജീര്‍ണിച്ച ചരിത്രം പേറുന്നവര്‍ മാനവികത പ്രസംഗിച്ചു വന്നാല്‍ അത് അര്‍ഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയാന്‍ പൊതുജനം തയ്യാറാവണം.

അബ്ദുല്ലാ ബാസിൽ സി. പി

No comments:

Post a Comment