Saturday, October 12, 2019

വിശ്വാസം : ഉല്പത്തി, യുക്തി, പ്രസക്തി


വിശ്വാസത്തെയും അവിശ്വാസത്തെയും സംബന്ധിക്കുന്ന തര്‍ക്കങ്ങള്‍ രണ്ടുകൂട്ടരുടെയും ലോകവീക്ഷണങ്ങളിലെ വ്യത്യാസം കൊണ്ടുള്ളതാണെന്ന് നാം മനസ്സിലാക്കി. ഈ ലോകവീക്ഷണ വ്യത്യാസം ചരിത്രത്തെ വിശദീകരിക്കുന്നതുമായി കൂടി ബന്ധപ്പെട്ടതാണ്. ലോകത്ത് വിശ്വാസവും  ആരാധനയും എന്ന് എങ്ങനെ ഉത്ഭവിച്ചു എന്നതിനെ പറ്റി ഭൗതികവാദികള്‍ക്കും ഇസ്‌ലാമിനും വ്യത്യസ്ത വ്യാഖ്യാനങ്ങളാണുള്ളത്.

വിശ്വാസത്തിന്റെ ഉല്‍പത്തി

വിശ്വാസത്തിന്റെ ഉല്‍പത്തിയെ പറ്റി ഭൗതികവാദികള്‍ വിശദീകരിക്കുന്നതും കലാലയങ്ങളില്‍ വിദ്യാര്‍ഥികളെ അധ്യാപകര്‍ പഠിപ്പിക്കുന്നതും ഒരു അടിസ്ഥാനവുമില്ലാത്ത ചില അനുമാനങ്ങളാണ്. 'പ്രകൃതിദുരന്തങ്ങളും ഹിംസ്ര ജന്തുക്കളുടെ ആക്രമണവും മനുഷ്യരെ അവയെ ഭയപ്പെടുന്നതിലേക്ക് എത്തിച്ചു. ആ ഭയം പിന്നീട് പ്രകൃതി ശക്തികളെ ആരാധിക്കുന്നതിലേക്ക് വഴിമാറി. പിന്നീട് ഈ പ്രകൃതി ശക്തികളുടെ പ്രതീകങ്ങളായി ചില മൂര്‍ത്തികളെ അവതരിപ്പിക്കുകയും അവയെ ആരാധിച്ചു പോരുകയും ചെയ്തു. ആ ഒരു രീതിയില്‍ ബഹുദൈവ ആരാധനാ രൂപങ്ങളായിരുന്നു ആദിമ സമൂഹങ്ങളില്‍ നിലനിന്നിരുന്നത്. കുറേക്കൂടി ബുദ്ധി വികസിച്ചപ്പോള്‍ ചിലര്‍ ഏകദൈവ വിശ്വാസത്തിലേക്ക് നീങ്ങി. വീണ്ടും പുരോഗമിച്ചപ്പോള്‍ ദൈവം തന്നെയില്ല എന്ന നിരീശ്വരവാദത്തിലേക്ക് മനുഷ്യന്‍ എത്തിച്ചേരുകയും ചെയ്തു.' ഇതാണ് അനുമാനത്തിന്റെ ചുരുക്കം!



എന്നാല്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്നത് ഇതിനോട് തീര്‍ത്തും വിരുദ്ധമായ ചരിത്രവസ്തുതയാണ്. മനുഷ്യചരിത്രത്തിന്റെ ഒന്നാം തീയതി മുതല്‍ക്കു തന്നെ മനുഷ്യന്‍ ഏകനായ സ്രഷ്ടാവിനുള്ള ആരാധന ആരംഭിച്ചിട്ടുണ്ടെന്നും തുടര്‍ന്ന് പൗരോഹിത്യത്തിന്റെയും സ്വാര്‍ഥരായ ഭൗതികതാല്‍പര്യക്കാരുടെയും ഇടപെടലുകള്‍ കൊണ്ട് മനുഷ്യര്‍ ഏകദൈവ വിശ്വാസത്തില്‍ നിന്ന് വ്യതിചലിക്കുകയാണുണ്ടായത് എന്നുമാണ് ഇസ്‌ലാം വിശദീകരിക്കുന്നത്. അത്തരത്തിലുള്ള വ്യതിചലനങ്ങള്‍ സംഭവിക്കുമ്പോള്‍ പ്രവാചകന്മാര്‍ കടന്നുവരികയും മനുഷ്യരെ ഏകദൈവ വിശ്വാസത്തിലേക്ക് തിരിച്ചു ക്ഷണിക്കുകയും ചെയ്യും. എങ്കിലും ഈ ഏകദൈവ വിശ്വാസത്തില്‍ നിന്നും തെറ്റിപ്പോകാനുള്ള പ്രവണത എക്കാലത്തും മനുഷ്യകുലം കാണിച്ചിട്ടുമുണ്ട്.

ഭൗതികവാദികള്‍ മുന്നോട്ട് വെക്കുന്നത് ബഹുത്വത്തില്‍ നിന്ന് എകത്വത്തിലേക്കും അതില്‍ നിന്ന് പൂര്‍ണ നിഷേധത്തിലേക്കുമുള്ള കേന്ദ്രീകരണ സ്വഭാവമുള്ള (converge) ഒരു മനുഷ്യപരിണാമ കഥയാണ്. മോശമായതില്‍ നിന്നും കൂടുതല്‍ കൂടുതല്‍ നല്ലതിലേക്കാന് മനുഷ്യന്‍ പരിണമിച്ചു കൊണ്ടിരിക്കുന്നത് എന്നാണവരുടെ കഥയുടെ ആകെത്തുക. എങ്കില്‍ ഏകദൈവ വിശ്വാസത്തില്‍ നിന്നും മനുഷ്യര്‍ ബഹുദൈവ വിശ്വാസങ്ങളിലേക്ക് തിരിച്ചുപോകാന്‍ പാടില്ലല്ലോ. എന്നാല്‍ ഇതിന് വിരുദ്ധമാണ് യാഥാര്‍ഥ്യം  എന്ന് ചരിത്രവും വര്‍ത്തമാനവും നമ്മോട് പറയുന്നു.

പൂര്‍ണമായ ഏകദൈവാരാധനയില്‍ അധിഷ്ഠിതമായ പല സംസ്‌കാരങ്ങളും മതങ്ങളും കാലക്രമേണ ബഹുദൈവാരാധനയുടെയും അന്ധവിശ്വാസങ്ങളുടെയും വിളനിലങ്ങളായതിന് ഉദാഹരണങ്ങള്‍ എമ്പാടുമാണ്. പുരാതന ഇന്ത്യന്‍ നാഗരികത ഏകദൈവ വിശ്വാസത്തില്‍ അധിഷ്ഠിതമായിട്ടും ഹൈന്ദവ വിശ്വാസികള്‍ ബഹുദൈവാരാധനയിലേക്ക് വഴുതിവീണു. ജൂത, െ്രെകസ്തവ മതങ്ങളിലെല്ലാം പല തരത്തിലും രൂപത്തിലുമുള്ള ബഹുദൈവ വിശ്വാസ പ്രവണതകള്‍  കാലക്രമേണ വന്നുപെട്ടതായി നമുക്ക് കാണാം. ഏകദൈവാരാധനയുടെ പേരില്‍ അറിയപ്പെടുന്ന ഇസ്‌ലാമിന്റെ പേരില്‍ പോലും പലയിടങ്ങളിലും നടക്കുന്ന കാട്ടിക്കൂട്ടലുകളും ശിര്‍ക്കന്‍ പ്രവണതകളും അന്ധവിശ്വാസങ്ങളും നാം കണ്ടുകൊണ്ടിരിക്കുന്നു. വിശ്വാസം ഇവര്‍ പറയുന്ന തരത്തിലുള്ള പരിണാമത്തിന് വിധേയമാണെങ്കില്‍ ഏകദൈവ വിശ്വാസത്തില്‍ നിന്നും നിരീശ്വരവാദത്തിലേക്കായിരുന്നു പരിണമിക്കേണ്ടിയിരുന്നത്. എന്നാല്‍ വാസ്തവം മറ്റൊന്നാണ്.

അതോടൊപ്പം തന്നെ ആരാധന ഭയത്തില്‍ നിന്നും ഉടലെടുത്തതാണെന്ന വാദവും ഒട്ടും യുക്തിസഹമല്ല. മനുഷ്യര്‍ തങ്ങളെ 'ദ്രോഹിച്ച' ശക്തികളെ ആരാധിച്ചു എന്നത് ഏത് തരത്തിലാണ് യുക്തിയാവുക? നമ്മെ ഉപദ്രവിക്കുകയോ പ്രയസപ്പെടുത്തുകയോ ചെയ്യുന്നവയോട് പ്രത്യക്ഷത്തില്‍ നാം വിധേയത്വം കാണിച്ചാല്‍ പോലും മനസ്സില്‍ അവയെ പ്രതിഷ്ഠിക്കും എന്ന് കരുതുന്നത് അസംബന്ധമാണ്. ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങള്‍ തങ്ങളെ ഉപദ്രവിക്കുന്ന ഇസ്രയേല്‍ പട്ടാളക്കാരെ ആരാധനയോടെ കാണുന്നു എന്ന് വാദിക്കുന്നത് പോലെ നിരര്‍ഥകമാണത്. പ്രത്യക്ഷത്തില്‍ ഇസ്രയേലിന്റെ ടാങ്കറുകള്‍ക്കും പട്ടാളക്കാക്കും മുമ്പില്‍ കീഴൊതുങ്ങി നിന്നാല്‍ പോലും മനസ്സില്‍ ഒരുതരത്തിലും അവരോട് ആരാധന തോന്നില്ലെന്നത് സാമാന്യയുക്തിയാണ്. ഭയം എന്ന വികാരം കൊണ്ട് മാത്രം ആരാധന ഉത്ഭവിക്കില്ലെന്നും ആരാധിക്കപ്പെടുന്ന മൂര്‍ത്തിയോട് സ്‌നേഹവും ആദരവും അതിന്റെ കഴിവിലുള്ള മതിപ്പും കൊണ്ടുകൂടിയാണ് അതിനെ ആരാധിക്കുന്നത് നല്ലതാണ് എന്ന വിശ്വാസം ഉടലെടുക്കുന്നത്.

ചുരുക്കത്തില്‍ വിശ്വാസത്തിന്റെ ഉല്‍പത്തിയെ പറ്റി ഭൗതികവാദികള്‍ കൊണ്ടുവരുന്ന കഥ തെളിവുകളില്ലാത്തതാണ് എന്ന് മാത്രമല്ല ആശയപരമായും നിലനില്‍പില്ലാത്തതുമാണ്. മാര്‍ക്‌സിനെ പോലുള്ള ചിലരുടെ ഭാവനകള്‍ എന്നതിനപ്പുറത്ത് അതിനൊരു യഥാര്‍ഥ്യവുമില്ല.

വിശ്വാസത്തിന്റെ യുക്തിയും പ്രസക്തിയും

എന്തിനാണ് ദൈവമുണ്ടോ ഇല്ലേ എന്ന വിഷയത്തിലുള്ള ചര്‍ച്ചകള്‍? ഉണ്ടായിരുന്നെങ്കില്‍ ദൈവത്തിന് നേരിട്ട് പ്രത്യക്ഷപ്പെട്ടുകൂടായിരുന്നോ? അല്ലെങ്കില്‍ ആകാശത്തുനിന്ന് ഞാനാണ് ദൈവം എന്ന് വിളിച്ചു പറഞ്ഞുകൂടേ?

ദൈവാസ്തിത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെ നിരീശ്വരവാദികളുടെ പതിനെട്ടാമത്തെ അടവാണ് ഈ ചോദ്യങ്ങള്‍. യുക്തിപരമായ അന്വേഷണങ്ങളും ചിന്തകളും ദൈവം എന്ന അസ്തിത്വത്തിലേക്ക് തന്നെ വീണ്ടും വീണ്ടും വിരല്‍ചൂണ്ടുമ്പോഴാണ് 'നേരിട്ട് പ്രത്യക്ഷപ്പെട്ടുകൂടേ' എന്ന ചോദ്യവുമായി ഇത്തരക്കാര്‍ തടിയൂരുന്നത്. തങ്ങളുടെ ദൈവമില്ലാവാദത്തിന്റെ യുക്തിശൂന്യത മറച്ചുവെക്കാനുള്ള ഒരു ശ്രമം മാത്രമാണിത്.

ഒന്നാമതായി, നമ്മുടെ വിശ്വാസം എന്നത് ദൈവത്തിന്റെ ആവശ്യമല്ല; അത് നമ്മുടെ ആവശ്യമാണ്. നാം പടച്ചവനില്‍ വിശ്വസിക്കാതിരിക്കുന്നത് കൊണ്ടോ അവന് ആരാധനകള്‍ അര്‍പ്പിക്കാതിരിക്കുന്നത് കൊണ്ടോ അവന് എെന്തങ്കിലും പ്രയാസമോ അവന്റെ ഔന്നത്യത്തിന് ലവലേശം കുറവോ ഉണ്ടാകുന്നില്ല. ഇസ്‌ലാം പഠിപ്പിക്കുന്ന പടച്ചവന്‍ പരാശ്രയം ആവശ്യമില്ലാത്തവനും പരിപൂര്‍ണനുമാണ്. അടിമകളുടെ ആരാധനയെ ആശ്രയിക്കേണ്ട അവസ്ഥ പടച്ചവനില്ല.

''മൂസാ(അ) പറഞ്ഞു: നിങ്ങളും ഭൂമിയിലുള്ള മുഴുവന്‍ പേരും കൂടി നന്ദികേട് കാണിക്കുന്ന പക്ഷം, തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാണ് (എന്ന് നിങ്ങള്‍ അറിഞ്ഞ് കൊള്ളുക) (ക്വുര്‍ആന്‍ 14:8).

അല്ലാഹു പറഞ്ഞതായി നബിﷺ  അറിയിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ''അല്ലാഹു പറയുന്നു; എന്റെ അടിയാന്മാരേ, നിങ്ങളില്‍ ആദ്യത്തെയും അവസാനത്തെയും വ്യക്തിയും ജിന്നുകളും മനുഷ്യരും എല്ലാംതന്നെ നിങ്ങളിലുള്ള ഏറ്റവും ഭയഭക്തനായ ഒരു മനുഷ്യന്റെ ഹൃദയത്തോട് കൂടിയിരുന്നാലും അത് എന്റെ രാജത്വത്തില്‍ നിന്നും യാതൊന്നും തന്നെ വര്‍ധിപ്പിക്കുകയില്ല. എന്റെ അടിയാന്മാരേ, നിങ്ങളില്‍ ആദ്യത്തെയും അവസാനത്തെയും വ്യക്തിയും ജിന്നുകളും മനുഷ്യരും എല്ലാംതന്നെ നിങ്ങളിലുള്ള ഏറ്റവും ദുഷിച്ച മനുഷ്യന്റെ ഹൃദയത്തോട് കൂടിയിരുന്നാലും അത് എന്റെ രാജത്വത്തില്‍ യാതൊരു കുറവും വരുത്തുകയില്ല'' (മുസ്‌ലിം).

അഥവാ ഭക്തിയോടെയും നല്ലവനായും ജീവിക്കുന്നതും ദുഷിച്ച ജീവിതം നയിക്കുന്നതുമെല്ലാം നമ്മെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്. പടച്ചവനില്‍ നാം വിശ്വസിക്കുന്നോ ഇല്ലയോ എന്നതോ അവനെ നാം ആരാധിക്കുന്നോ ഇല്ലയോ എന്നതോ ഒന്നും തന്നെ അവന്റെ മഹത്ത്വത്തെയോ ഔന്നത്യത്തെയോ ഒരുനിലക്കും ബാധിക്കുന്ന കാര്യങ്ങളല്ല. അതുകൊണ്ട് തന്നെ നമ്മുടെ വിശ്വാസം ദൈവത്തിന്റെ ആവശ്യമല്ല, മറിച്ച് നാമോരോരുത്തരുടെയും താല്‍പര്യവും ആവശ്യവുമാണ്. അതുകൊണ്ട് തന്നെ, ഞാന്‍ വിശ്വസിക്കണമെങ്കില്‍ പടച്ചവന്‍ ഇന്നത് ചെയ്യണം, ഇതുപോലെ പ്രവര്‍ത്തിക്കണം, ഈ രൂപത്തിലൊക്കെ ആയിരിക്കണം എന്ന് വാചകമടിക്കുന്നവര്‍ സ്വയം പരിഹാസ്യരാവുക മാത്രമാണ് ചെയ്യുന്നത്. നമ്മള്‍ വിശ്വസിക്കല്‍ പടച്ചവന്റെ ആവശ്യവും അനിവാര്യതയും ആയിരുന്നെങ്കില്‍ അത്തരം 'കണ്ടീഷനുകള്‍'ക്ക് അര്‍ഥമുണ്ടാകുമായിരുന്നു. എന്നാല്‍ സത്യാസത്യങ്ങള്‍ വേര്‍തിരിച്ചു തന്ന ശേഷം വിശ്വസിക്കാനും അവിശ്വസിക്കാനും സ്വാതന്ത്ര്യം നല്‍കിയ, നമ്മുടെ വിശ്വാസത്തെ ഒരുതരത്തിലും ആശ്രയിക്കാത്ത പടച്ചവനോട് ഇത്തരം നിബന്ധനകള്‍ വെക്കുന്നത് അഹന്തയും യുക്തിശൂന്യതയും ഒരുമിക്കുമ്പോള്‍ സംഭവിക്കുന്ന ഒന്നാണ്.

പടച്ചവന്നാം അര്‍പ്പിക്കുന്ന ആരാധനകള്‍ അവന്റെ ഔന്നത്യവും മഹത്ത്വവും മനസ്സിലാക്കിക്കൊണ്ടുള്ളതാണ്. എന്തിനാണ് ആരാധന എന്ന ചോദ്യത്തിന് അത് പടച്ചവന്റെ അസ്തിത്വത്തിന്റെ അവകാശമാണ് എന്നത് തന്നെയാണ് ഉത്തരം. നാം ആരാധിക്കുന്നതോ ആരാധിക്കാതിരിക്കുന്നതോ അവനെ ബാധിക്കുകയില്ലെങ്കിലും ആ ആരാധന അര്‍ഹിക്കുന്നതാണ് അവന്റെ അസ്തിത്വവും നാമഗുണവിശേഷണങ്ങളും. അവന്‍ അര്‍ഹിക്കുന്ന ആരാധന നാം അവന് അര്‍പ്പിക്കാതിരിക്കുന്നത് നാം ചെയ്യുന്ന നന്ദികേടാണ്. അത് കൊണ്ടാണ് വിശ്വസിക്കുന്നതിനെ നന്ദിയായും അവിശ്വസിക്കുന്നതിനെ നന്ദികേടുമായി ക്വുര്‍ആന്‍ വിശേഷിപ്പിക്കുന്നത്:

'തീര്‍ച്ചയായും നാം അവനു വഴികാണിച്ചു കൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു, അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു'' (ക്വുര്‍ആന്‍ 76:3).

വിശ്വാസം യഥാര്‍ഥത്തില്‍ വിശ്വാസമാകുന്നത് അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസമാകുമ്പോഴാണ്. ക്വുര്‍ആന്‍ വിശ്വാസികളെ പരിചയപ്പെടുത്തുന്നത് തന്നെ അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ എന്നാണ്: ''അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും പ്രാര്‍ഥന അഥവാ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്‍കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും (ചെയ്യുന്നവര്‍)'' (ക്വുര്‍ആന്‍ 2:3).

നേര്‍ക്കു നേരെ നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടോ പരീക്ഷണ നിരീക്ഷണങ്ങള്‍ കൊണ്ടോ കാണാന്‍ സാധിക്കാത്ത കാര്യങ്ങള്‍ എന്നതാണ് 'ഗയ്ബ്' അഥവാ 'അദൃശ്യകാര്യങ്ങള്‍' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അത്തരത്തില്‍ അദൃശ്യവും അഭൗതികവുമായ കാര്യങ്ങളിലാണ് വിശ്വാസം ആവശ്യമായി വരിക. നേരിട്ട് കാണുന്ന ഒരു കാര്യം പിന്നീട് പ്രത്യേകം വിശ്വസിക്കുന്നോ എന്ന ചോദ്യത്തിന് തന്നെ അര്‍ഥമില്ല. നട്ടുച്ചക്ക് ഒരാളെ വിളിച്ചു വരുത്തി ഇപ്പോള്‍ പകലാണ് എന്ന് നീ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. അതുപോലെ തന്നെ പടച്ചവന്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടോ ആകാശത്ത് നിന്ന് വിളിച്ചു പറഞ്ഞോ എല്ലാവര്‍ക്കും പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവിക്കാന്‍ തക്ക രീതിയില്‍ അവതരിക്കുകയാണെങ്കില്‍ അവിടെ വിശ്വാസം അവിശ്വാസം എന്ന തിരഞ്ഞെടുപ്പിന് തന്നെ അര്‍ഥമില്ലാതാകും. പടച്ചവന്റെ ഔന്നത്യവും മഹത്ത്വവും തനിക്ക് നല്‍കിയ സൗഭാഗ്യങ്ങളും തിരിച്ചറിഞ്ഞ് നന്ദി കാണിക്കുന്നോ അതോ നന്ദികേട് കാണിക്കുന്നുവോ എന്ന പരീക്ഷണമാണ് യഥാര്‍ഥത്തില്‍ ജീവിതം. അവിടെ നേരിട്ട് പ്രത്യക്ഷപ്പെട്ട് അസ്തിത്വത്തെ അംഗീകരിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത് പരീക്ഷണം എന്നതിന്റെ  പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നാണ്. എല്ലാറ്റിനുമുപരി വിശ്വസിക്കുക, നന്ദികാണിക്കുക എന്നത് നമ്മുടെ ആവശ്യമാണ്, അതില്ലെങ്കിലും പടച്ചവനെ യാതൊരു തരത്തിലും അത് ബാധിക്കുകയില്ല.

യഥാര്‍ഥ്യങ്ങള്‍ക്ക് നേരെ കണ്ണടച്ചും അഹന്ത കാട്ടിയും നിഷേധിക്കുകയും നന്ദികേട് കാണിക്കുകയും ചെയ്താല്‍ അവിടെ നഷ്ടം സംഭവിക്കുന്നത് മതത്തിനോ ദൈവത്തിനോ അല്ലെന്നും സ്വന്തത്തിനാണെന്നുമുള്ള തിരിച്ചറിവ് നമ്മെ വിനയാന്വിതരാക്കുന്നു. വിനയത്തോടു കൂടിയുള്ള അന്വേഷണങ്ങള്‍ സത്യത്തിന്റെ പ്രകാശത്തിലേക്കുള്ള നമ്മുടെ യാത്ര എളുപ്പമാക്കുകയും ചെയ്യുന്നു.

-അബ്ദുല്ലാ ബാസിൽ സി.പി
(നേർപഥം വാരികയിൽ പ്രസിദ്ധീകരിച്ചത്)

No comments:

Post a Comment