Monday, August 2, 2021

LGBT ആക്റ്റിവിസം ജീവനെടുക്കുമ്പോൾ..

ജൂണ്‍ മാസം ലോകമെമ്പാടും 'പ്രൈഡ് മന്ത്' ആയാണ് സ്വവര്‍ഗാനുരാഗ, ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റുകള്‍ ആചരിച്ചിരുന്നത്. തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മര്‍ദിതരായ ഒരുപറ്റം മനുഷ്യര്‍ക്ക് വേണ്ടിയാണെന്നും അവരെ അവരുടെ അസ്തിത്വത്തെ പറ്റി അഭിമാനമുള്ളവരാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നുമാണ് അവര്‍ പറയുന്നത്. എന്നാല്‍ ഒരു മാസം പിന്നിടുന്നതിന് മുമ്പേ തന്നെ നമ്മുടെ കൊച്ചുകേരളത്തില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റും അവരുടെ പങ്കാളിയും ആത്മഹത്യ ചെയ്ത വേദനാജനകമായ വാര്‍ത്തയും നമുക്ക് വായിക്കേണ്ടി വന്നു.


അതിന്റെ കാരണമായി പറയപ്പെടുന്ന ലിംഗമാറ്റ ശസ്ത്രക്രിയയും അതില്‍ പറ്റിയ അബദ്ധവും ആശുപത്രി അധികൃതരുടെ അനാസ്ഥയുമെല്ലാം ഇനിയും ചര്‍ച്ച ചെയ്യപ്പെടേണ്ട, വ്യക്തത വരുത്തേണ്ട വിഷയങ്ങളാണ്. എന്നാല്‍ ഈ സംഭവവും സമാന സംഭവങ്ങളും ട്രാന്‍സ്‌ജെന്‍ഡറുകളെ കുറിച്ചും LGBTQ ആക്റ്റീവിസത്തെ പറ്റിയുമുള്ള ഗൗരവകരമായ ചില ആലോചനകള്‍ക്ക് വഴിതെളിക്കേണ്ടതുണ്ട്.


*ആരാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍?


ആണ്, പെണ്ണ് എന്നിങ്ങനെ രണ്ട് ജെന്‍ഡറുകളാണ് ഉള്ളത് എന്നാണ് പൊതുവെ ജനം മനസ്സിലാക്കിയിട്ടുള്ളത്. ആണിന്റെയും പെണ്ണിന്റെയും ശരീരവും മനസ്സും സംസാരവും ചിന്തകളും ആഭിമുഖ്യങ്ങളും താല്‍പര്യങ്ങളുമെല്ലാം വ്യത്യസ്തമാണ്. അതിനെല്ലാം പിന്നിലുള്ള കാരണങ്ങള്‍ നാം ശാസ്ത്രീയമായി മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു മുണ്ട്. ആണ് എന്തുകൊണ്ട് ആണത്വം കാണിക്കുന്നു എന്നും പെണ്ണ് എന്തുകൊണ്ട് സ്ത്രീത്വം പ്രകടിപ്പിക്കുന്നു എന്നും ഇപ്പോള്‍ ലഭ്യമായ ശാസ്ത്രീയ വിജ്ഞാനങ്ങള്‍ കൊണ്ട്തന്നെ നമുക്ക് വിശദീകരിക്കാനാകും.


പൊതുവില്‍ ആണിന്റെ ശരീരത്തോടെ ജീവിക്കുന്ന ഒരാളുടെ മനസ്സും ആണിന്റെത് തന്നെയായിരിക്കും, പെണ്ണിന്റെതും തഥൈവ. ഇവിടെയാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ വ്യത്യാസം അവകാശപ്പെടുന്നത്. അവരുടെ തന്നെ വാദപ്രകാരം ശാരീരികമായി പൂര്‍ണമായി പുരുഷന്‍ ആയിരിക്കുമ്പോഴും ഒരു പെണ്ണിന്റെ മനസ്സ് പേറി നടക്കേണ്ടി വരുന്ന (തിരിച്ചും) അവസ്ഥയെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് പറയുന്നത്. ശാരീരികമായി നോക്കുകയാണെങ്കില്‍ അവരുടെ ശരീരത്തിനോ ലൈംഗിക അവയവങ്ങള്‍ക്കോ യാതൊരു വ്യത്യാസവുമുണ്ടാവുകയുമില്ല, പക്ഷേ, അവരുടെ മനസ്സ് എതിര്‍ലിംഗത്തിന്റെതായിരിക്കും. ശരീരം ആണിന്റെതായിരിക്കുമ്പോഴും താനൊരു ആണാണെന്ന് അംഗീകരിക്കാന്‍ അവര്‍ക്കാവില്ല.


നമ്മുടെ സമൂഹത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്ന് പറയുമ്പോള്‍, അവര്‍ രണ്ട് ലൈംഗിക അവയവങ്ങള്‍ ഉള്ളവരാണെന്നും ലൈംഗിക അവയവങ്ങളില്‍ എന്തെങ്കിലും ദൗര്‍ബല്യം ഉള്ളവരാണെന്നുമുള്ള ഒരു തെറ്റുധാരണ നിലനില്‍ക്കുന്നുണ്ട്. അത്തരം അവസ്ഥകള്‍ ഉള്ളവരെ ആധുനിക സാങ്കേതിക പദാവലി പ്രകാരം 'ഇന്റര്‍സെക്‌സ്' എന്നാണ് വിളിക്കുന്നത്. അത് വേറെ തന്നെ വിശദമായി ചര്‍ച്ച ചെയ്യേണ്ടുന്ന വിഷയവുമാണ്.


*എന്തുകൊണ്ടിങ്ങനെ?


ഒരു പുരുഷശരീരത്തില്‍ സ്ത്രീയുടെ മനസ്സോടെയും സ്ത്രീയുടെ ശരീരത്തില്‍ പുരുഷന്റെ മനസ്സോടെയും ജീവിക്കേണ്ടി വരുന്ന ഈ അവസ്ഥ എന്തുകൊണ്ട് എന്നത് ഇന്നും പഠനങ്ങള്‍ നടക്കുന്ന ഒരു വിഷയമാണ്. 'മനസ്സ്' എന്നതുതന്നെ ശാസ്ത്രത്തിനും പഠനങ്ങള്‍ക്കും പിടിതരാത്ത ഒരു പ്രഹേളികയായി തുടരുന്ന അവസ്ഥയില്‍ പൂര്‍ണമായ ഒരു തീര്‍ച്ചയിലെത്തല്‍ അസാധ്യമാണ്.


ആണ്‍കുട്ടിയായി ജനിച്ച ഒരു കുട്ടിയെ പെണ്‍കുട്ടിയെ പോലെ വളര്‍ത്തുന്നതോ, അങ്ങനെ വസ്ത്രധാരണം ചെയ്യുന്നതോ ഇത്തരമൊരു അവസ്ഥയിലേക്ക് നയിക്കും എന്ന വാദം ശക്തമാണ്. ഒരു മനുഷ്യന്റെ വ്യക്തിത്വം പൂര്‍ണതയിലെത്തുന്നത് നാല്‍പത് വയസ്സോടെ മാത്രമാണെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുമ്പോള്‍, അതിന് മുമ്പുള്ള, പ്രത്യേകിച്ചും ചെറുപ്പത്തിലുള്ള സാഹചര്യങ്ങളും അനുഭവങ്ങളും ശിക്ഷണവുമെല്ലാം ഒരാളുടെ മനസ്സിനെ സാരമായ രീതിയില്‍ ബാധിക്കും എന്നതില്‍ തര്‍ക്കമില്ല. ഇതോടൊപ്പം തന്നെ ചെറുപ്പത്തില്‍ കുട്ടികള്‍ക്ക് നേരിടേണ്ടിവരുന്ന ലൈംഗിക അതിക്രമങ്ങളും അശ്ലീല ചിത്രങ്ങളുമെല്ലാം ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിക്കാന്‍ സാധ്യതയുണ്ടെന്ന് നമുക്ക് കാണാന്‍ സാധിക്കും. ജെന്‍ഡര്‍ എന്നത് ഒരു സാമൂഹിക നിര്‍മിതിയാണെന്ന ആധുനിക പുരോഗമനവാദക്കാരുടെ വാദപ്രകാരവും ഇത്തരം സാമൂഹികമായ കാരണങ്ങള്‍കൊണ്ട് ഈ അവസ്ഥകള്‍ സാധ്യമാണ് എന്ന കാര്യത്തിനാണ് കൂടുതല്‍ സാധുത.


ഇതോടൊപ്പം തന്നെ ഗര്‍ഭസ്ഥശിശു ആണ്‍കുട്ടിയാണെങ്കില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ടെസ്‌റ്റോസ്റ്റിറൊണ്‍ എന്ന ഹോര്‍മോണ്‍ കുട്ടിയുടെ തലച്ചോറിനെ തികച്ചും ഒരു ആണിന്റെ തലച്ചോറാക്കി മാറ്റുമെന്നും, ആ ഉത്പാദനം കൃത്യമായി നടന്നില്ലെങ്കില്‍ ആ കുട്ടിയുടെ തലച്ചോര്‍ ഒരു പെണ്ണിന്റെ തലച്ചോറിനോട് കുറച്ച് സാമ്യതകള്‍ കാണിക്കുമെന്നും കുട്ടിക്ക് സ്ത്രീത്വം കാണപ്പെടുമെന്നുമുള്ള വാദങ്ങളും നമുക്ക് കാണാന്‍ സാധിക്കും.


ഇതില്‍ ഏതെങ്കിലും ഒന്ന് മാത്രമാണ് കാരണമെന്നോ മറ്റുള്ളവ പൂര്‍ണമായി തള്ളിക്കളയണമെന്നോ നമുക്ക് പറയാനാകില്ല. ജൈവശാസ്ത്രപരമായ മേല്‍പറഞ്ഞ പ്രശ്‌നങ്ങള്‍ മുതല്‍ ചെറുപ്പത്തിലെ അനുഭവങ്ങളും പീഡനങ്ങളും സാമൂഹിക കാരണങ്ങളുമെല്ലാം ഇതില്‍ ഏറിയും കുറഞ്ഞും കാരണമായേക്കാം.


എന്നാല്‍ ഇതിലേറ്റവും വലിയ പ്രഹേളികയായി നിലനില്‍ക്കുന്നത് ആരെയാണ്, എന്തിന്റെ അടിസ്ഥാനത്തിലാണ് നാം ട്രാന്‍സ്‌ജെന്‍ഡറുകളായി മനസ്സിലാക്കേണ്ടത് എന്നതാണ്. ശാരീരികമായി ഒരു വ്യത്യാസവും ഇല്ലെന്നിരിക്കെ ഒരു വ്യക്തിയുടെ മനസ്സിലെ തോന്നല്‍ മാത്രമാണ് ഇതിന്റെ അടിസ്ഥാനം. മനസ്സ് വായിക്കാനോ എത്രത്തോളം ഗൗരവകരമാണ് വിഷയമെന്ന് നിശ്ചയിക്കാനോ നമ്മുടെ കയ്യില്‍ യാതൊന്നുമില്ലെന്നിരിക്കെ ഒരു വ്യക്തി സ്വയം സാക്ഷ്യപ്പെടുത്തുക എന്നത് മാത്രമാണ് നമുക്ക് അവലംബിക്കാന്‍ സാധിക്കുന്ന കാര്യം. വളരെ നിഷ്‌കപടമായി കാര്യങ്ങള്‍ പറയുന്ന ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്നവരും എന്നാല്‍ ചെറിയൊരു തോന്നലിന്റെ അടിസ്ഥാനത്തില്‍ മാത്രം താന്‍ എതിര്‍ ലിംഗമാണെന്ന് കരുതുന്നവരും അതേപോലെതന്നെ വ്യാജന്മാരും നിറഞ്ഞാടുന്ന അവസ്ഥയില്‍ എങ്ങനെ നാം വേര്‍തിരിക്കും എന്നത് വലിയൊരു പ്രശ്‌നമാണ്. നാം നിത്യജീവിതത്തില്‍ കാണുന്ന പല പുരുഷന്മാര്‍ക്കും അവരുടെ സംസാരത്തിലോ നടത്തത്തിലോ ഒക്കെ ചെറിയ അളവില്‍ സ്ത്രീത്വം പ്രകടമാകാറുണ്ട്. പൗരുഷം കൂടുതലുള്ള സ്ത്രീകളുമുണ്ട്. ഇവരെയെല്ലാവരെയും ട്രാന്‍സ്‌ജെന്‍ഡറുകള്‍ ആയി വിധിപറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ?!


*ഇതൊരു വൈകല്യമാണോ?


ശരീരം ഒരുലിംഗവും മനസ്സ് എതിര്‍ലിംഗവുമാകുന്ന ഈ അവസ്ഥയെ 'ജെന്‍ഡര്‍ ഡിസ്‌ഫോറിയ' എന്നായിരുന്നു ശാസ്ത്രലോകം വിശേഷിപ്പിച്ചിരുന്നത്. മാനസിക വൈകല്യങ്ങളുടെ പട്ടികയായ ഡി.എസ്.എമ്മില്‍ ഇടംപിടിച്ച ഒരു കാര്യവും കൂടിയായിരുന്നു ഈ അവസ്ഥ. മാത്രവുമല്ല, റാപ്പിഡ് ഓണ്‍സെറ്റ്, ഓട്ടോജിനിഫിലിക്, ചൈല്‍ഡ്ഹുഡഓണ്‍സെറ്റ് ജെന്‍ഡര്‍ ഡിസ്‌ഫോറിയ എന്നിങ്ങനെ മൂന്നായി ഈ അവസ്ഥയെ തിരിക്കുകയും ചെയ്തിരുന്നു.


എന്നാല്‍ ഇതിനെ വൈകല്യം എന്ന് വിശേഷിപ്പിക്കുന്നത് ഇത്തരം അവസ്ഥകള്‍ അനുഭവിക്കുന്നവരോടുള്ള വിവേചനമാണെന്നും അത് അവരുടെ സ്വത്വമായി, സ്വാഭാവികമായി പരിഗണിച്ച് അവരെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്ന് വിശേഷിപ്പിക്കണം എന്നുമുള്ള LGBTQ ആക്റ്റിവിസ്റ്റ് വാദങ്ങള്‍ പിന്നീട് ശക്തിപ്പെട്ടു. അതോടെ പ്രസ്തുത പട്ടികയില്‍നിന്ന് അത് നീക്കംചെയ്യപ്പെടുകയാണുണ്ടായത്.


ഏതൊരു പ്രശ്‌നത്തെയും പ്രശ്‌നമായി അംഗീകരിക്കലാണ് പരിഹാരത്തിലേക്കുള്ള ആദ്യപടി. എന്നാലിവിടെ ഈ അവസ്ഥയെ വൈകല്യമെന്നോ പ്രശ്‌നമെന്നോ വിശേഷിപ്പിക്കാന്‍പോലും പാടില്ലെന്ന തിട്ടൂരമിറക്കുന്നതോടെ ഇത്തരക്കാര്‍ക്കുള്ള പരിഹാരത്തിലേക്കുള്ള വാതില്‍കൂടിയാണ് അടയ്ക്കുന്നത്. ആ നിലയ്ക്ക് ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്നവരോട് ഏറ്റവും ക്രൂരത ചെയ്യുന്നത് ഇത്തരം ആക്റ്റിവിസ്റ്റുകളാണ്. എത്ര ശ്രമിച്ചാലും മാറ്റിയെടുക്കാന്‍ പ്രയാസമുള്ളവര്‍ മുതല്‍ ചെറിയൊരു കൗണ്‍സിലിംഗ് കൊണ്ടുതന്നെ സാധാരണ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുന്നവര്‍വരെ ഉണ്ടെന്നിരിക്കെ പരിഹാരത്തിനുള്ള വാതിലുകള്‍ കൊട്ടിയടക്കുന്നത് എന്തുമാത്രം ക്രൂരതയാണ്!


*ശാസ്ത്രപഠനങ്ങള്‍ തടയുന്ന ആക്റ്റിവിസം!


ഏതൊരു പ്രശ്‌നത്തെപ്പറ്റിയും കൂടുതല്‍ പഠിക്കുമ്പോഴാണ് നമുക്ക് അതിന്റെ പരിഹാരത്തിനുള്ള വാതിലുകള്‍ തുറക്കപ്പെടുന്നത്. വൈദ്യശാസ്ത്ര രംഗത്ത് ഇത് കൂടുതല്‍ പ്രസക്തമാണ്. അതുകൊണ്ട്തന്നെ ഈ വിഷയത്തിലും എല്ലാരീതിയിലുമുള്ള പഠനങ്ങളും ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് ആത്മാര്‍ഥമായി പരിഹാരം ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്.


എന്നാല്‍ ലോകത്തെമ്പാടുമുള്ള LGBTQ ആക്റ്റിവിസ്റ്റുകള്‍ ചെയ്യുന്നതാകട്ടെ ഈ വിഷയത്തിലുള്ള പഠനങ്ങള്‍ പരമാവധി തടയുക എന്നതാണ്. ട്രാന്‍സ്‌ജെന്‍ഡറുകളെക്കുറിച് ചും അതിന്റെ കാരണങ്ങളെ പറ്റിയും അവരുടെ തലച്ചോറിനെപ്പറ്റിയുമെല്ലാം കൂടുതല്‍ പഠിച്ചാല്‍ ഒരുപക്ഷേ നമുക്ക് കൂടുതല്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടേക്കാം. എന്നാല്‍ LGBT ആക്റ്റിവിസം പറയുന്നത് അവരെക്കുറിച്ച് പഠിക്കുന്നതും അതിനുള്ള പരിഹാരങ്ങള്‍ തേടുന്നതും അവരെ 'വൈകല്യമുള്ളവരാക്കി' ചിത്രീകരിക്കല്‍ ആണെന്നും അതുകൊണ്ട് തന്നെ സാധാരണ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സാധ്യതകള്‍ തേടിയുള്ള പഠനങ്ങളോ ഗവേഷണങ്ങളോ അനുവദിക്കരുത് എന്നുമാണ്.


അതിന്റെ ഭാഗമായി ലോകത്ത് ന്യൂറോളജിയും സെക്‌സോളജിയിലുമെല്ലാം നടക്കുന്ന അനവധി ഗവേഷണങ്ങള്‍ അവര്‍ തടയുകയും അതിന്റെ ഫണ്ടിങ് നിര്‍ത്തലാക്കിപ്പിക്കുകയും ചെയ്തു. പ്രമുഖ ന്യൂറോസയന്റിസ്റ്റ് ആയ ഡോ. ഡെബ്ര സോഹ് ഇവരുടെ ശല്യം സഹിക്കവയ്യാതെ പഠനവും ഗവേഷണങ്ങളും അവസാനിപ്പിക്കുകയും 'എന്‍ഡ് ഓഫ് ജെന്‍ഡര്‍' എന്ന പുസ്തകമെഴുതി ഇവരുടെ ശാസ്ത്ര വിരുദ്ധതയെ ചോദ്യംചെയ്ത് രംഗത്തുവരികയും ചെയ്തിരുന്നു. മാത്രമല്ല ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കൗണ്‍സിലിംഗുകളും ചികിത്സകളും നിയമവിരുദ്ധമാക്കാനുള്ള ചരടുവലികളും ശക്തമാണ്.


ചുരുക്കിപ്പറഞ്ഞാല്‍ ഇവരുടെ സങ്കല്‍പങ്ങള്‍ക്കും തിയറികള്‍ക്കുമപ്പുറം ആരും ഈ വിഷയത്തില്‍ പഠിക്കാനോ പറയാനോ പോലും പാടില്ലെന്ന സമീപനത്തിലൂടെ പരിഹാരത്തിനുള്ള എല്ലാ വാതിലുകളും കൊട്ടിയടക്കുകയാണ് ചെയ്യുന്നത്!


*ലിംഗമാറ്റ ശസ്ത്രക്രിയ എന്ന പരിഹാരം?


സ്വന്തം ലിംഗത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകള്‍ ഇല്ലാതാക്കി, അതിന് സഹായിക്കുന്ന കൗണ്‍സിലിംഗുകള്‍ പോലും തടഞ്ഞ് LGBTQ ആക്റ്റിവിസ്റ്റുകള്‍ മുന്നോട്ടുവെക്കുന്ന പ്രധാനപ്പെട്ട പരിഹാരം ലിംഗമാറ്റ ശസ്ത്രക്രിയയാണ്. ആണിന്റെ ശരീരത്തില്‍ 'അകപ്പെട്ട' പെണ്ണിനെ മോചിപ്പിക്കാന്‍ ആ ശരീരം മുഴുവന്‍ അഴിച്ചുപണി നടത്തി സ്ത്രീശരീരമാക്കുക എന്നതാണ് അവര്‍ കാണുന്ന ഒരു പരിഹാരം.


എന്നാല്‍ ആണും പെണ്ണും തമ്മില്‍ ലൈംഗിക അവയവങ്ങള്‍ തമ്മില്‍ മാത്രമല്ല വ്യത്യാസമുള്ളത്. അക്ഷരാര്‍ഥത്തില്‍ ആണിന്റെ ഓരോ കോശവും ആണിന്റെതാണ്, പെണ്ണിന്റെ ഓരോ കോശവും പെണ്ണിന്റെതാണ് എന്നതാണ് വസ്തുത. രണ്ട് ലിംഗത്തില്‍ ഉള്ളവരിലും ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളുടെ അളവുകള്‍ വ്യത്യസ്തമായതുകൊണ്ട് കേവലം ലൈംഗിക അവയവങ്ങളോ ഗര്‍ഭപാത്രവും സ്തനവുമോ മാറ്റിവെച്ചതുകൊണ്ട് അവസാനിക്കുന്നതല്ല ഈ സര്‍ജറികള്‍. ശരീരം മൊത്തത്തില്‍തന്നെ അഴിച്ചുപണിയാന്‍ ഒന്നിന് ശേഷം മറ്റൊന്ന് എന്ന രീതിയില്‍ ഒരുപാട് സര്‍ജറികളും അതിനുശേഷം ജീവിതകാലം മുഴുവനായി ഹോര്‍മോണ്‍ കുത്തിവെപ്പുകളുമൊക്കെ വേണ്ടിവരും എന്നതാണ് യാഥാര്‍ഥ്യം.


എന്നിട്ട് പോലും അവര്‍ക്ക് ജീവിതാവസാനം വരെ വേദനയും പ്രയാസവുമായി ജീവിക്കേണ്ടിവരുന്നു എന്നതാണ് ഏറെ ദൗര്‍ഭാഗ്യകരമായ വസ്തുത. അതുകൊണ്ട് കൂടിയാണ് ഇത്തരത്തില്‍ സര്‍ജറികള്‍ ചെയ്ത വലിയൊരു വിഭാഗം ആളുകള്‍ തങ്ങള്‍ ചെയ്ത കാര്യത്തില്‍ പശ്ചാതപിക്കുകയും തങ്ങളുടെ യഥാര്‍ഥ ലിംഗത്തിലേക്ക് തിരിച്ചുപോകണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നത്.


വാള്‍ട്ട് ഹയര്‍ എന്ന ലോകപ്രശസ്ത എഴുത്തുകാരന്‍ ഇത്തരത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായി സ്ത്രീയാവുകയും എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് പുരുഷനായി ഡീട്രാന്‍സിഷന്‍ സര്‍ജറി ചെയ്യുകയും ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയാണ്. അദ്ദേഹമാണ് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തവരുടെ നീറുന്ന അനുഭവങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ഇത്തരം സര്‍ജറികള്‍ ചെയ്ത് പശ്ചാത്തപിക്കുന്നവരുടെ അനുഭവങ്ങള്‍ മാത്രം ഉള്‍പെടുത്തിക്കൊണ്ട് www. sexchangeregret.com എന്ന ഒരു വെബ്‌സൈറ്റ് തന്നെ ഇന്ന് നമുക്ക് ലഭ്യമാണ്.


ഇവിടെയാണ് സ്വന്തം ലിംഗത്തില്‍തന്നെ ജീവിക്കാനും അതിലേക്ക് മടങ്ങാനുമുള്ള സാധ്യതകളെ കൊട്ടിയടച്ച് ഈ ആക്റ്റീവിസ്റ്റുകള്‍ മുന്നോട്ടുവെക്കുന്ന ഈ പരിഹാരം എത്ര ഭീകരമാണ് എന്നത് നാം തിരിച്ചറിയേണ്ടത്. ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെക്കൊണ്ട് തന്നെ ഈ സര്‍ജറികളാണ് നിങ്ങള്‍ക്കുള്ള പരിഹാരം എന്ന് വിശ്വസിപ്പിക്കുകയും മറിച്ചുള്ള പരിഹാരം അവതരിപ്പിക്കുന്നവരെ ശത്രുക്കളായി ചിത്രീകരിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്.


*ഇരകള്‍ക്കെതിരെയല്ല, വേട്ടക്കാര്‍ക്കെതിരെ


തങ്ങളുടെ ലിബറല്‍വാദങ്ങളും ലൈംഗികതയെപ്പറ്റിയുള്ള കുത്തഴിഞ്ഞ സങ്കല്‍പങ്ങളുമെല്ലാം നടപ്പിലാക്കാനാണ് LGBTQ ആക്റ്റിവിസ്റ്റുകള്‍ ശ്രമിക്കുന്നത്. അതിനുവേണ്ടി പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന പ്രതീതിയുണ്ടാക്കുകയും തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെല്ലാം മനുഷ്യാവകാശങ്ങള്‍ക്ക് എതിരുനില്‍ക്കുന്നവരാണെന്ന് വരുത്തിത്തീര്‍ക്കുകയുമാണ് അവര്‍ ചെയ്യുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ആക്റ്റിവിസ്റ്റുകളാണ് ഈ മനുഷ്യരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം.


അവിടെയാണ് നാം ശബ്ദിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും ഈ റാഡിക്കല്‍ ലെഫ്റ്റ് സിദ്ധാന്തങ്ങള്‍ പേറി അരാജകത്വം സ്വപ്‌നം കാണുന്ന ആക്റ്റിവിസ്റ്റുകള്‍ക്കെതിരിലാ ണെന്നതും അല്ലാതെ പ്രയാസം അനുഭവിക്കുന്ന ഇരകള്‍ക്കെതിരെയല്ല എന്നതും പ്രസക്തമാകുന്നത്. അപൂര്‍വമെങ്കിലും ചിലരെങ്കിലും ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്നവരായി നമ്മുടെ ചുറ്റിലുമുണ്ട്. അവരെ അനുഭാവപൂര്‍വം കാണാനും അവരെ ഈ ആക്റ്റിവിസ്റ്റുകളുടെ കെണിയില്‍ പെടാതെ സംരക്ഷിക്കാനും പരിഗണിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.


ഇസ്‌ലാമിക വീക്ഷണത്തില്‍ ഒരാള്‍ക്ക് മാനസികമായി ഇത്തരം പ്രയാസങ്ങള്‍ ഉണ്ടാകുന്നു എന്നത് അവരെ കുറ്റക്കാരോ അവഗണിക്കേണ്ടവരോ ആക്കുന്നില്ല. അവരുടെ പ്രശ്‌നങ്ങള്‍ ഒരു മാനസിക പ്രശ്‌നമായി തിരിച്ചറിയാനും ആ നിലയ്ക്ക് തന്നെ ഏറ്റവും നന്നായി അവരോട് പെരുമാറുവാനും അവരെ സാധാരണ രീതിയിലേക്ക് തിരിച്ചുകൊണ്ടുവരാനുമാണ് നാം ശ്രമിക്കേണ്ടത്. ക്രോസ് ഡ്രസ്സിംഗ് ചെയ്തു കൊണ്ടോ സൗന്ദര്യവര്‍ധക വസ്തുക്കളും ആഭരണങ്ങളും ഉപയോഗിച്ചുകൊണ്ടോ അത്തരം സ്വത്വസങ്കല്‍പത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനെ ഇസ്‌ലാം അനുവദിക്കുന്നില്ല.


മുസ്‌ലിം സമുദായത്തിലടക്കം ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്നവരോട് നിരുത്തരവാദപരമായ സമീപനങ്ങള്‍ വെച്ചുപുലര്‍ത്തുന്നത് കാണപ്പെടുന്നുണ്ട്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങുമ്പോഴേക്ക്അവരെ മര്‍ദിച്ചും അനാവശ്യപേരുകള്‍ വിളിച്ചും ഒറ്റപ്പെടുത്തിയും പ്രയാസത്തിന്റെ കയങ്ങളിലേക്ക് തള്ളിവിടുന്ന അവസ്ഥ ദയനീയമാണ്. അങ്ങനെയുണ്ടാകുമ്പോഴാണ് ഇവര്‍ വീടും കുടുംബവും വിട്ടിറങ്ങുന്നതും ആക്റ്റിവിസ്റ്റുകളുടെയും സെക്‌സ് മാഫിയകളുടെയും കെണിയില്‍ അകപ്പെട്ട് ജീവിതം തന്നെ തുലയ്ക്കുന്നതും. അതിനുപകരം അവരോട് അവരുടെ പ്രയാസങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് നല്ല നിലയില്‍ പെരുമാറുകയും ഇത് ഒരു പരീക്ഷണമാണെന്ന് അവരെ ബോധ്യപ്പെടുത്തി ക്ഷമിക്കാനും അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കാനും പ്രേരിപ്പിക്കുകയുമാണ് വേണ്ടത്.


സോഷ്യല്‍ മീഡിയയിലൂടെയും സിനിമകളിലൂടെയുമെല്ലാം വളരെ പ്രതിലോമകരമായ ആശയങ്ങള്‍ നിരന്തരം പ്രസരിപ്പിക്കുന്നത് കൊണ്ടുതന്നെ നമുക്ക് ചുറ്റിലും നമ്മുടെ കുടുംബങ്ങളിലും ഇത്തരം അവസ്ഥകള്‍ ഉണ്ടാകുമ്പോള്‍ വളരെ അവധാനതയോടെ നാമത് കൈകാര്യം ചെയ്യേണ്ടതുണ്ട്. വേദനയനുഭവിക്കുന്നവര്‍ക്ക് വേണ്ടിയെന്ന പേരില്‍ അവര്‍ അവരുടെ അജണ്ടകള്‍ നടപ്പിലാക്കുകയാണെന്നും അത് തിരിച്ചറിഞ്ഞില്ലെങ്കില്‍ വലിയ കെണിയിലായിരിക്കും അകപ്പെടുന്നത് എന്നും സമൂഹത്തോട് ഉറക്കെയുറക്കെ നാം പറഞ്ഞുകൊണ്ടേയിരിക്കണം.


ഏറ്റവും അവസാനം ജീവന്‍ വെടിഞ്ഞ വ്യക്തിയടക്കം ഇവര്‍ മുന്നോട്ടുവെക്കുന്ന വ്യാജ പരിഹാര സിദ്ധാന്തത്തിന്റെ ഇരയാണെന്നും ഇനിയുമൊരു ജീവന്‍ പൊലിഞ്ഞുകൂടെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.


- അബ്ദുല്ലാ ബാസിൽ സിപി

(നേർപഥം വാരികയിൽ പ്രസിദ്ധീകരിച്ചത്)

No comments:

Post a Comment