Friday, July 3, 2015

അരുതേ.. ബദ്'രീങ്ങളെ അപമാനിക്കല്ലേ...

റമദാന്‍ 16 രാത്രി..
ബദ്റിന്റെ രണഭൂമി ഒരുങ്ങിക്കഴിഞ്ഞു..

അബൂജഹലിന്റെയും കൂട്ടരുടെയും യുദ്ധക്യാമ്പില്‍ ആഘോഷമാണ്.. അവരെ ആവേശം കൊള്ളിക്കാന്‍ മദ്യത്തിന്റെ കോപ്പകളുണ്ട്.. ആനന്ദം കൊള്ളിക്കാന്‍ നര്‍ത്തകിമാരുണ്ട്.. സര്‍വ്വ വിധ സന്നാഹങ്ങളുമായി ഒരുങ്ങി വന്ന അവരുടെ ആഘോഷത്തിനു കാരണം മറ്റൊന്നുമല്ല.. നാളെയോടു കൂടി അവസാനിക്കുകയാണ് മുഹമ്മദും അവന്റെ പുത്തന്‍ വാദങ്ങളും.. അവന്റെ മതം എന്നെന്നേക്കുമായി ഈ ഭൂമിലോകത്ത് നിന്നും തുടച്ചു നീക്കപ്പെടാന്‍ പോവുകയാണ്..!! ഇത് അമിതമായ ആത്മവിശ്വാസത്തിന്റെ മാത്രം പുറത്ത്‌ അവര്‍ കെട്ടിയുണ്ടാക്കിയ ജല്‍പനങ്ങള്‍ മാത്രമായി തള്ളിക്കളയാന്‍ പറ്റില്ല.. കാരണം ഇപ്പുറത്ത് ഉള്ളത് സര്‍വ്വ സന്നാഹങ്ങളും യുദ്ധക്കോപ്പുകളും ആരോഗ്യം തുടിക്കുന്ന കുതിരകളും ഒട്ടകങ്ങളും ഏതു മല്ലനെയും എതിരിടാന്‍ പോന്ന മസില്‍ പവറുള്ള പടയാളികളും.. മറുപുറത്ത് ആകട്ടെ തങ്ങളുടെ മൂന്നിലൊന്ന് പോലും വരാത്ത പട്ടിണി കിടന്നു ക്ഷീണിച്ച ഒരുപറ്റം ആളുകള്‍.. ഭൗതികമായി ഏതു അളവുകോല്‍ വെച്ച് നോക്കിയാലും നാളെയോടു കൂടി ഈ ചെറു സംഘത്തെ ഉന്മൂലനം ചെയ്യപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.. പിന്നെങ്ങനെ ആഘോഷിക്കാതിരിക്കും? പിന്നെങ്ങനെ മതിമറന്ന് ആഹ്ലാദിക്കാതിരിക്കും??

 മറുപുറത്ത് നബിയും സ്വഹാബത്തും തളര്‍ന്ന ശരീരങ്ങളും തളരാത്ത മനസ്സുമായി പ്രാര്‍ത്ഥനകളും പ്രകീര്‍ത്തനങ്ങളുമായി കഴിഞ്ഞു കൂടുകയാണ്.. ഏതു വലിയ പരീക്ഷണം വന്നാലും ഞങ്ങളുണ്ട് അങ്ങയുടെ കൂടെ എന്നുറപ്പ് നല്‍കി തളര്‍ന്നുറങ്ങുന്ന അനുയായികള്‍ക്ക് ഇടയില്‍ ആ രാത്രി നബി(സ) എഴുന്നേറ്റ്‌ നിന്ന് കരങ്ങള്‍ ആകാശത്തേക്ക്‌ ഉയര്‍ത്തിക്കൊണ്ട് പ്രാര്‍ഥിച്ചു.. "റബ്ബേ, ഈ ചെറു സംഘത്തെയെങ്ങാനും നീ നശിപ്പിച്ചാല്‍... നിന്നെ മാത്രം ആരാധിക്കുന്ന ഒരു സമൂഹം ഈ ഭൂമിലോകത്ത് ബാക്കിയാകില്ല റബ്ബേ...". 

റമദാന്‍ 17..
അങ്കം തുടങ്ങി..
ഒട്ടിയ വയറും പുറത്തേക്ക് തള്ളിയ വാരിയെല്ലുകളും മുറിഞ്ഞ വാളുകളും ഏതാനും കുതിരകളുമായി തൗഹീദിന്റെ പടയാളികള്‍ മൂന്നിരട്ടിയോളം വരുന്ന ശിര്‍ക്കിന്റെ പടയെ തോല്‍പ്പിച്ച് വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുന്നു..!!

എങ്ങനെ സംഭവിച്ചു?
ബദ്റാകുന്ന പരീക്ഷണം വന്നപ്പോള്‍ അവിടെ ആ മഹാന്മാരായ ധീര യോദ്ധാക്കള്‍ക്ക് ശക്തി നല്‍കിയത്‌ എന്താണ്?? ആരും പതറിപ്പോകുന്ന ഘട്ടത്തില്‍ അവരുടെ കൈകള്‍ ആരിലേക്കാണ് ഉയര്‍ന്നത്..? ഖുര്‍ആന്‍ ഉത്തരം തരുന്നു..:

إِذْ تَسْتَغِيثُونَ رَبَّكُمْ
നിങ്ങള്‍ നിങ്ങളുടെ റബ്ബിനോട് ഇസ്തിഗാസ ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക)

فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُم بِأَلْفٍ مِّنَ الْمَلَائِكَةِ مُرْدِفِينَ
തുടരെ തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക്‌ സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്ക്‌ മറുപടി നല്‍കി (സൂറ. അന്‍ഫാല്‍ :9)

നോക്കൂ സഹോദരങ്ങളെ.. വമ്പിച്ച ഒരു പരീക്ഷണം വന്നപ്പോള്‍ മഹാന്മാരായ ബദ്'രീങ്ങള്‍ ഇസ്തിഗാസ ചെയ്തത് അല്ലാഹുവോട്..!! ബദ്'രീങ്ങള്‍ യുദ്ധം ചെയ്തു തോല്‍പിച്ച മുശ്രിക്കുകളോ? അല്ലാഹുവിനു പുറമേ മഹാന്മാരായ ലാത്തയോടും മനാത്തയോടും ഇബ്രാഹീം നബിയോടും ഇസ്മാഈല്‍ നബിയോടും തേടി.. 

സഹോദരാ, ഒന്നാലോചിച്ച് നോക്കൂ.. ബദ്'റില്‍ നടന്നത് തൗഹീദും ശിര്‍ക്കും തമ്മിലുള്ള യുദ്ധമല്ലേ? അല്ലാഹുവോട് മാത്രം ഇസ്തിഗാസ നടത്തണം എന്ന് വാദിക്കുന്നവരും അവനു പുറമേ മറ്റുള്ളവരോടും ആകാം എന്ന് വാദിക്കുന്നവരും തമ്മിലുള്ള യുദ്ധമല്ലേ?? ഇരുളും വെളിച്ചവുമെന്ന പോലെ ഈ ശിര്‍ക്കിനെയും തൌഹീദിനെയും വേര്‍തിരിച്ചത് കൊണ്ട് ബദ്ര്‍ ദിനത്തെ യൗമുല്‍ ഫുര്‍ഖാന്‍ എന്ന് വിശേഷിപ്പിക്കുന്നു.. സത്യവും അസത്യവും തമ്മില്‍ വേര്‍തിരിച്ച ദിനം..

അതേ സഹോദരാ, അങ്ങേയറ്റം വിഷമതകള്‍ നേരിട്ടപ്പോഴും മഹാന്മാരായ ബദ്'രീങ്ങള്‍ ഇസ്തിഗാസ ചെയ്തത് അല്ലാഹുവോടു മാത്രമാണ് എന്ന് പറയുന്നത് ഖുര്‍ആനാണ്.. സുഹൃത്തേ.. ഒന്ന് ചിന്തിക്കൂ.. ആ ബദ്'രീങ്ങളുടെ പാതയല്ലേ നമ്മളും പിന്‍പറ്റെണ്ടത്? നമുക്കും ഒരു പ്രയാസം വന്നാല്‍, ഒരു പ്രതിസന്ധി വന്നാല്‍ ബദ്'രീങ്ങളുടെ മാതൃക പിന്‍പറ്റി നമ്മളും അല്ലാഹുവോട് മാത്രം ഇസ്തിഗാസ ചെയ്യുകയല്ലേ വേണ്ടത്‌? അവനു പുറമേ മറ്റുള്ളവരോടും ഇസ്തിഗാസ ചെയ്യാം എന്ന ബദ്'രീങ്ങള്‍ എതിര്‍ത്ത്‌ തോല്‍പിച്ച ശിര്‍ക്കിനെതിരെ ശബ്ദിക്കലല്ലേ സഹോദരാ ആ മഹാന്മാരോടുള്ള സ്നേഹം??

എന്നാലിന്ന് ബദ്'രീങ്ങളുടെ പേരില്‍ സമൂഹത്തില്‍ നടക്കുന്നത് എന്താണ്? അല്ലാഹുവോട് മാത്രം ഇസ്തിഗാസ ചെയ്യുക, അവനെ മാത്രം ആരാധിക്കുക എന്ന് സ്ഥാപിക്കാന്‍ വേണ്ടി ജീവന്‍ മറന്നു പോരാടിയ ആ ധീര യോദ്ധാക്കളെ അപമാനിക്കും വിധം 
"യാ അഹ്'ല ബദ്റ-ശ്ശുഹദാ...."
എന്ന് വിളിച്ചു കൊണ്ട് ആ ബദ്'രീങ്ങളോട് തന്നെ ഇസ്തിഗാസ ചെയ്യുന്ന ദയനീയ കാഴ്ച്ച..!! അരുത് സുഹൃത്തേ.. ബദ്'രീങ്ങളെ അപമാനിക്കുന്ന ഈ ഏര്‍പ്പാടിന് നാം കൂട്ട് നില്‍ക്കരുത്‌.. ബദ്'രീങ്ങളില്‍ പതിനാലോളം പേര്‍ പോരാടി മരിച്ചത്‌ ഏതു ശിര്‍ക്കിനെതിരെയാണോ, അതേ ശിര്‍ക്ക്‌ ബദ്'രീങ്ങളെ നേരിട്ട് വിളിച്ചു കൊണ്ട് ചെയ്യുന്നതിലും വലിയ അപമാനിക്കല്‍ വേറെഎന്തുണ്ട്? അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്ന് പഠിപ്പിച്ച് കടന്നു പോയ മഹാനായ ഈസാ നബിയെ ക്രിസ്ത്യാനികള്‍ ആരാധിച്ച് ആ മഹാനായ പ്രവാചകന്‍ പഠിപ്പിച്ചതിനു നേര്‍ വിപരീതം ചെയ്ത് ഈസാ നബിയെ അപമാനിക്കുന്നത് പോലെ നമ്മളും ബദ്'രീങ്ങളെ അപമാനിക്കുകയോ??

ബദറില്‍ ശുഹദാക്കള്‍ ജീവന്‍ സമര്‍പ്പിച്ച ശേഷവും മുസ്‌ലിം ലോകത്ത്‌ പ്രയാസങ്ങള്‍ ഉണ്ടായിരുന്നു.. അപ്പോള്‍ ഏതെന്കിലും സന്ദര്‍ഭത്തില്‍ അവര്‍ ബദര്‍ ശുഹദാക്കളെ വിളിച്ചു തേടിയോ? ഉഹ്ദില്‍ പരീക്ഷണം നേരിട്ടപ്പോള്‍ ബദര്‍ ശുഹദാക്കളെ അവര്‍ സഹായത്തിനു വിളിച്ചോ? ഒരുപാട് റമദാന്‍ 17കള്‍ കടന്നു പോയിട്ടും ഒരിക്കലെങ്കിലും അവര്‍ ബദ്;രീങ്ങളെ വിളിച്ചു തേടി ഒരു അന്നദാനം നടത്തിയോ?? കാലിയായ വയറുമായി അല്ലാഹുവിന്റെ വഹ്ദാനിയ്യത്തിനു വേണ്ടി പോരാടിയ ആ മഹാന്മാരുടെ പേരില്‍ നമ്മള്‍ വയറു നിറക്കുന്നത് അവരെ അപമാനിക്കല്‍ അല്ലെങ്കില്‍ പിന്നെന്താണ് സുഹൃത്തേ?

ബദര്‍ നമുക്ക്‌ നല്‍കുന്ന ചില പാഠങ്ങളുണ്ട്.. തൗഹീദിന്റെ പാഠം.. ഏതു പ്രതിസന്ധിയിലും തുണ റബ്ബ് ഉണ്ടെന്ന വിശ്വാസത്തോടെ ഉറച്ചു നില്‍ക്കാന്‍ പ്രചോദനം നല്‍കുന്ന പാഠം.. പടച്ചവനല്ലാതെ പടപ്പുകളുടെ മുന്‍പില്‍ കൈ നീട്ടിയാല്‍ പരാജയമാണ് എന്ന പാഠം..

ഈ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ബദ്'രീങ്ങളെ അപമാനിക്കുന്ന ആചാരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തന്റേടം കാണിക്കുക.. റഹ്മാനായ റബ്ബ് തുണക്കട്ടെ.. ആമീന്‍..

No comments:

Post a Comment