'ഇവിടെ മതമുണ്ട് പക്ഷെ.. മതഭ്രാന്തന്മാരില്ല..!'
ചെഗുവേരയുടെ ചുവപ്പില്‍ കുളിച്ച പടവും വെച്ച് സ്ഥാപിച്ച DYFIയുടെ ഫ്ലെക്സ് ബോര്‍ഡിലെ ഈ വാചകങ്ങള്‍ സന്തോഷത്തോടെയും അഭിമാനത്തോടെയും വായിച്ചവരാണ് കേരളത്തിലെ ബഹുജനം.. മതമല്ല പ്രശ്നമെന്നും മതത്തിന്റെ പേരില്‍ മതമറിയാത്ത ചിലര്‍ കാട്ടിക്കൂട്ടുന്ന ഭ്രാന്താണ് പ്രശ്നമെന്നും സ്ഥാപിച്ചു കൊണ്ട് ഇടതുപക്ഷ ചിന്താഗതിക്കാര്‍ മുന്നോട്ടു പോയപ്പോള്‍ മതേതര കേരളം അവരില്‍ നിന്നും ഏറെ പ്രതീക്ഷിച്ചു. പ്രത്യേകിച്ചും ഹൈന്ദവ തീവ്രവാദ സംഘടനകള്‍ സാധാരണക്കാരുടെ മനസ്സിലേക്ക് വര്‍ഗ്ഗീയതയുടെ വിഷവിത്ത് പാകി സുന്ദരകേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഈ അവസരത്തില്‍ അവര്‍ക്കെതിരായി മുന്നോട്ട് പോകുമെന്നും ഏറെ ആഗ്രഹിച്ചു. ഏറ്റവുമൊടുവില്‍ 'ഒരു സ്വയം സേവകന്റെ കുമ്പസാരം' എന്ന പേരില്‍ RSSന്റെ വര്‍ഗ്ഗീയ അജണ്ടകളെ തുറന്നു കാട്ടുന്ന ഒരു മുന്‍ സംഘപ്രവര്‍ത്തകന്റെ ലേഖനം പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കാന്‍ ദേശാഭിമാനി രംഗത്ത് വരികയും ചെയ്തു. അരുവിക്കരയിലെ ഇടതുപക്ഷത്തിന്റെ ദയനീയ തോല്‍വിക്ക് ശേഷവും കേരളത്തില്‍ ഫാസിസത്തെ എതിര്‍ക്കാന്‍ ഇടതുപക്ഷം മാത്രമേയുള്ളൂ എന്ന് നേതാക്കന്മാര്‍ പറയുകയും ചെയ്യുന്നു.. പക്ഷെ..!!?
ഫാസിസത്തിനെതിരെ വൈവിധ്യമാര്‍ന്ന പ്രചാരണങ്ങളും പരിപാടികളും സംഘടിപ്പിക്കുംപോഴും, ഫാസിസത്തെ എതിര്‍ക്കാന്‍ തങ്ങളേയുള്ളൂ എന്ന് വാദിക്കുമ്പോഴും എവിടെയോ ചിലത് ചീഞ്ഞു നാറുന്നു എന്നത് ഒരു വസ്തുതയാണ്. ഫാസിസത്തെ എതിര്‍ത്ത് തോല്‍പിക്കുക എന്നത് ഒരു പൊതു താല്പര്യമായി കാണുന്നതിനു പകരം തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ 'ഫാസിസവിരോധം' മറയാക്കുകയാണോ എന്നാരെങ്കിലും ചിന്തിച്ചു പോയാല്‍ അവരെ കുറ്റം പറയാന്‍ പറ്റാത്ത രീതിയിലാണ് ഈ സംഘടനകളുടെ ഇന്നത്തെ പ്രവര്‍ത്തനം. ഫാസിസ വിരോധം കേവലം പ്രസ്താവനകളിലും മുദ്രാവാക്യങ്ങളിലും ഒതുങ്ങുകയും തങ്ങളുടെ പ്രവര്‍ത്തികളിലൂടെ അതേ ഫാസിസത്തിനു വെള്ളവും വളവും വെച്ചു നല്‍കുകയും തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് കണ്ടു കൊണ്ടിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മുസ്‌ലിം ലീഗ് മന്ത്രി പൊതുചടങ്ങില്‍ നിലവിളക്ക് കൊളുത്താന്‍ വിസമ്മതിക്കുകയും അത് വിവാദമാവുകയും ചെയ്യുകയുണ്ടായി. അന്ന് അദ്ദേഹത്തെ എതിര്‍ക്കാന്‍ ഇടത് ചിന്തകരും എഴുത്തുകാരും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ താന്‍ നിലവിളക്ക് കൊളുത്താതിരുന്നത് തന്റെ മതവിശ്വാസത്തിനു എതിരായത് കൊണ്ടാണ് എന്നും ഏകദൈവ വിശ്വാസിയായ തനിക്ക് അഗ്നിയാരാധനയുടെ ഭാഗമായ നിലവിളക്ക് കൊളുത്താന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയപ്പോള്‍ വളരെ മാന്യമായി വിമര്‍ശനം നിര്‍ത്തുകയായിരുന്നു അന്നത്തെ ഇടത് നേതാക്കള്‍ ചെയ്തത്. ആ മാന്യത കൈവിട്ടതാണോ ഇന്നത്തെ കേരളത്തിലെ ഇടത് പക്ഷത്തിന്റെ ദയനീയ പതനത്തിനു കാരണം എന്ന് അവര്‍ സ്വയം വിലയിരുത്തേണ്ടതുണ്ട്. അദ്ദേഹം ഇത് വ്യക്തമാക്കിയ ശേഷം സി.പി.എമ്മിന്‍റെ അനിഷേധ്യ നേതാവ് സഖാവ ഇ.എം.എസ് നമ്പൂതിരിപ്പാട് നടത്തിയ ഒരു പ്രസ്താവന ശ്രദ്ധേയമായിരുന്നു. "മത ചിഹ്നങ്ങള്‍ സര്‍ക്കാര്‍ വേദികളില്‍ നിന്നെങ്കിലും ഒഴിവാക്കിയാല്‍ ആ നിമിഷം തന്നെ നിലവിളക്കും അപ്രത്യക്ഷമാകും" എന്നായിരുന്നു ആ പ്രസ്ഥാവന.
കൃത്യമായ ഒരു നിലപാട് ഉണ്ടായിരിക്കുകയും തന്റെ രാഷ്ട്രീയ ശത്രുവിനെതിരെ ആയുധമാക്കാന്‍ പറ്റിയ അവസരമായിട്ടു പോലും നിലപാട് തുറന്നു പറയുകയും ചെയ്ത മുന്‍കാല നേതാക്കന്മാരെവിടെ? രാഷ്ട്രീയമായി എതിര്‍ക്കുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ വെച്ച് മന്ത്രിക്ക് മുന്‍പിലേക്ക് നിലവിളക്കുമായി നിലവിളിച്ചോടുന്ന ഡിഫിക്കാരനെവിടെ?! ഇന്നലെ ബഹുമാന്യനായ മന്ത്രി അബ്ദുറബ്ബ് പ്രസംഗിക്കുന്ന വേദിയിലേക്ക് നിലവിളക്ക് ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിക്കുക വഴി DYFIകാരന്‍ ചവിട്ടിയരച്ചത് സഖാവ് ഇ.എം.എസ്സിന്റെ പ്രസ്താവനയെയല്ലേ? നിലവിളക്ക് മതചിഹ്നം തന്നെയാണെന്നും അത്തരം ചിഹ്നങ്ങള്‍ സര്‍ക്കാര്‍ വേദികളില്‍ നിന്നെങ്കിലും ഒഴിവാക്കണം എന്നും പറഞ്ഞ ഇ.എം.എസ്സിന്റെ നിലപാടുകള്‍ക്കെതിരെയുള്ള കരിങ്കൊടിയല്ലേ ഇന്നലെ കോഴിക്കോട് ഉയര്‍ന്നത്? പാഠപുസ്തക വിവാദത്തില്‍ മന്ത്രിയെ എതിര്‍ക്കുമ്പോള്‍ പോലും അദ്ദേഹത്തിന്‍റെ വിശ്വാസത്തിന്റെ ഭാഗമായി കൊളുത്താതിരുന്ന നിലവിളക്ക് വിഷയം ഉയര്‍ത്തിക്കൊണ്ടു വരിക വഴി എന്ത് സന്ദേശമാണ് ഡിഫി സമൂഹത്തിനു നല്‍കാനുദ്ദേശിച്ചത്?!
ഇവിടെ യഥാര്‍ത്ഥത്തില്‍ DYFIകാരന്‍ ചെയ്തത് അബ്ദുറബ്ബിനെതിരെ കരിങ്കൊടി കാണിക്കുക മാത്രമല്ല, ഫാസിസത്തിനു പച്ചക്കൊടി കാണിക്കുക കൂടിയാണ്.! തങ്ങളുടെ മതപരമായ ആചാരങ്ങളും അനുഷ്ടാനങ്ങളും മറ്റു മതസ്ഥരിലും അടിച്ചേല്‍പിക്കാന്‍ വ്യഗ്രത കൊള്ളുന്ന ഹൈന്ദവ വര്‍ഗ്ഗീയ വാദികള്‍ അബ്ദുറബ്ബിനെതിരെ വാളെടുക്കുന്നത് നമുക്ക് മനസ്സിലാക്കാം.. പക്ഷെ ഫാസിസത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്ന ചെങ്കൊടിയേന്തിയവന്‍ ഇത് ചെയ്യുന്നതിന് പിന്നിലെ ചേതോവികാരം മനസ്സിലാക്കാന്‍ മാത്രം സാധിക്കുന്നില്ല. എവിടെയോ ബീഫ് നിരോധിച്ചപ്പോള്‍ കേരളത്തില്‍ 'ബീഫ് ഫെസ്റ്റ്' നടത്തുമ്പോള്‍ DYFI പറഞ്ഞ ഒരു ന്യായമുണ്ടായിരുന്നു, തങ്ങളുടെ വിശ്വാസങ്ങള്‍ മറ്റുള്ളവരിലും അടിച്ചേല്‍പ്പിക്കുന്ന ഫാസിസത്തിനു എതിരെയുള്ള പോരാട്ടമാണ് ബീഫ് ഫെസ്റ്റ് എന്നായിരുന്നു പറഞ്ഞത് എങ്കില്‍, അഗ്നിയാരാധനയുടെ ചിഹ്നമായ നിലവിളക്ക് കൊളുത്താന്‍ ഏകദൈവ ആരാധകനായ ഒരു മനുഷ്യനെ നിര്‍ബന്ധിക്കലും വിശ്വാസം അടിച്ചേല്‍പ്പിക്കലല്ലേ? അതും ഫാസിസ്റ്റ് സിദ്ധാന്തമല്ലേ? സ്വന്തം പ്രവാചകന്മാരായ മുഹമ്മദ് നബിയെയോ യേശുവിനെയോ പോലും ആരാധിക്കില്ലെന്നും അവരെയും സകല ചരാചരങ്ങളെയും സൃഷ്ടിച്ച ഏക രക്ഷിതാവിനെ മാത്രമേ ആരാധിക്കു എന്ന് നിര്‍ബന്ധമുള്ള ഒരു ഏകദൈവ വിശ്വാസിയെ അഗ്നിയാരാധനയുടെ ഭാഗമായ നിലവിളക്ക് കൊളുത്താന്‍ നിര്‍ബന്ധിക്കല്‍ ഫാസിസത്തെ വളര്‍ത്തല്‍ അല്ലെങ്കില്‍ പിന്നെന്താണ്? ഇവിടെ തങ്ങളുടെ രാഷ്ട്രീയ ശത്രുവിനെ നേരിടാന്‍ ഏതു വര്‍ഗ്ഗീയ വാദിയെയും കൂട്ടുപിടിക്കാം എന്ന നിലപാടാണ് DYFI സ്വീകരിച്ചത്. മതനിരപേക്ഷതക്ക് വേണ്ടി വാദിക്കുകയും വര്‍ഗീയതയെ സഹായിക്കുന്ന നിലപാടെടുക്കുകയും ചെയ്യുന്ന ഇത്തരം നിലപാടുകള്‍ തങ്ങളുടെ തന്നെ നാശത്തിലേക്കല്ലേ നയിക്കുകയെന്ന് DYFIയെ പോലുള്ള ഒരു സജീവ യുവജനപ്രസ്ഥാനം ആലോചിക്കേണ്ടതുണ്ട്. വര്‍ഗ്ഗീയതക്കെതിരെ കേരള ജനതയുടെ ഒരുമിച്ച് കൈകൊര്‍ത്തുള്ള പോരാട്ടത്തില്‍ DYFI പ്രവര്‍ത്തകരെയും ഞങ്ങള്‍ ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു.. അത്തരം പ്രതീക്ഷകളുടെ മേല്‍ വീഴുന്ന കരിനിഴലാണ് ഇന്നലെ കോഴിക്കോടുയര്‍ന്ന കരിങ്കൊടി..! വാസ്തവത്തില്‍ അത് ഫാസിസത്തിനുള്ള പച്ചക്കൊടിയുമാണ്..!
അമ്പത്തൊന്ന് വെട്ട് വെട്ടാന്‍ പോകുമ്പോള്‍ വാഹനത്തിനു പിറകില്‍ 'മാശാ അല്ലാഹ്' ഒട്ടിച്ചുവെച്ച ദുര്‍ബുദ്ധികളും ആ പാര്‍ട്ടിയുടെ ഭാഗമാണ്. തങ്ങളുടെ കുത്സിത വൃത്തി പിടിക്കപ്പെടാത്ത വിധം നടപ്പാകണമെന്നല്ലാതെ മറ്റൊന്നും അവര്‍ക്ക് പ്രശ്നമായിരുന്നില്ല.
ReplyDelete'മാശാ അള്ള' സ്റ്റിക്കറില്‍ നിന്ന് കത്തിപ്പടടരാനിടയാകുമായിരുന്ന സാമുദായിക കലാപമോ അത് സൃഷ്ടിക്കുമായിരുന്ന രക്തപ്രളയമോ അവര്‍ക്ക് അന്നും വിഷയമായിരുന്നില്ല.
മതേതരത്വത്തിന്റെ കാര്യം നെഞ്ചത്ത് കൈവെച്ച് ആതമാര്‍ത്ഥതയോടെ പറയുന്നവരും കാപട്യത്തോടെ അതിനെ പ്രഹസനമാക്കുന്നവരും ആ പാളയത്തിലുണ്ട് എന്നതിന് തൂണേരികളും തെളിവ് തരുന്നുണ്ടല്ലോ.
ഈ കള്ളനാണയങ്ങളെ തിരുത്തുന്നതിലൂടെ മാത്രമേ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ബഹുജനവിശ്വാസം വീണ്ടെടുക്കാനാകുകയുള്ളു. തീര്‍ച്ച.
അവനവന്‍ പ്രവൃത്തിയെ എല്ലാവരും ന്യായീകരിക്കുന്നു.അത് നേരത്തെ പറഞ്ഞതിന് വിരുദ്ധമാണെങ്കില്‍ പോലും.
ReplyDelete