Wednesday, August 15, 2012

ബൂലോകത്ത് വാൾ പയറ്റുമായി ഒരാണ്ട്...


പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകൾ ഭേദിച്ച് സ്വാതന്ത്ര്യത്തിന്റെ സ്വച്ഛന്ദ വായു ശ്വസിക്കാൻ പോസ്റ്റും കമന്റും ഫോളോവേഴ്സും ത്യജിച്ച മഹാന്മാരായ പുലിബ്ലോഗർമാരുടെ പാതപിൻപറ്റിക്കൊണ്ട് ബ്ലോഗുലകത്തിന്റെ ഉമ്മറപ്പടിയിലേക്ക് വലതുകാൽ വെച്ച് കടന്നു വന്നിട്ട് ഒരാണ്ടു കഴിഞ്ഞിരിക്കുകയാണ്.. ശുഷ്കിച്ച സാഹിത്യഭംഗിയുടെ പര്യായമായ ഈ ബ്ലോഗ് നടത്തിയ സന്ദർഭോചിതമായ പോസ്റ്റുകളും കമന്റുകളും ബൂലോകത്തിന്റെ ശിലാഫലകങ്ങളിൽ ഇന്നും മങ്ങാതെ മായാതെ കോറിയിടപ്പെട്ടിരിക്കുന്നു..

നിരക്ഷര കുക്ഷിയായ എന്റെ ബ്ലോഗിൽ ഇങ്ങനെയുള്ള കടിച്ചാൽ പൊട്ടാത്ത വാക്കുകൾ കണ്ട് ആരും ബ്ലോഗ് മാറിപ്പോയോ എന്നൊന്നും നോക്കണ്ട, ഇത് ഞാൻ തന്നെയാണ്.. ഞമ്മടെ പയറ്റുകാരൻ…!!! ഒന്നുമില്ല, എന്റെ ബ്ലോഗ് തുടങ്ങിയിട്ട് ഒരു കൊല്ലം കഴിഞ്ഞിട്ടുണ്ട്.. അതാണ് മുകളിൽ പറഞ്ഞത്.. തിരിഞ്ഞാ??? ഈയൊരു മഹത്തായ അവസരത്തിൽ പിന്നിട്ട കല്ലും മുള്ളും മുരടും മൂർക്കൻ പാമ്പും നിറഞ്ഞ കരിങ്കൽ പാതകളെ കുറിച്ച് അല്പം ഒന്നോർമ്മിക്കാം.. (ദേ വീണ്ടും സാഹിത്യം..!)



എവിടന്നാണെന്ന് ശരിക്കോർമ്മയില്ല.. www.cheeramulak.blogspot.com എന്ന ലിങ്ക് എനിക്ക് കിട്ടി.. പോയി നോക്കുമ്പോയല്ലേ കാണുന്നത്, “ബ്ലോഗില്ലാത്തവർക്ക് പ്രവേശനമില്ലഎന്ന ഒരു ബോർഡോടുകൂടി ഒരു ഗമണ്ടൻ പോസ്റ്റ്.. എന്റെ ഹൃദയത്തിന്റെ അസ്ഥിവാരത്തിനുള്ളിൽ ഒരു ലഡ്ഡുപൊട്ടിയ ഒരു പോസ്റ്റായിരുന്നു അത്..  പിന്നെ നോക്കുമ്പോഴല്ലേ കാണുന്നത്, “എന്നെക്കുറിച്ച്എന്ന കോളത്തിൽ കാണുന്നു പുള്ളി പൂനൂർക്കാരനാണെന്ന്..!! ആഹാ, ഞാനറിയാതെ ഒരു പൂനൂർക്കാരൻ ബ്ലോഗ് തുടങ്ങാനോ?? ആരവിടെ?? ഞാൻ പെട്ടെന്ന് തന്നെ എന്റെ ഗൂഗിൾ ടോക് ദർബാറിലേക്ക് പോയി, നോക്കുമ്പോ പൂനൂർക്കാരൻ ഷഹീർ സി.പി സന്നിഹിതനാണ് (ഓൺലൈൻ ആണെന്ന്..) ആരെടേയ് ഈ ചീരാമുളക്, എന്റെ ചോദ്യം കേൾക്കേണ്ട താമസം വന്നു മറുപടി, അത് നമ്മുടെ ഷഫീഖ് യു.കെ ആണെന്ന്..!! പടച്ചോനേ, യൂ.കെ, യൂ.കെ എന്നും പറഞ്ഞ് ഞാൻ വാലും പിടിച്ച് നടന്നിരുന്ന ഷഫീഖ്ക ആണത്രേ.. തേരാ പാര നടന്നിരുന്ന ഷഫീഖ്കാക്ക് ബ്ലോഗ് തുടങ്ങാമെങ്കിൽ എനിക്കൊക്കെ പിന്നെ തുടങ്ങ്യാൽ എന്താ?? ചോദ്യങ്ങളുടെ ഒരായിരം ഓലപ്പടക്കങ്ങൾ എന്റെ മനസ്സിൽ ഒരുമിച്ച് ഠോ,ഠോ എന്ന് പൊട്ടി..

നേരെ ഒരു കേസാർട്ടീസി പിടിച്ച് ബ്ലോഗർ.കോമിലെത്തി.. അത്യാവശ്യം വെബ്സൈറ്റുകളൊക്കെ കുളമാക്കി പരിചയമുള്ളത് കൊണ്ട് ടെക്നികൽ പ്രശ്നങ്ങളൊന്നും വല്ലാതെ ഉണ്ടായില്ല.. പേരിടലാണ് പ്രശ്നമായത്.. ബാസിലിന്റെ സ്ലേറ്റ്, .ബി.സി.പി , ബിസിപി ഇങ്ങനെ പല പേരുകളും മനസ്സിൽ ക്യൂവായി വന്നു നിന്നു.. എബിസിപി എന്നത് എന്റെ പേരിന്റെ ആദ്യാക്ഷരങ്ങൾ കൂട്ടിയിട്ടതാണെങ്കിലും വല്ല എ.ബി.വി.പിക്കാരന്റെ ബ്ലോഗുമാണെന്ന് ധരിച്ച് ലീഗ്, കത്തിപ്പാർട്ടി മെമ്പർമാർ ബ്ലോഗിലേക്ക് വന്നില്ലെങ്കിലോ എന്ന് കരുതി അത് ഒഴിവാക്കി.. ബിസിപി ഇട്ടാലുമുണ്ട് പ്രശ്നം, ബിജെപിക്കാരനാണെന്ന് വിചാരിക്കും, അല്ലേലും ഈ രാഷ്ട്രീയക്കാർ ഒരു പ്രശ്നം തന്നെയാ.. അവസാനം പെട്ടെന്ന് മനസ്സിൽ വന്ന ഒരു പേര് തന്നെ ഇട്ടു, വാൾ പയറ്റ്എന്തിനാണത് ഇട്ടത്, എന്താണുദ്ദേശിക്കുന്നത് എന്നൊന്നും ചോദിക്കരുത്.. എനിക്ക് തോന്നി, ഞാനിട്ടു.. ഹല്ല പിന്നെ..

അങ്ങനെ പേരൊക്കെയിട്ട് മൊഞ്ചാക്കി പോസ്റ്റിടുന്നതിനു മുൻപ് തന്നെ ലിങ്ക് കൊടുക്കൽ തുടങ്ങി.. പക്ഷെ അവിടേയും പ്രശ്നം തന്നെ.. പോസ്റ്റിടണം പോലും..!! അതിനിപ്പോ എന്ത് ചെയ്യും? മറ്റ് വല്ലവന്റെ പോസ്റ്റും കട്ടാൽ പിന്നെ ബൂലോകത്ത് നിന്നും പടിയടച്ച് പിണ്ഡം വെച്ച് ബ്ലഡി ബ്ലോഗേഴ്സ് നാറ്റിക്കും, അതേതായാലും തറവാട്ടിൽ പിറന്ന എന്നെ പോലുള്ളവർക്ക് ചേർന്നതല്ല.. അപ്പോ സ്വന്തമായി എഴുതണം.. അങ്ങനെയാണ് ബൂലോകത്തെ ഇപ്പോഴത്തെ സ്ഥിതിഗതികൾ ഒന്നറിയാൻ വേണ്ടി ബ്ലോഗുലകത്തിലേക്കുള്ള പ്രവേശന ജാലകമായ ജാലകം അഗ്രിഗേറ്ററിൽ ഒരു സവാരി നടത്തിയത്.. അപ്പൊഴാണ് പലയിടത്തും ഒരു ജബ്ബാർ മയം കണ്ടത്.. മറ്റാരുമല്ല, നമ്മുടെ യുക്തിവാദി ഇ.. ജബ്ബാർ.. ജബ്ബാറിനു മറുപടി, ജബ്ബാറിന്റെ കമന്റുകൾ, ജബ്ബാറിന്റെ പോസ്റ്റുകൾഎല്ലാം ജബ്ബാർ,ജബ്ബാർഅന്ധൻ ആനയെ കണ്ടതു പോലെ ഞാൻ കരുതി ഈ ബൂലോകം എന്നു വെച്ചാൽ ജബ്ബാറിനെ ചുറ്റിപ്പറ്റി നിൽക്കുന്ന എന്തോ ഒന്നാണെന്ന്.. ഞാനും മോശമാക്കരുതല്ലോ.. ഞാനും പോസ്റ്റി, ജബ്ബാറിനൊരു കൊട്ട്.. കണ്ണടച്ച് ഇരുട്ടാക്കുന്നവരോട്..

അങ്ങനെ ഒന്നാമത്തെ പോസ്റ്റിട്ട് ബ്ലോഗേർസ്&ബ്ലോഗ് റീഡേർസ് ഗ്രൂപ്പിലൊക്കെ പോസ്റ്റി, മെയിലൊക്കെ ചെയ്ത് ആരംഭശൂരത്വം കാണിച്ച് വീണ്ടും വീണ്ടും പോസ്റ്റുകളിട്ട് തുടങ്ങിറമദാൻ കഴിഞ്ഞാൽ മതം മറക്കുന്ന ആർ.എസ്.പി കാർക്കും, ജനങ്ങളെ പറ്റിക്കുന്ന മൊല്ലമാർക്കും എല്ലാത്തിനുമെതിരെ വാൾ വീശിക്കൊണ്ട് കൊടുത്ത് വാൾ പയറ്റ് പുരോഗമിക്കാൻ തുടങ്ങി.. വായനക്കാർ പലപ്പോഴും 1500 ലും രണ്ടായിരത്തിലുമൊക്കെ എത്തിയെങ്കിലും കമന്റുകൾ 20 നും 50 നുമിടയിൽ പരുങ്ങി നിന്നു.. പക്ഷെ എനിക്കതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു.. അങ്ങനെ വാളും വീശി നടക്കുന്നതിനിടയിലാണ് ഒരു ദിവസം എന്റെ മേൽ ഇടിത്തീ വീണത്.. (ശെടാ, മറ്റേ ഇടിത്തീ അല്ല, ഇത് വേറെയാ) .. ഒരു ദിവസം ബ്ലോഗ് ലിങ്ക് കൊടുത്ത് എന്റെ മഹിതമനോഹര ബ്ലോഗിനേയും പ്രതീക്ഷിച്ചിരുന്ന ഞാൻ കാണുന്നത് ഈ ബ്ലോഗ് നീക്കം ചെയ്തിരിക്കുന്നു എന്ന മെസേജ്..!! ഇനി ഞാനെന്തിനു ജീവിക്കണം..?? നേരെ വിട്ടു ബ്ലോഗേർസ്&ബ്ലോഗ് റീഡേർസ് ഗ്രൂപ്പിലേക്ക്.. അവിടെ വെച്ച് എന്റെ വചനങ്ങൾക്കായി കാത്തിരിക്കുന്ന ആബാലവൃദ്ധം ജനങ്ങളോടായി ഞാൻ ആ ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തി.. എന്റെ ബ്ലോഗ് ഗൂഗിളമ്മച്ചി കൊണ്ടു പോയിരിക്കുന്നു..



ആകാശം കറുത്തു, പക്ഷികൾ കൂടണയാനായി പാറിയകന്നു, സൂര്യൻ പടിഞ്ഞാറ് അസ്തമിച്ചു..!! ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങൾ എന്റെ ചരമമടഞ്ഞ ബ്ലോഗിന് ആദരാഞ്ജലികൾ അർപ്പിച്ച് കമന്റുകൾ വാരി വിതറി.. പക്ഷെ എന്റെ ബ്ലോഗിന്റെ വളർച്ചയിലും തളർച്ചയിലും അസൂയ പൂണ്ട് എന്റെ ബ്ലോഗ് ബ്ലോക്കിയ ഗൂഗിളിനെ ഞാൻ വെറുതെ വിടുമോ?? ഗൂഗിൾ ഫോറത്തിൽ പോയി ഞാൻ താണുകേണപേക്ഷിച്ചു.. അങ്ങനെ അവസാനം ഗൂഗിൾ എന്നെ പേടിച്ച് എന്റെ ബ്ലോഗ് തിരിച്ച് തന്നു.. ഒരു ബുദ്ധിമാനെ ഒരേ മാളത്തിൽ നിന്ന് രണ്ടു തവണ പാമ്പു കടിക്കില്ലല്ലോ.. ഇനി ഒരിക്കലും എന്റെ ബ്ലോഗ് മരിക്കരുത് എന്ന് വിചാരിച്ച് കൊണ്ട് valpayat.blogspot.com എന്ന എന്റെ ബ്ലോഗ് ലിങ്ക് ഞാൻ bcpkannur.blogspot.com എന്ന് റീനെയിം ചെയ്തു.. ഇനി ബ്ലോക്കാൻ വരുമ്പോൾ ഗൂഗിളിനു വഴി തെറ്റട്ടെഹഹ മോനാരാ ഞാന്..??

അങ്ങനെ എന്റെ ബ്ലോഗ് ജീവിതം ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു.. ഇതിനിടയിൽ പല കയ്പ്പും മധുരവും ഉപ്പും ഒക്കെ ചേർന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. എനിക്ക് എഴുതിക്കഴിഞ്ഞ് പോസ്റ്റ് ചെയ്യണോ എന്ന് സംശയം തോന്നിയ ഒരു പോസ്റ്റ് ആയിരുന്നു ഒരു മൈസൂർ യാത്രയും കുറേ ബസ്സുകളും എന്ന പോസ്റ്റ്.. എന്റെ വൃത്തിയില്ലാത്ത എഴുത്ത് കണ്ട് ആരെങ്കിലും തെറി വിളിക്കുമോ എന്നായിരുന്നു പേടി.. ഏതായാലും പയറ്റുകാർ ഒരിക്കലും പേടിക്കാൻ പാടില്ലല്ലോ, രണ്ടും കല്പിച്ച് ഞാൻ പബ്ലിഷ് ബട്ടൻ അമർത്തി ഞെക്കി.. ലിങ്ക് വിതരണം ആരംഭിച്ചു.. പിന്നെ വന്ന കമന്റുകൾ വായിച്ചപ്പോ വല്ല്യ പ്രശ്നമൊന്നുമില്ല എന്ന് തോന്നി.. യാത്രാനുഭവം എഴുതേണ്ടതിനു പകരം ബസ്സനുഭവം എഴുതിയതിനെ രണ്ടു പേർ വിമർശിച്ചെങ്കിലും ബാക്കിയെല്ലാരും കലക്കൻസോപ്പിടൽ കമന്റുകൾ കനിഞ്ഞു തന്നു.. സൂപ്പറായിക്ക്ണ്.. ഈ മേഖലയിലും കഴിവുണ്ടല്ലേ.. ചിരിച്ച് ചിരിച്ച് മരിച്ചു.. എന്നിങ്ങനെ കമന്റ് ബോക്സ് മുപ്പത് കവിഞ്ഞു.. ഏതായാലും തൃപ്പതിയായി മക്കളേ തൃപ്പതിയായി..

പിന്നെയും കുറേ പോയപ്പോഴായിരുന്നു ഒന്ന് വനവാസത്തിനു പോകണം എന്ന് തോന്നിയത്.. അങ്ങനെ ബ്ലോഗിലൂടെ പ്രഖ്യാപിച്ചു, ഞാനിതാ വനവാസത്തിനു പോണേയ്ഏതായാലും വനവാസമൊക്കെ കഴിഞ്ഞ് വാളും പരിചയും തുരുമ്പിക്കുന്നതിനു മുൻപ് തിരിച്ചെത്തി പോസ്റ്റിടൽ കർമ്മത്തിലേർപ്പെട്ട ഞാൻ ആ യാഥാർത്ഥ്യം തിരിച്ചറിഞ്ഞു.. പണ്ടത്തെ വായനക്കാർ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു..!! എന്റെ ബ്ലോഗിൽ സ്ഥിരമായി വന്ന പലരും വനവാസത്തിനു ശേഷം വരുന്നില്ല.. സ്റ്റാറ്റ്സ് കൌണ്ടർ ആയിരത്തിൽ നിന്ന് തൊള്ളായിരത്തിലേക്കും എണ്ണൂറിലേക്കുമൊക്കെ കൂപ്പ് കുത്തുന്നത് നിറയാത്ത കണ്ണുകളോടെ ഞാൻ കണ്ടു.. ചില പോസ്റ്റുകൾക്ക് കമന്റും കുറഞ്ഞിരിക്കുന്നു.. എഴുതാനുള്ള മടിയും വനവാസത്തിനു ശേഷമുള്ള ഈ അവസ്ഥയും എന്നിൽ ബ്ലോഗ് ജീവിതം അവസാനിപ്പിച്ചാലോ എന്ന തോന്നൽ വരെ ഉളവാക്കി.. പക്ഷെ മക്കളേ, ആരും വായിച്ചില്ലെങ്കിലും ഈ പയറ്റ് തുടർന്നുകൊണ്ടിരിക്കും എന്ന തീരുമാനത്തിൽ ഞാൻ വീണ്ടുമെഴുതി.. എഴുതി എന്ന് പറയുന്നത് എന്റെ ബ്ലോഗിനെ പറ്റി പറയുകയാണെങ്കിൽ ശരിയല്ല, കാരണം എന്റേത് ഒരു എഴുത്തല്ല, സാഹിത്യത്തിന്റെ അംശം പോലുമില്ലാതെ പറയാനുള്ളത് തുറന്നു പറയുന്നു.. അത്ര മാത്രം.. എഴുത്തിന്റെ ഭംഗിയില്ല, സാഹിത്യത്തിന്റെ മേമ്പൊടികളില്ല.. കമന്റിന്റെ ആറാട്ടുകളില്ല..

ബ്ലോഗ് ജീവിതത്തെ പറ്റി പറഞ്ഞു നിർത്തുമ്പോൾ അവസാനമായി പറയാനുള്ളത് എന്റെ പോസ്റ്റുകളെ കുറിച്ചാണ്.. ഞാൻ ഈ ബ്ലോഗിൽ പോസ്റ്റ് ചെയ്തതിൽ 80% പോസ്റ്റുകളും ഒരാവർത്തി പോലും വായിക്കാതെ പോസ്റ്റ് ചെയ്തതാണ്.. ഒരു പോസ്റ്റ് ടൈപ്പ് ചെയ്ത് വീണ്ടും അത് വായിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അസാദ്ധ്യമായ ഒരു കാര്യം പോലെയാണ്.. അതിന്റെ കുറവുകൾ എന്റെ പോസ്റ്റുകളിൽ ഉണ്ട് എന്നത് മറ്റൊരു കാര്യം.. ഗൌരവത്തിൽ എഴുതിയ പോസ്റ്റ് വളരെ കുറവാണ്, മൈസൂർ യാത്ര, ഫാദർ സുലൈമാനും കത്രികകളും, തുടങ്ങിയ ഒന്ന് രണ്ട് പോസ്റ്റുകൾ മാത്രമേ കുറച്ചെങ്കിലും സമയം ചെലവാക്കി എഴുതിയിട്ടുള്ളൂ എന്നതാണ് സത്യം.. ഇനിയെങ്കിലും കാര്യങ്ങളെ അതിന്റെ ഗൌരവം കൊടുത്ത് കാണാനാണ് ആഗ്രഹം..

ബ്ലോഗ് വായന ധാരാളമായില്ലെങ്കിലും, അത്യാവശ്യം വായിക്കാറുണ്ട്.. കവിത എഴുതാൻ പോയിട്ട് വായിച്ച് മനസ്സിലാക്കാനുള്ള കഴിവ് പോലുമില്ലാത്തതിനാൽ കവിതകൾ സാധാരണ വായിക്കാറില്ല. എന്നാലും ചിലതൊക്കെ വായിക്കാറുണ്ട്. ബ്ലോഗ് വായിച്ച് പോരുക എന്നല്ലാതെ കമന്റിടുക എന്ന സ്വഭാവം എന്നിൽ അധികമായി ഇനിയും കാണുന്നില്ല.. പല ബ്ലോഗ് പോസ്റ്റുകളും വളരെ ഇഷ്ടപ്പെട്ടാലും കമന്റിടണം എന്ന ബോധം വരുന്നില്ല.. കൊടുത്തതല്ലേ കിട്ടൂ, അത് കൊണ്ടാവാം എനിക്കും കമന്റുകൾ കിട്ടുന്നത് കുറവായത്.. ഏതായാലും ആ ശീലം മാറ്റാൻ ശ്രമിക്കുന്നുണ്ട്.. സാഹിത്യത്തിന്റെ അതിപ്രസരമുള്ള പോസ്റ്റുകൾ പലപ്പോഴും പകുതിവായിച്ച് നിർത്താറാണ് പതിവ്.. ലളിതമായ ശൈലിയിൽ പറയുന്ന കഥകളും പോസ്റ്റുകളും പരമാവധി വായിക്കാറുമുണ്ട്..

അങ്ങനെ തടസ്സങ്ങളും പ്രതിസന്ധികളും പ്രതിബദ്ധങ്ങളും (എല്ലാം ഒന്ന് തന്നെ) തട്ടി മാറ്റി കൊണ്ട്, ഒരു വയസായ വാൾ പയറ്റ് അതിന്റെ പ്രയാണം തുടരുകയാണ്.. അനുഗ്രഹിച്ചാലും, ആശീർവദിച്ചാലും….

28 comments:

  1. വിഷയം മുമ്പേ മനസിൽ കാണുമെങ്കിലും കീബോർഡിൽ കൈവയ്ക്കുമ്പൊൾ തോന്നുന്നതാണ് ഞാനും പലപ്പോഴും എഴുതാറ്‌. രണ്ടാമത് വായിക്കുക എന്നത് അപൂർവ്വമായേ ഉള്ളൂ.വായിലു വന്നത് കോതയ്ക്ക് പാട്ട് എന്ന മാതിരി. സാഹിത്യ ഭംഗി നോക്കി എഴുതാമെന്നു വച്ചാൽ നമ്മൾ വിചാരിക്കുമ്പോൾ അത് വരണ്ടേ? അതിനു സാഹിത്യത്തെ നമ്മൾ ചെല്ലും ചെലവും കൊടുത്ത് നിർത്തിയിരികുകയല്ലല്ലോ! നമ്മൾ വിളീക്കുമ്പോൾ വന്ന് വിരൽതുമ്പിലൂടെ നൃത്തം ചവിട്ടാൻ! വാൾപയറ്റ് തുടരൂ. ഒരുതരത്തിൽ എല്ലാ വാക്ക്പയറ്റുകളും ഒരോരോ വാൾപയറ്റുകൾ തന്നെ! ആശംസകൾ!

    ReplyDelete
    Replies
    1. ഇത്ര പെട്ടെന്ന്‍ വന്നു അഭിപ്രായം പറഞ്ഞതിന് നന്ദി സജിം സാര്‍...

      എന്നെ പോലെ താങ്കളും രണ്ടാമത്‌ വായിക്കുകയൊന്നും ചെയ്യാതെയാണ് പോസ്റ്റ്‌ ചെയ്യാര്‍ എന്നറിഞ്ഞതില്‍ അല്ഭുതമുണ്ട്.. താങ്കളുടെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ അതൊരിക്കലും തോന്നാറില്ല.. നന്ദി..

      Delete
  2. sthiramayi vayikkarund.. ashamsakal... oru varsham kazhinju alle...

    ReplyDelete
  3. വാൾ പയറ്റ് അതിന്റെ പ്രയാണം തുടര്‍ന്നുകൊണ്ടിരിക്കട്ടെ ...!
    ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ വാൾ പയറ്റ് ഇന്നാണ് ഞാന്‍ കാണുന്നത് ...:)

    ReplyDelete
    Replies
    1. ഒഹ്.. താന്കള്‍ ഒരു നിര്‍ഭാഗ്യവാന്‍ തന്നെ...

      Delete
  4. പയറ്റ് പൂര്‍വാധികം ശക്തിയായി തുടരട്ടെ
    ആശംസകള്‍

    ReplyDelete
  5. ബൂലോകം കീഴടക്കാന്‍ ഈ പയറ്റു കാരന് കഴിയട്ടെ എന്ന് ആത്മാര്‍ഥതയോടെ പ്രാര്‍ഥിക്കുന്നു
    ഭാവുകങ്ങള്‍

    ReplyDelete
  6. ആനിവേര്സരി ആശംസകള്‍

    ReplyDelete
  7. വാൾപയറ്റിന് എല്ലാ വിധ ആശംസകളും.. happy anniversary ...

    ReplyDelete
  8. വരട്ടെ ഇനി തകർപ്പൻ പോസ്റ്റുകൾ

    ReplyDelete
  9. വാള്‍പയറ്റ് എന്നതിന് പകരം പണപ്പയറ്റ് എന്ന് പേരിട്ടിരുന്നേല്‍ കയ്യില്‍ വല്ലതും തടയില്ലായിരുന്നോ കോയാ?
    ഏതായാലും പയറ്റ് ഉസ്സാര്‍ ആകുന്നുണ്ട്
    ആശംസകള്‍

    ReplyDelete
  10. കൊടുത്താലല്ലേ കിട്ടൂ .. ശരിയാണ്.. എനിക്കും ഉണ്ടാകാറുണ്ട് ഈ അനുഭവം... പിന്നെ "ഞാന്‍ ഒന്ന് തരുന്നു എനിക്കും ഒന്ന് തിരിച്ചു തരിക" ... കാത്തിരിക്കാം എന്‍റെ ബ്ലോഗില്‍ ....

    ReplyDelete
  11. കമന്റിയ എല്ലാര്‍ക്കും ഒറ്റ വാക്കില്‍ നന്ദി പറയുന്നു.... താങ്ക്സ്........ ശുക്കൂര്‍ അഹമ്മദ്‌ കാത്തു നില്‍ക്കുക, ഞാന്‍ വണ്ടീം പിടിച്ചു അങ്ങോട്ട് വരുന്നുണ്ട്....

    ReplyDelete
  12. ഫേസ് ബുകില്‍ വന്നില്ലായിരുന്നെങ്കില്‍ മറ്റു പലയിടത്തും വെച്ച് പുത്തരിയങ്കം കുറിക്കേണ്ടി വരുമായിരുന്നു ബാസിലുമായി ...

    അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ വ്യത്യസ്ത ചേരികളില്‍ ഉറച്ചു നില്‍ക്കുമ്പോഴും പരസ്പര ബഹുമാനം പുലര്‍ത്തി എന്നാണു ഞാന്‍ വിശ്വസിക്കുന്നത് ...

    എഴുത്തുകളിലൂടെ ആശയം പങ്കു വെക്കുന്ന വേദിയായ ബ്ലോഗില്‍ ഒരാണ്ട് തികച്ച ബാസിലിനു ആശംസകള്‍

    ReplyDelete
    Replies
    1. തീര്‍ച്ചയായും... മറു ചേരിയെ വാക്ക്‌ പയറ്റുകള്‍ കൊണ്ടല്ല, ആദര്‍ശമാകുന്ന വാള്‍ കൊണ്ടാണ് പ്രഹരിക്കേണ്ടത്, അതും പ്രതിപക്ഷ ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു... എന്റെ ഭാഗത്ത്‌ നിന്നും പലപ്പോഴും ഈ വിഷയത്തില്‍ വീഴ്ച വന്നോ എന്ന് ഞാന്‍ സംശയിക്കുന്നു... എല്ലാം പൊറുത്തും കണ്ടറിഞ്ഞും നമുക്ക്‌ മുന്നോട്ട് പോകാം... നല്ല സുഹൃത്തുക്കളായി....

      Delete
  13. വായിച്ചു തുടങ്ങിയപ്പോള്‍ കരുതി ഏതാ ഈ കാക്ക മനുഷ്യനെ മെനക്കെടുത്താന്‍" എന്ന്‍..
    വായന പകുതിയായപ്പോള്‍ മനസ്സിലായി "കൊള്ളാല്ലോ ഗഡി" എന്ന്‍..
    വായന കഴിഞ്ഞപ്പോള്‍ തീരുമാനിച്ചു ; "ഗുരോ, ശിഷ്യപ്പെട്ടോട്ടെ?"...

    വാള്‍ പയറ്റിന് ആശംസകള്‍ അര്‍പ്പിക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല, കാരണം എന്റെ ഐറ്റം നാടന്‍ തല്ലാ..
    എന്നാലും ഈ കൊച്ചു വസീമിന്റെ ആശിര്‍വാദങ്ങള്‍ ..

    ReplyDelete
    Replies
    1. ഹഹ നല്ല കമന്റ് വസീം... :)

      നാടന്‍ തല്ലുകാര്‍ക്കും അല്പം തരാം.. (തല്ലല്ല കേട്ടോ, ആശംസകള്‍...)..)

      Delete
  14. എന്‍രെ വക ദേ ഒരു ഓണ്‍ലൈന്‍ ആശംസ..

    ReplyDelete
  15. പയറ്റി തെളിനവന്റെ ഒരു വാള്‍പയറ്റു ആശംസകള്‍ ,,,,,,,,,,,,,

    ReplyDelete
  16. @ നാച്ചി & മഖ്ബു : താങ്ക്സ് കേട്ടോ... താങ്ക്സ്....

    ReplyDelete
  17. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....

    ReplyDelete
  18. അടിപൊളി പോസ്റ്റാണല്ലോ...
    ഞാനും ബ്ലോഗിയാല്ലോന്നു ആലോചികുവാ....
    ആശംസകള്‍...

    ReplyDelete
  19. ഇങ്ങിനൊരു പോസ്റ്റ് കണ്ടില്ലായിരുന്നു. ഞാൻ കാരണം ഒരാൾ കൂടി "വഴിതെറ്റിയതിൽ" സന്തോഷം!

    ബാസിലിന്റെ മിക്ക പോസ്റ്റുകളും വായിച്ചിട്ടുണ്ട്. കമന്റാറുണ്ട്. പോസ്റ്റു പബ്ലിഷ് ചെയ്യുന്നതിന് മുമ്പ് രണ്ടല്ല പല തവണ വായിച്ചു നോക്കണം എന്നാണ് എന്റെ അഭിപ്രായം. എനിക്കും ആദ്യം ഈ രണ്ടാം വായന പ്രശ്നമായിരുന്നു. ഒരിക്കൽ രമേശ് അരൂരിന്റെ ചൂരലിന്റെ ശക്തിയറിഞ്ഞതിൽ പിന്നെ നല്ലോണം വായിച്ച് എടിറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാറുള്ളൂ. എന്നിട്ടും വിടാതെ കിടക്കുന്ന അക്ഷരപ്പിശാചുക്കളെ അങ്ങട് സഹിക്കുക തന്നെ. ഏതായാലും തുടരട്ടെ ഈ പയറ്റ്. ആശംസകൾ.

    ReplyDelete
  20. മുമ്പ് വായിച്ചിരുന്നു ,കമന്റ്‌ ഇടാന്‍ പറ്റിയില്ല , വാള്‍ പയറ്റ് തുടരട്ടെ ,ഞങ്ങള്‍ ഉണ്ട് കൂടെ , എല്ലാ വിധ ആശംസകളും

    ReplyDelete
  21. സോപ്പ് ഇടാന്‍ അല്ല..വളരേ നല്ല ബ്ലോഗ്‌..ഒരു വട്ടം വായിച്ചാല്‍ തന്നെ കാര്യം മനസ്സിലാകും.. അല്ലാഹ് യുബാരിക് ഫീക്..

    ReplyDelete