Friday, March 17, 2017

ഇന്ത്യയുടെ ഡി.എൻ.എ ടെസ്റ്റ്‌ നടത്തുന്നവരോട്‌..വ്യത്യസ്ത വര്‍ണങ്ങളിലും രൂപങ്ങളിലുമുള്ള പൂക്കളെയും ചെടികളെയും കൊണ്ട് നിറഞ്ഞ ഒരു മനോഹരമായ ഉദ്യാനം. ഉദ്യാനത്തിന്റെ ഭംഗി തന്നെ അതിലെ ചെടികളുടെയും പൂക്കളുടെയും നിറങ്ങളിലും രൂപങ്ങളിലുമുള്ള വൈവിധ്യമാണ്. പല സ്ഥലങ്ങളില്‍ നിന്നുമായി പൂന്തോട്ടക്കാരന്‍ കൊണ്ടുവന്ന് ഉദ്യാനത്തില്‍ നട്ടുവളര്‍ത്തിയ ചെടികളാല്‍ പൂന്തോട്ടം നിറഞ്ഞു. കണ്ണിനു കുളിരേകുന്ന തരത്തില്‍ അവ പൂത്തുലഞ്ഞു. അങ്ങനെയിരിക്കെയാണ് ആ മനോഹരമായ ഉദ്യാനത്തിലെ ചെടികള്‍ക്കിടയില്‍ ഒരു പ്രശ്‌നം ഉടലെടുക്കുന്നത്. കൂട്ടത്തിലൊരു ചെടി പൂന്തോട്ടത്തിന്റെ 'അവകാശികള്‍' തങ്ങള്‍ മാത്രമാണെന്ന് അവകാശപ്പെട്ടതായിരുന്നു പ്രശ്‌നത്തിന്റെ തുടക്കം. തങ്ങളാണ് ഈ ഉദ്യാനത്തില്‍ ഭൂരിപക്ഷമെന്നും പൂന്തോട്ടത്തിന്റെ തുടക്കം മുതല്‍ ഇവിടെയുള്ളത് തങ്ങളായിരുന്നു എന്നും ആ ചെടി വാദിച്ചു. മറ്റുള്ള ചെടികളെല്ലാം മറ്റു പല സ്ഥലങ്ങളില്‍ നിന്നായി ഇവിടേക്ക് 'പറിച്ചുനടപ്പെട്ട'താണെന്നും അവര്‍ക്ക് ഈ പൂന്തോട്ടത്തില്‍ സ്ഥാനമില്ലെന്നും അത് വാദിച്ചു. അവരെല്ലാം ഒന്നുകില്‍ പൂന്തോട്ടം വിടുകയോ അല്ലെങ്കില്‍ തങ്ങളുടെ നിറവും രൂപവും പ്രാപിക്കുകയോ വേണമെന്നും അത് ശഠിച്ചു! വൈവിധ്യം സൗന്ദര്യമാക്കിയ ഈ ഉദ്യാനത്തില്‍ നിന്ന് മറ്റെല്ലാത്തിനെയും പുറത്താക്കി ഒന്ന് മാത്രം മതിയെന്ന് ശഠിക്കുന്നത് മണ്ടത്തരമല്ലേ എന്ന ചോദ്യത്തിനൊന്നും അവിടെ പ്രസക്തിയുണ്ടായിരുന്നില്ല. ഉദ്യാനത്തിനുള്ളിലെ ഈ പ്രശ്‌നം കലശലായതോടെ പൂന്തോട്ടക്കാരന്‍ ഇടപെട്ടു. കാര്യങ്ങള്‍ കേട്ട ശേഷം അദ്ദേഹം പുഞ്ചിരിയോടെ ഒരു കഥ പറയാനാരംഭിച്ചു. ഈ പ്രശ്‌നക്കാരനായ ചെടിയെയും മറ്റൊരിടത്ത് നിന്ന് ഇങ്ങോട്ടേക്ക് പറിച്ചു നട്ട കഥ!

'നാനാത്വത്തില്‍ ഏകത്വമാണ്' ഭാരതത്തിന്റെ സൗന്ദര്യമെന്നും വിവിധ മതസ്ഥരും ഭാഷക്കാരും നിറക്കാരുമെല്ലാം ഒരുദ്യാനത്തിലെ വിവിധ നിറങ്ങളിലും രൂപങ്ങളിലുമുള്ള ചെടികളെ പോലെ ഭാരതമെന്ന പൂങ്കാവനത്തിനു സൗന്ദര്യമേകുന്നുവെന്നുമൊക്കെയാണ് നാം ചെറുപ്പം തൊട്ടേ കേട്ടുപഠിച്ചുവളര്‍ന്നത്. എന്നാല്‍ തങ്ങളും തങ്ങളുടെ വിശ്വാസവും മാത്രം മതി ഇവിടെയെന്ന ചിലരുടെ വാദം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

''വൈദേശിക മതങ്ങളും അവയെ താങ്ങി നടക്കുന്ന വൈതാളികന്മാരും മൂടുതാങ്ങികളുമാണ് ഇന്ന് ഭാരതാംബയുടെ കണ്ണിലെ കരടുകളായി തീര്‍ന്നിട്ടുള്ളത്. ആ കരടുകള്‍ നീക്കം ചെയ്യാത്തിടത്തോളം കാലം ഭാരതാംബയുടെ കണ്ണുകള്‍ കലങ്ങിത്തന്നെയിരിക്കും.'' (കേസരി 27.7.1987).

പുറത്തു പോകാന്‍ ഇഷ്ടമില്ലാത്ത 'ചെടികള്‍' എന്ത് ചെയ്യണമെന്ന ചോദ്യത്തിന് കൂടി ഫാസിസ്റ്റ് നേതാക്കള്‍ക്ക് ഉത്തരമുണ്ട്!

''ഹിന്ദുസ്ഥാനിലെ അഹിന്ദുക്കള്‍ ഒന്നുകില്‍ ഹിന്ദു സംസ്‌കാരവും ഭാഷയും സ്വീകരിക്കുകയോ അല്ലെങ്കില്‍ അവകാശങ്ങള്‍ ഒന്നുമില്ലാതെ, പൗരാവകാശങ്ങള്‍ പോലുമില്ലാതെ ഹിന്ദുജനതക്ക് പൂര്‍ണമായി കീഴ്‌പ്പെട്ട് ഇവിടെ കഴിഞ്ഞുകൂടുകയോ ചെയ്യണം'' (എം.എസ്. ഗോള്‍വാള്‍ക്കര്‍, ണല ീൃ ീൗൃ ചമശേീിവീീറ ഉലളശിലറ, ജമഴല 56).

ചുരുക്കിപ്പറഞ്ഞാല്‍ ഈ 'ഗെറ്റ് ഔട്ട്' ആക്രോശങ്ങളും പാക്കിസ്ഥാനിലേക്ക് പറഞ്ഞയക്കലുമെല്ലാം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കേന്ദ്രത്തില്‍ അധികാരം കിട്ടിയ ഹുങ്കിലോ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലോ വന്നുപോകുന്ന 'അബദ്ധപ്രസ്താവന'കളുമല്ല അവ. മറിച്ച് സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ഡി.എന്‍.എയില്‍ തന്നെ ഈയൊരു സങ്കുചിതത്വം വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. എം.ടിയും കമലുമെല്ലാം ഇതിന്റെ ഏറ്റവും പുതിയ ഇരകള്‍ മാത്രം.

പറിച്ചുനട്ട കഥ

ഇത്തരമൊരു സാഹചര്യത്തില്‍ മറ്റുള്ള ചെടികളെയെല്ലാം പുറത്തുനിന്ന് വന്നവയാണെന്ന കാരണം പറഞ്ഞ് പറിച്ചുകളയാന്‍ ശ്രമിക്കുന്ന 'ഫാസിസ്റ്റ് ചെടി'യുടെ ചരിത്രവും കൂടി നാം കേള്‍ക്കെണ്ടതുണ്ട്. മറ്റു മതങ്ങളെല്ലാം വിദേശത്തു നിന്ന് വന്നവയാണെന്ന കാരണം പറഞ്ഞ് 'ഭാരതാംബയുടെ കണ്ണിലെ കരടാ'ക്കുന്നവര്‍ സ്വന്തം ചരിത്രം മറക്കുകയോ മറക്കാന്‍ ശ്രമിക്കുകയോ ആണ്! ഭാരതമണ്ണില്‍ പിറവി കൊണ്ട ആദര്‍ശങ്ങള്‍ മാത്രമെ ഇവിടെ നിലനില്‍ക്കാന്‍ പാടുള്ളൂ എന്നാണെങ്കില്‍ ഈ പറയുന്നവരും കുറ്റിയും പറിച്ച് നാടുവിടേണ്ടി വരും എന്നതാണ് സത്യം!

ഭാരതീയ സംസ്‌കാരമെന്ന് ഇക്കൂട്ടര്‍ ഉദ്‌ഘോഷിക്കുന്ന വൈദിക സംസ്‌കാരവും വൈദേശികമാണെന്ന സത്യം സംഘപരിവാറിനു വേണ്ടി ചരിത്രത്തെ തിരുത്തിയെഴുതിക്കൊണ്ടിരിക്കുന്നവരൊഴികെ ബാക്കിയെല്ലാവരും അംഗീകരിക്കുന്ന ഒരു സത്യമാണ്. വൈദിക സംസ്‌കാരമാണ് ഭാരതീയ സംസ്‌കാരമെന്ന് കരുതിപ്പോന്നിരുന്ന കാലത്ത് വിളിച്ചു കൂവിയ വാദങ്ങളെ കടപുഴക്കി എറിയുന്നതായിരുന്നു സിന്ധുനദീതട സംസ്‌കാരത്തെ കുറിച്ച് ലഭിച്ച വിവരങ്ങള്‍. ബി.സി 2500കളിലാണ് സൈന്ധവസംസ്‌കാരം നിലനിന്നിരുന്നത്. ഇതിനു വൈദിക സംസ്‌കാരവുമായി യാതൊരു ബന്ധവുമില്ല. ബി.സി 1200ല്‍ ഇന്ത്യയിലേക്ക് കടന്നുവന്ന ആര്യന്മാരുടെ സംസ്‌കാരമാണ് വൈദിക സംസ്‌കാരം എന്നറിയപ്പെടുന്നത്.

സിന്ധുനദീതട സംസ്‌കാരത്തെ നശിപ്പിച്ചുകൊണ്ട് പുറത്തുനിന്നും അപരിഷ്‌കൃതരായ ആര്യന്മാര്‍ ഹിന്ദുകുഷ് പഞ്ചാബ് വഴി ഭാരതത്തിലേക്ക് കുടിയേറി പാര്‍ക്കുന്നത് മുതലാണ് വൈദിക മതത്തിന്റെ ഭാരതീയ ചരിത്രം ആരംഭിക്കുന്നത്. ആര്യന്മാരുടെ ആദിമവാസസ്ഥലം എവിടെയാണെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അവര്‍ ഇന്ത്യക്ക് പുറത്തുനിന്ന് വന്നവരാണെന്ന കാര്യത്തില്‍ എല്ലാവരും യോജിക്കുന്നു. ഇന്നത്തെ ഹങ്കറി, ഓസ്ട്രിയ എന്നിവിടങ്ങളിലാണ് ആര്യന്മാരുടെ തറവാട് എന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ ഉത്തരയൂറോപ്പാണെന്നും ഉത്തരധ്രുവത്തിലാണെന്നും ചിലര്‍ വാദിക്കുന്നു. യൂറോപ്പില്‍ നിന്നും പേര്‍ഷ്യ, അഫ്ഗാനിസ്ഥാന്‍ വഴി ഇവര്‍ ഇന്ത്യയിലേക്ക് കടന്നു എന്നാണ് കരുതപ്പെടുന്നത്. ഇറാനിലെ ആര്യന്മാരുടെ ഭാഷയായ സെങ്ങും പഞ്ചാബിലെ ആര്യന്മാരുടെ ഭാഷയായ സംസ്‌കൃതവും തമ്മില്‍ വളരെയേറെ സാദൃശ്യമുണ്ട്. അതുപോലെത്തന്നെ ഇറാന്‍കാരുടെ പൗരാണിക പുണ്യഗ്രന്ഥമായ 'അവസ്ത'യിലും പഞ്ചാബില്‍ പാര്‍ത്തവരുടെ കീര്‍ത്തനങ്ങളായ വേദങ്ങളിലും ഒരേ ദേവന്മാരെ കുറിച്ച് പ്രസ്താവിക്കുന്നുണ്ട്. ഇന്ദ്രന്‍, വരുണന്‍, ആര്യമാവ്, നാസത്യര്‍ എന്നിവരെപ്പറ്റി മേല്‍പറഞ്ഞ രണ്ടു ഗ്രന്ഥങ്ങളിലും ഏതാണ്ട് ഒരേ അര്‍ഥത്തിലാണ് പ്രതിപാദിച്ചിട്ടുള്ളത്.

ഇന്ദ്രനെയും മിത്രനെയും സൂര്യചന്ദ്രാതി നക്ഷത്രങ്ങളെയും ആരാധിച്ചിരുന്ന ആര്യന്മാര്‍ ഇവിടെ കണ്ടത് രൂപമോ വിഗ്രഹമോ ഇല്ലാതെ ആരാധന നടത്തിയിരുന്ന ദ്രാവിഡന്മാരെയായിരുന്നു. ആദിവാസികളായ ദ്രാവിഡന്മാരോട് ഏറ്റുമുട്ടിക്കൊണ്ടും അവരുടെ സംസ്‌കാരത്തെ നശിപ്പിച്ചുകൊണ്ടുമാണ് ആര്യന്മാര്‍ ഇവിടെ ആധിപത്യം സ്ഥാപിക്കുന്നത്. ഋഗ്വേദത്തിന്റെ ആദിമസൂക്തങ്ങള്‍ പരിശോധിക്കുന്ന ഒരാള്‍ക്ക് ആര്യാധിനിവേശത്തെയും ആര്യദ്രാവിഡ സംഘട്ടനങ്ങളെയും നിഷേധിക്കുക സാധ്യമല്ല. എന്‍.ഇ.ബലറാം തന്റെ 'ഇന്ത്യയുടെ പിറവി' എന്ന പുസ്തകത്തില്‍ ഇക്കാര്യം വിശദീകരിക്കുന്നത് ഇപ്രകാരമാണ്:

''ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഋഗ്വേദത്തില്‍ നിന്നും യജുര്‍വേദത്തില്‍ നിന്നുമാണ് ധാരാളം പഠിക്കാനുള്ളത്. ശ്രദ്ധിച്ചു നോക്കിയാല്‍ ഋഗ്വേദ സൂക്തങ്ങള്‍ 3 പ്രധാന കാലഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാണെന്ന് പറയാം. യജുര്‍വേദമാകട്ടെ മറ്റൊരു കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. ഈ കാലഘട്ട നിര്‍ണയം വളരെ സാമാന്യമായ രീതിയില്‍ തയാറാക്കിയതാണെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഒന്നാമത്തെ ഘട്ടം സഞ്ചാര കാലമാണ്; അതായത് ഇന്ത്യയില്‍ എത്തി പാര്‍പ്പുറപ്പിക്കുന്നതുവരെയുള്ള ഘട്ടം. ഇന്ത്യയില്‍ താമസിച്ചുകൊണ്ട് പുതിയ ഒരു സംസ്‌കാരം കെട്ടിപ്പടുക്കുന്ന ഭാഗമാണ് രണ്ടാം കാലഘട്ടം. ഈ കാലത്തും കന്നുകാലികളെ പോറ്റിക്കൊണ്ടാണവര്‍ കാലക്ഷേപം ചെയ്തിരുന്നത്. അല്‍പാല്‍പം കൃഷിയും ഉണ്ടായിരുന്നു. മൂന്നാമത്തെ ഘട്ടമാകുമ്പോഴേക്കും കൂടുതല്‍ സ്ഥലങ്ങള്‍ വെട്ടിത്തെളിയിച്ചും കാളകളെ പൂട്ടി ഉഴുതും കൃഷി പ്രധാനമായ തൊഴിലായി അംഗീകരിച്ചും കൊണ്ടുള്ള ഒരു ഉയര്‍ന്ന സമുദായമായി അവര്‍ അഭിവൃദ്ധി പ്രാപിച്ചു. യമുനയുടെയും ഗംഗയുടെയും തടങ്ങളിലേക്ക് വ്യാപിച്ചത് ഈ ദശയിലാണ്. ഈ മൂന്ന് ഘട്ടങ്ങളിലുള്ള ചരിത്രം ആര്യന്മാരുടെ ചരിത്രം മാത്രമാണെന്ന് ധരിക്കരുത്. ആര്യന്മാര്‍ ഇവിടെ എത്തുമ്പോഴേക്കും അനാര്യരായ മറ്റൊരു വിഭാഗം ജനങ്ങള്‍ ഇവിടെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞുവല്ലോ. അവരും ആര്യന്മാരും തമ്മില്‍ സംഘട്ടനങ്ങളും സംയോജനങ്ങളും ധാരാളം നടന്നിട്ടുണ്ട്. അങ്ങനെയാണ് ഗംഗാതലത്തില്‍ ഉയര്‍ന്ന പല സംസ്‌കാരങ്ങളും ഉടലെടുത്തത്'' (എന്‍.ഇ.ബാലറാം, ഇന്ത്യയുടെ പിറവി).

ഇങ്ങനെ ഇന്ത്യയില്‍ നിലനിന്നിരുന്ന സംസ്‌കാരത്തോടും വിശ്വാസങ്ങളോടും ഏറ്റുമുട്ടിക്കൊണ്ട് പുറത്തുനിന്ന് വന്ന് ആധിപത്യം സ്ഥാപിച്ചവരാന് ആര്യന്മാര്‍. അനാര്യന്മാരെ അവര്‍ 'ദസ്യുക്കള്‍' എന്നാണു വിശേഷിപ്പിച്ചിരുന്നത്. ദസ്യുക്കളുടെ പട്ടണങ്ങള്‍ നശിപ്പിക്കുന്ന ഘാതകന്‍ എന്നര്‍ഥം വരുന്ന 'പുരന്ധന്‍' എന്നത് ഇന്ദ്രനെന്ന ആര്യദേവന്റെ മറ്റൊരു പേരാണ്. ഇങ്ങനെ ആര്യന്മാരാല്‍ ആക്രമിക്കപ്പെട്ട ഇന്ത്യയിലെ ആദിമ സമൂഹം സിന്ധുനദീതടം വിട്ട് തെക്കന്‍ മേഖലകളിലേക്ക് കുടിയേറുകയാണുണ്ടായത്. വടക്കന്‍ മേഖലകളിലാകട്ടെ ആര്യ, ആര്യദ്രാവിഡ സങ്കരവിഭാഗങ്ങളുമാണ് കൂടുതലായി കാണുന്നത്. പിന്നീട് നാം കാണുന്നത് ആര്യദ്രാവിഡ സങ്കര വിശ്വാസങ്ങളും ആചാരങ്ങളും ഉടലെടുക്കുന്നതും അത് ക്രമേണ ആര്യന്മാരുടെ ബഹുദൈവ വിശ്വാസങ്ങളിലേക്ക് അധഃപതിക്കുന്നതുമായിരുന്നു. ഇവിടെയുള്ള ജനങ്ങളെ ജാതികളും ഉപജാതികളുമാക്കി തിരിക്കുകയും ദൈവസങ്കല്‍പം മുതല്‍ പരലോകവിശ്വാസം വരെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ അരക്കെട്ടുറപ്പിക്കുന്ന തരത്തില്‍ തിരുത്തിയെഴുതപ്പെടുകയും ചെയ്തു!

ചരിത്രം തിരുത്തിയെഴുതാന്‍ സംഘപരിവാര്‍!

ഭാരതമണ്ണില്‍ പിറവികൊണ്ട മതങ്ങളും ആശയങ്ങളുമല്ല എന്ന പേരുപറഞ്ഞ് മറ്റുള്ളവരെയെല്ലാം പറഞ്ഞയക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ഫാസിസ്റ്റ് ശക്തികള്‍ക്ക് ഈ വസ്തുതകള്‍ അംഗീകരിക്കാന്‍ പ്രയാസം തോന്നുക സ്വാഭാവികമാണല്ലോ. അതുകൊണ്ട് തന്നെയാണ് സാക്ഷാല്‍ നരേന്ദ്ര മോഡി മുതല്‍ താഴെകിടയിലുള്ള സംഘപരിവാര്‍ കൂലിയെഴുത്തുകാര്‍ വരെ ആര്യന്മാരുടെ ആഗമനം എന്ന ചരിത്രസത്യം കള്ളക്കഥയാണെന്ന് പറഞ്ഞ് രംഗത്ത് വരുന്നത്. നട്ടുച്ചയെ പോലും നട്ടപ്പാതിരയാക്കി തിരുത്തിയെഴുതാന്‍ മാത്രം തൊലിക്കട്ടി കാട്ടി പല ചരിത്രങ്ങളെയും കാവിവല്‍ക്കരിക്കാന്‍ തെളിവുകള്‍ നിര്‍മിക്കുന്നവര്‍ക്ക് ഇത് വലിയ പ്രയാസമുള്ള കാര്യമല്ലല്ലോ. എന്നാല്‍ ആര്യന്മാരുടെ ആഗമനം നിഷേധിക്കാന്‍ ഇക്കൂട്ടര്‍ പറയുന്ന ന്യായങ്ങള്‍ എത്ര മാത്രം ബാലിശമാണ് എന്ന് പരിശോധിക്കേണ്ടത് സമകാലിക സാഹചര്യത്തില്‍ അത്യാവശ്യമാണ്.

ഒരു ആര്‍.എസ്.എസ്. വേദിയില്‍ വെച്ച് ഒരു പ്രധാന നേതാവ് പറഞ്ഞത് ഇന്ത്യക്കാരുടെ ഡി.എന്‍.എ പഠനങ്ങള്‍ ആര്യന്മാരുടെ ആഗമനം നിഷേധിക്കുന്നുവെന്നാണ്! ഭാരതീയരുടെ ഡി.എന്‍.എകള്‍ യൂറോപ്യന്‍ ജനതയുടെ ഡി.എന്‍.എയുമായി സാമ്യത പുലര്‍ത്തുന്നേയില്ലെന്നും അതിനാല്‍ തന്നെ പുറത്തു നിന്ന് ആരെങ്കിലും വന്നു എന്നത് ശാസ്ത്രീയമായി തന്നെ അംഗീകരിക്കാന്‍ സാധ്യമല്ല എന്നുമാണ് അദ്ദേഹം വാദിക്കുന്നത്. ഇത് തന്നെയാണ് ഇത് നിഷേധിക്കാന്‍ ഇക്കൂട്ടര്‍ എല്ലായിടത്തും പറയുന്ന ഏറ്റവും പ്രധാനപ്പെട്ട 'തെളിവ്'!

ശാസ്ത്ര, സാങ്കേതിക രംഗം ഏറെ പുരോഗമിച്ച കാര്യവും ലോകത്തുള്ള വിവിധ ജനവിഭാഗങ്ങളില്‍ നടത്തുന്ന പഠനങ്ങളും പല കാലഘട്ടങ്ങളിലായി മനുഷ്യര്‍ നടത്തിയ പലായനങ്ങള്‍ പഠനവിധേയമാക്കുന്ന ജീനോഗ്രാഫിക് പ്രോജക്ടുകളുമൊന്നും ഇക്കൂട്ടര്‍ അറിഞ്ഞില്ലെന്നു തോന്നുന്നു. അതല്ലെങ്കില്‍ തങ്ങള്‍ 'പഠനങ്ങള്‍' എന്ന പേരില്‍ പുറത്തുവിടുന്ന കള്ളക്കഥകളല്ലാതെ മറ്റൊന്നും ആരും വായിക്കുകയോ പഠിക്കുകയോ ചെയ്യില്ലെന്ന വിശ്വാസമോ ആയിരിക്കാം ഇത്ര പച്ചയായി ഈ നുണകള്‍ തട്ടിവിടാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.

മനുഷ്യകുടിയേറ്റത്തിന്റെ ജനിതക വഴികള്‍ പഠിക്കുന്ന ജീനോഗ്രാഫിക് പ്രോജക്റ്റ് എന്ന ഗവേഷണ പദ്ധതി ഏതു കുട്ടിക്കും ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ലോകത്തുള്ള ആയിരക്കണക്കിന് മനുഷ്യരുടെ ജീനോം വിശകലനം ചെയ്യുകയും അത് ഉപയോഗിച്ച് കുടിയേറ്റത്തിന്റെ നാള്‍വഴികള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. https://genographic.nationalgeographic.com/human- journey/എന്ന സൈറ്റില്‍ ഇത് ലഭ്യമാണ്.

ഇന്നത്തെ ഇന്ത്യന്‍ ജനത രണ്ടുതരം സമൂഹങ്ങളുടെ സങ്കരഫലമായി ഉണ്ടായതാണ്. Ancesreal South Indians (ASI)bpw Ancestral North Indians(ANI)യും ആണ് ആ രണ്ടു വിഭാഗങ്ങള്‍. ഈ രണ്ടു വിഭാഗങ്ങളും രണ്ടുവഴികളിലൂടെയാണ് ഇന്ത്യയിലേക്ക് കുടിയേറിയത്. ഏകദേശം 50,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെത്തിയവരാന് അടക വിഭാഗക്കാര്‍. ആഫ്രിക്കയില്‍ നിന്ന് മിഡിലീസ്റ്റ് വഴി മധേ്യഷ്യയിലെത്തി യൂറോപ്പ്, കിഴക്കന്‍ ഏഷ്യ, ഇന്ത്യ എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തവരാണ് അചക വിഭാഗക്കാര്‍. ഇതില്‍ തന്നെ ആദ്യം കുടിയേറിയ വിഭാഗം അചകീഹറ എന്നും പിന്നീട് കുടിയേറിയവര്‍ അചകിലം എന്നും അറിയപ്പെടുന്നു.

നദീതട സംസ്‌കാരങ്ങളുടെ അവസാനഘട്ടത്തില്‍ ഇന്ത്യയിലേക്ക് കടന്നുവന്ന അചകിലം വിഭാഗക്കാരാണ് ആര്യന്മാര്‍. ഇവരുടെ കടന്നുവരവിനു ശേഷം ഇന്ത്യന്‍ സമൂഹം പല തട്ടുകളായി വിഭജിക്കപ്പെട്ടു എന്ന് വിശദീകരിച്ചുവല്ലോ. അത് കൊണ്ട് തന്നെയാണ് ആര്യന്മാരുടെ ജനിതക പൈതൃകം ഉയര്‍ന്ന ജാതികളുടെ ഡി. എന്‍. എയില്‍ മാത്രം കാണുന്നത്! ആര്യന്മാര്‍ ചെറുസംഘങ്ങളായാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യന്‍ സംസ്‌കാരങ്ങളുടെ ഭാഗമായിരുന്ന ഒരുവിഭാഗം തദ്ദേശീയര്‍ ആര്യന്മാരുമായി (അചകിലം) സങ്കരിച്ചാണ് സവര്‍ണ ജാതികളായി മാറിയത്.

ആര്യന്മാര്‍ ഇന്ത്യക്ക് പുറത്തുനിന്ന് വന്നവരാണെന്നോ ഇന്നത്തെ ഹൈന്ദവ വിശ്വാസങ്ങള്‍ എന്ന ആര്യദര്‍ശനം വൈദേശികമെന്നോ സ്ഥാപിച്ചത് കൊണ്ട് മാത്രം അവരുടെ മതവിശ്വാസം മോശമാണ് എന്ന് പറയുന്നത് വിഡ്ഢിത്തമാണ്. മതവും ദര്‍ശനങ്ങളുമെല്ലാം ദേശീയതകള്‍ക്ക് അതീതമായ വസ്തുതകളാണ്. ആര്യദര്‍ശനം മഹത്തരമാണെങ്കില്‍ അത് ഇന്ത്യക്കകത്ത് ഉണ്ടായതാണെങ്കിലും പുറത്തുണ്ടായതാണെങ്കിലും ബുദ്ധിയുള്ളവര്‍ അത് അംഗീകരിക്കും. മറിച്ച് ഇന്ത്യക്കകത്ത് ഉണ്ടായത് എത്ര മോശമാണെങ്കിലും അംഗീകരിക്കാനും പിറവി പുറത്തായിപ്പോയി എന്ന കാരണത്താല്‍ മാത്രം എത്ര നല്ല ദര്‍ശനമാണെങ്കിലും തള്ളിപ്പറയാനും കപടദേശീയത തലക്ക് കയറി ഭ്രാന്ത് പിടിച്ചവര്‍ക്ക് മാത്രമെ സാധിക്കൂ. വൈദേശിക മതങ്ങളെല്ലാം പടിക്ക് പുറത്തെന്ന് പറഞ്ഞ് ആക്രോശിക്കുന്നവരെ കണ്ണാടി നോക്കിയും 'ഗെറ്റ് ഔട്ട്' പറയാം എന്ന് ഓര്‍മിപ്പിക്കട്ടെ.

Reference:

1. https://genographic.nationalgeographic. com

2. www.sciencedirect.com/science/aricle/pii/S0002929713003248.

3. എന്‍.ഇ.ബാലറാം, ഇന്ത്യയുടെ പിറവി

No comments:

Post a Comment