Monday, March 26, 2018

നിരീശ്വരവാദികളും ശാസ്ത്രത്തോടുള്ള സമീപനവും


ശാസ്ത്രീയമായി തെളിയിക്കാതെ ദൈവത്തിലോ മതത്തിലോ ഒന്നും ഞങ്ങള്‍ വിശ്വസിക്കുകയില്ല' എന്ന തരത്തിലുള്ള സംസാരങ്ങള്‍ നിരീശ്വരവാദികളില്‍ നിന്ന് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. ഏതൊരു കാര്യവും ശാസ്ത്രീയമായ ഗവേഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും തെളിഞ്ഞാല്‍ മാത്രമെ തങ്ങള്‍ അംഗീകരിക്കുകയുള്ളൂ എന്നവര്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കും. അങ്ങനെ തെളിയാത്ത കാലത്തോളം ദൈവത്തെയും മതത്തെയും തങ്ങള്‍ നിഷേധിക്കുമെന്നും 'തെളിവിന്റെ അഭാവം അഭാവത്തിന്റെ തെളിവാണ്' എന്നുമുള്ള വരട്ടുന്യായമാണ് ഇന്നവര്‍ക്ക് ആകെയുള്ള ആശ്വാസം. ശാസ്ത്രീയമായ പഠനങ്ങളും ഗവേഷണങ്ങളും പ്രപഞ്ചത്തിന്റെ സങ്കീര്‍ണതകളും വ്യവസ്ഥാപിതത്വവും ബോധ്യപ്പെടുത്തിയാലും സാമാന്യ യുക്തിപോലും അതിനൊക്കെ പിന്നിലൊരു സ്രഷ്ടാവിന്റെ കരങ്ങളുണ്ട് എന്ന് മനസ്സാക്ഷിയോട് പറഞ്ഞുകൊണ്ടേയിരുന്നാലും ഈയൊരു ന്യായം പറഞ്ഞ് ആത്മവഞ്ചന നടത്താനാണ് പലപ്പോഴും നിരീശ്വരവാദികള്‍ തയ്യാറാവാറുള്ളത്.

ഇത് പറയുന്നവര്‍ക്ക് ശാസ്ത്രമെന്താണെന്നോ, ശാസ്ത്രത്തിന്റെ മേഖലയെന്തെന്നോ മനസ്സിലായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. പദാര്‍ഥ പ്രപഞ്ചത്തെ കുറിച്ചുള്ള പഠനമാണ് ശാസ്ത്രം. അതിനെക്കുറിച്ചുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളുമാണ് ശാസ്ത്രത്തിന്റെ മേഖല. ശാസ്ത്രീയമായ എന്ത് ഉപകരണങ്ങളായായും അതൊക്കെ പദാര്‍ഥ പ്രപഞ്ചത്തെ പഠിക്കാന്‍ പ്രാപ്തമായതാണ്. അതല്ലാത്ത ഒരു കാര്യത്തെക്കുറിച്ച് അന്വേഷിക്കാനോ പഠിക്കാനോ ശാസ്ത്രത്തിനു സാധ്യമല്ല. എന്നാല്‍ ദൈവം പദാര്‍ഥ പ്രപഞ്ചത്തിന് അതീതനാണ്. പിന്നെ എങ്ങനെയാണ് പദാര്‍ഥങ്ങള്‍ക്ക് അതീതനായ, പദാര്‍ഥങ്ങളുടെ തന്നെ സ്രഷ്ടാവിനെ ഈ ഉപകരണങ്ങളും ശാസ്ത്രീയമായ രീതികളും വെച്ച് തെളിയിക്കണം എന്ന് സാമാന്യം ശാസ്ത്രബോധമുള്ള ഒരാള്‍ പറയുക?! സൃഷ്ടിപ്രപഞ്ചത്തിനുള്ളിലുള്ള കാര്യങ്ങളെ പറ്റി പഠിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ് ശാസ്ത്രം. അതുപയോഗിച്ച് ആ പ്രപഞ്ചത്തിന് പുറത്തുള്ള സ്രഷ്ടാവിനെ നേരിട്ട് കാട്ടിക്കൊടുക്കണം എന്ന് പറയുന്നത് എത്രത്തോളം പരിഹാസ്യമാണ്!

ഒരു സൗഹൃദചര്‍ച്ചയില്‍ ഒരു നിരീശ്വരവാദി സുഹൃത്ത് ഈയൊരു കാര്യം ഉന്നയിച്ചപ്പോള്‍ അദ്ദേഹത്തോട് ഞാനാവശ്യപ്പെട്ടത് 'വൈലോപ്പിള്ളിയുടെ കവിതകള്‍ക്ക് സാഹിത്യഭംഗി തീരെയില്ല എന്നാണ് എന്റെ വാദം, അതുണ്ട് എന്ന് താങ്കള്‍ക്ക് ശാസ്ത്രീയമായി തെളിയിക്കാമോ' എന്നാണ്. എത്രമാത്രം യുക്തിരഹിതമായ ചോദ്യമാണത് എന്നാര്‍ക്കും മനസ്സിലാകും. എങ്ങനെയാണ് ഒരു കവിതയുടെ സാഹിത്യഭംഗി ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിക്കുക? കവിതയെടുത്ത് മൈക്രോസ്‌കോപ്പിലൂടെ നോക്കിയാല്‍ കാണുമോ സാഹിത്യം? കവിത അരച്ചുകലക്കി ടെസ്റ്റ് ട്യൂബില്‍ മറ്റു മിശ്രിതങ്ങളുടെ കൂടെയിട്ട് പരീക്ഷിച്ചാല്‍ സാഹിത്യഭംഗി തെളിഞ്ഞു വരുമോ? ഒരിക്കലും ഏത് ശാസ്ത്രീയ പരീക്ഷണ രീതികള്‍ ഉപയോഗിച്ചാലും ഒരു ലബോറട്ടറിയിലും ഒരു കവിതയുടെയും സാഹിത്യഭംഗി തെളിയിക്കപ്പെടാന്‍ പോകുന്നില്ല. അതുകൊണ്ട് ശാസ്ത്രീയമായി തെളിയിക്കപ്പെടാതെ ഒന്നും അംഗീകരിക്കില്ലെന്ന പിടിവാശിക്കാര്‍ വൈലോപ്പിള്ളിയുടെ കവിതകള്‍ക്ക് സാഹിത്യഭംഗിയില്ലെന്ന് പറഞ്ഞു നടക്കുമോ ആവോ? സാഹിത്യം എന്നത് പദാര്‍ഥ ലോകത്ത് ശാസ്ത്രത്തിന്റെ ഉപകരണങ്ങളും രീതികളും ഉപയോഗിച്ച് പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി കണ്ടെത്താന്‍ പറ്റുന്ന ഒന്നല്ല. ശാസ്ത്രീയമായി തെളിയിച്ചാലേ ഞാന്‍ ഈ കവിതക്ക് സാഹിത്യഭംഗിയുണ്ട് എന്ന് വിശ്വസിക്കൂ എന്നൊരാള്‍ വാശിപിടിച്ചാല്‍ നമുക്കെന്ത് ചെയ്യാന്‍ പറ്റും? അത് ശാസ്ത്രത്തിന്റെ മേഖലയല്ലെന്നും പദാര്‍ഥങ്ങളെ പറ്റിയുള്ള പഠനമാണ് ശാസ്ത്രമെന്നും പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല.

സ്‌നേഹം, ഭയം, വെറുപ്പ് തുടങ്ങി മനുഷ്യന്റെ വികാരങ്ങള്‍ 'ശാസ്ത്രീയമായി' തെളിയിക്കാന്‍ പറഞ്ഞാല്‍ എങ്ങനെയുണ്ടാകും? 'ദൈവത്തെ ശാസ്ത്രീയമായി തെളിയിക്കാത്ത കാലത്തോളം ദൈവമില്ല' എന്ന് പ്രസംഗിക്കുന്ന നിരീശ്വരവാദികള്‍ ഒരുപാടുണ്ടല്ലോ. അവരോട് അവരുടെ  ഭാര്യമാര്‍ 'ചേട്ടന് എന്നോട് സ്‌നേഹമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കാതെ ബന്ധം മുന്നോട്ടുപോകില്ലെന്ന്' പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ എന്നര്‍ഥം! എങ്ങനെയാണ് സ്‌നേഹവും പ്രേമവുമെല്ലാം ശാസ്ത്രീയമായി തെളിയിക്കാനാവുക? ഇതൊന്നും ശാസ്ത്രത്തിന്റെ മേഖലയല്ല എന്നത് തന്നെയാണ് ഒറ്റവാക്കിലുള്ള ഉത്തരം. സ്‌നേഹമോ പ്രേമമോ ദേഷ്യമോ ഭയമോ ഒന്നും തന്നെ ശാസ്ത്രത്തിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് കണ്ടെത്താനോ അളക്കാനോ സാധ്യമല്ല. ശാസ്ത്രത്തിന്റെ മേഖല പദാര്‍ഥപ്രപഞ്ചത്തെ പറ്റിയുള്ള പഠനമാണ്. ഇതൊക്കെ ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്ന കേവലമായ യുക്തിയാണ്. ഇതൊക്കെ അംഗീകരിക്കാന്‍ പറ്റുമെങ്കില്‍ ഈ പദാര്‍ഥ പ്രപഞ്ചത്തെ തന്നെ സൃഷ്ടിച്ച, പദാര്‍ഥങ്ങള്‍ക്ക് അതീതനായിട്ടുള്ള, സൃഷ്ടി പ്രപഞ്ചത്തിന് പുറത്തുള്ള ആ സ്രഷ്ടാവിനെ ഈ ഉപകരണങ്ങള്‍ ഉപയോഗിച്ച് തെളിയിക്കാതെ വിശ്വസിക്കില്ല എന്ന് പറയുന്നത് വെറും വാശിയല്ലാതെ മറ്റെന്താണ്?

ചുരുക്കിപ്പറഞ്ഞാല്‍ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ നേരിട്ട് തെളിയിച്ചുതരാന്‍ ശാസ്ത്രത്തിന് ഒരിക്കലും സാധ്യമല്ല. കാരണം ശാസ്ത്രത്തിന്റെ പരിധികള്‍ക്കും അപ്പുറത്താണ് ദൈവം. പദാര്‍ഥപ്രപഞ്ചത്തില്‍ തന്നെയുള്ള എന്തെങ്കിലും വസ്തുവിനെയോ പ്രതിമകളെയോ വ്യക്തികളെയോ ആണ് ദൈവം എന്നത്‌കൊണ്ട് ഉദ്ദേശിക്കുന്നത് എങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്. എന്നാല്‍ ദൈവം പദാര്‍ഥപ്രപഞ്ചത്തിന് അതീതനായിട്ടുള്ളവനാണ് എന്നത് കൊണ്ട് തന്നെ അവനെക്കുറിച്ച് നേരിട്ട് അറിയാനോ പഠിക്കാനോ ശാസ്ത്രത്തിന്റെ ഉപകരണങ്ങളും രീതികളും പ്രാപ്തമല്ല. അതിനാല്‍ തന്നെ ദൈവമുണ്ട് എന്നത് ഒരു വിശ്വാസമാണെങ്കില്‍, ദൈവമില്ല എന്നതും ഒരു വിശ്വാസം തന്നെയാണ്! ശാസ്ത്രത്തിന്റെ രീതികളുപയോഗിച്ച് രണ്ട് വാദങ്ങളും നേരിട്ട് തെളിയിക്കാന്‍ സാധ്യമല്ല എന്നത് കൊണ്ട് തന്നെ ഉണ്ടെന്ന് വാദിക്കുന്നതും ഇല്ലെന്ന് വാദിക്കുന്നതും ഓരോരുത്തരുടെയും വിശ്വാസങ്ങള്‍ മാത്രം. തല്‍കാലം നമുക്കതിനെ 'നിരീശ്വരവിശ്വാസം' എന്ന് വിളിക്കാം!

ദൈവമുണ്ടെന്നോ ഇല്ലെന്നോ നേരിട്ട് തെളിയിക്കാന്‍ ശാസ്ത്രത്തിന് സാധ്യമല്ലെന്ന് വ്യക്തം. എന്നാല്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ശാസ്ത്രീയമായ ഓരോ അറിവും സര്‍വശക്തനായ ഒരു സ്രഷ്ടാവിന്റെ അത്യുന്നതമായ സൃഷ്ടിപ്പിലേക്ക് വിരല്‍ചൂണ്ടുന്നു എന്നതാണ് ഏത് ശാസ്ത്രമേഖലയിലും നമുക്ക് കാണാനാവുന്നത്. ഇത് നിരീശ്വരവിശ്വാസികള്‍ക്കും കൃത്യമായി മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ശാസ്ത്രത്തെ ഒരു മുന്‍വിധിയോടു കൂടി മാത്രമെ സമീപിക്കുകയുള്ളൂ എന്ന ഒരു നിലപാടിലേക്ക് അവര്‍ എത്തിപ്പെട്ടത്. ദൈവമില്ല, ദൈവം ഉണ്ടാവാന്‍ പാടില്ല എന്ന ശക്തമായ മുന്‍വിധിയോടെ മാത്രമെ ഓരോ ശാസ്ത്രീയ പഠനങ്ങളെയും ഇവര്‍ സമീപിക്കുകയുള്ളൂ!

ഒരു ഉദാഹരണം പറയാം: ജൈവലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളും അതിസൂക്ഷ്മവും സങ്കീര്‍ണവുമായ അവയുടെ സൃഷ്ടിപ്പും നേരിട്ട് പഠിക്കുന്ന ഒരു ജൈവശാസ്ത്ര വിദ്യാര്‍ഥിയെ സംബന്ധിച്ച് ഇതൊക്കെ തനിയെ ഉണ്ടായതാണെന്നോ കേവലം യാദൃശ്ചികമായി പരിണമിച്ചതാണെന്നോ വിശ്വസിക്കാന്‍ വലിയ പ്രയാസമാണ്. ഓരോ കോശത്തിലും, ഓരോ ജീനിലും അടങ്ങിയിരിക്കുന്ന അതിസൂക്ഷ്മമായ കോഡിംഗ് കേവല യാദൃച്ഛികതയുടെ ഉത്പന്നമാണെന്നു വിശ്വസിക്കാന്‍ അസാധ്യമാണെന്ന് തന്നെ പറയാം. ഇത് നവനാസ്തികരുടെ ആഗോള നേതാവായ റിച്ചാര്‍ഡ് ഡോക്കിന്‍സ് തന്നെ വളരെ കൃത്യമായി പറയുന്നുണ്ട്.

'Biology is the study of complicated things that give the appearance of having been designed for a purpose'

'ഒരു ഉദ്ദേശ്യത്തിനായി രൂപകല്‍പന ചെയ്യപ്പെട്ടു എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സങ്കീര്‍ണതകളെ കുറിച്ചുള്ള പഠനമാണ് ജീവശാസ്ത്രം' (ദ ബ്ലൈന്‍ഡ് വാച്‌മേക്കര്‍  റിച്ചാര്‍ഡ് ഡോക്കിന്‍സ്)

നോക്കൂ! നാഴികക്ക് നാല്‍പതുവട്ടം ഇതൊന്നും ആരും രൂപകല്‍പന ചെയ്തതല്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്ന, അത് പ്രചരിപ്പിക്കാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യന് പോലും ജീവശാസ്ത്രപഠനം അങ്ങനെ തോന്നിപ്പിക്കുമെന്ന് മനസ്സിലാവാഞ്ഞിട്ടല്ല! എത്രയൊക്കെ വ്യക്തമായാലും തങ്ങളുടെ അഹന്തയും മുന്‍ധാരണയും അവരെ സത്യം അംഗീകരിക്കാന്‍ സമ്മതിക്കില്ല!

ഇവിടെയാണ് ബയോളജി പഠിക്കുമ്പോള്‍ വേണ്ട 'മുന്‍കരുതലുകള്‍' എന്തൊക്കെയാണ് എന്ന് നിരീശ്വര വിശ്വാസികള്‍ക്ക് പഠിപ്പിക്കേണ്ടി വരുന്നത്. പ്രമുഖ ശാസ്ത്രജ്ഞനും നിരീശ്വരവാദിയുമായ ഫ്രാന്‍സിസ് ക്രിക്ക് പറയുന്നത് കാണുക:

Biologists must constantly keep in mind that what they see was not designed, but rather evolved. (What mad pursuit – Francis Crick)

'തങ്ങള്‍ കാണുന്നവയോന്നും രൂപകല്‍പന ചെയ്യപ്പെട്ടവയല്ല, മറിച്ച് പരിണമിച്ച് ഉണ്ടായതാണ് എന്നകാര്യം ജീവശാസ്ത്രജ്ഞര്‍ നിരന്തരം മനസ്സില്‍ സൂക്ഷിക്കേണ്ടതാണ്' (വാട്ട് മാഡ് പേര്‍സ്യൂട്ട് ഫ്രാന്‍സിസ് ക്രിക്ക്).

വല്ലാത്തൊരു ദുരവസ്ഥ! ജൈവശാസ്ത്ര രംഗത്ത് പഠനങ്ങള്‍ നടത്തുമ്പോള്‍ ഇതിനൊന്നും ഒരു സൃഷ്ടികര്‍ത്താവില്ല എന്ന മനസ്സിലെ വിശ്വാസത്തിന് കോട്ടം തട്ടുമോ എന്ന് ഭയന്ന് ഇടയ്ക്കിടെ വിശ്വാസം ഊട്ടിയുറപ്പിക്കണമത്രേ! യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ ഒരുതരത്തിലും മനസ്സിനെ തുറക്കില്ലെന്ന് വാശിപിടിച്ചിരിക്കുന്ന ഹൃദയങ്ങളിലേക്ക് എങ്ങനെ സത്യത്തിന്റെ പ്രകാശം കടക്കാനാണ്?!

മറ്റൊരു ഉദാഹരണമെടുക്കാം. പ്രപഞ്ചോല്‍പത്തിയെ പറ്റി പറയുമ്പോള്‍ ശാസ്ത്രജ്ഞരെല്ലാം ഒരേപോലെ അംഗീകരിക്കുന്ന ഒരു വസ്തുതയാണ് അതെത്ര സൂക്ഷ്മവും കൃത്യമായ വ്യവസ്തയോടും കൂടിയാണ് എന്നത്. അതിസൂക്ഷ്മമായ ഒരു വ്യതിചലനമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പ്രപഞ്ചം തന്നെ സാധ്യമാകില്ലായിരുന്നു!  ബിഗ് ബാങ്ങിന്റെ ബലം കോടിക്കണക്കിന് ആശംങ്ങളില്‍ (1/10^60) ഒരു അംശമെങ്കിലും കുറവായിരുന്നെങ്കില്‍ വികാസം നടക്കുകയോ ഇന്നീ കാണുന്ന തരത്തില്‍ നക്ഷത്രങ്ങളും ഗോളങ്ങളും ഗാലക്‌സികളും ഒന്നുമുണ്ടാവുയോ ചെയ്യുമായിരുന്നില്ല! പ്രപഞ്ചം സാധ്യമാവാന്‍ വേണ്ട അനേകം ഘടകങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ അനേകായിരം കോടി അംശങ്ങളില്‍ (പ്രയോഗത്തിന്റെ പരിമിധി കൊണ്ടാണ് ഇങ്ങനെ കണക്കാക്കി പറയുന്നത്, അതിലും എത്രയോ വലിയ സംഖ്യയാണ്) ഒരു അംശം വ്യത്യാസമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇന്നീ പ്രപഞ്ചം നിലനില്‍ക്കുമായിരുന്നില്ല. സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ 'ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം പറയുന്നത് ഈ സൂക്ഷ്മ വ്യവസ്ഥയുടെ മറ്റൊരു ഉദാഹരണമാണ്

If the rate of expansion one second after the big bang had been smaller by even 1 part in a hundred thousand million million, It would have re collapsed before it reached its present size"

ഇങ്ങനെ പ്രപഞ്ചം സാധ്യമാകാന്‍ ആവശ്യമായ കോടിക്കണക്കിന് ഘടകങ്ങളില്‍ ഒരു ഘടകത്തില്‍ പോലും കോടിക്കണക്കിന് അംശങ്ങളില്‍ ഒരു അംശത്തിന്റെ  അതിസൂക്ഷ്മമായൊരു വ്യത്യാസം ഉണ്ടായാല്‍ ഇന്നീ പ്രപഞ്ചം നിലനില്‍ക്കുകയില്ല! ഇത്ര സൂക്ഷ്മമായ ആസൂത്രണം നേരിട്ട് പഠിച്ചു ബോധ്യപ്പെട്ടപ്പോള്‍ നിരീശ്വരവാദിയായ ഫ്രെഡ് ഹോയ്ല്‍ പറഞ്ഞത് 'ഈ കാര്യങ്ങള്‍ എന്റെ നിരീശ്വരവാദത്തെ വല്ലാതെ ഉലച്ചുകളഞ്ഞു' എന്നാണ്. എങ്കില്‍ പോലും തങ്ങള്‍ക്ക് മുകളിലുള്ള സ്രഷ്ടാവിനെ അംഗീകരിക്കാന്‍ വൈമനസ്യം കാണിക്കുന്നത് മുന്‍ധാരണയും അഹന്തയും കൊണ്ടല്ലാതെ മറ്റെന്താണ്?

ഇവിടെയാണ് വിനയത്തോടെയും മുന്‍ധാരണകളില്ലാതെയും വൈജ്ഞാനിക അന്വേഷണങ്ങള്‍ നടത്തുന്നതിന്റെ പ്രസക്തി വ്യക്തമാകുന്നത്. ഈ മഹാപ്രപഞ്ചത്തില്‍ താന്‍ ഒന്നുമല്ലെന്നും തനിക്ക് അറിയുന്നതിനെക്കാള്‍ കോടിക്കണക്കിന് ഇരട്ടി അറിയാത്ത കാര്യങ്ങളാണെന്നും തിരിച്ചറിയുന്ന, ആ ഒരു ബോധ്യത്തോടെ വിഷയങ്ങളെ സമീപിക്കുന്ന ആര്‍ക്കും കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ പ്രയാസമില്ല. അതുകൊണ്ടാണ് ഇബ്‌നു ഹൈതമിനെയും ജാബിര്‍ ബിന്‍ ഹയ്യാനെയും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയും ഐസക് ന്യൂട്ടനെയും പോലെ ലോകത്തിലെ ഏറ്റവും ഉന്നതരായ ശാസ്ത്രജ്ഞര്‍ മിക്കവരും വിവിധ തരത്തിലാണെങ്കിലും ദൈവത്തിലോ പ്രപഞ്ചാതീതനായ ഒരു ശക്തിയിലോ വിശ്വസിച്ചതും, അവരുടെ കണ്ടുപിടിത്തങ്ങള്‍ വായിച്ചു പഠിച്ച ചിലരെങ്കിലും 'എല്ലാം തികഞ്ഞെന്ന' അഹന്തയില്‍ ദൈവം മരിച്ചിരിക്കുന്നു എന്ന് വിളിച്ചുപറയാനിറങ്ങിയതും!

തങ്ങള്‍ക്ക് വിജ്ഞാനമെന്ന മഹാസാഗരത്തില്‍ നിന്ന് ഒരു തുള്ളി മാത്രമെ ലഭിച്ചിട്ടുള്ളൂ എന്ന് പറഞ്ഞ് ആ തിരിച്ചറിവില്‍ മഹാശാസ്ത്രജ്ഞന്മാരും ജ്ഞാനികളും വിനയാന്വിതരായപ്പോള്‍ അല്‍പജ്ഞാനികള്‍ തങ്ങള്‍ അറിഞ്ഞതിനപ്പുറം ഒന്നുമില്ലെന്ന മിഥ്യാധാരണയില്‍ അഹന്ത നടിച്ച് സ്രഷ്ടാവിനെ തന്നെ ചോദ്യം ചെയ്യാനും നിഷേധിക്കാനും ഇറങ്ങി പുറപ്പെടുന്നു..! അത്തരക്കാര്‍ക്ക് എത്ര തന്നെ യുക്തിപരവും ശാസ്ത്രീയവുമായ കാര്യകാരണ സഹിതം ദൈവത്തെ ബോധ്യപ്പെടുത്തിക്കൊടുത്താലും തങ്ങളെ സൃഷ്ടിച്ച ഒരു സ്രഷ്ടാവുണ്ടെന്നും ആ ഏകദൈവത്തിന്റെ കല്‍പനകള്‍ അനുസരിച്ചു ജീവിക്കേണ്ട അടിമകളാണ് തങ്ങളെന്നും അംഗീകരിക്കാന്‍ അഹന്ത കൊണ്ട് മറതീര്‍ത്തിരിക്കുന്ന അവരുടെ ഹൃദയങ്ങള്‍ക്ക് സാധിക്കുകയില്ല!

ഹൃദയങ്ങളുണ്ടായിട്ടും കാര്യം ഗ്രഹിക്കാത്ത, കണ്ണുണ്ടായിട്ടും കാണേണ്ടത് കാണാത്ത, കാതുണ്ടായിട്ടും കേള്‍ക്കേണ്ടത് കേള്‍ക്കാത്ത ഇത്തരമാളുകളെ പറ്റി തന്നെയല്ലേ ക്വുര്‍ആന്‍ 'അവര്‍ നാല്‍കാലികളെക്കാള്‍ അധഃപതിച്ചവരാണ്' എന്ന് പറഞ്ഞത്!?

(അടുത്ത ഭാഗം: ദൈവമുണ്ടോ?!)

Thursday, March 15, 2018

നിരീശ്വര വിശ്വാസം: യുക്തിയുടെ മരുപ്പറമ്പ്


നിരീശ്വരവാദം വീണ്ടും ചര്‍ച്ചകളില്‍ സജീവമാവുകയാണ്. ഒരുകാലത്ത് അന്ധവിശ്വാസങ്ങളെയും പൗരോഹിത്യത്തിന്റെ ചൂഷണങ്ങളെയും തുറന്നുകാട്ടുകയും മിശ്രഭോജനം പോലുള്ള വിപ്ലവപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത അവര്‍ പതിയെ മതത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍ എന്നതില്‍ നിന്ന് മതം തന്നെ ചൂഷണമാണ് എന്ന നിലപാടിലേക്ക് ചുവട് മാറ്റുകയായിരുന്നു. യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും പ്രചാരകരെന്ന പരിവേഷം ഉപയോഗപ്പെടുത്തി വളര്‍ന്ന നിരീശ്വരവാദം ശാസ്ത്രത്തിന്റെ വളര്‍ച്ചയും യുക്തിചിന്തയുടെ വ്യാപനവും സാധ്യമായപ്പോള്‍ പതുക്കെ ഉള്‍വലിയുകയായിരുന്നു.


ഒരിടവേളക്ക് ശേഷം വീണ്ടും നിരീശ്വരവാദവും അനുബന്ധ വിഷയങ്ങളും ചര്‍ച്ചകളില്‍ സജീവമായിരിക്കുകയാണ്. ഒരുകാലത്ത് അന്ധവിശ്വാസങ്ങളോടും ജാതിവ്യവസ്ഥകള്‍ പോലുള്ള അനീതികളോടും പോരാടി കേരളമണ്ണില്‍ ചെറുതല്ലാത്ത സ്വാധീനം ചെലുത്തിയിരുന്നു നിരീശ്വരവാദ പ്രസ്ഥാനങ്ങള്‍. പൗരോഹിത്യത്തിന്റെ ചൂഷണങ്ങളെയും അന്ധവിശ്വാസങ്ങളെയും തുറന്നുകാട്ടുകയും മിശ്രഭോജനം പോലുള്ള വിപ്ലവപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത അവര്‍ പതിയെ മതത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍ എന്നതില്‍ നിന്ന് മതം തന്നെ ചൂഷണമാണ് എന്ന നിലപാടിലേക്ക് മാറുകയായിരുന്നു. യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും പ്രചാരകരെന്ന പരിവേഷം നന്നായി ഉപയോഗപ്പെടുത്തിയ അവര്‍ മതമില്ലാത്ത ലോകത്തെ പറ്റി വാചാലരായി. ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ തന്നെ 'ദൈവം മരിക്കുമെന്നും' മതങ്ങള്‍ മണ്ണടിയുമെന്നും സ്വപ്‌നം കാണാന്‍ ആഗോളതലത്തിലുള്ള സംഭവവികാസങ്ങള്‍ അവരെ പ്രേരിപ്പിച്ചു. മനുഷ്യന്റെ അജ്ഞതയാണ് ദൈവവിശ്വാസത്തിന് കാരണമെന്നവര്‍ വിശ്വസിച്ചു. ശാസ്ത്രത്തിന്റെ വളര്‍ച്ച അജ്ഞതയില്ലാതാക്കുമെന്നും അതുവഴി ദൈവത്തെ പതിയെ സമൂഹം കൈവെടിയും എന്നുമായിരുന്നു അവര്‍ വിചാരിച്ചിരുന്നത്. ഓരോ ശാസ്ത്രീയ മുന്നേറ്റവും ദൈവത്തെയില്ലാതാക്കാനുള്ള പ്രക്രിയയിലെ ചവിട്ടുപടിയായി അവര്‍ ആഘോഷിച്ചു.

എന്നാല്‍ സംഭവിച്ചത് നേരെ മറിച്ചായിരുന്നു. ശാസ്ത്രത്തിന്റെ വളര്‍ച്ചയും യുക്തിചിന്തയുടെ വ്യാപനവും ദൈവത്തെ ഇല്ലാതാക്കിയില്ലെന്ന് മാത്രമല്ല നിരീശ്വരവാദികള്‍ പ്രചരിപ്പിച്ചത് പോലെയല്ല കാര്യങ്ങളെന്ന് കൂടുതല്‍ വ്യക്തമാകുന്നതുമായിരുന്നു കണ്ടത്. ശാസ്ത്രീയ പഠനങ്ങള്‍ പ്രപഞ്ചത്തിന്റെ സങ്കീര്‍ണതകളും ജൈവലോകത്തെ അത്ഭുതങ്ങളും ബോധ്യമാക്കി തരികയും അതുവഴി സ്രഷ്ടാവിന്റെ അസ്തിത്വത്തിലേക്ക് തന്നെ വിരല്‍ ചൂണ്ടുകയും ചെയ്യുന്നതുമായിരുന്നു. പ്രാപഞ്ചിക പ്രതിഭാസങ്ങളിലെല്ലാം കാണപ്പെടുന്ന കൃത്യമായ ആസൂത്രണം ഒരു ആസൂത്രകനെ വ്യക്തമാക്കുന്നു എന്നതും പദാര്‍ഥ പ്രപഞ്ചത്തെ പോലും പൂര്‍ണമായി അറിയാനോ പഠിക്കാനോ പോലും സാധ്യമല്ല എന്ന തിരിച്ചറിവുമെല്ലാം ശാസ്ത്രത്തിന്റെ ചെലവില്‍ നിരീശ്വര വിശ്വാസം പ്രചരിപ്പിച്ചവര്‍ക്ക് തിരിച്ചടിയായി.

ശാസ്ത്രത്തിന്റെ ഊന്നുവടി നഷ്ടപ്പെടുമെന്ന തിരിച്ചറിവായിരിക്കണം ഇടക്കാലത്ത് മാനവികതയുടെ മുഖംമൂടിയണിഞ്ഞു രംഗത്ത് വരാന്‍ അവരെ പ്രേരിപ്പിച്ചത്. മനുഷ്യന്റെ അവകാശങ്ങളെ പൊലിപ്പിച്ചു കാട്ടിക്കൊണ്ട് രംഗത്തുവന്ന ഹ്യൂമണിസ്റ്റുകള്‍ മതം മാനവികതയ്ക്ക് വിരുദ്ധമാണെന്നും മതമൊരു മര്‍ദനോപാധി മാത്രമാണെന്നും പ്രസംഗിക്കുവാന്‍ തുടങ്ങി. മനുഷ്യനെ മനുഷ്യനായി കാണാന്‍ മതങ്ങള്‍ക്ക് സാധിക്കില്ലെന്നും മതങ്ങളുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞാല്‍ മാത്രമേ അത് സാധ്യമാക്കൂ എന്നുമവര്‍ വീമ്പുപറഞ്ഞു! എല്ലാ പീഡനങ്ങള്‍ക്കും മതത്തെ പഴിചാരി അവര്‍ സായൂജ്യമടഞ്ഞു. എന്നാല്‍ ഇതിനധികം ആയുസ്സുണ്ടായിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിലേക്ക് മതത്തെ വലിച്ചെറിഞ്ഞുകൊണ്ട് കടന്ന യൂറോപ്പിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ടാണ് രണ്ടു ലോകമഹായുദ്ധങ്ങളും അനുബന്ധമായി അണുവിസ്‌ഫോടനങ്ങളും നടക്കുന്നത്. മതമാണ് സര്‍വ പീഡനങ്ങള്‍ക്കും കാരണമെന്ന് പാടിപ്പറഞ്ഞു നടന്നിരുന്നവര്‍ക്ക് ഒരു മതത്തിന്റെയും പേരിലുമല്ലാതെ നടന്ന ഈ കൊടിയ ക്രൂരതകള്‍ ഏല്‍പിച്ച ആഘാതം ചെറുതൊന്നുമായിരുന്നില്ല. ഹ്യൂമണിസ്റ്റ് ഭൗതികവാദികള്‍ക്ക് തന്നെ തങ്ങള്‍ക്കിനി മാനവികത പ്രസംഗിച്ച് മതത്തെ ആക്രമിക്കാന്‍ പഴുതില്ലെന്ന് ബോധ്യപ്പെടും വിധം അവരുടെ മനുഷ്യസങ്കല്‍പം ചോദ്യം ചെയ്യപ്പെട്ടിരുന്നു.

ദൈവത്തെയും മതങ്ങളെയും തള്ളിപ്പറഞ്ഞ് നടക്കുന്നവര്‍ക്ക് ബുദ്ധിജീവി പട്ടം ചാര്‍ത്തപ്പെട്ടിരുന്ന, നിരീശ്വരവാദം ഒരു ഫാഷനായിരുന്ന ക്യാമ്പസുകളില്‍ നിന്ന് പതിയെ നിരീശ്വരവാദിയാണെന്ന് പറയാന്‍ അപകര്‍ഷത തോന്നുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറി. ധാര്‍മികതയുടെയും മതനിയമങ്ങളുടെയും അതിരുകള്‍ ലംഘിച്ച് താന്തോന്നികളാകാന്‍ ആഗ്രഹിക്കുന്നവരുടെ ഒരു കൂട്ടം മാത്രമായി ചുരുങ്ങുകയായിരുന്നു അവര്‍. തിന്നുക കുടിക്കുക രമിക്കുക രസിക്കുക എന്നതിലപ്പുറം അജണ്ടകളോ അടിത്തറയോ ഇല്ലാത്ത അവര്‍ പിന്നീട് പ്രത്യയശാസ്ത്രങ്ങളുടെയും ഇസങ്ങളുടെയും കൂടെ അലിഞ്ഞില്ലാതാവുകയായിരുന്നു.

ഇങ്ങനെ ചക്രശ്വാസം വലിച്ച് മരണക്കിടക്കയിലായിരുന്ന നിരീശ്വര വിശ്വാസത്തിന് ഒരു പുനര്‍ജന്മമായാണ് ഭീകരവാദത്തെയും മതത്തെയും കൂട്ടിക്കെട്ടി കൊണ്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ഒന്നുകൂടെ കൃത്യമായി പറഞ്ഞാല്‍ 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഏറെക്കുറെ നിര്‍ജീവാവസ്ഥയിലായിരുന്ന നിരീശ്വരവിശ്വാസത്തിന് 'നവനാസ്തികത' (New Atheism) എന്ന പേരില്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ അവസരം നല്‍കുകയായിരുന്നു. ഭീകരവാദ പ്രവണതകളുടെ മൊത്തം ഉത്തരവാദിത്വം ക്വുര്‍ആനിനും ഇസ്‌ലാമിനും മേല്‍ ചാര്‍ത്തി, പാശ്ചാത്യമാധ്യമങ്ങള്‍ ഉഴുതുമറിച്ചിട്ട പാടത്ത് ഇസ്‌ലാം വിരുദ്ധതയുടെ വിത്തെറിഞ്ഞ് വിളവെടുക്കാന്‍ അവര്‍ തന്ത്രം മെനഞ്ഞു. ദാര്‍ശനികമായി തങ്ങളുടെ വാദം സമര്‍ഥിക്കുന്നതിന് പകരം മതവിമര്‍ശനം വഴി മൈലേജുണ്ടാക്കാനായിരുന്നു അവര്‍ ശ്രമിച്ചത്. ശാസ്ത്രത്തിന്റെയും യുക്തിയുടെയും പേരുപറഞ്ഞ് ആളെക്കൂട്ടിയവര്‍ കേവല മതവിമര്‍ശന തൊഴിലാളികളാകുന്നതാണ് പിന്നീട് നാം കണ്ടത്.

ഭൗതികവാദത്തിന് ഏറ്റവും കൂടുതല്‍ ആശയപരമായ ആക്രമണം നേരിടേണ്ടി വന്നത് ഇസ്‌ലാമിക ലോകത്ത് നിന്നായത് കൊണ്ടാവണം, ഈ മതവിമര്‍ശനങ്ങളില്‍ മിക്കതും ഇസ്‌ലാമിന് നേരെ തന്നെയായിരുന്നു. സൈദ്ധാന്തികമായി ആശയം സമര്‍ഥിക്കാനോ മുസ്‌ലിം ലോകത്ത് നിന്ന് വന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാനോ തയ്യാറാകാതെ ഇസ്‌ലാം വിരുദ്ധതയുടെ പ്രചാരണം മൊത്തത്തില്‍ ഏറ്റെടുത്ത അവര്‍ ക്വുര്‍ആന്‍ വചനങ്ങളെയും പ്രവാചക വചനങ്ങളെയും വളച്ചൊടിച്ചും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിച്ചും കിട്ടിയ അവസരം പരമാവധി മുതലെടുത്തു. അവയില്‍ പലതും ഓറിയന്റലിസ്റ്റുകളുടെയും മിഷനറിമാരുടേയും ഇസ്‌ലാം വിമര്‍ശനങ്ങള്‍ അതേപടി പകര്‍ത്തിയതായിരുന്നു.

ഇങ്ങനെ, തങ്ങളുടെ യുക്തിക്കും ബുദ്ധിക്കും യോജിക്കാത്തത് കൊണ്ട് ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്ന നിലപാടില്‍ നിന്നും ദൈവവിശ്വാസവും മതങ്ങളും തന്നെ തിന്മയാണെന്നും, അതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നുമുള്ള നിലപാട് മാറ്റമായിരുന്നു നവനാസ്തികതയുടെ കടന്നുവരവോടെ കണ്ടത്. ഈയൊരു മാറ്റം ലോകത്തെമ്പാടും കാണാനും തുടങ്ങി. കേരളത്തില്‍ ചില മുസ്‌ലിം നാമധാരികളും മറ്റും മുഴുസമയ മതവിമര്‍ശകരായി രംഗത്ത് വരുന്നത് അങ്ങനെയാണ്. ആശയപരമായ ചര്‍ച്ചകള്‍ക്കും മൗലികമായ ഖണ്ഡനങ്ങള്‍ക്കും പകരം വേദഗ്രന്ഥങ്ങളിലെ വചനങ്ങള്‍ കോട്ടിമാട്ടിയും ആധികാരികതയുടെ തരിമ്പ് പോലുമില്ലാത്ത 'ചരിത്ര'ങ്ങള്‍ വരെ ഉദ്ധരിച്ചുകൊണ്ടുമുള്ള വാചകക്കസര്‍ത്തുകള്‍ക്ക് 'യുക്തിവാദി' വേദികളും പേജുകളും നീക്കിവെക്കപ്പെട്ടു.

മതത്തെ മുന്‍പും നിരീശ്വരവാദികള്‍ വിമര്‍ശിച്ചിട്ടുണ്ട്. കേരളത്തില്‍ തന്നെ ഇടമറുകിനെ പോലുള്ളവര്‍ 'ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല' തുടങ്ങിയ പുസ്തകങ്ങളും ഇസ്‌ലാം വിമര്‍ശന ഗ്രന്ഥങ്ങളുമൊക്കെ പ്രസിദ്ധീകരിച്ചിരുന്നു. അക്കാലത്ത് അതൊക്കെ ചര്‍ച്ചയാവുകയും ഇസ്‌ലാമിക പണ്ഡിതന്മാര്‍ സുവ്യക്തമായ രീതിയില്‍ അവയ്ക്ക് മറുപടി പറയുകയും ചെയ്തിരുന്ന ചരിത്രമൊക്കെ നമുക്ക് കാണാനാകും. അതായത് തങ്ങളുടെ ആശയപ്രചാരണത്തിന്റെ ഭാഗമായി മതങ്ങളെയും അവയിലെ വിശ്വാസങ്ങളെയും വിമര്‍ശിക്കുക എന്നത് മുന്‍പും ഇവര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അന്നൊന്നുമില്ലാതിരുന്ന തരത്തില്‍ അന്ധമായ മതവിമര്‍ശനത്തിലേക്ക് ഒതുങ്ങിപ്പോകുന്ന തരത്തിലുള്ള മാറ്റം ഈ പറഞ്ഞ നവനാസ്തികതയുടെ കടന്നുവരവോടെയാണ് കാണാനായത്. ഇന്ന് ഏത് നിരീശ്വരവാദിയോട് ചര്‍ച്ച ചെയ്യാനിരുന്നാലും മതവിമര്‍ശനങ്ങളുടെ ഒരു നീണ്ട നിര തന്നെ അവന്‍ നിരത്തും. ഇതിനോരോന്നിനും കൃത്യമായ മറുപടികള്‍ കൊടുക്കുമ്പോഴേക്ക് അടുത്ത മതവിമര്‍ശനം ഉന്നയിക്കും. ഇങ്ങനെ ദൈവവിശ്വാസവും നിരീശ്വരവിശ്വാസവും തമ്മിലുള്ള ചര്‍ച്ചകള്‍ 'നബിപത്‌നിമാരിലും സ്വര്‍ഗത്തിലെ ഹൂറിമാരിലും' ഒതുങ്ങുന്ന പരിഹാസ്യമായ കാഴ്ചയാണ് വത്തമാനകാലത്ത് കാണാന്‍ സാധിക്കുന്നത്.



ഇവിടെയാണ് ഈ രണ്ട് ആശയധാരകള്‍ തമ്മിലുള്ള ഏറ്റവും മൗലികമായ വിഷയങ്ങളിലേക്ക് ചര്‍ച്ചകള്‍ കൊണ്ട് വരാതിരിക്കാനുള്ള ബോധപൂര്‍വമായ മുന്‍കരുതല്‍ കൃത്യമായി കാണാന്‍ സാധിക്കുന്നത്. എന്തുകൊണ്ടാണ് ദൈവമുണ്ടോ? പ്രപഞ്ചം ആകസ്മികമായി ഉണ്ടാവുമോ? ജീവന്റെ ഉല്‍പത്തി എങ്ങനെയാണ്? എന്നൊന്നും ചര്‍ച്ച ചെയ്യാന്‍ ഇന്നൊരു നിരീശ്വരവാദിയെയും കിട്ടാത്തത്! അവ ചര്‍ച്ച ചെയ്യാന്‍ തുടങ്ങുമ്പോഴേക്ക് എന്തിനാണവര്‍ പഴകിപ്പുളിച്ച, ഒരായിരം വട്ടം ഇസ്‌ലാമിക പണ്ഡിതന്മാര്‍ മറുപടി പറഞ്ഞ ആരോപണങ്ങളുന്നയിച്ച് ഓടിപ്പോകുന്നത്?! ഇനി, വാദത്തിനു വേണ്ടി നിങ്ങളീ പറയുന്ന തരത്തില്‍ മതങ്ങളുടെ സ്വര്‍ഗ-നരകങ്ങളുമായി ബന്ധപ്പെട്ട കാഴ്ചപ്പാടിലും പ്രവാചകന്മാരുടെയും മാതാചാര്യന്മാരുടെയും ജീവിതത്തിലും പ്രശ്‌നങ്ങളുണ്ട് എന്ന് തന്നെ സങ്കല്‍പിക്കുക. എങ്കില്‍പോലും എങ്ങനെയാണ് എല്ലാം തനിയെ ഉണ്ടായി എന്നും. ഒന്നുമില്ലായ്മ എന്തിനെയൊക്കെയോ സൃഷ്ടിച്ചു എന്ന തരത്തിലുള്ള നിങ്ങളുടെ യുക്തിരഹിതമായ ഭീമാന്ധവിശ്വാസങ്ങള്‍ക്ക് അത് തെളിവാകുക?! യാദൃശ്ചികമായി എന്തൊക്കെയോ എങ്ങനെയൊക്കെയോ കൂടിച്ചേര്‍ന്ന് ഉണ്ടായതാണ് ഈ മഹാപ്രപഞ്ചവും അതിലെ വിവിധ ജീവജാലങ്ങളുമെല്ലാം എന്ന ലോകത്തിലെ ഏറ്റവും വലിയ യുക്തിരാഹിത്യത്തിന്റെ ആഴം പൊതുജനം മനസ്സിലാക്കുന്നതില്‍ നിന്ന് തടയാന്‍ ഇതിന് സാധിക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത്?!

ഇതായിരുന്നില്ല മതവും നിരീശ്വരവാദവും തമ്മിലുള്ള സംഘട്ടനത്തിന്റെ ചരിത്രം. ഡോ. ഉസ്മാന്‍ സാഹിബിനെ പോലുള്ള അന്നത്തെ നിരീശ്വരവാദികളും കെ.സി അബൂബക്കര്‍ മൗലവിയെ പോലുള്ള പണ്ഡിതന്മാരും തമ്മില്‍ ഭൗതികവാദത്തിന്റെ അടിസ്ഥാന വിഷയങ്ങളെ കുറിച്ചായിരുന്നു സംവദിച്ചിരുന്നത്. പിന്നീട് ഡോ. ഉസ്മാന്‍ സാഹിബ് ദൈവവിശ്വാസിയാകുന്നതും 'സല്‍സബീല്‍ മാസിക'യിലൂടെ എം.സി ജോസഫിനെ പോലുള്ള നിരീശ്വരവാദികളോട് തൂലികാ സംവാദം നടത്തുന്നതും ചരിത്രത്തില്‍ കാണാനാകും. പ്രസ്തുത സംവാദങ്ങളില്‍ ഈ യുക്തിരഹിതവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ കൃത്യമായി പൊതുജനത്തിന് മനസ്സിലാവുകയും ചെയ്തു. ഈ സംവാദങ്ങള്‍ നല്‍കിയ തിരിച്ചറിവുകള്‍ തന്നെയായിരിക്കണം ഇടമറുകിനെ പോലുള്ളവരെ ഇന്നുള്ള തരത്തിലല്ലെങ്കിലും പതിയെ മതവിമര്‍ശനങ്ങളിലേക്ക് കടക്കാനും ചക്രശ്വാസം വലിക്കുന്ന യുക്തിവാദ പ്രസ്ഥാനങ്ങള്‍ക്ക് ചെറിയൊരു ആശ്വാസമെങ്കിലും നേടിക്കൊടുക്കാനും പ്രേരിപ്പിച്ചത്. എന്നാല്‍ അക്കാലഘട്ടത്തിലെ ഇസ്‌ലാമിക പണ്ഡിതന്മാര്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയും ഓരോന്നിനും അക്കമിട്ട് മറുപടി നല്‍കുകയും ചെയ്തതോടെ പതനം പൂര്‍ണമാവുകയായിരുന്നു.

ദാര്‍ശനിക ചര്‍ച്ചകളില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല എന്ന അന്നേയുള്ള തിരിച്ചറിവ് തന്നെയാണ് ഇന്നത്തെ നിലപാട് മാറ്റത്തിനും കാരണം. പുറമേക്ക് തങ്ങള്‍ ശാസ്ത്രത്തിന്റെ കാവലാളുകളാണ് എന്ന് വരുത്തിത്തീര്‍ക്കുകയും 'ശാസ്ത്ര പ്രചാരകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുകയും എന്നാല്‍ മതവുമായുള്ള ആശയസംവാദങ്ങളില്‍ മതവിമര്‍ശനം മാത്രം നടത്തി തടിയൂരുകയും ചെയ്യുന്ന രീതി നവനാസ്തികര്‍ക്ക് വല്ലാതങ്ങ് ആശ്വാസം നല്‍കുന്നുണ്ടെന്ന് തോന്നുന്നു. എന്നാല്‍ ശാസ്ത്രീയമായോ യുക്തിസഹമായോ തങ്ങളുടെ വിശ്വാസം തെളിയിക്കാന്‍, അതുമായി ബന്ധപ്പെട്ടുവരുന്ന ചര്‍ച്ചകളോട് പ്രതികരിക്കാന്‍, അത്തരം ചര്‍ച്ചകളില്‍ 'ചെന്നുപെടാതിരിക്കാന്‍' അവര്‍ നല്ലവണ്ണം ശ്രദ്ധിക്കുന്നുണ്ട്.

മതവിമര്‍ശനങ്ങളുടെ പ്രളയത്തില്‍ ദാര്‍ശനിക ചര്‍ച്ചകള്‍ അറിയാതെ മുങ്ങിപ്പോകുന്നതല്ല, മറിച്ച് ശാസ്ത്രരംഗത്ത് വന്നിട്ടുള്ള വളര്‍ച്ചകള്‍ തങ്ങള്‍ കരുതുന്നതിനപ്പുറമാണ് യാഥാര്‍ഥ്യങ്ങള്‍ എന്ന് അടിക്കടി ബോധ്യപ്പെടുത്തുന്നത് കൊണ്ടുള്ള ഒരു ഒളിച്ചോട്ടം തന്നെയാണത്. നൂട്ടോണിയന്‍ ഫിസിക്‌സിന്റെ ബലത്തില്‍ ഇനിയൊരു ദൈവത്തിന്റെ ആവശ്യമില്ലെന്ന് വിളിച്ചുപറഞ്ഞവര്‍, ന്യൂട്ടണ്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത തരത്തില്‍ മൂന്ന് ചലനനിയമങ്ങളെ ഉപയോഗിച്ച് മതങ്ങളുടെ ശവമടക്ക് നടത്താന്‍ തുനിഞ്ഞിറങ്ങിയവര്‍ ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തവും ഫിസിക്‌സിലെ കൂടുതല്‍ പഠനങ്ങളും പുറത്തുവന്നപ്പോള്‍ പതിയെ മാളത്തിലൊളിച്ചു. ജീവന്‍ നിസ്സാരമാണെന്ന് വിചാരിച്ചിരുന്ന, അതിന്റെ സങ്കീര്‍ണതകള്‍ അറിയാത്ത കാലത്ത് വിളിച്ചു പറഞ്ഞ ജീവോല്‍പത്തിയെ കുറിച്ചുള്ള ഭൂലോക മണ്ടത്തരങ്ങള്‍ ജൈവശാസ്ത്ര രംഗത്തെ പഠനങ്ങള്‍ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു കഴിഞ്ഞു. പദാര്‍ഥപ്രപഞ്ചത്തെ പറ്റി പോലും പൂര്‍ണമായ അറിവില്‍ പഠിക്കാന്‍ സാധ്യമല്ലെന്ന കാര്യം ശാസ്ത്രലോകത്ത് അംഗീകരിക്കപ്പെട്ടു. സൂക്ഷ്മപ്രപഞ്ചത്തില്‍ പോലും പൂര്‍ണമായ അറിവ് സാധ്യമല്ലെന്ന Uncertainty Principle പോലുള്ള സിദ്ധാന്തങ്ങളും സ്ഥൂലപ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണെന്നും നാം എത്ര തന്നെ പുരോഗമിച്ചാലും അതിനെ കുറിച്ച് പൂര്‍ണമായി പഠിക്കാന്‍ സാധ്യമല്ലെന്ന തിരിച്ചറിവുകളും പദാര്‍ഥ പ്രപഞ്ചം പോലും പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിക്കാത്ത ശാസ്ത്രത്തിന്റെ രീതികളിലൂടെയാണോ പദാര്‍ഥങ്ങള്‍ക്കും പ്രപഞ്ചത്തിനും തന്നെ അതീതനായ സ്രഷ്ടാവിനെ നേരിട്ട് കാട്ടിത്തരണം എന്ന് പറയുന്നതെന്ന മറുചോദ്യങ്ങള്‍ ഉയര്‍ന്നത് എത്രകാലം കണ്ടില്ലെന്ന് നടിക്കാനാവും?!

ചുരുക്കത്തില്‍ ശാസ്ത്രത്തിന്റെ വളര്‍ച്ചയോടെ 'ദൈവം മരിക്കുമെന്ന്' സ്വപ്‌നം കണ്ടവരെ നിരാശപ്പെടുത്തിക്കൊണ്ട് ശാസ്ത്രീയ വിജ്ഞാനങ്ങള്‍ തന്നെ പ്രപഞ്ചത്തിന്റെ സങ്കീര്‍ണതകളും അത്ഭുതപ്പെടുത്തുന്ന വ്യവസ്ഥാപിതത്വവും പ്രപഞ്ചത്തെ അറിയാനുള്ള ശാസ്ത്രത്തിന്റെ പരിമിതികളും അടിവരയിട്ടുകൊണ്ട് ആവര്‍ത്തിക്കുന്നതിലുള്ള വിഷമവും പ്രയാസവും ഇന്ന് നിരീശ്വരന്മാരില്‍ കാണാനാകും. 'ദൈവം മരിച്ചി'ല്ലെന്ന് മാത്രമല്ല ഈ അറിവുകള്‍ സര്‍വശക്തനായ ഒരു പ്രപഞ്ചാതീത ശക്തിയിലേക്ക് തന്നെ വിരല്‍ചൂണ്ടിക്കൊണ്ടേയിരിക്കുന്നു എന്നുള്ള തിരിച്ചറിവ് അവരെ തെല്ലൊന്നുമല്ല അസ്വസ്ഥപ്പെടുത്തുന്നത്. യുക്തിവാദ പ്രസ്ഥാനങ്ങളുടെ തളര്‍ച്ചയെ കുറിച്ചുള്ള ചര്‍ച്ചകളില്‍, ഇതായിരുന്നില്ല അറുപതുകളില്‍ തങ്ങള്‍ സ്വപ്‌നം കണ്ടത് എന്ന നേതാക്കന്മാരുടെ നെടുവീര്‍പ്പുകളില്‍ നിന്ന് അത് കൃത്യമായി വായിച്ചെടുക്കാനും സാധിക്കും.

ഇങ്ങനെ എല്ലാ നിലക്കും ശാസ്ത്രലോകത്തെ വൈജ്ഞാനിക പുരോഗതികള്‍ തങ്ങള്‍ക്കുമേല്‍ പ്രഹരമാകുമ്പോഴും നിരീശ്വരവാദത്തെ ശാസ്ത്രത്തിന്റെ പര്യായമായി അവതരിപ്പിക്കാനും ശാസ്ത്രത്തിന്റെ മൊത്തക്കുത്തക സ്വയം ഏറ്റെടുക്കാനും തയ്യാറായി വരുന്നയാളുകളെ കാണുമ്പോള്‍ ആര്‍ക്കാണ് ചിരി വരാതിരിക്കുക! യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും മനോഹരമായ ലോകത്തെ കുറിച്ച് വാചാലരായി ആളെക്കൂട്ടിയ ശേഷം വെറും നാലാംകിട മതവിമര്‍ശന തൊഴിലാളികളായി അവരെ പരിവര്‍ത്തിപ്പിച്ചെടുത്ത്, നാടിനോ സമൂഹത്തിനോ ക്രിയാത്മകമായി ഒന്നും നല്‍കാനില്ലാത്ത, സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കാനും ആക്ഷേപങ്ങള്‍ ചൊരിയാനും മാത്രമറിയുന്ന പരിഹാസജീവികള്‍ മാത്രമാക്കി അധഃപതിപ്പിക്കുന്ന നവനാസ്തികരുടെ 'ശാസ്ത്രപ്രചാരണത്തിന്റെ' കോലവും ശാസ്ത്രത്തോടുള്ള അവരുടെ നിലപാടുകളും പൊതുജനത്തിന് മുന്‍പില്‍ തുറന്നു കാട്ടേണ്ടിയിരിക്കുന്നു.

(അടുത്ത ഭാഗം: നിരീശ്വരവാദികളും ശാസ്ത്രത്തോടുള്ള സമീപനവും)