ലക്ഷദ്വീപ് യാത്രയെ പറ്റി കേട്ടപ്പോള്‍ തന്നെ മനസ്സില്‍ ആവേശവും സന്തോഷവുമായിരുന്നു.. പവിഴപ്പുറ്റുകളാല്‍ സമ്പന്നമായ മരതക ദ്വീപുകളെ കുറിച്ച് കേട്ടിരുന്നതല്ലാതെ ഇതു വരെ നേരിൽ കാണാനുള്ള അവസരമുണ്ടായിരുന്നില്ല. മാത്രമല്ല,ആദ്യമായി കപ്പലിൽ യാത്ര ചെയ്യുന്നതിലുള്ള സന്തോഷവുമുണ്ടായിരുന്നു ഈ ലക്ഷദ്വീപ് യാത്രക്ക്.. ഒന്നിനൊന്ന് വ്യത്യസ്തമായ 36 ദ്വീപുകൾ.. അവയിൽ വ്യത്യസ്ത സംസ്കാരം നിറഞ്ഞ പത്ത് ദ്വീപുകളുടെ കൂട്ടം.. കടലിനു മുകളിൽ, തിരകളുടെ തലോടലേറ്റ്, അതിഥികളെ വരവേറ്റ് ഒരു കൌതുകമായി അവ നിലനിൽക്കുന്നു..
1.
മെയ് 17 നു രാത്രി ഒരു മണിക്ക് കണ്ണൂരിലുള്ള വീട്ടിൽ നിന്ന് ഞാനും കുടുംബവും കാറിൽ എറണാകുളത്തേക്ക് തിരിച്ചു. എറണാകുളത്തെ ഒരു പരിചയക്കാരന്റെ വീട്ടിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷം 8 മണിക്ക് കൊച്ചി ഷിപ് യാർഡിലെത്തി. ദൂരെ നിന്ന് തന്നെ കടലിനു മുകളിലെ മണി മാളികപോലെ തലയുയർത്തി നിൽക്കുന്ന കവരത്തി കപ്പലിനെ കാണാമായിരുന്നു..
ആകാംക്ഷ നിറഞ്ഞ മനസ്സുമായി ഞങ്ങൾ ക്യൂ നിന്നു - കയറുകൊണ്ടുള്ള കോണി വഴി കപ്പലിൽ കയറി. ആശയക്കുഴപ്പുണ്ടാക്കുന്ന ഇടവഴികളും ബ്ലോക്കുകളും ചുറ്റി അവസാനം ഞങ്ങൾ ബുക്ക് ചെയ്ത മുറിയിലെത്തി.. ചെറിയൊരു വീട് തന്നെ.. രണ്ട് ബെഡ്ഡുകൾ, അലമാര, മേശ, ലൈഫ് ജാക്കറ്റുകൾ...