'കഞ്ചാവ് ഉപയോഗിക്കുന്നവരുടെ പത്ത് ലക്ഷണങ്ങള്‍' എന്ന പേരില്‍ കഴിഞ്ഞ ദിവസം മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ലേഖനം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.. മുടി കുട പോലെ നീട്ടി വളര്‍ത്തുക, വശങ്ങളില് പറ്റെ വെട്ടുക, ബൈക്കുകളില്‍ എക്സ്ട്രാ ഫിറ്റിംഗ്കള്‍ നടത്തുക, വസ്ത്രം അലക്കാതെ അലക്ഷ്യമായി കൂട്ടിയിടുക.... ഇങ്ങനെ പോകുന്നു മനോരമയുടെ 'കഞ്ചാവ് ഐഡന്റിഫികേഷന്‍ ടിപ്സുകള്‍'.. ഏറെ പരിഹാസ്യമായ പ്രസ്തുത ലേഖനത്തിനു ട്രോളുകള്‍ കൊണ്ടും പരിഹാസങ്ങള്‍ കൊണ്ടും മലയാളികള്‍ കണക്കിന് കൊടുത്തു.. മുടി വളര്‍ത്തലും മറ്റും ഓരോരുത്തരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും അത് സൂപ്പര്‍ സ്റ്റാറുകളെ അനുകരിച്ചായാലും അല്ലെങ്കിലും അതിനുള്ള അവകാശം ചോദ്യം ചെയ്യാന്‍ ആര്‍ക്കും അര്‍ഹതയില്ലെന്നും തുടങ്ങി മുടിയുടെ നീളമെങ്ങനെ വ്യക്തിയുടെ മനസ്സിനെ പ്രതിനിധീകരിക്കും എന്നിടത്ത് വരെ എത്തി നില്ക്കുന്നു ചര്‍ച്ചകള്‍..സൂപ്പര്‍ സ്റ്റാറുകളെ അനുകരിച്ച് ഹെയര്‍ സ്റ്റൈല്‍ സ്വീകരിക്കാനുള്ള അവകാശത്തെ പറ്റിയുള്ള ചര്‍ച്ചകളൊക്കെ തകൃതിയായി നടക്കട്ടെ.. പക്ഷെ അതിനിടയില്‍ നാം ഓര്‍ക്കേണ്ട ചില കാര്യങ്ങളുണ്ട്.. മുടി നീട്ടലിനെ കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെടുത്തിയ മനോരമയുടെ പോസ്റ്റിനെ ഇത്രത്തോളം പരിഹാസത്തോടെയും അവജ്ഞതയോടും കൂടി കാണുന്ന മലയാളി തന്നെ താടി നീട്ടി മീശ വെട്ടി നടക്കുന്ന ഒരുത്തനെ കണ്ടാല്‍ ഏതു രീതിയിലാണ് ഇന്നും നോക്കി കൊണ്ടിരിക്കുന്നത്?? മുടി നീട്ടലിന് വ്യക്തിയുടെ കഞ്ചാവ് ഉപയോഗവുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാന്‍ ട്രോളുകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ പക്ഷെ താടി രോമത്തിന്റെ നീളവും മനസ്സിലെ തീവ്രവാദത്തിന്റെ അളവും തമ്മിലുള്ള 'പ്രപോഷനാലിറ്റി'യില്‍ ഇപ്പോഴും വിശ്വസിക്കുന്നു..! അതെ, വശങ്ങളില് മുടി പറ്റെ വെട്ടിയാലോ കുട പോലെ നീട്ടി വളര്‍ത്തിയാലോ അവന് കഞ്ചാവുകാരന്‍ ആകുന്നില്ലെങ്കില്‍ താടിയുടെ നീളമനുസരിച്ച് ഒരാള്‍ തീവ്രവാദിയും ആകുന്നില്ലെന്ന തിരിച്ചറിവ് പൊതുസമൂഹത്തിനു ലഭിക്കാന്‍ മനോരമയുടെ ഈ മണ്ടത്തരം എങ്കിലും കാരണമാവേണ്ടതുണ്ട്..
സൂപ്പര്‍ സ്റ്റാറുകളെ അനുകരിച്ച് മുടി വെട്ടാനുള്ള 'മൌലിക അവകാശത്തെ' പറ്റി വാചാലരാകുന്നവര്‍ മുസ്ലിംകളുടെ എക്കാലത്തെയും സൂപ്പര്‍ സ്റ്റാറായ, ജീവിതത്തിന്റെ സകല-നിഖില മേഖലകളില്‍ അവര്‍ക്ക് മാതൃകാ പുരുഷനായ മുഹമ്മദ് നബി(സ) യെ അനുകരിച്ച്, ആ പ്രവാചകന്റെ പാത പിന്തുടര്ന്ന് താടി നീട്ടാനുള്ള അവരുടെ അവകാശത്തെ പറ്റിയും ഒരല്പം ചിന്തിച്ചാല്‍ നന്നായിരുന്നു..
ചില മണ്ടത്തരങ്ങള്‍ ചിലപ്പോഴെങ്കിലും ഇച്ചിരി തിരിച്ചറിവുകള്‍ നല്‍കിയേക്കും..!!
- അബ്ദുല്ലാ ബാസില്‍ സി.പി
bcpkannur.blogspot.com
എന്തെല്ലാം തെറ്റിദ്ധാരണകൾ!!!
ReplyDelete