Thursday, September 22, 2016

മുനീറും സുധാകരനും 'ഭയത്തിന്റെ' രാഷ്ട്രീയവും!

ഈ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു പ്രധാന നിലവിളക്ക് സംഭവങ്ങള്‍ക്കാണ് മലയാളികള്‍ സാക്ഷികളായത്.. ആലപ്പുഴയില്‍ അധ്യാപക ദിനത്തോടനുബന്ധിച്ച് നടന്ന ഒരു ചടങ്ങില്‍, നിലവിളക്ക് കൊളുത്തില്ലെന്നും സര്‍ക്കാര്‍ വേദികളില്‍ നിന്ന് നിലവിളക്കും പ്രാര്‍ത്ഥനകളും ഒഴിവാക്കണം എന്നും പ്രസ്താവന ഇറക്കിയ മന്ത്രി ജി.സുധാകരന്‍ പങ്കെടുക്കുന്നതിനാല്‍ സംഘാടകര്‍ തന്നെ ചടങ്ങില്‍ നിലവിളക്ക് വേണ്ട എന്ന് തീരുമാനിച്ചതായിരുന്നു ഒന്നാമത്തെ സംഭവം.. സ്ഥലത്തെ ബിജെപി വാര്‍ഡ്‌ മെമ്പര്‍ പ്രതിഷേധിച്ച് സ്കൂളിന് പുറത്ത്‌ ഒറ്റയ്ക്ക് നിലവിളക്കും കൊളുത്തിയിരിക്കുന്ന പരിഹാസ്യമായ ചിത്രം സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ജന്മഭൂമി തന്നെയാണ്!


'ബഹറില്‍ മുസ്വല്ലയിട്ട് നിസ്കരിച്ചു കാണിച്ചാലും ഫാസിസ്റ്റിനെ വിശ്വസിക്കരുത്' എന്ന് പഠിപ്പിച്ച സി.എച്ചിന്റെ മകന്‍ എം.കെ മുനീര്‍ കോഴിക്കോട് ശിവസേന സംഘടിപ്പിച്ച ഗണേശോല്സവത്തില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതാണ് രണ്ടാമത്തേത്..! സംഭവം വിവാദമാവുകയും ന്യായീകരണവുമായി മുനീര്‍ രംഗത്ത് വരികയും ചെയ്തു. ആയിരക്കണക്കിന് വോട്ടര്‍മാരാണ് അവിടെ ഉണ്ടായിരുന്നത് എന്നും താന്‍ അവര്‍ക്ക്‌ വേണ്ടിയാണ് പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയത്‌ എന്നിങ്ങനെ പോകുന്നു ന്യായീകരണങ്ങള്‍..

ഇവിടെ രണ്ടാമത്തെ സംഭവത്തില്‍ വോട്ടര്‍മാര്‍ക്ക്‌ വേണ്ടി ആദര്‍ശം മറന്നയാള്‍ അങ്ങോട്ട്‌ പോയി നിലവിളക്ക് കൊളുത്തിയപ്പോള്‍ ഒന്നാം സംഭവത്തില്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്ന ജനപ്രതിനിധിക്ക്‌ വേണ്ടി ജനങ്ങള്‍ സ്വയം നിലവിളക്ക് മാറ്റാന്‍ തയാറാവുകയും കൊളുത്താന്‍ വേണ്ടി പ്രതിഷേധിച്ചവര്‍ ഒറ്റപ്പെടുകയും ചെയ്യുന്നു.! ഒരു ദൈവത്തിലും വിശ്വാസമില്ലാത്തത്തിന്റെ പേരില്‍ ഒരാള്‍ക്ക്‌ നിലവിളക്ക് കൊളുത്തല്‍ എന്ന മതവുമായി ബന്ധപ്പെട്ട കാര്യവുമായി വിട്ടു നില്‍ക്കാമെങ്കില്‍, അതിനു ജനങ്ങള്‍ കൂടെ നില്‍ക്കുമെങ്കില്‍, ഒരു ദൈവത്തില്‍ മാത്രം വിശ്വാസമുള്ളതിന്റെ പേരില്‍ മുനീറിനും അത് സാധിക്കുമായിരുന്നു..എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടി ആദര്‍ശം മാറ്റിയും വോട്ടിനു വേണ്ടി എന്തിനു മുന്‍പിലും ശിരസ്സ്‌ കുനിക്കാന്‍ തയ്യാറാവുന്ന കാലത്തോളം അത് സാധ്യമാകില്ല എന്ന് മാത്രം. നിലവിളക്കിന്റെ ഓരോ തിരിയും പ്രതിനിധാനം ചെയ്യുന്നത് വ്യത്യസ്ത മൂര്‍ത്തികളെ ആണെന്നും അത് ബഹുദൈവ ആരാധനയുമായി നേരിട്ട് തന്നെ ബന്ധമുള്ളതാണെന്നും അതിനാല്‍ ഒരു ഏകദൈവ വിശ്വാസിക്ക് അത് കൊളുത്താന്‍ പറ്റില്ലെന്നും ശിഹാബ്‌ തങ്ങള്‍ മുതല്‍ സൈനുദ്ദീന്‍ മുസ്ല്യാര്‍ വരെയുള്ള രാഷ്ട്രീയ-മത നേതാക്കള്‍ വ്യക്തമാക്കിയതാണ്. സുപ്രഭാതം പത്രത്തിന്റെ ഒന്നാം പേജില്‍ വന്ന സമസ്തയുടെ നിലവിളക്ക് വിരുദ്ധ ഫത്വയെയും മുന്‍ലീഗ് നേതാക്കളുടെ ഈ നിലപാടുകളെയും കാറ്റില്‍ പറത്തിയാണ് മുനീര്‍ ഫാസിസ്റ്റുകള്‍ക്ക് 'വെളിച്ച'മായത്!!

എം.കെ മുനീറിന്റെ വാപ്പ, കേരളത്തിന്റെ മുഖ്യ മന്ത്രിയായിരുന്ന സി.എച്ചിനും ഉണ്ടായിരുന്നു വോട്ടര്‍മാര്‍.. എന്നാല്‍ അദ്ദേഹമൊരിക്കലും അതുപറഞ്ഞ് നിലവിളക്ക് കൊളുത്താന്‍ തയാറായിരുന്നില്ല.. വോട്ടര്‍മാരില്‍ നിലവിളക്ക് കൊളുത്തുന്നവരും കൊളുത്താത്തവരും ഏകദൈവ വിശ്വാസികളും ബഹുദൈവ വിശ്വാസികളും വിശ്വാസം തന്നെ ഇല്ലാത്തവരും ഒക്കെയുണ്ടാവും.. അവര്‍ക്കൊക്കെ തങ്ങളുടെ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് ജീവിക്കുവാനും വിശ്വസിക്കാനും അവകാശവുമുണ്ട്.. ഒരു ജനപ്രതിനിധി തന്റെ വോട്ടര്‍മാരോടുള്ള കൂറ് അറിയിക്കേണ്ടത് ഒരിക്കലും സ്വന്തം ആദര്‍ശത്തെ പണയപ്പെടുത്തിയുമല്ല.. അങ്ങനെ ചെയ്യാത്തതിന്റെ പേരില്‍ സി.എച്ചിന് വോട്ടര്‍മാര്‍ കുറഞ്ഞു പോയിട്ടുമില്ല എന്നോര്‍ക്കണം. മാത്രവുമല്ല അന്ന് സി.എച്ച് നിലവിളക്ക് കൊളുത്തില്ലെന്നു പറഞ്ഞപ്പോള്‍ പിന്തുണക്കുകയായിരുന്നു ഇ.എം.എസ് ചെയ്തത്!! 'വിശ്വാസം മനസ്സിലാണ്' എന്ന് പറഞ്ഞു ന്യായീകരിക്കുന്നവര്‍, വിശ്വാസം മനസ്സില്‍ മാത്രമല്ല 'ശഹാദത്തെന്ന' പ്രഖ്യാപനവും കൂടി അതിന്റെ ഭാഗമാണെന്ന് മനസ്സിലാക്കണം.. മനസ്സിലുള്ള വിശ്വാസം ജീവിതത്തിലൂടെ പ്രഖ്യാപിക്കണം എന്നതാണ് ശഹാദത്ത് കലിമയുടെ താല്പര്യം..

ന്യൂനപക്ഷങ്ങള്‍ 'മതേതര' ലേബലിന് വേണ്ടിയും അപകര്‍ഷതാ ബോധം കാരണവും വിശ്വാസം വലിച്ചെറിയണം എന്ന് തന്നെയാണ് ഫാസിസ്റ്റുകളും ആഗ്രഹിക്കുന്നത്.. അതിനു വേണ്ടി ശിരസ്സ്‌ കുനിച്ച് നില്‍ക്കാന്‍ തയ്യാറല്ലെന്ന് ഉറക്കെ പറയാനുള്ള ധൈര്യം കാണിക്കുന്നത് വരെ ഫാസിസ്റ്റുകളെ പ്രതിരോധിക്കാന്‍ സാധിക്കുകയില്ല.. അതിനെത്ര കനമുള്ള പുസ്തകങ്ങള്‍ എഴുതിയിട്ടും കാര്യവുമില്ല.!

No comments:

Post a Comment