Tuesday, April 3, 2018

ദൈവാസ്തിത്വത്തിന് തെളിവുകളുണ്ടോ?!


ദൈവമുണ്ടോ എന്ന ചോദ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ദൈവത്തെ നിഷേധിച്ചുകൊണ്ടും സ്ഥാപിച്ചുകൊണ്ടുമുള്ള വാദപ്രതിവാദങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഓരോ കാലത്തും അതാത് കാലത്തെ ലഭ്യമായ അറിവുകള്‍ വെച്ച് ദൈവത്തെയില്ലാതാക്കാന്‍ നിരീശ്വരന്മാര്‍ ശ്രമിച്ചിട്ടുണ്ട്. ന്യൂട്ടോണിയന്‍ ഫിസിക്സിന്റെ കാലത്ത് മൂന്ന് ചലനനിയമങ്ങളോടെ ഇനിയൊരു ദൈവത്തിനു പ്രസക്തിയില്ലെന്ന് വീമ്പുപറഞ്ഞവരുണ്ടായിരുന്നു. പ്രപഞ്ചത്തിന്റെ സങ്കീര്‍ണ്ണതകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ ഇന്നുമവര്‍ അറിഞ്ഞമട്ടില്ല. അറുപതുകളില്‍ പുറത്തിറങ്ങിയ ടൈം മാഗസിന്‍റെ കവര്‍ സ്റ്റോറി തന്നെ ‘ദൈവം മരിച്ചുവോ?’ എന്നായിരുന്നു. ശാസ്ത്രത്തിന്‍റെ പുരോഗതിയോടെ ദൈവവിശ്വാസം ഇല്ലാതാകുമെന്ന ഒച്ചപ്പാടുകളായിരുന്നു അന്ന് കേട്ടതെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കടക്കുമ്പോള്‍ ‘എന്തുകൊണ്ടാണ് ശാസ്ത്രം ദൈവത്തെ നിഷേധിക്കാത്തത്?’ എന്ന ചര്‍ച്ചയാണ് അതേ ടൈം മാഗസിനില്‍ നടക്കുന്നത് (2014 ഏപ്രില്‍ 17). 

ദൈവമില്ല എന്ന് പഠിച്ചുബോധ്യപ്പെട്ടൊന്നുമല്ല ദൈവത്തെ നിഷേധിക്കാന്‍ ഇക്കൂട്ടര്‍ രംഗത്തിറങ്ങുന്നത്. തങ്ങള്‍ക്ക് മുകളില്‍ അനുസരിക്കപ്പെടേണ്ടവനായി ആരുമുണ്ടാകരുത് എന്നുള്ള അഹന്തയും ദൈവം നിശ്ചയിക്കുന്ന നിയമങ്ങളും അതിരുകളും കാര്യമാക്കാതെ തന്നിഷ്ടപ്രകാരം ജീവിക്കാനുള്ള ആഗ്രഹവുമാണ് ഒരാളെ ദൈവനിഷേധിയാക്കുന്നത്. ദൈവവിശ്വാസിയായി മതനിയമങ്ങള്‍ക്ക് വിധേയനായി ജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. തനിക്ക് മുകളില്‍ സര്‍വ്വശക്തനായ ഒരു സ്രഷ്ടാവുണ്ടെന്നും താന്‍ അവന്‍റെ അടിമ മാത്രമാണെന്നും അംഗീകരിക്കാന്‍ വിനയമുള്ളവര്‍ക്ക് മാത്രമേ സാധിക്കുകയുമുള്ളൂ. അതിനാല്‍ തന്നെ ഇതിനെയെല്ലാം തള്ളിക്കളഞ്ഞ് ഒരു ബോധ്യവുമില്ലെങ്കിലും ദൈവത്തെ നിഷേധിക്കാന്‍ മുന്നോട്ട് വരികയാണ് നാസ്തികര്‍ ചെയ്യുന്നത്.

നിരീശ്വരവാദീ വേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള ഒരു സുഹൃത്തിനോട്‌ ദൈവാസ്തിത്വത്തെ പറ്റി ഫേസ്ബുക്കില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ‘ദൈവമുണ്ടോ ഇല്ലേ എന്നൊന്നും ഞങ്ങള്‍ക്ക് വിഷയമല്ല, ഏതായാലും നിങ്ങളുടെ കിത്താബില്‍ പറയുന്ന തരത്തില്‍ ഒരു ദൈവമില്ല എന്ന കാര്യം ഉറപ്പാണ്’ എന്നാണ്! നോക്കൂ, ദൈവവിശ്വാസവും നിരീശ്വരവിശ്വാസവും തമ്മിലുള്ള അടിസ്ഥാന വിഷയത്തില്‍ പോലും ഇവരുടെ ആത്മാര്‍ഥത എത്രത്തോളമുണ്ട് എന്ന്! ഖുര്‍ആനിലും ഹദീസിലും വന്ന അല്ലാഹുവിനെ പറ്റി വന്ന വിശദാംശങ്ങളെ മതവിമര്‍ശന തൊഴിലാളികള്‍ വളച്ചൊടിച്ച് കൊട്ടിമാട്ടി അവതരിപ്പിച്ചത് അതേപടി വിഴുങ്ങുകയും ഇങ്ങനെയാണെങ്കില്‍ ദൈവമില്ല എന്ന് പറയുന്ന ദയനീയമായ അവസ്ഥ. ദൈവമുണ്ടോ എന്ന വിഷയത്തില്‍ കൃത്യമായ ഒരു പഠനമോ ദൈവാസ്തിത്വത്തിന്റെ തെളിവുകളെ പറ്റിയുള്ള ഒരന്വേഷണമോ ഇവര്‍ നടത്തിയിട്ടില്ല.

ദൈവാസ്തിത്വത്തിന്‍റെ തെളിവുകളെ പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ഇസ്‌ലാം ആദ്യമായി തന്നെ മുന്നോട്ട് വെക്കുന്നത് മനുഷ്യന്‍റെ ശുദ്ധപ്രകൃതി തന്നെയാണ്. ദൈവത്തെ തേടി ആകാശങ്ങളുടെ പുറത്തേക്കോ ഭൂമിയുടെ ആഴങ്ങളിലേക്കോ പോകേണ്ടതില്ലെന്നും മനുഷ്യന്‍റെ ശുദ്ധപ്രകൃതിയില്‍ തന്നെ ആ വിശ്വാസം അന്തര്‍ലീനമായിരിക്കുന്നു എന്നതാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.

‘ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്‍റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ചു നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്’ (വിശുദ്ധ ഖുര്‍ആന്‍ 30:30)

അതായത് ദൈവവിശ്വാസം എന്നത് മനുഷ്യന്‍റെ സൃഷ്ടിപ്പില്‍ തന്നെ അവനിലുള്ള ഗുണമാണ്. മനുഷ്യന്‍റെ ‘ഫിത്‌റത്ത്’ അഥവാ ശുദ്ധപ്രകൃതി അവന്‍റെ സ്രഷ്ടാവിനെ അംഗീകരിക്കുന്നു. പ്രകൃതിപരമായ പ്രവണതയായ ഒരു സ്രഷ്ടാവിലുള്ള വിശ്വാസം പ്രത്യേകം പഠിപ്പിച്ചെടുക്കേണ്ട ഒന്നല്ല, അത് നൈസര്‍ഗികമാണ് എന്ന് ചുരുക്കം. സാമൂഹ്യശാസ്ത്രത്തിലും നരവംശശാസ്ത്രത്തിലും നടക്കുന്ന പുതിയ പഠനങ്ങളും ഗവേഷണങ്ങളും ഈയൊരു കാര്യത്തെ സാധൂകരിക്കുന്നതാണ്. ദൈവത്തെ പറ്റി ഒരു തരത്തിലുള്ള അധ്യാപനവും നല്‍കാതെ ഒരു കുട്ടിയെ ഒറ്റപ്പെട്ട ഒരു ദ്വീപില്‍ കൊണ്ടുപോയി വളര്‍ത്തിയാല്‍ പോലും ആ ദ്വീപിന് ഒരു സ്രഷ്ടാവുണ്ട് എന്ന വിശ്വാസം അവനില്‍ രൂപപ്പെട്ടുവരും എന്ന തരത്തിലുള്ള പഠനങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.

മനുഷ്യന്‍റെ ഈ ശുദ്ധപ്രകൃതിക്ക് എതിരാണ് നിരീശ്വര വിശ്വാസം. അതുകൊണ്ട് തന്നെ ദൈവമില്ല എന്ന കാര്യം പ്രത്യേകം പഠിപ്പിക്കേണ്ടി വരുന്നു. അതൊരിക്കലും പ്രകൃതിപരമായി മനുഷ്യന് ലഭിക്കുന്ന ഒന്നല്ല. അതുകൊണ്ടാണ് സോവിയറ്റ് റഷ്യപോലുള്ള രാജ്യങ്ങളില്‍ നിരീശ്വരവാദം സ്കൂള്‍ സിലബസില്‍ പോലും ഉള്‍ക്കൊള്ളിച്ചുകൊണ്ട് കുട്ടികളിലേക്ക് ഈയൊരു വിശ്വാസം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അവിടങ്ങളില്‍ പോലും ദൈവവിശ്വാസം തിരിച്ചുവരുന്നു എന്ന വസ്തുതയാണ് നമുക്ക് കാണാനാകുന്നത്. ശുദ്ധനിരീശ്വരന്മാരായി വളര്‍ത്തിക്കൊണ്ട് വന്ന ഒരു തലമുറ പോലും തിരിച്ചു ദൈവവിശ്വാസത്തിലേക്ക് പതിയെ തിരിച്ചു വരുന്നുണ്ടെങ്കില്‍ അത് മനുഷ്യന്‍റെ ശുദ്ധപ്രകൃതിയിലേക്കുള്ള തിരിച്ചുവരവ് തന്നെയാണ്.

ശക്തമായി നിരീശ്വരവാദത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ പോലും അറിയാതെ ചില സന്ദര്‍ഭങ്ങളില്‍ ദൈവത്തെ കുറിച്ച് സംസാരിച്ചത് അവരുടെ ഉള്ളില്‍ പോലുമുള്ള ഈ പ്രകൃതിപരമായ ഈ വിശ്വാസം കൊണ്ടാണ്. ആഗോള നിരീശ്വരവിശ്വാസികളുടെ പുരോഹിതനായ റിച്ചാര്‍ഡ് ഡോക്കിന്‍സ് പോലും ബിബിസി റേഡിയോയുടെ ഒരു ഇന്റര്‍വ്യൂക്കിടയില്‍ പെട്ടെന്ന് ചില കാര്യങ്ങള്‍ ഓര്‍മ്മയില്‍ വരാതിരുന്നപ്പോള്‍ അറിയാതെ വിളിച്ചു പോയത് ‘എന്‍റെ ദൈവമേ’ എന്നായിരുന്നു! കേരളത്തില്‍ തന്നെ നിരീശ്വരവാദിയായ ഒരു രാഷ്ട്രീയ നേതാവ് അവസാന കാലത്ത് ചില ആരോപണങ്ങള്‍ ഉന്നയിച്ച് മാധ്യമപ്രവര്‍ത്തകര്‍ വല്ലാതെ ശല്യപ്പെടുത്തിയപ്പോള്‍ അവരോട് പറഞ്ഞത് ‘മുകളിലൊരാള്‍ ഉണ്ട് എന്ന് ഓര്‍മ്മിക്കണം കേട്ടോ’ എന്നായിരുന്നു! എല്ലാവരുടെയും ഉള്ളിലുള്ള സ്രഷ്ടാവിലുള്ള വിശ്വാസം ചിലപ്പോഴെങ്കിലും അറിയാതെ പുറത്ത് വരുന്നു എന്ന് മാത്രം.. എങ്കില്‍ പോലും വരട്ടുന്യായങ്ങളും കുതര്‍ക്കങ്ങളും പറഞ്ഞ് അവര്‍ വീണ്ടും ദൈവത്തെ നിഷേധിച്ചുകൊണ്ടേയിരിക്കും!

ദൈവാസ്തിത്വത്തിനുള്ള മറ്റൊരു പ്രധാനപ്പെട്ട തെളിവ് ലോകത്ത് കഴിഞ്ഞു പോയ മുഴുവന്‍ പ്രവാചകന്മാരും അവരിലൂടെ അവതരിക്കപ്പെട്ട വേദഗ്രന്ഥങ്ങളും തന്നെയാണ്. കഴിഞ്ഞുപോയ ഒരു പ്രവാചകനും ദൈവത്തെ പറ്റി പഠിപ്പിക്കാതെ കടന്നുപോയിട്ടില്ല. ദൈവത്തില്‍ നിന്നുള്ള പ്രവാചകനാണ് എന്ന് ബോധ്യപ്പെടുത്തുന്ന അമാനുഷിക ദൃഷ്ടാന്തങ്ങള്‍ (മുഅജിസത്ത്) അവരിലൂടെ സമൂഹം നേരിട്ട് ബോധ്യപ്പെട്ടു. അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബി(സ)യുടെ ഏറ്റവും വലിയ മുഅജിസത്തായ വിശുദ്ധ ഖുര്‍ആന്‍ ഇന്നും നമ്മുടെ മുന്‍പില്‍ ഏറ്റവും വലിയ ദൃഷ്ടാന്തമായി നിലനില്‍ക്കുന്നു. ഖുര്‍ആന്‍ ദൈവത്തില്‍ നിന്നല്ല എന്ന് വാദിക്കുന്നവര്‍ക്ക് മുന്‍പില്‍ അത് തെളിയിക്കാനുള്ള അവസരങ്ങള്‍ ഖുര്‍ആന്‍ ഒരുക്കി.

“പറയുക, ഈ ഖുര്‍ആന്‍ പോലുള്ള ഒന്ന് കൊണ്ടുവരാന്‍ മനുഷ്യരും ജിന്നുകളും ഒത്തൊരുമിച്ചാലും അവര്‍ അതുപോലെയുള്ള ഒന്ന് കൊണ്ടുവരികയില്ല. (സൂറ. ഇസ്രാഉ: 88)

ഖുര്‍ആന്‍ ദൈവികമല്ലെന്ന് വാദിച്ചവര്‍ക്ക് മുന്‍പില്‍ ഖുര്‍ആന്‍ പോലുള്ള ഒന്ന് കൊണ്ട് വരാനുള്ള ഈ വെല്ലുവിളി ആവര്‍ത്തിക്കപ്പെട്ടു. ഒരാളും ഏറ്റെടുത്തില്ല, വീണ്ടും ഖുര്‍ആന്‍ വെല്ലുവിളിച്ചു.

“അദ്ദേഹം ഇത് കെട്ടിച്ചമച്ചതാണ് എന്നാണോ നിങ്ങള്‍ പറയുന്നത്, എങ്കില്‍ പറയുക, കെട്ടിച്ചമക്കപ്പെട്ട ഒരു പത്ത് സൂറത്തുകളെങ്കിലും ഇതുപോലെ നിങ്ങള്‍ കൊണ്ടുവരുവിന്‍. അല്ലാഹുവിന് പുറമേ സാധ്യമായവരെയൊക്കെ നിങ്ങള്‍ വിളിക്കുകയും ചെയ്തുകൊള്ളുവിന്‍. നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍” (സൂറ. ഹൂദ്‌ : 13)

ഖുര്‍ആന്‍ പോലുള്ള ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ സാധിക്കാത്തവരോട് പത്ത് അദ്ധ്യായങ്ങള്‍ എങ്കിലും ഇതുപോലുള്ളത് കൊണ്ടുവരാന്‍ ഖുര്‍ആന്‍ വെല്ലുവിളിച്ചു. അതിനും അവര്‍ക്ക് സാധിച്ചില്ലെന്നു മാത്രമല്ല, ഖുര്‍ആന്‍ ഒന്നുകൂടി വെല്ലുവിളിച്ചു.

“നമ്മുടെ അടിയാന്റെ മേല്‍ നാം അവതരിപ്പിച്ചതിനെ സംബന്ധിച്ച് നിങ്ങള്‍ക്ക് വല്ല സംശയവുമുണ്ടെങ്കില്‍ അത് പോലെയുള്ള ഒരു സൂറത്ത് നിങ്ങള്‍ കൊണ്ടുവരുവിന്‍. അല്ലാഹുവിന് പുറമെയുള്ള നിങ്ങളുടെ സാക്ഷികളെ നിങ്ങള്‍ വിളിച്ചു കൊള്ളുകയും ചെയ്യുവിന്‍. നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍” (ഖുര്‍ആന്‍ 2:23)

ഖുര്‍ആന്‍ പോലുള്ള ഒരു ഗ്രന്ഥമോ അതിലുള്ളത് പോലെയുള്ള പത്ത് അദ്ധ്യായങ്ങളോ കൊണ്ട് വരാന്‍ സാധിക്കാതിരുന്ന നിഷേധികളോട് ഖുര്‍ആനിലുള്ളത് പോലെയുള്ള ഒരു അദ്ധ്യായമെങ്കിലും കൊണ്ട് വരാന്‍ ഖുര്‍ആന്‍ വെല്ലുവിളിക്കുന്നു.. കേവലം മൂന്ന് ആയത്തുകളുള്ള അദ്ധ്യായം പോലും ഖുര്‍ആനിലുണ്ട്. അത്ര ചെറിയ ഒരു അദ്ധ്യായമെങ്കിലും കെട്ടിച്ചമച്ച് ഉണ്ടാക്കി ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ നിഷേധികള്‍ തയ്യാറായിരുന്നു എങ്കില്‍ അല്പമെങ്കിലും സത്യസന്ധത അവര്‍ക്കുണ്ട് എന്ന് വിചാരിക്കാമായിരുന്നു. എന്നാല്‍ നൂറ്റാണ്ടുകളായി ഖുര്‍ആനിന്റെ ഈ വെല്ലുവിളി ഒരാളും ഏറ്റെടുക്കാതെ ഇന്നും നിലനില്‍ക്കുന്നു എന്നത് തന്നെയാണ് ഈ മഹത്തായ ഗ്രന്ഥം സര്‍വ്വശക്തനായ ദൈവത്തില്‍ നിന്നുള്ളതാണ് എന്നതിന് മറ്റൊരു പ്രധാന തെളിവ്. മനുഷ്യന്‍ കെട്ടിച്ചമച്ച് ഉണ്ടാക്കിയതായിരുന്നു എങ്കില്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ആര്‍ക്കും ഒരു പ്രയാസവുമുണ്ടാകുമായിരുന്നില്ല. അതല്ല എന്നുള്ളത് കൊണ്ട് തന്നെയാണ് അറബി സാഹിത്യത്തിന്റെ അത്യുന്നതിയിലെത്തിയ അക്കാലഘട്ടത്തിലെ അറബികള്‍ക്കോ ഇന്ന് വരെ ഒരു മനുഷ്യക്കുഞ്ഞിനുമോ ഈ വെല്ലുവിളി ഏറ്റെടുക്കാനാവാതെ പോയത്. ഖുര്‍ആന്‍ വീണ്ടും മനുഷ്യചിന്തയെ ഉണര്‍ത്തുന്നു:

“അവര്‍ ഖുര്‍ആനിനെ പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നായിരുന്നുവെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യങ്ങള്‍ കണ്ടെത്തുമായിരുന്നു” (ഖുര്‍ആന്‍ 4:82)

വൈരുദ്ധ്യങ്ങളോ അവാസ്തവ പ്രസ്താവനകളോ അക്കാലഘട്ടത്തില്‍ സമൂഹത്തില്‍ ഉണ്ടായിരുന്ന അബദ്ധധാരണകളോ ഒന്നും ഖുര്‍ആനില്‍ ഇടംപിടിച്ചില്ല എന്നത് തന്നെയാണ് ഇത് സര്‍വ്വജ്ഞാനിയായ ഏകദൈവത്തില്‍ നിന്നുള്ളതാണ് എന്നതിന് ഏറ്റവും വലിയ തെളിവ്. ഈ വസ്തുതയെ നിഷേധിക്കുന്നവര്‍ക്ക് അവരുടെ വാദം തെളിയിക്കാനുള്ള അവസരവും ഖുര്‍ആന്‍ ഒരുക്കി. എന്നാല്‍ ഇന്നേ വരെ അതിനാര്‍ക്കും സാധിച്ചിട്ടില്ല, ഇനിയൊട്ട് സാധിക്കുകയുമില്ല.. അത് സാധിക്കാത്ത കാലത്തോളം ദൈവാസ്തിത്വത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട തെളിവായി ഖുര്‍ആന്‍ നിലനില്‍ക്കുക തന്നെ ചെയ്യും.

ദൈവാസ്തിത്വത്തിന്റെ തെളിവായി ഇസ്‌ലാം മുന്നോട്ട് വെക്കുന്ന മറ്റൊരു പ്രധാനകാര്യം യുക്തിപരമായ തെളിവുകളാണ്. ഖുര്‍ആന്‍ ചോദിക്കുന്നു:

“അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവര്‍ ദൃഡമായി വിശ്വസിക്കുന്നില്ല” (ഖുര്‍ആന്‍ 52:35,36)

ഈ മഹാപ്രപഞ്ചവും അതിലുള്ള സകലചരാചരങ്ങളും ആരും സൃഷ്ടിക്കപ്പെടാതെ ഒന്നുമില്ലായ്മയില്‍ നിന്നുണ്ടായി എന്നതിനേക്കാള്‍ വലിയ എന്ത് യുക്തിരാഹിത്യമാണുള്ളത്? ചെറുതോ വലുതോ ആയ എന്തുകാര്യവും ആരും സൃഷ്ടിക്കാതെ തനിയെ ഉണ്ടാവില്ല എന്നത് സാമാന്യയുക്തിയാണ്. കേവലമൊരു മൊട്ടുസൂചി പോലും ഉണ്ടായി വരാന്‍ അനേകം പേരുടെ അധ്വാനവും പ്രയത്നവും ആവശ്യമാണ്‌. ആരെങ്കിലും ഒരു മൊട്ടുസൂചി കാണിച്ച് ‘ഇത് തനിയേ ഒരുപാട് മൂലകങ്ങള്‍ കൂടിച്ചേര്‍ന്ന് ഉണ്ടായതാണ്’ എന്ന് വാദിച്ചുകൊണ്ട്‌ വന്നാല്‍ അവന് കാര്യമായെന്തോ പ്രശ്നമുണ്ട് എന്ന് നമ്മള്‍ ഉറപ്പിക്കും. എങ്കില്‍, ഒരു മൊട്ടുസൂചി പോലും തനിയെ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയുന്ന അതേ യുക്തിക്ക് എങ്ങനെയാണ് വലിപ്പം പോലും ഇതുവരെ കണക്കാക്കാന്‍ സാധിക്കാത്ത, അതിസങ്കീര്‍ണ്ണമായ വ്യവസ്ഥകളടങ്ങിയ ഈ മഹാപ്രപഞ്ചം തനിയെ ഉണ്ടായി എന്ന് അംഗീകരിക്കാനാവുക?!

ഇതോടൊപ്പം മുന്‍പേ പറഞ്ഞതുപോലെ ശാസ്ത്രരംഗത്തെ പുരോഗതികള്‍ ഓരോ രംഗത്തുമുള്ള സൃഷ്ടിപ്പിന്റെ സങ്കീര്‍ണ്ണതകള്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമാക്കുക കൂടി ചെയ്തതോടെ ഈ ചോദ്യങ്ങള്‍ക്ക് മൂര്‍ച്ചയേറി. പല പല തിയറികള്‍ കൊണ്ട് വന്ന് ഓട്ടയടക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നുണ്ടെങ്കിലും ദൈവത്തിന്‍റെ അസ്തിത്വത്തെ ചോദ്യം ചെയ്യാന്‍ അവയൊന്നും പ്രാപ്തമാകുന്നില്ല. എല്ലാ അന്വേഷണങ്ങളുടെയും അവസാനം മഹാനായ ഒരു സ്രഷ്ടാവിലേക്ക് തന്നെ എത്തിച്ചേര്‍ന്നുകൊണ്ടേയിരിക്കുന്നു. ഈ കാര്യങ്ങളോട് കണ്ണടക്കാതെ ഒരാള്‍ക്ക് ദൈവമില്ലെന്ന് പറയാനാകില്ല. തന്‍റെ മനസ്സാക്ഷിയെ വഞ്ചിച്ചു കൊണ്ടും കണ്മുന്നിലുള്ള ദൈവിക ദൃഷ്ടാന്തങ്ങളെ കണ്ടില്ലെന്ന് നടിച്ചും മുന്‍ധാരണകള്‍ക്കും അഹന്തയ്ക്കും വഴങ്ങി  തന്‍റെ സാമാന്യ യുക്തിപോലും ഉപയോഗിക്കാതെ യാഥാര്‍ത്ഥ്യങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്നവരെ എങ്ങനെ സത്യം ബോധ്യപ്പെടുത്താനാണ്?

ഒന്നുമില്ലായ്മയില്‍ നിന്നും യാദൃശ്ചികമായി ആരും നിയന്ത്രിക്കാനില്ലാതെ നടന്ന പൊട്ടിത്തെറിയില്‍ നിന്നാണ് പ്രപഞ്ചം ഉണ്ടായത് എന്ന് വാദിക്കുന്നവര്‍ തങ്ങള്‍ വാദിക്കുന്നതെന്താണ് എന്ന് പോലും ചിന്തിക്കാതെയാണ് വാദിച്ചുകൊണ്ടിരിക്കുന്നത്. എന്താണീ ‘ഒന്നുമില്ലായ്മ’? ഒന്നുമില്ലായ്മയില്‍ നിന്ന് എങ്ങനെയാണ് ഒരു വികാസമോ പൊട്ടിത്തെറിയോ ഉണ്ടാവുക? യാദൃശ്ചികമായി ആരും നിയന്ത്രിക്കാനില്ലാതെ നടക്കുന്ന പൊട്ടിത്തെറി എങ്ങനെയാണ് വളരെ വ്യവസ്ഥാപിതമായ പ്രപഞ്ചത്തിന് രൂപം നല്‍കുക? യാദൃശ്ചികത എപ്പോഴാണ് വ്യവസ്ഥാപിതത്വത്തിനു വഴിമാറിയത്? ഇങ്ങനെ ഒരായിരം ചോദ്യങ്ങള്‍ ഇവരുടെ ഓരോ വാദത്തിനു നേരെയും സാമാന്യയുക്തിയില്‍ നിന്നും ഉയരുന്നു എന്നത് തന്നെയാണ് ഇവര്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും. ഇതിനൊന്നും ഉത്തരമില്ലാതാകുമ്പോഴാണ് നേരത്തെ പറഞ്ഞത് പോലെ പഴകിപ്പുളിച്ച മതവിമര്‍ശനങ്ങളുടെ മാറാപ്പഴിച്ച് അവര്‍ തടിതപ്പുന്നതും.

(അടുത്ത ഭാഗം : പ്രപഞ്ചോല്‍പ്പത്തി - ഇരുട്ടില്‍ തപ്പുന്ന നിരീശ്വരവിശ്വാസികള്‍)

No comments:

Post a Comment