Thursday, April 26, 2018

സുരക്ഷിത സമൂഹം സ്വപ്‌നമായി മാറുകയോ?

ആസിഫ! ആ പേര് ഉച്ചരിക്കുന്നത് പോലും ഭയാനകമായ ഓര്‍മകള്‍ മനസ്സിലേക്ക് വീണ്ടും വീണ്ടും തികട്ടി വരാന്‍ കാരണമാവുകയാണ്. എട്ടു വയസ്സുമാത്രം പ്രായമായ പെണ്‍കുഞ്ഞിനെ ദിവസങ്ങളോളം പട്ടിണിക്കിടുകയും ഇടയ്ക്കിടെ മയക്കുമരുന്ന് നല്‍കുകയും ഒരുപാടുപേര്‍ മാറിമാറി ശാരീരികമായി ഉപയോഗിക്കുകയും ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും മരിച്ചെന്ന് ഉറപ്പുവരുത്താന്‍ പാറക്കല്ലുകൊണ്ട് തലക്കടിച്ച് മരണം ഉറപ്പുവരുത്തി ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിന്റെ പോലീസ് രേഖകള്‍ വായിക്കുമ്പോള്‍ ഹൃദയം നടുങ്ങുകയാണ്. കാശ്മീരിലെ ഖത്‌വയിലെ ഹൈന്ദവ ക്ഷേത്രത്തിനുള്ളില്‍ വെച്ച് പുരോഹിതനും മകനും സഹോദരപുത്രനും കൂട്ടുകാരും ചേര്‍ന്നാണ് ഈ നികൃഷ്ടമായ കൃത്യം നിര്‍വഹിച്ചത് എന്നത് ആരെയാണ് ഞെട്ടിപ്പിക്കാത്തത്?! കിലോമീറ്റര്‍ അകലെയുള്ള ആളെ പോലും 'അവസരമുണ്ട്' എന്ന് ഫോണ്‍ വിളിച്ചറിയിച്ച് വരുത്തി വരെ ആ പിഞ്ചുശരീരം പിച്ചിച്ചീന്തുകയായിരുന്നു അവര്‍.

മറ്റേത് പീഡനസംഭവത്തെക്കാളും മനസ്സിനെ മരവിപ്പിക്കുന്ന ഈ സംഭവത്തിന് മറ്റൊരു മാനം കൂടിയുണ്ടായിരുന്നു എന്നത് ഞെട്ടലോടുകൂടിയാണ് നാം വായിച്ചത്. ഖത്‌വയിലെ മുസ്‌ലിം സമുദായക്കാരെ പേടിപ്പിച്ച് ആട്ടിയോടിച്ച് അങ്ങനെയത് ബ്രാഹ്മണര്‍ മാത്രമുള്ള പ്രദേശമാക്കുക എന്ന ഉദ്ദേശത്തോടെയാണത്രെ ഈ കൃത്യം ചെയ്തത്! മുസ്‌ലിമാവുക എന്നതല്ലാതെ എട്ടുംപൊട്ടും തിരിയാത്ത ആസിഫ വേറൊരു തെറ്റും ചെയ്തിട്ടില്ല! മുസ്‌ലിമായിരിക്കുക എന്നത് ദിവസങ്ങളോളം ശാരീരികമായും മാനസികമായും ലൈംഗികമായും പീഡിപ്പിക്കപ്പെടാനും നികൃഷ്ടമായി കൊലചെയ്യപ്പെടാനും മാത്രമുള്ള പാതകമായി മാറിയോ ഇന്ത്യയെന്ന മഹത്തായ രാജ്യത്ത് എന്ന ചോദ്യത്തിന് ഭരണകൂടം മറുപടി പറയേണ്ടതുണ്ട്.

ഈ സംഭവം ഒരളവുകോലാണ്. രാജ്യത്തെ വ്യത്യസ്ത ചിന്താധാരകളെ കൃത്യമായി അളക്കാന്‍ സാധിക്കുന്ന, രാജ്യത്തിന്റെ ഭദ്രതയും സുരക്ഷിതത്വവും പരിശോധിക്കാവുന്ന, ആശങ്കകളും പ്രതീക്ഷകളുമെല്ലാം കൃത്യമായി വരച്ചുകാട്ടിത്തരുന്ന ഒരളവുകോല്‍!

ഒരു ഭാഗത്ത് അത് രാജ്യത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന വര്‍ഗീയവിഭജന രാഷ്ട്രീയത്തിന്റെ ഭീകരമുഖം വ്യക്തമാക്കിത്തരുന്നു. ഈ സംഭവത്തെ മൃഗീയമെന്നു വിശേഷിപ്പിച്ചാല്‍ അത് മൃഗങ്ങളോട് ചെയ്യുന്ന അനീതിയായിരിക്കും. കാരണം മൃഗങ്ങള്‍ പോലും ഇത്ര പൈശാചികമായി പെരുമാറില്ല. എന്നിട്ടുപോലും ഇത് ചെയ്ത നരാധമന്മാര്‍ക്ക് വേണ്ടി, പ്രതികളെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ഒരു പ്രതിഷേധ പ്രകടനം നടന്നുവെന്നറിയുമ്പോള്‍ അതിന്റെ ഗൗരവം എത്രയാണ്! ലോകത്ത് ഒരുപാട് പീഡനങ്ങളും കൊലപാതകങ്ങളുമെല്ലാം നടന്നിട്ടുണ്ടാകാം. എന്നാല്‍ ബലാല്‍സംഗം നടത്തിയ പ്രതികള്‍ തങ്ങളുടെ മതക്കാരാണ്, രാഷ്ട്രീയ ചിന്താഗതിയുള്ളവരാണ്, ഇരയായ പിഞ്ചുകുഞ്ഞിന്റെ മതം വേറെയാണ് എന്നത് കൊണ്ട് പ്രതികളെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയത് ഇന്ത്യയിലെന്നല്ല, ലോകത്ത് വേറെയെവിടെയെങ്കിലും കാണാനാകുമോ?! ഒരു സമൂഹത്തെ മുഴുവന്‍ അപരവല്‍കരിച്ച് അവരാ സമുദായത്തില്‍ അംഗമാണ് എന്നത് തന്നെ അവരെ എത്ര ക്രൂരമായും എന്തും ചെയ്യാം എന്ന ചിന്താഗതി വളര്‍ത്തിയെടുത്ത് സംഘപരിവാര്‍ ശക്തികള്‍ വലിയൊരു വിഭാഗത്തെ എന്തുമാത്രം മസ്തിഷ്‌കപ്രക്ഷാളനം നടത്തിയിട്ടുണ്ട് എന്നതിന് ഇതില്‍പരം മറ്റൊരുദാഹരണം ആവശ്യമുണ്ടോ?!

ഇതിനെ ഏതെങ്കിലുമൊരു ഭ്രാന്തുപിടിച്ച ജനക്കൂട്ടത്തിന്റെ ചെയ്തികള്‍ മാത്രമായി കണക്കാക്കാനുമാവില്ല. കാരണം പ്രതിയായ ദീപ് കജൂറിയയെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മാര്‍ച്ചിനെ അഭിസംബോധന ചെയ്തവരില്‍ ജമ്മുകാശ്മീര്‍ മന്ത്രിസഭയിലെ ബി.ജെ.പി മന്ത്രിമാരായ ചൗധരി ലാല്‍ സിംഗും (വനം വകുപ്പ്) ചന്ദര്‍ പ്രകാശ് ഗംഗയും (വാണിജ്യവകുപ്പ്) ഉണ്ടായിരുന്നു! ഈ വാര്‍ത്ത നവമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോള്‍ ന്യായീകരണവുമായി മലയാളികളായ ചില വര്‍ഗീയഭ്രാന്തന്മാര്‍ രംഗത്ത് വന്നു എന്നത് നിസ്സാരമായി തള്ളിക്കളയേണ്ട കാര്യവുമല്ല. പ്രബുദ്ധമെന്ന് നാം അഹങ്കരിക്കുന്ന കേരളമണ്ണില്‍ പോലും നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട പിഞ്ചുബാലികയെക്കുറിച്ച് (അവളുടെ മതം നോക്കി) 'ഭാവിയിലെ തീവ്രവാദി' എന്ന് സൂചിപ്പിക്കുന്ന വാക്കുകള്‍ പറയാനും ചെയ്തത് നന്നായി എന്ന് ആശംസിക്കാനും ആളുണ്ടായിട്ടുണ്ട് എങ്കില്‍ രാജ്യത്തിന്റെ മതനിരപേക്ഷത അപകടത്തിലാണ് എന്ന് ആശങ്കിക്കേണ്ടിയിരിക്കുന്നു.

ആ കുഞ്ഞിന്റെ മൃതശരീരം  നാട്ടില്‍ പ്രദേശത്ത് മറവുചെയ്യാന്‍ പോലും ഈ നികൃഷ്ട ജീവികള്‍ സമ്മതിച്ചില്ല എന്നറിയുമ്പോഴാണ് ഇത് ഏതാനും പേരുടെ വര്‍ഗീയതയും കാമദാഹവും സമംചേര്‍ത്ത കുറ്റകൃത്യം മാത്രമല്ലെന്നും ഇതൊരു മനോഭാവമാണെന്നും കൂടുതല്‍ ഉറക്കെ പറയേണ്ടി വരുന്നത്. ആ നാട്ടില്‍ ആറടി മണ്ണ് കിട്ടാതെപോയതല്ല, മറിച്ച് മാറിമാറി ഉപയോഗിച്ചിട്ടും കൊന്നിട്ടും കലി തീരാത്ത വര്‍ഗീയഭ്രാന്തന്മാര്‍ അനുവദിക്കാത്തത് കൊണ്ടാണ് എട്ടു കിലോമീറ്റര്‍ മാറി മറ്റൊരു സ്ഥലത്ത് ആസിഫയെ മറവു ചെയ്യേണ്ടി വന്നത്. ആ കുട്ടിയുടെ ഭാഗം വാദിക്കാന്‍ തയ്യാറായ അഭിഭാഷകയെ പോലും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചു എന്നത് കൂട്ടിവായിക്കാവുന്ന മറ്റൊരു കാര്യം മാത്രം. ന്യൂനപക്ഷങ്ങളും പിന്നോക്ക, ദളിത് വിഭാഗങ്ങളും നേരിടുന്ന അക്രമങ്ങളിലും പീഡനങ്ങളിലും മൗനം പാലിക്കുകയെന്ന പതിവ് രീതി ഭരണകര്‍ത്താക്കളാരും ഇത്തവണയും തെറ്റിച്ചിട്ടില്ല.

സംഘപരിവാര്‍ എന്ന വര്‍ഗീയ ഫാസിസ്റ്റുകള്‍ രാജ്യത്തിനും രാജ്യത്തിന്റെ അഖന്ധതക്കും സാഹോദര്യ മനോഭാവത്തിനും ഭീഷണിയായി നിലകൊള്ളുന്നു എന്നത് ഒരു വലിയ യാഥാര്‍ഥ്യമായി നിലനില്‍ക്കുമ്പോഴും മറുഭാഗത്ത് പ്രതീക്ഷകളുടെ കിരണങ്ങള്‍ കാണാതെ പോയിക്കൂടാ. സംഭവം വളരെ നിഷ്പക്ഷമായി അന്വേഷിച്ച് അതിന്റെ ഭയാനകത അതേരൂപത്തില്‍ സമൂഹത്തില്‍ എത്തിക്കുന്നതില്‍ മുന്നില്‍ നിന്നത് രമേശ് കുമാര്‍ ജെല്ല എന്ന കാശ്മീരി പണ്ഡിറ്റായ പോലീസ് ഉദേ്യാഗസ്ഥനാണ്. സംഘപരിവാറിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ പതറാതെ ആസിഫയ്ക്ക് വേണ്ടി നിയമകൂടത്തിന് മുന്നില്‍ ശബ്ദമുയര്‍ത്താന്‍ തയ്യാറായത് അഡ്വ. ദീപികയെന്ന അമുസ്‌ലിമായ അഭിഭാഷകയാണ്. ഇതെല്ലാം നല്‍കുന്ന സൂചനയും പ്രതീക്ഷയും ചെറുതല്ല.

സംഘപരിവാറിന്റെ മസ്തിഷ്‌കപ്രക്ഷാളനത്തിന് വിധേയരാകാത്ത ഭൂരിപക്ഷം വരുന്ന മതനിരപേക്ഷ സമൂഹത്തിന്റെ പ്രതിഷേധങ്ങള്‍ അണപൊട്ടിയൊഴുകുന്നതായിരുന്നു സോഷ്യല്‍ മീഡിയകൡ കാണാനായത്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി മനുഷ്യരെല്ലാവരും നീതിയുടെയും മതനിരപേക്ഷതയുടെയും ചേരിയില്‍ അണിനിരന്നു. രാജ്യമെമ്പാടും പ്രതിഷേധ സദസ്സുകളും നീതിക്ക് വേണ്ടിയുള്ള മുറവിളികളും ഉയര്‍ന്നു. രാഷ്ട്രീയ, സാംസ്‌കാരിക, കലാ രംഗത്തുള്ള പ്രമുഖര്‍ പലരും വിഷയത്തില്‍ ശക്തമായി ഇടപെടാന്‍ മുന്നോട്ട് വന്നു. ഇതൊരു ഹിന്ദു-മുസ്‌ലിം പ്രശ്‌നമേയല്ലെന്നും വര്‍ഗീയ ഫാസിസവും ഇന്ത്യന്‍ മതേതരത്വവും തമ്മിലുള്ള പ്രശ്‌നമാണിതെന്നും പ്രഖ്യാപിക്കാന്‍ അവര്‍ തയ്യാറായി.

അതെ, ഇതൊരു തുറന്ന പോരാട്ടം തന്നെയാണ്. ഹിന്ദുവും മുസല്‍മാനും സിഖുകാരനും മതമുള്ളവനും ഇല്ലാത്തവനും എല്ലാവരും തോളോട് തോള്‍ ചേര്‍ന്ന് നേടിയെടുത്ത സ്വാതന്ത്ര്യം എല്ലാവര്‍ക്കും അനുവദിക്കണോ വേണ്ടേ എന്ന വിഷയത്തിലുള്ള പോരാട്ടം. 'ഹിന്ദുവും മുസ്‌ലിമും ഭാരതാംബയുടെ രണ്ടു കണ്ണുകളാണ്' എന്ന് പറഞ്ഞ രാഷ്ട്രശില്‍പികളുടെ സ്വപ്‌നവും 'വൈദേശിക മതങ്ങള്‍ ഭാരതാംബയുടെ കണ്ണിലെ കരടുകളാണെന്നും അവ നീക്കം ചെയ്യാത്തിടത്തോളം കാലം ആ കണ്ണുകള്‍ കലങ്ങിത്തന്നെയിരിക്കും' എന്ന ഫാസിസ്റ്റ് ആശയവും തമ്മിലുള്ള സംഘട്ടനം. ഏതെങ്കിലും ഒറ്റപ്പെട്ട സംഭവത്തെ മാത്രം അടിസ്ഥാനമാക്കി സമര്‍ഥിക്കുന്ന വാദങ്ങളല്ല ഇവ. സംഘപരിവാര്‍ സംഘടനകളുടെ അടിസ്ഥാന ആശയം തന്നെയാണ് ഇത്. അതവര്‍ വ്യക്തമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

'ഹിന്ദുസ്ഥാനിലെ അഹിന്ദുക്കള്‍ ഒന്നുകില്‍ ഹിന്ദു സംസ്‌കാരവും ഭാഷയും സ്വീകരിക്കുകയോ അല്ലെങ്കില്‍ അവകാശങ്ങള്‍ ഒന്നുമില്ലാതെ, പൗരാവകാശങ്ങള്‍ പോലുമില്ലാതെ ഹിന്ദു ജനതക്ക് പൂര്‍ണമായി കീഴ്‌പെട്ട് ഇവിടെ കഴിഞ്ഞു കൂടുകയോ ചെയ്യണം' (എം.എസ്. ഗോള്‍വാള്‍ക്കര്‍, We or our Nationhood Defined, Pg.56).

ഈ പ്രഖ്യാപിത ആശയത്തിന് വേണ്ടി ഇവര്‍ ചെയ്തു കൂട്ടുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ ഏറ്റവും അവസാനത്തെ ഇര മാത്രമാണ് ആസിഫ. സ്വാതന്ത്ര്യം നേടിയ കാലം തൊട്ട് ഒളിഞ്ഞും തെളിഞ്ഞും നടപ്പിലാക്കിയ എണ്ണമറ്റ വര്‍ഗീയ കലാപങ്ങളിലൂടെ അവര്‍ ആ ലക്ഷ്യസാക്ഷാല്‍കാരത്തിനു വേണ്ടി പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നു. കലങ്ങിമറിഞ്ഞ രാഷ്ട്രീയ അന്തരീക്ഷം മുതലെടുത്ത് കേന്ദ്രത്തില്‍ അധികാരത്തിലേറാന്‍ അവസരം ലഭിക്കുക കൂടി ചെയ്തതോടു കൂടി ഇന്ത്യ ഇന്ന് അസഹിഷ്ണുതയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ്. ന്യൂനപക്ഷ സമുദായങ്ങളെയും ദളിതരെയും പിന്നാക്ക വിഭാഗങ്ങളെയും ആക്രമിക്കുന്നതും പീഡിപ്പിക്കുന്നതും ഇന്നൊരു വാര്‍ത്തയല്ലാതായിരിക്കുന്നു. ചുരുങ്ങിയ കാലയളവ് കൊണ്ട് മാത്രം ഇവിടെയുണ്ടായ അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ നിരത്താന്‍ ശ്രമിച്ചാല്‍ തന്നെ കാര്യം ബോധ്യമാകും.

വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചു എന്നാരോപിച്ച് അടിച്ചുകൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ദാദ്രി പ്രദേശത്തെ മുഹമ്മദ് ആഖ്‌ലാഖ്, ജമ്മു കാശ്മീരില്‍ അനന്തനാഗ് ജില്ലയില്‍ ട്രാക്കിലേക്ക് ബോംബെറിഞ്ഞു കൊലചെയ്യപ്പെട്ട പതിനാറു വയസ്സുകാരന്‍ ഷാഹിദ് റസൂല്‍ ഭട്ട്, ജമ്മുകശ്മീരിലെ തന്നെ ചത്ര ജില്ലയിലേക്ക് കന്നുകാലികളെ വില്‍ക്കാന്‍ പോകുന്നതിനിടയില്‍ തല്ലിക്കൊന്ന് കെട്ടിത്തൂക്കപ്പെട്ട മുഹമ്മദ് മജിലൂം, ആസാദ് ഖാന്‍, കേരളത്തില്‍ മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയില്‍ ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട ഫൈസല്‍, കാസര്‍ഗോഡ് ജില്ലയില്‍ പള്ളിയില്‍ വെച്ച് കൊല ചെയ്യപ്പെട്ട റിയാസ് മൗലവി, ആസാമില്‍ പശുവിനെ മോഷ്ടിച്ചു എന്ന് വ്യാജമായി ആരോപിച്ച് കൊല്ലപ്പെട്ട അബ്ദുഹനീഫും റിയാസുദ്ദീന്‍ അലിയും, ആല്‍വാറില്‍ ഗോസംരക്ഷണ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പെഹ്‌ലുഖാന്‍, ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ഉത്തര്‍ പ്രദേശില്‍ കൊന്ന ഗുലാം മുഹമ്മദ്, ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ഏഴു യുവാക്കള്‍, ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ പശുമാംസം കഴിക്കുന്നുവെന്നാരോപിച്ച് കൊല്ലപ്പെട്ട ഹരിയാനയിലെ പതിനാറു വയസ്സുകാരന്‍ ജുനൈദ്, മാഉ ജില്ലയില്‍ നമസ്‌കാരത്തിനിടയില്‍ കൊല ചെയ്യപ്പെട്ട പള്ളി ഇമാം, ബംഗാളില്‍ രാമനവമിയുമായി ബന്ധപ്പെട്ട പ്രകടനത്തോട് അനുബന്ധിച്ച് കൊല ചെയ്യപ്പെട്ട പള്ളി ഇമാമിന്റെ മകന്‍ സിബ്തുല്ല റാഷിദി എന്നിങ്ങനെയുള്ള ലിസ്റ്റ് അവസാനം എട്ടുവയസ്സുകാരിയായ ആസിഫയില്‍ എത്തിനില്‍ക്കുന്നു..

പറഞ്ഞു വരുന്നത് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഈയൊരു വര്‍ഗീയ ധ്രുവീകരണം തന്നെയാണ് എന്നാണ്. നാനാത്വത്തില്‍ ഏകത്വം എന്നത് മുഖമുദ്രയാക്കിയ, ഒരു പൂങ്കാവനത്തിലെ വ്യത്യസ്ത നിറങ്ങളിലും രൂപങ്ങളിലുമുള്ള പൂക്കളെ പോലെ വിവിധ സമുദായങ്ങള്‍ ഒരുമിച്ച് ജീവിക്കുന്ന ഒരു ഭൂപ്രദേശമെന്ന് മേനിപറഞ്ഞിരുന്ന രാജ്യമിന്ന് അസഹിഷ്ണുതയുടെയും വര്‍ഗീയ ലഹളകളുടെയും പേരില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ തലകുനിച്ചിരിക്കുകയാണ്. മനസ്സില്‍ വിഷം നിറച്ച തീവ്രചിന്താഗതിക്കാരുടെ ചെയ്തികള്‍ കാരണം, ശക്തവും സുരക്ഷിതവുമായിരുന്ന ഒരു രാഷ്ട്രം പൗരന്മാര്‍ക്ക് ധൈര്യത്തോടെ പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരിക്കുന്നു. എന്താണ് പരിഹാരം?

ഒരുമിച്ചു നില്‍ക്കുക എന്നതിലപ്പുറം മറ്റൊരു പരിഹാരം ഇല്ലെന്നു തന്നെ പറയാം. നാം ഉദാഹരണമായെടുത്ത ഏറ്റവും അവസാനത്തെ സംഭവവും വിരല്‍ചൂണ്ടുന്നത് ഈയൊരു ഏക പരിഹാരത്തിലേക്കാണ്. ആ കുട്ടി ഇത്രയധികം പീഡനങ്ങള്‍ സഹിച്ച് കൊല ചെയ്യപ്പെട്ടത് ജനിച്ചത് മുസ്‌ലിം സമുദായത്തിലായിപ്പോയി എന്നതിന്റെ പേരില്‍ തന്നെയാണ്. കൊല ചെയ്തത് ഭീകരമായ വര്‍ഗീയ ചിന്ത തലയില്‍ കയറിയ, ഒരു സമുദായത്തെ അവര്‍ ജീവിക്കുന്ന പ്രദേശത്തു നിന്ന് തന്നെ ആട്ടിപ്പറഞ്ഞയക്കണം എന്ന ലക്ഷ്യമുള്ളവരുമാണ്. എന്നാല്‍ വിഷയം രാജ്യമൊട്ടാകെ ചര്‍ച്ചയായപ്പോള്‍ മുസ്‌ലിംകള്‍ മാത്രമല്ല പ്രതികരിച്ചത്. മുസ്‌ലിം പ്രശ്‌നമായല്ല പൊതുസമൂഹം അതിനെ ഏറ്റെടുത്തതും. മറിച്ച് രാജ്യത്തിന്റെ തന്നെ പ്രശ്‌നമാണിതെന്ന് തിരിച്ചറിഞ്ഞ് ഹിന്ദുക്കളും മുസ്‌ലിംകളും മറ്റു മതക്കാരും മതമില്ലാത്തവരും ഒരുമിച്ചാണ് അതിനെ നേരിട്ടത്. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് മതേതര കക്ഷികള്‍ ഒരുമിച്ച് പ്രതിഷേധങ്ങള്‍ നടത്തുന്നതും നാം കണ്ടു. ഇതേ സമീപനം രാജ്യത്തിന് തന്നെ ഭീഷണിയായ ഫാസിസത്തിനെതിരെ എല്ലാ വിഷയത്തിലും കാത്തുസൂക്ഷിക്കുക എന്നത് തന്നെയാണ് പരിഹാരം.

ഈ വര്‍ഗീയക്കോമരങ്ങള്‍ക്ക് ഏറ്റവും വലിയ തടസ്സം ഇവിടെയുള്ള ഭൂരിപക്ഷം വരുന്ന ഹൈന്ദവ സമുദായാംഗങ്ങള്‍ തന്നെയാണ്. ഹിന്ദുവിനു വേണ്ടിയെന്നു വാദിച്ച് ഇവര്‍ ചെയ്യുന്ന കോപ്രായങ്ങള്‍ അവരംഗീകരിക്കുന്നില്ല എന്നതാണ് അവരെ അസ്വസ്ഥപ്പെടുത്തുന്നത്. ന്യൂനപക്ഷങ്ങള്‍ മാത്രം വിചാരിച്ചാല്‍ ഒരിക്കലും ഈ ഭീഷണിയെ നേരിടാന്‍ സാധിക്കില്ല. ഇത് തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാണ് എന്ത് വിഷയമുണ്ടായാലും അതിനെ ഹിന്ദു മുസ്‌ലിം വിഷയമാക്കി മാറ്റാന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതും. ഈയിടെ ബി.ജെ.പിയുടെ ഐ.ടി സെല്ലിലെ ഒരു മുന്‍ പ്രവര്‍ത്തകന്‍ അവരുടെ പ്രവര്‍ത്തന രീതികളെ കുറിച്ച് തുറന്നുപറഞ്ഞപ്പോള്‍ എടുത്തുപറഞ്ഞതും ഇത് തന്നെയായിരുന്നു. ഏത് വാര്‍ത്തക്കും വര്‍ഗീയ മുഖം നല്‍കി സമുദായങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാക്കി അവതരിപ്പിക്കുക എന്നതാണത്രെ ഐ.ടി സെല്ലിന്റെ ഏറ്റവും മുഖ്യമായ പദ്ധതി. അങ്ങനെ സാഹോദര്യം കൊതിക്കുന്ന ഹൈന്ദവ മനസ്സുകളെ പോലും പതിയെ പതിയെ വര്‍ഗീയവല്‍ക്കരിക്കുക എന്നതാണ് അവരുടെ അജണ്ട. ഇതിനു ചൂട്ടുപിടിച്ചു കൊടുക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ഒരിക്കലും നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൂടാ.

ഫാസിസ്റ്റുകളുടെ തന്ത്രം മനസ്സിലാക്കി അതിനെ പ്രതിരോധിക്കുക എന്നത് വളരെ പ്രധാനമാണ്. അവരുടെ പ്രധാന ആയുധം ഭയപ്പെടുത്തുക എന്നതാണ്. അവസാനത്തെ സംഭവത്തില്‍ പോലും ആ പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്താന്‍ അവര്‍ തയ്യാറായത് മുസ്‌ലിംകളെ ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ്. പലപ്പോഴും മുസ്‌ലിംകളെയും ദളിതുകളെയും അക്രമിക്കുന്നതിന്റെയും തല്ലിക്കൊല്ലുന്നതിന്റെയും വരെ ദൃശ്യങ്ങള്‍ വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നത് അവര്‍ തന്നെയാണ്. ഇതില്‍ നിന്ന് തന്നെ അവരുടെ ലക്ഷ്യം വ്യക്തമാണ്. ഭയപ്പെടുത്തി ഇവിടെയുള്ള മറ്റു സമുദായങ്ങളെ പ്രകോപിപ്പിക്കുകയും അങ്ങനെ ചെയ്യുമ്പോള്‍ സ്വാഭാവികമായി തിരിച്ചുവരാവുന്ന അപക്വമായ പ്രതികരണങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഹൈന്ദവ സമൂഹത്തെ പ്രകോപിപ്പിക്കുകയും അതുവഴി മുതലെടുക്കുകയും ചെയ്യുക എന്ന ക്രൂരമായ തന്ത്രം മനസ്സിലാക്കാതെ പോകരുത്.

ഈ വിഷയത്തില്‍ മുസ്‌ലിം സമുദായത്തിന്റെ സംയമനം പ്രത്യേകം എടുത്തുപറയേണ്ടതാണ്. തന്റെ മകള്‍ ഹൈന്ദവ ക്ഷേത്രത്തില്‍ ദേവീസ്ഥാനത്ത് വെച്ചാണ് പീഡിപ്പിക്കപ്പെട്ടത് എന്നറിഞ്ഞപ്പോഴും ആസിഫയുടെ പിതാവ് പ്രതികരിച്ചത് 'ഞങ്ങള്‍ എല്ലായിടത്തും അവളെ തിരഞ്ഞിരുന്നു, ആ അമ്പലത്തിലൊഴികെ. കാരണം അത് പവിത്രമായ സ്ഥലമാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു' എന്നാണ്. ഹൈന്ദവര്‍ പവിത്രത കല്‍പിക്കുന്ന സ്ഥലത്തുവെച്ച് അവരില്‍ പെട്ടവര്‍ തന്നെ ഇങ്ങനെയൊരു ഹീനകൃത്യം ചെയ്യുമെന്ന് അദ്ദേഹത്തിന് ഊഹിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല എന്ന് വ്യക്തം. ക്ഷേത്രത്തില്‍ വെച്ചാണ് മകള്‍ പീഡിപ്പിക്കപ്പെട്ടത് എന്നറിഞ്ഞപ്പോള്‍, അതുമായി ബന്ധപ്പെട്ട് ഹൈന്ദവ വികാരത്തെ വ്രണപ്പെടുന്ന തരത്തിലുള്ള വാക്കുകളായിരുന്നു ആ പിതാവിന്റെ നാവില്‍ നിന്ന് വന്നിരുന്നത് എങ്കില്‍ ഈ പ്രശ്‌നത്തോടുള്ള പൊതുസമൂഹത്തിന്റെ പ്രതികരണവും കാഴ്ചപ്പാടും തന്നെ തകിടം മറിഞ്ഞേനെ. ഈയൊരു പക്വതയും അവധാനതയുമാണ് എല്ലാ വിഷയത്തിലും നാം കാണിക്കേണ്ടത്.

ഇങ്ങ് കൊച്ചു കേരളത്തില്‍ പോലും തങ്ങളുടെ വര്‍ഗീയ അജണ്ട നടപ്പിലാക്കാന്‍ ഇവര്‍ എത്രത്തോളം പ്രകോപിപ്പിച്ചു നോക്കി. മതം മാറി എന്ന ഒറ്റക്കാരണം കൊണ്ട് കൊടിഞ്ഞിയിലെ ഫൈസലിനെ വെട്ടിക്കൊന്നും കാസര്‍ഗോഡ് പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയെ വെട്ടിനുറുക്കിയും ഹാദിയ എന്ന പെണ്‍കുട്ടി ഇസ്‌ലാം സ്വീകരിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം അവരെ മാസങ്ങളോളം പുറംലോകം കാണാതെ പ്രയാസപ്പെടുത്തിയതുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിട്ടും മുസ്‌ലിംകള്‍ പ്രകോപിതരാവുകയോ സമുദായങ്ങള്‍ തമ്മിലുള്ള ഐക്യം തകര്‍ക്കുന്ന രീതിയില്‍ പ്രതികരിക്കുകയോ ചെയ്തില്ല എന്നത് എടുത്ത് പറയേണ്ടുന്ന കാര്യമാണ്. മുസ്‌ലിംകള്‍ പ്രകോപിതരായി അപക്വമായി പ്രതികരിക്കുന്നില്ല എന്നത് തന്നെയാണ് ഇവിടെ വര്‍ഗീയതയുടെ വിത്തെറിഞ്ഞു കാത്തിരിക്കുന്നവരെ അസ്വസ്ഥരാക്കുന്നതും.

രാഷ്ട്രത്തെ അരക്ഷിതാവസ്ഥയിലേക്ക് കൊണ്ട് പോകാന്‍ കിണഞ്ഞു പരിശ്രമിക്കുന്നവര്‍ക്കെതിരെ രാജ്യത്തെ ശക്തിപ്പെടുത്താനും സുരക്ഷിതമായ അന്തരീക്ഷം ഇവിടെ കെട്ടിപ്പടുക്കാനും അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കേണ്ടതുണ്ട്. ഈ നിര്‍ണായക ഘട്ടത്തില്‍ പോലും ഫാസിസം വന്നോ ഇല്ലയോ എന്ന താത്വിക ചര്‍ച്ചകളുമായി സമയം കളയുന്നവര്‍ വലിയ വില കൊടുക്കേണ്ടി വരും എന്നതുറപ്പ്. ഇസ്‌ലാം വിരുദ്ധ വംശീയത തലയില്‍ കയറിയവരുടെ പ്രചാരണങ്ങള്‍ക്ക് വളമാകുന്ന തരത്തിലുള്ള അനാവശ്യ വിവാദങ്ങളും ചര്‍ച്ചകളും നടത്തുന്നവരുടെ ഉദ്ദേശശുദ്ധിയില്‍ പോലും ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ സാധിക്കുമോ? പുതിയ പ്രശ്‌നങ്ങളില്‍ സാധ്യമായ ഐക്യം ഫാസിസത്തിനെതിരെയുള്ള പോതുബോധമായി ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് മതേതര കക്ഷികള്‍ ഒരുമിച്ചു നടപ്പാക്കേണ്ട ദൗത്യം.

അസത്യങ്ങളും അര്‍ധസത്യങ്ങളും പ്രചരിപ്പിച്ച് രാഷ്ടീയ ലാഭം കൊയ്യാന്‍ അക്ഷീണം പ്രയത്‌നിച്ചു കൊണ്ടിരിക്കുന്നവര്‍ക്കെതിരെ യാഥാര്‍ഥ്യങ്ങള്‍ ബോധ്യപ്പെടുത്തുന്ന ബോധവല്‍ക്കരണങ്ങളാണ് ആവശ്യം. ന്യൂനപക്ഷങ്ങള്‍ രാജ്യത്തിന് അപകടമാണെന്നും അവര്‍ അന്യായമായി പലതും നേടിയെടുക്കുന്നു എന്നുള്ള തരത്തിലുള്ള പ്രചാരണങ്ങളാണ് പലപ്പോഴും വര്‍ഗീയതയ്ക്ക് വളമാകുന്നത്. അത്തരം ധാരണകള്‍ തിരുത്തിക്കൊടുക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. ഒരു മതവും കലാപത്തിനോ അന്യമതവിദ്വേഷത്തിനോ ആഹ്വാനം ചെയ്യുന്നില്ലെന്നും മതം മനസ്സിലാക്കാത്ത വികാരജീവികളുടെ ചെയ്തികള്‍ മതത്തിന്റെ പേരില്‍ കണക്കുവെക്കരുതെന്നും സമൂഹത്തെ ബോധ്യപ്പെടുത്തണം. വര്‍ഗീയചേരിതിരിവുണ്ടായാല്‍ അത് ന്യൂനപക്ഷങ്ങളെയോ പിന്നാക്ക വിഭാഗങ്ങളെയോ മാത്രമല്ല ഓരോ ഇന്ത്യക്കാരനെയും ബാധിക്കുമെന്നും നമ്മുടെ രാഷ്ട്രത്തിന്റെ ഭദ്രതയാണ് തകരുന്നതെന്നും സമൂഹം മനസ്സിലാക്കണം. ആ ഒരു തിരിച്ചറിവില്‍ നിന്ന് മാത്രമെ സുരക്ഷിതവും സമാധാനപരവുമായ ഒരു സാമൂഹ്യജീവിതം രാജ്യത്ത് സാധ്യമാവൂ.

No comments:

Post a Comment