Thursday, April 19, 2018
യുക്തി: ഇസ്‌ലാമിലും നിരീശ്വരവാദത്തിലും
യുക്തിപരമായ സത്യാന്വേഷണം മനുഷ്യപ്രകൃതിയില്‍ പെട്ട കാര്യമാണ്. ദൈവത്തെ കുറിച്ചും ജീവിതത്തോടുള്ള സമീപനത്തെ കുറിച്ചും നന്മ തിന്മകളെ കുറിച്ചും വിശ്വാസങ്ങളെ കുറിച്ചുമെല്ലാം മനുഷ്യന്‍ അന്വേഷിച്ചുകൊണ്ടേയിരിക്കും. മുന്‍വിധിയില്ലാത്ത അന്വേഷണങ്ങള്‍ പലപ്പോഴും അവനെ സത്യം കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യും. നിരീശ്വരവാദത്തിന്റെ യുക്തിയെപ്പറ്റി നാം നേരത്തെ ചര്‍ച്ച ചെയ്തതാണ്. സാമാന്യയുക്തിക്ക് പോലും അംഗീകരിക്കാന്‍ കഴിയാത്ത തരത്തിലുള്ള ഭീമമായ അന്ധവിശ്വാസങ്ങളാണ് അതിന്റെ അടിത്തറ തന്നെ. ഒന്നുമില്ലായ്മയില്‍ നിന്ന് എന്തൊക്കെയോ ഉണ്ടായെന്നും യാദൃച്ഛികത വ്യവസ്ഥാപിതത്വത്തിന് വഴിമാറിയെന്നും അതിസൂക്ഷ്മമവും കൃത്യവുമായ ജൈവരംഗത്തെ രൂപകല്‍പനയും വ്യവസ്ഥാപിതമായ പ്രപഞ്ചത്തിന്റെ ചലനവുമെല്ലാം പിന്നിലൊരാളുമില്ലാതെ ഉണ്ടായതാണ് എന്നും വിശ്വസിക്കാന്‍ മുന്‍വിധിയില്ലാതെ സത്യം തേടിയിറങ്ങുന്ന ഒരാള്‍ക്ക് സാധ്യമല്ലല്ലോ.
ഒരു പുസ്തകത്തിലെ ഒരു പാരഗ്രാഫ് എങ്കിലും വിവിധ അക്ഷരങ്ങള്‍ കൂട്ടിയിട്ടപ്പോള്‍ തനിയെ ഉണ്ടായിത്തീര്‍ന്നു എന്ന് വിശ്വസിക്കാന്‍ ബുദ്ധിയും വിവേകവുമുള്ള ഒരാള്‍ക്ക് സാധ്യമല്ല. എങ്കില്‍ പിന്നെ എങ്ങനെയാണ് ആയിരക്കണക്കിന് എന്‍സൈക്‌ളോപീഡിയകളില്‍ ഉള്‍ക്കൊള്ളാനുള്ള വിവരങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു കോശമെങ്കിലും തനിയെ ഉണ്ടായി എന്ന് ഒരു ജൈവശാസ്ത്രത്തിന്റെ ബാലപാഠമറിയാവുന്ന ഒരാള്‍ സമ്മതിച്ചു തരിക? പരസ്പര ബന്ധിതമായി അത്ഭുതകരമായ രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മനുഷ്യശരീരത്തിന്റെ ഘടനാവിസ്മയം നേരിട്ടുപഠിക്കുന്ന ഒരു മെഡിക്കല്‍ വിദ്യാര്‍ഥിക്ക് എങ്ങനെയാണ് ഈ ഘടനകള്‍ യാദൃശ്ചികമെന്ന് സമ്മതിച്ചു തരാനാവുക? കണികകളുടെയും തന്മാത്രകളുടെയും ലോകത്തെ ആശ്ചര്യപ്പെടുത്തുന്ന വസ്തുതകള്‍ പഠിക്കുന്ന രസതന്ത്രവിദ്യാര്‍ഥിയുടെ അന്വേഷണങ്ങള്‍ക്ക് മുന്‍പില്‍ ദൈവമില്ലെന്ന് പറഞ്ഞുചെന്നാല്‍ അവനെങ്ങനെ അംഗീകരിക്കാനാണ്? ഭൗതികലോകത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്‍പില്‍, ആപേക്ഷികതാ സിദ്ധാന്തവും സ്ഥലകാലനൈരന്തര്യത്തെ പറ്റിയുള്ള വിവരങ്ങളും നല്‍കുന്ന തിരിച്ചറിവ് നേടിയ ഭൗതികശാസ്ത്ര വിദ്യാര്‍ഥിക്ക് മുന്‍പില്‍ ഈ യുക്തിരഹിതവാദങ്ങള്‍ എങ്ങനെ ചെലവാകാനാണ്?
ഇങ്ങനെ എല്ലാ നിലയ്ക്കും സാമാന്യയുക്തിയും ശാസ്ത്രീയവിജ്ഞാനങ്ങളും സ്രഷ്ടാവിലേക്ക് വിരല്‍ചൂണ്ടുമ്പോള്‍, മുന്‍വിധിയോടെയും 'ദൈവമുണ്ടാകരുത്' എന്ന നിര്‍ബന്ധത്തോടെയും മാത്രമെ ഗവേഷണനിരീക്ഷണങ്ങള്‍ നടത്താന്‍ പാടുള്ളൂ എന്ന് പറയുന്നിടത്തേക്ക് വരെ ഈയാളുകള്‍ എത്തി എന്നത് നാം കണ്ടു. എന്നാല്‍ അതേസമയം തന്നെ മതങ്ങള്‍ ചിന്തയ്ക്കും വിജ്ഞാനത്തിനും എതിരാണെന്ന കുപ്രചാരണം അഴിച്ചുവിടാനും ഇവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. മതഗ്രന്ഥങ്ങളുടെ ചട്ടക്കൂടിനപ്പുറത്തേക്ക് ചിന്തിക്കുവാനോ പഠിക്കുവാനോ പാടില്ലെന്നാണ് മതങ്ങള്‍ പഠിപ്പിക്കുന്നത് എന്ന നിലയ്ക്കുള്ള പ്രചാരണങ്ങളും നടന്നുകൊണ്ടിരിക്കുന്നു.
എന്നാല്‍ വസ്തുത നേരെ മറിച്ചാണ്. പഠിക്കുവാനും ചിന്തിക്കുവാനും സ്വതന്ത്രമായ അന്വേഷണങ്ങള്‍ നടത്തുവാനുമാണ് മതം പഠിപ്പിക്കുന്നത്. സൃഷ്ടിപ്പിന്റെ അത്ഭുതങ്ങളിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് ഇവയെക്കുറിച്ചൊന്നും നിങ്ങള്‍ ചിന്തിക്കുകയും പഠിക്കുകയും ചെയ്യുന്നില്ലേ എന്ന് ചോദിച്ചുകൊണ്ട് ചിന്തയെ പ്രോത്സാഹിപ്പിക്കുകയാണ് ക്വുര്‍ആന്‍:
''ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്. ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അതെങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. പര്‍വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അതെങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അതെങ്ങനെ പരത്തപ്പെട്ടിരിക്കുന്നു എന്ന്'' (വിശുദ്ധ ക്വുര്‍ആന്‍ 88:17-20).
ഇങ്ങനെ ചുറ്റുപാടുകളിലേക്ക് നോക്കാനും കാര്യങ്ങളെ വീക്ഷിക്കുവാനും അവയെക്കുറിച്ച് ചിന്തിക്കുവാനുമാണ് ഇസ്‌ലാം മനുഷ്യരോട് ആഹ്വാനം ചെയ്യുന്നത്. പ്രോത്സാഹനം നല്‍കുക മാത്രമല്ല; അങ്ങനെ ചെയ്യാത്തവരെ ശക്തമായ ഭാഷയില്‍ ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട് ക്വുര്‍ആന്‍.
''അവര്‍ക്ക് മനസ്സുകളുണ്ട്, അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്, അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്, അതുപയോഗിച്ച് അവര്‍ കേട്ടുമനസ്സിലാക്കുകയില്ല. അവര്‍ നാല്‍കാലികളെ പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ വഴിപിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍'' (വിശുദ്ധ ക്വുര്‍ആന്‍ 7:179).
കാണേണ്ടത് കാണുകയോ കേള്‍ക്കേണ്ടത് കേള്‍ക്കുകയോ കാര്യം ഗ്രഹിക്കുകയോ ചിന്തിക്കുകയോ ചെയ്യാത്ത ആളുകളെ ചിന്താശേഷിയില്ലാത്ത നാല്‍കാലികളോട് ഉപമിക്കുകയും, അവയെക്കാള്‍ മോശമാണ് ഇത്തരക്കാരുടെ അവസ്ഥയെന്ന് പറയുകയുമാണ് ഇവിടെ ക്വുര്‍ആന്‍. ഈ രീതിയില്‍ ചിന്തയുടെയും വിജ്ഞാനസമ്പാദനത്തിന്റെയും പ്രാധാന്യം ക്വുര്‍ആന്‍ ഊന്നിപ്പറഞ്ഞു. നിങ്ങള്‍ ചിന്തിക്കുന്നില്ലേ, നിങ്ങള്‍ ആലോചിക്കുന്നില്ലേ എന്നിങ്ങനെ ധാരാളം സ്ഥലങ്ങളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ക്വുര്‍ആന്‍ ചോദിക്കുന്നതായി കാണാം.
അങ്ങനെയാണ് കള്ളും പെണ്ണും മാത്രമാണ് ജീവിതം എന്ന് ധരിച്ചിരുന്ന ഒരു സമൂഹത്തെ ലോകത്തിന്റെ ഉന്നതികളിലേക്ക് ഇസ്‌ലാം കൈപിടിച്ചുയര്‍ത്തിയത്. ക്വുര്‍ആന്‍ അവര്‍ക്ക് ദിശാബോധവും മാര്‍ഗദര്‍ശനവും നല്‍കി. തീര്‍ത്തും അന്ധകാരത്തില്‍ ജീവിച്ചിരുന്ന 'ജാഹിലിയ്യ' അറബികളില്‍ നിന്ന് ആദ്യത്തെ യഥാര്‍ഥ ശാസ്ത്രജ്ഞന്‍ എന്നറിയപ്പെടുന്ന ഇബ്‌നു ഹൈതമും കെമിസ്ട്രിയിലെ മഹാനായ ശാസ്ത്രജ്ഞന്‍ ജാബിര്‍ ബിന്‍ ഹയ്യാനും വൈദ്യശാസ്ത്രരംഗത്തെ പ്രശസ്തരായ ഇബ്‌നു സീനയും സഹറാവിയും അല്‍റാസിയും അല്‍ഗോരിതം കണ്ടു പിടിച്ച അല്‍ഖവാരിസ്മിയുമടക്കം അനേകം ഉന്നതരായ ശാസ്ത്രജ്ഞന്മാരും തത്ത്വചിന്തകരും നേതാക്കളും ചരിത്രകാരന്മാരുമെല്ലാം ഉയര്‍ന്നുവന്നത് ഈ അധ്യാപനങ്ങള്‍ നല്‍കിയ അടിത്തറയില്‍ നിന്നാണ്. വിജ്ഞാനത്തിന് ഇസ്‌ലാം നല്‍കിയ പ്രാധാന്യം അവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ ഭാഷകളില്‍ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങള്‍ ഇസ്‌ലാമിക ലോകത്തേക്ക് എത്തിക്കുവാനും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുവാനും പ്രേരിപ്പിച്ചു.
പറഞ്ഞുവന്നത്, ഇസ്‌ലാം വിജ്ഞാനത്തിനും ചിന്തക്കും നല്‍കിയ പ്രേരണ ഒന്നുമല്ലാതിരുന്ന ഒരു സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചാണ്. ഇങ്ങനെ ചിന്തിക്കുകയും പഠിക്കുകയും ഗവേഷണം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ബോധ്യമാകുന്ന യാഥാര്‍ഥ്യത്തെ പറ്റിയും ക്വുര്‍ആന്‍ സൂചിപ്പിക്കുന്നു:
''തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും രാപകലുകള്‍ മാറിമാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നുകൊണ്ടും അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെ പറ്റി ചിന്തിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നവരത്രേ അവര്‍. (അവര്‍ പറയും) ഞങ്ങളുടെ രക്ഷിതാവേ, നീ നിരര്‍ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍. അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ'' (ക്വുര്‍ആന്‍ 3:190,191).
പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെ പറ്റി സദാ ചിന്തിച്ചുകൊണ്ടിരിക്കുന്നവര്‍ സൃഷ്ടിവൈഭവം ബോധ്യപ്പെട്ടു കൊണ്ട് സ്രഷ്ടാവിന്റെ പരിശുദ്ധതയെ വാഴ്ത്തും. പഠനങ്ങളും ഗവേഷണങ്ങളും അറിവുകളും സല്‍ബുദ്ധിയുള്ളവരെ സ്രഷ്ടാവിന്റെ അസ്തിത്വം കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ പഠിച്ചും ചിന്തിച്ചും അന്വേഷിച്ചും ദൈവത്തെ കണ്ടെത്താനാണ് യാഥാര്‍ഥത്തില്‍ ഇസ്‌ലാം ആവശ്യപ്പെടുന്നത്.
ഇത് പറയുമ്പോള്‍ സാധാരണയായി നിരീശ്വരവാദികള്‍ തിരിച്ചു പറയാറുള്ള കാര്യമാണ് ബുദ്ധിയുപയോഗിച്ച് കണ്ടെത്തിയ ഇസ്‌ലാമില്‍ ഒരാള്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ ഇസ്‌ലാമിക പ്രമാണങ്ങളില്‍ അതുപയോഗിക്കുന്നില്ലല്ലോ എന്നത്. ഇവിടെ കൃത്യമായി ഇക്കാര്യം വിശദീകരിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. ചിന്തയിലൂടെയും പഠന ഗവേഷണങ്ങളിലൂടെയും ഒരു വ്യക്തി കണ്ടെത്തുന്നത് പ്രപഞ്ചാതീതനായ, സര്‍വശക്തനായ, അറിവിനും കഴിവിനും പരിധിയോ പരിമിതിയോ ഇല്ലാത്ത ഒരു സ്രഷ്ടാവിനെയാണ്. അവന്റെ ദൂതനാണ് മുഹമ്മദ് നബി(സ) എന്നും അവന്റെ വചനങ്ങളാണ് വിശുദ്ധ ക്വുര്‍ആന്‍ എന്നും ബോധ്യപ്പെട്ട ഒരാളെ സംബന്ധിച്ച് ക്വുര്‍ആനിക വചനങ്ങളും പ്രവാചകന്റെ വാക്കുകളും ദൈവത്തില്‍ നിന്നുള്ള വെളിപാട് അഥവാ വഹ്‌യ് ആണ്. സര്‍വജ്ഞനായ ദൈവത്തില്‍ നിന്നുള്ള വെളിപാടുകളില്‍ അബദ്ധങ്ങള്‍ ഉണ്ടാവുകയില്ലെന്നത് ദൈവത്തെ കണ്ടെത്തിയ ഒരാളെ സംബന്ധിച്ചിടത്തോളം സാമാന്യയുക്തിയാണ്. തീര്‍ച്ചയായും മനുഷ്യന്റെ ബുദ്ധിക്കും ചിന്തക്കും പരിധികളുണ്ട്. അതുകൊണ്ട് തന്നെ ദൈവിക വചനങ്ങള്‍ക്ക് അവന്‍ തന്റെ ചിന്തകളെക്കാള്‍ പ്രാധാന്യം കൊടുക്കുക സ്വാഭാവികം.
ഒരു ഉദാഹരണമെടുക്കാം: ഒരുപാട് പഠനങ്ങള്‍ക്കും ചിന്തകള്‍ക്കും ശേഷം ദൈവമുണ്ടെന്നും ക്വുര്‍ആന്‍ ദൈവിക വചനങ്ങളാണെന്നും ബോധ്യപ്പെട്ട ഒരു വ്യക്തി ക്വുര്‍ആന്‍ തുറന്ന് പാരായണം ചെയ്യുമ്പോള്‍ മഹാനായ യൂനുസ് നബി(അ)യെ മത്സ്യം വിഴുങ്ങിയതും പിന്നീട് ആ മത്സ്യം തന്നെ കരക്ക് വന്ന് അദ്ദേഹത്തെ ഉപേക്ഷിച്ചതുമായ സംഭവം വായിക്കുന്നു. 'ഈ സംഭവം എങ്ങനെയാണ് സാമാന്യ യുക്തിക്ക് നിരക്കുന്നത്, എങ്ങനെയാണ് മത്സ്യത്തിന്റെ വയറ്റില്‍ കേടുപാടുകള്‍ കൂടാതെ ഒരു മനുഷ്യന് ജീവിക്കാനാകുക, എങ്ങനെയാണ് മത്സ്യം കരക്ക് വന്ന് വയറ്റിലുള്ള മനുഷ്യനെ ഉപേക്ഷിച്ചു എന്ന് വിശ്വസിക്കാനാവുക' എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് യുക്തിവാദികള്‍ ചോദിച്ചേക്കാം. എന്നാല്‍ ഇതൊക്കെ തീര്‍ത്തും യുക്തിക്ക് യോജിക്കുന്നതാണ് എന്നാണ് വിശ്വാസികളുടെ മറുപടി. ഇത് സാധാരണ സംഭാവമായത് കൊണ്ടല്ല, മറിച്ച് യുക്തിയുപയോഗിച്ച് അന്വേഷണ പഠനങ്ങളിലൂടെ അവന്‍ കണ്ടെത്തിയ സ്രഷ്ടാവിന്റെ കഴിവുകള്‍ക്ക് പരിധിയില്ല എന്ന് മനസ്സിലാക്കുന്നതു കൊണ്ടാണ്. 'അവന്‍ എല്ലാറ്റിനും കഴിവുള്ളവനാകുന്നു' എന്ന് ആവര്‍ത്തിച്ചു പറയുന്ന ക്വുര്‍ആന്‍ ദൈവിക വചനങ്ങളാണ് എന്ന് അവന് പൂര്‍ണബോധ്യമുള്ളതാണ്. അങ്ങനെ ബോധ്യമുള്ള ഒരാളെ സംബന്ധിച്ച് എല്ലാറ്റിനും കഴിവുള്ള, കഴിവുകള്‍ക്ക് പരിധിയില്ലാത്ത സ്രഷ്ടാവിന് മത്സ്യത്തിന്റെ വയറ്റില്‍ യൂനുസ് നബിക്ക് ജീവിക്കാനാവശ്യമായ സൗകര്യങ്ങളൊരുക്കാനോ ഒരു കേടുപാടുകളുമില്ലാതെ കരക്കെത്തിക്കാനോ സാധിക്കും എന്നതില്‍ എന്താണ് യുക്തിരാഹിത്യമുള്ളത്?
ഈ ലോകത്ത് എല്ലാ ജീവജാലങ്ങള്‍ക്കും ജീവിക്കാനാവശ്യമായ വായുവും അന്നവും മറ്റു സൗകര്യങ്ങളും ഏര്‍പെടുത്താന്‍ കഴിവുള്ള സ്രഷ്ടാവിന് അവനുദ്ദേശിക്കുന്ന സമയത്ത് ഒരു മത്സ്യത്തിന്റെ വയറ്റില്‍ അത് സംവിധാനിക്കാന്‍ കഴിവില്ലാതെ പോകില്ലല്ലോ. 'പടച്ചവന്‍ എല്ലാറ്റിനും കഴിവുള്ളവനാകുന്നു' എന്നത് മനസ്സിലാക്കിയ ഒരാള്‍ക്ക് ഇതില്‍ ഒരു യുക്തിരാഹിത്യവും അനുഭവപ്പെടില്ല.
സ്വന്തം അറിവുകളുടെയും കഴിവിന്റെയും ചിന്താശക്തിയുടെയും പരിധികള്‍ മനസ്സിലാക്കുക എന്നതാണ് ഇതില്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യം. ആ പരിമിതമായ അറിവിന്റെയും ചിന്താശക്തിയുടെയും മാനദന്ധങ്ങളുപയോഗിച്ച് പരിധിയില്ലാത്ത അറിവിന്റെ ഉടമയായ ദൈവത്തിന്റെ വചനങ്ങളെ അളക്കാന്‍ ശ്രമിച്ചാല്‍ പലപ്പോഴും പരാജയമായിരിക്കും സംഭവിക്കുക. നമുക്ക് എളുപ്പം മനസ്സിലാകുന്ന ചില ഉദാഹരണങ്ങളെടുക്കാം: കുറച്ചു കാലം മുന്‍പ് വരെ പ്രപഞ്ചത്തിന് തുടക്കമോ ഒടുക്കമോ ഇല്ലെന്ന സ്ഥിരസ്ഥിതി സിദ്ധാന്തമായിരുന്നു ശാസ്ത്രലോകത്ത് അംഗീകരിക്കപ്പെട്ടിരുന്നത്. അന്നത്തെ അറിവനുസരിച്ച് പ്രപഞ്ചത്തിന് തുടക്കമുണ്ടെന്ന ക്വുര്‍ആനിക വചനം തെറ്റാണെന്ന് പറയേണ്ടിവരുമായിരുന്നു. എന്നാല്‍ ശാസ്ത്രം ലഭിക്കുന്ന തെളിവുകള്‍ക്ക് അനുസരിച്ച് മാറുമെന്നും നമുക്ക് ലഭിക്കുന്ന തെളിവുകള്‍ അനുസരിച്ച് നാം പറയുന്ന നിഗമനങ്ങള്‍ ഒരുപക്ഷേ, യാഥാര്‍ഥ്യമായിരിക്കണം എന്നില്ലെന്നും തിരിച്ചറിയുന്ന ഒരാളെ സംബന്ധിച്ച് എല്ലാറ്റിനെയും സൃഷ്ടിച്ച, പ്രപഞ്ചത്തിന്റെ സ്രഷ്ടാവിന്റെ വചനങ്ങളെ ഒരു സംശയവുമില്ലാതെ അംഗീകരിക്കുക എന്നതാണ് അവിടെ യുക്തി. കാരണം യാഥാര്‍ഥ്യം പൂര്‍ണമായി പ്രതിഫലിപ്പിക്കാന്‍ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം നിഗമനങ്ങളില്‍ എത്തുന്ന ശാസ്ത്രത്തിന് സാധിച്ചുകൊള്ളണം എന്നില്ല. അതുകൊണ്ട് തന്നെ ദൈവത്തെയും ദൈവത്തിന്റെ വചനങ്ങളെയും അതിന്റെതായ രീതിയില്‍ മനസ്സിലാക്കിയവര്‍ അന്നും പ്രപഞ്ചത്തിന് തുടക്കമുണ്ടെന്നു തന്നെ വിശ്വസിച്ചു. പിന്നീട് ലഭ്യമായ മറ്റു തെളിവുകള്‍ക്കനുസരിച്ച് ശാസ്ത്രവും പ്രപഞ്ചത്തിന് തുടക്കമുണ്ടെന്ന കാര്യം പ്രഖ്യാപിച്ചു.
നാം അവലംബിക്കുന്ന പ്രധാന വിജ്ഞാനസ്രോതസ്സായ ശാസ്ത്രത്തിന്റെ ഈയൊരു പരിധി മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കിലാണ് പലപ്പോഴും ക്വുര്‍ആനിലും ഹദീഥിലും യുക്തിക്ക് നിരക്കാത്തതായി എന്തൊക്കെയോ ഉണ്ടെന്ന തോന്നല്‍ ഉണ്ടാവുന്നത്. ശാസ്ത്രം അപ്പപ്പോള്‍ ലഭിക്കുന്ന തെളിവുകള്‍ക്ക് അനുസരിച്ചാണ് സിദ്ധാന്തങ്ങള്‍ രൂപീകരിക്കുന്നത്. ഇത് എളുപ്പത്തില്‍ മനസ്സിലാകാന്‍ പൊതുവെ പറയുന്ന ഒരു ലളിതമായ ഉദാഹരണം തന്നെയെടുക്കാം. അരയന്നങ്ങളുടെ നിറത്തെ പറ്റിയുള്ള ഒരു ശാസ്ത്രീയ ഗവേഷണമാണ് നാം നടത്താന്‍ പോകുന്നത്. ശാസ്ത്രത്തിന്റെ രീതിയനുസരിച്ച് നാം ചെയ്യുന്നത് വ്യത്യസ്ഥ പ്രദേശങ്ങളില്‍ നിന്നും വിവിധ തരത്തിലുള്ള അരയന്നങ്ങളെ പഠനവിധേയമാക്കുന്നു. അങ്ങനെ ആയിരം അരയന്നങ്ങളെ നാം നിരീക്ഷിച്ചു എന്ന് കരുതുക. നാം നിരീക്ഷിച്ച ആയിരം അരയന്നങ്ങള്‍ക്കും വെളുത്ത നിറമാണ്. എങ്കില്‍ സ്വാഭാവികമായും അരയന്നങ്ങളുടെ നിറത്തെ പറ്റിയുള്ള നമ്മുടെ ശാസ്ത്രീയ പഠനത്തിന്റെ അവസാനം നാം എത്തുന്ന നിഗമനം 'അരയന്നങ്ങളുടെ നിറം വെളുപ്പാണ്' എന്നതായിരിക്കും. എന്നാല്‍ ആയിരത്തി ഒന്നാമത്തെ അരയന്നം ഒരുപക്ഷേ, കറുത്ത നിറമുള്ളതായിരിക്കാം. അത് നമ്മുടെ നിരീക്ഷണ പരിധിയില്‍ വരാത്തിടത്തോളം കാലം 'അരയന്നങ്ങളുടെ നിറം വെളുപ്പാണ്' എന്നത് തന്നെയാണ് അംഗീകരിക്കപ്പെടുക. ഇതാണ് എല്ലാറ്റിന്റെയും അവസ്ഥ. നമ്മുടെ പരിമിതമായ അറിവിലും അന്വേഷണത്തിലും ഒരുപക്ഷേ, പലതും ഉള്‍പെട്ടില്ലെന്ന് വരാം. ജൈവലോകത്തെ 99.999% ജൈവവര്‍ഗങ്ങളെയും നിരീക്ഷിക്കുവാന്‍ പോലും ഇതുവരെ നമുക്ക് സാധിച്ചിട്ടില്ല. പ്രപഞ്ചത്തിന്റെ വലിപ്പം കണക്കാക്കാന്‍ പോലും നമ്മുടെ പരിമിതമായ കഴിവുകള്‍ വെച്ച് നമുക്ക് സാധിച്ചിട്ടില്ല. നാം നിരീക്ഷിക്കാത്ത, നമ്മുടെ നിരീക്ഷണത്തിന്റെ പരിധിയില്‍ വന്നിട്ടുപോലുമില്ലാത്തതാണ് നാം നിരീക്ഷിച്ചതിനെക്കാള്‍ എത്രയോ ആയിരക്കണക്കിന് ഇരട്ടി കൂടുതല്‍. എന്നിരിക്കെ ആ അറിവ് വെച്ചാണോ അറിവിന് പരിധിയില്ലാത്ത സ്രഷ്ടാവിന്റെ വചനങ്ങളെ നാം അളക്കുന്നത്?!
നമ്മുടെ ചിന്തകള്‍ക്കും പരിധിയുണ്ട്. തുടക്കമോ ഒടുക്കമോ ഇല്ലാത്ത സ്രഷ്ടാവിനെ പറ്റി പറയുമ്പോള്‍ ശാസ്ത്രത്തിന്റെ വരമ്പുകള്‍ക്കുള്ളില്‍ നിന്നല്ലാതെ ചിന്തിക്കില്ലെന്ന് വാശിപിടിച്ച് മുഖംചുളിച്ചവര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ശാസ്ത്രം തന്നെ സമയം എന്ന ഡയമെന്‍ഷന്‍ ഇല്ലാത്ത അവസ്ഥയെ കുറിച്ചും അതിനെ കുറിച്ച് ചിന്തിക്കാന്‍ നമുക്കുള്ള പരിധിയെ കുറിച്ചും ബോധ്യമാക്കിത്തരികയാണ്. കര്‍മങ്ങള്‍ ഒന്നുമൊഴിയാതെ രേഖപ്പെടുത്തുമെന്നും അത് അന്ത്യനാളില്‍ പ്രദര്‍ശിപ്പിക്കപ്പെടും എന്നും പറയുമ്പോള്‍ അത് അവിശ്വസനീയമായിരുന്നു പലര്‍ക്കും. എന്നാലിന്ന് എല്ലാം ഒപ്പിയെടുക്കുന്ന റെക്കോര്‍ഡിംഗ് സാങ്കേതികവിദ്യകള്‍ ചെറിയ രൂപത്തിലെങ്കിലും മനുഷ്യന്‍ വികസിപ്പിച്ചെടുത്തപ്പോള്‍ അതിന് നിമിത്തമായ ബുദ്ധിയെ സൃഷ്ടിച്ചവന് ഇത് സാധ്യമല്ലേ എന്ന ചോദ്യം ഇന്ന് ആര്‍ക്കും ബോധ്യമാകും. കുറച്ച് മുന്‍പ് വരെ ഇക്കാര്യം പോലും 'ബുദ്ധിക്ക് യോജിക്കാത്ത'തായിരുന്നു.
നമ്മുടെ കഴിവില്ലായ്മയും അറിവിന്റെ പരിധികളും അംഗീകരിക്കുവാനുള്ള വിനയമുണ്ടാവുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. എല്ലാം തികഞ്ഞവനെന്നും എല്ലാം അറിയുന്നവനെന്നുമുള്ള അഹങ്കാരത്തോടെ ദൈവിക വചനങ്ങളെയും പ്രവാചകന്റെ ഹദീഥുകളെയും സമീപിക്കുമ്പോള്‍ പലതും ബുദ്ധിക്ക് യോജിക്കാത്തതും യുക്തിക്ക് നിരക്കാത്തതുമായി നമുക്ക് തോന്നിയേക്കാം. എന്നാല്‍ എന്റെ ഈ ബുദ്ധി ഒന്നുമല്ലെന്നും എനിക്കറിയാത്ത കാര്യങ്ങളാണ് അറിയുന്ന കാര്യങ്ങളെക്കാള്‍ കൂടുതലെന്നും എന്റെ ചിന്തകള്‍ക്ക് അംഗീകരിക്കാവുന്നതിലും അപ്പുറം യാഥാര്‍ഥ്യങ്ങളുണ്ടെന്നുമുള്ള തിരിച്ചറിവില്‍ അവ പരിശോധിക്കുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നില്ല. കാരണം സ്രഷ്ടാവുണ്ട് എന്നത് യുക്തിപരമായ അന്വേഷണത്തിലൂടെ ബോധ്യപ്പെട്ട കാര്യമാണ്. ആ സ്രഷ്ടാവിന്റെ വചനങ്ങളാണ് ക്വുര്‍ആന്‍ എന്നതും അവന്റെ ദൂതനാണ് മുഹമ്മദ്(സ) എന്നതും പഠിച്ചു ബോധ്യപ്പെട്ട കാര്യമാണ്. മലക്ക് ജിബ്‌രീല്‍ വഴി കിട്ടുന്ന ദിവ്യബോധനമാണ് ക്വുര്‍ആന്‍ എന്നും അതിന്റെ വിശദീകരണമായി അല്ലാഹു നബി(സ)യെ അറിയിച്ചതാണ് ഹദീഥുകള്‍ എന്നും ബോധ്യപ്പെട്ട ഒരാള്‍ക്ക് അവയില്‍ യുക്തിരാഹിതയം കണ്ടെത്തുവാന്‍ സാധ്യമല്ല. ആ സ്രഷ്ടാവിന് എല്ലാം സാധിക്കുമെന്നും അവന്റെ കഴിവുകള്‍ക്കും അറിവിനും പരിധികളില്ലെന്നുമുള്ളതാണ് ഇതിനൊക്കെ പിന്നിലുള്ള ഏറ്റവും വലിയ യുക്തി.
എല്ലാറ്റിനെ കുറിച്ചുമുള്ള പൂര്‍ണമായ അറിവ് സ്രഷ്ടാവിന് മാത്രമായത് കൊണ്ട് തന്നെ നന്മയെന്തെന്നും തിന്മയെന്തെന്നും അറിയിച്ചു തരേണ്ടതും അവന്‍ തന്നെയാണ് എന്നതാണ് ഇസ്‌ലാമിന്റെ യുക്തി. ഓരോരുത്തരും അവരവരുടെ യുക്തിക്കനുസരിച്ച് നന്മയും തിന്മയും തീരുമാനിക്കുകയെന്ന യുക്തിവാദ സിദ്ധാന്തത്തിന് പച്ചമലയാളത്തില്‍ 'തോന്ന്യാസം' എന്നാണ് പറയുക. ധാര്‍മികമായ വിധിവിലക്കുകളും നിയമങ്ങളും പാലിക്കാനുള്ള മടിയും അതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു പഴുതുമായാണ് പലരും ഈ 'തോന്ന്യാസ'ക്കൂട്ടത്തെ കാണുന്നത്. ചിലരുടെ യുക്തിക്ക് മദ്യപാനം തെറ്റാവണമെന്നില്ല, ചിലര്‍ക്ക് പരിധികളില്ലാത്ത ലൈംഗികത തെറ്റായി തോന്നില്ല. പ്രായമായ മാതാപിതാക്കളെ വൃദ്ധസദനത്തില്‍ കൊണ്ട് പോയി ഉപേക്ഷിക്കുന്നതായിരിക്കും മറ്റു ചിലരുടെ യുക്തി. ഇങ്ങനെ ഓരോരുത്തര്‍ക്കും അവര്‍ക്കിഷ്ടമുള്ളതെല്ലാം ചെയ്യാന്‍ ഒരു പ്രത്യയശാസ്ത്ര ന്യായീകരണമായി യുക്തിവാദത്തെ ഉപയോഗിക്കുന്നു എന്ന് മാത്രം. മദ്യപാനമോ, വ്യഭിചാരമോ, മാതാപിതാക്കളെ ഉപേക്ഷിക്കലോ 'തെറ്റാണ്' എന്ന് വസ്തുനിഷ്ഠമായി പറയാന്‍ യുക്തിവാദത്തില്‍ വകുപ്പില്ല. ഏതൊരു കാര്യവും നന്മയെന്നോ തിന്മയെന്നോ തീര്‍ത്തുപറയാന്‍ അവിടെ സാധിക്കില്ല. അതുകൊണ്ട് തന്നെയാവണം പരസ്പര സമ്മതത്തോടെ പിതാവും മകളും തമ്മിലുള്ള ലൈംഗിക ബന്ധം പോലും തെറ്റാണെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയില്‍ അവരെത്തിയത്.
മതാധിഷ്ഠിത ധാര്‍മികതക്ക് എതിരെ മാറുതുറന്നും തെരുവില്‍ ചുംബിച്ചും പ്രതിഷേധിക്കുന്നവര്‍ എന്താണ് ധാര്‍മികതയെന്നും സദാചാരമെന്നും വ്യക്തമായി വിവക്ഷിക്കാന്‍ തയ്യാറാവണം. സകല തോന്ന്യാസങ്ങള്‍ക്കും തങ്ങളുടെ യുക്തിയില്‍ പ്രശ്‌നം തോന്നുന്നില്ലെന്ന് പറഞ്ഞ് ന്യയീകരിക്കുന്നവര്‍ ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് അപ്പോള്‍ മനസ്സിലാകും. ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വരെ സമൂഹത്തില്‍ നിവര്‍ന്നുനിന്ന് പറയാന്‍ മടിച്ചിരുന്ന പലതും ഇന്ന് തെറ്റല്ലാതായിരിക്കുന്നു! ഇന്ന് നാം അറപ്പോടെയും വെറുപ്പോടെയും കാണുന്ന പലതും നാളെയവര്‍ യുക്തിയുടെ കാലത്തിനനുസരിച്ച പരിണാമത്തിന്റെ പേര് പറഞ്ഞ് ന്യായീകരിക്കും. എതിര്‍ക്കുന്ന മതാധ്യാപനങ്ങളെ കാലഹരണപ്പെട്ടതെന്ന് പറഞ്ഞ് തള്ളുകയും ചെയ്യും. ഇത് പുരോഗതിയാണോ പ്രാകൃതത്വമാണോ എന്ന് മനസ്സില്‍ നന്മ ബാക്കിയുള്ളവര്‍ ചിന്തിക്കട്ടെ.
യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും സുന്ദരലോകത്തെ പറ്റി പറഞ്ഞ് യുവാക്കളെ ആകര്‍ഷിക്കുന്നവര്‍ എത്രമാത്രം യുക്തിരഹിതവും അപരിഷ്‌കൃതവുമായ ആശയത്തിലേക്കാണ് ക്ഷണിക്കുന്നത് എന്ന് ട്രെന്റുകള്‍ക്ക് പിന്നാലെ പോകുന്നവര്‍ അല്‍പ സമയം മാറ്റി വെച്ച് ചിന്തിക്കണം. ശാസ്ത്രത്തെയും യുക്തിയെയും തങ്ങള്‍ക്കൊപ്പിച്ചു മാത്രം വ്യാഖ്യാനിക്കുന്ന ഇവര്‍ പറയുന്ന 'സ്വതന്ത്രചിന്ത'യുടെ അതിരുകള്‍ അവര്‍ തന്നെ നിശ്ചയിക്കുന്നത് നാം മനസ്സിലാക്കാതെ പോകരുത്. മതനിയമങ്ങള്‍ അനുസരിക്കാനുള്ള പ്രയാസവും വൈമനസ്യവും ഈ പാളയത്തിലേക്കാണ് നമ്മെ ആകര്‍ഷിക്കുന്നത് എങ്കില്‍ കുത്തഴിഞ്ഞ ജീവിതവും മുഴുസമയ മതവിമര്‍ശനവുമായി ജീവിതത്തിന്റെ ഏറ്റവും നല്ല കാലം നഷ്ടപ്പെടുത്തിയതിനു ശേഷം പിന്നോട്ട് തിരിഞ്ഞ് വിരല്‍ കടിച്ചത് കൊണ്ട് കാര്യമുണ്ടാകണമെന്നില്ല. സ്രഷ്ടാവൊരുക്കിയ യഥാര്‍ഥ ആസ്വാദനത്തിന്റെ ജീവിതത്തിലേക്ക് എപ്പോഴാണ് വിളിവരുന്നതെന്ന് നമുക്കാര്‍ക്കും അറിയുകയുമില്ല.
(അവസാനിച്ചു)
Subscribe to:
Post Comments (Atom)
No comments:
Post a Comment