Sunday, April 15, 2018

ജീവോല്പത്തി : പരിണാമം കൊണ്ട് ഓട്ടയടക്കാനാവുമോ?


‘ബയോളജി വിദ്യാര്‍ഥിയല്ലേ? അതില്‍ പരിണാമം പഠിച്ചിട്ടും പിന്നെയുമെന്താണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്?’ ജീവോല്പത്തിയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ ഒരു നിരീശ്വരവാദീ സുഹൃത്ത് ചോദിച്ച ചോദ്യമാണിത്. ജീവന്‍റെ തുടക്കമെന്താണ് എന്ന ചോദ്യങ്ങള്‍ക്കുത്തരമാണ് പരിണാമ സിദ്ധാന്തം എന്ന് ധരിച്ചുവെച്ചിരിക്കുന്ന അനേകം പേരുടെ പ്രതിനിധി മാത്രമാണ് ഇദ്ദേഹവും. ഈ ധാരണയില്‍ പരിണാമസിദ്ധാന്തമെന്നത് മതങ്ങളെയും ദൈവത്തെയും ഇല്ലാതാക്കിയ എന്തോ ഒരു നിരീശ്വരവാദ തിയറിയാണ് എന്ന അര്‍ത്ഥത്തില്‍ ഇന്നും പരിണാമ പ്രചാരകരായി നടക്കുകയാണ് ഒരുപാടാളുകള്‍. ഡാര്‍വ്വിന്റെ പരിണാമ സിദ്ധാന്തമാണ്‌ ബൗദ്ധികമായി സംതൃപ്തിയുള്ള നിരീശ്വരവാദിയാകാന്‍ സഹായിച്ചത് എന്ന് നിരീശ്വരവാദികളുടെ ആഗോള പുരോഹിതന്‍ റിച്ചാര്‍ഡ് ഡോക്കിന്‍സ് പോലും പറയുമ്പോള്‍ ഈ സിദ്ധാന്തം അവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല എന്ന് മനസ്സിലാക്കാം.

ജീവോല്പത്തിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പരിണാമത്തിന് സ്ഥാനമില്ല എന്നത് തന്നെയാണ് ഒന്നാമത്തെ കാര്യം. പരിണാമം ഒരിക്കലും ജീവന്‍റെ ഉല്പത്തിയെ പറ്റി ചര്‍ച്ച ചെയ്യുന്ന ശാഖയല്ല. പരിണാമത്തിന്റെ ഏറ്റവും ലളിതമായ നിര്‍വചനം തന്നെ ‘descent with modification’അഥവാ ജീവികളുടെ പരിഷ്കരണങ്ങളോടെയുള്ള തുടര്‍ച്ച എന്നതാണ്. എന്നുവെച്ചാല്‍ നിലവിലുള്ള ജീവനുള്ള വസ്തുക്കളില്‍ വരുന്ന മാറ്റങ്ങളെ കുറിച്ചുള്ള പഠനമാണ് പരിണാമം. ജീവനുള്ളവയില്‍ വരുന്ന മാറ്റങ്ങളെ കുറിച്ചുള്ള പഠനം എങ്ങനെയാണ് ജീവന്‍റെ തുടക്കത്തെ പറ്റിയുള്ള അന്വേഷണങ്ങള്‍ക്ക് ഉത്തരമാവുക? ജീവന്‍ എങ്ങനെയുണ്ടായി എന്നല്ല, ഉണ്ടായ ജീവനില്‍ മാറ്റങ്ങളുണ്ടാകുന്നുണ്ടോ എന്നതാണ് പരിണാമത്തിന്റെ മേഖലയെന്ന് ചുരുക്കം. അതിനാല്‍ ദൈവാസ്തിത്വവുമായും ജീവോല്പത്തിയുമായും ബന്ധപ്പെട്ട അടിസ്ഥാന ചര്‍ച്ചകളില്‍ പരിണാമം പറഞ്ഞുവരുന്നവര്‍ക്ക് പരിണാമമെന്തെന്നോ അതിന്‍റെ ചര്‍ച്ചാ വിഷയമെന്തെന്നോ മനസ്സിലായിട്ടില്ല എന്ന് വേണം മനസ്സിലാക്കാന്‍.

അതുകൊണ്ട് തന്നെ ജീവന്‍ എങ്ങനെയുണ്ടായെന്ന എന്നും നിരീശ്വരവാദികളെ കുടുക്കുന്ന ചോദ്യത്തിന് പരിണാമത്തിലൂടെ ഉത്തരം കാണാനാകില്ല. ദൈവത്തെ നിഷേധിക്കാനും ജീവോല്പത്തിക്ക് ശാസ്ത്രീയമായ വിശദീകരണം നല്‍കാനും പരിണാമത്തിനാകില്ല. ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന പരിണാമശാസ്ത്രജ്ഞരില്‍ മിക്കവരും ദൈവത്തില്‍ വിശ്വസിക്കുന്നവരാണ് എന്നതാണ് ഏറെ രസകരം. എന്തിനേറെ ഡാര്‍വിന്‍ പോലും പറഞ്ഞത് ഒരാള്‍ക്ക് ഒരേ സമയം ദൃഡവിശ്വാസിയും പരിണാമവാദിയും ആകാം എന്നായിരുന്നു. എന്നാല്‍ ഡാര്‍വിന്‍ വ്യക്തിപരമായ ചില പ്രയാസങ്ങളുമായി ബന്ധപ്പെട്ട് ഒരു അജ്ഞ്ഞേയതാവാദിയാവുകയായിരുന്നു. അദ്ദേഹം പരിണാമം കാരണമല്ല മതത്തെ പറ്റി സംശയാലുവായത്, തിന്മകളുമായും ഇച്ഛാശക്തിയുമായും ബന്ധപ്പെട്ട ചില സംശയങ്ങളായിരുന്നു മതരഹിതനാകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ഡാര്‍വിനിസ്റ്റുകള്‍ ഇന്ന് പ്രചരിപ്പിക്കുന്ന തരത്തിലൊക്കെ പരിണാമം നടന്നുവെന്ന് അപ്പടി വാദത്തിന് വേണ്ടി അംഗീകരിച്ചാല്‍ പോലും അതൊന്നും ദൈവമില്ലെന്നതിന് തെളിവാകുകയില്ല, ആദ്യത്തെ ജീവന്‍ എങ്ങനെ ഉണ്ടായെന്ന ചോദ്യത്തിന് ഉത്തരമാവുകയുമില്ല! എത്രയൊക്കെ പോയാലും ജീവനുള്ള ഒരു ഏകകോശ ജീവിയില്‍ നിന്ന് പരിണമിക്കുന്നത് മാത്രമേ ഈ സിദ്ധാന്തത്തിന് വിശദീകരിക്കാനാവൂ.. ആ ജീവന്‍ എവിടെ നിന്ന്, എങ്ങനെ വന്നു എന്ന ചോദ്യം അവിടെ നിലനില്‍ക്കുക തന്നെ ചെയ്യും.

ഈ വസ്തുത മറച്ചുവെക്കാന്‍ പരിണാമത്തെ സൃഷ്ടിവാദവുമായി കൂട്ടിക്കെട്ടി ചര്‍ച്ച ചെയ്ത് പുകമറ തീര്‍ക്കുകയാണ് ഭൗതികവാദികള്‍. പരിണാമവും സൃഷ്ടിവാദവും തമ്മിലുള്ള സംഘട്ടനം മാത്രമായി ചര്‍ച്ചകള്‍ ചുരുക്കുകയാണ് ഇവര്‍. സൃഷ്ടിവാദത്തെ കൂട്ടുപിടിക്കാതെ ഒറ്റയ്ക്ക് ചര്‍ച്ച ചെയ്യാന്‍ മാത്രം അടിത്തറയില്ലാത്തതാണോ പരിണാമശാസ്ത്രം?! ജീവന്‍റെ തുടക്കത്തെ പറ്റി പറയുന്ന ‘സൃഷ്ടിപ്പും’ തുടര്‍ച്ചയെ പറ്റി പറയുന്ന ‘പരിണാമവും’ അടിസ്ഥാനപരമായി നേരിട്ടുള്ള സംഘട്ടനത്തിലല്ല എന്നറിഞ്ഞിട്ടും പരിണാമം ചര്‍ച്ച ചെയ്യുന്നിടത്തോക്കെ പുട്ടിനു തേങ്ങയിടുമാറ് സൃഷ്ടിവാദത്തെ തിരുകിക്കയറ്റിയില്ലെങ്കില്‍ ചിലര്‍ക്ക് സമാധാനം കിട്ടില്ലെന്ന് തോന്നുന്നു. എന്തിനേറെ  സ്കൂള്‍ പാഠപുസ്തകങ്ങളില്‍ പോലും ഇത്തരത്തിലുള്ള ചില പുകമറകള്‍ കടത്തിക്കൂട്ടിയിരിക്കുന്നു. പന്ത്രണ്ടാം ക്ലാസ് ബയോളജി പാഠപുസ്തകത്തില്‍ പരിണാമം പഠിപ്പിക്കുന്ന ഭാഗത്ത് ഇങ്ങനെ കാണാം :

Conventional religious literature tells us about the theory of special creation. This theory has three connotations. One, that all living organisms (species or types) that we see today were created as such. Two, that the diversity was always the same since creation and will be the same in future also. Three, that earth is about 4000 years old. All these ideas werestrongly challenged during the nineteenth century. (NCERT Textbook of Biology, page 128)

“പരമ്പരാഗത  മതഗ്രന്ഥങ്ങള്‍ പ്രത്യേക സൃഷ്ടിപ്പിനെ പറ്റിയാണ് പറയുന്നത്. മൂന്ന് കാര്യങ്ങളാണ് ഇവയില്‍ ഉള്‍ക്കൊണ്ടിട്ടുള്ളത്. ഒന്നാമത്, നാമിന്ന് കാണുന്ന എല്ലാ ജീവജാലങ്ങളും അതേപടി സൃഷ്ടിക്കപ്പെട്ടതാണ്. രണ്ട്, ജൈവവൈവിധ്യം എന്നും ഒരേ പോലെയായിരുന്നു, ഭാവിയിലും അതങ്ങനെ തന്നെയായിരിക്കും. മൂന്ന്, ഭൂമിയുടെ പ്രായം വെറും 4000 വര്‍ഷങ്ങള്‍ മാത്രമാണ്. ഈ ആശയങ്ങളെല്ലാം പത്തൊമ്പതാം നൂറ്റാണ്ടില്‍ ശക്തമായി ചോദ്യം ചെയ്യപ്പെട്ടു.”

എന്നുവെച്ചാല്‍ ഇനി പഠിക്കാന്‍ പോകുന്ന പരിണാമവും അതിന് അവതരിപ്പിക്കുന്ന തെളിവുകളുമെല്ലാം മതത്തിനും മതഗ്രന്ഥങ്ങള്‍ക്കും വിരുദ്ധമാണ് എന്ന് തോന്നിപ്പിക്കണം! പ്രത്യേകം സൃഷ്ടിച്ചതല്ലെന്ന് വന്നാല്‍പോലും സൃഷ്ടിപ്പോ തുടക്കമോ വിശദീകരിക്കാന്‍ പരിണാമത്തിനാകില്ലെങ്കില്‍ പിന്നെന്തിനാണ് ഇത്തരമൊരാമുഖം? ജൈവവൈവിധ്യത്തെ പറ്റി ഏതെങ്കിലും മതഗ്രന്ഥങ്ങളില്‍ വന്നത് എന്തിനാണ് എല്ലാ മതങ്ങളുടെയും മേല്‍ അടിച്ചേല്‍പ്പിക്കുന്നത്? ജൈവവൈവിധ്യം എന്നും മാറ്റമില്ലാതെ തുടരും എന്നതൊക്കെ മതാധ്യാപനമായി എവിടെയാണ്, ആരാണ് പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്? ഭൂമിയുടെ പ്രായം ഏതെങ്കിലും ഒരു മതഗ്രന്ഥത്തില്‍ വന്നത് എന്തിനാണ് മൊത്തം മതങ്ങളുടെ വാദമായി അവതരിപ്പിക്കുന്നത്? വിദ്യാര്‍ഥികള്‍ക്ക് ഇനി പഠിക്കുന്നതെല്ലാം മതത്തിനെതിരാണ് എന്ന തോന്നലുണ്ടാക്കാന്‍ ഇത്തരം അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പാഠപുസ്തകങ്ങളില്‍ എഴുതിചേര്‍ത്തത് ആരായാലും ഉദ്ദേശം വ്യക്തമാണ്.

പരിണാമം എന്നത് വിശാലമായ ഒരു ശാസ്ത്ര മേഖലയാണ്. സൂക്ഷ്മപരിണാമത്തെയും സ്ഥൂലപരിണാമത്തെയും പറ്റിയുള്ള വിവിധ തരത്തിലുള്ള പഠനങ്ങളും ഗവേഷണങ്ങളും നടന്നു കൊണ്ടിരിക്കുന്നു. മറ്റേത് ശാസ്ത്ര സിദ്ധാന്തത്തെയും പോലെ കാലാന്തരത്തില്‍ ആദ്യം വിശ്വസിച്ചിരുന്ന പലതും ശരിയല്ലെന്ന് ബോധ്യപ്പെടും, പല നിഗമനങ്ങളും ഒഴിവാക്കേണ്ടി വരും, പലതും കൂട്ടിചെര്‍ക്കേണ്ടി വരും. എന്നാല്‍ ചിലര്‍ക്ക് പരിണാമം എന്നാല്‍ ഡാര്‍വിന്‍ മാത്രമാണ്! എന്നാല്‍ സത്യത്തില്‍ ഡാര്‍വിനിസം എന്നത് പരിണാമവുമായി ബന്ധപ്പെട്ട അനേകം കാഴ്ചപ്പാടുകളില്‍ ഒന്ന് മാത്രമാണ്. Neo Lamarkian Evolution, Mutation driven evolution, Evolution by natural genetic engineering, Evolution by self organization, Symbiotic evolution എന്നിങ്ങനെ അനേകം ധാരകള്‍ പരിണാമശാസ്ത്രജ്ഞന്മാര്‍ക്ക് ഇടയില്‍ തന്നെയുണ്ട്‌. പുതിയ തെളിവുകള്‍ക്കും ആശയങ്ങള്‍ക്കും ഇടം കൊടുക്കാതെ ഡാര്‍വിന്‍റെ പഴകിപ്പുളിച്ച അബദ്ധധാരണകളില്‍ തന്നെ പരിണാമശാസ്ത്രത്തെ തളച്ചിടണം എന്ന് ആഗ്രഹിക്കുന്നവര്‍ ശാസ്ത്രബോധാമില്ലാത്തവരാണ്.

പരിണാമവും ഡാര്‍വിനിസവും പര്യായപദങ്ങളല്ല എന്ന ഈ തിരിച്ചറിവ് തന്നെയാണ് ഏറ്റവും പ്രധാനം. ജീവികളില്‍ ഉണ്ടാകുന്ന ജൈവപരമായ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മേഖലയാണ് പരിണാമം. ഡാര്‍വിന്‍റെ മുന്‍പും ശേഷവും ശാസ്ത്രലോകം ഏറെ ചര്‍ച്ച ചെയ്തിട്ടുള്ള മേഖലയാണിത്. ജീവികളില്‍ ഓരോ കാലഘട്ടത്തിലും മാറ്റങ്ങളുണ്ടാകുന്നുണ്ടോ, അതിന്‍റെ കാരണങ്ങള്‍ എന്താണ്, അവ എങ്ങനെ മനുഷ്യപുരോഗതിക്ക് ഉപകാരപ്രദമാക്കാം എന്നൊക്കെ ചര്‍ച്ച ചെയ്യുന്ന വിശാലമായ മേഖലയാണ് പരിണാമശാസ്ത്രം. എന്നാല്‍ ഡാര്‍വിനിസം എന്നത് ഈ പരിണാമത്തെ വ്യാഖ്യാനിച്ച് എല്ലാ ജീവജാലങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു എന്നും അവയ്ക്കെല്ലാം ഒരു പൊതുപൂര്‍വ്വികന്‍ ആണെന്നുമുള്ള ഒരു പരിണാമവൃക്ഷം സമര്‍ത്ഥിക്കലാണ്. പ്രസ്തുത പരിണാമ വൃക്ഷത്തില്‍ മനുഷ്യന്‍റെ പരിണാമം അദ്ദേഹം പ്രത്യേകം ചര്‍ച്ച ചെയ്യുകയും മനുഷ്യനും ഇതുപോലെ മറ്റൊരു ജീവവര്‍ഗ്ഗത്തില്‍ നിന്ന് പരിണമിച്ചുണ്ടായതാണ് എന്നും വാദിക്കുന്നു. ഇത് വ്യക്തമായും ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്ക് എതിരാണ്. മനുഷ്യനെ പ്രത്യേകമായി സൃഷ്ടിച്ചതാണ് എന്ന് ഒരു അവ്യക്തതകള്‍ക്കും ഇടകൊടുക്കാതെ ഖുര്‍ആന്‍ വ്യക്തമായി പഠിപ്പിക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഇതിനുള്ള ശാസ്ത്രീയമായ തെളിവുകള്‍ അന്വേഷിക്കുക സ്വാഭാവികമാണ്.

ഡാര്‍വിനിസത്തിന് തെളിവ് ചോദിക്കുമ്പോള്‍ പരിണാമത്തിനുള്ള തെളിവ് കൊണ്ട് വരിക എന്നത് ഇത്തരക്കാരുടെ സ്ഥിരം കലാപരിപാടിയാണ്. ആന്‍റിബയോട്ടിക് റെസിസ്റ്റന്‍സും സൂക്ഷ്മപരിണാമത്തിനുള്ള തെളിവുകളും നിരത്തി അവര്‍ സ്ഥലം വിടും. ഇതൊക്കെ അംഗീകരിച്ചാല്‍ തന്നെ ജീവികളില്‍ ചെറിയ മാറ്റങ്ങളുണ്ടാകാം എന്നല്ലേ തെളിയുന്നുള്ളൂ, അവയെങ്ങനെയാണ് നിങ്ങള്‍ പറയുന്ന തരത്തിലുള്ള ഒരു പരിണാമവൃക്ഷത്തിനോ മനുഷ്യപരിണാമത്തിനോ തെളിവാകുക എന്ന ചോദ്യത്തിന് അവര്‍ക്കുത്തരമില്ല. താന്‍ പറഞ്ഞ തരത്തിലുള്ള പരിണാമവൃക്ഷത്തിന്‌ അക്കാലത്ത് ഡാര്‍വിന്‍ ഉന്നയിച്ചിരുന്നത് ഫോസില്‍ തെളിവുകളായിരുന്നു. വ്യത്യസ്ത ജീവവര്‍ഗ്ഗങ്ങള്‍ക്ക് ഇടയിലെ വിട്ടുപോയ കണ്ണികളുടെ ഫോസിലുകള്‍ ലഭ്യമായാല്‍ താന്‍ പറഞ്ഞത് തെളിയിക്കപ്പെടും എന്നായിരുന്നു ഡാര്‍വിന്‍ അവകാശപ്പെട്ടത്. എന്നാല്‍ ഇത്രയും കാലം എല്ലാംമറന്ന് തിരഞ്ഞിട്ടും അവ കിട്ടാതായപ്പോഴാണ് സൂക്ഷ്മപരിണാമത്തിന്‍റെ തെളിവുകള്‍ കൊണ്ട് തൃപ്തിപ്പെടാന്‍ ഇവര്‍ നിര്‍ബന്ധിതരായത്. കൃത്രിമമായി ഉണ്ടാക്കാന്‍ ശ്രമിച്ച ഫോസിലുകളാകട്ടെ ശാസ്ത്രലോകത്ത് കയ്യോടെ പിടിക്കപ്പെടുകയും ചെയ്തു.

പരിണാമ വൃക്ഷത്തിന്‌ തെളിവായി അനേകം ജീവികളുടെ ഫോസില്‍ കിട്ടിയെന്ന് വാദിക്കുന്നവര്‍ എത്ര അറ്റുപോയ കണ്ണികളുടെ ഫോസിലുകള്‍ കിട്ടി എന്നന്വേഷിക്കുന്നത് നന്നാവും. ഒരു ജീവിയുടെ, ഉദാഹരണത്തിന് ദിനോസറിന്‍റെ ഫോസില്‍ കിട്ടി എന്നാല്‍ അതിനര്‍ത്ഥം ആ കാലഘട്ടത്തില്‍ ദിനോസര്‍ ജീവിച്ചിരുന്നു എന്ന് മാത്രമാണ്. അല്ലാതെ അത് ഏതെങ്കിലും ഒന്നില്‍ നിന്ന് പരിണമിച്ചതാണ് എന്നത് വെറും നിഗമനം മാത്രമാണ്. ഇങ്ങനെ ജീവിച്ചിരുന്നതും ജീവിചിരിക്കുന്നതുമായ ജീവികളെ അടുക്കിവെച്ച് സാമ്യതതോന്നുന്നവയെല്ലാം ഒന്നില്‍ നിന്ന് മറ്റൊന്ന് പരിണമിച്ചു എന്ന് സുന്ദരമായി വ്യാഖ്യാനിക്കാം എന്നല്ലാതെ തെളിവെന്ത് എന്ന് ചോദിച്ചാല്‍ കൈമലര്‍ത്തലല്ലാതെ രക്ഷയില്ല. അതില്‍ തന്നെ ആകെയുള്ള ജീവജാലങ്ങളില്‍ 99.999% ജീവികളെയും ഇതുവരെ നമുക്ക് നിരീക്ഷിക്കാന്‍ പോലും പറ്റിയിട്ടില്ല എന്ന് ശാസ്ത്രം പറയുമ്പോള്‍, ആകെ നിരീക്ഷിക്കാന്‍ സാധിച്ച 0.001% ജീവജാലങ്ങളെ വെച്ചാണ് ഈ നിഗമനങ്ങളൊക്കെ. എന്നിരിക്കെ ഇതൊക്കെ തെറ്റാനുള്ള സാധ്യത എത്രയെന്ന് ഒന്നാലോചിച്ചു നോക്കൂ..

മറ്റെല്ലാ ശാസ്ത്രശാഖകളും ഏറെ മുന്നോട്ട് കുതിക്കുമ്പോഴും പരിണാമശാസ്ത്രം മാത്രം ഡാര്‍വിന്‍ പറഞ്ഞതിനപ്പുറം പോകരുത് എന്ന് വാശിപിടിക്കുന്നവര്‍ ശാസ്ത്രത്തെ പിറകോട്ട് വലിക്കുകയാണ്‌. ശാസ്ത്രത്തോടും തെളിവുകളോടുമുള്ള ഈ നിഷേധാത്മക നിലപാട് തിരുത്തിയേ മതിയാകൂ. ഏകപൊതുപൂര്‍വികന്‍ എന്ന ആശയത്തിനെതിരെ ഒരുപാട് പൂര്‍വ്വികന്മാരുണ്ടാകാം എന്നും, പരിണാമവൃക്ഷത്തിന്‌ പകരം പരിണാമ ശൃഖലയും, കാലക്രമേണ പതിയെയുള്ള മാറ്റങ്ങള്‍ക്ക് പകരം പെട്ടെന്നുള്ള മാറ്റങ്ങള്‍ ഉണ്ടാവാം എന്നുമടക്കം അനേകം തിരുത്തലുകളും പുതിയ ആശയങ്ങളും പരിണാമശാസ്ത്ര രംഗത്ത് വന്നിട്ടും അവയൊന്നും ചര്‍ച്ചക്കെടുക്കുക പോലും ചെയ്യാതെ ജെനറ്റിക്സോ മോളിക്കുലാര്‍ ബയോളജിയോ ഒന്നുമില്ലാതിരുന്ന കാലത്ത് ഡാര്‍വിന്‍ നടത്തിയ പ്രവചനങ്ങളിലും നിഗമനങ്ങളിലും വിശ്വസിച്ച് കാലം തീര്‍ക്കണമെന്ന് ആര്‍ക്കാണിത്ര നിര്‍ബന്ധം?

ശാസ്ത്രലോകത്ത് നടക്കുന്ന ചര്‍ച്ചകള്‍ അതിന്‍റെ മുറക്ക് നടക്കട്ടെ. ഇസ്‌ലാമികമായി പരിണാമമെന്ന് കേള്‍ക്കുമ്പോഴേക്ക് എതിര്‍ക്കേണ്ട ബാധ്യതയും മുസ്ലിംകള്‍ക്കില്ല. ജീവികളില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്ന് തെളിയിക്കപ്പെട്ടാലോ ഇല്ലെന്ന് തെളിയിക്കപ്പെട്ടാലോ ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് അത് വിരുദ്ധമാകുന്നില്ല. എന്നാല്‍ മനുഷ്യപരിണാമത്തെ അംഗീകരിക്കാന്‍ ഒരു വിശ്വാസിക്ക് സാധ്യവുമല്ല തന്നെ. കാരണം ശാസ്ത്രം ലഭിക്കുന്ന തെളിവുകള്‍ക്കനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. എന്നാല്‍ മുസ്‌ലിംകളെ സംബന്ധിച്ച് എല്ലാം സൃഷ്ടിച്ച പ്രപഞ്ചസ്രഷ്ടാവിന്‍റെ വചനങ്ങള്‍ ഖന്ധിതമായി ഒരു കാര്യം പറയുന്നുവെങ്കില്‍ ശാസ്ത്രലോകത്ത് പോലും അംഗീകരിക്കപ്പെടാത്ത കേവല നിഗമനങ്ങള്‍ക്കും സങ്കല്പങ്ങള്‍ക്കും പിന്നാലെ പോകേണ്ട ആവശ്യം അവര്‍ക്കില്ല.

ജീവോല്‍പത്തിയെ പറ്റി പരിണാമത്തിനൊന്നും പറയാനില്ലെന്ന് വ്യക്തം. നിലവിലുള്ള ജീവജാലങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ മാത്രമാണ് പരിണാമത്തിന്‍റെ വിഷയം. എങ്കില്‍ ജീവന്‍ എവിടെ നിന്ന് എങ്ങനെ വന്നു എന്ന ചോദ്യം അവിടെ നിലനില്‍ക്കുന്നു. ഒരിക്കലും അവിടെയും ദൈവത്തെ അംഗീകരിച്ചുകൂടാ എന്ന വാശിപിടിച്ചിരിക്കുന്നവര്‍ക്ക് പക്ഷെ ഭൂമിക്ക് വെളിയില്‍ നിന്ന് ജീവന്‍റെ ബീജബിന്ദുക്കള്‍ ഭൂമിയിലെത്തി ജീവനുണ്ടായതാണ് എന്ന പാന്‍സ്‌പെര്‍മിയ തിയറിയും (Panspermia theory)അന്യഗ്രഹ ജീവികള്‍ ജീവനെ രൂപകല്‍പന ചെയ്ത് ഭൂമിയില്‍ എത്തിച്ചതാണ് എന്ന ഡയറക്റ്റട് പാന്‍സ്പെര്‍മിയ തിയറിയും (Directed panspermia theory) മൂലകങ്ങള്‍ ഇടിയും മഴയും മിന്നലും കൊണ്ട് തനിയെ ജീവനുണ്ടായതാണ് എന്ന നാച്ചുറലിസ്റ്റിക് തിയറിയുമൊന്നും(Naturalistic theory) ശാസ്ത്രീയ സിദ്ധാന്തങ്ങളായി അംഗീകരിക്കാന്‍ മടിയില്ല! എത്ര തന്നെ യുക്തിശൂന്യമായ തിയറികള്‍ തലയിലേറ്റിയാലും അറിയാതെ പോലും ദൈവത്തെ അംഗീകരിക്കാന്‍ ഇടവരരുത് എന്ന ധാര്‍ഷ്ട്യം മാത്രം..

(അടുത്ത ഭാഗം : യുക്തി ഇസ്‌ലാമില്‍)

No comments:

Post a Comment