പ്ലസ് വൺ അലോട്മെന്റുമായി ബന്ധപ്പെട്ട് എന്തൊക്കെ പുകിലുകളായിരുന്നു... പ്രവേശനം കിട്ടാതെ ആത്മഹത്യ, വാചാലരായി ബ്ലോഗ് പണ്ഡിതർ, റാലികൾ, അത് ഫോട്ടോയെടുത്ത് ബ്ലോഗിലിടാൻ വേറെ ചിലർ, ലേഖനങ്ങൾ, മുതലക്കണ്ണീരുകൾ... അങ്ങനെ പോകുന്നു...
സി.ബി.എസ്.ഇ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പ്ലസ് വണ്ണിനു കൊടുക്കുന്ന ഓപ്ഷനിൽ തന്നെ പ്രവേശനം കിട്ടുന്നു, “കേരളാക്കുട്ടികൾക്ക്” പ്രവേശനം ലഭിക്കുന്നില്ല എന്നായിരുന്നു പരാതി.. പിന്നീട് ആരോപണങ്ങളുടെ എണ്ണം കൂടിക്കൂടി വരാൻ തുടങ്ങി.. സി.ബി.എസ്.ഇ കുട്ടികൾക്ക് നല്ല മാർക്ക് കിട്ടുന്നു, അതു കൊണ്ട് സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് പ്രവേശനം ലഭിക്കില്ല എന്നതാണ് പ്രശ്നത്തിന്റെ ആകെത്തുക..
എന്നാൽ റാലികളും സർക്കാറിനെ അടിക്കാൻ കിട്ടിയ വടിയായി ഉപയോഗിച്ച് മുതലക്കണ്ണീരൊഴുക്കിയ “ദേശാപമാന” പത്രങ്ങളും ബ്ലോഗ് പണ്ഡിറ്റുകളും ഇന്ന് മിണ്ടുന്നില്ല.. മുത്തശ്ശിപ്പത്രങ്ങളും ഒട്ടും പിന്നിലായിരുന്നില്ല.. “വിദ്യാഭ്യാസം” പേജ് കണ്ണീർ കടലിൽ മുങ്ങി... ഫീച്ചറുകളും വാർത്തകളും കൊണ്ട് നിറഞ്ഞു.. പ്രചരണം കണ്ടപ്പോൾ എല്ലാവരും വിചാരിച്ചത് സർക്കാർ ഹയർസെകണ്ടറി സ്കൂളുകളിൽ സിബി.എസ്.ഇ കുട്ടികളെ കൊണ്ട് നിറയുമെന്നായിരുന്നു..